Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

സാമൂഹിക ഇടപെടലും ഇസ്‌ലാമിക പ്രബോധനവും

സഈദ് ഉമരി, മുത്തനൂര്‍

ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്) ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. രോഗിയും ഡോക്ടറും തമ്മില്‍, അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ ഇടപെടുമ്പോഴുണ്ടാകുന്ന ഗുണഫലം ദഅ്‌വത്തിനും ഉണ്ടാവണം. ഇത് സമൂഹത്തിന്റെ ജീവവായുവായി മാറണം. മനുഷ്യത്വത്തെ ഉദ്ദീപിപ്പിച്ച് അതിന്റെ ഗുണഫലം സമകാലിക ലോകത്തിനും വരുംതലമുറക്കും ലഭ്യമാക്കുകയാണ് ദഅ്‌വത്തിലൂടെ ചെയ്യേണ്ടത്. മനുഷ്യത്ത്വം നിലനില്‍ക്കണമെങ്കില്‍ ബഹുജനങ്ങളുമായി ഓരോ വിശ്വാസിക്കും സജീവബന്ധം അനിവാര്യമത്രെ.

ഈ ബന്ധത്തിന് എത്ര വിശാലതയും ആഴവും കൈവരുത്താനാകുമോ, അത്രയധികമായിരിക്കും അതിന്റെ ഫലപ്രാപ്തിയും. മുഹമ്മദ് നബി(സ)യുടെ നിയോഗം എല്ലാ മനുഷ്യരിലേക്കുമായിരുന്നല്ലോ. നബിക്കും അനുയായികള്‍ക്കും പൊതുസമൂഹവുമായുണ്ടായിരുന്ന ബന്ധം ആര്‍ക്കും അജ്ഞാതമല്ല. ഈ ദൃഢ ബന്ധം തന്നെയാണ് നാമിപ്പോള്‍ പടുത്തുയര്‍ത്തേണ്ടത്. ഇസ്‌ലാമിനെ പരിചയപ്പെടാന്‍,  നന്മകള്‍ വളരാന്‍ ഇതിനൊക്കെ മുസ്‌ലിംകളും സഹോദര സമുദായങ്ങളും തമ്മിലെ ബന്ധം സുദൃഢമാവണം.

തിരുനബിയുടെ മാതൃക പരിശോധിച്ചാല്‍, മനുഷ്യബന്ധങ്ങള്‍ താഴെ പറയുന്ന നാല് അടിസ്ഥാനങ്ങളിലാണ് നിലകൊള്ളേണ്ടത് എന്ന് വ്യക്തമാവും. ദീനിനെ പരിചയപ്പെടല്‍, അതിന്റെ വ്യക്തത, നന്മയുടെ വ്യാപനം, തിന്മയുടെ വിപാടനം എന്നിവയാണവ.  

രാജ്യവാസികളുമായി സുദൃഢ ബന്ധം സ്ഥാപിക്കുകയാണ് ദീനീപ്രചാരണത്തിന്റെ പ്രഥമവും പ്രധാനവുമായ വഴി. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം. ഒരു ചെടിയെ ഉദാഹരണമായെടുക്കാം. ചില്ലകളും ശാഖോപശാഖകളുമായി അത് വളരാന്‍ നാം വെള്ളം നനച്ചു കൊടുക്കുമല്ലോ. ചെടിയുടെ ദാഹം തീര്‍ത്താലേ അത് വളരൂ. അതുപോലെ, നമ്മുടെ കൈയില്‍ നമ്മുടെ സഹോദരന്മന്മാരുടെ ദാഹം തീര്‍ക്കാനുള്ള ദീന്‍ എന്ന ജീവാമൃത് ഉണ്ട്. അത് അവര്‍ക്ക് നല്‍കാന്‍ നാം മറന്നുകൂടാ. നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തിയാലേ അത് സാധ്യമാവൂ. 

ഏതു മതക്കാരനായാലും അയാളുമായി നമ്മുടെ ബന്ധം നാമമാത്രമായിക്കൂടാ. ക്രയവിക്രയം പോലെ, കൊടുക്കല്‍ വാങ്ങല്‍ ബന്ധം മാത്രം പോരെന്നര്‍ഥം. കേവലം താല്‍ക്കാലിക ബന്ധമാണെങ്കില്‍, അത് വൃക്ഷത്തൈക്ക് വെള്ളം ഒഴിക്കാനായി ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിനടുത്ത് കൊണ്ട്‌പോയി വെച്ചതുപോലെയാണ്. അല്ലെങ്കില്‍ വെള്ളം ഒഴിക്കണമെന്ന് വെറുതെ ഓര്‍മിച്ചുകൊണ്ടിരിക്കുന്നതു പോലെ. രണ്ടും നിഷ്ഫലമാണ്. രണ്ടും തൈക്ക് ലഭിച്ചിട്ടില്ലല്ലോ. രാജ്യനിവാസികളോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കാന്‍ സാധിക്കുക എന്നതാണ് പ്രബോധനപ്രവര്‍ത്തനങ്ങളുടെ സുപ്രധാന വശം. 

ഈ ദീന്‍ മുഖേന എല്ലാ മനുഷ്യരും ഇഹപര വിജയികളായിത്തീരണം. ഈ ദീന്‍ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നു. ജീവിതത്തിന്റെ ഒരു കോണും ദീനുമായി ബന്ധമില്ലാത്തതായി ഇല്ല. ഈ ദീനിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് എല്ലാ മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും. ഈ അടിസ്ഥാനത്തില്‍ ഒരു പരിപൂര്‍ണ മനുഷ്യന്‍, ഒരു മാതൃകാവീട്, ഒരു സമ്പൂര്‍ണ കുടുംബം, ഒരു സനാതന സമൂഹം എല്ലാം നിലവില്‍ വരണം. 

ദീനിന്റെ മൂലശിലയുമായി രാജ്യനിവാസികളെ ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ നാം ഓരോരുത്തരുടെയും ഈമാന്‍ പൂര്‍ണമാവുകയുള്ളൂ. തിരുമേനി (സ) പറഞ്ഞല്ലോ. ''തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന്ന് വേണ്ടിയും ഇഷ്ടപ്പെടുന്നതു വരെ നിങ്ങളില്‍ ഒരാളുംതന്നെ വിശ്വാസിയാവുകയില്ല'' (ബുഖാരി). അതേ, നാം നമുക്കുവേണ്ടി അല്ലാഹുവിനെയും അവന്റെ ദൂതനെയും ഇസ്‌ലാമിനെയും ഇഷ്ടപ്പെടുന്നു, സ്‌നേഹിക്കുന്നു. എങ്കില്‍ അത് നമുക്ക് ചുറ്റും ജീവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടണം. അതല്ലെങ്കില്‍ നമ്മുടെ ഈമാന്‍ പരിപൂര്‍ണമല്ല.

 

തൗഹീദ് എന്നാല്‍

ഇസ്‌ലാമിക വിശ്വാസം ഏകദൈവ സിദ്ധാന്തത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. എല്ലാ നന്മകളുടെയും ഉറവിടം അല്ലാഹുവാണ് എന്നതാണ് ഇതിന്റെ കേന്ദ്ര ആശയം. രാജ്യനിവാസികള്‍ക്ക് തൗഹീദ് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. തികച്ചും യുക്തിഭദ്രമായിട്ടായിരിക്കണം ഈ ആശയം അവതരിപ്പിക്കേണ്ടത്. ''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറഞ്ഞ മറ്റാരുണ്ട്?'' (ഖുര്‍ആന്‍ 41:33). 

പരസ്പരം അറിയുമ്പോഴാണ് സുഹൃദ്ബന്ധമുണ്ടാകുന്നത്. ഈ അറിവ് എത്ര വിശാലവും സുതാര്യവുമാണോ അത്രമേല്‍ സുഹൃദ്ബന്ധവും സുദൃഢവും സ്‌നേഹമസൃണവുമായിരിക്കും. രണ്ടുപേര്‍ അന്യരാകുന്നത് അവര്‍ തമ്മില്‍ അറിയാത്തതുകൊണ്ടാണ്. അതിനാലാണ് അല്ലാഹു തന്റെ അടിയാറുകളുമായി അടുത്തുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നത്. ''നാം അവന്റെ കണ്ഠനാടിയേക്കാള്‍ അവനോടടുത്തവനാകുന്നു'' (ഖുര്‍ആന്‍ 50:16). ദൈവം വിശ്വാസികളുടെ കൂട്ടുകാരനാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. 

പ്രവാചകത്വം

അവസാന പ്രവാചകനായ മുഹമ്മദ് (സ) ലോകര്‍ക്കാകമാനം അനുഗ്രഹമായിട്ടാണ് ആഗതനായിട്ടുള്ളത്. അംറുബ്‌നു അബസ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞാന്‍ നബി തിരുമേനിയുടെ പ്രവാചകത്വത്തിന്റെ ആരംഭദശയില്‍ അദ്ദേഹത്തോട് ചോദിച്ചു: 'താങ്കള്‍ ആരാണ്?'

'ഞാന്‍ പ്രവാചകനാണ്.'

'പ്രവാചകന്‍ എന്നാല്‍?' 

തിരുമേനി(സ): 'എന്നെ അല്ലാഹു അയച്ചതാണ്.'

'വല്ല സന്ദേശവും നല്‍കിയാണോ താങ്കളെ നിയോഗിച്ചത്?'

'വിഗ്രഹാരാധന അവസാനിപ്പിക്കാനും കുടുംബബന്ധങ്ങള്‍ നന്നാക്കാനും അല്ലാഹുവിനെ ഏകനായി മനസ്സിലാക്കി കൊടുക്കാനും ഒന്നിനെയും അവനോട് പങ്കു ചേര്‍ക്കരുതെന്ന് പഠിപ്പിക്കാനുമായാണ് എന്നെ നിയോഗിച്ചത്.' 

എന്താണ് പ്രവാചകത്വമെന്ന് ഈ നബിവചനം പഠിപ്പിക്കുന്നു. ഇവിടെ ഒരു സാധാരണ മനുഷ്യന്റെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അതിനാവട്ടെ സുതാര്യമായ മറുപടിയും.

പ്രവാചകന്റെ ആഗമന ലക്ഷ്യം, പ്രബോധന-അധ്യാപന-ആരാധനാ രീതികള്‍, പ്രവാചകന്റെ സ്വഭാവം, മാതൃകാ ജീവിതം, മനുഷ്യകുലത്തോടുള്ള സ്‌നേഹവായ്പ്, മക്കാനിവാസികളോടുള്ള പെരുമാറ്റം, വിശ്വസ്തന്‍-അല്‍അമീന്‍- എന്ന അംഗീകാരം, അദ്ദേഹത്തിന്റെ കുടുംബജീവിതം, സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിലുള്ള ജാഗ്രത, മക്കയില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള യത്‌നങ്ങള്‍, ഹിജ്‌റവേളയില്‍ നബിയുടെ സൂക്ഷ്മ നീക്കങ്ങളും ആസൂത്രണവും, തടവുകാരോടുള്ള സമീപനം, ഹിജ്‌റക്ക് ശേഷം മദീനയില്‍ സമാധാനശ്രമങ്ങള്‍ തുടങ്ങി പ്രവാചക ജീവിതത്തില്‍ നിന്ന് ഇന്നേറ്റവും പ്രസക്തമായ മാനവിക മൂല്യങ്ങള്‍ പഠിച്ചെടുക്കുകയും അവ പ്രാവര്‍ത്തികതലത്തില്‍ കൊണ്ടുവരികയും ചെയ്താല്‍ ലോകം ആ മാതൃക പിന്‍പറ്റാന്‍ മുന്നോട്ടുവരും. ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ ജീവിത മാതൃകകളാണ് വേണ്ടത്. പുസ്തകങ്ങളെക്കാളുമൊക്കെ അതാണ് ഫലം ചെയ്യുക. 

സഹോദര സമുദായങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമെടുക്കലും അവയുടെ പരിഹാരവും പ്രബോധകര്‍ സ്വന്തം ബാധ്യതയായി മനസ്സിലാക്കണം. പ്രവാചകനാണ് ഇക്കാര്യത്തിലെല്ലാം മാതൃക. ഓരോ വ്യക്തിയും പ്രവാചകന്റെ സുന്ദരമായ ജീവിത പന്ഥാവ് പിന്‍പറ്റുകയാണ് ഏറ്റവും നല്ല പ്രബോധന രീതി എന്ന് പറയുന്നത് അതുകൊണ്ടാണ്. 

ഭൂമിയില്‍ പ്രവാചകനായി മുഹമ്മദ് (സ) ആഗതനാകേണ്ടത് മനുഷ്യരുടെ അടിസ്ഥാന ആവശ്യം തന്നെയായിരുന്നു. ജീവിക്കാന്‍ വെള്ളവും വെളിച്ചവും എത്രത്തോളം ആവശ്യമാണോ അപ്രകാരം തന്നെ ഇഹപര ജീവിതവിജയത്തിന് പ്രവാചകനിലുള്ള വിശ്വാസം അനിവാര്യമാണ്. പ്രവാചകന്റെ ആര്‍ദ്രതയും കാരുണ്യവും അല്ലാഹു തന്നെ എടുത്ത് പറയുന്നുണ്ട്. ''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്ന് തന്നെ ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് കാണാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ തല്‍പരനും അത്യന്തം ദയാലുവും കാരുണ്യവാനുമാണദ്ദേഹം'' (ഖുര്‍ആന്‍ 9:128). 

 

പരലോകം

ഇസ്‌ലാമിനെ പരിചയപ്പെടുത്തുമ്പോള്‍ പരലോകത്തെ കുറിച്ചും ഊന്നിപ്പറയണം. മനുഷ്യന്‍ മരണാനന്തരം പുനരെഴുന്നേല്‍പ്പിക്കപ്പെടുമെന്നും ഭൗതിക ലോകത്ത് ചെയ്തതെന്തോ അതിന്റെയെല്ലാം കണക്കെടുപ്പും വിചാരണയും ഉണ്ടാകുമെന്നും ബോധ്യപ്പെടുത്തണം. മരണാനന്തരം വീണ്ടും എഴുന്നേല്‍പ്പിക്കപ്പെടുകയോ എന്ന് ആളുകള്‍ സംശയമുന്നയിക്കും. മരിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ട് പുനര്‍ജനിക്കുകയോ? അവര്‍ ചോദിക്കുന്നു. പരലോകം യാഥാര്‍ഥ്യമാണെന്നതിന് ബുദ്ധിപരമായും ശാസ്ത്രീയമായും ചരിത്രപരമായുമൊക്കെ ഖുര്‍ആന്‍ തെളിവുകള്‍ നിരത്തുന്നുണ്ട്. 

''ഖബ്‌റുകളില്‍ ഉള്ളവരെ തീര്‍ച്ചയായും അല്ലാഹു പുനരെഴുന്നേല്‍പ്പിക്കും'' (അല്‍ഹജ്ജ് 7). ''നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ചു നോക്കുക. അവന്‍ എങ്ങനെയാണ് സൃഷ്ടിപ്പ് തുടങ്ങിയത്. പിന്നീട് അവന്‍ രണ്ടാമതും ജീവിതം നല്‍കും'' (ഖുര്‍ആന്‍ 29: 20). ''അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് നിങ്ങള്‍ക്ക് വിഭവങ്ങള്‍ നല്‍കി. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ പുനര്‍ജ്ജനിപ്പിക്കുന്നു.'' (അര്‍റൂം 40). ''മരിച്ചു കിടക്കുന്ന ഭൂമിയെ സജീവമാക്കിയ ദൈവം. തീര്‍ച്ചയായും അവന്‍ മരിച്ചവര്‍ക്കും ജീവന്‍ നല്‍കും'' (ഫുസ്സിലത്ത് 39). ''അവരുടെ നുരുമ്പിച്ച എല്ലുകളെ ഒരുമിച്ച് കൂട്ടുകയില്ലെന്നാണോ വിചാരിക്കുന്നത്'' (അല്‍ഖിയാമ 3). 

തന്റെ ജീവിതകാലം മുഴുവന്‍ സേവനകര്‍മങ്ങളില്‍ ഏര്‍പ്പെട്ട ഒരാള്‍ക്ക് എന്തുപഹാരമാണ് നമുക്ക് നല്‍കാനാവുക? ഇനി കൊടുത്താല്‍ തന്നെ ഈ ലോകത്തെ കുറഞ്ഞ കാലത്തേക്ക് മാത്രമേ അതയാള്‍ക്ക് അനുഭവിക്കാനാവൂ. അതിനാല്‍ അറ്റമില്ലാത്ത പ്രതിഫലം ലഭിക്കുന്ന ഒരു ലോകം സംഭവിക്കണം. 

അപ്രകാരം തിന്മയുടെ തിക്തഫലവും ഇരുട്ടിന്റെ ശക്തികള്‍ അനുഭവിക്കണമല്ലോ. അനേകരെ കൊന്ന കൊലയാളിക്ക് മരണശിക്ഷ വിധിച്ചാല്‍ തന്നെയും ഒരു മര്‍ദിതന്റെ കാര്യത്തിലല്ലേ അപ്പോഴും തീരുമാനമാകൂ. ബാക്കി മര്‍ദ്ദിതരുടെ ശിക്ഷ ഏറ്റുവാങ്ങാന്‍ അയാള്‍ ഈ ലോകത്ത് ജീവനോടെയില്ല. ഈ ലോകത്ത് ഒരു ജീവിതമേയുള്ളൂ. അതിനാല്‍ അക്രമിക്ക് അയാള്‍ ആരെയൊക്കെ മര്‍ദിച്ചുവോ അവര്‍ക്കൊക്കെയും പ്രതിക്രിയ ചെയ്യാന്‍ അവസരം വേണം. അത് കണക്കുതീര്‍ത്തുകിട്ടുന്ന ഒരു ദിനം. അതത്രെ പരലോകം. അത് മനുഷ്യപ്രകൃതിയുടെ തേട്ടം കൂടിയാണ്. എല്ലാ മനുഷ്യരും അഭിലഷിക്കുന്നതും യഥാര്‍ഥ പ്രതിഫലം കിട്ടുന്ന ഒരിടം വേണമെന്ന് തന്നെയാണ്. ഇങ്ങനെ ബുദ്ധിക്കും യുക്തിചിന്തക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ തന്നെയാണ് ഖുര്‍ആന്‍ പരലോകജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നത്.  

 

നന്മയുടെ വിഭാഗങ്ങള്‍

രാജ്യത്തെ ജനങ്ങളുമായി ഇടപഴകുമ്പോള്‍ ആ സാമൂഹിക സമ്പര്‍ക്കങ്ങള്‍ക്ക് ഒട്ടേറെ തലങ്ങള്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. ഇസ്‌ലാം എന്നാല്‍ നന്മയുടെ പല രീതിയിലുള്ള ആവിഷ്‌കാരങ്ങളാണ്. അത് നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് തിരിച്ചറിയാനും അനുഭവിക്കാനും കഴിയണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും അതിനുള്ള വഴിയാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന നല്ല മാതാവ്, നല്ല പിതാവ്, മാതൃക ഭര്‍ത്താവ്, ഭാര്യ, അനുസരണയുള്ള മക്കള്‍, സന്തുഷ്ട കുടുംബം, നല്ല അയല്‍പ്പക്കം-ഇതേപ്പറ്റി വിശുദ്ധ ഖുര്‍ആനും നബിചര്യയും പഠിപ്പിച്ച കാര്യങ്ങള്‍ സാമാന്യജനത്തിന് അടുത്തറിയാന്‍ കഴിയണം.

യാത്രക്കാര്‍, വിധവകള്‍, പാവങ്ങള്‍, അശരണര്‍, അനാഥകള്‍, ആലംബഹീനര്‍ എന്നിവരുമായി രചനാത്മകമായ ബന്ധങ്ങളുണ്ടാവണം. നന്മയുടെ ഒരായിരം പൂക്കള്‍ വിരിഞ്ഞുനില്‍ക്കുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കു കഴിയും! അപരനോട് സുസ്‌മേര വദനനായി സംവദിക്കുക, സേവനം മുഖമുദ്രയാക്കുക. സേവനപ്രവര്‍ത്തനങ്ങളെ കുറിച്ച് ഖുര്‍ആനും നബിവചനങ്ങളും ഏറെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവ പ്രയോഗവല്‍ക്കരിക്കണം. ഏതു സദ്കര്‍മമാണ് ഇക്കാലത്ത് പ്രയോഗിക്കാനും ആവിഷ്‌കരിക്കാനും കഴിയുക എന്ന് നോക്കി അവ കണ്ടെടുക്കണം.

മുഴുവന്‍ ജീവിത മേഖലകളിലും ഇസ്‌ലാമിന്റെ പ്രാതിനിധ്യമാണ് നാം നിര്‍വഹിക്കേണ്ടത്. അതിനു കഴിയുന്നുണ്ടോ എന്നതാണ് മര്‍മപ്രധാനമായ ചോദ്യം. സേവന മേഖലകളില്‍ നമ്മുടെ സജീവ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കുക. ഒരു നന്മ കുറെ നന്മകള്‍ക്ക് കാരണമാകും. അതിന്റെ ഉപോദ്ബലങ്ങളും സമൂഹത്തിന് ഉപകാരപ്രദമാകും. ''നന്മക്ക് നന്മയല്ലാതെ പ്രതിഫലമില്ല'' (ഖുര്‍ആന്‍ 55:60). 

മാതൃകക്ക് വേണ്ടി നാം നബി(സ)യുടെ സഖാക്കളിലേക്കും മറ്റു പൂര്‍വസൂരികളിലേക്കും കണ്ണയച്ചുനോക്കുക. പ്രവാചകന്റെ ഒന്നാം ഉത്തരാധികാരി അബൂബക്ര്‍ സിദ്ദീഖ് (റ) ഗ്രാമത്തിലെ ഒരു അനാഥബാലന്റെ വീട്ടിലെത്തുന്നു. അവന്റെ പിതാവ് ഒരു യുദ്ധത്തില്‍ വീരമൃത്യു വരിച്ചതാണ്. അവന്റെ ആടുകളെ കറന്നുകൊടുക്കുന്ന ദൗത്യമാണ് അബൂബക്ര്‍ അവിടെ നിര്‍വഹിക്കുന്നത്. ഖലീഫയായി ചുമതലയേറ്റപ്പോള്‍ അദ്ദേഹം ഈ പണി പ്രഭാതത്തില്‍ കുറച്ച് നേരത്തെയാക്കി.

പ്രവാചക പത്‌നി സൈനബ് (റ) അവരുടെ ജനസേവനതല്‍പരത കാരണം 'ഉമ്മുല്‍ മസാകീന്‍' (പാവങ്ങളുടെ മാതാവ്) എന്ന പേരിലാണ് അറിയപ്പെട്ടത്. സൈനബി(റ)ന് വല്ലതും കിട്ടിയാല്‍ അതുടന്‍ മറ്റുള്ളവര്‍ക്ക് കൈമാറിയിരിക്കും. ഇനി ഒന്നുമില്ലെങ്കില്‍, നൂല്‍ നൂറ്റ് അതില്‍നിന്നുള്ള വരുമാനം ജനങ്ങളെ സേവിക്കാനായി ചെലവഴിക്കും. ഈ മാതൃക പിന്‍പറ്റിയ എത്രയോ ഭരണാധികാരികളും പില്‍ക്കാലത്തുണ്ടായിട്ടുണ്ട്. 

ഹസ്രത്ത് ഉമറുബ്‌നു അബ്ദുല്‍ അസീസ് (ഉമര്‍ രണ്ടാമന്‍) ജീവജാലങ്ങളോട് കരുണ കാണിക്കണമെന്ന് പ്രത്യേകം ഉത്തരവിറക്കിയിരുന്നു. മൃഗങ്ങളുടെ പുറത്ത് അവക്ക് താങ്ങാന്‍ കഴിയുന്നതിലധികം ഭാരം വഹിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം നിരീക്ഷിക്കാന്‍ നിയമപാലകരെ ഏര്‍പ്പെടുത്തുക പോലുമുണ്ടായി. മൃഗങ്ങളെ വളരെ വേഗത്തില്‍ ഓടിക്കുന്നത് നിരോധിച്ചു. അവയുടെ പുറത്ത് ഭാരമുള്ളപ്പോള്‍ പ്രത്യേകിച്ചും. മൃഗങ്ങളെ അനാവശ്യമായി അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. പുറത്ത് ഭാരം വെച്ചുകെട്ടി കാലികളെ പൊതു സ്ഥലത്ത് നിര്‍ത്തരുത്. ഇതെല്ലാം ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെന്ന് ആ ഉത്തരവില്‍ പറഞ്ഞു.

അദ്ദേഹം പാവപ്പെട്ടവര്‍ക്കും വഴിയാത്രക്കാര്‍ക്കും കേറിക്കിടക്കാന്‍ സത്രങ്ങളും കൊച്ചു വീടുകളും നിര്‍മിച്ചു. ജലസേചനത്തിനും യാത്രക്കാര്‍ക്ക് ഉപയോഗിക്കാനും കിണറുകള്‍ കുഴിച്ചു. വഖഫ് സ്വത്ത് ഉപയോഗിച്ച് ജനങ്ങള്‍ക്ക് താമസസ്ഥലങ്ങള്‍ നിര്‍മിച്ചു. അന്ധരും അശരണരുമായവര്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. അവരുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി. തടവുകാര്‍ക്ക് നല്ല വിദ്യാഭ്യാസവും ഭക്ഷണവും നല്ല ശിക്ഷണവും നല്‍കാന്‍ ഉത്തരവിട്ടു.

ഇപ്രകാരം ജനോപകാരപ്രദമായ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ ശ്രദ്ധപതിപ്പിക്കുമ്പോള്‍ മാത്രമേ ഇസ്‌ലാമിക പ്രബോധന മേഖലയില്‍ ഗുണപരമായ മുദ്രകള്‍ പതിപ്പിക്കാനാവൂ. നന്മ പ്രചരിപ്പിക്കുക എന്നാല്‍ തിന്മ വിപാടനം ചെയ്യുക എന്നാണര്‍ഥം. നമ്മുടെ സാമൂഹിക ബന്ധങ്ങള്‍ക്ക് ദുരിതമകറ്റുക എന്ന ലക്ഷ്യം കൂടി ഉണ്ടാവണം. പാവങ്ങളും അശരണരും പതിതരും ഉണ്ടാവുന്നത് അവര്‍ക്ക് തുണയായി നില്‍ക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്. നിങ്ങള്‍ അവരോടൊപ്പം എഴുന്നേറ്റു നില്‍ക്കുമെങ്കില്‍ അതാണ് നിങ്ങളുടെ ദീനീമാര്‍ഗത്തിലെ വലിയ ദഅ്‌വത്ത്, ഒരു പക്ഷേ വലിയ ജിഹാദും. അബൂബക്ര്‍ സിദ്ദീഖ് (റ) അധികാരമേറ്റപ്പോള്‍ പറഞ്ഞ വാക്കുകള്‍ തങ്കലിപികളാല്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്: ''നിങ്ങളിലെ ദുര്‍ബലന്‍ എന്റെ അടുക്കല്‍ ശക്തനാണ്, അവന്ന് അവന്റെ അവകാശം ഞാന്‍ നേടിക്കൊടുക്കും വരെ. നിങ്ങളിലെ ശക്തന്‍ എന്റെ അടുക്കല്‍ ബലഹീനനാണ്, അവന്‍ കവര്‍ന്ന ജനങ്ങളുടെ അവകാശം ഞാന്‍ തിരിച്ച് പിടിക്കുംവരെ.''

ബഹുദൈവത്വം, മാതാപിതാക്കളെ വഴിയാധാരമാക്കല്‍, മനുഷ്യാവകാശ ലംഘനം, ദാരിദ്ര്യം, തൊഴിലില്ലായ്മ, നിര്‍ലജ്ജത, നഗ്നത, കൈക്കൂലി, സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റം, ജാതീയത, ദലിത്-ന്യൂനപക്ഷാവകാശ ലംഘനം, വംശവെറി, വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വഴിവിട്ട പോക്ക് ഇതിനെല്ലാമെതിരെയുള്ള പോരാട്ടങ്ങളില്‍ വിശ്വാസി സമൂഹം മുന്നില്‍ നില്‍ക്കണം.

നന്മ പ്രചരിപ്പിക്കുക, തിന്മ തടയുക-ശ്രമകരമായ ഈ ദൗത്യത്തില്‍ ഓരോ മുസ്‌ലിമും ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അവരുടേതായ പങ്കുവഹിക്കണം. പരലോകത്ത് രക്ഷപ്പെടാനും ഇതേ മാര്‍ഗമുള്ളൂ. മറ്റു കാര്യങ്ങള്‍ക്കൊക്കെ പ്ലാനും പദ്ധതിയും തയ്യാറാക്കുന്നത് പോലെ ഇക്കാര്യത്തിനും ഒരു കാര്യപരിപാടി തയാറാക്കി പ്രവര്‍ത്തിക്കണം. നബി (സ) പറഞ്ഞു: ''അല്ലാഹുവാണ, നിങ്ങള്‍ നന്മ പ്രചരിപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തുകൊണ്ടിരിക്കണം. അതല്ലെങ്കില്‍ വൈകാതെ തന്നെ ദൈവം തമ്പുരാന്‍ അവന്റെ ശിക്ഷ നിങ്ങളുടെ മേല്‍ അയക്കും. പിന്നീടുള്ള നിങ്ങളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ല തന്നെ.'' (ഹുദൈഫ-തിര്‍മിദി). 


(റഫീഖെ മന്‍സില്‍ മാസികയോട് കടപ്പാട്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി