Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

ഹാശിമി റഫ്‌സഞ്ചാനി വിടവാങ്ങുമ്പോള്‍

അബൂസ്വാലിഹ

മുന്‍ ഇറാനിയന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാശിമി റഫ്‌സഞ്ചാനി(82)യുടെ മരണത്തോടെ ഇറാനിലെ പരിഷ്‌കരണവാദികള്‍ക്ക് അവരുടെ എക്കാലത്തെയും വലിയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജനുവരി 8-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഖുമൈനിയുടെ വിശ്വസ്തരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന റഫ്‌സഞ്ചാനി 1980 മുതല്‍ 1989 വരെ പാര്‍ലമെന്റ് സ്പീക്കറും 1989 മുതല്‍ 1997 വരെ രണ്ടു തവണ ഇറാന്‍ പ്രസിഡന്റുമായിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാന്‍ സൈന്യത്തെ നയിച്ചിരുന്നതും അദ്ദേഹമായിരുന്നു. ഖുമൈനിയുടെ മരണശേഷം ഖാംനഈയെ പരമോന്നത ആത്മീയ നേതാവായി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ആത്മീയ നേതാവിനെ തെരഞ്ഞെടുക്കുന്ന ഉന്നതാധികാര സമിതിയിലടക്കം അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്നു.

പരിഷ്‌കരണ വാദങ്ങള്‍ ഉയര്‍ത്തിയതോടെ അദ്ദേഹം യാഥാസ്ഥിതിക നേതൃത്വവുമായി ഇടഞ്ഞു. ഭിന്നത മൂര്‍ഛിച്ചുനില്‍ക്കെ 2005-ല്‍ വീണ്ടും അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങി. ആദ്യ റൗണ്ട് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും രണ്ടാം റൗണ്ടില്‍ എതിരാളി മഹ്മൂദ് അഹ്മദി നിജാദിനോട് തോറ്റു. 2009-ല്‍ പരിഷ്‌കരണവാദികളുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച മീര്‍ ഹുസൈന്‍ മൂസവി തന്റെ വിജയം യാഥാസ്ഥിതിക പക്ഷം അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ അതിനെ പിന്തുണച്ചതും റഫ്‌സഞ്ചാനിക്ക് വിനയായി. 2009-ല്‍ പ്രസിഡന്റ് അഹ്മദി നിജാദ് തന്നെ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണമുന്നയിച്ചു. തുടര്‍ന്ന് ഏറക്കുറെ രാഷ്ട്രീയ വനവാസത്തിലായിരുന്നു അദ്ദേഹം. അതേവര്‍ഷം തെഹ്‌റാന്‍ പള്ളിയില്‍ ജുമുഅക്ക് നേതൃത്വം നല്‍കുന്ന ഇമാം എന്ന പദവിയും അദ്ദേഹത്തിന് നഷ്ടമായി. 2013-ല്‍ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന ഉന്നതാധികാര സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. അതേവര്‍ഷം ഒരിക്കല്‍കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം ശ്രമം നടത്തിയെങ്കിലും നാമനിര്‍ദേശം തള്ളപ്പെട്ടു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ മുഹ്‌സിന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ അപേക്ഷയും തള്ളപ്പെടുകയായിരുന്നു. ഇറാനിയന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന അദ്ദേഹത്തിന്റെ കുടുംബം, പരിഷ്‌കരണവാദിയായ ഹസന്‍ റൂഹാനി പ്രസിഡന്റായതോടെയാണ് നഷ്ടമായ ചിലതെങ്കിലും തിരിച്ചുപിടിച്ചത്. മരിക്കുമ്പോള്‍ പ്രശ്‌നപരിഹാര സമിതിയില്‍ മാത്രമാണ് റഫ്‌സഞ്ചാനിക്ക് അംഗത്വമുണ്ടായിരുന്നത്.

'അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് അതൊരിക്കലും പോറലേല്‍പ്പിച്ചിരുന്നില്ല' എന്ന പരമോന്നത നേതാവ് അലി ഖാംനഈയുടെ പ്രസ്താവം അനുശോചനവാക്യമായേ കണക്കിലെടുക്കേണ്ടതുള്ളൂ. അവര്‍ തമ്മിലെ ഭിന്നത അത്രക്ക് രൂക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം റഫ്‌സഞ്ചാനി 'നാളെയുടെ ലോകം സംവാദത്തിന്റേതാണ്, മിസൈലുകളുടേതല്ല' എന്നൊരു ട്വിറ്റര്‍ സന്ദേശം നല്‍കിയതിന് അതിരൂക്ഷമായാണ് ഖാംനഈ പ്രതികരിച്ചത്. ഇറാന്‍ നവീനായുധങ്ങള്‍ വികസിപ്പിക്കുന്നതിനെതിരെയുള്ള ഒളിയമ്പായിരുന്നു അത്. അധികാരികള്‍ക്ക് അവഗണിക്കാമായിരുന്ന ഒരു കമന്റ്. 'അറിയാതെ പറഞ്ഞതാണെങ്കില്‍ കുഴപ്പമില്ല; മനപ്പൂര്‍വമാണ് പറഞ്ഞതെങ്കില്‍ ദേശദ്രോഹമാണത്' എന്നായിരുന്നു ഖാംനഈയുടെ പ്രതികരണം. 

 

അസാരിയ ശിക്ഷിക്കപ്പെടുമോ?

 

എലോര്‍ അസാരിയക്കു വേണ്ടി സംസാരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു മുതല്‍ എത്ര പേരാണ്! അസാരിയയെ രക്ഷിക്കാന്‍ പാഞ്ഞുനടക്കുന്ന അവിഡര്‍ ലിബര്‍മാനെ പ്രതിരോധമന്ത്രി വരെയാക്കി നെതന്യാഹു. അസാരിയ ഇരുപതു വയസ്സ് മാത്രം പ്രായമുള്ള ഒരു ഇസ്രയേലീ പട്ടാളക്കാരനാണ്. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന യുസ്‌രി അല്‍ ശരീഫ് എന്ന ഫലസ്ത്വീനീ യുവാവിനെ അകാരണമായി വെടിവെച്ചുകൊന്നതിനാണ് അസാരിയ സൈനിക കോടതിയില്‍ വിചാരണ നേരിട്ടത്. വെടിവെപ്പ് സംഭവം മുഴുവനായി ആരോ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇസ്രയേലിലെ മനുഷ്യാവകാശ സംഘടനയായ ബിതസ്‌ലം ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കുറ്റാരോപിതന്‍ പലതരം കള്ളങ്ങള്‍ പറഞ്ഞുനോക്കിയെങ്കിലും ജഡ്ജിമാര്‍ക്ക് അതൊന്നും സ്വീകരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. ദൃശ്യങ്ങള്‍ അത്രക്ക് വ്യക്തമായിരുന്നു.

പരിക്കേറ്റ് വീണുകിടക്കുന്ന അല്‍ ശരീഫിന്റെ നാല് ഭാഗത്തും സൈനികര്‍ നിറതോക്കുമായി റോന്തു ചുറ്റുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. അവര്‍ ഫോണില്‍ സംസാരിക്കുന്നു, ഫോട്ടോകളെടുക്കുന്നു. ഒരാളും പരിക്കേറ്റയാളെ തിരിഞ്ഞുനോക്കുന്നില്ല. തൊട്ടപ്പുറത്ത് നിസ്സാര പരിക്ക് പറ്റിയ ഒരു ഇസ്രയേലീ സൈനികനെ ആംബുലന്‍സിലേക്ക് കയറ്റുന്നതു കാണാം. മിനിറ്റുകളോളം ഇത് തുടരുന്നു. പെട്ടെന്ന് കാഞ്ചിവലിക്കുന്ന ശബ്ദവും പിന്നെ വെടിയൊച്ചയും. വീണുകിടക്കുന്ന ഫലസ്ത്വീനിയുടെ തലയില്‍നിന്ന് രക്തം ചാലിട്ടൊഴുകുന്നതാണ് പിന്നീട് കാണുന്നത്. എന്നിട്ടും ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്ക് യാതൊരു ഭാവഭേദവുമില്ല. ഈ ക്രൂരകൃത്യം ചെയ്ത ഹസാരിയയെ ഒരാളും ഗുണദോഷിക്കുകയോ തടയുകയോ ചെയ്യുന്നില്ല. എല്ലാം പഴയപോലെ തന്നെ.

കുറ്റക്കാരനെന്ന് സൈനിക കോടതി കണ്ടെത്തിയ സ്ഥിതിക്ക് ഹസാരിയക്ക് ഇരുപതു വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്തു വിലകൊടുത്തും ഹസാരിയയെ രക്ഷിക്കാനാണ് നെതന്യാഹുവും കൂട്ടരും ശ്രമിക്കുന്നത്. ഹസാരിയക്ക് ഇസ്രയേല്‍ പ്രസിഡന്റ് മാപ്പ് കൊടുക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സര്‍വേ പ്രകാരം, 65 ശതമാനം ഇസ്രയേലികളും ഹസാരിയയെ വെറുതെ വിടണമെന്ന അഭിപ്രായക്കാരാണ്.

ഹസാരിയക്ക് വലിയ ശിക്ഷയൊന്നും ലഭിക്കാനിടയില്ല. സമ്മര്‍ദങ്ങള്‍ അത്രക്ക് ശക്തമാണ്. അധിനിവിഷ്ട ഫലസ്ത്വീനില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിലേക്ക് ലോകശ്രദ്ധ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ഈ കേസിന്റെ പ്രത്യേകത. അല്‍ജസീറ കോളമിസ്റ്റ് നെവ് ഗോര്‍ഡന്‍ ചൂണ്ടിക്കാട്ടിയതുപോലെ, കൂട്ടത്തിലെ അളിഞ്ഞ ആപ്പിളല്ല ഹസാരിയ. ഇസ്രയേല്‍ അധിനിവേശ ഭീകരതയുടെ പരിഛേദമാണ് ഈ സംഭവം. ഇതുപോലുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. വീഡിയോയില്‍ പകര്‍ത്താത്തതുകൊണ്ട് അക്രമികള്‍ പിടിക്കപ്പെടുന്നില്ല. നിര്‍ഭാഗ്യം കൊണ്ട് ഹസാരിയ കാമറക്കണ്ണില്‍ കുടുങ്ങിയെന്നുമാത്രം. ഹസാരിയക്ക് ഇരുപതു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചാല്‍ ഇസ്രയേലിനകത്ത് അധിനിവേശവിരുദ്ധ പോരാട്ടം നടത്തുന്ന മനുഷ്യാവകാശ സംഘടനകള്‍ക്ക് അത് കരുത്തു പകരുമെന്ന് നെവ് ഗോര്‍ഡന്‍ നിരീക്ഷിക്കുന്നു. 

 

'പടുകുഴിയുടെ വക്കത്ത് തുര്‍ക്കി'

 

ഇത് 'അല്‍അറബി അല്‍ ജദീദ്' ഓണ്‍ലൈന്‍ പത്രത്തില്‍ ഉസാമ അബൂ അര്‍ശീദ് എഴുതിയ ലേഖനത്തിന്റെ (5-1-2017) തലക്കെട്ട്. ഇസ്തംബൂള്‍, അങ്കാറ, ദിയാര്‍ ബക്ര്‍ തുടങ്ങിയ തുര്‍ക്കിയുടെ പ്രമുഖ നഗരങ്ങളിലെല്ലാം മാസങ്ങളായി ബോംബ് സ്‌ഫോടന പരമ്പരകളാണ്. അതിന്റെ തുടര്‍ച്ചയാണ് പുതുവത്സര പുലരിയില്‍ ഇസ്തംബൂള്‍ ഹോട്ടലില്‍ (നൈറ്റ് ക്ലബിലെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍) ഐ.എസ് ബന്ധം ആരോപിക്കപ്പെടുന്ന അക്രമി നടത്തിയ വെടിവെപ്പ്. നാല്‍പതു പേരാണ് അതില്‍ വധിക്കപ്പെട്ടത്. ഇസ്തംബൂളിലെ സ്റ്റേഡിയത്തിനു പുറത്തും തൊട്ടുടനെ രണ്ട് സ്‌ഫോടനങ്ങളുണ്ടായി. മരിച്ചവരില്‍ അധികവും പോലീസുകാര്‍. കഴിഞ്ഞ ജൂലൈയിലുണ്ടായ പരാജയപ്പെട്ട അട്ടിമറിശ്രമം, അങ്കാറയില്‍ വെച്ച് ടര്‍ക്കിഷ് പോലീസിലെ ഒരു അംഗം റഷ്യന്‍ അംബാസഡറെ വെടിവെച്ചുകൊന്നത് ഇതെല്ലാം ചേര്‍ത്തുവായിക്കണമെന്ന് ലേഖകന്‍. അക്രമങ്ങള്‍ നടത്തുന്നത് ആരാണ്? വിമത നേതാവ് ഫത്ഹുല്ല ഗുലന്റെ ആളുകളാണോ? ഐ.എസ് ആണോ? കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണോ? അതല്ലെങ്കില്‍ രാഷ്ട്രാന്തരീയ-മേഖലാ ശക്തികളാണോ? ഉത്തരവാദികള്‍ ആരായിരുന്നാലും പോലീസിനോ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കോ ആക്രമണങ്ങള്‍ തടയാനാവുന്നില്ല.

സിറിയയിലെ അല്‍ബാബ് മേഖലയില്‍ തുര്‍ക്കി സൈനിക ഓപ്പറേഷന്‍ (യൂഫ്രട്ടീസ് പരിച) നടക്കുന്നുണ്ട്. ഐ.എസ് ശക്തികേന്ദ്രമാണ് അല്‍ബാബ്. കുര്‍ദ് വിമത കേന്ദ്രങ്ങളും തുര്‍ക്കി സൈന്യത്തിന്റെ ലക്ഷ്യമാണ്. ഐ.എസിന്റെയും കുര്‍ദ് വിമതരുടെയും പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പ്. പക്ഷേ ഇവരൊക്കെ കേവലം ഉപകരണങ്ങള്‍ മാത്രം. പിന്നില്‍ കളിക്കുന്നത് മറ്റു പലരുമാണ്. അക് പാര്‍ട്ടി വിജയകരമായി പരീക്ഷിച്ചുവരുന്ന തുര്‍ക്കി മോഡല്‍ ഭരണപരിഷ്‌കാരങ്ങളെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. ഖത്തറൊഴികെ ഒരു രാഷ്ട്രത്തെയും തുര്‍ക്കിക്ക് വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്. തുര്‍ക്കി റഷ്യയുമായി ചങ്ങാത്തം പുനഃസ്ഥാപിക്കുന്നതില്‍ അമേരിക്ക അരിശത്തിലാണ്. ഇസ്രയേലുമായും ഇറാഖിലെ ഹൈദര്‍ അബ്ബാദി ഭരണകൂടവുമായും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതും ബശ്ശാര്‍ ഭരണകൂടത്തോടുള്ള നിലപാടില്‍ മാറ്റം വരുത്തുന്നതും പ്രതിസന്ധി മറികടക്കാന്‍ തന്നെയാണ്. അപ്പോഴും പടുകുഴിയുടെ വക്കില്‍ തന്നെയാണ് തുര്‍ക്കി നില്‍ക്കുന്നതെന്ന് ലേഖകന്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍