Prabodhanm Weekly

Pages

Search

2017 ജനുവരി 27

2986

1438 റബീഉല്‍ ആഖിര്‍ 28

സേവനത്തിളക്കത്തിന്റെ പതിറ്റാണ്ട് പിന്നിട്ട വിഷന്‍ 2016

മിസ്അബ് ഇരിക്കൂര്‍

'നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ മറ്റുള്ളവര്‍ക്ക് ധാരാളമായി ഉപകാരപ്പെടുന്നവരാണ്' എന്ന പ്രവാചകവചനത്താല്‍ പ്രചോദിതമായ ഒരു സംഘം, ചരിത്രപരമായ കാരണങ്ങളാല്‍ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ- രാഷ്ട്രീയ മേഖലകളില്‍ ബഹുദൂരം പിന്നാക്കം പോയ ഒരു വലിയ ജനവിഭാഗത്തെ അന്തസ്സാര്‍ന്ന ജീവിതം നയിക്കാന്‍ പ്രാപ്തമാക്കുന്നതിന് 2006-ല്‍ രൂപം കൊടുത്ത 'വിഷന്‍ 2016' ദശവത്സര പദ്ധതി അതിന്റെ കാലാവധി പൂര്‍ത്തീകരിച്ച് അടുത്ത ചുവടുവെപ്പിലേക്ക് പ്രവേശിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരവധി മേഖലകളില്‍ സാമൂഹികാവസ്ഥയെ ഗുണപരമായി സ്വാധീനിക്കാന്‍ വിഷന്‍-2016 പദ്ധതികള്‍ക്ക് സാധിച്ചു. 

നിശ്ചയദാര്‍ഢ്യമുള്ള  നേതൃത്വത്തിന്റെയും സമര്‍പ്പിതരായ ജീവനക്കാരുടെയും സേവനമനസ്‌കരായ വളന്റിയര്‍മാരുടെയും ഉദാരമതികളായ അഭ്യുദയകാംക്ഷികളുടെയും സ്‌പോണ്‍സര്‍മാരുടെയും കൂട്ടായ പരിശ്രമങ്ങളും കഠിനാധ്വാനവുമാണ് വിഷന്‍ പദ്ധതികളുടെ വിജയരഹസ്യം.

സമത്വവും സമാധാനവും പുലരുന്ന, നീതിയും അഭിവൃദ്ധിയും എല്ലാവര്‍ക്കും ലഭ്യമാവുന്ന ഒരു സമൂഹത്തിന്റെ നിര്‍മാണമാണ് വിഷന്റെ ലക്ഷ്യം. ഇന്ത്യന്‍ പൗരന്മാരില്‍ മൂന്നിലൊരു വിഭാഗത്തിനും അതിജീവനത്തിന്റെ അടിസ്ഥാനോപാധികള്‍ പോലും ഇല്ലാത്ത സാഹചര്യമാണ്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി, അവഗണനകളില്‍നിന്നും ദുരിതങ്ങളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും അവരെ മോചിപ്പിച്ച് രാജ്യപുരോഗതിയില്‍ തുല്യ പങ്കാളികളാക്കുക എന്ന അത്യന്തം ദുഷ്‌കരമായ ദൗത്യമാണ് വിഷന്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെയും കലാപങ്ങളുടെയും നീതിനിഷേധത്തിന്റെയും ഇരകളുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ വിഷന്‍ പദ്ധതികള്‍ വലിയ അളവില്‍ ശ്രമിക്കുന്നു. അശരണരെയും ആലംബഹീനരെയും സഹായിക്കുന്നതിനുള്ള ഇരുനൂറോളം സാമൂഹിക സേവന പദ്ധതികളാണ് വിഷന്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു കോടിയിലധികം ജനങ്ങള്‍ വിവിധ വിഷന്‍ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ദശവര്‍ഷം പൂര്‍ത്തിയാക്കുന്ന വിഷന്‍ അടുത്ത പത്തു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ 'വിഷന്‍ 2026' എന്ന പേരില്‍  ആസൂത്രണം ചെയ്ത് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍,  ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍), സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (എസ്.ബി.എഫ്), മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്), സഹൂലത്ത് തുടങ്ങിയ എന്‍.ജി.ഒകളിലൂടെയാണ് വിഷന്‍ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

 

വിദ്യാഭ്യാസ പദ്ധതികള്‍    

സമൂഹപുരോഗതിയും രാജ്യത്തിന്റെ ശോഭന ഭാവിയും വിദ്യാഭ്യാസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഭാവി പൗരന്മാരുടെ കഴിവുകളും പ്രാപ്തിയും വര്‍ധിപ്പിക്കുന്നതിലും അവരെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുന്നതിലും വിദ്യാഭ്യാസത്തിനുള്ള പങ്ക് അനിഷേധ്യമാണ്. വിവര സാങ്കേതിക ലോകത്ത്, അവസരങ്ങള്‍ തുറന്നുകിട്ടുന്നതിന് വിദ്യാഭ്യാസം വളരെ നിര്‍ണായകമാണ്. ദാരിദ്ര്യത്തില്‍നിന്നും പതിതാവസ്ഥയില്‍നിന്നും അത് മോചനം നല്‍കുക മാത്രമല്ല, ജനങ്ങളെ ശാക്തീകരിക്കുകയും സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിന് അടിത്തറ പണിയുകയും ചെയ്യുന്നു.

നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ മൂന്ന് നിരക്ഷരരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതത്തിലെ അപര്യാപ്തത, ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകളുടെ ശോചനീയാവസ്ഥ, കൊഴിഞ്ഞുപോക്കിന്റെ ഉയര്‍ന്ന നിരക്ക് തുടങ്ങിയ മൗലിക പ്രശ്‌നങ്ങള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വലിയ തോതില്‍ പിന്നോട്ടു വലിക്കുകയാണ്.  ഉള്‍നാടുകളിലെ മിക്ക സ്‌കൂളുകളിലും ക്ലാസ് റൂമുകള്‍, ഡെസ്‌ക്, ബെഞ്ച്, കുടിവെള്ള സൗകര്യങ്ങള്‍, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. ഇത്തരം സ്ഥലങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ബൃഹദ് പദ്ധതികളാണ് വിഷനു കീഴിലുള്ള ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.  അത്തരം കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ദാരിദ്ര്യത്തിന്റെ കയങ്ങളില്‍നിന്ന് കരകയറ്റാന്‍  ഫൗണ്ടേഷന്റെ പദ്ധതികള്‍ സഹായകമാകുന്നു. ഓരോ പ്രദേശത്തും അവിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച വിദ്യാഭ്യാസ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. 

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കിയ സ്‌കൂളുകളില്‍ 8418 വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ 'ദി സ്‌കോളര്‍ സ്‌കൂള്‍' എന്ന പേരിലുള്ള നാല് സ്‌കൂളുകള്‍  ഫൗണ്ടേഷന്റെ പൂര്‍ണ മേല്‍നോട്ടത്തിലാണ്. ഫൗണ്ടേഷന്‍ നടത്തുന്ന സ്ലം സ്‌കൂളുകളിലും വൊക്കേഷണല്‍ സ്‌കൂളുകളിലുമായി 3211 പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലെ മികവ് കുറഞ്ഞ 36 സ്‌കൂളുകളില്‍ 'സ്‌കൂള്‍സ് കപ്പാസിറ്റി ബില്‍ഡിംഗ്' എന്ന പദ്ധതി നടപ്പാക്കി. 14,400 ഓളം വിദ്യാര്‍ഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

പന്ത്രണ്ട് സംസ്ഥാനങ്ങളില്‍നിന്നുള്ള 5,176 ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ഫൗണ്ടേഷന്റെ യു.ജി, പി.ജി സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് ഇതിനകം  വിദ്യാഭ്യാസ സഹായം ലഭിച്ചു. 2012-ല്‍ ആരംഭിച്ച നാഷ്‌നല്‍ മൈനോറിറ്റി ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷനില്‍  രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് 40,000-ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും അതില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1,500 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന-കരിയര്‍ ഗൈഡന്‍സ് വര്‍ക്‌ഷോപ്പുകള്‍ നടത്തുകയും ചെയതു. പത്ത് സംസ്ഥാനങ്ങളിലായി നടന്ന 'അവാര്‍ഡ് ഫോര്‍ അക്കാദമിക് എക്‌സലന്‍സ്' പദ്ധതിയിലൂടെ 11,115 മിടുക്കരായ വിദ്യാര്‍ഥികളെ  ഫൗണ്ടേഷന്‍ ആദരിച്ചു. നോട്ട് ബുക്കുകള്‍, ബാഗ്, സ്റ്റേഷനറി, യൂനിഫോം എന്നിവയടങ്ങിയ 33,518 സ്‌കൂള്‍ കിറ്റുകള്‍ 14 സംസ്ഥാനങ്ങളിലായി വിതരണം ചെയ്തു. രാജസ്ഥാന്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി നടത്തുന്ന ആറ് ഹോസ്റ്റലുകളില്‍ 750-ഓളം വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്നു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍നിന്നായി 1,17,888 വിദ്യാര്‍ഥികള്‍ക്ക് ഇതിനകം പ്രയോജനം ലഭിച്ചു. 

 

ആരോഗ്യ പരിരക്ഷ

എളുപ്പത്തില്‍ പ്രതിരോധിക്കാവുന്നതും ചികിത്സിച്ച് മാറ്റാവുന്നതുമായ രോഗങ്ങള്‍ പോലും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തുകൊണ്ടിരിക്കുന്നു,  പ്രാഥമിക ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭ്യമാവുന്നില്ല എന്നതാണ് കാരണം. പ്രതിരോധ കുത്തിവെപ്പുകള്‍ നടക്കാത്ത പല ഗ്രാമപ്രദേശങ്ങളും നമ്മുടെ രാജ്യത്തുണ്ട്. പോഷകാഹാര കുറവിനാല്‍ ധാരാളം കുട്ടികള്‍ ദിനേന മരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് പ്രാഥമിക ആതുര സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനുള്ള വിവിധ ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. 

ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്  ദല്‍ഹിയില്‍ സ്ഥാപിച്ച അല്‍ശിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍നിന്ന് ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം രോഗികള്‍ക്ക് പ്രയോജനം ലഭിക്കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് വളരെ ചെറിയ നിരക്കിലാണ് അല്‍ശിഫയില്‍ ചികിത്സ ലഭിക്കുന്നത്. ആറു സംസ്ഥാനങ്ങളിലായി ഏഴ് മെഡിക്കല്‍ സെന്ററുകള്‍ ട്രസ്റ്റ്  നടത്തിക്കൊണ്ടിരിക്കുന്നു. 2,19,000 രോഗികള്‍ക്ക് ഇതുവരെ ഇതില്‍നിന്ന് പ്രയോജനം ലഭിച്ചു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി നടത്തുന്ന നാല് മെഡിക്കല്‍  ഡയഗ്നോസ്റ്റിക് സെന്ററുകളില്‍നിന്ന് 12,000-ത്തോളം രോഗികള്‍ക്ക്  സേവനം ലഭ്യമായി. പതിനാലു സംസ്ഥാനങ്ങളിലായി നടത്തിയ 1,807 മെഡിക്കല്‍ ക്യാമ്പുകളിലൂടെ 3,61,400 രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു. ദല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലായി പത്ത് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ വര്‍ഷവും 50,000 ത്തോളം രോഗികള്‍ക്കാണ് ഇതില്‍നിന്ന് സേവനം ലഭ്യമാവുന്നത്. ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ വിവിധ ആരോഗ്യ പരിരക്ഷാ പദ്ധതികളില്‍നിന്ന് ദശലക്ഷത്തോളം പേര്‍ക്ക് ഇതിനകം പ്രയോജനം ലഭിച്ചു. 

 

പലിശരഹിത മൈക്രോഫിനാന്‍സ് 

ലോകത്ത് മികച്ച സമ്പദ്ഘടനയുള്ള അഞ്ച് രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയുടെ ജി.ഡി.പി ലോകത്ത് മൂന്നാം സ്ഥാനത്താണ്. പക്ഷേ, ഇന്ത്യയിലെ മുന്നൂറ് ദശലക്ഷം ജനങ്ങള്‍, അല്ലെങ്കില്‍ എണ്‍പത് ദശലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെയാണ്. സ്വന്തം കഴിവുകള്‍ പരിപോഷിപ്പിക്കാനും അതുവഴി മാന്യമായ ഉപജീവനം നടത്താനും സാഹചര്യമില്ലാത്തതിനാലാണ് ദാരിദ്ര്യത്തിന്റെ കെണിയില്‍ അവര്‍ അകപ്പെട്ടുപോവുന്നത്. അത്തരം ആളുകള്‍ക്ക് ജീവിതായോധനത്തിനുള്ള അവസരങ്ങളും സംവിധാനങ്ങളും ലഭ്യമായാല്‍ അവര്‍ കഴിവ് തെളിയിക്കും. അതുവഴി നല്ല വരുമാനം ഉണ്ടാക്കാനുമാവും. ഇതവരെ സ്വയംപര്യാപ്തരാക്കും, അവരുടെ ജീവിതനിലവാരം ഉയരും.

പലിശരഹിത മൈക്രോഫിനാന്‍സ് ദാരിദ്ര്യത്തെ കീഴടക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുന്നതിനും അവരുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും വിഷനു കീഴിലുള്ള 'സഹൂലത്ത്' മൈക്രോഫിനാന്‍സ് സൊസൈറ്റി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ സഹൂലത്ത് പരിശീലനം നല്‍കിവരുന്നുണ്ട്. പലിശരഹിത മൈക്രോഫിനാന്‍സ് നടപ്പിലാക്കുന്നതിനായി ദല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖൈര്‍ കോ-ഓപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ലിമിറ്റഡ്, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 'സംഗമം' കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി, തെലങ്കാനയിലുള്ള ഖിദ്മത്ത് മ്യൂചല്‍ എയ്ഡഡ് ക്രെഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി തുടങ്ങിയവയുമായി ചേര്‍ന്ന് സഹൂലത്ത് പ്രവര്‍ത്തിക്കുന്നു. ഈ ക്രെഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റികളില്‍നി

ന്ന് ഇതുവരെ 16,397 പേര്‍ക്ക് പ്രയോജനം ലഭിച്ചു. കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, റിക്ഷ വലിക്കുന്നവര്‍, തൊഴില്‍രഹിത യുവാക്കള്‍ എന്നിവര്‍ക്ക് പലിശരഹിത വായ്പ സഹൂലത്ത് നല്‍കിവരുന്നു. വിധവകള്‍ക്ക് തയ്യല്‍ മെഷീനും ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.

ആനുകാലിക സാമ്പത്തിക ചലനങ്ങള്‍/വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി Forum for Group Discussion on Economic Issues(FGDEI) എന്ന ഒരു വേദി സഹൂലത്തിനു കീഴിലുണ്ട്. ഇതുവരെ 16  ചര്‍ച്ചാ സദസ്സുകള്‍ വേദിയുടെ കീഴില്‍ നടന്നു. പലിശരഹിത മൈക്രോഫിനാന്‍സിംഗ് എന്ന ആശയത്തെ ജനകീയമാക്കുന്നതിനും ഈ വിഷയത്തിലുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സഹൂലത്ത് ഒരു അര്‍ധ വാര്‍ഷിക ജേര്‍ണല്‍ പുറത്തിറക്കുന്നുണ്ട്.

 

അടിയന്തര-ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍

ചില ദുരന്തങ്ങള്‍ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതംതന്നെ മാറിമറിയാന്‍ ഇടയാക്കും. വര്‍ഗീയ കലാപങ്ങളും ഭൂകമ്പം, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങളും വലിയൊരു വിഭാഗം ജനങ്ങളുടെ മരണത്തിനും വിവരണാതീതമായ ദുരിതങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വിഷനു കീഴിലുള്ള സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂചര്‍ (എസ്.ബി.എഫ്) നേതൃത്വം നല്‍കുന്നു. അടിയന്തര-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലുമാണ് എസ്.ബി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നടന്ന പ്രകൃതിദുരന്തങ്ങളിലും കലാപങ്ങളിലും  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വേദി നേതൃത്വം നല്‍കി. എമര്‍ജന്‍സി ആന്റ് റിലീഫ് പദ്ധതി പ്രകാരം ഭക്ഷണം, കുടിവെള്ളം, അവശ്യ മരുന്നുകള്‍, താമസസംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതിനാണ് മുന്‍ഗണന. റിഹാബിലിറ്റേഷന്‍ പദ്ധതി പ്രകാരം പ്രകൃതിദുരന്തങ്ങളിലും കലാപങ്ങളിലും വീടുകളും കടകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അവ നിര്‍മിച്ചുനല്‍കുന്നു, തൊഴിലുപകരണങ്ങളും മറ്റും വാങ്ങാന്‍ സഹായിക്കുന്നു. 

അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്നുതന്നെ ക്രിയാത്മകമായി ഇടപെടാന്‍ പ്രാപ്തിയുള്ള ഒരു വളന്റിയര്‍ നിരയെ എസ്.ബി.എഫ് സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ ഓറിയന്റേഷന്‍ വര്‍ക്‌ഷോപ്പുകള്‍ നടത്തിവരുന്നു. 

 

പൗരാവകാശ സംരക്ഷണം

നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. സുരക്ഷാ സൈനികരുടെ അതിക്രമങ്ങള്‍,  പോലീസ് ക്രൂരത, കസ്റ്റഡി മരണങ്ങള്‍, ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. അന്യായമായും വിവേചനപരമായും കേസില്‍ കുരുക്കപ്പെട്ട് വിചാരണത്തടവുകാരായ ആയിരങ്ങള്‍  ഇന്ത്യന്‍ ജയിലുകളിലുണ്ട്. പണമില്ലാത്തതിന്റെ പേരില്‍ ജാമ്യം ലഭിക്കാതെ ജയിലുകളില്‍ കഴിയുന്നവരും നിരവധി. പലതരം ചൂഷണങ്ങള്‍ക്കും ഈ പാവങ്ങള്‍ ഇരകളാവുന്നു. അവര്‍ക്ക് നിയമസഹായം ലഭ്യമാക്കേണ്ടത് സമൂഹത്തിന്റെ അടിയന്തര കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്.

വിഷനു കീഴിലുള്ള Association for Protection of Civil Rights (APCR) മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനായി നിയമപോരാട്ടങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച സമര്‍പ്പണമനോഭാവമുള്ള ഒരു പറ്റം അഭിഭാഷകരുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വേദിയാണ്. വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരകളാകുന്നവര്‍ക്കും വര്‍ഗീയ കലാപങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കും നീതി ലഭിക്കുന്നതിനും അവരുടെ അവകാശ സംരക്ഷണത്തിനും എ.പി.സി.ആര്‍ ഊന്നല്‍ നല്‍കുന്നു. 

നിയമവിരുദ്ധ തടങ്കല്‍, കസ്റ്റഡി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ചുമത്തപ്പെടുന്ന വ്യാജ കേസുകള്‍, സമാധാനപരമായി പ്രതിഷേധ സമരങ്ങള്‍ നടത്തുന്നവര്‍ക്കു നേരെയുണ്ടാകുന്ന പോലീസ് അതിക്രമങ്ങള്‍, പ്രകൃതി ദുരന്തങ്ങളുടെയും കലാപങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ അധികൃതര്‍ കാണിക്കുന്ന നിരുത്തരവാദ/പക്ഷപാത സമീപനങ്ങള്‍, ബഹുരാഷ്ട്ര കമ്പനികളും വിവിധ സേവന ദാതാക്കളും ഉല്‍പാദകരുമൊക്കെ നടത്തുന്ന ഉപഭോക്തൃ തട്ടിപ്പുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കാന്‍ എ.പി.സി.ആര്‍ പ്രതിജ്ഞാബദ്ധമാണ്. 

ക്രിമിനല്‍ നിയമങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും എ.പി.സി.ആര്‍ വര്‍ക്‌ഷോപ്പുകള്‍ നടത്തുന്നുണ്ട്. മനുഷ്യാവകാശ ലംഘന കേസുകള്‍ അന്വേഷിക്കുന്നതിനായി വിചാരണാ കോടതികളിലും ഉന്നത നീതിപീഠങ്ങളിലും ഹരജികള്‍ ഫയല്‍ ചെയ്യുക, നീതിന്യായ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തുന്നതിനായി പൊതുതാല്‍പര്യ കേസുകള്‍ ഏറ്റെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും എ.പി.സി.ആര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. 

വ്യാജ ഭീകരവാദ കേസുകള്‍ ചുമത്തപ്പെട്ട് അന്യായമായി തടവില്‍ കഴിയേണ്ടിവരുന്ന ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നതില്‍ എ.പി.സി.ആര്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നു. ഇത്തരം കേസുകളില്‍ കുടുങ്ങിയ ആയിരത്തോളം നിരപരാധികളായ യുവാക്കളെ ജയില്‍മോചിതരാക്കാന്‍ എ.പി.സി.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. കേസുകളില്‍ കുടുങ്ങിയ 13,389 പേര്‍ക്ക് നിയമസഹായവും മാര്‍ഗനിര്‍ദേശവും നല്‍കി. മനുഷ്യാവകാശ-പൗരാവകാശ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന് 183 ലീഗല്‍ വര്‍ക്‌ഷോപ്പുകള്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ സംഘടിപ്പിച്ചു. 119 മനുഷ്യാവകാശ കേസുകളില്‍ ഇടപെട്ടു. 24 വര്‍ഗീയ കലാപങ്ങളെക്കുറിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ തയാറാക്കി. നിയമ മേഖലയില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നതിനായി നിയമനിര്‍മാണ-നീതിനിര്‍വഹണ പ്രക്രിയയെ കൃത്യമായി ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യുന്നു. പൊതുജനങ്ങള്‍ക്ക് നിയമവിഷയങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി 78 പൊതുപരിപാടികളും 13 കാമ്പയിനുകളും 41 സെമിനാറുകളും സംഘടിപ്പിച്ചു. 1,500 മുതിര്‍ന്ന പൗരന്മാര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് ക്രിയാത്മകമായി ഇടപെട്ടു. 

 

അനാഥ സംരക്ഷണം

മാതാവോ പിതാവോ മരണപ്പെടുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്ത അനാഥരായ ലക്ഷക്കണക്കിന്  കുട്ടികളുണ്ട് നമ്മുടെ രാജ്യത്ത്. സംരക്ഷണം ലഭിക്കാത്തതിനാല്‍ ഈ അനാഥ ബാല്യങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ജോലിചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരം കുട്ടികളെ സംരക്ഷിക്കുന്നതിനായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. അനാഥരുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റുക, അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യ പരിചരണവും ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഫൗണ്ടേഷന്‍ അനാഥ സംരക്ഷണ പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. അനാഥരെ അവരുടെ ബന്ധുക്കളുടെ കൂടെ തന്നെ താമസിപ്പിച്ച് ചെലവിനും മറ്റുമായി മാസത്തില്‍ നിശ്ചിത തുക ഫൗണ്ടേഷന്‍ നല്‍കിവരുന്നു. കുടുംബക്കാരുടെ കൂടെ തന്നെ ജീവിക്കാന്‍ ഈ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍നിന്നായി 8000-ത്തോളം അനാഥര്‍ക്ക് ഫൗണ്ടേഷന്‍ ഇതിനകം സംരക്ഷണത്തണലൊരുക്കി. ജാതിമതഭേദമന്യേയാണ് അനാഥ കുട്ടികളെ ഏറ്റെടുക്കുന്നത്. ഫൗണ്ടേഷന്റെ പ്രാദേശിക കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഈ കുട്ടികള്‍ക്ക് ഏറ്റവും നല്ല പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഗോവ എന്നിവിടങ്ങളിലായി ഫൗണ്ടേഷന്‍ മൂന്ന് ഓര്‍ഫെന്‍സ് ഷെല്‍ട്ടര്‍ ഹോമുകളും നടത്തിവരുന്നുണ്ട്. 

 

സാമൂഹിക വികസനം

സാമൂഹിക വികസനവും ശാക്തീകരണവും ലക്ഷ്യമാക്കി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു്. മോഡല്‍ വില്ലേജ് പദ്ധതി, കുടിവെള്ള പദ്ധതി, ഭക്ഷണ കിറ്റ് പദ്ധതി, സമൂഹ വിവാഹ പദ്ധതി, ഭവനനിര്‍മാണ പദ്ധതി, ശൈത്യകാല ആശ്വാസ പദ്ധതി തുടങ്ങിയവ ഫൗണ്ടേഷനു കീഴില്‍ നടക്കുന്നു. കുടിവെള്ള പദ്ധതികള്‍ക്കു കീഴില്‍ 496 സ്ഥലങ്ങളിലായി 1837 കുഴല്‍ കിണറുകളും ഹാന്‍ഡ് പമ്പുകളും സ്ഥാപിച്ചു. 276 ജില്ലകളില്‍ നടത്തിയ ഭക്ഷണ കിറ്റ് പദ്ധതിയില്‍ ഇതുവരെ 8,98,905 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. 13 സംസ്ഥാനങ്ങളിലെ 204 ജില്ലകളിലായി നടത്തിയ ശൈത്യകാല ആശ്വാസ പദ്ധതി 1,20,715 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായി. 

രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലായി നടത്തിയ സമൂഹവിവാഹ പദ്ധതിയിലൂടെ 2,365 നിര്‍ധന യുവതീയുവാക്കള്‍ക്ക് വിവാഹത്തിനുള്ള സാമ്പത്തിക സഹായം നല്‍കി. രാജസ്ഥാന്‍,   ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി 1753  ബജറ്റ് വീടുകള്‍ നിര്‍മിച്ചുനല്‍കി. അനാഥര്‍, വിധവകള്‍, പ്രകൃതിദുരന്തങ്ങളുടെയും കലാപങ്ങളുടെയും ഇരകള്‍ എന്നിവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ട് എന്നിവിടങ്ങളിലെ 10 ഗ്രാമങ്ങള്‍ മോഡല്‍ വില്ലേജുകളായി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. 30,000 ത്തോളം ഗ്രാമവാസികള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നു. 

പട്ടിണിയില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നവര്‍, ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍, മതിയായ ചികിത്സ ലഭിക്കാത്തവര്‍, അന്യായമായി തടവിലകപ്പെട്ട മക്കളുടെ മോചനത്തിനായി നിയമപോരാട്ടം നടത്താന്‍ കഴിയാത്ത നിര്‍ധനരായ രക്ഷിതാക്കള്‍, വിദ്യാഭ്യാസാവസരങ്ങള്‍ നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് കുട്ടികള്‍- ഇവര്‍ വിഷന്‍ പദ്ധതികളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ഉദാരമനസ്‌കരായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അകമഴിഞ്ഞ പിന്തുണയും നിര്‍ലോഭ സഹായവും  കൊണ്ടാണ് ഇന്ത്യയിലങ്ങോളമിങ്ങോളം, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലക്ഷങ്ങളുടെ കണ്ണീരൊപ്പാന്‍ വിഷന്‍-2016 പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. 'വിഷന്‍ 2016' പ്രൊജക്ട് പൂര്‍ത്തിയാക്കി 'വിഷന്‍ 2026' എന്ന പുതിയ ഘട്ടത്തിലേക്ക് അണിയറ  പ്രവര്‍ത്തകര്‍ പ്രയാണം തുടരുമ്പോള്‍, ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും നീതിനിഷേധത്തിന്റെയും സങ്കടക്കടലിലകപ്പെട്ട ദശലക്ഷങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ വിഷന്‍ പദ്ധതികള്‍ സഹായകമാകട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (63-66)
എ.വൈ.ആര്‍

ഹദീസ്‌

സന്നദ്ധഭടന്മാര്‍ക്ക് ശുഭവാര്‍ത്ത
കെ.സി ജലീല്‍ പുളിക്കല്‍