Prabodhanm Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

നവ നാസ്തികവാദങ്ങള്‍ പൊളിച്ചടുക്കുന്ന കൃതി

കലീം

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് കണ്ട വിചിത്രവും യുക്തിരഹിതവുമായ ഒരു പ്രതിഭാസം ദൈവനിഷേധത്തിന്റെയും അതിന്റെ സഹജീവിയായ അരാജകത്വത്തിന്റെയും തിരിച്ചുവരവാണ്. ശാസ്ത്ര ഗവേഷണ ലോകത്തുണ്ടായ പുതിയ കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടതുകൊണ്ടായിരുന്നില്ല അത്. ഭൗതികത്തിലും ജനിതക വിജ്ഞാനീയങ്ങളിലും അത്ര സ്‌ഫോടനാത്മകമായ കണ്ടുപിടിത്തങ്ങളൊന്നും അതിനിടയില്‍ ഉണ്ടായിട്ടില്ല. ഫ്രഞ്ച്-സ്വിസ് അതിര്‍ത്തിയില്‍ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിക്ക്ള്‍ ആക്‌സിലേറ്ററില്‍ നടന്ന പരീക്ഷണത്തില്‍ ദൈവകണം എന്ന പേരില്‍ എന്തോ ഒന്ന് കണ്ടുപിടിച്ചു എന്ന് ശാസ്ത്രജ്ഞര്‍ വിളിച്ചുകൂവിയിരുന്നുവെങ്കിലും ശാസ്ത്രത്തിന്റെ പൊതു പ്രമാണങ്ങള്‍ അനുസരിച്ച് നിര്‍ബന്ധമായും വേണ്ട നിബന്ധനകള്‍ അതിനില്ലെന്നു പല ഉന്നത ശാസ്ത്രജ്ഞരും പറയുന്നു. 

നാസ്തികതയും യുക്തിവാദവും തിരിച്ചുവരുന്നതിനു ഹേതുവായത് പ്രധാനമായും അമേരിക്കയിലും യൂറോപ്പിലും ശക്തിപ്പെട്ട വലതുപക്ഷ വംശവെറി രാഷ്ട്രീയമാണ്. ശാസ്ത്രത്തിന്റെ രാഷ്ട്രീയം എന്ന പ്രയോഗം ചിലര്‍ക്കെങ്കിലും അലോസരമുണ്ടാക്കിയെന്നുവരും. എന്നാല്‍ മനുഷ്യരില്‍നിന്നുവരുന്ന എല്ലാ ചിന്തകളെയും അവരുടെ നാഗരിക പശ്ചാത്തലം സ്വാധീനിക്കുന്നുവെന്നു പറയുന്നതില്‍ അയുക്തിയൊന്നുമില്ല. പരിണാമ സിദ്ധാന്തവും പ്രകൃതിനിര്‍ധാരണവും ആവിഷ്‌കരിച്ച ചാള്‍സ് ഡാര്‍വിന്‍ മനുഷ്യരില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവര്‍ യൂറോപ്യന്മാരായിരുന്നു എന്നാണ് വിശ്വസിച്ചിരുന്നത്. അന്ന് ലോക നാഗരികതയില്‍ ഒന്നാം നിരയില്‍ നിന്നിരുന്ന തുര്‍ക്കികളെ വരെ വംശവൃക്ഷത്തില്‍ തൊട്ടു താഴെയാണ് ഡാര്‍വിന്‍ സ്ഥാപിച്ചിരുന്നത്. 

നവ നാസ്തികതക്കും അത്തരമൊരു രാഷ്ട്രീയമുണ്ടായിരുന്നു. പാശ്ചാത്യ നാഗരികതക്ക് പലനിലക്കും വെല്ലുവിളിയുയര്‍ത്തിയ ഇസ്‌ലാമിക ദര്‍ശനത്തെ അപവദിക്കുന്നതിന് നവ നാസ്തികത ഒരുപകരണമായി മാറുന്നത് നാം കാണുന്നു. ഒരു കാലത്ത് ഇടതുപക്ഷത്തുനിന്നുകൊണ്ട് നവ സാമ്രാജ്യത്വത്തെ വിമര്‍ശിക്കുന്നതില്‍ മുമ്പില്‍ നിന്നിരുന്ന ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എന്ന ബ്രിട്ടീഷ് യുക്തിവാദി നേരെ അത്‌ലാന്റിക് കടന്ന് അമേരിക്കയിലെത്തി എഴുതിയ പുസ്തകം ഗോഡ് ഈസ് നോട്ട് ഗ്രേറ്റ് എന്നായിരുന്നു. അല്ലാഹു അക്ബര്‍ എന്ന മുസ്‌ലിം മുദ്രാവാക്യത്തെ പരിഹസിക്കുന്നതായിരുന്നു തലക്കെട്ട് തന്നെ. മതങ്ങള്‍, പ്രത്യേകിച്ച് ഇസ്‌ലാം അന്ധവിശ്വാസജടിലവും അക്രമാസക്തിയുമുള്ളതുമാണെന്ന് ചില സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കാനാണ് ഹിച്ചന്‍സ് ശ്രമിച്ചത്. അതിനു സമാന്തരമായി നാസ്തികര്‍ ഇപ്പോള്‍ ഭയഭക്തിയോടെ വായിക്കുന്ന ഗ്രന്ഥമാണ് റിച്ചാഡ് ഡോക്കിന്‍സ് എന്ന ബ്രിട്ടീഷ് ജീവശാസ്ത്രകാരന്റെ ദ ഗോഡ് ഡെലുഷന്‍. അനേകലക്ഷം കോപ്പികള്‍ വിറ്റുപോയ ഒരു എയര്‍പോര്‍ട്ട് ബെസ്റ്റ് സെല്ലറായിരുന്നു അത്. നാസ്തികതയുടെ ശാസ്ത്രനാട്യങ്ങള്‍ ഇത്ര ഭംഗിയായി വിശദീകരിക്കുന്ന കൃതികള്‍ കുറവാണ്. നാസ്തിക തീവ്രവാദം എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ച പുതിയ പ്രതിഭാസത്തിന്റെ അടിസ്ഥാന വാദങ്ങള്‍ ഡോക്കിന്‍സിന്റെ ഈ കൃതിയിലും മുമ്പ് അദ്ദേഹം തന്നെ രചിച്ച ദ സെല്‍ഫിഷ് ജീന്‍ എന്ന ഗ്രന്ഥത്തിലും കാണാവുന്നതാണ്. സംക്ഷേപിച്ചു പറഞ്ഞാല്‍, ഭൗതികശാസ്ത്രവും പരിണാമശാസ്ത്രവും ദൈവാസ്തിത്വത്തെ തള്ളിപ്പറയുന്നുവെന്നാണ് ഡോക്കിന്‍സും കൂട്ടരും പറയുന്നത്. തുടര്‍ന്ന് നാസ്തികരും ആസ്തികരും തമ്മില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചയില്‍ മുസ്‌ലിം മതഭ്രാന്തിന്റെയടിസ്ഥാനം ഖുര്‍ആനാണെന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. എന്നാല്‍ താന്‍ ഖുര്‍ആന്‍ വായിച്ചിട്ടില്ലെന്ന് പിന്നീട് ഡോക്കിന്‍സ് സമ്മതിച്ചു. 

നവ നാസ്തികവാദങ്ങള്‍ പൊളിച്ചടുക്കുന്ന പല കൃതികളും യൂറോപ്പിലും അമേരിക്കയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതത്തിന്റെ നിലപാടുകളില്‍ നിന്നുകൊണ്ടുള്ളതാണ് പലതും. നവ ക്രൈസ്തവ സഭാ വിശ്വാസികളായിരുന്നു വിമര്‍ശകരില്‍ പലരും. അതേയവസരം ശാസ്ത്ര പ്രമാണങ്ങള്‍ വെച്ചുതന്നെ നവ നാസ്തികതയുടെ പൊള്ളത്തരം വെളിപ്പെടുത്തുന്ന കൃതികളുമുണ്ടായി. അമേരിക്കന്‍ ഗ്രന്ഥകാരനായ ഡേവിഡ് ബെര്‍ലിന്‍സ്‌ക്കിയുടെ ദ ഡെവിള്‍സ് ഡെലുഷനാണ് വലിയ തോതില്‍ വില്‍പനയായ ഒരു കൃതി. 

നാസ്തികരുടെ വാദങ്ങള്‍ക്ക് ശാസ്ത്ര പ്രമാണങ്ങളുടെ പിന്‍ബലമില്ലെന്നു വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യ കൃതിയാണ് ഫൈസിയുടെ പ്രവാചകത്വം, യുക്തിവാദം, ആധ്യാത്മികം, ഭൗതികശാസ്ത്രം. യുക്തിവാദത്തെ മാത്രമല്ല ശാസ്ത്രവും പൗരസ്ത്യ ആത്മീയതയും വെറും ഭാവനയുടെ അടിസ്ഥാനത്തില്‍ ഒന്നാണെന്ന് സ്ഥാപിക്കുന്ന ജനപ്രിയ ശാസ്ത്ര രചനകളെയും പ്രവാചകത്വത്തെ വ്യക്തിനിഷ്ഠമായ ആത്മീയ സഞ്ചാരത്തിന്റെ  അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്ന ചിന്താവ്യായാമങ്ങളെയും ഫൈസി നിരൂപണവിധേയമാക്കുന്നു. 

പുസ്തകത്തിന്റെ പ്രധാന പ്രമേയം പരിണാമവാദവും പ്രപഞ്ചോല്‍പത്തിയും തന്നെ. ഡാര്‍വിന്‍ തൊട്ടുള്ള പരിണാമവാദികള്‍, അന്യൂനമെന്ന് സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രകൃതിനിര്‍ധാരണം മാത്രമാണ് ശരിയെന്ന് വാദിക്കുന്നവരാണ്. യൂറോപ്പിലെ നവോത്ഥാന കാലത്ത് സമഗ്രാധിപത്യപരമായിരുന്ന കത്തോലിക്കാ സഭയില്‍നിന്നുള്ള മോചനത്തില്‍ തുള്ളിച്ചാടിയവര്‍ സ്ഥാപിച്ച പുതിയ ജ്ഞാനവ്യവസ്ഥ പരിണാമസിദ്ധാന്തം ലോകമെങ്ങും പ്രചരിപ്പിക്കുന്നതില്‍ വിജയിക്കുകയുണ്ടായി. എന്നാല്‍ കോടാനുകോടി വര്‍ഷങ്ങളെടുത്തുകൊണ്ടുള്ള പ്രകൃതിനിര്‍ധാരണം പ്രപഞ്ചത്തിന്റെയോ ജീവജാലങ്ങളുടെയോ ഉല്‍പത്തിയെക്കുറിച്ച് യുക്തിബദ്ധമായ വിശദീകരണം നല്‍കുന്നില്ലെന്നു ഗ്രന്ഥകാരന്‍ പറയുന്നു. ഒരു പരികല്‍പനയുടെ പ്രാധാന്യം പോലും ഈ സിദ്ധാന്തമര്‍ഹിക്കുന്നില്ല എന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. അതിനുള്ള തെളിവുകളും അദ്ദേഹം മുമ്പോട്ടുവെക്കുന്നു. 

'മതവും ശാസ്ത്രവും' എന്ന അധ്യായത്തില്‍ നവനാസ്തികരുടെ നിഗമനങ്ങളാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഭാശാലികളും അല്ലാത്തവരുമായ നാസ്തികര്‍ പൗരാണിക കാലം തൊട്ട് പ്രചരിപ്പിക്കുന്ന അതേ വാദങ്ങള്‍ തന്നെയാണ് നവ നാസ്തികരുടെയും മുടക്കുമുതല്‍. അവരുടെ വാദങ്ങള്‍ കീഴ്‌മേല്‍ മറിച്ചിട്ടാല്‍ അവ ഏതു വിശ്വാസിക്കും ദൈവാസ്തിത്വത്തിന് നല്‍കാവുന്ന വിശദീകരണമാവും. മറ്റു മതഗ്രന്ഥങ്ങളെയപേക്ഷിച്ച് സ്ഥിരീകരിക്കപ്പെട്ട ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കൊന്നും ഖുര്‍ആന്‍ എതിരുനില്‍ക്കുന്നില്ല. ഒരിക്കല്‍ മേധാവിത്വം സ്ഥാപിച്ച ശാസ്ത്ര സിദ്ധാന്തങ്ങള്‍ പിന്നീട് തിരസ്‌കരിക്കപ്പെടുന്നു. ന്യൂട്ടന്റെ ഫിസിക്‌സല്ല മാക്‌സ് പ്ലാങ്കിന്റെ ഫിസിക്‌സ്. ഐന്‍സ്റ്റൈനും മാക്‌സ് പ്ലാങ്കും തന്നെ ചിലപ്പോള്‍ ഏറ്റുമുട്ടുന്നുണ്ട്. ആ നിലക്ക് അവയെ ശരിവെക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നത് ദൈവിക വെളിപാടിന്റെ ഭാഗമല്ല. കൂടുതല്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ മതവും ശാസ്ത്രവും, വിശേഷിച്ചു ഇസ്‌ലാമും ശാസ്ത്രവും തമ്മില്‍ പൊരുത്തക്കേടുകളൊന്നുമില്ല എന്നു മനസ്സിലാവും. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അലസവായനക്ക് ഉപകരിക്കുന്നതും ശാസ്ത്രവും ആത്മീയതയും സംയോജിപ്പിക്കുന്നതുമായ കൃതികള്‍ പ്രചാരത്തിലുണ്ട്. പൗരസ്ത്യ മതങ്ങള്‍, വിശേഷിച്ച് ഹിന്ദുമതം, കണ്‍ഫ്യൂഷനിസം, ഷിന്റോയിസം, ബുദ്ധമതം എന്നിവയില്‍ കാണുന്ന ആത്മീയ സങ്കല്‍പങ്ങള്‍ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളുമായി ഘടിപ്പിക്കുന്നതാണ് പല കൃതികളും. ആസ്ട്രിയന്‍-അമേരിക്കന്‍ ഫിസിസിസ്റ്റായ ഫ്രത്യോഫ് കാപ്രയുടെ താഓ ഓഫ് ഫിസിക്‌സ് ആയിനത്തില്‍ മികച്ചുനില്‍ക്കുന്നു. പൗരസ്ത്യ മിസ്റ്റിസിസത്തിലെ, പ്രത്യേകിച്ച് ഹിന്ദുമതത്തിലെ ആത്മീയ നിലപാടുകളും ആധുനിക ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളും ഒന്നു തന്നെയാണെന്നാണ് കാപ്രയുടെ നിലപാട്. നടരാജനൃത്തം അണുവിന്റെ അഗാധതയില്‍ നടക്കുന്ന കണങ്ങളുടെ സൃഷ്ടിയുടെയും വിഘടനത്തിന്റെയും പ്രതീകാത്മകമായ ആവിഷ്‌കാരമാണെന്ന കാപ്ര സിദ്ധാന്തം പദങ്ങളുടെ അര്‍ഥസാമ്യം കൊണ്ടുണ്ടായ തെറ്റിദ്ധാരണയില്‍നിന്ന് ഉത്ഭവിച്ചതാണെന്ന് ഫൈസി, സുകുമാര്‍ അഴീക്കോടിനെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നു. മറ്റു മതങ്ങളിലെ ആത്മീയ സങ്കല്‍പങ്ങളെയും ഇങ്ങനെ വ്യാഖ്യാനിച്ച് ശാസ്ത്രീയമാക്കാമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. 

'മനുഷ്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു' എന്ന അധ്യായത്തില്‍ രസതന്ത്രത്തിലും ഗോളവിജ്ഞാനീയത്തിലും ഭൗതികശാസ്ത്രത്തിലുമുള്ള പരികല്‍പനകള്‍ മനുഷ്യകേന്ദ്രീകൃതമായ പ്രപഞ്ചം എന്ന ആശയത്തിന് ബലം നല്‍കുന്നുവെന്ന് ഫൈസി പറയുന്നു. ഈ വിജ്ഞാനീയങ്ങളില്‍ നല്ല വ്യുല്‍പത്തിയുള്ളവര്‍ക്കു മാത്രം അനായാസമായി വായിച്ചുതീര്‍ക്കാവുന്ന അധ്യായമാണിത്. അതേയവസരം അനേകം കോടി നക്ഷത്രയുഗങ്ങളുള്ള പ്രപഞ്ചത്തില്‍ മനുഷ്യനാണ് കേന്ദ്രബിന്ദു എന്ന വാദത്തിന്റെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെടാവുന്നതാണ്. പ്രപഞ്ചം എന്നത് ഭൂമി തന്നെയാണെന്ന് കരുതുമ്പോള്‍ മാത്രമേ ആ പ്രമേയം സാധുവാകുകയുള്ളൂ. ആദമിന്റെ മക്കളെ അന്തസ്സുള്ളവരാക്കി എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ അത് മൊത്തം പ്രപഞ്ചത്തെ ഉദ്ദേശിച്ചാവാന്‍ സാധ്യതയില്ല. അനന്തമജ്ഞാതമവര്‍ണനീയമായ പ്രപഞ്ചത്തില്‍ ഒരു മൂലയില്‍ ബുദ്ധി കൂടുതലുള്ള മറ്റൊരു ജീവിവര്‍ഗം ഉണ്ടായിക്കൂടാ എന്നില്ല. 

വിവിധ ശാസ്ത്ര വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള ഒരാള്‍ എഴുതുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന ദുര്‍ഗ്രഹത ഈ കൃതിയുടെ പ്രധാന പോരായ്മയാണെന്നു കാണാം. പല ഭാഗങ്ങളിലും ഇംഗ്ലീഷ് പദങ്ങളും മലയാളത്തിലെ അപൂര്‍വമായ ശാസ്ത്ര പ്രയോഗങ്ങളും കടന്നുവന്ന് വായന തടസ്സപ്പെടുത്തുന്നു. 

'ഇന്‍ക്വിസിഷന്റെ തിക്തസ്മരണകള്‍ ശാസ്ത്രലോകത്തിന്റെ ഉപബോധമനസ്സില്‍ ആഴത്തില്‍ വേരൂന്നിച്ച നാസ്തിക ഒബ്‌സഷന്‍ ഗണ്യമായ ഒരു കൂട്ടം ശാസ്ത്രജ്ഞരെ മതസ്പിരിറ്റിനു സമാനമായ ആവേശത്തോടെ ഗീബല്‍സിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍, പ്രകൃതിനിര്‍ധാരണം ശാസ്ത്രം തന്നെയാണെന്ന് പ്രചണ്ഡമായ പ്രചാരണം നടത്താന്‍ ഉദ്യുക്തരാക്കി..' തുടങ്ങിയ വാക്യങ്ങള്‍ ഒരു കോപ്പി എഡിറ്ററുടെ സഹായമാവശ്യപ്പെടുന്നു. ഇത്തരം വൈകല്യങ്ങള്‍ പരിഹരിച്ചാല്‍ മലയാള ശാസ്ത്രസാഹിത്യശാഖക്ക് വലിയ മുതല്‍ക്കൂട്ടാവും ഈ കൃതി.

പ്രസാധനം: ഐ.പി.എച്ച് 

പേജ്: 136. വില: 130 രൂപ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍