Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

പ്രമാണ വായനയിലെ മനുഷ്യന്‍

അമീന്‍ വി. ചൂനൂര്‍

'പശുവിനെ വീടിനു പിറകില്‍ കെട്ടണം. നല്ല പുല്ലുള്ള സ്ഥലമാണ് അവിടം'-ഒരു മാസമായി കിടപ്പിലായിരുന്ന പിതാവ് മകനെ ഉപദേശിച്ചു. മകന്‍ പശുവിനെയും കൂട്ടി പിറകു വശത്തേക്ക് ചെന്നു. പിതാവ് പറഞ്ഞതു പോലെ അവിടെ പുല്ലുണ്ടായിരുന്നില്ല. അയല്‍വാസിയായ സഹോദരന്‍ അവിടെയുള്ള പുല്ലു മുഴുവന്‍ വെട്ടിക്കൊണ്ടുപോയതാണ്. മകന്‍ പിറകു വശത്ത് പശുവിനെ കെട്ടുന്നതിനു പകരം വീടിന്റെ വലതു വശത്ത് നല്ല പുല്ലുള്ള സ്ഥലത്ത് കെട്ടി. സാമാന്യം ബുദ്ധിയുള്ള ഒരു മനുഷ്യന് ഈ ചെയ്തിയെ ധിക്കാരമെന്നോ, നിഷേധമെന്നോ വിളിക്കുക സാധ്യമാണോ? 

ഒരിക്കലുമില്ല, കാരണം മകന്‍ ചെയ്തത് പിതാവിന്റെ ഉപദേശത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഉദ്ദേശ്യത്തെ നിറവേറ്റുക എന്ന മഹത്തായ കാര്യമാണ്. ഏതൊരു കല്‍പനക്കും, ഉപദേശത്തിനും രണ്ട് വശങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. ഒന്ന് അക്ഷരവായന. രണ്ട്, ആശയ വായന. പലപ്പോഴും ഈ അക്ഷര വായനയും ആശയ വായനയും ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യങ്ങളായിരിക്കും ഉണ്ടാവുക.

ആശയ വായനയും അക്ഷര വായനയും വിരുദ്ധ ദിശകളില്‍ നില്‍ക്കുമ്പോഴാണ് പലപ്പോഴും വചനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ സമീപനങ്ങള്‍ ഉണ്ടാവുക. അതായത് അക്ഷര വായനയുടെ ആള്‍ പശുവിനെ പിന്നാമ്പുറത്ത് കെട്ടുന്നു, പകല്‍ മുഴുവന്‍ ഭക്ഷണം കിട്ടാതെ അത് ക്ഷീണിക്കുന്നു. ആ പ്രവൃത്തി പിതാവിന്റെ അതൃപ്തിക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാല്‍ ആശയ വായനയുടെ ആള്‍ക്ക് ഉദ്ദേശ്യം കൃത്യമായി നിറവേറ്റാന്‍ കഴിഞ്ഞത് കൊണ്ട് പിതാവിന്റെ തൃപ്തി സ്വന്തമാക്കാന്‍ കഴിയുന്നു. 

ഹദീസുകളാവട്ടെ, ഖുര്‍ആന്‍ വചനങ്ങളാകട്ടെ അവ ബുദ്ധിയും വിവേകവും ഉള്‍ക്കാഴ്ചയുമുള്ള മനുഷ്യനെ ലക്ഷ്യം വെച്ചുള്ളവയാണ്. ചിന്താ ശേഷിയും വിവേചന ശക്തിയും നല്‍കിയ അല്ലാഹു തന്നെയാണ് വിശുദ്ധ ഖുര്‍ആനും ഹദീസും മനുഷ്യന് നല്‍കിയിട്ടുള്ളത്. ''ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി ഈ ഖുര്‍ആനിനെ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു'' (54:32). 

അതുകൊണ്ട് വിവിധ സാഹചര്യങ്ങളും, അവസ്ഥയും, നടപ്പിലാക്കേണ്ട സന്ദര്‍ഭത്തിലെ സ്ഥിതിഗതികളും മനസ്സിലാക്കാതെ ഒരു വാക്യവുമായി ബന്ധപ്പെട്ട് നിലപാടെടുക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ കടുത്തതായിരിക്കും ചിലപ്പോള്‍. 'ഉലുല്‍ അല്‍ബാബി'ന്റെ അതായത് ബുദ്ധിമാന്മാരുടെ ഗുണങ്ങളില്‍ ഒന്നായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞ ഒരു പ്രത്യേകത തന്നെ ഇതാണെന്നു കാണാന്‍ കഴിയും. വാക്യങ്ങള്‍ കേള്‍ക്കുകയും അതേപടി പകര്‍ത്തുകയും ചെയ്യുന്നവരല്ല അവര്‍. ''വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍, ബുദ്ധിമാന്മാരും അവര്‍ തന്നെ'' (39:18). വചനങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. എന്നിട്ടതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുക. തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഇത് വിശദീകരിച്ചുകൊണ്ട് പറയുന്നത് ഒരു വാക്യത്തെ അതിന്റെ ഏറ്റവും വിശിഷ്ടമായ അര്‍ഥത്തില്‍ ഉപയോഗിക്കണം എന്നാണ്. 

ഹദീസുകളെ വിശിഷ്ടമായ അര്‍ഥത്തില്‍ എങ്ങനെ ഉപയോഗിക്കാതിരിക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. വസ്ത്രം നെരിയാണിക്ക് താഴെ ഇറങ്ങരുതെന്ന് പറയുന്ന ഹദീസില്‍ അതിന്റെ ഉദ്ദേശ്യം കൃത്യമായി പറയുന്നുണ്ട്. ആ ഉദ്ദേശ്യവും പ്രസ്തുത ഹദീസിന്റെ വെളിച്ചത്തില്‍ നിലപാടെടുക്കുമ്പോള്‍ പരിഗണിക്കേണ്ട മറ്റു വചനങ്ങളും കാണാതെ ഈ കാലത്തെ പ്രധാന വസ്ത്രധാരണ രീതിയായ പാന്റ്‌സിന്റെ അളവ് നിശ്ചയിക്കാന്‍ നിന്നാല്‍ സംഗതി അക്ഷരവായനയിലേക്ക് മാറും. വചനത്തിന്റെ വിശിഷ്ടമായ അര്‍ഥം പരിഗണിച്ചില്ലെന്ന് പറയേണ്ടി വരും. പാന്റ്‌സ് മുറിക്കുന്നതിനു മുന്‍പ് താഴെ പറയുന്ന സംഗതികള്‍ ശ്രദ്ധിക്കാം. 

അഹങ്കാരത്തോടെ വലിച്ചിഴക്കരുത് എന്നാണ് ഹദീസില്‍ പറയുന്നത്. ഇവിടെ ഹദീസിന്റെ മര്‍മം കിടക്കുന്നത് 'അഹങ്കാരം' എന്ന, മനുഷ്യന് ഒരിക്കലും ഉണ്ടായിക്കൂടാത്ത ഒരു തിന്മയിലാണ്. പാന്റ്‌സ് മുറിച്ചാല്‍ അഹങ്കാരം കൂടുന്ന അവസ്ഥയിലാണ് ഒരാള്‍ ഉള്ളതെങ്കില്‍ അയാള്‍ പാന്റ്‌സ് നീട്ടുന്നതായിരിക്കും നല്ലത്. കാരണം ഹദീസിന്റെ മര്‍മം ആണല്ലോ പരിഗണിക്കേണ്ടത്. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ അനുഭവം. വഴിയരികില്‍ കണ്ട രണ്ട് സുഹൃത്തുക്കള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം കൈമാറിക്കൊണ്ടിരിക്കുകയായിരുന്നു ഒരാള്‍. അതിനിടയില്‍ കയറി വന്ന ഒരു അക്ഷരവായനക്കാരന്‍ സന്ദേശം കൈമാറിക്കൊണ്ടിരിക്കുന്ന സഹോദരനോട് ഇടയില്‍ കയറി ചോദിക്കുന്നു. 'നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? നിങ്ങളുടെ പാന്റ് നെരിയാണിക്ക് താഴെയാണല്ലൊ. അത് ആദ്യം പോയി ശരിയാക്കൂ' എന്ന്.  സന്ദേശം കൈമാറിക്കൊണ്ടിരുന്ന സഹോദരന്‍ ആകെ പ്രയാസപ്പെട്ടു, വിഷമിച്ചു. ഇവിടെ അഹങ്കാരം കാണിച്ചത് ആരാണ്? ജനങ്ങളെ നിന്ദിക്കലും സത്യത്തെ അവഗണിക്കലുമാണ് അഹങ്കാരത്തിന്റെ നിര്‍വചനമായി പ്രവാചകന്‍ (സ) പഠിപ്പിച്ചത്. സ്വന്തം പാന്റിന്റെ അളവ് ചെറുതാക്കി അതൊരല്‍പം താഴേക്ക് ഇറങ്ങിയ സഹോദരനെ നിന്ദിക്കുമ്പോള്‍ ഹദീസിന്റെ ലക്ഷ്യത്തിന് വിപരീതമാവുകയാണ് ആ മനുഷ്യന്റെ നിലപാട്. പാന്റ് മുറിക്കുകയും അതിന്റെ പേരില്‍ അഹങ്കാരം മനസ്സില്‍ കയറിക്കൂടുകയും ചെയ്യുകയാണ്. 

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു; അഹങ്കാരം കൊണ്ട് തന്റെ വസ്ര്തം വലിച്ചിഴക്കുന്നവരെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല. അപ്പോള്‍ അബൂബക്ര്‍ (റ): 'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നല്ലവണ്ണം ശ്രദ്ധിക്കാതിരുന്നാല്‍ എന്റെ വസ്ര്തം താഴ്ന്നുപോകുമല്ലോ.' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'താങ്കള്‍ ഒരിക്കലും അത് അഹങ്കാരം കൊണ്ട് ചെയ്യുന്നവരില്‍ പെടുകയില്ല.'

നെരിയാണിയുടെ ഏറെ മുകളിലേക്ക് കയറ്റി ഒട്ടും സൗന്ദര്യമില്ലാത്ത ഒരു കോലമായി മാറുക എന്ന വിരോധാഭാസമാണ് ഇന്ന് പലരിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഒരു പ്രത്യേക വചനവുമായി ബന്ധപ്പെട്ട അതിരു കവിച്ചിലാണ്. ഇവിടെ അവര്‍ മറ്റു പല ഹദീസുകള്‍ക്കും വിരുദ്ധമായിക്കൂടി മുന്നോട്ടുപോവുകയാണ് എന്ന സത്യം മറക്കുന്നു. അല്ലാഹുവിന്റെ പ്രവാചകന്‍ പഠിപ്പിച്ചു. ''ആരുടേയെങ്കിലും മനസ്സില്‍ അണൂമണിത്തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: ''ഒരാള്‍ നല്ല രീതിയില്‍ വസ്ര്തം ധരിക്കാന്‍ തീരുമാനിച്ചാലോ പ്രവാചകരെ?'' പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. സത്യത്തെ അവഗണിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് അഹങ്കാരം'' (മുസ്‌ലിം). പാന്റ് പോലുള്ള വസ്ത്രം നെരിയാണിക്ക് മുകളില്‍ വെച്ച് മുറിച്ചാല്‍ ഒരു സൗന്ദര്യക്കേട് തന്നെയാണ്. അപ്പോള്‍ അല്ലാഹുവിന്റെ ഇഷ്ടം പരിഗണിക്കുക എന്ന അര്‍ഥത്തില്‍ നല്ല ഒരു കോലത്തിലേക്ക് വസ്ത്രത്തെ കൊണ്ടുവരാനുള്ള ശ്രമമല്ലേ ഉണ്ടാകേണ്ടത്? വസ്ത്രത്തിന്റെ അളവും സൗന്ദര്യവും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ സൗന്ദര്യത്തിനല്ലേ പ്രാധാന്യമുണ്ടാകേണ്ടത്? കാരണം, സൗന്ദര്യവുമായി ബന്ധപ്പെട്ട ഹദീസിന്റെ ഉദ്ദേശ്യം സൗന്ദര്യം തന്നെയാണ്. എന്നാല്‍ വസ്ത്രത്തിന്റെ അളവുമായി ബന്ധപ്പെട്ട ഹദീസിന്റെ മര്‍മം അളവല്ല; അഹങ്കാരമാണ്.

വൃത്തിയുമായി സൗന്ദര്യം കൂട്ടിമുട്ടുമ്പോള്‍ വൃത്തിക്കായിരിക്കും പ്രാധാന്യം. കാരണം: ഒന്ന്, വൃത്തിയുമായി ബന്ധപ്പെട്ട ഹദീസിന്റെ മര്‍മം വൃത്തിയാണ്. രണ്ട്, വൃത്തി ഈമാനിന്റെ പകുതിയാണ് എന്നാണ് നബിവചനം. മൂന്ന്, വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രത്യേകമായി സൂചിപ്പിച്ചതാണ് ഇത്. അതുകൊണ്ട് വസ്ത്രം വലിച്ചിഴക്കുക എന്നത് എത്ര സൗന്ദര്യമുള്ള കാര്യമായാലും തെറ്റാണ്. അതിലൂടെ അഹങ്കാരം പ്രകടിപ്പിക്കുന്നവരും പ്രകടിപ്പിക്കാത്തവരും ഉണ്ടാകാം. എന്നാല്‍ ചെളി പുരളാത്തവര്‍ ആരും ഉണ്ടാകില്ല. നജസും കടന്നുകൂടാം. സൗന്ദര്യ ബ്വോധത്തിന്റെ ആദ്യ പടി തന്നെ ശുചിത്വബോധമാണ്. 

ഒരു ഹദീസ് നമ്മുടെ ജീവിതത്തില്‍ പ്രയോഗിക്കുമ്പോള്‍ ഏറ്റവും വിശിഷ്ടമായ അര്‍ഥത്തില്‍ ഉപയോഗിക്കുവാനുള്ള ശ്രദ്ധയും സൂക്ഷ്മതയും ഈ അര്‍ഥത്തിലായിരിക്കണം എന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് വസ്ത്രവുമായി ബന്ധപ്പെട്ട കാര്യം ഉദാഹരിച്ചത്. 

അക്ഷരവായനയുടെ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. തീവ്ര ആത്മീയതയിലേക്കും ജനങ്ങളില്‍നിന്ന് അകന്നുകഴിയുന്നതിലേക്കുമെല്ലാം മനുഷ്യന്‍ എത്തിച്ചേരുന്നത് പ്രമാണങ്ങളെ ഈ അര്‍ഥത്തില്‍ വായിക്കുമ്പോഴാണ്. 

മനുഷ്യന്‍ എന്ന പ്രത്യേകത മാറ്റി വെക്കുമ്പോഴാണ് വായന അക്ഷര വായനയായി മാറുന്നത്. മനുഷ്യന്റെ പ്രത്യേകതകളിലേക്ക് ഇറക്കപ്പെട്ട ദൈവിക ഗ്രന്ഥം മനുഷ്യന്‍ വായിക്കുന്നു. പ്രവാചകനായ ഒരു മനുഷ്യന്‍ നടപ്പില്‍ വരുത്തി കാണിച്ചു തന്നത് മറ്റുള്ളവര്‍ പിന്‍പറ്റുന്നു. 

 

മനുഷ്യപ്രാധാന്യം

വിശുദ്ധ വേദഗ്രന്ഥത്തിന്റെ പ്രമേയം തന്നെ മനുഷ്യന്‍ ആവുകയും ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങള്‍ പോലും മനുഷ്യബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുമ്പോള്‍ ആ ദര്‍ശനത്തില്‍നിന്ന് പൊടുന്നനെ മനുഷ്യന്‍ വിട്ടൊഴിഞ്ഞു പോകരുത്. മനുഷ്യനെ വിട്ടൊഴിയുന്ന ദര്‍ശനമല്ല അത്. മനുഷ്യനോട് എപ്പോഴും ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. 

അതുകൊണ്ടാണ് അനാഥയെ ഭക്ഷിപ്പിക്കാത്തവരുടെ ദീന്‍ ദീനല്ലാതാകുന്നതും ചെറിയ പ്രയോജനങ്ങള്‍ പോലും ചെയ്യാന്‍ സാധ്യതയില്ലാത്തവരുടെ നമസ്‌കാരം നാശം പിടിച്ച നമസ്‌കാരമാകുന്നതും. നമസ്‌കാരത്തിന്റെ സ്വഭാവം തന്നെ അഞ്ചു നേരം മനുഷ്യരെ കാണാനും ബന്ധപ്പെടാനുമുള്ള അവസരം സൃഷ്ടിച്ചുകൊണ്ടുള്ളതാണ്. നോമ്പ് നഷ്ടപ്പെടാന്‍ മനുഷ്യനെ വേദനിപ്പിക്കുന്ന ഒരു വര്‍ത്തമാനം മതി. സകാത്ത് മനുഷ്യനുമായി ഒട്ടി നില്‍ക്കുന്ന ഒന്നാണ്. മനുഷ്യനോട് ചെറിയ അര്‍ഥത്തില്‍ പോലും പൂര്‍ത്തീകരിക്കാതെ കിടക്കുന്ന ബാധ്യതയുള്ളവന്റെ ഹജ്ജ് അവന്‍ എത്ര തന്നെ അധ്വാനിച്ചാലും, പണം മുടക്കിയാലും വൃഥാവിലായിപ്പോകുന്നതാണ്. ഇങ്ങനെ ആരാധനകളടക്കം എല്ലാം മനുഷ്യനോട് ഇറച്ചിയും എല്ലും കണക്കേ ഒട്ടിനില്‍ക്കുമ്പോള്‍ എങ്ങനെയാണ് എളുപ്പം അത് വേര്‍പെടുത്താനാവുക?

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി