Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

വരള്‍ച്ച അശാസ്ത്രീയ കാഴ്ചപ്പാടിന്റെ ആഘാതം <br> (പരിസ്ഥിതി)

മജീദ് കുട്ടമ്പൂര്‍

കേരളത്തിലെ 14 ജില്ലകളിലും മഴ കുറയുകയും കടുത്ത വരള്‍ച്ചയുടെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തതിനാല്‍ സംസ്ഥാനത്തിന്റെ 60-ാം പിറന്നാള്‍ ദിനത്തില്‍തന്നെ കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യപിച്ചുകഴിഞ്ഞു. ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിര്‍വചനമനുസരിച്ച് ശരാശരി മഴയില്‍ 26 ശതമാനം കുറവ് വന്നാല്‍ ആ പ്രദേശത്തെ വരള്‍ച്ചാബാധിത പ്രദേശമായി കണക്കാക്കും. 10 വര്‍ഷത്തെ കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ മഴയാണ് ഇത്തവണ ലഭിച്ചത്. വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (ഇടവപ്പാതി) ശരാശരിയിലും 34 ശതമാനം കുറവുണ്ടായപ്പോള്‍ വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ (തുലാവര്‍ഷം) 69 ശതമാനമാണ് കുറവ്. സമൃദ്ധമായി മഴ ലഭിക്കുന്ന വയനാട് ജില്ലയില്‍ 59 ശതമാനമാണ് ഇത്തവണ മഴക്കുറവ് രേഖപ്പെടുത്തിയത്. 

കേരളത്തില്‍ 70 ശതമാനം മഴയും കാലവര്‍ഷത്തിന്റെയും 16 ശതമാനം തുലാവര്‍ഷത്തിന്റെയും 14 ശതമാനം വേനല്‍മഴയുടെയും സംഭാവനയുമാണ്. ഇതില്‍ അല്‍പം ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാമെങ്കിലും കാലവര്‍ഷത്തില്‍ കുറവുവന്നാല്‍ അത് തുലാവര്‍ഷവും വേനല്‍മഴയും നികത്താറാണ് പതിവ്. ഈ വര്‍ഷം ഈ പതിവുകളെല്ലാം തെറ്റിച്ച് കാലവര്‍ഷം ഏറെ കുറഞ്ഞു എന്നതോടൊപ്പം വേനല്‍ക്കാലത്തിന് മുതല്‍ക്കൂട്ടാവുന്ന ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പെയ്യുന്ന തുലാവര്‍ഷം ഇതുവരെ ഒന്ന് പാളിനോക്കി സ്ഥലം വിട്ടപ്പോള്‍ കുളിരുകാലത്തിന് മുമ്പേ നാം വരള്‍ച്ചയുടെ പിടിയിലായി. തുലാമഴയുടെ 60 ശതമാനവും ഒക്‌ടോബര്‍ മാസത്തിലായിരുന്നു ലഭിക്കാറ്. 

പല മുന്നറിയിപ്പുകള്‍ക്കും നാം ചെവികൊടുക്കാറില്ല. ജലദൗര്‍ലഭ്യവും വരള്‍ച്ചയുമൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇനിയത് അനുഭവപാഠങ്ങളായിരിക്കും. കാലാവസ്ഥാ മാറ്റവും ആഗോള താപനക്കെടുതികളും എവിടെയോ നടക്കുന്ന കാര്യങ്ങളല്ല, അവയുടെ ഭവിഷ്യത്തുകള്‍ നാമിനി മുഖാമുഖം കാണുകയാണ്. വേനലാവുന്നതോ പോകട്ടെ, സമൃദ്ധമായ മഴ ലഭിക്കേണ്ട സമയത്തുതന്നെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടിരിക്കുന്നു. 

കാലാവസ്ഥാമാറ്റത്തിനും വരള്‍ച്ചക്കും മഴയില്ലായ്മക്കും ജലദൗര്‍ലഭ്യത്തിനുമൊക്കെ ഒരു ആഗോള സ്വഭാവമുണ്ടെന്നതും അതൊന്നും കേരളത്തില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ലെന്നതും ശരിതന്നെ. എന്നാല്‍, 44 നദികളും 33 കായലുകളും ലക്ഷക്കണക്കിന് കുളങ്ങളും അതിലുപരി മുന്‍വര്‍ഷങ്ങളിലെല്ലാം ഇടവപ്പാതിയും തുലാവര്‍ഷവും വേനല്‍മഴയും കാലാവസ്ഥാ സന്തുലിതത്വത്തിന് പശ്ചിമഘട്ട വനങ്ങളും കാര്‍മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കാന്‍ മലനിരകളും ലക്ഷക്കണക്കിന് ഹെക്ടര്‍ പാടശേഖരങ്ങളും ചതുപ്പുകളുമെല്ലാം ഉണ്ടായിരുന്നിട്ടും ഇപ്പോള്‍ കാലവര്‍ഷത്തിനും തുലാമഴക്കും ഇടയില്‍തന്നെ രാജസ്ഥാനിലെ മരുഭൂമി കണക്കെ കേരളമെന്ന ഈ തുണ്ടുഭൂമി വരള്‍ച്ചാ സംസ്ഥാനമായതെങ്ങനെയെന്ന് കേരളത്തിന് 60 വയസ്സ് തികയുന്ന സന്ദര്‍ഭത്തിലെങ്കിലും ചിന്തിക്കാന്‍ നാം ബാധ്യസ്ഥരാണ്. കേരളത്തിന്റെ ഭൂപ്രകൃതി ഇവയെല്ലാം പ്രതിരോധിക്കാന്‍ ത്രാണിയുള്ളതായിരുന്നില്ലേ? കേരളത്തിന്റെ പത്തിലൊന്നു മാത്രം ശരാശരി വാര്‍ഷിക മഴ ലഭിച്ചിരുന്ന തമിഴ്‌നാട്ടില്‍ പോലും ഇല്ലാത്തത്ര വരള്‍ച്ചക്കെടുതികള്‍ കുറച്ചു വര്‍ഷങ്ങളായി നാം അനുഭവിക്കുന്നതെന്തുകൊണ്ടാണ്? 

 

തെറ്റായ വികസന സങ്കല്‍പം

അകാല വരള്‍ച്ചയുടെ കാരണങ്ങള്‍ നിരത്തുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് നാം തന്നെ. പരിസ്ഥിതി ദിനത്തിലും വനദിനത്തിലും മാത്രം കാട്ടിക്കൂട്ടുന്ന പരിസ്ഥിതി സംരക്ഷണ ജാടക്കും നമ്മുടെ നിസ്സംഗതക്കുമപ്പുറം പരിസ്ഥിതിയോട് കാണിച്ച ക്രൂരതകളാണ് ഈ ദുരവസ്ഥയുടെ കാരണങ്ങളെന്ന് പ്രകൃതി ശാസ്ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നു. നമ്മുടെ നാടിന്റെ മണ്ണ്, ജലലഭ്യത, കാലാവസ്ഥ, ജൈവഘടന, ഭൂപ്രകൃതി, സാമൂഹിക പശ്ചാത്തലം, പരിസ്ഥിതി സന്തുലനം എന്നിവ അടിസ്ഥാനമാക്കിയും പരിഗണിച്ചുമുള്ള കൃഷിയും വികസനവും വ്യവസായവും കുറച്ചൊക്കെ ആദ്യകാലത്തുണ്ടായിരുന്നെങ്കിലും പിന്നീടതെല്ലാം അട്ടിമറിച്ചു. സന്തുലിത വികസനത്തിലുള്ള ശരിയായ ആസൂത്രണങ്ങളോ പദ്ധതികളോ ഇഛാശക്തിയുള്ള ഭരണകൂടമോ നമുക്കില്ലാതെ പോയി. പരിസ്ഥിതിബോധവും പൗരബോധവുമുള്ള ജനങ്ങളും അതിനനുസൃതമായി നിശ്ചയദാര്‍ഢ്യമുള്ള ഭരണകൂടവും ചേര്‍ന്ന് അതിജീവനത്തിനുള്ള ശരിയായ വഴി കണ്ടെത്തേണ്ടിയിരുന്നു. ഓരോ കാലത്തെയും ഗവണ്‍മെന്റുകള്‍ അഴിമതിയുടെയും പ്രകൃതിചൂഷണത്തിന്റെയും ഭാണ്ഡങ്ങള്‍ പരസ്പരം ആരോപണങ്ങളായി എറിഞ്ഞുപിടിപ്പിച്ച് പുകമറ സൃഷ്ടിക്കുകയായിരുന്നു. 

കുടിയേറ്റത്തിന്റെ പേരില്‍ വനംകൊള്ള നടത്തി വന നശീകരണം ആരംഭിച്ചതുമുതല്‍ ഇവിടെ കാലാവസ്ഥാ മാറ്റം സംഭവിച്ചുതുടങ്ങിയിട്ടുണ്ട്. 1905-ല്‍ കേരളത്തില്‍ 65 ശതമാനം കാടായിരുന്നത് ഇപ്പോഴത് മൂന്നിലൊന്നിലും കുറവാണ്. വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വനവിസ്തൃതിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും ആ പ്രദേശത്തെ മഴയെയും ചൂടിനെയും ബാധിക്കും. എവിടെയും മരങ്ങള്‍ തണല്‍ വിരിച്ചുനിന്നിരുന്ന സസ്യശ്യാമള കേരളമിന്ന് തരിശുഭൂമി പോലെയായിരിക്കുന്നു. വികസനമെന്ന് പറഞ്ഞാല്‍തന്നെ പലര്‍ക്കുമത് മരം മുറിക്കലാണ്. പ്രകൃതിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ സംരക്ഷിക്കുന്നതിനു പകരം വികസനത്തിന്റെ വര്‍ഗശത്രുവായി കണ്ടാണ് നശിപ്പിച്ചത്. പ്രകൃതിയുടെ ജലസംഭരണികളായ ഭൂഗര്‍ഭജലം തൃപ്തികരമായ രീതിയില്‍ ഉയര്‍ന്നുനില്‍ക്കണമെങ്കില്‍ സമൃദ്ധമായി മരങ്ങള്‍ വേണം. കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും പ്രധാന കാരണം വനനശീകരണമാണെന്ന് ഭൗമകാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിസ്ഥിതി വകുപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. വനനശീകരണം മൂലം മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രകൃതിദത്തമായ സംവിധാനങ്ങള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ പ്രത്യേകമായ മിതശീതോഷ്ണ അന്തരീക്ഷം നഷ്ടപ്പെട്ടതിന്റെ മുഖ്യകാരണം തത്ത്വദീക്ഷയില്ലാത്തതും അനിയന്ത്രിതവുമായ പ്രകൃതിചൂഷണമാണ്. 

കുന്നുകള്‍ മണ്ണിനും കല്ലിനും വേണ്ടിയും പുഴകള്‍ മണലിനു വേണ്ടിയും മാത്രമാണെന്നാണ് പലരുടെയും ധാരണ. നദികളും ജലസ്രോതസ്സുകളും നേരത്തേ വറ്റുന്നതിന്റെ കാരണം പാറഖനനവും കുന്നിടിച്ചു നിരത്തിലും വായലുകളും ചതുപ്പുകളും മണ്ണിട്ടു മൂടിയതുമൊക്കെയാണ്. പാടശേഖരങ്ങളും ചതുപ്പുനിലങ്ങളും നികത്തി ഗ്രാമപ്രദേശങ്ങളില്‍ പോലും റിയല്‍ എസ്‌റ്റേറ്റ് മാഫിയ കൊഴുത്തപ്പോള്‍ നമ്മുടെ നാട് വര ഭൂമിയായി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചും അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍ അതിനായി രാത്രിയും പകലും കുന്നിടിച്ചും മണല്‍ വാരിയും ആവാസഭൂമിയെ മറുവശത്ത് നാം നശിപ്പിക്കുകയായിരുന്നു. ജലസ്രോതസ്സുകളെ സചേതനമാക്കുന്ന ജലസംഭരണികളായ ചതുപ്പുനിലങ്ങളും തണ്ണീര്‍തടങ്ങളും വയലുകളും നികത്തി ഇല്ലാതാക്കിയതിന്റെ നേര്‍ചിത്രങ്ങളാണ് അകാല വരള്‍ച്ചയും ജലദൗര്‍ലഭ്യവും. 

നമ്മുടെ ജലലഭ്യതയില്‍ 75 ശതമാനവും ഭൂഗര്‍ഭജലസ്രോതസ്സുകളില്‍നിന്നാണ്. ജലത്തിന്റെ അക്ഷയഖനിയായ ഭൂഗര്‍ഭജലം കാല്‍ക്കീഴില്‍നിന്ന് ചോര്‍ന്നുപോവുകയാണ്. അടിമണ്ണിലൂടെ വരേണ്ട ഉറവ നിലച്ചുപോയിരിക്കുന്നു. ഉറവയെടുക്കുന്നത് കാണാത്ത 'മഴക്കാലമാണ്' ഈ വര്‍ഷം കടന്നുപോയതെന്ന് പ്രായമായവര്‍ പറയുന്നു. കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഭയാനകാംവിധം താണുകൊണ്ടിരിക്കുന്നതായി കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡിന്റെ പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പഠനവിധേയമാക്കിയ കിണറുകളില്‍ ഒരു മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെ ജലം താഴ്ന്നിട്ടുള്ളതായാണ് വ്യക്തമായത്. 

ഭൂഗര്‍ഭജല പരിപോഷണത്തിന് സഹായകമായ മാര്‍ഗങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇല്ലായ്മ ചെയ്തതാണ് ഇതിന്റെ മുഖ്യകാരണം. കാടുകളും മരങ്ങളും ഇല്ലാതായതും കുളം, തടാകം, കിണര്‍ എന്നിവിടങ്ങളിലെ മഴവെള്ളശേഖരം ഇല്ലാതായതും ജലവിതാനം കുറഞ്ഞതിന്റെ കാരണങ്ങളാണ്. 

പ്രകൃതിക്ക് രൂപമാറ്റം വരാതിരിക്കാന്‍ പൂര്‍വികര്‍ ചെയ്തിരുന്നതൊന്നും ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടി നാം ചെയ്യാതായി. പറമ്പിലും പുരയിടത്തിലും മഴക്കുഴികളും ചാലുകളുമുണ്ടാക്കി ജലം തടഞ്ഞുനിര്‍ത്തി ഉറവകളെ പുഷ്ടിപ്പെടുത്തുന്നതിനായുള്ള പ്രവൃത്തികള്‍ വേണ്ടയളവില്‍ നടക്കുന്നില്ല. നീര്‍ക്കുഴി നിര്‍മാണത്തോടൊപ്പം തട്ടുതിരിക്കല്‍, കൈയാല നിര്‍മാണം എന്നിവയൊക്കെ വിദ്യാര്‍ഥികളുടെ ഉപന്യാസ വിഷയങ്ങളായി ചുരുങ്ങി. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പറമ്പുകള്‍ കിളച്ചും വരമ്പുകള്‍ നിര്‍മിച്ചും ജലം മണ്ണിലേക്കിറക്കുന്നതിനെക്കുറിച്ച് മുന്‍ഗാമികള്‍ ബദ്ധശ്രദ്ധരായിരുന്നു. ആണ്ടുതോറും ലഭിക്കുന്ന മഴവെള്ളത്തില്‍ വലിയൊരു പങ്ക് തെങ്ങിന്‍തടങ്ങളില്‍ കെട്ടിനിന്ന് താഴാനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഇടക്കാലത്ത് ചിലയിടങ്ങളിലെങ്കിലും ഇവ ആവേശത്തോടെ വീണ്ടും നടന്നിരുന്നുവെങ്കിലും മിക്കയിടങ്ങളിലും ഈ രീതികള്‍ അവഗണിക്കപ്പെടുന്നു. 

നമ്മുടെ പ്രധാന ജലസ്രോതസ്സുകളായ മഴവെളളം, ഉപരിതല ജലം, ഭൂഗര്‍ഭജലം എന്നിവയുടെ ലഭ്യത വര്‍ഷംതോറും  അപകടകരമാം വിധം കുറഞ്ഞുവരുന്നു. അതാവട്ടെ, നമ്മുടെ അശാസ്ത്രീയ കാഴ്ചപ്പാടുകളും വികസന പദ്ധതികളും മൂലമാണ്, വികസനവും പരിസ്ഥിതിയും ശരിയായ രീതിയില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടുപോവാന്‍ കഴിയാത്തതിനാലാണ്. വരാനിരിക്കുന്ന വേനലുകള്‍ക്കും പിറക്കാനിരിക്കുന്ന തലമുറകള്‍ക്കുമായി ഈ ഹരിതഭൂമിയെ എന്തുവില കൊടുത്തും കാത്തുസൂക്ഷിക്കണമെന്ന പാഠം മറന്നുപോയതിന്റെ ദുരന്തഫലമാണ് നാമനുഭവിക്കുന്നത്. ജനകീയാസൂത്രണം പോലെയോ സാക്ഷരതാ യജ്ഞം പോലെയോ അതിലുപരിയായോ നാമേറ്റെടുത്തു നടത്തേണ്ട മഹായജ്ഞമാണ് നാടിന്റെ ഹരിതവല്‍ക്കരണത്തിന്റെയും ജൈവഘടനയുടെയും ജലസമൃദ്ധിയുടെയും വീണ്ടെടുപ്പ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി