Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

ഇങ്ങനെയാണോ ഹിംസാപ്രവാഹത്തിന് തടയിടുന്നത്?

റഹ്മാന്‍ മധുരക്കുഴി

'ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നത് മുസ്‌ലിം ഭീകരവാദികള്‍' എന്ന ശീര്‍ഷകത്തില്‍ യുക്തിവാദി നേതാവ് യു. കലാനാഥന്‍, യുക്തിരേഖ(ഡിസംബര്‍ 2016)യില്‍ എഴുതിയ ലേഖനത്തില്‍ ഭീകരവാദത്തിന്റെ പ്രചോദന കേന്ദ്രം വിശുദ്ധ ഖുര്‍ആന്‍ തന്നെയാണെന്ന് തട്ടിവിട്ടിരിക്കുന്നു. ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ നിര്‍ബന്ധിതമായ ചരിത്രപശ്ചാത്തലത്തില്‍, യുദ്ധമുഖത്ത്, തങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നവരോട് എന്തു നിലപാട് സ്വീകരിക്കണമെന്ന വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങളടങ്ങുന്ന ചില വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുത്ത് 'ഇതൊക്കെ യഥാര്‍ഥ മുസ്‌ലിമിന്റെ കടമകളാണെന്ന് ഖുര്‍ആന്‍ വായനക്കാരായ ചെറുപ്പക്കാര്‍ ധരിച്ച് അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതഭീകരവാദികള്‍ ഇസ്‌ലാമിനുള്ളില്‍ രൂപപ്പെടില്ലേ?' എന്നാണ് കലാനാഥന്‍ ചോദിക്കുന്നത്. 

'മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല'' (2:256). 'ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം'' (18:24). 'ജനങ്ങള്‍ വിശ്വാസികളാവാന്‍ താങ്കള്‍ അവരെ നിര്‍ബന്ധിക്കുകയോ?'' (10:99). 'നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക. നിങ്ങള്‍ അതിക്രമിക്കരുത്'' (2:190) തുടങ്ങിയ സഹിഷ്ണുതയുടെ ഖുര്‍ആനിക അമരവാക്യങ്ങള്‍ അവഗണിച്ചുകൊണ്ടാണ് യുക്തിരേഖാ ലേഖകന്‍ വിമര്‍ശനം അഴിച്ചുവിടുന്നത്. ഇക്കണക്കിന് 'ചരിത്രാണായ സാധൂനാം, വിനാശായ ചതുഷ്‌കൃതാം, ധര്‍മസംസ്ഥാപനാര്‍ഥായ, സംഭവാമി യുഗേയുഗേ' എന്ന ഗീതാവചനവും 'മാ മനുസ്മര യുദ്ധ്യച' എന്ന ശ്രീകൃഷ്ണന്റെ യുദ്ധാഹ്വാനവും, ഹിന്ദുമതം, ഹിംസാ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവായി പറയേണ്ടിവരില്ലേ? 

പാകിസ്താന്‍ സര്‍ക്കാര്‍, തീവ്രവാദികളെ നേരിടുന്ന സവിശേഷ പശ്ചാത്തലത്തില്‍ അവിടുത്തെ ചില മദ്‌റസകള്‍ അടച്ചുപൂട്ടിയ സംഭവം ഉദ്ധരിച്ചുകൊണ്ട് ലോകത്തുള്ള സകല മദ്‌റസകളിലും തീവ്രവാദമാണ് പഠിപ്പിക്കപ്പെടുന്നത് എന്ന് ജല്‍പിക്കുന്നത് ബുദ്ധിയാണോ? വിശുദ്ധ ഖുര്‍ആന്റെ അധ്യാപനമനുസരിച്ച് ലോകത്തെങ്ങുമുള്ള മദ്‌റസകളിലെ സിലബസ് സാഹോദര്യവും സൗഹൃദവും ഉദ്‌ഘോഷിക്കുന്നവയാണ്. 'അയല്‍വാസികളോട് മാന്യമായി പെരുമാറണം'' (അദ്ദര്‍സുസ്സാലിസു, പേജ് 184, 5-ാം തരം). 'സ്വന്തം ആവശ്യത്തേക്കാള്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നവരെ അല്ലാഹു പ്രശംസിച്ചിരിക്കുന്നു'' (ഇഖ്‌വത്തുല്‍ ഇസ്‌ലാം. പേജ് 152), 'മനുഷ്യരോട് കരുണ കാണിക്കാത്തവരോട് അല്ലാഹു കരുണ കാണിക്കുകയില്ല'' (സ്വഭാവപാഠങ്ങള്‍, 5-ാം തരം). 'മുസ്‌ലിംകളുമായി സൗഹാര്‍ദത്തില്‍ കഴിയുന്ന ഒരു അമുസ്‌ലിമിനെ വധിക്കുന്നവന് സ്വര്‍ഗത്തിന്റെ വാസന പോലും ലഭിക്കില്ല'' (സ്വഭാവപാഠങ്ങള്‍, 4-ാം തരം). 'ഭൂമിയിലുള്ളവരോട് കരുണ ചെയ്യുവിന്‍, എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും'' (ഹദീസ് പഠനം. പാഠം 18). കേരളത്തിലെ സുന്നി-മുജാഹിദ്-ജമാഅത്ത് സംഘടനകള്‍ നടത്തുന്ന മദ്‌റസാ സിലബസില്‍നിന്നുമുള്ള പാഠഭാഗങ്ങളാണ് മുകളിലുദ്ധരിച്ചത്. മതവിവേചനമില്ലാത്ത മാനവിക സാഹോദര്യപാഠങ്ങളില്‍ ഭീകരതയുടെ ലാഞ്ഛന പോലുമില്ലെന്ന് സുതരാം വ്യക്തമല്ലേ? 'ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സംഘടനകളും സ്ഥാപനങ്ങളും മതബോധവുമുള്ള കേരളമാണ് വര്‍ഗീയ കലാപങ്ങള്‍ ഏറ്റവും കുറഞ്ഞ സ്ഥല'മെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 2002, നവംബര്‍ 19) 'കേരളത്തില്‍ ഏറ്റവുമധികം മദ്‌റസകളും മറ്റു മതസ്ഥാപനങ്ങളുമുള്ള മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം മുസ്‌ലിംകളും തീവ്രമായ മതവികാരത്തിനോ വിഭാഗീയതക്കോ വശംവദരല്ല' എന്ന ദേശാഭിമാനി മുഖ്യലേഖകന്‍ പി.എം മനോജിന്റെ നിരീക്ഷണവും (ദേശാഭിമാനി 14.01.2002) ഖുര്‍ആനെക്കുറിച്ചും ഖുര്‍ആന്‍ മുഖ്യപഠന വിഷയമായുള്ള മദ്‌റസകളെക്കുറിച്ചും കലാനാഥന്‍ നടത്തിയ നിശിത വിമര്‍ശനങ്ങളുടെ യുക്തിരാഹിത്യവും അബദ്ധ ജഡിലതയുമല്ലേ അനാവരണം ചെയ്യുന്നത്? 

'ഇന്ത്യയില്‍ മുസ്‌ലിംകളൊരിക്കലും ഭൂരിപക്ഷമായിരുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ ഹിന്ദുവംശനാശം വരുത്താന്‍ മുസ്‌ലിം ഭരണാധികാരികള്‍ക്ക് കഴിയാതിരുന്നത്. അത് ഇസ്‌ലാംമത മഹത്വമല്ല' എന്ന കലാനാഥ വാദം ബാലിശമാണ്. ലോകത്ത് ഒട്ടേറെ മുസ്‌ലിം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായിരുന്നിട്ടും, അവിടങ്ങളില്‍ മുസ്‌ലിം ഭരണാധികാരികള്‍ ഇതര മതവംശനാശം നടത്താതെ പോവുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുമോ? 

മക്കാവിജയ വേളയില്‍, തന്നെയും തന്റെ അനുയായികളെയും ക്രൂരമായ പീഡനത്തിന്നിരയാക്കിയ ഖുറൈശികളെ, പ്രവാചകന്‍ മാപ്പ് നല്‍കി നിരുപാധികം വിട്ടയച്ചത് അദ്ദേഹത്തിന് ജനസ്വാധീനവും ഭരണസ്വാധീനവും ഇല്ലാതിരുന്നതു കൊണ്ടാണോ? അബൂബക്കറിന്റെയും ഉമറിന്റെയും ഭരണം താനിഷ്ടപ്പെടുന്നുവെന്നും സ്വതന്ത്ര ഇന്ത്യ അനുധാവനം ചെയ്യേണ്ടത് ഇവരുടെ ഭരണമാതൃകയാണെന്നും ഗാന്ധിജിയെക്കൊണ്ട് പറയിപ്പിച്ച ആ മഹാനുഭാവന്മാര്‍  മതന്യൂനപക്ഷങ്ങള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും പ്രദാനം ചെയ്തത് അവര്‍ക്ക് ജനസ്വാധീനം ഇല്ലാതിരുന്നത് കൊണ്ടാണോ? 

ഖുര്‍ആന്‍ ഭീകരതയെ പ്രചോദിപ്പിക്കുന്നുവെങ്കില്‍ ഖുര്‍ആനെ ദിവ്യഗ്രന്ഥമായി അംഗീകരിക്കുന്ന ലോകത്തെ 34-ലധികം മുസ്‌ലിം രാഷ്ട്രങ്ങള്‍ ഭീകരവാദത്തിനെതിരെ ഐക്യനിര സൃഷ്ടിച്ചതിന്റെയും ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ സകല മുസ്‌ലിം സംഘടനകളും തീവ്രവാദത്തെ അതിശക്തമായി എതിര്‍ക്കുന്നതിന്റെയും വ്യാഖ്യാനമെന്താണ്? 

ഖുര്‍ആന്‍ പ്രചോദിപ്പിക്കുന്ന ഹിംസാപ്രവാഹത്തിന് തടകെട്ടാന്‍ മനുഷ്യത്വം നിര്‍ബന്ധിക്കുന്നുവെന്നും അതിന്റെ അനിവാര്യഫലമാണ് ദൈവനിഷേധമെന്നും യുക്തിവാദി നേതാവ് കലാനാഥന്‍ സിദ്ധാന്തിക്കുന്നു. 'ദൈവമില്ലെങ്കില്‍ മതകുമിളകള്‍ തകരും. മതരഹിത സമൂഹം വരും. അന്ന് മനുഷ്യര്‍ക്ക് ശാന്തജീവിതം ഉറപ്പാവും'' (യുക്തിരേഖ). 

കലാനാഥന്‍ ജീവിക്കുന്നത് ഏതോ ഭാവനാലോകത്താണെന്ന് വ്യക്തം. മതമുക്തമായ ഒരു സമൂഹം ലോകചരിത്രത്തില്‍ ഇന്നോളം കഴിഞ്ഞുപോയിട്ടില്ല. മതരഹിതസമൂഹം വരുമെന്ന മോഹം കേവലസ്വപ്‌നം മാത്രമാണ്. റഷ്യ, ചൈന തുടങ്ങിയ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ദൈവവും മതവുമില്ലാത്ത ലോകസൃഷ്ടിക്ക് തീവ്രയത്‌നം നടത്തിയിട്ട് ഫലമെന്തായിരുന്നു? സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ അവിടെ മതം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതല്ലേ ലോകം കണ്ടത്? 

'മതപരമായ പ്രചരണ സ്വാതന്ത്ര്യം യു.എസ്.എസ്.ആര്‍ അനുവദിക്കുന്നില്ലെന്നു മാത്രമല്ല, നാസ്തിക പ്രചരണ സ്വാതന്ത്യം അനുവദിക്കുന്നുമുണ്ട്'' (യു. കലാനാഥന്‍. യുക്തിരേഖ, 1985 മെയ്). 

'മതത്തിന്റെ വളര്‍ച്ച തടയുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ കര്‍ശനമായി നടപ്പില്‍ വരുത്തിയിട്ടുണ്ട്. സോവിയറ്റ് ജനങ്ങളുടെ മാര്‍ഗദീപമായ കമ്യൂണിസ്റ്റ് പാര്‍ട്ടി മതത്തിന്റെ മായിക മൂല്യങ്ങള്‍ക്കെതിരായി ശാസ്ത്രീയമായ നാസ്തിക പ്രചരണം നടത്തുക എന്നത് സ്വന്തം പരിപാടിയായി ഏറ്റെടുത്തിട്ടുണ്ട്'' (ചിന്ത, 17.02.84). 

മതത്തിന്റെ 'മായിക മൂല്യങ്ങള്‍'ക്കെതിരായി 'ശാസ്ത്രീയമായ' നാസ്തിക പ്രചാരണം നടത്തി മതരഹിത സമൂഹസൃഷ്ടി നടത്തിയിട്ട്, മതകുമിളകള്‍ തകര്‍ത്ത് മതരഹിത സമൂഹം നിലവില്‍വന്നോ? മനുഷ്യര്‍ക്ക് ശാന്തജീവിതം ഉറപ്പായോ? ഹിംസാ പ്രവാഹത്തിന് തടകെട്ടാന്‍ സാധിച്ചുവോ? 

മറുപടി നിഷേധഭാവത്തിലാണ് എന്നതല്ലേ യാഥാര്‍ഥ്യം? 'സ്റ്റാലിന്റെ ഭരണകാലത്ത് മാത്രം 4 കോടി മനുഷ്യര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് മനുഷ്യര്‍ സൈബീരിയയിലേക്ക് ആട്ടിയോടിക്കപ്പെടുകയും' (ടൈംസ് ഓഫ് ഇന്ത്യ, 1980 ഒക്‌ടോബര്‍ 26) ചെയ്തില്ലേ? 

'ലെനിന്റെ സഹപ്രവര്‍ത്തകരുള്‍പ്പെടെ ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകള്‍ വെടിവെച്ചുകൊല്ലപ്പെട്ടത് സോഷ്യലിസത്തിനു വേണ്ടിയായിരുന്നില്ല. സ്റ്റാലിനിസത്തെ കാത്തുരക്ഷിക്കാന്‍ വേണ്ടിയായിരുന്നു' എന്നാണ് കമ്യൂണിസ്റ്റ് താത്വികനായിരുന്ന കെ. ദാമോദരന്‍ നിരീക്ഷിച്ചത് (മാതൃഭൂമി വീക്‌ലി, 1973 ഫെബ്രുവരി 11). 

'ചൈനയില്‍ മൗയിസം അഴിച്ചുവിട്ട സാംസ്‌കാരിക വിപ്ലവകാലത്ത് ഒരു കോടിയോളം ആളുകള്‍ വധിക്കപ്പെട്ടതായും ഇരുപത് കോടിയോളം ആളുകള്‍ ഗുരുതരമായി പിഡീപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്'' (ജനയുഗം, 6.9.1980). 

എങ്ങനെയുണ്ട് ഹിംസാ പ്രവാഹത്തിന് തടയിട്ടതിന്റെ ഭീകരദൃശ്യങ്ങള്‍?  

 

 

പേരിലെ പ്രശ്‌നം ഗുരുതരം തന്നെ

 

എം.ടി ഫൗസിയ തൃപ്പനച്ചി

 

പത്താം ക്ലാസ്സിലെ കുട്ടികളുടെ പേരു വിവരങ്ങളിലെ തെറ്റ് തിരുത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനിടക്ക് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പങ്കുവെച്ച പ്രശ്‌നമാണ് ഈ കുറിപ്പിന് പ്രേരകം. 'നിങ്ങളുടെ മുസ്‌ലിം പേരുകള്‍ കൊണ്ടാണ് ഞാന്‍ പലപ്പോഴും പ്രയാസപ്പെടുന്നത്. ഒരേ പേരിനുതന്നെ പല സ്‌പെല്ലിംഗ്. ഇതൊന്ന് ഏകീകരിച്ചുകൂടേ?' അല്‍പം ചിന്തിച്ചപ്പോള്‍ തന്നെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. പൊതുവില്‍ ഒരു അമുസ്‌ലിം പേരില്‍ രണ്ടുതരം സ്‌പെല്ലിംഗുകള്‍ വരാറില്ല. എന്നാല്‍, മുസ്‌ലിം പേരുകളുടെ അവസ്ഥയോ? ഉദാഹരണത്തിന്, ഫൗസിയ എന്ന എന്റെ പേരുതന്നെ. സാധാരണ എീൗശ്യെമ, എമംശ്യെമ എന്നിങ്ങനെയെല്ലാം കാണാം. ഒരാളുടെ പേരുതന്നെ നാല് തിരിച്ചറിയല്‍ രേഖകളില്‍ നാലുവിധത്തിലായും കാണാറുണ്ട്.

മുസ്‌ലിം പേരുകള്‍ അറബി വാക്കുകളായതിനാലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ വരുന്നത്. പക്ഷേ, നമുക്ക് കൂട്ടായി ചിന്തിച്ചുകൊ് അതിനൊരു പരിഹാരം നിര്‍ദേശിച്ചുകൂടേ? ഐ.ടിയുടെ സഹായത്തോടെ, ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കുന്ന സമയത്തുതന്നെ അറബി പേരിന്റെ ഏകീകരിച്ച രൂപത്തിലുള്ള ഇംഗ്ലീഷ് രൂപം സ്വാഭാവികമായി കിട്ടാനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചുകൂടേ? അറബി ഭാഷയില്‍ പരിജ്ഞാനമുള്ളവരും ഐ.ടി വിദഗ്ധരും ഒന്നിച്ചിരുന്ന് പുതിയൊരു സോഫ്റ്റ്‌വെയര്‍ ഇതിനു വേണ്ടി നിര്‍മിച്ചെടുക്കാവുന്നതാണ്. എന്നാല്‍ സാധാണക്കാരായ രക്ഷിതാക്കള്‍ പേര് തിരുത്താനായി പ്രയാസപ്പെട്ട് ഓടുന്ന ദുരവസ്ഥ ഒരു പരിധിവരെ നമുക്ക് കുറക്കാന്‍ സാധിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി