Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 24

2990

1438 ജമാദുല്‍ അവ്വല്‍ 27

ട്രംപിനെ നേരിടാന്‍ മുസ്‌ലിംകളോടൊപ്പം അവരൊക്കെയുമുണ്ട്

സുമയ്യ ഗന്നൂശി

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അധികാരാരോഹണവും അതിനു മുമ്പ് ബ്രക്‌സിറ്റ് എന്ന് പേരു വിളിക്കപ്പെട്ട യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള ബ്രിട്ടന്റെ വേര്‍പിരിയലും, ആഞ്ഞടിക്കുന്ന യൂറോ-അമേരിക്കന്‍ തീവ്ര വലതു പക്ഷ തരംഗത്തെയും ദേശീയമായ ഉള്‍വലിയലിനെയുമാണ് അടയാളപ്പെടുത്തുന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമ്പോള്‍ ഏഴ് പ്രമുഖ തലസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹാ പ്രതിഷേധ സംഗമങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇത് നല്‍കുന്ന സൂചന വളരെ വ്യക്തമാണ്. ശക്തിപ്പെട്ടുവരുന്ന വലതുപക്ഷ വംശീയതക്കെതിരെ പൗരാവകാശങ്ങള്‍ക്കു വേണ്ടിയും മത-വംശീയ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും ശബ്ദിക്കുന്ന ഒരു ആഗോള ചെറുത്തുനില്‍പ് മുന്നണി രൂപപ്പെട്ടിരിക്കുന്നു.

മുസ്‌ലിംകള്‍ അമേരിക്കയില്‍ കടക്കുന്നത് തടയുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പ്രായോഗിക നടപടി എന്ന നിലക്കാണ് പശ്ചിമേഷ്യയില്‍നിന്നുള്ള ഏതാനും രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്. ആഭ്യന്തരമായി, അമേരിക്കയിലെ അവശ ജനവിഭാഗങ്ങളെ തകര്‍ക്കുന്ന നടപടികളുമായാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. വംശീയ വിദ്വേഷ പ്രചാരണങ്ങളുടെ കടിഞ്ഞാണ്‍ അഴിച്ചുവിട്ട് മുസ്‌ലിം ന്യൂനപക്ഷത്തെ ശ്വാസം മുട്ടിക്കാനും ശ്രമിക്കുന്നു. വൈദേശികമായി, തെരഞ്ഞെടുപ്പുകാലത്ത് ചില മേഖലാ വന്‍ശക്തികള്‍ക്കെതിരെ താന്‍ നടത്തിയ ഭീഷണിപ്പെടുത്തലുകള്‍ പ്രയോഗവത്കരിക്കാന്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ശാക്തിക സന്തുലനങ്ങള്‍ ട്രംപിന് തടസ്സമാണ്. ചൈനക്കും റഷ്യക്കുമെതിരെ മാത്രമല്ല, ഇറാനെതിരെ പോലും ഭീഷണി വല്ലാതെയൊന്നും വിലപ്പോവില്ല. ഇതിലുള്ള അരിശം ട്രംപ് തീര്‍ക്കുക, ഇസ്രയേലിനെ നിര്‍ബാധം യാതൊരു ഉപാധികളുമില്ലാതെ സഹായിച്ചുകൊണ്ടായിരിക്കും. അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ഖുദ്‌സിലേക്ക് മാറ്റിക്കൊണ്ടോ, അധിനിവിഷ്ട ഭൂമിയില്‍ ഇസ്രയേലിന്റെ അനധികൃത പാര്‍പ്പിട നിര്‍മാണത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചോ, ഫലസ്ത്വീന്‍ ഭൂമി കൂടുതല്‍ വെട്ടിവിഴുങ്ങാന്‍ ഇസ്രയേലിന് അനുവാദം കൊടുത്തോ, ഇത്തരം നീക്കങ്ങളിലൂടെ ഗള്‍ഫ് നാടുകളെ പ്രകോപിപ്പിച്ചുകൊണ്ടോ ഒക്കെ ആയിരിക്കും ഈ നിരുപാധിക സഹായം നല്‍കുക.

പോരുകാളയെപ്പോലെ വഴിയിലുള്ളതെല്ലാം കുത്തിത്തെറിപ്പിക്കുകയും ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞ് പത്രക്കാരെയും മെക്‌സിക്കോക്കാരെയും മുസ്‌ലിംകളെയും അഭയാര്‍ഥികളെയും സങ്കര വര്‍ഗക്കാരെയുമെല്ലാം ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ട്രംപ്, ചിലര്‍ ധരിക്കുന്നതുപോലെ, ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നിലയിലല്ല ഉള്ളത്. ധിക്കാരത്തിന്റെയും ഭീഷണിയുടെയും ഭാഷ മാറ്റിനിര്‍ത്തിയാല്‍, വളരെ സങ്കീര്‍ണമാണ് കാര്യങ്ങള്‍. ഈ എഴുപതുകാരന്‍ അമേരിക്കന്‍ ബുള്‍ഡോസറിന് രാജ്യത്തിന് അകത്തോ പുറത്തോ വിചാരിച്ച പോലൊന്നും കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഐക്യരാഷ്ട്രസഭയിലേക്ക് ട്രംപ് നിയോഗിച്ച അമേരിക്കന്‍ പ്രതിനിധി നിക്കി ഹെയ്‌ലി പറഞ്ഞത്, അമേരിക്കന്‍ തീരുമാനങ്ങളെ അനുകൂലിക്കാത്ത രാഷ്ട്രങ്ങളുടെ ഒരു ലിസ്റ്റ് തങ്ങള്‍ ഉണ്ടാക്കുമെന്നാണ്. ആ പ്രസ്താവനയിലടങ്ങിയ ഭീഷണിയുടെ സ്വരം ആര്‍ക്കും അവ്യക്തമല്ല.

പക്ഷേ, അമേരിക്ക വിചാരിക്കുംപോലെ പൊളിച്ചു പണിയാന്‍ കഴിയുന്ന വിധത്തിലല്ല ഇന്ന് ആഗോള രാഷ്ട്രീയ സാഹചര്യമുള്ളത്. യാഥാസ്ഥിതിക വലതുപക്ഷത്തെ കൂട്ടുപിടിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയതുപോലുള്ള സൈനിക സാഹസങ്ങള്‍ ആവര്‍ത്തിക്കാനുള്ള കെല്‍പും ഇന്ന് അമേരിക്കക്കില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ അന്താരാഷ്ട്ര ശാക്തിക സന്തുലിത നദിയില്‍ ഒട്ടുവളരെ വെള്ളം ഒഴുകിപ്പോയിട്ടുണ്ട്. അതിനിടയില്‍ അമേരിക്ക പല കളിക്കാരില്‍ ഒരു കളിക്കാരന്‍ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. പല ശക്തികള്‍ കൂടിച്ചേര്‍ന്ന് ബഹുസ്വരമായിട്ടുണ്ട് ആഗോള ശാക്തിക സന്തുലനം.

വംശീയത പച്ചയായി പറയുകയും സകലരെയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന ട്രംപിന് തന്റെ ആഭ്യന്തരമോ വൈദേശികമോ ആയ നയങ്ങളില്‍ മറ്റുള്ളവരെക്കൂടി പങ്കാളികളാക്കി സമവായത്തിലെത്തുക അസാധ്യമായിത്തീര്‍ന്നിട്ടുണ്ട്. ഏകശിലാത്മകമല്ലല്ലോ അമേരിക്കന്‍ സമൂഹം. പല വിഭാഗങ്ങള്‍ ചേര്‍ന്ന് രൂപപ്പെട്ടതാണത്. ഈ സാമൂഹിക കൂട്ടായ്മയെ അവര്‍ വിളിച്ച പേരാണ് 'അമേരിക്കന്‍ സ്വപ്നം.' അതിലേക്ക് സ്വാതന്ത്ര്യവും ഐശ്വര്യവും കൊതിക്കുന്ന ഭിന്ന മതക്കാരും വംശക്കാരും ആകര്‍ഷിക്കപ്പെട്ടു.

അതിനാല്‍ ട്രംപ് കുത്തിയിളക്കിവിടുന്ന വിദ്വേഷത്തെയും വെറുപ്പിനെയും ചെറുക്കാന്‍ തങ്ങള്‍ ഒറ്റക്കായിപ്പോകുമോ എന്ന ഭീതി അമേരിക്കയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ട. യൂറോപ്പിലും അമേരിക്കയിലും രണ്ട് ഭിന്ന ചേരികള്‍ തമ്മിലുള്ള പോരാട്ടമായി അത് രൂപപ്പെട്ടിരിക്കുന്നു. ആ ചേരികള്‍ രണ്ട് രാഷ്ട്രീയ ചിന്താഗതികളെ പ്രതിനിധാനം ചെയ്യുന്നു. നൂറ്റാണ്ടുകളായി ഈ രണ്ട് രാഷ്ട്രീയ പൈതൃകങ്ങള്‍ തമ്മില്‍ പോരാട്ടം നടന്നുവരികയാണ്. അതുപക്ഷേ ഇന്ന് പാശ്ചാത്യ സമൂഹത്തെ നെടുകെ പിളര്‍ത്തിയിരിക്കുന്നു.

അധികാരമേറ്റ ഉടനെ ട്രംപ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന് പറഞ്ഞു. പിന്നെ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ വിലക്കി (ആ രാഷ്ട്രങ്ങളിലെ പൗരന്‍ ആവണമെന്നുമില്ല; വേരുകള്‍ ആ രാഷ്ട്രങ്ങളില്‍ ഉണ്ടായാല്‍ മതി. റസിഡന്‍സ് പെര്‍മിറ്റോ ഗ്രീന്‍ കാര്‍ഡോ ഉണ്ടായാല്‍ പോലും അത്തരം യാത്രക്കാരെ അമേരിക്കയില്‍ തിരിച്ചിറങ്ങാന്‍ അനുവദിക്കില്ലെന്നതാണ് ട്രംപിന്റെ നയം).  അമേരിക്കയിലെത്തിയ അഭയാര്‍ഥികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് (ബാക്കിയുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് മിണ്ടാതെ) ഓരോ ആഴ്ചയും വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് പ്രസ്താവനയിറക്കി. ശരിക്കും നാസി ജര്‍മനിയെ ഓര്‍മപ്പെടുത്തുന്നുണ്ട് ഈ നടപടി. അതുപോലെ, മുസ്‌ലിംകളുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ അവരുടെ ഒരു പ്രത്യേക രജിസ്ട്രി ഉണ്ടാക്കുമെന്ന പ്രഖ്യാപനവും. ഭീകരതയുടെ പേരില്‍ പിടിക്കപ്പെടുന്നവരെ വിചാരണ ചെയ്യാനും പീഡിപ്പിക്കാനും രാജ്യത്തിനു പുറത്ത് രഹസ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും വന്നിരുന്നല്ലോ. ഇതൊക്കെയും യൂറോപ്പിലും അമേരിക്കയിലും നിലവിലുള്ള പാശ്ചാത്യ സംസ്‌കാരത്തിനകത്തുതന്നെയുള്ള വിഭാഗീയ- വംശീയ ചിന്ത മേല്‍ക്കൈ നേടുന്നതിന്റെ പ്രകാശനങ്ങള്‍ മാത്രമാണ്.

ഈ വംശീയ ചിന്തയെ ചെറുക്കുന്ന മറ്റൊരു ധാരയും പാശ്ചാത്യ ചിന്തയില്‍ തന്നെയുണ്ട്. യൂറോപ്യന്‍ ജ്ഞാനോദയ ചിന്ത(Enlightenment)യിലാണ് അതിന്റെ വേരുകള്‍. സമത്വം, ബഹുസ്വരത, സഹിഷ്ണുത, പങ്കാളിത്ത ജീവിതം തുടങ്ങിയ മൂല്യങ്ങള്‍ക്കു വേണ്ടി അത് നിലകൊള്ളുന്നു. ഇതിനെയാണ് കാള്‍ പോപ്പര്‍ എന്ന തത്ത്വചിന്തകന്‍ 'തുറന്ന സമൂഹം' എന്ന്് വിശേഷിപ്പിച്ചത്. എന്നാല്‍, ഈ രണ്ട് ധാരകളും പൂര്‍ണമായും വേറിട്ട് ഒഴുകുകയല്ല ചെയ്തത്. ആദ്യധാരയായ വംശീയതയുടെ പല കലര്‍പ്പുകളും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രണ്ടാം ധാരയില്‍ കാണപ്പെടുന്നത് അതുകൊണ്ടാണ്. ഫ്രഞ്ച് സെക്യുലരിസം (laicite) ഉദാഹരണം. അത് 'മുസ്‌ലിം അപരനെ' സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ.

പറഞ്ഞുവന്നത് 'തുറന്ന സമൂഹ'ത്തെക്കുറിച്ചാണ്. മത -വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, മുഖ്യധാരയില്‍നിന്ന് തെറ്റി സഞ്ചരിക്കുന്ന 'ക്ഷോഭിക്കുന്ന സംഘങ്ങള്‍'ക്കും ആ ബഹുസ്വര സമൂഹത്തില്‍ ഇടമുണ്ടായിരുന്നു (ശീതയുദ്ധകാലത്ത് കമ്യൂണിസ്റ്റ് മുദ്രകുത്തി പൗരന്മാരുടെ ദേശസ്‌നേഹം ചോദ്യം ചെയ്ത മക്കാര്‍ത്തിയന്‍ കാലം മാത്രമാണ് ഇതിന് അപവാദം). ഈ തുറന്ന സാമൂഹിക സമീപനം, അടഞ്ഞ നിലപാടുകളുള്ള കമ്യൂണിസത്തോടും പതിറ്റാണ്ടുകളോളം പോരാടിയിട്ടുണ്ട്.

ഇന്ന് നാം കാണുന്നത്, എല്ലാറ്റിനെയും അടിച്ചൊതുക്കുകയും അടിമപ്പെടുത്തുകയും ചെയ്യുന്ന വംശീയ ശുദ്ധിവാദത്തിന്റെ പുനരാഗമനമാണ്. ഭിന്നമായതൊന്നിനെയും അത് അംഗീകരിക്കുകയില്ല; പ്രത്യേകിച്ച് ഭിന്ന വംശീയ-മത സ്വത്വങ്ങളെ. ഇതില്‍ മുസ്‌ലിംകള്‍ കാര്യമായി ടാര്‍ഗറ്റ് ചെയ്യപ്പെടും. ഈ വംശീയ തരംഗത്തിന് സാമ്പത്തിക പ്രതിസന്ധി, ഭീകര സംഘങ്ങളുടെ ആവിര്‍ഭാവം, ദേശാതിര്‍ത്തികള്‍ മായ്ച്ചുകൊണ്ടുള്ള അഭയാര്‍ഥി പ്രവാഹം, നവീന സാമൂഹിക മാധ്യമങ്ങള്‍ ഇങ്ങനെ പലതുണ്ട് കാരണങ്ങള്‍. ട്രംപിന്റെ വിജയവും ബ്രക്‌സിറ്റും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ വലതുപക്ഷ കുതിപ്പുമൊക്കെ ഇതിന്റെ പ്രതിഫലനമാണ്. 'ആദ്യം അമേരിക്ക', 'ആദ്യം ബ്രിട്ടന്‍', 'ആദ്യം ഫ്രാന്‍സ്' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവിടെ മുഴങ്ങിക്കേള്‍ക്കുക.

നമ്മള്‍ വിചിത്രമായ ഒരു ദശാസന്ധിയിലാണ് ജീവിക്കുന്നത്. ഒരു വശത്ത് ആഗോളവത്കരണത്തിന്റെ ഫലമായി വിവിധ സംസ്‌കാരങ്ങളും ജനങ്ങളും തമ്മില്‍ കൂടിക്കലരല്‍. വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും നിറപ്പകിട്ട്. മറുവശത്ത് വലതുപക്ഷ തീവ്ര ദേശീയതകള്‍ ശക്തിപ്പെടുന്നതിനനുസരിച്ച് തുറസ്സുകള്‍ ഓരോന്നോരോന്നായി അടക്കപ്പെടുകയും ലോകം വംശീയമായ ഇടുക്കങ്ങളില്‍ പെടുകയും ചെയ്യുന്നു.

തീവ്ര വലതുപക്ഷ ധാരയുടെ കടന്നുകയറ്റം ഇന്നൊരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. കാന്റിയന്‍ ജ്ഞാനോദയ ചിന്തയിലും ആധുനികതയിലും വേരുകളാഴ്ത്തി നില്‍ക്കുന്ന തുറസ്സിന്റെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും ധാര അതിശക്തമായ വലതുപക്ഷ ആക്രമണത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കുകയുമാണ്. ഈ ഭീഷണി അവഗണിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ആവില്ല. അതിനാല്‍ തുറസ്സിന്റെ ഈ ധാര എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ കൂടുതല്‍ വൈവിധ്യപൂര്‍ണവും ബഹുസ്വരവുമാകാന്‍ പോവുകയാണ്. വലതു തീവ്രവാദ ഭീഷണിയെ അതിജീവിക്കാന്‍ അതാണ് വഴി. ട്രംപിന്റെ അധികാരാരോഹണവും വലതുപക്ഷ കക്ഷികളുടെ തിരിച്ചുവരവും പൗരസ്വാതന്ത്ര്യം മുഖ്യ അജണ്ടയായി സ്വീകരിച്ച ഒരു വിശാല മുന്നണിയുടെ സാധ്യത തുറന്നിട്ടിരിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷം ആ മുന്നണിയുടെ ഹൃദയഭാഗത്തുണ്ടാകും, ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ട്. സഹിഷ്ണുതയുള്ള ബഹുസ്വരതക്കു വേണ്ടി വാദിക്കുന്ന എല്ലാ വിഭാഗങ്ങളും കൂടുതല്‍ ഒത്തൊരുമയോടെയും സഹകരണത്തോടെയും വലതുപക്ഷ വംശീയതക്കെതിരെ അതില്‍ അണിചേര്‍ന്നിട്ടുണ്ടാവും. 

(സുമയ്യ ഗന്നൂശി: തുനീഷ്യന്‍-ബ്രിട്ടീഷ് എഴുത്തുകാരി. ദ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ഇന്റിപെന്‍ഡന്റ്, അല്‍ ഖുദ്‌സ്, അല്‍ജസീറ എന്നിവയില്‍ കോളമെഴുതുന്നു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (1-3)
എ.വൈ.ആര്‍

ഹദീസ്‌

ബന്ധുത്വം രക്ഷക്കെത്തില്ല
കെ.സി ജലീല്‍ പുളിക്കല്‍