Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

പ്രസ്ഥാനത്തിന്റെ ആര്‍ക്കൈവ്‌സിന് ഇനിയെത്ര കാത്തിരിക്കണം

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

കേരളീയ ജീവിതത്തോട് ആത്മബന്ധം പുലര്‍ത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. പ്രസ്ഥാനത്തിന്റെ നാള്‍വഴി ചരിത്രം വിശകലനം ചെയ്താല്‍ അതിന്റെ കിതപ്പും കുതിപ്പും ഏവര്‍ക്കും വായിച്ചെടുക്കാനാവും. മധുരമായ ഗൃഹാതുരതയാണ് അത് സൃഷ്ടിക്കുക. അതിനാല്‍ പ്രസ്ഥാന ചരിത്രം രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആ രേഖപ്പെടുത്തല്‍ കൃത്യതയും വ്യക്തതയുമാര്‍ന്നതായിരിക്കണം. ഇത്തരത്തിലുള്ള രേഖപ്പെടുത്തല്‍ കുറച്ചൊക്കെ സ്ഥൂലതലത്തില്‍ നടന്നിട്ടുള്ളതായി കാണാം. അതിനാവശ്യമായ സാഹിത്യസ്രോതസ്സുകള്‍ ലഭ്യവുമാണ്. എന്നാലും പ്രസ്ഥാനത്തിന്റെ ഗതകാല പരിവര്‍ത്തന ചരിത്രം സൂക്ഷ്മതയോടെ വായിച്ചെടുക്കാനാവണമെങ്കില്‍ സൂക്ഷ്മതലത്തിലുള്ള പ്രാദേശിക ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഗതകാല സ്മരണകള്‍ അയവിറക്കാനും സമകാലികാവസ്ഥയുമായി താരതമ്യം ചെയ്യാനും പുതുപാഠങ്ങള്‍ നവതലമുറക്ക് കൈമാറാനും സാധിക്കുകയുള്ളൂ. രേഖപ്പെടുത്തലിന്റെയും ഡോക്യുമെന്റേഷന്റെയും അഭാവം, പ്രത്യേകിച്ച് പ്രാദേശിക തലങ്ങളില്‍, മുന്‍കാലങ്ങളില്‍ നിസ്വാര്‍ഥ സേവകര്‍ നിക്ഷേപിച്ചുവെച്ച സര്‍വതലത്തിലുള്ള വിജ്ഞാനങ്ങളുടെയും മരണമായി മാറിയേക്കാം. പ്രസ്തുത ഉദ്യമം അതിന്റേതായ രീതിയില്‍ വേണ്ടത്ര ആസൂത്രണത്തോടെ നടന്നിട്ടില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ശബ്ദായമാനമായ അന്തരീക്ഷത്തില്‍നിന്ന് മാറിനിന്നുകൊണ്ട് നിശ്ശബ്ദസേവനത്തിലൂടെയും വ്യക്തിബന്ധങ്ങളിലൂടെയും എഴുത്തുകുത്തുകളിലൂടെയും പ്രസ്ഥാന വളര്‍ച്ചയുടെ നാള്‍വഴികളില്‍ തങ്ങളുടേതായ അമൂല്യ സംഭാവനകള്‍ സമര്‍പ്പിച്ചവരുടെ നീണ്ട നിര തന്നെ പ്രാദേശിക തലങ്ങളില്‍ കാണാനാവും. അവരുടെ കൂടെ വളര്‍ന്ന കൂട്ടായ്മകളും സ്ഥാപനങ്ങളും അതോടൊപ്പം കാണാം. 

നീണ്ട മുക്കാല്‍ നൂറ്റാണ്ട് കാലത്തെ പ്രസ്ഥാന ചരിത്രം അടയാളപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററിയുടെ അഭാവം മുഴച്ചുനില്‍ക്കുന്നു. ദൈവാനുഗ്രഹത്താല്‍ ആധുനിക വിവരസാങ്കേതിക വിദ്യകളിലധിഷ്ഠിതമായ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളും ഗുണമേന്മയേറിയ മനുഷ്യവിഭവങ്ങളും ലഭ്യമായ സാഹചര്യത്തില്‍ ഈ ശ്രമം ഏറെ ബുദ്ധിമുട്ടുള്ള ഒന്നല്ല. പ്രസ്ഥാനവുമായി ബന്ധപ്പെട്ട പഴയ ചരിത്രരേഖകള്‍, വിവിധ സാഹിത്യരൂപങ്ങളും വ്യവഹാരങ്ങളും, ഫോട്ടോകള്‍, ആല്‍ബങ്ങള്‍, സര്‍ക്കുലറുകള്‍, കാറ്റലോഗുകള്‍, പോളിസി പ്രോഗ്രാമുകള്‍, വീഡിയോ ക്ലിപ്പുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍, പഴയ തഫ്‌സീറുകള്‍, വാരികകള്‍, സോവനീറുകള്‍, സ്‌പെഷ്യല്‍ പതിപ്പുകള്‍, സമ്മേളന വിവരങ്ങള്‍, പ്രസ്ഥാന നായകരുടെയും സ്ഥാപനങ്ങളുടെയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ശേഷിപ്പുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിപുലമായ ഒരു ആര്‍ക്കൈവ്‌സ് സെന്റര്‍ തന്നെ ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. പഴയകാല പ്രസ്ഥാനചരിത്രത്തിന്റെ നേര്‍ക്കാഴ്ച വിവിധ ആവിഷ്‌കാരരീതികളില്‍ പുതുതലമുറക്ക് കൈമാറേണ്ടതുണ്ട്. ഗതകാലമുന്നേറ്റങ്ങളുടെ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ കൈരളിക്ക് നല്‍കാന്‍ ഇനിയും അലംഭാവം കാണിച്ചുകൂടാ. 

 

നിയമപോരാട്ടമാണ് ഇനിയുള്ള വഴി

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

 

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയെപ്പോലും ശിക്ഷിക്കാന്‍ പാടില്ല എന്നാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത്. ഇത് ലോകത്തെ മറ്റെല്ലാ ഭരണഘടനാതത്ത്വങ്ങളുടെയും മുന്നില്‍ നില്‍ക്കുന്ന മൂല്യമാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളിലും അനുബന്ധ കുറ്റകൃത്യങ്ങളിലും പലതും കൃത്രിമമായി ഉണ്ടാക്കുന്നവയാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്. ക്രിമിനോളജി ശരിയാംവണ്ണം ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ പ്രയാസപ്പെടുന്നു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനോ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ നമ്മുടെ നാട്ടില്‍ ഫലപ്രദമായ സംവിധാനമില്ല. തടവില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിനു വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് അടിയന്തരമായി നിയമം പാസ്സാക്കണം. വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ് തെളിവില്ല എന്നു പറഞ്ഞ് വിട്ടയക്കപ്പെടുന്നവരുടെ പിന്നീടുള്ള അവസ്ഥയെന്താണ്? ജീവിതത്തിന്റെ കാതലായ കാലം ജയിലില്‍ കഴിഞ്ഞ് 'ശിക്ഷ' കഴിഞ്ഞ് പുറത്തുവരുന്നവര്‍ പിന്നീട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നു, ജീവിക്കാന്‍ മാര്‍ഗമില്ലാത്തവരാകുന്നു. ഇത് അവസാനിപ്പിക്കണം. നിയമങ്ങള്‍  പരിഷ്‌കരിക്കണം. ഭരണഘടനാ തത്ത്വങ്ങള്‍ നിരപരാധികളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കണം. ഇതിനു വേണ്ടിയുള്ള നിയമനിര്‍മാണത്തിനായി പോരാട്ടത്തിനിറങ്ങുകയാണ് സംഘടനകളും വ്യക്തികളും വേണ്ടത്. 

 

കൈവീശാം, പക്ഷേ മറ്റുള്ളവരുടെ മൂക്കിനു കൊള്ളരുത്

കെ.പി ഇസ്മാഈല്‍, കണ്ണൂര്‍ 

ഉത്തമ സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള നിര്‍ദേശങ്ങളാണ് ദൈവം നല്‍കിയത്. സ്വയം നല്ലവരായി ജീവിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകാനും ശല്യമാകാതിരിക്കാനും ഓരോ മനുഷ്യനും ശ്രദ്ധാലുവാകണം. പ്രവാചകനും അനുചരന്മാരും അവ അക്ഷരംപ്രതി പാലിച്ചപ്പോള്‍ അച്ചടക്കമുള്ള സമൂഹം പിറന്നു. അവരെ ലോകം ആദരിച്ചു, സ്‌നേഹിച്ചു. എന്നാല്‍ പിന്നീടു വന്നവര്‍ ദൈവനിര്‍ദേശങ്ങളുടെ ആത്മാവ് ഉള്‍ക്കൊണ്ടവരായിരുന്നില്ല. അതിന്റെ വഷളായ രൂപത്തില്‍ എത്തിനില്‍ക്കുകയാണ് ഇന്നത്തെ മുസ്‌ലിം സമുദായം. 

മറ്റുള്ളവര്‍ക്ക് ഒരു വിധത്തിലും ദ്രോഹമാകാതിരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ബിലാലിന്റെ ശ്രവണസുന്ദരമായ ശബ്ദത്തില്‍തന്നെ ബാങ്ക് വിളിക്കണമെന്ന് നബി ആവശ്യപ്പെട്ടത്. ബാങ്കിന്റെ വരികളില്‍ മഹത്തായ സന്ദേശം ഉള്‍ക്കൊള്ളിച്ചത് കേള്‍ക്കുന്നവനെ ചിന്തിപ്പിക്കാന്‍ കൂടിയായിരുന്നു. ഒച്ചയുണ്ടാക്കുന്ന സ്പീക്കറിലൂടെ ബാങ്ക് വിളിച്ചാല്‍ കൂടുതല്‍ പേരെ കേള്‍പ്പിക്കാമെന്ന് സമുദായം തീരുമാനിച്ചു. പക്ഷേ, ബിലാലിന്റെ മധുരശബ്ദത്തിനു പകരം സ്പീക്കറിലൂടെ ചെവിതുളക്കുന്ന ശബ്ദകോലാഹലങ്ങള്‍ പരിസരത്തെ പ്രകമ്പനം കൊള്ളിച്ചു. ബഹുസ്വര സമൂഹത്തില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അരോചകമായ ശബ്ദത്തിലുള്ള കൂട്ട ബാങ്കുവിളി ഒരു ശല്യമായി, ശബ്ദ മലിനീകരണമായി. പ്രവാചകന്‍ പറഞ്ഞതൊന്ന്, ഇന്നത്തെ അനുചരന്മാര്‍ മനസ്സിലാക്കിയത് മറ്റൊന്ന്! ബാങ്ക് ഒരു ഉദാഹരണം മാത്രം. 

ഖുര്‍ആന്റെയും പ്രവാചകന്റെയും നിര്‍ദേശങ്ങളില്‍ മായം ചേര്‍ത്തപ്പോള്‍ മുസ്‌ലിംകളുടെ ചില നടപടികള്‍ സമൂഹത്തിന് ശല്യവും ഭാരവുമായി. സമുദായ നേതൃത്വം ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത അനുയായികള്‍! സ്വന്തം കൈവീശാം, പക്ഷേ, മറ്റുള്ളവരുടെ മൂക്കിന് കൊള്ളരുത് എന്ന ലളിതയുക്തി മറന്നു. മതനിയമങ്ങളുടെ കാര്യത്തില്‍ അനുയായികളുടെ അപക്വ സമീപനംകൊണ്ട് മതാചരണം ജനങ്ങള്‍ക്ക് അസഹ്യമായ അനുഭവമായിത്തീരുന്നു. മതവിശ്വാസികളെ മാത്രമല്ല മതത്തെയും ജനം വെറുക്കാന്‍ ഇത് കാരണമാകുന്നു. ഇന്ന് നാലുപാടുനിന്നും സമുദായം ആക്രമിക്കപ്പെടുന്നു; പ്രവാചകന്‍ പ്രവചിച്ച പോലെ തന്നെ! സ്വയംകൃതാനര്‍ഥങ്ങള്‍ അനുഭവിച്ചുതീര്‍ക്കുകയാണ് സമുദായം. 

 

ജലക്ഷാമം ധൂര്‍ത്തിന്റെ കൂടി സൃഷ്ടിയാണ്

ശുഹൈബ് പുല്ലാപുറത്ത്, ഖത്തര്‍

നമ്മുടെ നാട്ടിലെ പള്ളികളില്‍ എത്രമാത്രം വെള്ളമാണ് പാഴാക്കിക്കളയുന്നത്. ഒരു ടൗണില്‍ എല്ലാ വിഭാഗത്തിന്റേതും കൂടി അഞ്ചു പള്ളിയെങ്കിലും കാണും. ഗ്രാമ പ്രദേശങ്ങളിലും ഓരോ മഹല്ലിലും കാണും രണ്ടോ മൂന്നോ പള്ളികള്‍. ദിവസവും അഞ്ചു നേരം പള്ളിയില്‍ നമസ്‌കരിക്കാന്‍ എത്തുന്നവര്‍ വുദൂ എടുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവെത്രയാണ്! പണ്ടൊക്കെ പള്ളികളില്‍ കുളങ്ങളും ഹൗളുകളും ആയിരുന്നതിനാല്‍ വെള്ളം പാഴാവുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. പള്ളിയില്‍ വരുന്ന പണക്കാരനും പാവപ്പെട്ടവനും ഒരേ കുളത്തില്‍നിന്നായിരുന്നു അംഗശുദ്ധി വരുത്തിയിരുന്നത്. ഇന്ന് വുദൂ പൈപ്പിലേക്ക് മാറി. ഒരാള്‍ വുദൂ എടുത്ത് തീരുന്നതോടെ മിനിമം അഞ്ചു ലിറ്റര്‍ വെള്ളമെങ്കിലും ഒഴുക്കിക്കളയുന്നു. അഞ്ചു നേരം നമസ്‌കരിക്കുന്ന ഒരാള്‍ 20-25 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. പലരും ഒട്ടും സൂക്ഷ്മതയില്ലാതെയാണ് ടാപ്പുകള്‍ തുറന്നിടുന്നത്. വെള്ളത്തിന്റെ ഒഴുക്ക് കുറച്ചും മറ്റും ഇതിന് നിയന്ത്രണം വരുത്തേണ്ടതാണ്. ഈ ഒഴുക്കിക്കളയുന്ന വെള്ളം ഇന്നത്തെ ജലദൗര്‍ലഭ്യത കണക്കിലെടുത്തു എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. 

പള്ളികള്‍, പ്രത്യേകിച്ച് ടൗണ്‍ പള്ളികള്‍ ഈ ഒഴുക്കിക്കളയുന്ന വെള്ളം റീസൈക്ക്ള്‍ ചെയ്ത് എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്നാണ് ചിന്തിക്കേണ്ടത്. ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ ടൗണുകളിലെ അത്രതന്നെ ഉപയോഗം ഉണ്ടാകില്ലെങ്കിലും ഒഴുക്കിക്കളയുന്ന വെള്ളം പള്ളിവളപ്പില്‍ തന്നെ പച്ചക്കറി കൃഷികള്‍ക്കോ മറ്റോ ഉപയോഗപ്പെടുത്താവുന്നതാണ്. 

മുഅദ്ദിന്‍ ബാങ്കുവിളിക്കും മറ്റും ശേഷം ലഭിക്കുന്ന ഒഴിവുസമയം ഉപയോഗപ്പെടുത്തി കൃഷി ചെയ്താല്‍ അതൊരു വരുമാന മാര്‍ഗവുമാകും. പള്ളിക്കമ്മിറ്റിക്കും മതസംഘടനകള്‍ക്കും ഇത്തരം കൃഷികളെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. വീടുകളിലും ഇത്തരം രീതികള്‍ പ്രയോജനപ്പെടുത്താം. വീടുകളില്‍ ടാപ്പിന്റെ ലീക്ക് കാരണവും നമ്മുടെ അശ്രദ്ധ കൊണ്ടും പാഴാവുന്ന വെള്ളവും കുറവല്ല. 

വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന കറന്റ് കൊണ്ടാണ് നാം പാഴാക്കിക്കളയുന്ന വെള്ളം ടാങ്കുകളിലേക്ക് അടിച്ചുകയറ്റുന്നത്. ഈ ഒഴുക്കിക്കളയുന്ന വെള്ളത്തിനും കറന്റിനും പണം കൊടുക്കുന്നു് എന്നര്‍ഥം. ഇതൊക്ക പക്ഷേ നാം നിസ്സാരമായി തള്ളിക്കളയുകയാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ തന്നെ വിലകല്‍പ്പിക്കാതെ നാം ഒഴുക്കിക്കളയുന്ന വെള്ളം വീണ്ടും ഉപയോഗപ്പെടുത്താവുന്നതോ ഉപയോഗം കുറക്കാവുന്നതോ ആണ്. 

ഒരുപാട് കോരിയൊഴിക്കാന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളം ധാരാളമുള്ളവര്‍ക്ക് അതിന്റെ വില അറിയണമെന്നില്ല. അതില്ലാത്തവര്‍ക്കേ വെള്ളത്തിന്റെ വിലയറിയൂ. പക്ഷേ ചിന്തിക്കുക, നിങ്ങളുടെ കിണറ്റിലെ വെള്ളവും അഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന അതേ അളവില്‍തന്നെ ഇപ്പോഴുമുണ്ടോ എന്ന്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍