Prabodhanm Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

അബ്ബാസ്‌ക്കയുടെ വായനാ ലോകവും ചാലിയത്തിന്റെ നവോത്ഥാന വഴികളും

ഇ.വി അബ്ദുല്‍ വാഹിദ് ചാലിയം

നവതിയിലേക്ക് ഇനി അധികമില്ല. കാലം അടയാളപ്പെടുത്തിയ പാരവശ്യവും കഷ്ടതകളും സദാ അലട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്, ആ വയോധികന്‍ വിശ്രമത്തിലാണ്. തുന്നല്‍വേല ഉപജീവനമാക്കി വിശ്രമലേശമന്യേ അധ്വാനിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണിനു പക്ഷേ, അന്നും ഇന്നും അശേഷം വിശ്രമമില്ല. ഒരെഴുത്തുകാരനോ സാഹിത്യകാരനോ അടുത്തൂണ്‍പറ്റിയ അധ്യാപകനോ ഉദ്യോഗസ്ഥനോ അല്ലാതിരുന്നിട്ടും ഈ പഴയ ഏഴാം തരക്കാരന്‍ പരന്ന വായനയിലാണെപ്പോഴും. വായനയുടെ ചക്രവാളത്തില്‍ മതമുണ്ട്, ശാസ്ത്രമുണ്ട്, സാഹിത്യമുണ്ട്, ചരിത്രമുണ്ട്, ആഖ്യാനമുണ്ട്.... ഭംഗിയിലും ചിട്ടയിലും ഒതുക്കിവെച്ച മൂവായിരത്തോളം വരുന്ന 'പുസ്തകചാകര'യില്‍, വായിക്കാതെ കാഴ്ചക്കു മാത്രമായി വെച്ച പുസ്തകങ്ങള്‍ ഒന്നുമില്ല. സ്ഥിരമായി വരുത്തുന്ന ഇഷ്ടപത്രം അരിച്ചുപെറുക്കിയാണ് വായന. ഇതര പത്രങ്ങളില്‍ ചിലതിന്റെ വാരാന്തപ്പതിപ്പുകള്‍ തേടിപ്പിടിച്ച് വായിക്കുന്നതും പതിവാണ്. പത്ര-വാരികകളില്‍ പ്രകാശിതമാകുന്ന പുസ്തകാഭിപ്രായങ്ങളും അവലോകനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച്, അവയില്‍ പ്രസക്തമായത് എത്രയും വേഗം തന്റെ പുസ്തകശേഖരത്തിലേക്ക് മുതല്‍ക്കൂട്ടാന്‍ യാത്രാകൂലിയും ബത്തയും നല്‍കി നഗരത്തിലേക്ക് ആളെ അയക്കും. ആണ്‍മക്കള്‍ അഞ്ചുപേരും തങ്ങളുടെ ജീവസന്ധാരണം തേടി മറുനാട്ടിലും കടലിനക്കരെയുമൊക്കെയായതുകൊണ്ടാണിത്. പുസ്തകം കൈയിലെത്തിയാല്‍പിന്നെ, അതിനകത്തേക്ക് യാത്രയാകും; മറ്റു ചര്യകളെല്ലാം പിന്നീടാണ്.

കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമത്തില്‍, ചരിത്രമുറങ്ങുന്ന ചാലിയത്താണ് ടെയ്‌ലര്‍ അബ്ബാസ്‌ക്കയുടെ 'മുല്ലക്കല്‍' തറവാട്. ഇവിടം സന്ദര്‍ശിക്കുമ്പോഴെല്ലാം താന്‍ സ്വന്തമാക്കിയ പുതിയ പുസ്തകങ്ങളെക്കുറിച്ചായിരിക്കും ആദ്യ സംഭാഷണം. പൂമുഖത്ത് പതിച്ച മിനുമിനുത്ത മാര്‍ബ്ള്‍ പ്രതലത്തിലൂടെ ഈ ലേഖകന്റെ കൈത്താങ്ങില്‍ അടിതെറ്റാതെ പുസ്തക ഷെല്‍ഫിനടുത്തേക്ക് നീങ്ങി, എന്നെക്കൊണ്ടുതന്നെ അതു തുറപ്പിച്ച് പുതിയവ പുറത്തെടുപ്പിക്കും. പുസ്തകത്തിന്റെ ഇതിവൃത്തം പറഞ്ഞുതരും. അതു വാങ്ങി സ്വന്തമാക്കാന്‍ പ്രേരിപ്പിക്കും. ഇനി അഥവാ, വായനക്ക് വീട്ടിലേക്കെടുക്കണമെങ്കില്‍ അതിനും സ്വാതന്ത്ര്യമുണ്ട്.

തികഞ്ഞ യാഥാസ്ഥിതിക കുടുംബത്തിലാണ് അബ്ബാസ്‌ക്കയുടെ ജനനം. പിതാവ് കണ്ടറന്‍ പള്ളിയിലെ ഇല്ലിക്കല്‍ നൂറായിന്‍കുട്ടി മൊല്ലയും പിതാമഹന്‍ വലിയ ജുമുഅത്ത് പള്ളിയിലെ ഇല്ലിക്കല്‍ മൂലയില്‍ കുഞ്ഞഹമ്മദ് മൊല്ലയും മുഅദ്ദിനുകളും പള്ളിപരിപാലകരുമായിരുന്നു. 'നൂറുദ്ദീന്‍ ശൈഖ് യാറ'ത്തിന്റെ താക്കോല്‍സൂക്ഷിപ്പുകാരന്‍ എന്ന അധികചുമതലയും 'അപൂര്‍വ ബഹുമതി'യും പിതാമഹന്‍ കുഞ്ഞഹമ്മദ് മൊല്ലക്കായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടവര്‍ പുണ്യം തേടിയും(?) ഐശ്വര്യമുണ്ടാകാനും 'കാര്യസിദ്ധിക്കായും'(?) ജാതി-മതഭേദമന്യേ 'ഭക്തന്മാര്‍' യാറത്തിലേക്ക് എത്തിക്കുന്ന പഴക്കുല, പച്ചക്കറികള്‍, അവില്‍, അടക്ക, നാളികേരം, കോഴിമുട്ട എന്നിവ മന്ത്രം ജപിച്ച് ഊതിക്കൊടുക്കുമ്പോള്‍, അവര്‍ നല്‍കുന്ന കാശ് വാങ്ങി പെട്ടിയിലിടലായിരുന്നു അബ്ബാസിന്റെ ജോലി. വിശേഷാവസരങ്ങളിലും കോളറ, വസൂരി പോലുള്ള മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴുണ്ടാകുന്ന ഭയാനക സന്ദര്‍ഭങ്ങളിലും അവയെ 'പമ്പകടത്തുന്നതിനു' വേണ്ടി (?) പുറത്തെടുക്കാറുള്ള യാറത്തിലെ വിശ്രുതമായ കൊടി ആഗതരുടെ ശിരസ്സില്‍ തൊടുവിച്ച് അനുഗ്രഹിക്കലും. യാറത്തിന്റെ മട്ടുപ്പാവില്‍ കൂട്ടുകൂടിയ പ്രാവുകള്‍ക്ക് എറിഞ്ഞുകൊടുത്ത് അതിന്റെ കൂടി പുണ്യം കരസ്ഥമാക്കാന്‍ യാറം സന്ദര്‍ശകര്‍ കൊണ്ടുവരുന്ന കൈപ്പിടി ധാന്യങ്ങള്‍ സംഭരിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ഒന്നോ രണ്ടോ കുടുംബത്തിന്റെ അന്നത്തിന് അത് മതിയാകുമായിരുന്നു. ഇങ്ങനെ, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഏറെ വളക്കൂറുള്ള മണ്ണില്‍, അവ രണ്ടിന്റെയും ഗുണഭോക്താവായിട്ടാണ് അബ്ബാസിന്റെ ബാല്യവും കൗമാരവും പിന്നിടുന്നത്.

ഈ അജ്ഞാനാന്ധകാരത്തില്‍നിന്നുള്ള അബ്ബാസിന്റെ മാറ്റത്തിന് നാന്ദികുറിക്കപ്പെടുന്നത്, തന്റെ യുവത്വത്തില്‍ ഖാദി മുഹമ്മദിന്റെ മുഹ്‌യിദ്ദീന്‍ മാലയെക്കുറിച്ചുള്ള ഒരു നിഷ്പക്ഷ നിരൂപണകൃതി വായിക്കാനിടയായതിനെ തുടര്‍ന്നാണ്. ഈ കൃതിയും കൈയിലേന്തി, വലിയ ജുമുഅത്ത് പള്ളിയിലെത്തി, ചില 'പൊടിക്കൈ' പ്രയോഗത്തിലൂടെ അവിടെ സൊറ പറഞ്ഞിരിക്കുകയായിരുന്ന ഒരു കൂട്ടം കാരണവന്മാരുടെ ശ്രദ്ധ തന്നിലേക്കു തിരിച്ച്, അത് വായിച്ചു കേള്‍പ്പിച്ചു. ഇങ്ങനെ പിടിച്ചിരുത്തപ്പെട്ട ശ്രോതാക്കളില്‍ സഹോദരീഭര്‍ത്താവും സ്ഥലം ഖാദിയുമായിരുന്ന നാലകത്ത് വളപ്പില്‍ കുഞ്ഞഹമ്മദ് മൊല്ലയുമുണ്ടായിരുന്നു. ധിക്കാരിയായ ഈ ചെറുപ്പക്കാരന്റെ അക്ഷന്തവ്യമായ കുരുത്തക്കേടിന് ക്ഷിപ്രകോപിയായ അളിയനില്‍നിന്ന് പൊതിരെ തല്ലുകിട്ടി. അതൊരു വഴിത്തിരിവായിരുന്നു. നടപ്പുരീതികളില്‍ മനംമടുത്ത് നവോത്ഥാനത്തിന്റെ കാലൊച്ചകള്‍ക്ക് ചെവികൊടുത്ത സമാനമനസ്‌കരായിരുന്നു റേഷന്‍ ഡീലറായിരുന്ന വി.കെ. അവറാന്‍ മാഷും പലചരക്കുകച്ചവടക്കാരനായിരുന്ന എം.വി സിയ്യാലിക്കോയയും. ഇവരില്‍നിന്ന് കിട്ടിയ ചില ലഘുലേഖകളും മാറ്റത്തിന്റെ വഴിയില്‍ വലിയ പങ്കുവഹിച്ചു. പുരോഗമനാശയത്തില്‍ ചരിച്ചുകൊണ്ടിരിക്കെതന്നെ എം.വി സിയ്യാലിക്കോയ, വിഖ്യാതമായ ചാലിയം പള്ളി ദര്‍സില്‍ ദീനീവിജ്ഞാനം തേടിയെത്തിയിരുന്ന നിരവധി പേര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചു. സ്വഭവനത്തില്‍ ഇവര്‍ക്ക് ആഹാരം ഒരുക്കിക്കൊണ്ടായിരുന്നു ഇത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ഇതിലുള്‍പ്പെടും.

സമാനമായ കുടുംബപശ്ചാത്തലമുള്ളയാളായിരുന്നു ചാലിയത്തുകാരനായി മാറിയ പരപ്പനങ്ങാടി സ്വദേശി ഇ. ബീരാന്‍കുട്ടി മാസ്റ്റര്‍. ചാലിയം മദ്‌റസത്തുല്‍ മനാര്‍ സ്‌കൂളില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ടി. അലവി, ഐ. ആലിക്കോയ, മറ്റൊരു സ്‌കൂളിലെ എ.ടി മമ്മു എന്നിവര്‍ തങ്ങളുടെ സ്

കൂള്‍ ജോലി കഴിഞ്ഞ് സംവദിക്കാനും സല്ലപിക്കാനുമായി അബ്ബാസ്‌ക്കയുടെ തയ്യല്‍ക്കടയില്‍ ഒത്തുചേരും. ഇവരുമായുള്ള അബ്ബാസിന്റെ സമ്പര്‍ക്കവും ഒരു ഗതിമാറ്റത്തിന് പ്രേരണയായി. ബീരാന്‍കുട്ടി മാസ്റ്റര്‍ പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയും വലിയ സഹകാരിയുമായിരുന്നു.

വിദ്യാഭ്യാസ പ്രവര്‍ത്തകനും ഖുര്‍ആന്‍ വിവര്‍ത്തകനുമായ സി.എന്‍ അഹ്മദ് മൗലവിയുമായി അബ്ബാസ്‌ക്കക്ക് ഉറ്റ ബന്ധമുണ്ടായിരുന്നു. അറിവ് അന്വേഷിച്ചുവരുന്ന വിജ്ഞാനകുതുകികള്‍ക്ക് പൂതാറമ്പത്ത് അഹ്മദ് കോയ ശാലിയാത്തിയുടെ അപൂര്‍വവും ബൃഹത്തുമായ ഗ്രന്ഥപ്പുരയും സ്വാഗതമരുളി. ഇന്ന് അതിന് ചില വിലക്കുകളൊക്കെയുണ്ട്. 'പുത്തന്‍ ആശയക്കാര്‍'ക്ക് ഇവ റഫറന്‍സിന് നല്‍കുന്നതില്‍ കൈവശാവകാശികള്‍ ഒട്ടും തല്‍പരരല്ല! സി.എന്നിന്റെ ഖുര്‍ആന്‍ പരിഭാഷയുടെ കുറേയേറെ പേജുകള്‍ക്ക് മഷിപുരണ്ടത് ചാലിയം ഹിദായത്തുല്‍ അനാം സംഘം ഓഫീസില്‍വെച്ചാണ്. മണ്ണെണ്ണ വിളക്കുകള്‍ ഒരുക്കിക്കൊടുത്തും ഉറക്കച്ചടവിന് ചായ എത്തിച്ചുകൊടുത്തും മറ്റു ശുശ്രൂഷകള്‍ നല്‍കിയും സി.എന്നിന്റെ വിശ്വസ്ത സേവകനായി അബ്ബാസ്‌ക്കയുമുണ്ടായിരുന്നു കൂടെ. പുത്തന്‍വീട്ടില്‍ ഇല്ലിക്കല്‍ കുടുംബം ഇടക്ക് കൊച്ചിയിലേക്ക് കൂടുമാറ്റം നടത്തുമ്പോള്‍, ആളൊഴിഞ്ഞ പ്രസ്തുത വീട്ടില്‍വെച്ചും (കൊടുക്കാത്തൊടി) സി.എന്‍ തന്റെ പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്. ഉദാരനായ പി.ബി മുഹമ്മദ് കോയ ഹാജി, തന്റെ വീട്ടില്‍ സി.എന്നിനെ വിരുന്നൂട്ടിയും സേവനം ചെയ്തു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറിയും കോഴിക്കോട് പട്ടാളപ്പള്ളി ഖത്വീബുമായിരുന്ന എ.കെ അബ്ദുല്ലത്വീഫ് മൗലവിയുമായും അബ്ബാസ് ആശയവിനിമയം നടത്തിയിരുന്നു. ഇങ്ങനെ ലഭ്യമായ അറിവും പരന്ന വായനയും അബ്ബാസ്‌ക്കയില്‍ മാറ്റത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമായി.

ഇതിനിടയില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'ഖുതുബാത്ത്' വായിക്കാനിടയായി. സിലോണില്‍ വര്‍ത്തകനായിരുന്ന മേല്‍പറഞ്ഞ പി.ബി മുഹമ്മദ് കോയയാണ് 'ഖുതുബാ

ത്ത്' വായനക്കു നല്‍കിയത്. പില്‍ക്കാലത്ത് കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രധാന സഹകാരിയും സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു മരണംവരെയും പി.സി മുഹമ്മദ് കോയ.

'ഖുതുബാത്ത്' അബ്ബാസിന്റെ ചിന്താമണ്ഡലത്തില്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ സംഘടിതമായ ഒരു മുന്നേറ്റത്തിന് തുടക്കം കുറിക്കാന്‍ പ്രചോദനമേകി. 1951 ഡിസംബര്‍ 19-നായിരുന്നു ഇത്. ഇന്നത്തെ ചാലിയം ജംഗ്ഷനില്‍, പി.ബി മുഹമ്മദ് കോയയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിനു മുകളില്‍, സി.കെ കോയ ഉമ്മര്‍ കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 'ഹിദായത്തുല്‍ അനാം ജമാഅത്ത്' എന്ന പേരില്‍ ചാലിയത്ത് മുജാഹിദ് പ്രസ്ഥാനത്തിന് വിത്തുമുളക്കുന്നത് അങ്ങനെയാണ്. എം. അബ്ബാസാണ് സ്ഥാപക സെക്രട്ടറി. വി.കെ അവറാന്‍ മാഷ് പ്രസിഡന്റും പി.ബി മുഹമ്മദ് കോയ ട്രഷററുമായുള്ള പ്രവര്‍ത്തകസമിതി ചാലിയത്തിന്റെ മതകീയ മുഖഛായ മാറ്റിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

ചര്‍ച്ച ചെയ്ത് അംഗീകരിച്ച് അച്ചടിച്ചു വിതരണം ചെയ്ത ഭരണഘടന പ്രകാരം 'ഖുര്‍ആനും സുന്നത്തും ജീവിതപ്രമാണങ്ങളായി സ്വീകരിച്ചിരിക്കുന്നുവെന്നും അതനുസരിച്ച് ഇസ്‌ലാമിലെ എല്ലാ നിയമങ്ങള്‍ക്കും പരിപൂര്‍ണമായി കീഴ്‌പ്പെട്ടു ജീവിച്ചുകൊള്ളാമെന്നുമുള്ള' പ്രതിജ്ഞയാണ് സംഘടനയില്‍ ചേരാനുള്ള നിബന്ധന. വി.കെ അവറാന്‍ മാസ്റ്റര്‍, എസ്. കോയാമുട്ടി, എ.ടി മമ്മു, കെ.എം കോയട്ടി, എന്‍. യൂസുഫ് മൗലവി, സി.കെ കോയ ഉമ്മര്‍ കോയ, കെ.എം ബാവഹാജി, മങ്കുഴിയില്‍ ആലിക്കോയ ഹാജി, ഉമ്പിച്ചി ഹൈസ്‌കൂള്‍ ജീവനക്കാരനായിരുന്ന ആലിക്കകത്ത് അബ്ദുല്ലക്കുട്ടി തുടങ്ങിയവരും സമിതിയിലുണ്ടായിരുന്നു. ചാലിയം അല്‍ മനാര്‍ മുസ്‌ലിം ഹൈസ്‌കൂള്‍ അധ്യാപകന്‍ പുളിക്കല്‍ പി.എന്‍ കുഞ്ഞിമുഹമ്മദ് മൗലവി, എടവണ്ണ എ. അലവി മൗലവി, കെ.കെ ജമാലുദ്ദീന്‍ മൗലവി, ഉണ്ണിമോയിന്‍ മൗലവി, എ.കെ അബ്ദുല്ലത്വീഫ് മൗലവി, കൂരിയാട് കമ്മു മൗലവി തുടങ്ങിയവര്‍ ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍ നല്‍കി പ്രവര്‍ത്തകരെ കര്‍മോത്സുകരാക്കി.

യുവാവിന്റെ 'പിഴച്ച' പോക്കില്‍ നൈരാശ്യവും അമര്‍ഷവും പൂണ്ട കാരണവന്മാര്‍, 'ബാപ്പ യാസീന്‍ ഓതിയുണ്ടാക്കുന്ന കാശുകൊണ്ടാണ് അബ്ബാസേ, നീയൊക്കെ അന്നം തിന്നുന്നത്' എന്നും, 'യാറത്തിലെ ഒജീനത്തില്‍നിന്നുണ്ടായ രക്തവും മജ്ജയും  മാംസവുമാണ് തന്റെ ശരീരമെന്നും' പറഞ്ഞ് പരിഹസിക്കാറുണ്ടായിരുന്നു.

ഹിദായത്തുല്‍ അനാം ജമാഅത്തിന്റെ പ്രഥമ വാര്‍ഷികാഘോഷം ചാലിയം പള്ളി-മാര്‍ക്കറ്റ് പരിസരത്തെ കാടു വെട്ടിത്തെളിച്ച്, വലിയ പന്തല്‍ നാട്ടിയും കോഴിക്കോട്ടുനിന്ന് എത്തിച്ച പെട്രോമാക്‌സ് തെളിയിച്ചും ചാലിയം അന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത പകിട്ടിലും ഗാംഭീര്യത്തിലുമാണ് നടന്നത്. 1952 ഡിസംബര്‍ 15-നായിരുന്നു അത്. ഉമറാബാദ് ജാമിഅ ദാറുസ്സലാമിന്റെ പ്രിന്‍സിപ്പല്‍ അബ്ദുല്‍ വാജിദ് റഹ്മാനി, ഇതേ സ്ഥാപനത്തിലെതന്നെ പ്രഫസര്‍ മൗലാനാ അബ്ദുസ്സുബ്ഹാനി അഅ്‌സമി എന്നിവരായിരുന്നു വിശിഷ്ടാതിഥികള്‍.  പ്രോട്ടോകോള്‍ രീതികളെക്കുറിച്ചൊന്നും വേവലാതികളില്ലാത്ത കാലത്ത്, പ്രഫസര്‍ ഉദ്ഘാടകനും പ്രിന്‍സിപ്പല്‍ അധ്യക്ഷനുമായാണ് പൊതുസമ്മേളനം നടന്നത്.

വാര്‍ഷികാഘോഷത്തോട് യാഥാസ്ഥിതിക വിഭാഗം പ്രതികരിച്ചത് ഒരു മറുവേദി രൂപീകരിച്ചുകൊണ്ടായിരുന്നു. എ.പി കുഞ്ഞഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ 'നുസ്‌റത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍' എന്ന പേരില്‍ ചാലിയത്ത് സുന്നീ പ്രസ്ഥാനത്തിന് വേരുമുളക്കുന്നത് അങ്ങനെയാണ്. ഇതോടെ ഉല്‍പതിഷ്ണു വിഭാഗത്തിന് രൂക്ഷമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ആരോപണ-പ്രത്യാരോപണങ്ങള്‍ കുടുബ-സുഹൃദ്-വ്യക്തിബന്ധങ്ങളില്‍വരെ വിള്ളലുകള്‍ സൃഷ്ടിച്ചു. അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയാക്കി അറവ് നടത്തല്‍ ഹറാമാണെന്നും അതല്ല, ഹലാലാണെന്നുമുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ 'ഹിദായത്തുല്‍ അനാം ജമാഅത്ത്' ഓഫീസില്‍ യാഥാസ്ഥിതിക വിഭാഗത്തിലെ പണ്ഡിതന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വാദപ്രതിവാദത്തിന് വഴിതെളിച്ചു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ധാരാളമായി ഉദ്ധരിച്ച് കൂരിയാട് കമ്മു മൗലവി നടത്തിയ ഖണ്ഡന പ്രസംഗങ്ങള്‍ യാഥാസ്ഥിതിക വിഭാഗത്തിന്റെ ഏതു പരിപാടിയുടെയും സജീവ സഹകാരികളും സേവകരുമായിരുന്ന ശങ്കര്‍ സിമന്റ്‌സ് ജീവനക്കാരനായ കാസിം കുട്ടി, അഴകുവളപ്പില്‍ മുഹമ്മദ് എന്നിവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവര്‍ മുജാഹിദ് പാളയത്തിലെത്തുകയും ചെയ്തു.

പണ്ഡിതശ്രേഷ്ഠനും ഫാറൂഖ് കോളേജ് സ്ഥാപകനുമായ മൗലവി അബുസ്സ്വബാഹ് അഹ്മദലിയുമായും, പ്രബോധനം പബ്ലിഷറും ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറിയുമായിരുന്ന അബ്ദുല്‍ അഹദ് തങ്ങളുമായും അബ്ബാസ്‌ക്ക സവിശേഷ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. നേരിട്ടും കത്തിടപാടുകളിലൂടെയുമായിരുന്നു ഇത്. രണ്ടുപേരുടെയും കൈപ്പടയിലുള്ള കത്തുകള്‍ അബ്ബാസ്‌ക്കയുടെ സൂക്ഷിപ്പുരേഖകളില്‍ ഇന്നും സ്ഥലംപിടിച്ചിരിക്കുന്നു. ആരാധനാരംഗത്ത് മാത്രമായൂന്നിക്കൊണ്ട് അതിലെ ശിര്‍ക്ക്-ബിദ്അത്തുകളുടെ വിപാടനം ലക്ഷ്യമാക്കിയുള്ളതും ശാഖാപരമായ വിഷയങ്ങളില്‍ കടുകിട അയവില്ലാത്തതുമായ മുജാഹിദുകളുടെ പ്രവര്‍ത്തനശൈലി, സമഗ്രമായ ഇസ്‌ലാമിന്റെ ദര്‍ശനം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. അതിന്റെ നേതൃനിരയിലുള്ളവര്‍ക്കും സാധാരണ പ്രവര്‍ത്തകര്‍ക്കുമാകട്ടെ, ജീവിതത്തിന്റെ മറ്റു തുറകളില്‍ ഏത് പ്രസ്ഥാനവുമായും 'ഇസ'വുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് വിലക്കുകളേതുമുണ്ടായതുമില്ല. മുജാഹിദ് നിലപാടുകളിലെ ശരിതെറ്റുകളെക്കുറിച്ച് സൃഷ്ടിച്ചെടുത്ത അവബോധം അബ്ബാസ്‌ക്ക സംഘടനക്കകത്ത് ചര്‍ച്ചക്കിടുകയും സംവദിക്കുകയും ചെയ്തതിനു പുറമെ, തന്റെ വാദത്തിന് സാധൂകരണം ലഭിക്കാന്‍ ഉപരിസൂചിത പണ്ഡിതശ്രേഷ്ഠരുള്‍പ്പെടെ പലരുമായും ബന്ധപ്പെട്ട് സംശയനിവാരണം വരുത്തി, അവരില്‍നിന്ന് വിഷയാധിഷ്ഠിതമായി ലിഖിതങ്ങള്‍ എഴുതി വരുത്തിക്കുകയും സഹപ്രവര്‍ത്തകര്‍ക്കെല്ലാം അവ കാണിച്ചുകൊടുക്കുകയും ചെയ്തു അദ്ദേഹം.

''ഖുര്‍ആനും സുന്നത്തും ജീവിതപ്രമാണങ്ങളായി സ്വീകരിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്ത ഒരാള്‍ക്ക് അതേ അവസരത്തില്‍തന്നെ കമ്യൂണിസമോ സോഷ്യലിസമോ സ്വീകരിക്കാമെന്ന് വല്ലവരും വാദിക്കുന്നുണ്ടെങ്കില്‍ അത് കേവലം തെറ്റിദ്ധാരണകള്‍കൊണ്ടു മാത്രമാണ്. ഖുര്‍ആനും സുന്നത്തും എന്താണെന്ന് അയാള്‍ക്ക് മനസ്സിലായിട്ടില്ലെന്നാണ് അത് തെളിയിക്കുന്നത്.....'' (അബ്ദുല്‍ അഹദ് തങ്ങള്‍ എഴുതി അയച്ച മറുപടിക്കത്തിന്റെ ആമുഖം: 12-5-1952). സമാന ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന 'അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍'പെടുന്ന സഹൃദയരെ സമീപിച്ച്, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിഭവശേഖരണത്തിന് മൗലവി അബുസ്സ്വബാഹ് അഹ്മദലിയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹമെഴുതി: ''കമ്യൂണിസം, സോഷ്യലിസം എന്നീ പ്രസ്ഥാനങ്ങള്‍ മതസിദ്ധാന്തങ്ങള്‍ക്ക്, വിശിഷ്യാ ഇസ്‌ലാമിക സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധവും അവയെ നശിപ്പിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി സ്ഥാപിതമായതാണെന്നുമാണ് എന്റെ വിശ്വാസം. ഇരുകൂട്ടരും ഇരുമനസ്സുകളെ ഇരുതലങ്ങളിലും സമന്വയിപ്പിക്കുന്നത് കാപട്യമാണ്.....'' (അബുസ്സ്വബാഹ് അഹ്മദലിയുടെ മറുപടിക്കത്തില്‍നിന്ന് - 1.3.1952).

ചാലിയത്ത് വിദ്യാഭ്യാസമേഖലയില്‍ ഒരു നവജാഗരണത്തിന് തുടക്കംകുറിക്കുന്നത് 1931 ഏപ്രില്‍ 30-ന് 'തന്‍മിയത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍' എന്ന സംഘടനയുടെ രൂപീകരണത്തെ തുടര്‍ന്നാണ്. ഇതിനു കീഴില്‍ ആരംഭിച്ച മദ്‌റസത്തുല്‍ മനാര്‍ പാഠശാലയാണ് പിന്നീട് വളര്‍ന്നു വികസിച്ച് ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്ററി സ്‌കൂളായി പരിണമിച്ചത്. 'തന്‍മിയത്തി'ന്റെ ആവിര്‍ഭാവം പ്രദേശത്തെ വിദ്യാഭ്യാസതല്‍പരരും വ്യത്യസ്ത വീക്ഷണങ്ങളുള്ളവരുമായ എല്ലാവരെയും ഉള്‍ക്കൊണ്ടായിരുന്നുവെങ്കിലും അമ്പതുകളില്‍തന്നെ അതിന്റെ അധീശാധികാരം മുജാഹിദ് നേതൃത്വത്തില്‍ വരികയാണുണ്ടായത്. ഇവിടെയും അബ്ബാസ്‌ക്കക്ക് വലിയ പങ്കുണ്ട്. ഹാജി പി.ബി ഉമ്പിച്ചി(ജെ.പി)യാണ് ഇതിന്റെ സ്ഥാപകന്‍. 'തന്‍മിയത്തി'ന്റെ പ്രഥമ പ്രസിഡന്റ് എം.എ ഖാദര്‍ ഹാജിയും സെക്രട്ടറി പി.ബി.ഐ ബാവ സാഹിബുമാണ്. കോണ്‍ട്രാക്ടര്‍ കെ. കോയ മൊയ്തീന്‍കുട്ടി, ടി.പി മുഹമ്മദ് മരക്കാര്‍ എന്നിവര്‍ ഉപാധ്യക്ഷന്മാരും കോണ്‍ട്രാക്ടര്‍ എന്‍.വി ബീരാന്‍കുട്ടി ഖജാഞ്ചിയും എം.സി മൂസക്കോയ ഉപകാര്യദര്‍ശിയും. അസോസിയേഷന്റെ ആയുഷ്‌കാല മെമ്പറും മുഖ്യരക്ഷാധികാരിയും അല്‍മനാര്‍ പാഠശാലയുടെയും അതോടു ചേര്‍ന്ന മറ്റു കെട്ടിടങ്ങളുടെയും ദാതാവും ഗണ്യമായ ഭൂസ്വത്തിലൂടെ സ്ഥാപനത്തിന് വരുമാനമുണ്ടാക്കിക്കൊടുക്കുകയും ചെയ്ത ഉദാരനാണ് സിലോണില്‍ വ്യാപാരിയായിരുന്ന ഉമ്പിച്ചി ഹാജി. അല്‍മനാര്‍ മുസ്‌ലിം ഹൈസ്‌കൂളിന് പിന്നീട് ഉമ്പിച്ചി ഹാജിയുടെ പേര് നല്‍കുകയായിരുന്നു.

അല്‍ മനാര്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉദ്ദേശിച്ച് നിര്‍മിക്കപ്പെട്ട പള്ളിയില്‍ ജുമുഅ നടത്താനുള്ള സൗകര്യം അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി 'തന്‍മിയത്തി'നെ സമീപിച്ചത് അബ്ബാസ്‌ക്കയാണ്. അന്നത്തെ പ്രസിഡന്റ് എം. അഹ്മ്മദ് സാഹിബടക്കമുള്ള ചിലരുടെ ശക്തമായ പിന്തുണയോടെയാണ് ജുമുഅ ആരംഭിച്ചത്‌. എടവണ്ണ എ. അലവി മൗലവിയുടേതായിരുന്നു പ്രഥമ ജുമുഅ ഖുത്വ്ബ. തുടര്‍ന്ന് റൗദത്തുല്‍ ഉലൂം അറബിക് കോളജ് അധ്യാപകനായിരുന്ന അബ്ദുല്‍ കരീം തങ്ങള്‍, മുസ്‌ലിം ലീഗ് പ്രഭാഷകന്‍കൂടിയായിരുന്ന കെ.സി അബൂബക്കര്‍ മൗലവി, കാസര്‍കോട് എസ്. മുഹമ്മദ്, വര്‍ഷങ്ങള്‍ പിന്നിട്ടശേഷം ഇപ്പോഴത്തെ കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ഐദീദ് തങ്ങള്‍ എന്നിവര്‍ ഖത്വീബുമാരായിരുന്നു. ഇടവേളകളില്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന കൊണ്ടോട്ടി എന്‍.എം ബാവ മൗലവി, പുളിക്കല്‍ പി.എന്‍ അബ്ദുല്‍ കരീം, എം. റശീദ് മദനി, പി. അബ്ദുല്ലത്വീഫ് മദനി, എം.സി മുഹമ്മദലി തുടങ്ങിയവര്‍ ജുമുഅ ഖുത്വ്ബകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 1979-ല്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ നിര്യാണത്തെത്തുടര്‍ന്ന് സ്‌കൂള്‍ പള്ളിയില്‍ ജുമുഅ നമസ്

കാരാനന്തരം ടി.പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തില്‍ ജനാസ നമസ്‌കാരം നടക്കുകയുണ്ടായി. 

ചാലിയത്തുകാരനാണെങ്കിലും കോഴിക്കോടായിരുന്നു മിക്കപ്പോഴും അബ്ബാസ്‌ക്കയുടെ തട്ടകം. വിശേഷാവസരങ്ങളിലും കല്യാണവേളകളിലും നാട്ടുകാര്‍ക്കെല്ലാം അബ്ബാസ്‌ക്കയെ വേണം. നഗരത്തിലെ കടകളില്‍ കയറിയിറങ്ങി സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാനും നിലവാരമുള്ള ഷോപ്പിങ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാനും കാശ് തികയാതെ കടം പറയേണ്ടിവരുമ്പോള്‍ ജാമ്യം നില്‍ക്കാനുമെല്ലാം അബ്ബാസ്‌ക്കയുണ്ടാകും. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുത്വ്ബകള്‍ ശ്രവിക്കുക അധികവും കോഴിക്കോട് പട്ടാളപ്പള്ളിയിലോ പാളയം മുഹ്‌യിദ്ദീന്‍ പള്ളിയിലോ ആയിരുന്നു. മസ്ജിദ് ലുഅ്‌ലുഇന്റെ ആവിര്‍ഭാവത്തോടെ അവിടെയും. നാട്ടില്‍ നടന്നിരുന്ന ജുമുഅ ഖുത്വ്ബകളില്‍ വിഷയാധിഷ്ഠിതമല്ലാത്ത വിമര്‍ശനങ്ങളുടെ അതിപ്രസരത്തില്‍നിന്നുണ്ടായ മനംമടുപ്പാണ് ഈ 'വെള്ളിയാഴ്ചാ ദേശാടന'ത്തിനുള്ള പ്രേരകം. ഈദ് നമസ്‌കാരങ്ങളധികവും കോഴിക്കോട്ട് തന്നെയായിരുന്നു വര്‍ഷങ്ങളോളം. അല്‍ഫൗസ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴില്‍ ചാലിയത്ത് മസ്ജിദ് ഉയര്‍ന്നുവന്നപ്പോഴാണ് ഇതിന് മാറ്റമുണ്ടായത്. അല്‍ഫൗസ് പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ അഹദ് തങ്ങളായിരുന്നു എന്നത് യാദൃഛികമല്ല. അല്‍ഫൗസ് പള്ളി-പരിപാലന കമ്മിറ്റിയുടെ പ്രസിഡണ്ട് പദവിയില്‍ ദീര്‍ഘവര്‍ഷങ്ങളായി അബ്ബാസ്‌ക്കയുണ്ട്.

മുജാഹിദ് സംഘടനയുടെ നേതൃപദവിയിലിരിക്കെത്തന്നെ, ജമാഅത്തെ ഇസ്‌ലാമിയോട് അബ്ബാസ്‌ക്കക്ക് വലിയ മാനസിക ബന്ധമുണ്ടാവാന്‍ തുടങ്ങിയിരുന്നു. അസോസിയേഷന്റെ ലൈബ്രറിയില്‍ 'ഖുതുബാത്തും' നഈം സിദ്ദീഖിയുടെ 'ഇസ്‌ലാമും സോഷ്യലിസവും' പോലുള്ള പുസ്തകങ്ങളും സ്റ്റോക്ക് ചെയ്തിരുന്നു. ഉമ്പിച്ചി ഹൈസ്‌കൂള്‍ ലൈബ്രറിയിലും മൗദൂദി രചിച്ചതും അല്ലാത്തതുമായ ഇസ്‌ലാമിക കൃതികള്‍  ലഭ്യമായിരുന്നു. 'ഉമ്പിച്ചി'യില്‍ അധ്യാപകനായിരുന്ന ഈ ലേഖകന്‍, പ്രസ്തുത പുസ്തകങ്ങള്‍ സഹപ്രവര്‍ത്തകനായിരുന്ന ടി.പി അബ്ദുല്ലക്കോയ മദനിയുടെ കൂടി താല്‍പര്യപ്രകാരമാണ് സ്‌കൂള്‍ ലൈബ്രറിയിലെത്തിയതെന്ന് ഓര്‍ക്കുന്നു. പലയിടത്തും മുജാഹിദ് പ്രവര്‍ത്തകരും ജമാഅത്ത് ആഭിമുഖ്യമുള്ളവരും അന്യോന്യം യോജിച്ചും സഹകരിച്ചും പ്രബോധന പരിപാടികള്‍ നടത്തിയിരുന്ന കാലഘട്ടമാണത്. നാട്ടിലുടനീളം സഞ്ചരിച്ച് വശ്യസുന്ദരമായ ഭാഷയില്‍ തെരുവോരങ്ങളിലും പള്ളികളിലും അന്തിയുറങ്ങി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന പണ്ഡിതന്‍ വി.കെ ഇസ്സുദ്ദീന്‍ മൗലവി, പി.ബി. മുഹമ്മദ്‌കോയ ഹാജിയുടെ ആതിഥ്യം സ്വീകരിച്ച് നിരവധി തവണ ചാലിയത്തു വരികയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 

ആയിടക്ക് ഒരു ദിവസം, അടുക്കളയില്‍ പലവ്യഞ്ജനങ്ങളുടെ പൊതികള്‍ അഴിക്കവെ, കടലാസു പൊതിച്ചലിന്റെ അക്ഷരങ്ങളില്‍ യാദൃഛികമായി അബ്ബാസ്‌ക്കയുടെ കണ്ണുകള്‍ ഉടക്കിനിന്നത് മറ്റൊരു വഴിത്തിരിവായി. വളാഞ്ചേരിയില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ച പ്രബോധനം പ്രതിപക്ഷ പത്രത്തിന്റെ പേജുകളായിരുന്നു അവ. പിന്നെ താമസിച്ചില്ല, പ്രബോധനം വായനക്കാരനാവാന്‍. കൊണ്ടോട്ടി കെ. അബ്ദുര്‍റഹ്മാന്‍ സാഹിബ് അബ്ബാസ്‌ക്കയെ വല്ലാതെ സ്വാധീനിച്ച വ്യക്തിത്വങ്ങളാലൊരാളാണ്. കടലുണ്ടി, ചാലിയം, പഴഞ്ചന്നൂര്‍, മണ്ണൂര്‍ പ്രദേശങ്ങളിലെ ഇസ്‌ലാമിക നവജാഗരണത്തിന് ആക്കംകൂട്ടിയത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരുന്ന കൊണ്ടോട്ടി എന്‍. മുഹമ്മദ് ബാവ സാഹിബ്, ചാലിയം കുന്നത്തുപടിയിലെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ പ്രധാനാധ്യാപകനായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ്. ഇന്ന് മുജാഹിദ് വിഭാഗം കൈയാളുന്ന ഹിമായത്തുല്‍ ഇസ്‌ലാം സംഘത്തിന്റേതായിരുന്നു സ്ഥാപനം. ചാലിയത്തും പരിസരത്തും ജമാഅത്തെ ഇസ്‌ലാമിക്ക് വേരോട്ടം ലഭിക്കാനിടയായത് എന്‍. മുഹമ്മദ് ബാവ സാഹിബിന്റെ അക്ഷീണവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. വിജ്ഞാനകുതുകിയും സരസപ്രഭാഷകനുമായിരുന്ന സി.സി. അബ്ദുല്‍ ഖാദിര്‍ മൗലവി, പണ്ഡിതന്‍ സി.സി. നൂറുദ്ദീന്‍ സുല്ലമി അസ്ഹരി തുടങ്ങിയവരുടെ ധിഷണാപരമായ മാര്‍ഗദര്‍ശനവും കൂട്ടിനുണ്ടായിരുന്നു. പ്രവര്‍ത്തന സൗകര്യാര്‍ഥം ചാലിയം കേന്ദ്രമാക്കി ജമാഅത്തെ ഇസ്‌ലാമി കാര്‍കുന്‍ ഹല്‍ഖ പുനഃസംഘടിപ്പിച്ചപ്പോള്‍, ചാലിയത്തെ അതിന്റെ ഓഫീസിന് തൊട്ടടുത്ത് തയ്യല്‍ക്കട നടത്തിയിരുന്ന അബ്ബാസ്‌ക്കക്ക് അതൊരു മരുപ്പച്ചയായിത്തീര്‍ന്നു. ചാലിയം മാര്‍ക്കറ്റ് പരിസരത്ത് നിത്യസന്ദര്‍ശകരായിരുന്ന കോണ്‍ട്രാക്ടര്‍ എങ്ങാട്ടില്‍ സി.പി. അബ്ദുല്‍ അസീസ്, പെരാമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഫോര്‍മാനായിരുന്ന എന്‍.സി ഹാജി, കപ്പല്‍ ജീവനക്കാരനായിരുന്ന എന്‍.കെ. കാദര്‍കോയ തുടങ്ങിയവരുമായുള്ള നിരന്തരബന്ധം, മുജാഹിദ് വൃത്തത്തിനു പുറത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ പൂര്‍ണ സഹകാരിയും പ്രവര്‍ത്തകനുമായിത്തീരുന്നതിന് വഴിതെളിച്ചു. ഒരു ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി കാര്‍കുന്‍ ഹല്‍ഖയുടെ നാസിമായിരുന്നു അദ്ദേഹം.

പ്രമുഖ ഗോളശാസ്ത്രജ്ഞനും ഹിജ്‌റ ഹിലാല്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ അലി മണിക്ഫാനുമായി ആത്മബന്ധം സ്ഥാപിച്ച അബ്ബാസ്‌ക്ക മാസപ്പിറവി സംബന്ധമായി ഇപ്പോള്‍ 'ഹിജ്‌റ' കലണ്ടറാണ് പിന്തുടരുന്നത്. ചാലിയത്തെ അബ്ബാസ്‌ക്കയുടെ വീട്ടില്‍ മണിക്ഫാന്‍ പലതവണ വന്നിട്ടുണ്ട്.

പള്ളികളുടെ നാടാണ് ചാലിയം. മാലികുബ്‌നു ദീനാറും സംഘവും പണികഴിപ്പിച്ച പുഴക്കരെ പള്ളിയുള്‍പ്പെടെ. വീടിന്റെ തൊട്ടടുത്തുള്ള കണ്ടറന്‍ പള്ളി മുഅദ്ദിനുമാരും ഇമാമുമാരും അബ്ബാസ്‌ക്കയുമായി എന്നും സൗഹൃദത്തില്‍ വര്‍ത്തിച്ചവരാണ്.  ഇന്ന്, ചാലിയം ജംഗ്ഷനില്‍ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രദ്ധേയമായ പള്ളി, നെടിയപ്പള്ളി എന്നാണറിയപ്പെട്ടിരുന്നത്. അതിന്റെ ഇന്നത്തെ പേര് സുല്‍ത്താന്‍ പള്ളി (ടൗണ്‍ മസ്ജിദ്). നെടിയപ്പള്ളി ജീര്‍ണാവസ്ഥയില്‍നിന്ന് പുനരുദ്ധരിച്ചത് നാറാഞ്ചിറക്കല്‍ മുഹമ്മദ് ഹാജി മൂപ്പനാണ്. വാതിലിന്റെ ഓടാമ്പലയില്‍ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ കടലുണ്ടി റെയില്‍വെ പാലത്തിന്റെ പണി കഴിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ചാലിയം ഉമ്പിച്ചി ഹൈസ്‌കൂളിനോടു ചേര്‍ന്നുള്ള പള്ളി, സ്ഥലസൗകര്യത്തിന്റെ അഭാവത്തില്‍ വീര്‍പ്പുമുട്ടുന്ന കാലം. ഒരു മാറ്റത്തെക്കുറിച്ചാലോചിച്ചപ്പോള്‍ അവിഭക്ത മുജാഹിദ് വൃത്തം, അത് 'നെടിയപ്പള്ളി' ആയാലോ എന്നാലോചിച്ചു. അവിടെ ജുമുഅ നടക്കാറില്ല. മുമ്പൊരിക്കല്‍ ഈദുല്‍ ഫിത്വ്ര്‍ മാസപ്പിറവിയെക്കുറിച്ചുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്ന് സുന്നികള്‍തന്നെ രണ്ട് ചേരികളിലായി വിഭജിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഒരു പെരുന്നാള്‍ നമസ്‌കാരവും ഖുത്വ്ബയും അവിടെ നടക്കുകയുണ്ടായിട്ടുണ്ട്. പള്ളി മുഅദ്ദിന്‍ ബിച്ചിക്കമൊല്ല (ചക്കപ്പമൊല്ല) സഹകരണം വാഗ്ദാനം ചെയ്തു. സെക്രട്ടറിയെന്ന നിലയില്‍ അബ്ബാസ്‌ക്ക മുന്നില്‍ നടന്നു. മുജാഹിദ് പ്രവര്‍ത്തകനും കോണ്‍ട്രാക്ടറുമായിരുന്ന ഇല്ലിക്കല്‍ മുഹമ്മദ്കുട്ടി സ്രാങ്കും മൊല്ലയും തമ്മില്‍ ചില സവിശേഷ ബന്ധങ്ങളുണ്ടായിരുന്നു. ജുമുഅക്ക് ഒരുക്കം കൂട്ടുന്ന വിവരം മറുവിഭാഗം മണത്തറിഞ്ഞു. വ്രതമാസത്തിന്റെ ആരംഭത്തിലായിരുന്നു ഇത്. അവര്‍ സംഘടിച്ച് പള്ളിയിലെത്തി. ഒരേ സ്വഫ്ഫില്‍ രണ്ട് ഇമാമുമാര്‍ നേതൃത്വം നല്‍കിക്കൊണ്ടുള്ള തറാവീഹ് നമസ്‌കാരം നടന്നു! മുജാഹിദ് മൗലവിയുടെ കര്‍ണമധുരമായ ഖുര്‍ആന്‍ പാരായണം മറുഭാഗത്തിന്റെ ഇരുപത് റക്അത്ത് പൂര്‍ത്തിയായശേഷവും നീണ്ടുനിന്നു. ഇരുകൂട്ടരും നമസ്‌കാരം വെവ്വേറെ നിര്‍വഹിച്ചുകൊണ്ട് രാപ്പകല്‍ പള്ളിയില്‍ കാവല്‍ നിന്നു. പോലീസ് ഇടപെട്ടു. ആര്‍.ഡി.ഒ പള്ളി പൂട്ടി സീല്‍ ചെയ്തു. പ്രശ്‌നം കോടതി കയറി. വിധി മുജാഹിദ് വിഭാഗത്തിന് അനുകൂലമായി വന്നു. താക്കോല്‍ ചക്കപ്പമൊല്ലയുടെ കൈവശംതന്നെ തിരിച്ചെത്തി. തികഞ്ഞ ദുരൂഹതയില്‍ ചക്കപ്പമൊല്ല കളംമാറ്റി ചവിട്ടുന്നതാണ് പിന്നീട് കണ്ടത്. പള്ളിയുടെ താക്കോല്‍ അങ്ങനെ സി.എ. മുഹമ്മദ്‌കോയ ഹാജിയുടെ കൈയില്‍ വന്നെത്തി. സി.എ. അത് താഴത്തകത്ത് പുതിയകത്ത് മൊയ്തീന്‍കുട്ടി ഹാജിക്ക് കൈമാറി. താക്കോല്‍ അവിടെയും ഇരിപ്പുറപ്പിച്ചില്ല. പിന്നീടത് എത്തിപ്പെട്ടത് കാന്തപുരം വിഭാഗത്തിന്റെ കൈയിലാണ്. അക്ഷീണമായ പ്രയത്‌നങ്ങളുണ്ടായിട്ടും മുജാഹിദ് ഓഫീസിനു തൊട്ടുമുമ്പില്‍ ചാലിയത്തിന്റെ ഹൃദയഭാഗത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു പള്ളി തലപൊക്കാതെ പോയതില്‍ ജമാഅത്ത് പ്രവര്‍ത്തകനായ അബ്ബാസ്‌ക്ക ഇന്നും ഖിന്നനാണ്. പള്ളികളുമായി ബന്ധപ്പെട്ട എല്ലാ സിവില്‍ കേസുകളിലും സെക്രട്ടറിയെന്ന നിലയില്‍ അബ്ബാസ്‌ക്ക പ്രതിയായിരുന്നു. ചാലിയത്ത് മുജാഹിദ് ചരിത്രം വിരചിതമാകുന്നത് അബ്ബാസ്‌ക്കയിലൂടെയാണ്. ചാലിയത്തിന്റെ പഴയതും പുതിയതുമായ ചരിത്രം അദ്ദേഹത്തെ കൂടാതെ പൂര്‍ത്തിയാവില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍