Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

സംഭവബഹുലമായ രണ്ടാമൂഴം <br>ഉര്‍ദുഗാന്റെ ജീവിതകഥ - 13

അശ്‌റഫ് കീഴുപറമ്പ്

2009 മാര്‍ച്ച് 29. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഒരു പാനല്‍ ചര്‍ച്ച നടക്കുന്നു. അതില്‍ പങ്കുകൊള്ളുന്നവര്‍ ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ, പിന്നെ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ചര്‍ച്ച നിയന്ത്രിക്കുന്നത് കോളമിസ്റ്റായ ഡേവിഡ് ഇഗ്‌നേഷ്യസ്. ഗസ്സക്കെതിരെ ഇസ്രയേല്‍ കനത്ത ബോംബാക്രമണം നടത്തുന്ന സമയമാണ്. ചര്‍ച്ചാ വിഷയവും അതുതന്നെ. ഷിമോണ്‍ പെരസിന്റെ അഭ്യര്‍ഥന പ്രകാരം, അദ്ദേഹം സംസാരിക്കുന്നതിനു മുമ്പാണ് മറ്റു പാനല്‍ അംഗങ്ങളെല്ലാം സംസാരിച്ചത്. സയണിസ്റ്റ് രാഷ്ട്രം നിരപരാധികളെ കൂട്ടക്കുരുതി നടത്തുന്നതിനെ എല്ലാവരും ശക്തമായി വിമര്‍ശിച്ചു. ഏറ്റവും രൂക്ഷമായ പ്രതികരണം ഉര്‍ദുഗാന്റേതായിരുന്നു. ഇസ്രയേല്‍ നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ''ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ്. ഫലസ്ത്വീനികള്‍ തട്ടിക്കൊണ്ടുപോയ ഗിലാദ് ശാലിത് എന്ന ഇസ്രയേലി ഭടനെ മോചിപ്പിക്കാനാണെന്ന ന്യായം പറച്ചിലിന് യാതൊരു അര്‍ഥവുമില്ല. കാരണം യുദ്ധം തുടങ്ങുന്നതിന് നാലു ദിവസം മുമ്പ് അങ്കാറയില്‍ വെച്ച് ഈ വിഷയം ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ടുമായി ഞാന്‍ സംസാരിച്ചതാണ്. ഹമാസുമായി സമാധാനക്കരാര്‍ മാത്രമല്ല, തടവുകാരെ പരസ്പരം കൈമാറാനുള്ള വ്യവസ്ഥയും ഉണ്ടാക്കാമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്കു കൊടുത്തതാണ്.''

വളരെ പ്രകോപിതനായാണ് പെരസ് സംസാരം തുടങ്ങിയത്. പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരെയും അദ്ദേഹം കണക്കിന് കുറ്റപ്പെടുത്തി; പ്രത്യേകിച്ച് ഉര്‍ദുഗാനെ. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഹമാസ് പുറത്തിറക്കിയതെന്ന് പറയപ്പെടുന്ന ഒരു രേഖയും അദ്ദേഹം വായിച്ചു. ''ഹമാസാണ് ഇസ്രയേലീ കുഞ്ഞുങ്ങളെ കൊല്ലുന്നത്. അവരാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളുമായി ഇസ്രയേലീ തെരുവുകളിലേക്ക് വരുന്നത്. എന്നിട്ടും ഇസ്രയേല്‍ ഗസ്സയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചു. പക്ഷേ, ഹമാസ് എന്താണ് ചെയ്തത്? റോക്കറ്റുകള്‍ തൊടുത്തുവിട്ട് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മനസ്സില്‍ ഭയം കോരിനിറച്ചു. എട്ടു ലക്ഷം പേര്‍ താമസിക്കുന്ന പ്രദേശത്താണ് റോക്കറ്റുകള്‍ വന്നുവീണത്.'' പിന്നെ ഉര്‍ദുഗാന്റെ നേരെ തിരിഞ്ഞു: ''മിസ്റ്റര്‍ ഉര്‍ദുഗാന്‍, നിങ്ങള്‍ക്ക് എന്തു പറ്റി? തലക്ക് വെളിവ് നഷ്ടപ്പെട്ടോ? ഇസ്തംബൂളില്‍ ദിവസവും നൂറ് റോക്കറ്റുകള്‍ പോകട്ടെ പത്ത് റോക്കറ്റുകള്‍ വന്നുവീഴുന്നത് നിങ്ങള്‍ അനുവദിക്കുമോ?''

സദസ്സ് പെരസിനു വേണ്ടി കൈയടിച്ചു. 25 മിനിറ്റാണ് പെരസ് സംസാരിച്ചത്. ഉര്‍ദുഗാന്നും മറ്റുള്ള പാനലിസ്റ്റുകള്‍ക്കും പന്ത്രണ്ട് മിനിറ്റാണ് നല്‍കിയിരുന്നത്. തനിക്ക് സംസാരിക്കാന്‍ അവസരം തരണമെന്ന് ചര്‍ച്ച നിയന്ത്രിക്കുന്ന ഡേവിഡ് ഇഗ്‌നേഷ്യസിനോട് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. സദസ്സിനുള്ള അവസരമാണെന്ന് പറഞ്ഞ് ഇഗ്‌നേഷ്യസ് ഒഴിയാന്‍ നോക്കിയെങ്കിലും ഉര്‍ദുഗാന്‍ വിട്ടില്ല. ഒരു മിനിറ്റെങ്കിലും അനുവദിച്ചേ പറ്റൂ എന്നായി അദ്ദേഹം. അനുവദിക്കുകയല്ലാതെ ഇഗ്‌നേഷ്യസിന് നിവൃത്തിയില്ലായിരുന്നു. പെരസിന്റെ നേരെ തിരിഞ്ഞ് ഉര്‍ദുഗാന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു: ''നിങ്ങള്‍ പറയുന്നതൊന്നും സത്യമല്ല. വാദങ്ങളൊക്കെ അതീവ ദുര്‍ബലം. അതിനാലാണ് നയതന്ത്രമര്യാദകള്‍ പാലിക്കാതെ നിങ്ങള്‍ ഉച്ചത്തില്‍ സംസാരിച്ചത്. പ്രാദേശികമായി നിര്‍മിച്ച റോക്കറ്റുകള്‍ ഹമാസ് തൊടുത്തുവിട്ടിട്ടുണ്ടെന്നതു നേരാണ്. അവയിലധികവും വീണത് ഒഴിഞ്ഞ പ്രദേശങ്ങളിലായിരുന്നു. നിങ്ങള്‍ ഗസ്സയില്‍ വീടുകള്‍ ഇടിച്ചുതകര്‍ക്കുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും തലക്ക് മീതെ ബോംബിടുകയായിരുന്നു. സമാധാനത്തിന്റെ വഴി തുറന്നുകിടന്നിട്ടും, നിങ്ങള്‍ യുദ്ധത്തിന്റെ വഴി തെരഞ്ഞെടുത്തു. കുട്ടികളുടെ ഘാതകരാണ് നിങ്ങള്‍.'' ഈ ഘാതകര്‍ക്കു വേണ്ടിയാണോ നിങ്ങള്‍ കൈയടിക്കുന്നത് എന്ന് സദസ്സിനോട് ചോദിക്കാനും അദ്ദേഹം മറന്നില്ല.

അപ്പോഴെല്ലാം ചര്‍ച്ച നിയന്ത്രിക്കുന്ന ഇഗ്‌നേഷ്യസ് ഉര്‍ദുഗാന്റെ സംസാരം തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. ഉര്‍ദുഗാന്‍ ചര്‍ച്ചാ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉര്‍ദുഗാന്‍ മൈക്ക് താഴെ വെച്ച് എണീറ്റു. എന്നിട്ട് പറഞ്ഞു: ''ഞാന്‍ ഇനിമേല്‍ നിങ്ങളുടെ ഈ ദാവോസിലേക്കില്ല.'' ഉടന്‍ അദ്ദേഹം സമ്മേളന ഹാള്‍ വിട്ടുപോവുകയും ചെയ്തു.

മുസ്‌ലിം ലോകത്തുടനീളം ഉര്‍ദുഗാന് ഹീറോ പരിവേഷം നല്‍കിയ സംഭവമായിരുന്നു ഇത്. ഉര്‍ദുഗാന്റെ ധീര നിലപാടിനെ ഹമാസ് മുക്തകണ്ഠം പ്രശംസിച്ചു. ഈജിപ്തിലെ അല്‍ അസ്ഹര്‍ പണ്ഡിത സമിതി, ഉര്‍ദുഗാന്‍ ധീരരും ദിഗ്വിജയികളുമായ തന്റെ പൂര്‍വ പിതാക്കളുടെ പാതയിലാണെന്ന് പ്രസ്താവനയിറക്കി. ഉര്‍ദുഗാന്‍ തുര്‍ക്കിയില്‍ തിരിച്ചെത്തിയപ്പോള്‍ ജനം വമ്പന്‍ വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്.

പ്രശ്‌നം അവിടെ തീര്‍ന്നില്ല. അതേ വര്‍ഷം ഒക്‌ടോബറില്‍ തുര്‍ക്കിയില്‍ നടത്താനിരുന്ന നാറ്റോ രാഷ്ട്രങ്ങളുടെ സൈനികാഭ്യാസങ്ങള്‍ റദ്ദാക്കി. ഇതില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നതാണ് കാരണം. ഇസ്രയേലുമായി ബന്ധങ്ങള്‍ വിഛേദിക്കാന്‍ പോവുകയാണോ എന്ന് ചോദിച്ചപ്പോള്‍ നയതന്ത്ര ഭാഷയിലായിരുന്നു ഉര്‍ദുഗാന്റെ മറുപടി: ''ഇസ്രയേലുമായി ബന്ധങ്ങള്‍ വിഛേദിക്കുമോ ഇല്ലേ എന്നതല്ല പ്രശ്‌നം. ഇസ്രയേലുമായി ഞങ്ങള്‍ക്ക് കരാറുകളുണ്ട്. അതേസമയം ജനകീയ വികാരം ഞങ്ങള്‍ക്ക് മാനിക്കാതിരിക്കാനാവില്ല. ഗസ്സയുടെ മേല്‍ യുദ്ധമഴിച്ചുവിട്ടതിന് ഇസ്രയേല്‍ കൂടി ഉള്‍പ്പെട്ട വ്യോമാഭ്യാസ പ്രകടനങ്ങള്‍ വേണ്ടെന്നു വെക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഞാന്‍ ജനപ്രതിനിധിയാണ്. ജനം പറയുന്നത് എനിക്ക് കേള്‍ക്കാതിരിരക്കാന്‍ പറ്റുമോ? ഇത് തുര്‍ക്കി നടത്തുന്ന അഭ്യാസ പ്രകടനങ്ങളാണ്. അതില്‍ ആര് പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നതും തുര്‍ക്കിയാണ്. നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യണം എന്ന് പറയാന്‍ ഒരാള്‍ക്കും അധികാരമില്ല. നേരത്തേ ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് ഇസ്രയേല്‍ പങ്കെടുത്തത്. ഗസ്സ ആക്രമണത്തിന്റെ പേരില്‍ ഇത്തവണ ഞങ്ങള്‍ ക്ഷണിക്കുന്നില്ല. അത്ര തന്നെ.''

2010 മെയ് 31-നുണ്ടായ മറ്റൊരു സംഭവവും ഇസ്രയേലിനെതിരെ കടുത്ത ജനരോഷമുയരാന്‍ ഇടയാക്കി. ഇസ്രയേല്‍ ഉപരോധത്തില്‍ ശ്വാസം മുട്ടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും മറ്റു അവശ്യ വസ്തുക്കളുമായി പോയ സിവിലിയന്‍ കപ്പല്‍വ്യൂഹത്തെ (ഗസ്സ ഫ്രീഡം ഫ്‌ളോട്ടില എന്നാണിത് അറിയപ്പെടുന്നത്) മെഡിറ്ററേനിയന്‍ കടലില്‍ വെച്ച് ഇസ്രയേല്‍ സേന ആക്രമിച്ചു. നാ

ല്‍പ്പത് രാജ്യങ്ങളില്‍നിന്നുള്ള 650 മനുഷ്യാവകാശ പ്രവര്‍ത്തകരായിരുന്നു അവയിലുണ്ടായിരുന്നത്. തുര്‍ക്കി കപ്പലായ എം.വി മാവി മര്‍മറയിലുണ്ടായിരുന്നവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഒമ്പതു പേരില്‍ എട്ടും തുര്‍ക്കി പൗരന്മാരായിരുന്നു.

ഉര്‍ദുഗാന്‍ അതിശക്തമായാണ് പ്രതികരിച്ചത്. ഇസ്രയേലുമായി നടത്താനിരുന്ന മൂന്ന് സൈനികാഭ്യാസ പ്രകടനങ്ങള്‍ അദ്ദേഹം റദ്ദാക്കി. തെല്‍അവീവില്‍നിന്ന് തുര്‍ക്കി അംബാസഡറെ തിരിച്ചുവിളിച്ചു. അന്താരാഷ്ട്ര വേദികളില്‍ പ്രശ്‌നം ശക്തമായി ഉന്നയിച്ചു. ഫലസ്ത്വീനികള്‍ക്കു വേണ്ട സഹായങ്ങളൊക്കെ അദ്ദേഹം ചെയ്തുകൊടുക്കുകയും ചെയ്തു. ഗസ്സയിലെ ഇസ്രയേല്‍ അതിക്രമത്തിന് ശേഷം ഗസ്സ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയെ ഫോണില്‍ വിളിച്ച് ഉര്‍ദുഗാന്‍ ആശ്വസിപ്പിച്ചു. ''എന്തു വില കൊടുത്തും ഞങ്ങള്‍ നിങ്ങളെ സഹായിക്കും; ഞങ്ങളില്‍ ബാക്കിയാവുന്നത് ഒരാളാണെങ്കിലും.'' സ്വദേശത്തും മുസ്‌ലിംലോകത്തും ഉര്‍ദുഗാന്റെ ജനപ്രീതി വല്ലാതെ വര്‍ധിപ്പിച്ചു ഈ സംഭവവും. ഗസ്സയില്‍ ഹമാസിന്റെ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ ആ വര്‍ഷം ആഗസ്റ്റില്‍ പിറന്ന തന്റെ പേരമകന് ഉര്‍ദുഗാന്‍ എന്നാണ് പേരിട്ടത്.

ഈ രണ്ട് സംഭവങ്ങളും നടക്കുന്നത് പ്രധാനമന്ത്രി എന്ന നിലക്കുള്ള ഉര്‍ദുഗാന്റെ രണ്ടാം ഊഴത്തിലാണ്. 2007 ജൂലൈ 22-നായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. തകര്‍പ്പന്‍ വിജയമാണ് അക് പാര്‍ട്ടി നേടിയത്. പോള്‍ ചെയ്ത വോട്ടിന്റെ 47 ശതമാനം അവര്‍ നേടി. 2002-ലെ തെരഞ്ഞെടുപ്പില്‍ 34 ശതമാനമായിരുന്നു അവരുടെ വിഹിതം. പോളിംഗ് 85 ശതമാനമായി ഉയരുക കൂടി ചെയ്തിരുന്നു. കേവലം നാലര വര്‍ഷത്തെ ഭരണം കൊണ്ട് 13 ശതമാനം വോട്ടുകളാണ് വര്‍ധിച്ചത്. ഇത്തവണ പാര്‍ലമെന്റില്‍ 341 സീറ്റുകളും അവര്‍ സ്വന്തമാക്കി. തൊട്ടടുത്ത എതിരാളി റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് 119 സീറ്റുകളേ നേടാനായുള്ളൂ. പലതരം വംശീയ വിഭാഗങ്ങള്‍ താമസിക്കുന്ന രാജ്യമാണ് തുര്‍ക്കി. ഏതു മുഖ്യധാരാ പാര്‍ട്ടിക്കും രാജ്യത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനമില്ല. എല്ലാ മേഖലകളിലും സ്വാധീനമുള്ള ഏക പാര്‍ട്ടി ഉര്‍ദുഗാന്റേതാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. വിഘടനവാദ പ്രവണത ശക്തിപ്പെട്ടുകൊണ്ടിരുന്ന കുര്‍ദ് മേഖലയിലും അക് പാര്‍ട്ടിയാണ് ജയിച്ചുകയറിയത്. അതേവര്‍ഷം തന്നെയാണ് തുര്‍ക്കി പ്രസിഡന്റിന്റെ കാലാവധി അവസാനിച്ചത്. തന്റെ വലംകൈയായ അബ്ദുല്ലാ ഗുലിനെയാണ് ഉര്‍ദുഗാന്‍ ആ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

 

സാമ്പത്തിക കുതിപ്പ് തുടരുന്നു

സാമ്പത്തിക കുതിപ്പ് തന്നെയായിരുന്നു ഉര്‍ദുഗാന്റെ രണ്ടാം ഊഴത്തിന്റെയും സവിശേഷത. 2010-ലെ കണക്കനുസരിച്ച് വാര്‍ഷിക ആഭ്യന്തര ഉല്‍പാദനം ഒരു ട്രില്യന്‍ ഡോളറിന്റെ അടുത്തെത്തി; കൃത്യമായി പറഞ്ഞാല്‍ 960.5 ബില്യന്‍ ഡോളര്‍. ലോകമാകെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന കാലമായിരുന്നു ഇതെന്ന് ഓര്‍ക്കണം. വാര്‍ഷിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തില്‍നിന്ന് പിറകോട്ടു പോയതുമില്ല. 2008-ല്‍ ആളോഹരി വാര്‍ഷിക വരുമാനം പതിനായിരം ഡോളറില്‍ എത്തുകയും ചെയ്തിരുന്നു. അതായത് അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ വരുമാനം അരലക്ഷം ഡോളറായിരിക്കും. തുര്‍ക്കിയിലെ സാധാരണക്കാരന് സ്വപ്‌നം കാണാന്‍ കഴിയാതിരുന്ന കുതിപ്പാണിത്.

ഈ ഘട്ടത്തില്‍ തുര്‍ക്കി ലോകത്തെ പതിനാറാമത്തെ സാമ്പത്തിക ശക്തിയാണ്. പണപ്പെരുപ്പം 2011 ആയപ്പോഴേക്കും മൂന്നര ശതമാനം ആയി കുറയുകയും ചെയ്തു. അരനൂറ്റാണ്ടിനിടക്ക് ഇത്രയും താഴ്ന്ന നിലയില്‍ പണപ്പെരുപ്പം എത്തിയിട്ടില്ല. 2010-ല്‍ കയറ്റുമതി 117 ബില്യന്‍ ഡോളറായി ഉയര്‍ന്നിരുന്നു. ആധുനിക തുര്‍ക്കി റിപ്പബ്ലിക്കിന് നൂറ് വയസ്സ് തികയുന്ന 2023 ആകുമ്പോഴേക്കും ആ രാഷ്ട്രത്തെ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ വളരെ ആസൂത്രിതമായിരുന്നു സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ലോകത്തെ 27-മത്തെ നഗരമായി ഇസ്തംബൂള്‍ ഉയരുകയും ചെയ്തിരുന്നു. വ്യാവസായിക മേഖലയിലും ഉണര്‍വും ആവേശവും ദൃശ്യമായി. കാര്‍ നിര്‍മാണത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. 2009-ല്‍ നാലു ലക്ഷത്തി അറുപതിനായിരം കാറുകളാണ് വിപണിയിലിറക്കിയതെങ്കില്‍, അടുത്ത വര്‍ഷമിത് അഞ്ചു ലക്ഷത്തി ഒമ്പതിനായിരമായി.  വാഹനങ്ങള്‍ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ആസൂത്രണങ്ങള്‍. 2023 ആകുമ്പോഴേക്ക് രാജ്യത്തിനാവശ്യമായ സൈനികവും സിവിലിയനുമായ മുഴുവന്‍ വിമാനങ്ങളും സ്വന്തമായി നിര്‍മിക്കുമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍