Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

ഉര്‍ദുഗാനും ഗുലനും തമ്മില്‍ <br>ഉര്‍ദുഗാന്റെ ജീവിതകഥ - 15

അശ്‌റഫ് കീഴുപറമ്പ്

'ഈ അട്ടിമറി ശ്രമം ദൈവത്തില്‍നിന്നുള്ള ഒരു പാരിതോഷികമാണ്.'' 2016 ജൂലൈ 17-ന് നടത്തിയ 'വിജയപ്രഭാഷണ'ത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. അട്ടിമറിശ്രമം നടന്നത് ജൂലൈ പതിനഞ്ചിനായിരുന്നു. രണ്ടു ദിവസത്തിനകം രാജ്യത്തിന്റെ പൂര്‍ണനിയന്ത്രണം, വന്‍ഭൂരിപക്ഷത്തോടെ ജനങ്ങള്‍ തെരഞ്ഞെടുത്ത അക് ഭരണകൂടം തിരിച്ചുപിടിച്ചു. സൈന്യത്തിലും പോലീസിലും നിയമസംവിധാനത്തിലുമൊക്കെ പിടിമുറുക്കിയ 'ഡീപ് സ്റ്റേറ്റ്' ശക്തികളെ പിഴുതുമാറ്റാനുള്ള സുവര്‍ണാവസരം ശത്രുക്കള്‍ തന്നെ ഒരുക്കിത്തന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അപ്പോഴേക്കും മൂവ്വായിരം സൈനികര്‍ അറസ്റ്റിലായിക്കഴിഞ്ഞിരുന്നു. അതില്‍ പത്തിലധികം പേര്‍ കേണല്‍ പദവിയിലുള്ളവര്‍. സൈന്യത്തിന്റെ മൂന്നിലൊന്നും അട്ടിമറിക്കാര്‍ക്കൊപ്പമായിരുന്നു എന്നാണ് കണക്കുകൂട്ടല്‍. അവരെ ഒറ്റയടിക്ക് പിരിച്ചുവിടുക പ്രായോഗികമല്ല. പകരം സംവിധാനങ്ങള്‍ ഒരുക്കണം. ഇക്കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് ഉര്‍ദുഗാന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഉര്‍ദുഗാന്റെ പതനം സ്വപ്‌നം കണ്ട് അതിനുവേണ്ടി അണിയറയില്‍ വന്‍ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരുന്ന പാശ്ചാത്യ-സയണിസ്റ്റ് ശക്തികള്‍ സ്വാഭാവികമായും ഹതാശരായി. ഉര്‍ദുഗാന്‍ ഏകാധിപതി ചമയുന്നുവെന്നും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നുവെന്നുമായി മുറവിളി. ജനാധിപത്യസംരക്ഷണത്തിനുള്ള ആഹ്വാനവും പിറകെ വന്നു. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലൊന്നും ജനാധിപത്യവിരുദ്ധതയില്ല! അത്തരം ജനവഞ്ചകരെ വിചാരണ ചെയ്യുന്നതും ഔദ്യോഗികസ്ഥാനങ്ങളില്‍നിന്ന് പുറത്താക്കുന്നതുമാണ് മഹാപാപം! സ്റ്റാലിനിസത്തിന് ഇപ്പോഴും ഹല്ലേലുയ്യ പാടുന്ന ഐജാസ് അഹ്മദിനെപ്പോലുള്ള മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍, ട്രംപിനെയും പുടിനെയും ഉര്‍ദുഗാനെയും ഒരേ തൂവല്‍പക്ഷികളായികാണുന്നതിന്‍ അത്ഭുതമില്ല. അവരുടെ ഇപ്പോഴത്തെ ഹീറോ പശ്ചിമേഷ്യയിലെ കശാപ്പുകാരനായ ബശ്ശാറുല്‍ അസദ് ആണല്ലോ. 

'ശുദ്ധീകരണം' സൈന്യത്തില്‍ ഒതുങ്ങിനിന്നില്ല. നിയമ മന്ത്രാലയത്തിന് കീഴിലുള്ള മൂവ്വായിരം പേരെ പിടികൂടുകയും ജോലിയില്‍നിന്ന് പിരിച്ചയക്കുകയും ചെയ്തു. പോലീസില്‍നിന്ന് എണ്ണായിരം പേരെയും അട്ടിമറിശ്രമം നടന്ന ഉടനെ തന്നെ പിരിച്ചുവിട്ടു. പിരിച്ചുവിടലും വിചാരണയും അറസ്റ്റുമെല്ലാം ഇപ്പോഴും തുടരുകയാണ്. 

അക് ഭരണകൂടത്തെ അട്ടിമറിക്കാനുളള ഗൂഢതന്ത്രങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആ ചരിത്രം കൂടി ചേര്‍ത്തുവെക്കുമ്പോഴേ ചിത്രം പൂര്‍ണമാകൂ. എര്‍ഗനികോന്‍ (ErgeneKon) എന്ന നിഗൂഢ സംഘത്തെക്കുറിച്ച് നേരത്തെ പരാമര്‍ശിച്ചിട്ടുണ്ട്. സൈന്യത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരാണ് ഈ സംഘത്തില്‍. ചില ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. 2007-ല്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടില്‍നിന്ന് കണ്ടെടുക്കപ്പെട്ട കൈബോംബുകളെക്കുറിച്ച അന്വേഷണമാണ് എര്‍ഗനികോന്‍ എന്ന നിഗൂഢ സംഘത്തിലെത്തിയത്. പ്രമുഖ പാര്‍ട്ടികളുടെ ഓഫീസുകളില്‍ ബോംബ് വെക്കുക, മതപുരോഹിതന്മാരെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയും കൊല്ലുക, എന്നിട്ട് അതിന്റെയൊക്കെ പാപഭാരം തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ മേല്‍ ചാര്‍ത്തുക. ഇതാണ് ഓപറേഷനുകളുടെ പൊതുസ്വഭാവം. ദിയാര്‍ ബക്ര്‍, മര്‍സീന്‍ തുടങ്ങിയ വിവിധ വംശീയ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ സുന്നികള്‍ക്കും അലവികള്‍ക്കുമിടയില്‍, തുര്‍ക്കിവംശജര്‍ക്കും കുര്‍ദുകള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി പല വിധ്വംസക പ്രവൃത്തികളിലും ഏര്‍പ്പെട്ട ഈ സംഘം, ഉര്‍ദുഗാനെതിരെ പലതവണ വധശ്രമങ്ങള്‍ നടത്തിയതായും വിചാരണയില്‍ വ്യക്തമായി. സൈന്യത്തിലെ ചില പ്രമുഖരാണ് പിന്നില്‍ കളിക്കുന്നതെന്നും തെളിയിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ്, സൈന്യത്തിന് മൂക്കുകയറിടുന്ന നിരവധി നിയമഭേദഗതികള്‍ ഉര്‍ദുഗാന്‍ പാര്‍ലമെന്റിലൂടെ പാസാക്കിയെടുത്തത്. 

രാഷ്ട്രസംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്ന ഇത്തരം നിഗൂഢശക്തികള്‍ തുര്‍ക്കിയിലെ മാത്രം പ്രതിഭാസമല്ലെന്ന്, അട്ടിമറിശ്രമം പരാജയപ്പെട്ടയുടനെ എഴുതിയ ഒരു ലേഖനത്തില്‍ മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് ഡോ. മുന്‍സ്വിഫ് മര്‍സൂഖി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രസിഡന്റായിരിക്കെ തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹം എഴുതുന്നത്. വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസംഘം (അദ്ദേഹമതിനെ വിശേഷിപ്പിക്കുന്നത്. 'ഗുര്‍ഫതുല്‍ അമലിയ്യാത്തിദ്ദൗലിയ്യ' എന്നാണ്) ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാമിസ്റ്റുകളുടെ അധികാരാരോഹണം തടയുകയാണ് അതിന്റെ പിന്നിലെ ലക്ഷ്യമെന്ന കാര്യത്തില്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ അദ്ദേഹത്തിന് സംശയമൊന്നുമില്ല. ഇസ്‌ലാമിസ്റ്റ് കക്ഷിയായ അന്നഹ്ദ അധികാരം കൈയാളുമ്പോള്‍ ഇത്തരം ഒട്ടനവധി അട്ടിമറിശ്രമങ്ങള്‍ക്ക് (പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ വധമടക്കം) അദ്ദേഹം ദൃക്‌സാക്ഷിയാണ്. ഒരു സമ്പൂര്‍ണ അട്ടിമറിയില്‍ നിന്ന് തുനീഷ്യ തലനാരിഴക്ക് രക്ഷപ്പെട്ടുവെങ്കിലും 2013-ല്‍ ഈജിപ്തിലെ മുര്‍സി ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ ഡീപ് സ്റ്റേറ്റ് ശക്തികള്‍ വിജയം കണ്ടു. ലോകമുഖ്യധാര മാധ്യമങ്ങളുടെ പൂര്‍ണപിന്തുണ ഇതിനുണ്ടായിരുന്നു. മുര്‍സിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 2013 ജൂണ്‍ മുപ്പതിന് നാല്‍പത് മില്യന്‍ ആളുകള്‍ തെരുവിലിറങ്ങി എന്ന പച്ചക്കള്ളമാണ് അത്തരം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഈയൊരു 'ജനകീയാവശ്യം' മാനിച്ചാണ് താന്‍ അധികാരമേല്‍ക്കുന്നത് എന്ന് പട്ടാളമേധാവി അബ്ദുല്‍ ഫത്താഹ് സീസി പ്രസ്താവിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മൊത്തം ആളുകള്‍ നാല്‍പതിനായിരം പോലും ഉണ്ടായിരുന്നില്ല. ഈ അന്താരാഷ്ട്ര ഗൂഢസംഘത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാന്‍ ഒരു ഉദാഹരണം പറഞ്ഞുവെന്ന് മാത്രം. 

ഈജിപ്തിലെ അട്ടിമറിക്ക് ശേഷം അതിന്റെ വിജയാവേശത്തില്‍ ഗൂഢാലോചക സംഘം അതിന്റെ മുഴുശ്രദ്ധയും തുര്‍ക്കിയില്‍ കേന്ദ്രീകരിച്ചു. തഖ്‌സീം സ്‌ക്വയറില്‍ 'പ്രകൃതിസ്‌നേഹികളെ' ഇറക്കിയാണ് കളി പുനരാരംഭിച്ചത്. പിന്നിലെ കളിക്കാര്‍ ആരെന്ന് മനസ്സിലായതോടെ ഉര്‍ദുഗാനും കളി കടുപ്പിച്ചു. 'പ്രക്ഷോഭകരെ' ശക്തിയായി നേരിട്ടു. രാപ്പകലില്ലാതെ ലോകമീഡിയ 'പ്രക്ഷോഭം' ലൈവായി പ്രക്ഷേപണം ചെയ്തുനോക്കിയെങ്കിലും അത് കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചു. 2015 ജൂണിലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി അക്പാര്‍ട്ടിതന്നെയായിരുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അക് പാര്‍ട്ടിയുമായി സഹകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ നവംബറില്‍ വീണ്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. വന്‍ ഭൂരിപക്ഷത്തോടെ അക് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. 2011-ല്‍ നേടിയ റിക്കാര്‍ഡ് ഭൂരിപക്ഷത്തെ ഒാര്‍മിപ്പിക്കുന്ന വിജയം. 49.5% വോട്ടും 317 സീറ്റുകളും. 

അക്പാര്‍ട്ടി ഭരണത്തെ പുറത്താക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടെയാണ് സൈനിക അട്ടിമറി എന്ന പഴയ കാര്‍ഡ് ഗൂഢശക്തികള്‍ പുറത്തെടുത്തത്. മുമ്പ് നാലു തവണ സൈനിക അട്ടിമറിയുണ്ടായപ്പോഴും ജനം ഭയചകിതരായോ നിസ്സംഗരായോ നോക്കിനില്‍ക്കുകയായിരുന്നു. ജനങ്ങളുടെ ചിന്താഗതിയില്‍ വലിയ മാറ്റം വന്ന കാര്യമൊന്നും ഗൂഢാലോചനക്കാരുടെ കണക്കുകൂട്ടലില്‍ ഉണ്ടായിരുന്നില്ല. സൈന്യത്തിലെ ഒരു വിഭാഗം ടാങ്കുകളുമായി തെരുവിലിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയുടെ സഹായത്തോടെ പ്രസിഡന്റ് ഉര്‍ദുഗാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. ഗൂഢാലോചകരെ തെരുവില്‍ നേരിടാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. രാത്രി ഉറക്കവസ്ത്രം പോലും മാറ്റാതെ ജനം തെരുവിലേക്കിറങ്ങി. മണിക്കൂറുകള്‍ക്കകം വിമത സൈനികരെ പിടിച്ചുകെട്ടി. 

അട്ടിമറിശ്രമം വിഫലമായതോടെ ആരാണിതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു ചോദ്യം പല കോണുകളില്‍നിന്നുമുയര്‍ന്നു. അട്ടിമറി ശ്രമം പരാജയപ്പെട്ടതിനു ശേഷമുള്ള തന്റെ ആദ്യപ്രസംഗത്തില്‍ തന്നെ ഉര്‍ദുഗാന്‍ വിരല്‍ചൂണ്ടിയത് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ പ്രവാസജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലന്‍ എന്ന സ്വൂഫി നേതാവിന് നേരെയാണ്. 

 

ഗുലനും ഖിദ്മത്ത് പ്രസ്ഥാനവും 

പ്രമുഖ സ്വൂഫിവര്യനായ ബദീഉസ്സമാന്‍ സഈദ് നൂര്‍സി(1877-1960)യുടെ പരാമ്പര്യമവകാശപ്പെടുന്ന അമ്പതില്‍പരം സംഘടനകളില്‍ ഒന്നുമാത്രമാണ്, എഴുപത്തിയഞ്ചുകാരനായ ഫത്ഹുല്ല ഗുലന്‍ 1970-ല്‍ തുര്‍ക്കിയിലെ ഇസ്മീര്‍ നഗരത്തില്‍ തുടക്കം കുറിച്ച ഖിദ്മത്ത് (തുര്‍ക്കി ഭാഷയില്‍ Hizmet). നൂര്‍സി ചിന്തകള്‍ക്ക് പൊതുവെ തന്നെ ഒരു അരാഷ്ട്രീയതയുണ്ട്. അത് ഖിദ്മത്തും അവകാശപ്പെടുന്നുണ്ടെങ്കിലും, മറക്ക് പിറകിലെ രാഷ്ട്രീയക്കളികളില്‍ ഖിദ്മത്തോ അതിന്റെ സ്ഥാപകനോ ഒട്ടും മോശമല്ലെന്ന് പിന്നീടുണ്ടായ ഒട്ടേറെ സംഭവങ്ങള്‍ തെളിയിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായ ഗുലന്റെ ചിന്തകളെ ആസ്പദമാക്കിയാണ് ഖിദ്മത്തിന്റെ പ്രവര്‍ത്തനം. സ്വതന്ത്രമായ ഒരു ഐഡിയോളജി തങ്ങള്‍ക്കുണ്ട് എന്ന് സംഘടന സ്വയം അവകാശപ്പെടുന്നുമില്ല. പാശ്ചാത്യ ചിന്തകള്‍ക്ക് കൂടി ഇടം അനുവദിക്കുന്ന ഒരു സ്വൂഫി സാമൂഹിക ചിന്താധാര എന്ന് പറയാം. 

വിദ്യാഭ്യാസ മേഖലയിലാണ് ഖിദ്മത്ത് കാര്യമായി ശ്രദ്ധിച്ചത്. 140 രാജ്യങ്ങളിലായി 1500 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പതിനഞ്ച് യൂനിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ, അവര്‍ക്കുണ്ട്. മാധ്യമരംഗത്തും വന്‍ കുതിപ്പുകള്‍ നടത്തി. ജൈഹാന്‍ ന്യൂസ് ഏജന്‍സിയും ആറ് ടി.വി ചാനലുകളുള്ള സമാന്‍യോലു ഗ്രൂപ്പും അവരുടേതാണ്. മൂന്ന് റേഡിയോ സ്‌റ്റേഷനുകളുമുണ്ട്; തുര്‍ക്കി, ഇംഗ്ലീഷ്, ജര്‍മന്‍, അസരി തുടങ്ങിയ ഭാഷകളില്‍. ഇംഗ്ലീഷിലും തുര്‍ക്കി ഭാഷയിലും ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സമാന്‍ ഗ്രൂപ്പാണ് മറ്റൊരു സംരംഭം. ബാങ്ക് ഏഷ്യ(Bank Aysa)യാണ് ഖിദ്മത്തിന്റെ പ്രധാന ധനകാര്യസംരംഭം. ഉര്‍ദുഗാന്‍-ഗുലന്‍ പോര് രൂക്ഷമായതിനെതുടര്‍ന്ന് തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പലതും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 

യഥാര്‍ഥത്തില്‍ ഉര്‍ദുഗാനും ഗുലനും രണ്ട് ചിന്താധാരകളുടെ വക്താക്കളാണ്. നജ്മുദ്ദീന്‍ അര്‍ബകാന്‍ 1969-ല്‍ രൂപം നല്‍കിയ മില്ലി ഗൊരുസ് (നാഷനല്‍ ഔട്ട് ലുക്ക്) പാര്‍ട്ടിയുടെ പിന്തുടര്‍ച്ചയിലാണ് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാലും അക് പാര്‍ട്ടിയുടെ നില്‍പ്പ്. ഇസ്‌ലാമിന്റെ രാഷ്ട്രീയ സമീപനം അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാതിരിക്കാനാവില്ല. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഇല്ലാത്തതിനാല്‍ ഗുലന്റെ സമീപനങ്ങള്‍ മാറിമാറിഞ്ഞുകൊണ്ടിരിക്കും. തീവ്രസെക്യൂലരിസത്തിന് എതിരാണ് ഇരുവരും എന്നതാണ് അവരെ യോജിപ്പിക്കുന്ന ഏക കണ്ണി. മിലിറ്ററിയും തീവ്രസെക്യുലരിസ്റ്റുകളും കുരുക്കുകള്‍ മുറുക്കിക്കൊണ്ടിരുന്ന ഒന്നാം അക് പാര്‍ട്ടി ഭരണകാലത്ത് ഗുലന്റെ സഹായം ഉര്‍ദുഗാന് വളരെ നിര്‍ണായകമായിരുന്നു. അതിന് പ്രത്യുപകരമായാണ് പോലീസിലും നിയമ-വിദ്യാഭ്യാസ വകുപ്പുകളിലുമൊക്കെ ഗുലന്റെ ആളുകള്‍ക്ക് വേണ്ടതിലധികം പ്രാതിനിധ്യം അക് ഗവണ്‍മെന്റ് കൊടുത്തത്. ഈ സ്വാധീനം ഒരു സമാന്തര ഭരണത്തിന്റെ രൂപം പ്രാപിച്ചപ്പോള്‍ ഇരുവരും ഇടഞ്ഞു. ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയായിരിക്കെ 2013-ല്‍ നിയമവകുപ്പിലും പോലീസിലും തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് നിരവധി മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് ഗുലന്‍ വിഭാഗക്കാരായിരുന്നുവത്രെ. നിരവധി ബിസിനസ് പ്രമുഖര്‍ക്കെതിരെയും ഒരു പ്രധാന ഗവണ്‍മെന്റ് ബാങ്കിന്റെ മാനേജര്‍ക്കെതിരെയും അന്വേഷണമുണ്ടായി. ഈ നീക്കങ്ങള്‍ ഉര്‍ദുഗാനെ ശരിക്കും പ്രകോപിപ്പിച്ചു. ഉര്‍ദുഗാന്‍-ഗുലന്‍ പോര് മറനീക്കി പുറത്തുവരുന്നത് ഇതോടെയാണ്. ഗുലന്റെ സ്ഥാപനങ്ങള്‍ തുര്‍ക്കിയില്‍ നിരന്തരം സൂക്ഷ്മ പരിശോധനക്ക് വിധേയമായി; പലതും ഗവണ്‍മെന്റ് അടച്ചുപൂട്ടി. 

സംശയാസ്പദമായിരുന്നു ഗുലന്റെ പല നീക്കങ്ങളുമെന്ന് അറബ് രാഷ്ട്രീയ നിരീക്ഷകനായ ഹുസൈന്‍ റവാശിദഃ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ ആശയങ്ങളുമായി താദാത്മ്യപ്പെടുത്തുന്നതില്‍ സംഘടന പരിധി ലംഘിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഹിജാബ് ഇസ്‌ലാമികമായി നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ഒന്നല്ല എന്ന നിലപാട് ഉദാഹരണം. ഹലാല്‍-ഹറാം പരിധികളിലും ഈ അലസ സമീപനം കാണുന്നുണ്ട്. അര്‍ബകാനും ഉര്‍ദുഗാനും അറബ് ലോകവുമായി അടുക്കുന്നതിലും ഗുലന് നീരസമുണ്ടായിരുന്നു. ഇസ്രയേലിനെ 'അനാവശ്യമായി പ്രകോപിപ്പിക്കു'ന്നതിലും ഗുലന്‍ അതൃപ്തി രേഖപ്പെടുത്തി. ഇസ്രയേലിലെ യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ചുകൊണ്ട് ഗുലന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പല സംരംഭങ്ങളും ആസൂത്രണം ചെയ്യുന്നതിനാല്‍ എതിര്‍പ്പ് സ്വഭാവികമായിരുന്നു. ഉപരോധിക്കപ്പെട്ട ഗസ്സക്കാര്‍ക്ക് കപ്പല്‍ വ്യൂഹത്തെ അയച്ച് സഹായമെത്തിച്ചതിനെയും കപ്പല്‍ വ്യൂഹം ആക്രമിക്കപ്പെട്ടപ്പോള്‍ തെല്‍അവീവില്‍ നിന്ന് തുര്‍ക്കി അംബാസഡറെ തിരിച്ചുവിളിച്ചതിനെയും ഗുലന്‍ വിമര്‍ശിച്ചു. അതുകൊണ്ടുതന്നെ 1999 മുതല്‍ അമേരിക്കയിലെ പെന്‍സില്‍ വാനിയ സംസ്ഥാനത്തെ ആഡംബര വസതിയില്‍ പ്രവാസിയായിക്കഴിയുന്ന ഗുലന്റെ രഹസ്യബന്ധങ്ങളെക്കുറിച്ച് പല സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

'രാഷ്ട്രീയ ഇസ്‌ലാം' ആണല്ലോ തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പാശ്ചാത്യരും അള്‍ട്രാസെക്യുലരിസ്റ്റുകളുമൊക്കെ കാണുന്നത്. ഇതിനെ ആശയപരമായി ചെറുക്കാന്‍ ഒരു 'ആത്മീയ ഇസ്‌ലാമി'നെ ഉയര്‍ത്തിക്കൊണ്ടുവരണം. അതിനു പറ്റിയ ആളായി അവര്‍ കാണുന്നത് ഗുലനെയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും അവര്‍ പയറ്റുന്ന ഒരടവാണിത്. 'മില്യന്‍ കണക്കിന് അനുയായികളുള്ള ആത്മീയ ഗുരു' എന്ന വിശേഷണം ഗുലനെ കുറിച്ചുള്ള ജീവിചരിത്രകുറിപ്പുകളില്‍ ഇപ്പോഴും കാണാം. 2007-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അക് പാര്‍ട്ടിയുടെ വിജയം ഖിദ്മത്ത് ഫൗണ്ടേഷന്റെ വിജയം കൂടിയായാണ് ആഘോഷിക്കപ്പെട്ടത്. ഇരുവരും പിന്നീട് വഴിപിരിഞ്ഞപ്പോള്‍ 2011-ലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, അക്പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിക്കുകയാണുണ്ടായത്. നേരത്തെ കരുതപ്പെട്ടിരുന്നത് പോലെ മൂന്ന് ശതമാനം വോട്ട് പോലും ഗുലന്റെ അനുയായികള്‍ക്കില്ല എന്ന പ്രതീതിയാണ് പിന്നീട് സൃഷ്ടിക്കപ്പെട്ടത്. ഇത് മനസ്സിലാക്കി, മിലിറ്ററിയിലും പോലീസിലും നിയമവകുപ്പിലും തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ഗവണ്‍മെന്റിന്റെ പേര് മോശമാക്കുകയും പ്രതിസന്ധിയില്‍ കൂടുക്കുകയും ചെയ്യുക എന്ന നിലപാടിലേക്ക് ഗുലന്‍ അനുയായികള്‍ മാറിയതായി ഉര്‍ദുഗാന്‍ പക്ഷം സംശയിക്കുന്നു. അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് റഷ്യന്‍ വിമാനം വെടിവെച്ചിട്ടതും തുര്‍ക്കി പോലീസിലെ ഒരു ചെറുപ്പക്കാരന്‍ അങ്കാറയില്‍ വെച്ച് റഷ്യന്‍ അംബാസഡറെ വെടിവെച്ച് കൊലപ്പെടുത്തിയതും ഈ 'സമാന്തര ഭരണകൂട' ത്തിന്റെ വിക്രിയകളാണെന്ന് സംശയിക്കുന്നവര്‍ നിരവധിയാണ്. ഇതെത്തുടര്‍ന്ന് മിലിറ്ററിയിലെയും പോലീസിലെയും അത്തരക്കാരെ ഉയര്‍ന്ന തസ്തികകളില്‍ നിന്ന് നീക്കാനിരിക്കെയാണ് സൈനിക അട്ടിമറി ശ്രമം ഉണ്ടായതെന്നും ഇതിനൊപ്പം കൂട്ടിവായിക്കണം. 

തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ 'ദൈവം കനിഞ്ഞു തന്ന അവസരം' ഉര്‍ദുഗാന്‍ ഉപയോഗപ്പെടുത്തുക തന്നെയാണ്. അട്ടിമറിക്ക് പിന്നില്‍ ഗുലന്‍ തന്നെയാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന അക്പാര്‍ട്ടി ഗുലന്‍ വിരുദ്ധ വികാരം തുര്‍ക്കിയിലെമ്പാടും സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ പ്രയാസമില്ല. ഗുലനെ വിട്ടുകിട്ടണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അമേരിക്ക ഇതുവരെ അത് ചെവിക്കൊണ്ടിട്ടില്ല. ഒരുപക്ഷേ ഗുലനെ വിട്ടുകിട്ടുക എന്നതായിരിക്കില്ല ഉര്‍ദുഗാന്റെ പ്രധാന ഉന്നം; ഗുലന്‍ വിരുദ്ധ വികാരം പരമാവധിയാക്കുക എന്നതായിരിക്കാം. അതിലദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ഗുലന്‍ പ്രസ്ഥാനം മാത്രമാണ് അട്ടിമറിക്ക് പിന്നിലെന്ന് ഉര്‍ദുഗാന്‍ പോലും കരുതുന്നുണ്ടാവില്ല. നേരത്തെ മര്‍സൂഖി സൂചിപ്പിച്ചതുപോലെ, അതിശക്തമായ ഒരു നിഗൂഢ ലോബി അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പലതരം നിക്ഷിപ്ത താല്‍പര്യക്കാര്‍ അതില്‍ പങ്കാളികളായിട്ടുണ്ട്. പിടിയിലായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ അതൊക്കെ ഏറെക്കുറെ വ്യക്തമായിട്ടുമുണ്ടാവും. അതൊന്നും പുറത്തുപറയാതെ ഗുലനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി സംസാരിക്കുക എന്നത് ഉര്‍ദുഗാന്റെ മറ്റൊരു രാഷ്ട്രീയ തന്ത്രം.

(തുടരും) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി