Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

നവ സാമൂഹിക മാധ്യമ ലോകവും കുട്ടികളും

ഇബ്‌റാഹീം ശംനാട്

നവ സാമൂഹിക മാധ്യമങ്ങള്‍ അരങ്ങുവാഴുന്ന ഡിജിറ്റല്‍ യുഗത്തിലാണ് നമ്മുടെ ജീവിതം. വൈഫൈ ഇല്ലാത്ത ജീവിതം ആലോചിക്കാന്‍ കഴിയാത്ത അവസ്ഥ. തരാതരം ആപ്പുകളും വെബ്‌സൈറ്റുകളും ചാറ്റിംഗുമെല്ലാം കാലഘട്ടത്തിന്റെ ഭാഷയാണെന്നും അതില്‍നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്നും ചില രക്ഷിതാക്കള്‍ വിചാരിക്കുമ്പോള്‍, മറ്റു ചിലര്‍ കുട്ടികളെ പൂര്‍ണമായി ഇത്തരം എല്ലാവിധ പ്രവണതകളില്‍നിന്നും വിലക്കണമെന്ന പക്ഷക്കാരാണ്.

ഈ രണ്ട് ചിന്താഗതികള്‍ക്കിടയില്‍ നവ സാമൂഹിക മാധ്യമങ്ങളുമായി കുട്ടികള്‍ എങ്ങനെ ഇടപെടണമെന്നത് വലിയൊരു പ്രശ്‌നമാണ്. ഇരുപക്ഷത്തും നില്‍ക്കാതെ ഒരു സന്തുലിത സമീപനം സ്വീകരിക്കണമെന്ന് പറയാന്‍ എളുപ്പമാണെങ്കിലും പ്രയോഗത്തില്‍ കൊണ്ടുവരിക പ്രയാസകരം തന്നെ. ഇത്തരം കാര്യങ്ങളില്‍ കുട്ടികളോട് അത് ചെയ്യരുത്, ഇത് പാടില്ല എന്നെല്ലാം വിലക്കുന്നത് അവരെ അരുതായ്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയേയുള്ളൂ.  എങ്കില്‍ അവരെ സ്വതന്ത്രരായി വിഹരിക്കാന്‍ അനുവദിക്കണമെന്നാണോ അര്‍ഥം? അതും ശരിയല്ല.

ദൈനംദിനം ആവശ്യങ്ങള്‍ക്കു പോലും നവ മാധ്യമങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ടിവരുന്ന ഒരു കാലത്ത് അത്തരം നിരോധങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്? ഏതു കാര്യങ്ങള്‍ എടുത്തുനോക്കിയാലും അതിന് രണ്ടു വശങ്ങള്‍ കാണാം; നന്മയുടെയും തിന്മയുടെയും. കത്തിയും തീപ്പെട്ടിയുമൊക്കെ നല്ലതിനും ചീത്തക്കും ഉപയോഗിക്കാമല്ലോ. സാങ്കേതിക വിദ്യകളുടെ കാര്യവും അങ്ങനെത്തന്നെ. അവയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം. 

 

പ്രത്യാഘാതങ്ങള്‍ 

നവ സാമൂഹിക മാധ്യമങ്ങളോടുളള കൗമാരക്കാരുടെ അതിരുകവിഞ്ഞ പ്രണയം മാനസികവും ശാരീരികവുമായ അനവധി രോഗങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. 2014-ല്‍ അമേരിക്കയിലെ National College Health Assessment 80,000 വിദ്യാര്‍ഥികളില്‍ നടത്തിയ പഠനപ്രകാരം, 54 ശതമാനം വിദ്യാര്‍ഥികളും കഴിഞ്ഞ 12 മാസമായി കടുത്ത ഉത്കണ്ഠക്ക് വിധേയരാവുന്നതായി വ്യക്തമായി. അവരില്‍ 32.6 ശതമാനം കടുത്ത വിഷാദരോഗത്തിന് അടിപ്പെട്ടപ്പോള്‍ 6.4 ശതമാനം പേര്‍ മനഃപൂര്‍വം സ്വയം മുറിവേല്‍പിക്കാനോ തീകൊളുത്താനോ മുതിര്‍ന്നതായും സര്‍വെ കണ്ടെത്തി. 8.1 ശതമാനം ആത്മഹത്യ ചെയ്തപ്പോള്‍ 1.3 ശതമാനം ആത്മഹത്യക്ക് ശ്രമിച്ചു.

ചോക്ലേറ്റുകളും ഫാസ്റ്റ് ഫുഡും അമിതമായി കഴിച്ചതിന്റെ ഫലമായി കുട്ടികളുടെ പല്ലും മോണകളും നേരത്തേ തകരാറിലായിട്ടുണ്ടാവും. ഇപ്പോള്‍ കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന മറ്റൊരു രോഗമാണ് കാഴ്ചക്കുറവും കേള്‍വിക്കുറവും. ഇലക്‌ട്രോണിക്‌സ് ഗാഡ്ജറ്റുകളില്‍നിന്ന് പ്രവഹിക്കുന്ന വെളിച്ചം കണ്ണുകളുടെ റെറ്റിനയെ ബാധിക്കുന്നു. നിരന്തരമായി ഇത്തരം വെളിച്ചത്തിലേക്ക് നോക്കുന്നതിലൂടെ കണ്ണുകള്‍ വരണ്ടുപോകുന്നതായും അത് കാഴ്ചക്കുറവിനു കാരണമാകുന്നതായും  ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘനേരം ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകുന്നതിലൂടെ ചെവിയുടെ ഡയഫ്രമും തകരാറാവുന്നു. അങ്ങനെ കേള്‍വിയും കാഴ്ചയും കുറഞ്ഞ ഒരു തലമുറയാണ് ജന്മമെടുക്കുന്നതെന്ന ദുഃഖസത്യം വിസ്മരിക്കാവതല്ല.

അമിതമായി മൊബൈല്‍ ഫോണിലും നവ സാമൂഹിക മാധ്യമങ്ങളിലും വിഹരിക്കുന്നത് കുട്ടികളുടെ വ്യക്തിത്വവികാസത്തെയും ബാധിക്കുന്നുണ്ട്. ആശയം വിനിമയം ചെയ്യാനുള്ള കഴിവും സംസാരശേഷിയും അവരില്‍ കുറഞ്ഞുവരുന്നു.  ആത്മവിശ്വാസം ഇല്ലാതാവുന്നു. ആശയവിനിമയത്തിനാവശ്യമായ മുഖഭാവം വരുത്താനോ ശബ്ദവൈവിധ്യങ്ങള്‍ രൂപപ്പെടുത്താനോ ശരീരഭാഷ വികസിപ്പിക്കാനോ അവര്‍ക്ക് കഴിയുന്നില്ല. ഇത് അവരുടെ വ്യക്തിത്വവികാസത്തെയും ആശയവിനിമയത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം കുട്ടികള്‍ അന്തര്‍മുഖരായിത്തീരുന്നു.  ഇനിയും ഇതു സംബന്ധമായ ഞെട്ടിക്കുന്ന വിവരങ്ങള്‍ നാം കേള്‍ക്കാനിരിക്കുന്നേയുള്ളൂ. സൈബര്‍ കുറ്റകൃത്യങ്ങളും ലൈംഗികാതിക്രമങ്ങളും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

പരിഹാരമാര്‍ഗങ്ങള്‍

മേല്‍വിവരിച്ച തെറ്റായ പ്രവണതകളില്‍നിന്നും ദുഃസ്വാധീനങ്ങളില്‍നിന്നും പുതിയ തലമുറയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.  കുട്ടികളുമായുള്ള നമ്മുടെ ബന്ധം പൂര്‍വാധികം ശക്തിപ്പെടുത്തുക. അവരുമായി സൗഹൃദത്തിലാവുക. പഴയകാല കാര്‍ക്കശ്യമൊന്നും ഇന്ന് വിലപ്പോവില്ല.  അതിലൂടെ കുട്ടികള്‍ നമ്മില്‍നിന്ന് അകലുകയും നാം ആഗ്രഹിക്കാത്ത പുതിയ ബന്ധങ്ങളില്‍ എത്തിപ്പെടുകയും ചെയ്‌തേക്കാം. ഭക്ഷണസമയത്തു പോലും നമ്മുടെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ ഒട്ടിപ്പിടിക്കുകയാണെങ്കില്‍ കുട്ടികളില്‍നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. സൈബര്‍ ലോകത്ത് നാം ചെയ്തുകൂട്ടുന്ന കോപ്രായങ്ങള്‍ കുട്ടികളെയും സ്വാധീനിക്കും. അവിടെ നമ്മുടെ ഭാഷ വൃത്തികെട്ടതാണെങ്കില്‍ കുട്ടികളുടേതും അങ്ങനെയായിരിക്കും.  നാട്ട വളഞ്ഞാല്‍ നിഴല്‍ വളയും എന്നാണല്ലോ പഴമൊഴി.

പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഉത്തമം. ഇന്ന് നമ്മുടെ ഭവനം താമസിക്കാനും ഉണ്ണാനും ഊട്ടാനുമുള്ള ഒരിടമാണ്. അതിനേക്കാളുപരി കുട്ടികളുടെ സര്‍ഗ-കലാവാസനകള്‍ പരിലസിക്കുന്ന കേന്ദ്രമായി അത് മാറട്ടെ. ചിത്രവും സംഗീതവും കഥയും കവിതയും ലേഖനങ്ങളും തളിരിടാനുള്ള തട്ടകമായി മാറട്ടെ. എല്ലാ വീടുകളിലും ഇന്ന് പ്രാര്‍ഥനാ മുറികളുണ്ടാവും. വീടകം അവരുടെ ആത്മീയമായ ചോദനകള്‍ പൂര്‍ത്തീകരിക്കാനുതകുന്ന പുണ്യകേന്ദ്രവുമാവട്ടെ. ബന്ധങ്ങള്‍ ഊഷ്മളമാവുന്ന ഉദ്യാനമായും ഭവനം നിലകൊള്ളട്ടെ. ഇത്തരം സര്‍ഗാത്മക പരിപാടികളിലൂടെ നവ സാമൂഹികമാധ്യമങ്ങളോട് ഒട്ടിക്കിടക്കുന്ന കൗമാരക്കാരെ ഒരല്‍പനിമിഷം വേര്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് അവരുടെ ഭാവിജീവിതത്തെ പ്രകാശപൂരിതമാക്കാന്‍ സഹായിക്കും.

കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള പ്രവണത വര്‍ധിക്കുകയും അവരുടെ ജിജ്ഞാസയുടെ ചക്രവാളങ്ങള്‍ വികസിക്കുകയും ചെയ്യാന്‍ ഇന്റര്‍നെറ്റ് സഹായകമാവും. ജീവിതത്തെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പുതിയ ചിന്താരീതികളെക്കുറിച്ചുമെല്ലാം അവര്‍ ധാരാളം ചോദ്യങ്ങള്‍ ചോദിക്കട്ടെ. ഈ കൊച്ചു ലേഖനം പോലും ഇന്റര്‍നെറ്റിനോട് കടപ്പെട്ടിരിക്കുന്നു. അതിനെയൊന്നും നാം വിലക്കേണ്ട കാര്യമില്ല. അറിവിനെയും ജിജ്ഞാസയെയും ജൈവികമായി നിലനിര്‍ത്താനുള്ള നല്ലൊരു ഉപകരണമാണ് ഇന്റര്‍നെറ്റ് എന്ന കാര്യത്തില്‍ സംശയമില്ല. അതേയവസരം എന്തും ചെയ്യാനുള്ള അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നതും അപകടമാണ്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌