Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

തെരുവുകള്‍ ദേശീയതയെക്കുറിച്ച സംവാദ വേദികളാവട്ടെ

കെ.ഇ.എന്‍

പഴയ അച്ചടക്ക സമൂഹം വളരെ പതുക്കെയാണെങ്കിലും ഒരു പുതിയ നിയന്ത്രിത സമൂഹത്തിന് വഴിമാറിക്കൊടുക്കുന്ന വഴിത്തിരിവിന് പുതുവര്‍ഷത്തില്‍ നമ്മുടെ രാജ്യം സാക്ഷിയായി. തടവറയും പോലീസും പട്ടാളവും ഭരണ സംവിധാനത്തിന്റെ മറ്റു നിയന്ത്രണങ്ങളും ഉപയോഗിച്ച് മനുഷ്യജീവിതത്തെ ക്രമപ്പെടുത്തുന്ന അധികാര ശാസ്ത്രത്തെയാണ് അച്ചടക്ക സമൂഹം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത്. അച്ചടക്കത്തിന് മറ്റു പല അര്‍ഥങ്ങളുണ്ട്. ഗൗരവപ്പെട്ട പ്രവര്‍ത്തനത്തിനു വേണ്ടി ഓരോ മനുഷ്യനും തങ്ങളെ തന്നെ ക്രമപ്പെടുത്തുന്ന കല എന്ന അര്‍ഥത്തിലുളള സര്‍ഗാത്മകമായ അച്ചടക്കത്തെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, നിലനില്‍ക്കുന്ന അധികാര ഘടനക്കകത്തേക്ക് ഒരു ജനതയെ അടിച്ചമര്‍ത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള അച്ചടക്കത്തെ കുറിച്ചാണ് ഞാന്‍ പരാമര്‍ശിച്ചത്. ആ അച്ചടക്ക സമൂഹം നിലനില്‍ക്കെ തന്നെ അതിനേക്കാള്‍ ഭയപ്പെടുത്തുന്ന ഒരു നിയന്ത്രിത സമൂഹത്തിലേക്ക് നാം കടക്കുകയാണ്. ഏതെങ്കിലുമൊരു പ്രത്യേക തടവറയില്‍ അടക്കുന്നതിനു പകരം ജീവിതത്തെ മുഴുവന്‍ തടവറയാക്കാന്‍ കഴിയുന്ന പുതിയ തരത്തിലുള്ള ഒരു അധികാര ശക്തി നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുകയാണ്. തടവിലിരിക്കുന്ന ഒരു വ്യക്തി നിശ്ചിത കാലത്തിനു ശേഷം പുറത്തിറങ്ങാനുള്ള സാധ്യതയുണ്ട്. അകത്തായിരിക്കുമ്പോഴും പുറത്തെ കുറിച്ചുള്ള കിനാവ് കാണാന്‍ അവസരമുണ്ട്. എന്നാല്‍ നിയന്ത്രിത സമൂഹത്തില്‍ സ്വപ്‌നങ്ങള്‍ പോലും തടവിലാക്കപ്പെടും. തടവറക്കപ്പുറത്തേക്ക് ചിറകിട്ടടിച്ച് പറക്കുന്ന ഒരു സ്വപ്‌നം അച്ചടക്കസമൂഹത്തില്‍ നമുക്ക് വിഭാവന ചെയ്യാന്‍ കഴിയുമ്പോള്‍, ഒരു നിയന്ത്രിത സമൂഹത്തില്‍ അതിന് ഒട്ടും സാധ്യതയില്ല. കാരണം അത് ഭരണകൂടം പൗരന്റെ ജീവിതത്തെ സമ്പൂര്‍ണ നിയന്ത്രണത്തിന് വിധേയമാക്കുന്ന അവസ്ഥയാണ്. അത്തരം സമ്പൂര്‍ണ നിയന്ത്രണത്തിന് സ്വമേധയാ വിധേയമാകാന്‍ കഴിയുന്ന കര്‍തൃരൂപങ്ങളുടെ നിശ്ചലമായ ഘോഷയാത്രയാണ് മനുഷ്യന്‍ നിന്ന് നരക്കുന്ന ക്യൂ നമ്മെ ബോധ്യപ്പെടുത്തിയത്. എന്തുകൊണ്ടാണ് ഇത്തരം ക്യൂവില്‍നിന്ന് ഒരു മുദ്രാവാക്യം പോലും ഉയരാതെ പോകുന്നതെന്നും ഈ ക്യൂ തന്നെ ഒരു സമരമായി കരുത്താര്‍ജിക്കാത്തതെന്നും നാം ആലോചിക്കേണ്ടതുണ്ട്. അഥവാ ഈ നിയന്ത്രിത സമൂഹത്തിന്റെ വീനിതവിധേയ പ്രജകളായി നാം പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആസന്നമായ ഏതോ അപകടത്തിന്റെ റിഹേഴ്‌സലായി തിരിച്ചറിയപ്പെടുന്നില്ലെന്നതും കേവലം സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഈ പ്രശ്‌നത്തിന്റെ വിശകലനം പരിമിതിപ്പെടുത്തുന്നു എന്നതും മൗലികമായ ന്യൂനതയായി നാം കാണുന്നു. 

ഫാഷിസം സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല, സാമാന്യബോധത്തിന്റെ മണ്ഡലത്തിലാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെ കറന്‍സി പ്രശ്‌നത്തില്‍ സാമ്പത്തിക സംവാദത്തിന് അവര്‍ സന്നദ്ധമാവില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ അതിന്റെ തുടര്‍ച്ചയായി വേണം കാണാന്‍. സാധാരണ ഗതിയില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാറുണ്ട്. ജനാധിപത്യത്തിന്റെ ഇടപെടലിനുള്ള ഒരവസരമായിട്ടാണ് നാം അതിനെ മനസ്സിലാക്കുന്നത്. എന്നാല്‍ ഭരണപക്ഷം തന്നെ സഭ സ്തംഭിപ്പിക്കുന്ന ഒരു പുതിയ പശ്ചാത്തലം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി സന്നദ്ധമാവാതെ ഒഴിഞ്ഞുമാറുന്നു. ഗൗരവപ്പെട്ട ഒരു സംവാദത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയാറാകുന്നില്ല. 'ഞാനൊരു ഫഖീറാണ്, ചായ വിറ്റ് നടന്നവനാണ്' തുടങ്ങിയ പ്രസ്താവനകളിലൂടെ അതിവൈകാരികമായൊരു അതിഭാവുകത്വം ജനങ്ങളുടെ മുമ്പില്‍ അദ്ദേഹം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഫാഷിസം ധൈഷണികതയെ ഭയപ്പെടുകയും അയുക്തികതയില്‍ അഭിരമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ജനങ്ങളുടെ ജീവിതത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒരു സാമ്പത്തിക പരിഷ്‌കാരത്തെ സംബന്ധിച്ച് ഗൗരവമായ സംവാദത്തിന് പോലും തയാറാകാതെ പൈങ്കിളി പ്രസ്താവനകള്‍ മറ്റു പല വഴികളിലൂടെ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. അഥവാ സാമ്പത്തിക ശാസ്ത്രത്തിന്റെ സ്ഥാനത്ത് സാമാന്യബോധം പകരം വെക്കുകയാണ്. ഭരണവര്‍ഗത്തിന്റെ തത്ത്വചിന്തയുടെ ഒരു നാട്ടാചാരരൂപം മാത്രമാണ് സാമാന്യബോധമെന്ന് നാം പ്രത്യേകം മനസ്സിലാക്കണം. സാധാരണഗതിയില്‍ സാമാന്യബോധമെന്നാല്‍ സാമാന്യ ജനങ്ങളുടെ ജീവിതത്തില്‍നിന്ന് രൂപപ്പെട്ടുവരുന്ന ബോധമെന്നാണ് കരുതപ്പെടുക. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. ഭരണവര്‍ഗം പൊതുജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന അതിന്റെ കാഴ്ചപ്പാടുകളാണ് സാമാന്യ ബോധമായി മാറുന്നത്. ആ സാമാന്യബോധമാണ് ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നത്.

വളരെ അതിഭാവുകത്വത്തോടെയുള്ള ഒരനുഷ്ഠാനത്തിലൂടെ 2014-ല്‍ തന്നെ മോദി ഇതിന് തുടക്കം കുറിച്ചിരുന്നു. 1947 ആഗസ്റ്റ് 15 മുതല്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്ന ഒരു പ്രധാനമന്ത്രിയും നടത്തിയിട്ടില്ലാത്ത നാടകീയമായൊരു അനുഷ്ഠാനത്തോടെയാണ് മോദി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കടന്നത് എന്ന് ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും. കാരണം, മറവിയില്‍ മുന്നേറുന്ന ഒരു ജനതയായി നാം പതുക്കെ മാറുകയാണ്. ഓര്‍മിക്കുന്നതും ഓര്‍ത്തെടുക്കുന്നതുമാണ് യഥാര്‍ഥ ജീവിതമെന്ന് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം വന്നുചേരും എന്ന് ഉറപ്പു നല്‍കിയവര്‍, ഇപ്പോള്‍ നമ്മുടെ അക്കൗണ്ടിലുള്ള ചെറിയ തുക പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നത് പോലും ഓര്‍മിക്കപ്പെടാതെ പോവുകയാണ്. അതിനേക്കാള്‍ ഗൗരവത്തില്‍ ഓര്‍മിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. നരേന്ദ്രമോദി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത് പാര്‍ലമെന്റിന്റെ ഉമ്മറപ്പടിയില്‍ കമഴ്ന്നു വീണുകൊണ്ടാണ്. നെഹ്‌റു മുതല്‍ വാജ്‌പേയ് വരെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത ഒരനുഷ്ഠാനമായിരുന്നു അത്. ഇന്ത്യയില്‍ ഇതുപോലൊരു സാഷ്ടാംഗം മറ്റൊരാള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. അത് പാര്‍ലമെന്റിന്റെ മുമ്പിലല്ല. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പിറവിക്കായി  സമ്രാജ്യത്വവിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്നതില്‍ മുമ്പില്‍ നിന്ന മഹാത്മാ ഗാന്ധിയുടെ കാല്‍ക്കലാണ് നാഥുറാം വിനായക് ഗോദ്‌സെ ഇതുപോലെ പതിറ്റാണ്ടുകള്‍ക്കു മുമ്പ് കമഴ്ന്നുവീണത്. അത് ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കാനായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ പാര്‍ലമെന്റിനെ നിര്‍വീര്യമാക്കാനുള്ള ഒരേകാംഗ നാടകാഭിനയമായിരുന്നു പാര്‍ലമെന്റ് പ്രവേശന സന്ദര്‍ഭത്തില്‍ മോദി നടത്തിയ അനുഷ്ഠാനം.

ഇന്ത്യയില്‍ വിവിധ ഘട്ടങ്ങളില്‍ വന്ന പ്രധാനമന്ത്രിമാര്‍ അവരുടേതായ ആശയലോകത്ത് അഭിപ്രായമുള്ളവരായിരുന്നു. എന്നാല്‍ മോദി വരുന്നത് ആശയങ്ങളുടെ ഉല്‍പാദന കേന്ദ്രത്തില്‍നിന്നല്ല. കുറുവടി, കെട്ടുകാലി, മറയുള്ള കത്തി, മറയില്ലാത്ത കത്തി, ഒറ്റ, ഉറുമി ഉള്‍പ്പെടെയുള്ള ആയുധ പരിശീലനം നടത്തുന്ന ആര്‍.എസ്.എസിന്റെ ശാഖയില്‍നിന്നാണ് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവന്നത്. 'നമ്മുടെ ആണ്‍കുട്ടികളെ കൊല്ലുന്ന കളി പഠിപ്പിക്കുന്ന സ്ഥലമാണ് ശാഖ' എന്നു പറഞ്ഞത് ആര്‍.എസ്.എസിന്റെ സൈദ്ധാന്തികരില്‍ പ്രമുഖനായിരുന്ന ബി.എസ് മൂഞ്ചെയാണ്. സംവാദം, സെമിനാര്‍, സിമ്പോസിയം തുടങ്ങിയവ അവിടെ അപ്രസക്തമാണ്. 2002 ഫെബ്രുവരിയിലെ ഗുജറാത്ത് വംശഹത്യ കിഴിച്ചാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ബാക്കിനില്‍ക്കുന്നത് പിന്നെയെന്താണ് എന്ന് നാം മൗലികമായി ആലോചിക്കേണ്ടതുണ്ട്.

ഉ•ത്തമായ ദേശീയത ഫാഷിസത്തിന്റെ മൂര്‍ച്ചയുള്ള ഒരായുധമാണ്. സംവാദങ്ങളെയും ചര്‍ച്ചകളെയും ജനാധിപത്യ കാഴ്ചപ്പാടുകളെയും ഒരുതരം അതിവൈകാരികതയിലേക്കും അതിഭാവുകത്വത്തിലേക്കും വഴിതിരിച്ചുവിടാനുള്ള അടവുകളുടെ ഭാഗമാണത്. തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേട്ടാല്‍ ഒന്നെഴുന്നേറ്റുനില്‍ക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചിലര്‍ ചോദിക്കുന്നു. ഇത് ദേശീയ ഗാനത്തെ ആദരിക്കുകയോ അനാദരിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. മറിച്ച് ഫാഷിസത്തിന്റെ പ്രചാരണത്തിനും ദൃഢപ്പെടുത്തലിനും ആവശ്യമായ ഭ്രാന്തമായ ദേശീയതയുടെ അടയാളങ്ങളാണ്. ദേശീയ പതാകയും ദേശീയ ഗാനവും ഇന്ത്യന്‍ ജനതയുടെ ദേശീയ ബോധത്തിന്റെ അനുഷ്ഠാനങ്ങള്‍ മാത്രമാണ്. പൗര•ാരുടെ സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരസ്പരമുള്ള സൗഹൃദം തുടങ്ങിയവയില്‍നിന്നാണ് ദേശീയ ബോധമുണ്ടാകേണ്ടത്. അങ്ങനെയുണ്ടാകുന്ന ദേശീയബോധത്തിന്റെ അടയാളങ്ങളും അനുഷ്ഠാനങ്ങളുമാണ് ദേശീയ ഗാനവും ദേശീയ പതാകയും. അഥവാ ഇവിടെ കാര്യങ്ങള്‍ തലകീഴായ് മാറ്റിമറിക്കപ്പെടുന്നു.

നോട്ട് നിരോധം കേവലം സാമ്പത്തിക പ്രശ്‌നം മാത്രമല്ല. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടനെ ആരുടെയും ആഹ്വാനമില്ലാതെ തന്നെ പോസ്റ്റര്‍ പതിക്കാനും മുദ്രാവാക്യം വിളിക്കാനും ധീരത കാണിക്കുന്ന ഒരു ജനത സ്വന്തം അധ്വാനത്തിന്റെ പണം കിട്ടാന്‍ വേണ്ടി ഈ രീതിയില്‍ ക്യൂ നിന്ന് നരച്ചിട്ടുണ്ടെങ്കില്‍ പതുക്കെ മാറിവരുന്ന രാഷ്ട്രീയാന്തരീക്ഷത്തിന്റെ ഒരു യുക്തി അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അച്ചടക്ക സമൂഹത്തില്‍ - അതു തന്നെ മര്‍ദനപരമാണ് - അതിനെതിരെയുള്ള പ്രതികരണം അതിനോടൊപ്പം തന്നെ രൂപപ്പെട്ടുവരും. എന്നാല്‍ അച്ചടക്ക സമൂഹത്തില്‍നിന്ന് നിയന്ത്രിത സമൂഹത്തിലേക്ക് മാറുമ്പോള്‍ കൂടുതല്‍ പ്രയത്‌നം ജനാധിപത്യം നിര്‍വഹിച്ചാല്‍ മാത്രമേ പ്രതിരോധങ്ങള്‍ സാധ്യമാകൂ. അച്ചടക്ക സമൂഹത്തില്‍ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണങ്ങള്‍ ഒരു നിയന്ത്രിത സമൂഹത്തില്‍ പ്രതീക്ഷിക്കരുത്.

സംഘ് പരിവാര്‍ രാഷ്ട്രീയമായി അനുഭവിക്കുന്ന ആധിപത്യപ്രതിസന്ധി പരിഹരിക്കാന്‍ അവര്‍ നിരവധി വൈകാരിക പ്രശ്‌നങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇവിടെയാണ് ഭീകരതയുമായി ബന്ധപ്പെട്ട ചര്‍ച്ച പ്രസക്തമാകുന്നത്. എന്താണ് ഭീകരത? ആരാണ് ഭീകരവാദി? ഇന്ത്യയില്‍ രൂപം കൊണ്ട ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായിരുന്നു പഞ്ചാബിലുണ്ടായിരുന്ന ഖാലിസ്ഥാന്‍ പ്രസ്ഥാനം. വേറിട്ടുപോകല്‍ വാദമാണവര്‍ ഉന്നയിച്ചത്. ലണ്ടന്‍ കേന്ദ്രമായി സാര്‍വദേശീയ തലത്തില്‍ പല ഭാഗങ്ങളിലും തമ്പടിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തനം നടത്തുകയുണ്ടായി. എന്നാല്‍ 'ബ്ലൂ സ്റ്റാര്‍' ഓപറേഷനിലൂടെ പ്രസ്തുത ഭീകര പ്രസ്ഥാനത്തെ അടിച്ചമര്‍ത്തി ഇന്ത്യന്‍ ഭരണകൂടവും സൈന്യവും അതിന്റെ കരുത്ത് തെളിയിച്ചു. 1980-കളില്‍ ഇത്തരമൊരു ദൗത്യം നിര്‍വഹിച്ച ഇന്ത്യന്‍ ഭരണ കൂടത്തിന് 1992 ഡിസംബര്‍ 6-ന് ഒരു പള്ളി സംരക്ഷിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല? ഇന്ത്യന്‍ ഭരണകൂടം വളരെ ശക്തമാണ്. അതിന് സുശക്തമായ സായുധ സൈന്യമുണ്ട്. പോലീസും എല്ലാവിധ രഹസ്യ സംവിധാനങ്ങളുമുണ്ട്. ഏതു തരം ഭീകരതയെയും വരച്ച വരയില്‍ നിര്‍ത്താനുള്ള ശേഷിയുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഒരു പള്ളി പൊളിക്കുന്ന സന്ദര്‍ഭത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ പോയത്? സ്റ്റേറ്റിന്റെ ഭീകരതയെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളെ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അനിവാര്യമായി മാറുന്നത് അക്കാരണത്താലാണ്. ഒരു ഭീകര പ്രസ്ഥാനത്തെ ഭരണ കൂടത്തിന് അടിച്ചമര്‍ത്താന്‍ കഴിയും. എന്നാല്‍ ഭരണകൂടം തന്നെ ഭീകര പ്രസ്ഥാനമായിത്തീര്‍ന്നാലോ? ഈ അപകടകരമായ പ്രതിസന്ധിയിലേക്ക് നമ്മുടെ രാജ്യം മാറുകയാണോ എന്ന വലിയ ഉത്കണ്ഠ നിലനില്‍ക്കുന്നു.

അഫ്‌സല്‍ ഗുരുവിന്റെ വധവുമായി ബന്ധപ്പെട്ട് നമ്മുടെ നിയമവൃത്തങ്ങളിലും മറ്റും വലിയ സംവാദം രൂപപ്പെടുകയുണ്ടായി. അത്തരം സംവാദങ്ങള്‍ക്ക് ഇന്ന് വേദിപോലും അനുവദിക്കപ്പെടുന്നില്ല. ഏതു തരം സംവാദവും നടക്കാറുള്ള ജെ.എന്‍.യു പോലുള്ള കലാലയങ്ങളില്‍ ഇത്തരമൊരു സംവാദം വന്നതോടുകൂടി പ്രസ്തുത കലാലയങ്ങള്‍ ദേശ ദ്രോഹത്തിന്റെ കേന്ദ്രങ്ങളായി ചിത്രീകരിക്കപ്പെട്ടു. യഥാര്‍ഥ ഭീകരത എന്ത് എന്ന സംവാദത്തെ അസാധ്യമാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വര്‍ഗീയവുമായ പ്രസ്താവനകള്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താക്കളുടെ ഭാഗത്തുനിന്നും അനുസ്യൂതം പ്രവഹിക്കുന്നു. അസഹിഷ്ണുത ഇന്ത്യന്‍ ഭരണകൂടത്തിന്റെ മാതൃഭാഷയായി മാറിക്കൊണ്ടിരിക്കുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയതയെ സംബന്ധിച്ച സംവാദം അനിവാര്യമാകുന്നത്. ഇന്ത്യ ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഒരു രാജ്യമല്ല. ഇതു കേള്‍ക്കുമ്പോള്‍ ഇന്നത്തെ വ്യാജമായ ദേശീയതയുടെ അമിത വൈകാരികതയില്‍ വീണുപോയ ആളുകള്‍ക്ക് നിവര്‍ന്നുനിന്ന് ഇതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ദേശീയത എപ്പോഴാണ് ഉണ്ടായത്? ഇന്ന് പലരുടെയും സംവാദം കേട്ടാല്‍ ദേശീയത അനാദിയാണെന്ന് തോന്നിപ്പോകും. പാബ്ലോ നെരൂദയുടെ 'മാച്ച് പിച്ചുവിന്റെ ഉയരങ്ങള്‍' എന്ന കവിതയില്‍ ഒരു ചോദ്യമുണ്ട്. 'കല്ലിനുള്ളില്‍ കല്ല്. അപ്പോള്‍ മനുഷ്യന്‍ എവിടെയായിരുന്നു? കാറ്റിനുള്ളില്‍ കാറ്റ്. അപ്പോള്‍ മനുഷ്യന്‍ എവിടെയായിരുന്നു? കാലത്തിനുള്ളില്‍ കാലം. അപ്പോള്‍ മനുഷ്യന്‍ എവിടെയായിരുന്നു?' രാഷ്ട്രമുള്‍പ്പെടെ എല്ലാം പരിണമിച്ച് രൂപപ്പെട്ട് വന്നതാണെന്നും സാമൂഹിക വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിലാണ് ദേശീയത രൂപം കൊണ്ടതെന്നും ഈ കവിത സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ദേശീയതയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഓരോ നാട്ടുരാജ്യവും സ്വയമൊരു ദേശീയതപോലുമായിരുന്നില്ല. രാജാവെന്നാല്‍ ദൈവമാണെന്ന് പ്രഖ്യാപിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. കല്‍പിക്കലിനും അനുസരിക്കലിനുമിടയില്‍ അവസാനിച്ചുപോയ ഒരു ജീവിതമായിരുന്നു അന്ന് മനുഷ്യനുണ്ടായിരുന്നത്. അവിടെ നിന്നും സാമ്രാജ്യത്വവിരുദ്ധ സമരങ്ങളിലൂടെ നാട്ടുരാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ യൂനിയന്‍ രൂപപ്പെട്ടപ്പോള്‍ We the People of India എന്ന് ആത്മാഭിമാനത്തോടെ എഴുതിവെക്കാന്‍ ഇന്ത്യന്‍ ഭരണഘടനക്ക് സാധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ ദേശരാഷ്ട്രമായി ഉയര്‍ന്നത്. 

നിരവധി ദേശീയ സംയോജന പ്രക്രിയകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ ദേശീയത രൂപപ്പെടുകയുള്ളൂ എന്ന് അന്നുതന്നെ അംബേദ്കറെ പോലുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി ഒരു രാഷ്ട്രം രൂപം കൊണ്ടു എന്നതുകൊണ്ടുമാത്രം ആ രാജ്യത്ത് ഒരു ദേശീയത വികസിച്ചുവരണമെന്നില്ല. അടിത്തട്ടില്‍നിന്ന് കല്ലിനു മുകളില്‍ കല്ല് വെച്ച് കെട്ടിപ്പൊക്കേണ്ട ഒന്നാണ് യഥാര്‍ഥ ദേശീയത. അത് വിരട്ട് ദേശീയതയല്ല. ഇന്ന് സംഘ് പരിവാര്‍ വികസിപ്പിക്കുന്നത് ഒരു തരം വിരട്ട് ദേശീയതയാണ്. അതിന് യഥാര്‍ഥ ദേശീയതയുമായി ഒരു ബന്ധവുമില്ല. ഇന്ത്യാ ചരിത്രത്തില്‍ അതിന് വേരുകളില്ല. പന്ത്രണ്ടിലേറെ വന്‍കിട ദേശീയതകളും നിരവധി ഉപദേശീയതകളും കൂടിച്ചേര്‍ന്ന ഒരു ബഹു ദേശീയ രാഷ്ട്രമാണ് ഇന്ത്യ. ഇതാണ് യഥാര്‍ഥ ജനകീയ ദേശീയത. എന്നാല്‍ സംഘ് പരിവാര്‍ മുന്നോട്ടുവെക്കുന്നത് മേല്‍ക്കോയ്മാ ദേശീയതയാണ് (Hegimonical Nationalism). അത് ഭാഷാ സംസ്ഥാനങ്ങള്‍ക്കും ഫെഡറലിസത്തിനും എതിരാണ്. അതുകൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഭോപാലില്‍ തടഞ്ഞത്. മുഖ്യമന്ത്രിക്ക് ഹിന്ദി അറിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നതാണ് സംഘ് പരിവാര്‍ തമാശ. മുഖ്യമന്ത്രിക്ക് ഹിന്ദി അറിയാത്തതുകൊണ്ടല്ല, സംഘ് പരിവാറിന് ഇന്ത്യന്‍ യൂനിയനെ സംബന്ധിച്ച് പ്രാഥമിക ധാരണ പോലുമില്ലാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്.

മേല്‍ക്കോയ്മാ ദേശീയത അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തുന്നത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ മേല്‍ക്കോയ്മാ ദേശീയത ഏറ്റവും വലിയ ഭീകരവാദമാണെന്ന് നമുക്ക് ബോധ്യപ്പെടും. സംഘ് പരിവാറിന്റെ സൈദ്ധാന്തിക ഗ്രന്ഥമായ വിചാരധാരയില്‍ അഖണ്ഡ ഭാരതത്തെ കുറിച്ച് പറയുന്നുണ്ട്. അത് ഇന്ത്യയില്‍ പരിമിതപ്പെടുന്നതല്ല. സിലോണ്‍, ബര്‍മ, അഫ്ഗാനിസ്താന്‍, നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെല്ലാം കൂടിച്ചേര്‍ന്നതാണ് അഖണ്ഡ ഭാരതം എന്ന സങ്കല്‍പം. ഈ രാജ്യങ്ങളെല്ലാം സ്വതന്ത്ര രാഷ്ട്രങ്ങളാണ്. അഥവാ അവസാനിക്കാത്ത യുദ്ധത്തിന് അവസരം കൊടുക്കുന്ന ഒരു ദേശീയ സങ്കല്‍പ്പമാണ് സംഘ് പരിവാറിനുള്ളത്.

ദേശീയതയെ കുറിച്ചുള്ള സംവാദം നമ്മുടെ തെരുവുകളില്‍ നടക്കേണ്ട സന്ദര്‍ഭമാണിത്. ഇന്ത്യന്‍ ദേശീയ പതാക ഒരൊട്ടിപ്പ് പതാകയാണെന്നാണ് സംഘ് പരിവാര്‍ വാദിച്ചത്. വിചാരധാരയില്‍ അത് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ പതാകയായി ഇന്ന് നാം അഭിമാനത്തോടെ ഉയര്‍ത്തുന്ന പതാക യഥാര്‍ഥ ഇന്ത്യന്‍ പതാകയല്ല, അത് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കടമെടുത്ത നിറങ്ങളില്‍ ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കിയ കൃത്രിമ പതാകയാണ്, നൂറ്റാണ്ടുകളായി ഭഗവദ് ധ്വജം പോലുള്ള യഥാര്‍ഥ ഇന്ത്യന്‍ പതാക വേറെയുണ്ട് തുടങ്ങിയ വാദങ്ങളുന്നയിക്കുന്ന ഒരു വിഭാഗത്തിന് ഇന്ത്യന്‍ പതാകയോട് എന്ത് ആദരവാണുള്ളതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ദേശീയഗാനം ജോര്‍ജ് അഞ്ചാമനെ പ്രശംസിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണെന്നും യഥാര്‍ഥ ദേശീയ ഗാനം വന്ദേമാതരമാണെന്നും സ്വന്തം സൈദ്ധാന്തിക ഗ്രന്ഥത്തില്‍ പറയുന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ ദേശീയ ഗാനത്തെ കുറിച്ച് വളരെ ഉ•ത്തമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ ചരിത്രം അട്ടിമറിക്കപ്പെടുകയാണ്. അത് അത്യന്തം അപകടകരമാണ്. 1930-ല്‍ സ്വാതന്ത്ര്യസമരം നടക്കുന്ന പശ്ചാത്തലത്തില്‍ മഹാവീര ദ്വിവേദി പ്രസാദി എന്ന മഹാന്‍ പറയുകയുണ്ടായി: ''നമുക്ക് നമ്മുടെ ചരിത്രം കാത്തുസൂക്ഷിക്കണം. നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ചരിത്രം കൂടി നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ സാധ്യമല്ല.'' ദേശീയതയെ കുറിച്ചുള്ള സംവാദത്തിനിടയില്‍ നമ്മുടെ ചരിത്രമാണ് അട്ടിമറിക്കപ്പെടുന്നത്.

ഈ വ്യാജമായ ദേശീയതയെ ഇന്ത്യന്‍ ജനതക്ക് എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്നത് സൂക്ഷ്മമായ ചര്‍ച്ച നടക്കേണ്ട ഗൗരവപ്പെട്ട വിഷയമാണ്. സംഘ് പരിവാറിന്റെ ഏറ്റവും വലിയ വിമര്‍ശകനായ ജഹവര്‍ലാല്‍ നെഹ്‌റു പോലും പതറിപ്പോയത് ഈ ഉ•ത്തമായ ദേശീയതയുടെ പ്രചാരണത്തിനു മുമ്പിലാണ്. സംഘ് പരിവാറുകാരുടെ കൈകളില്‍ ഗാന്ധിജിയുടെ രക്തം പുരണ്ടിട്ടുണ്ടെന്ന് തീര്‍ത്തുപറഞ്ഞ വ്യക്തിയാണ് നെഹ്‌റു. സംഘ് പരിവാറിന്റെ കണ്ണില്‍ ഏറ്റവും വലിയ ശത്രുവായിരുന്നു അദ്ദേഹം. എന്നാല്‍, ആ നെഹ്‌റുവാണ് 1963-ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ ആര്‍മിക്കൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് റൂട്ട് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത്. നെഹ്‌റുവിനെ പോലുള്ള ഒരു വ്യക്തിയെ പോലും വ്യാജ ദേശീയതയുടെ മുമ്പില്‍ മുട്ടുകുത്തിക്കാന്‍ സംഘ് പരിവാറിന് സാധിച്ചു. മുഹമ്മദ് അഖ്‌ലാഖ് വധത്തിലെ പ്രധാന പ്രതി രവി സിസോാദിയ എന്നു പേരുള്ള ആര്‍ച്ച് ക്രിമിനല്‍ ജയിലില്‍ വെച്ച് ഡങ്കിപ്പനി ബാധിച്ച് മരണപ്പെട്ടപ്പോള്‍ ആ ക്രിമിനലിന്റെ മൃതദേഹത്തില്‍ ഇന്ത്യന്‍ ദേശീയ പതാക പുതപ്പിച്ച ഒന്നാന്തരം ക്രിമിനലുകളാണ് ഇന്ന് ഇന്ത്യയുടെ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത്. എന്നിട്ടും നമ്മുടെ നാട്ടിലെ ചില ആളുകള്‍ 'എന്തൊക്കെ പറഞ്ഞാലും ദേശീയമായ കാര്യമല്ലേ' എന്നു പറഞ്ഞ് ചെറിയ ഇളവ് കൊടുക്കുകയാണ്. ക്യൂ നില്‍ക്കുമ്പോഴും 'രാജ്യത്തിന് വേണ്ടിയല്ലേ' എന്ന് പറഞ്ഞ് ആശ്വസിക്കുന്നവരുമുണ്ട്. ഏതു രാജ്യത്തിനു വേണ്ടി? ഇന്ത്യയിലെ ജനതയെ കിഴിച്ചാല്‍ പിന്നെ എന്തു രാജ്യം?

നമ്മുടെ തെരുവുകള്‍ ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള സംവാദ വേദികളായി മാറണം. അപ്പോള്‍ സംഘ് പരിവാറിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിയില്ല. അത് തെളിയിച്ചിട്ടുമുണ്ട് നമ്മുടെ രാജ്യം. ജെ.എന്‍.യു ഇന്ത്യന്‍ ദേശീയതയുടെ ശത്രു പക്ഷത്താണെന്ന് സംഘ് പരിവാര്‍ നിരന്തരം പ്രചാരണം നടത്തിയപ്പോള്‍, ഇന്ത്യന്‍ ദേശീയതയെകുറിച്ചുള്ള തുറന്ന സംവാദത്തിന് കാമ്പസില്‍ അവസരം സൃഷ്ടിച്ചുകൊണ്ടാണ് ജെ.എന്‍.യു അതിനെ നേരിട്ടത്. വിദ്യാര്‍ഥികളും അധ്യാപകരും പ്രശസ്ത പണ്ഡിതരും അതില്‍ പങ്കെടുത്തു. സംഘ് പരിവാറിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ തെരുവുകളില്‍ ഇത്തരം സംവാദം നടക്കണം. ആരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്, അതിനെ ഒറ്റിക്കൊടുത്തത് ആരാണ് തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാകണം. അതുവഴി ഇന്നത്തെ വ്യാജ ദേശീയതയുടെ പൊള്ളത്തരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കും. ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള വളരെ ആസൂത്രിതമായ ഫാഷിസ്റ്റ് പദ്ധതിയാണതെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യും. ഇത്തരമൊരു തിരിച്ചറിവ് രൂപപ്പെടുത്തിയെടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കുമപ്പുറം ഫാഷിസത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ വിപുലമായൊരു കൂട്ടായ്മ വികസിച്ചുവരേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള ആശയപ്രചാരണങ്ങളും ധൈഷണികമായ ഇടപെടലുകളും നടക്കേണ്ടതുണ്ട്. 

('ഫാഷിസം, ഭീകരത, ഇസ്‌ലാമോഫോബിയ' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച സംവാദസദസ്സില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം.

തയാറാക്കിയത്: സി.എസ് ഷാഹിന്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌