Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

ഡീപ് സ്റ്റേറ്റ് ഇന്ത്യയില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

സി.കെ അബ്ദുല്‍ അസീസ്

വര്‍ത്തമാനകാലത്ത് രാഷ്ട്രമീമാംസകര്‍ രൂപപ്പെടുത്തിയ ഒരു പ്രയോഗമാണ് ഡീപ് സ്റ്റേറ്റ്. ഭരണകൂടം നിലനില്‍ക്കുമ്പോള്‍ തന്നെ, ഭരണകൂടത്തിന്റെ ഒരു അവാന്തര വിഭാഗം അതിന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഭരണകൂടത്തിന്റെ പൊതുതാല്‍പര്യങ്ങളായി അടിച്ചേല്‍പ്പിക്കുന്ന പ്രക്രിയയിലൂടെയാണ് ഡീപ് സ്റ്റേറ്റ് നിലനില്‍ക്കുന്നത്. ഭരണകൂടം എന്നത് ഗവണ്‍മെന്റല്ല. ഭരണകൂടവും ഗവണ്‍മെന്റും രണ്ടാണ്. ഭരണകൂടത്തിന്റെ കൈകാര്യകര്‍ത്താവാണ് ഗവണ്‍മെന്റ്. ഭരണകൂടത്തിന്റെ നയങ്ങള്‍ നടപ്പിലാക്കുന്ന പ്രകടിത രൂപമാണത്. 

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി ഗണിക്കപ്പെടുന്നത് പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനും അവ ചോദിച്ചുവാങ്ങാനും വേദിയൊരുക്കുന്നു എന്നതാണ്. ആ പ്രക്രിയ നടക്കാത്ത പക്ഷം ജനാധിപത്യം നിര്‍ഗുണവും ജഢവുമായിത്തീരും. ജനാധിപത്യത്തെ അതിന്റെ ഉള്ളില്‍നിന്ന് തുരന്നുതിന്നുന്ന പെരുച്ചാഴിയാണ് ഡീപ് സ്റ്റേറ്റ്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ജനാധിപത്യവ്യവസ്ഥകളെ പെരുച്ചാഴി ജനാധിപത്യമെന്ന് വിശേഷിപ്പിക്കേണ്ട ഗതികേട് സംജാതമായിരിക്കുന്നു. അത്രത്തോളം ലോകവ്യാപകമാണ് ഡീപ് സ്റ്റേറ്റ് എന്ന പെരുച്ചാഴിയുടെ പ്രവര്‍ത്തനങ്ങള്‍. നാം ജനാധിപത്യത്തെ മാറ്റുരക്കാറുള്ളത് അമേരിക്കന്‍ ജനാധിപത്യത്തോടാണ്. സകല ധൈഷണിക അധികാര ശക്തികളുടെയും കേന്ദ്രം അമേരിക്കന്‍ ജനാധിപത്യമാണ് എന്നതുകൊണ്ടല്ല, അമേരിക്കന്‍ ജനാധിപത്യം രൂപപ്പെട്ട സവിശേഷമായ ചരിത്ര സാഹചര്യം പരിഗണിച്ചുകൊണ്ടാണത്. യൂറോപ്പിനെയും ഇന്ത്യയെയും പോലെ, തദ്ദേശീയരായ ജനങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഗുണപരമായ പരിണതിയുടെ ഫലമായി മാത്രം രൂപപ്പെട്ടതല്ല അമേരിക്കന്‍ ജനാധിപത്യം. ഇംഗ്ലണ്ടില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ കൊന്നൊടുക്കുകയും അന്യായമായി അവിടെ ആധിപത്യം സ്ഥാപിക്കുകയുമായിരുന്നു. 

എന്നാല്‍ അതിനു ശേഷം അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരാതെ നിലനില്‍ക്കാനും മൂലധന ശക്തികള്‍ക്ക് ലാഭമുണ്ടാക്കാനും പുറത്തുനിന്നുള്ള കുടിയേറ്റം അനിവാര്യമായിത്തീര്‍ന്നു. ഇറ്റലി, സ്‌പെയിന്‍, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും വ്യത്യസ്ത ഭാഷയും വംശവും നിറവുമുള്ള നിരവധി കമ്യൂണിറ്റികള്‍ അമേരിക്കയിലേക്ക് കുടിയേറി. വിവിധ കമ്യൂണിറ്റികളോട് ജനാധിപത്യം എങ്ങനെയാണ് ഇടപെട്ടത് എന്നതിന്റെ ഉദാഹരണമായി അമേരിക്കന്‍ ജനാധിപത്യം ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് അത് മഹനീയമെന്ന് വാഴ്ത്തപ്പെടാറുള്ളത്. ലോകത്ത് നിലനില്‍ക്കുന്ന ഏത് ജനാധിപത്യത്തെയും വിശകലനം ചെയ്യുമ്പോള്‍ അതിന്റെ ഉരകല്ലായി അമേരിക്കന്‍ ജനാധിപത്യത്തെ പണ്ഡിതന്മാര്‍ പരിഗണിക്കാറുണ്ട്. എന്നാല്‍ കാലാന്തരത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തെ ഭരണകൂടത്തിന്റെ ഉള്ളിലുള്ള പെരുച്ചാഴികള്‍ അവരുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഉപകരണമാക്കി മാറ്റി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസനോവര്‍ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറയുകയുണ്ടായി: 'നമ്മുടെ ഭരണകേന്ദ്രങ്ങളില്‍ സൈന്യത്തിന്റെയും വ്യവസായ ഭീമന്മാരുടെയും താല്‍പര്യങ്ങള്‍ കടന്നുകയറുന്നത് ചെറുക്കണം. അത് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കും.' അടിത്തറ പൊളിക്കുന്ന പെരുച്ചാഴികള്‍ അനുസ്യൂതം വളര്‍ന്നുവന്നതാണ് പിന്നീട് അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി. ഡീപ് സ്റ്റേറ്റ് എങ്ങനെയാണ് വളര്‍ന്നുവികസിക്കുന്നത് എന്നതിന്റെ ചരിത്രദൃഷ്ടാന്തമായി രാഷ്ട്രമീമാംസകരും സൈദ്ധാന്തികരും എടുത്തുകാണിക്കാറുള്ളത് ഇതാണ്. 

എന്നാല്‍, ഇന്ത്യയില്‍ രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും കടിഞ്ഞാണ്‍ ഇന്ന് ഒരു ന്യൂനപക്ഷത്തിന്റെ കൈകളിലാണ്. ഇത് എങ്ങനെയാണ് രൂപപ്പെട്ടത്? ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം നടന്ന പ്രക്രിയയാണോ? നമ്മുടെ രാജ്യമിന്ന് അനുഭവിക്കുന്ന രോഗം കൃത്യമായി നിര്‍ണയിച്ചിട്ടില്ലെങ്കില്‍ അതിനെ ചെറുക്കാനോ പരിഹാരം നിര്‍ദേശിക്കാനോ നമുക്ക് സാധിക്കില്ല. 

ഡീപ് സ്റ്റേറ്റ് പെരുച്ചാഴികള്‍ ഇന്ത്യയില്‍ സജീവമായത് അടിയന്തരാവസ്ഥാ ഘട്ടത്തിലാണ്. അടിയന്തരാവസ്ഥ പ്രശ്‌നത്തില്‍ ഇന്ദിരാ ഗാന്ധിയാണ് എപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടാറുളളത്. എന്നാല്‍ അടിയന്തരാവസ്ഥാ കാലത്ത് നടന്ന അതിക്രമങ്ങളൊന്നും തന്റെ അനുമതിയോടെയായിരുന്നില്ല എന്ന് ഒരഭിമുഖത്തില്‍ ഇന്ദിരാഗാന്ധി തുറന്നുപറയുന്നുണ്ട്. അക്കാലത്ത് യു.പിയിലും ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മുസ്‌ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് വന്ധ്യംകരണത്തിന് വിധേയമാക്കിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്തുകൊാണ് മുസ്‌ലിംകളെ മാത്രം ഇങ്ങനെ വന്ധ്യംകരണത്തിന് വിധേയമാക്കിയത്? അടിയന്തരാവസ്ഥാ കാലത്ത് അതിനെതിരെ നടന്ന ചില ഒറ്റപ്പെട്ട പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രാജ്യവ്യാപകമായ പോരാട്ടങ്ങളൊന്നും തന്നെ നടന്നിട്ടില്ല. 

രാജ്യത്തിന്റെ ഉദ്യോഗ മേഖലയെ കുത്തകയാക്കി വെച്ച സവര്‍ണ ബ്രാഹ്മണ ഹിന്ദുത്വശക്തികളാണ് അടിയന്തരാവസ്ഥാ കാലത്ത് ജനങ്ങള്‍ക്കെതിരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. അടിയന്തരാവസ്ഥയുടെ അനന്തരഫലമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന യു.പിയിലെയും മധ്യപ്രദേശിലെയും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഇന്ദിരാ ഗാന്ധിക്കെതതിരെ തിരിഞ്ഞു. ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചിരുന്ന ദല്‍ഹി ഇമാം പോലും സംഘ് പരിവാറിന് മുഖ്യ പ്രാതിനിധ്യമുള്ള പക്ഷത്ത് ചേര്‍ന്നു. 

സംഘ് പരിവാറിന് മേധാവിത്വമുള്ള ഉദ്യോഗസ്ഥ വൃന്ദമാണ് ജനരോഷം ഇളക്കിവിട്ട് ഇന്ദിരാ ഗാന്ധിയെ അട്ടിമറിക്കാന്‍ മുന്‍കൈയെടുത്തത്. ഇതാണ് ഡീപ് സ്റ്റേറ്റ്. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തില്‍ നടന്ന വലിയ ജനകീയ സമരങ്ങളില്‍ സംഘ്പരിവാര്‍ നുഴഞ്ഞുകയറുകയും ആ സമരങ്ങളുടെ ഓരം പിടിച്ച് പട്ടാളത്തെ ഉപയോഗിച്ച് രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. വിവരം മണത്തറിഞ്ഞ റഷ്യന്‍ ചാരപ്പോലീസ് നല്‍കിയ ഉപദേശത്തിന്റെ ഫലമായാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു ജനകീയ സമരത്തെ എങ്ങനെയാണ് ഡീപ് സ്റ്റേറ്റ് അട്ടിമറിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. 

ഡീപ് സ്റ്റേറ്റിന്റെ രംഗപ്രവേശവും ശാക്തീകരണവും നടക്കുന്നത് അടിയന്തരാവസ്ഥാ കാലത്താണ്. അടിയന്തരാവസ്ഥക്കു ശേഷം നിലവില്‍ വന്ന ഗവണ്‍മെന്റില്‍നിന്നാണ് ഇന്ത്യയിലെ സംഘ്പരിവാര്‍ രാഷ്ട്രീയം ഇന്ന് സാധ്യമാക്കിയ വളര്‍ച്ചക്കു വേണ്ട ഊര്‍ജം സംഭരിച്ചത്. നരസിഹംറാവു പ്രധാനമന്ത്രി പദത്തിലേറുന്നതിന് മുമ്പ് രാജ്യത്ത് നടന്ന സംഭവങ്ങള്‍ സൂക്ഷ്മ വിശകലനമര്‍ഹിക്കുന്നുണ്ട്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അക്കാലത്താണ്. അദ്ദേഹം കൊല്ലപ്പെടുന്നതിനു മുമ്പ് ചന്ദ്രശേഖര്‍ ഗവണ്‍മെന്റിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഗാട്ട് കരാറില്‍ ഒപ്പുവെക്കാനും ലോക ബാങ്കിന്റെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാനും ചന്ദ്രശേഖര്‍ ഗവണ്‍മെന്റ് തയാറാകാത്തതുകൊണ്ടാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചത്. രാജീവ് ഗാന്ധിയെ വധിച്ചത് എല്‍.ടി.ടി.ഇക്കാരണെന്നാണ് ആരോപിക്കപ്പടുന്നത്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ രഹസ്യ പിന്തുണയുണ്ടായിരുന്ന 'ടെലോ' എന്ന സംഘടന പിരിച്ചുവിട്ടപ്പോള്‍ ഛിന്നഭിന്നമായിപ്പോയ അതിലെ കേഡര്‍മാരെ ഈ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു എന്ന വാര്‍ത്ത തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു. 

നരസിംഹറാവു ഗവണ്‍മെന്റ് അധികാരത്തിലേറി ആദ്യം ചെയ്തത് ഗാട്ട് കരാറില്‍ ഒപ്പിടലായിരുന്നു. മന്‍മോഹന്‍ സിംഗിനെ ധനമന്ത്രിയാക്കി ഇന്ത്യയെ ആഗോളീകരണ-ഉദാരീകരണ പാതയിലേക്ക് നയിക്കുകയും ചെയ്തു. ബാബരി മസ്ജിദ് ധ്വംസനത്തിന് സംഘ്പരിവാറുമായി രഹസ്യധാരണയുണ്ടാക്കി പട്ടാളത്തെയും പോലീസിനെയും നിഷ്‌ക്രിയമാക്കി. കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിന് വലിയ അപമാനമുണ്ടാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ എങ്ങനെയുണ്ടായെന്ന് തങ്ങള്‍ക്കറിയില്ല എന്ന് അര്‍ജുന്‍ സിംഗിനെ പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുകയുണ്ടായി. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നു പറഞ്ഞ് ആന്ധ്രാ പ്രദേശിലേക്ക് തിരിച്ചുപോയ നരസിംഹറാവു വീണ്ടും രാഷ്ട്രത്തിന്റെ കേന്ദ്ര സ്ഥാനത്ത് അവരോധിക്കപ്പെട്ടു. ഇന്ത്യയെ അന്താരാഷ്ട്ര നാണയനിധിക്ക് പണയപ്പെടുത്തി. കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് പുറന്തള്ളിയ കാര്യമാണ് വലിയ ചര്‍ച്ചകളൊന്നുമില്ലാതെ നടപ്പിലായത്. ബി.ജെ.പി അധികാരത്തില്‍ വരുന്നതിനു മുമ്പുതന്നെ ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിച്ചിരുന്നുവെന്ന് ചുരുക്കം. പൊളിറ്റിക്കല്‍ മാഫിയ എന്ന അധികാര അധോലോകം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വഛന്ദമായ വളര്‍ച്ചയെയും വികാസത്തെയും തകിടം മറിക്കുന്നതിന് കരുക്കള്‍ നീക്കിത്തുടങ്ങിയിട്ട് കാലമേറെയായി. 

വസ്തുതകളെ കൃത്യമായി അപഗ്രഥിക്കുകയും തദടിസ്ഥാനത്തില്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നതില്‍ ഇന്ത്യയിലെ മതേതരപക്ഷം പരാജയപ്പെടുകയാണുണ്ടായത്. എന്തുകൊണ്ടാണ് ഇന്ത്യയിലെ മതേതരപക്ഷം സംഘ്പരിവാറിന്റെ ശാക്തീകരണം കണ്ടില്ലെന്നു നടിച്ചത്? 

നരേന്ദ്ര മോദിയും സംഘ്പരിവാറും ഒരു സുപ്രഭാതത്തില്‍ കയറിവന്നതല്ലല്ലോ. വേണ്ട വിധത്തിലുള്ള രാഷ്ട്രീയ പ്രതിരോധങ്ങള്‍ നേരിടാതെ ചെറിയ വിജയങ്ങള്‍ കൊയ്‌തെടുത്ത് അധികാരത്തിലെത്തിയവരാണവര്‍. എന്തുകൊണ്ടാണ് ഇന്ത്യയിലെ മതേതരപക്ഷം സംഘ്പരിവാറിന്റെ രാഷ്ട്രീയമുന്നേറ്റത്തെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടത്? സൂക്ഷ്മമായി ചര്‍ച്ചചെയ്യേണ്ട ഗൗരവപ്പെട്ട പ്രശ്‌നമാണിത്. ഇന്ത്യയിലെ മതേതര പക്ഷത്തിന് സംഭവിച്ച ഈ ഗുരുതരമായ വീഴ്ച മനസ്സിലാക്കി സ്വയം വിമര്‍ശനത്തിന് അവര്‍ തയാറാണോ എന്ന വലിയ ചോദ്യം നമ്മുടെ മുമ്പില്‍ അവശേഷിക്കുന്നു. 

യു.പി തെരഞ്ഞെടുപ്പില്‍ തൂക്ക് അസംബ്ലിയാണ് വരുന്നതെങ്കില്‍ മതേതര പക്ഷത്തുനിന്ന് ചില പാര്‍ട്ടികളെ തന്നെ ബി.ജെ.പിക്ക് അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയിലെ മതേതര രാഷ്ട്രീയം എങ്ങനെയാണ് ഫാഷിസ്റ്റ് രാഷ്ട്രീയത്തില്‍നിന്ന് ഗുണപരമായി വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന കാര്യത്തില്‍ അവര്‍ക്കൊരു നിശ്ചയവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ ദുരവസ്ഥയാണ് മതേതര ഇന്ത്യയിലെ ആന്തരിക സംഘര്‍ഷത്തിന്റെ അന്തസ്സത്ത. ഇത് പരിഹരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? എങ്ങനെയാണ് ഡീപ് സ്റ്റേറ്റ് പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പരിപ്രേക്ഷ്യത്തെ തോല്‍പ്പിക്കാന്‍ കഴിയുക? 

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ മീഡിയ അടച്ചാക്ഷേപിക്കുന്ന കാഴ്ചയാണ് അമേരിക്കയില്‍ നാം കാണുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ഇത്രയും മോശമായി ചിത്രീകരിക്കുന്നത് അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്. ലോകജനതയെ ക്രൂരമായി ആക്രമിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്ത ബുഷിനെതിരെ ഉയര്‍ന്നുവരാതിരുന്ന ജനകീയ പ്രതിഷേധമാണ് സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ മോശം പരാമര്‍ശം നടത്തി എന്നതിന്റെ പേരില്‍ ട്രംപിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. അമേരിക്കന്‍ മാധ്യമങ്ങള്‍ നടത്തുന്ന ഈ ട്രംപ് വിരോധത്തിനു കാരണം ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയാണോ, അതല്ല ട്രംപിന്റെ ചില നയങ്ങള്‍ അമേരിക്കന്‍ ഡീപ് സ്‌റ്റേറ്റിന്റെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന ആശങ്കയാണോ? അത്തരത്തിലുള്ള ഒരു ചിന്തയിലേക്ക് ജനാധിപത്യ വിശ്വാസികളെ കൊണ്ടെത്തിക്കാന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല. പകരം അവരുടെ അജണ്ടക്കനുസൃതമായ പൊതുജനാഭിപ്രായം രൂപീകരിക്കുകയാണ് ചെയ്യുന്നത്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് നവ യാഥാസ്ഥിതിക ചിന്തയുടെ അടിസ്ഥാനത്തില്‍ ലോകം മുഴുവന്‍ കൊള്ളയടിക്കാനുള്ള സാഹചര്യം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഡൊണാള്‍ഡ് ട്രംപ് പുലമ്പുന്ന മുസ്‌ലിം വിരോധവും വംശവിരോധവുുമെല്ലാം ലിബറല്‍ ജനാധിപത്യത്തിന്റെ ഭാഗമായി മാറിയത്. 

ലോകരാഷ്ട്രീയത്തില്‍ ലിബറലിസത്തിന്റെ പൊതുസ്വഭാവം മുസ്‌ലിം വിരുദ്ധതയാണ്. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സൃഷ്ടിച്ച സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ ജനതയില്‍ മുസ്‌ലിം ഭീതി പടര്‍ത്തുക എന്ന കുതന്ത്രം ട്രംപ് തുടങ്ങിവെച്ചതാണോ? ട്രംപിന് മുമ്പുണ്ടായിരുന്ന അധികാരികള്‍ തന്നെയാണ് അതിന് തുടക്കം കുറിച്ചത്. ആഗോളതലത്തില്‍ അവര്‍ നടപ്പിലാക്കിക്കൊണ്ടിരുന്ന നവയാഥാസ്ഥിതികത്വം ട്രംപ് ഇപ്പോള്‍ അമേരിക്കയുടെ ആഭ്യന്തര നയമായി പരിമിതപ്പെടുത്തുന്നു എന്നതാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ ട്രംപ് വിരോധത്തിന് കാരണം. 

പൊതുജനാഭിപ്രായത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ ഡീപ് സ്റ്റേറ്റിനുണ്ട്. അതാണവരുടെ ഏറ്റവും വലിയ കരുത്ത്. വിവര സാങ്കേതിക വിദ്യയെയും മാധ്യമങ്ങളെയും എല്ലാതരം സൈദ്ധാന്തിക സ്ഥാപനങ്ങളെയും അതിനുവേണ്ടി അവര്‍ ഉപയോഗപ്പെടുത്തുന്നു. ഈ രീതിയില്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗം ഡീപ് സ്‌റ്റേറ്റിന്റെ ആശയപ്രചാരണത്തിന് നേരിട്ടോ അല്ലാതെയോ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. നരേന്ദ്ര മോദി 'അഛാദിന്‍ ആയേഗാ' എന്ന് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അതിനെ പൊലിപ്പിച്ചുകാണിച്ചു. ജനങ്ങളെ നിര്‍ഗുണരാക്കി മാറ്റി, ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ എപ്രകാരം ഊര്‍ജസ്വലരാവണമോ ആ ഊര്‍ജസ്വലതയെ നശിപ്പിച്ചാണ് ഡീപ് സ്‌റ്റേറ്റ് ഇന്ത്യയിലെ ഓരോ വ്യക്തിയുടെയും ഹൃദയത്തിലേക്ക് അതിന്റെ കരാള ഹസ്തങ്ങള്‍ നീട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലും ലോകത്തും പൗരന്മാരുടെ ജനാധിപത്യ പോരാട്ടത്തിന്റെ ഓജസ്സും ഊര്‍ജവും നിര്‍വീര്യമാക്കുന്ന ഇടപെടലുകളാണ് ഡീപ് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. കറന്‍സി നിരോധവും കരിനിയമങ്ങള്‍ ചുട്ടെടുക്കലും ജയിലുകളും തൂക്കുമരങ്ങളും ചൂണ്ടിക്കാണിക്കലും അതിന്റെ ഭാഗമാണ്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരെ പരസ്പരം കൊന്നുതിന്നുന്ന മൃഗങ്ങളാക്കി മാറ്റുന്നതടക്കമുള്ള വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ ഡീപ് സ്റ്റേറ്റ് അതിന്റെ ആശയപ്രചാരണത്തിനായി സ്വീകരിക്കുന്നു. ഭരണകൂട സ്ഥാപനങ്ങളുടെ അനീതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്നതില്‍നിന്ന് ജനങ്ങളെ തടഞ്ഞുനിര്‍ത്തുക എന്ന ധര്‍മമാണ് ഡീപ് സ്റ്റേറ്റ് അതിന്റെ രഹസ്യവും പരസ്യവുമായ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍വഹിക്കുന്നത്. ജാതിമതഭേദമന്യേ ജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുത്തുകൊണ്ടുമാത്രമേ ഇതിനെതിരെയുള്ള പ്രതിരോധം സാധ്യമാകൂ.  

 

('ഡീപ് സ്റ്റേറ്റ്: മതേതര ഇന്ത്യയുടെ സംഘര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ ശാന്തപുരം അല്‍ ജാമിഅ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം. തയാറാക്കിയത്: പി.കെ സ്വാലിഹ് അല്‍ ജാമിഅ ശാന്തപുരം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍