Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ കര്‍മനിരതനായ പണ്ഡിതന്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുമായി അടുത്തിടപഴകാന്‍ ആദ്യമായി അവസരം ലഭിച്ചത് മുസ്‌ലിം സംഘടനാ നേതാക്കളുടെ സംഗമത്തില്‍ വെച്ചാണ്. അവസാനമായി നേരില്‍ കണ്ട് സംസാരിച്ചതും മൂന്നു നാല് മാസം മുമ്പ് കോഴിക്കോട്ട് നടന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തന്നെ. മുസ്‌ലിം നേതൃസംഗമങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ബാപ്പു മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം തന്റെ സംഘടനയുടെ കാഴ്ചപ്പാടില്‍ കണിശത പുലര്‍ത്തിയതോടൊപ്പം മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പൊതു പ്രശ്‌നങ്ങളില്‍ മറ്റു സംഘടനകളുമായി ചേര്‍ന്നുനില്‍ക്കാന്‍ ഔത്സുക്യം കാണിച്ചു. സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ താല്‍പര്യം കാണിച്ചിരുന്ന ബാപ്പു മുസ്‌ലിയാര്‍ വീക്ഷണവ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വീട്ടിലും പുറത്തും വെച്ച് കണ്ടുമുട്ടുമ്പോള്‍ സംസാരിച്ചിരുന്നത് സമുദായത്തിന്റെ പുരോഗതിയെയും വളര്‍ച്ചയെയും സംബന്ധിച്ചായിരുന്നു.

സമസ്ത മുശാവറ അംഗം, ഫത്‌വാ കമ്മിറ്റിയംഗം, സുപ്രഭാതം പത്രം ചെയര്‍മാന്‍, ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചുകൊണ്ടിരിക്കെയാണ് ബാപ്പു മുസ്‌ലിയാര്‍ പരലോകം പ്രാപിച്ചത്. സുപ്രഭാതം പത്രത്തിന്റെ മുഖ്യശില്‍പിയായ അദ്ദേഹം മികച്ച സംഘാടകനായിരുന്നു. കര്‍മനിരതമായ ജീവിതമായിരുന്നു ആ പണ്ഡിത ശ്രേഷ്ഠന്റേത്. അതുകൊണ്ടുതന്നെ ധാരാളം സംരംഭങ്ങള്‍ക്ക് സമാരംഭം കുറിക്കാനും വളര്‍ത്തിക്കൊണ്ടുവരാനും ബാപ്പു മുസ്‌ലിയാര്‍ക്ക് സാധിച്ചു. കടമേരി റഹ്മാനിയാ അറബിക്കോളേജ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം അതിന്റെ വളര്‍ച്ചക്കും വികാസത്തിനും മുന്നില്‍ നിന്നു. മതപണ്ഡിതനായിരിക്കെത്തന്നെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്നു. രണ്ടു തവണ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയെന്ന ബഹുമതികൂടി ബാപ്പു മുസ്‌ലിയാര്‍ക്കുണ്ട്.

സമസ്തയുടെ പല സംരംഭങ്ങളെയും പരിഷ്‌കരിക്കുന്നതിലും ആധുനികവത്കരിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചത് ബാപ്പു മുസ്‌ലിയാരാണ്. ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരിക്കെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം അതീവ താല്‍പര്യം കാണിച്ചു.സ്ഥിരോത്സാഹമാണ് സമസ്തയുടെ മിക്ക സംരംഭങ്ങളുടെയും നേതൃസ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് സഹായകമായത്. സ്വന്തം നാട്ടില്‍ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കാനും ബാപ്പു മുസ്‌ലിയാര്‍ക്ക് സാധിച്ചു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക കോംപ്ലക്‌സിന്റെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ദീര്‍ഘവീക്ഷണവുമായിരുന്നു അദ്ദേഹത്തിന്റെ മൂലധനമെന്ന് അദ്ദേഹത്തോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചവര്‍ എപ്പോഴും പറയാറുണ്ട്.

സ്‌നേഹപൂര്‍വമായ വ്യക്തിബന്ധം പുലര്‍ത്തിയ ബാപ്പു മുസ്‌ലിയാരുമായി അവസാനമായി കണ്ടുപിരിയുമ്പോള്‍ ഇത്ര പെട്ടെന്ന് അദ്ദേഹം വിടപറയുമെന്ന് സങ്കല്‍പിച്ചതേയില്ല. നമ്മുടെ സങ്കല്‍പങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണല്ലോ സര്‍വശക്തന്റെ വിധി. അല്ലാഹു അദ്ദേഹത്തെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ- ആമീന്‍. 

 

പ്രഫ. പി.എ സഈദ്-നവോത്ഥാന രംഗത്ത് ചലനം സൃഷ്ടിച്ച കര്‍മയോഗി

ഡോ. എ.എ ഹലീം

പ്രഫ. പി.എ സഈദ് സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി. ദക്ഷിണ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന ചലനങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്നവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. പണ്ഡിതന്‍, ഇസ്‌ലാമിക പ്രബോധകന്‍, അറബി ഭാഷാഭിജ്ഞന്‍, സംഘാടകന്‍, വാഗ്മി, ജനസേവകന്‍ തുടങ്ങിയ നിലകളില്‍ കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി സഈദ് സാഹിബ് സജീവസാന്നിധ്യമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നിരവധി പണ്ഡിത കുടുംബങ്ങള്‍ മലബാറില്‍നിന്ന് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ വന്ന് താമസമാക്കുകയുണ്ടായി. മലബാര്‍ സമരകാലത്തെ അസ്വസ്ഥതകളായിരുന്നു മുഖ്യമായും ആ കുടിയേറ്റത്തിന് നിമിത്തമായത്. അതില്‍, പൊന്നാനി താലൂക്കിലെ വെളിയങ്കോട്ടുനിന്ന് കുടിയേറിയവരാണ് സഈദ് സാറിന്റെ പൂര്‍വികര്‍. അവരില്‍ അറിയപ്പെട്ട പണ്ഡിതനായിരുന്ന അലി മൗലവിയുടെയും വെളിയങ്കോട് അബൂബക്കര്‍ മൗലവിയുടെ മകള്‍ ആമിന ഉമ്മയുടെയും പുത്രനായി 1941 ഒക്‌ടോബര്‍ 26-ന് തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്താണ് സഈദ് സാഹിബിന്റെ ജനനം. ദീര്‍ഘകാലം ആലങ്കോട് ജുമാ മസ്ജിദില്‍ ഇമാമും മുദര്‍രിസുമായിരുന്നു പിതാവ് അലി മൗലവി. ഉമ്മ ആമിന (കൊല്ലം അബ്ദുല്ല മൗലവിയുടെ സഹോദരി) ഇപ്പോഴും ഞാറയില്‍കോണത്ത് സഈദ് സാറിന്റെ അനുജന്‍ അബ്ദുര്‍റശീദിന്റെ കൂടെ താമസിക്കുന്നു.

അറബി ഭാഷയിലും വിവിധ മതവിജ്ഞാനീയങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പിതാവില്‍നിന്ന് തന്നെയാണ് സഈദ് സാര്‍ പ്രാഥമിക മതപഠനാനന്തരം അറബി കിതാബുകള്‍ പഠിക്കുകയും വൈജ്ഞാനിക ഭദ്രത നേടുകയും ചെയ്തത്. പളളിദര്‍സില്‍ പഠിക്കുമ്പോള്‍ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു. പഠനവിഷയങ്ങളില്‍ മികവു പുലര്‍ത്തിയിരുന്ന മകനെ സെക്കന്ററി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് ഫാറൂഖ് കോളേജില്‍ അയച്ചുപഠിപ്പിക്കാന്‍ പിതാവ് ആഗ്രഹിച്ചുവെങ്കിലും യാഥാസ്ഥിതികരായ ബന്ധുക്കളുടെയും മഹല്ല് നിവാസികളുടെയും എതിര്‍പ്പ് കാരണം ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട്, സ്വന്തം നിലയില്‍ അഫ്ദലുല്‍ ഉലമാ പരീക്ഷയെഴുതി വിജയിക്കുകയും 1969-ല്‍ കൊല്ലം ഗവ. ഹൈസ്‌കൂളില്‍ അറബി ഭാഷാധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

തുടര്‍ന്ന്, സ്വകാര്യമായി പഠിച്ച് അറബി ഭാഷയില്‍ ഒന്നാം റാങ്കോടെ ബിരുദവും രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1975-ല്‍ അറബി ഭാഷാധ്യാപകനായി ആറ്റിങ്ങല്‍ ഗവ.കോളേജില്‍ ജോലിയില്‍ പ്രവേശിച്ച സഈദ് സാര്‍ 1997-ല്‍ വൈസ് പ്രിന്‍സിപ്പലായിരിക്കെ, സര്‍വീസില്‍നിന്ന് വിരമിക്കുന്നതുവരെ ഒരേ സ്ഥാപനത്തില്‍ തന്നെ തുടര്‍ച്ചയായ 22 വര്‍ഷം സേവനമനുഷ്ഠിച്ചു. അധ്യാപനം നിര്‍വഹിക്കുന്നതിനിടയില്‍തന്നെ, തിരുവനന്തപുരം ജില്ലയിലെ വിവിധ മഹല്ല് മസ്ജിദുകളില്‍ ഖത്വീബായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. വക്കം കിഴക്ക്, വക്കം പടിഞ്ഞാറ്, മുരുക്കുംപുഴ, അഴീക്കോട് മഹല്ലുകള്‍ അവയില്‍ ഉള്‍പ്പെടുന്നു. 1970-ല്‍ അഴീക്കോട് മഹല്ലില്‍ മിമ്പറില്‍ നിന്നുകൊണ്ടുള്ള മലയാള ഖുത്വ്ബക്ക് അദ്ദേഹമാണ് തുടക്കമിട്ടത്. അത് പിന്നീട് അദ്ദേഹത്തിനു ശേഷം രണ്ടു പതിറ്റാണ്ടുകാലം തുടര്‍ന്നുപോരുകയുണ്ടായി. ഞാറയില്‍ക്കോണം മഹല്ല് പ്രസിഡന്റ്, വലിയകുന്ന് പള്ളി ഇമാം എന്നീ സ്ഥാനങ്ങളും ഇക്കാലത്ത് അദ്ദേഹം വഹിച്ചിരുന്നു.

1967 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട സഈദ് സാഹിബ്, 1980 മുതല്‍ 1985 വരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രസ്ഥാനത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സമ്മേളനം മലപ്പുറം ദഅ്‌വത്ത് നഗറില്‍ നടന്ന ഈ കാലഘട്ടത്തിലാണ് പ്രസ്ഥാനം ദക്ഷിണ കേരളത്തില്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. പ്രസ്തുത സമ്മേളനത്തില്‍ നിരവധിയാളുകളെ തെക്കുനിന്ന് പങ്കെടുപ്പിക്കുന്നതിനും സമ്മേളന പ്രചാരണ പരിപാടികള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് പ്രയോജനപ്പെടുത്തുന്നതിനും ചുക്കാന്‍ പിടിച്ചവരില്‍ മുന്‍നിരയിലായിരുന്നു സഈദ് സാറിന്റെ സ്ഥാനം. 

1985 മുതല്‍ 1992 വരെ അദ്ദേഹം തിരുവനന്തപുരം ജില്ലാ നാസിമായി സേവനമനുഷ്ഠിച്ചു. പ്രസ്തുത കാലയളവിലും അതിനു മുമ്പും ശേഷവുമായി കളിയിക്കാവിള, ബാലരാമപുരം, കരമന, വള്ളക്കടവ്, മംഗലപുരം, മുരുക്കുംപുഴ, കണിയാപുരം, വാവറയമ്പലം, വക്കം, ആറ്റിങ്ങല്‍, ആലംകോട്, കല്ലമ്പലം, നിലയ്ക്കാമുക്ക്, വടശ്ശേരിക്കോണം, കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം മുതലായ പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അവിടങ്ങളില്‍ പഠനവൃത്തങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

പതിറ്റാണ്ടിലേറെക്കാലം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വേദികളില്‍ ഇസ്‌ലാമിക പ്രഭാഷണവും പഠന ക്ലാസ്സും നിര്‍വഹിച്ചിരുന്നവരില്‍ സഈദ് സാറിനെപ്പോലെ ശ്രോതാക്കളെ ആകര്‍ഷിച്ചവര്‍ അപൂര്‍വമായിരിക്കും. പൈതൃകമായി കിട്ടിയ വൈജ്ഞാനിക ഉള്‍ക്കരുത്തിനു പുറമെ  പരന്ന വായനയും പഠനവും ചിന്തയും പരിശ്രമവും മുഖേന സ്വായത്തമാക്കിയ പാണ്ഡിത്യം മനോഹരമായ പ്രഭാഷണങ്ങളിലൂടെയും ജുമുഅ ഖുത്വ്ബകളിലൂടെയും അനുവാചകരിലേക്ക് പകര്‍ന്നുനല്‍കാന്‍ അനിതരസാധാരണമായ പാടവമുണ്ടായിരുന്നു അദ്ദേഹത്തിന്. 

സവിശേഷമായ അവതരണ രീതിയും മൗലികമായ കാഴ്ചപ്പാടും ആ പ്രഭാഷണങ്ങളുടെ മികവ് വര്‍ധിപ്പിച്ചു. ഭാഷാശുദ്ധിയും വ്യക്തതയും വിജ്ഞാന മികവുമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് ശ്രോതാക്കള്‍ ഏറെയുണ്ടായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് പ്രസ്ഥാനവേദികളിലും സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ചിരുന്ന പൊതു സദസ്സുകളിലും അദ്ദേഹം ശരീഅത്ത് സംബന്ധമായി നടത്തിയിരുന്ന പ്രൗഢമായ പ്രഭാഷണങ്ങള്‍ അവിസ്മരണീയമാണ്.

രചനാ രംഗത്തും പ്രഫ. സഈദിന്റെ സംഭാവനകളുണ്ട്. എന്നാല്‍, ഫീല്‍ഡിലെയും പ്രഭാഷണ രംഗത്തെയും തിരക്കു കാരണം ആ മേഖലയില്‍ അദ്ദേഹത്തിന് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആനുകാലികങ്ങളിലും സോവനീറുകളിലുമെഴുതിയ നിരവധി ലേഖനങ്ങള്‍ക്കു പുറമെ ഖുര്‍ആനിലെ യാസീന്‍ അധ്യായത്തെ ആസ്പദമാക്കി ഒരു ഗ്രന്ഥവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1972-ല്‍ കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ച അല്‍ഹാദി എന്ന അറബി മാസികയുടെ മാനേജിംഗ് എഡിറ്റര്‍  അദ്ദേഹമായിരുന്നു. 

തിരുവനന്തപുരം ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി സ്ഥാപനങ്ങളും ജനസേവന സംരംഭങ്ങളും കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും പ്രഫ. പി.എ സഈദ് നേതൃപരമായ പങ്കുവഹിക്കുകയുണ്ടായി. പാളയം ഇസ്‌ലാമിക് സെന്റര്‍, അഴീക്കോട് ഇസ്‌ലാമിക് എജ്യുക്കേഷനല്‍ കോംപ്ലക്‌സ്, ട്രിവാന്‍ഡ്രം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ്, കാരക്കാമണ്ഡപം ഐ.സി.സി, മെഡിക്കല്‍ ഗൈഡന്‍സ് & ഇന്‍െഫര്‍മേഷന്‍ സെന്റര്‍, തിരുവനന്തപുരം അഭയകേന്ദ്രം (സ്ഥാപകന്‍), കൊല്ലം ഉമയനല്ലൂര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നിവ ഉദാഹരണം. മരിക്കുമ്പോള്‍, മെഡിക്കല്‍ ഗൈഡന്‍സ് & ഇന്‍ഫെര്‍മേഷന്‍ സെന്റര്‍ ഡയറക്ടറും മെഡിക്കല്‍ കോളേജ് മഹല്ല്, ചാലക്കുഴി സൗഹൃദ വേദി എന്നിവയുടെ പ്രസിഡന്റും മഹല്ല് ഖത്വീബുമായിരുന്നു അദ്ദേഹം. 

സഈദ് സാഹിബിന്റെ സഹജമായ സവിശേഷതയായിരുന്നു മുഖത്തെ മായാത്ത പുഞ്ചിരി. നിരവധി ശിഷ്യഗണങ്ങള്‍, അനവധി സുഹൃത്തുക്കള്‍-വിരോധികള്‍ തീരെയില്ലാത്ത വന്‍ സൗഹൃദവലയം. പകരം നില്‍ക്കാന്‍ തെക്കന്‍ കേരളത്തില്‍, വിശിഷ്യാ  തിരുവനന്തപുരത്ത് ഇനി ഇങ്ങനെയൊരു പണ്ഡിതന്‍ ഉണ്ടായിട്ടുവേണം എന്നാണ് അടുത്തറിയുന്നവരുടെ പ്രതികരണം.

സഈദ് സാറിന്റെ മോട്ടോര്‍ സൈക്കിള്‍ സഞ്ചാരം പ്രസിദ്ധമാണ്. പ്രസ്ഥാനം താഴേ തട്ടില്‍ കെട്ടിപ്പടുക്കുന്നതിന്റെ  ഭാഗമായി ഏറെ അധ്വാനിച്ച ആ ത്യാഗിവര്യന്‍, ജില്ലയില്‍  എത്തിച്ചേരാത്ത പ്രദേശങ്ങള്‍ വിരളമായിരിക്കും. പലതവണ ബൈക്കില്‍നിന്നുവീണ് പരിക്കേറ്റിട്ടുണ്ട്. ഒരിക്കല്‍, ദേശീയപാതയോരത്ത് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് അബോധാവസ്ഥയിലായ അദ്ദേഹത്തെ മണിക്കൂറുകള്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇങ്ങനെ എത്രയെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരിക്കില്‍നിന്ന് മുക്തമായാലുടന്‍, അദ്ദേഹം കര്‍മ വീഥിയില്‍ തിരിച്ചെത്തുകയായി. 

തന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ആരിഫാ ബീവി ഏതാനും വര്‍ഷം മുമ്പും പ്രിയ മകള്‍ നിശാത് മൂന്ന് പതിറ്റാണ്ടു മുമ്പും മരണപ്പെട്ടു. ആദ്യഭാര്യയുടെ മരണശേഷം സഈദ് സാഹിബ് വിവാഹം ചെയ്തത് ഹലീമ ബീവിയെയാണ്. മൂത്ത മകന്‍ റഫീഖ് ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം ജില്ലാ സമിതിയംഗമാണ്. രണ്ടാമത്തെ മകന്‍ റശാദ് വിദേശത്ത് ജോലി ചെയ്യുന്നു. മൂത്ത മകള്‍ ബുശ്‌റ അഴിക്കോട്ടാണ് താമസം.

പ്രഫ. പി.എ സഈദിന്റെ വിയോഗത്തോടെ ദക്ഷിണ കേരളത്തിലെ നവോത്ഥാന രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ച സംഭവബഹുലമായ ഒരു മഹല്‍ ജിവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങള്‍ സ്വീകരിക്കുകയും വീഴ്ചകള്‍ പൊറുത്തു കൊടുക്കുകയും പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ-ആമീന്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍