Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

ഫാഷിസത്തെ ചെറുക്കാന്‍ സ്ട്രാറ്റജി രൂപപ്പെടുത്തണം

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനമിറക്കിക്കഴിഞ്ഞു. ഇതില്‍ പല കാരണങ്ങളാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത് യു.പി തെരഞ്ഞെടുപ്പ് തന്നെ. അവിടെ അഛനും മകനും തമ്മിലെ പോര് ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. പുറത്താക്കല്‍/അകത്താക്കല്‍ നാടകങ്ങള്‍ക്കു ശേഷം, സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ അഛന്‍ മുലായം സിംഗ് നിലനിര്‍ത്തുമോ, മകന്‍ അഖിലേഷ് യാദവ് തട്ടിയെടുക്കുമോ എന്നറിയാന്‍ ജനം ഉദ്വേഗപൂര്‍വം കാത്തിരിക്കുന്നു. പാര്‍ട്ടി പിളരുമോ ഇല്ലേ എന്നു പോലും പ്രവചിക്കാനാവുന്നില്ല. പിളര്‍ന്നാലും നഷ്ടം അഛന്‍ മുലായമിനു തന്നെ. ബഹുഭൂരിഭാഗം എം.എല്‍.എമാരും ജില്ലാ-പ്രാദേശിക ഘടകങ്ങളും അഖിലേഷിനൊപ്പമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതീക്ഷകള്‍ ഏറക്കുറെ അസ്തമിച്ചുകഴിഞ്ഞിരുന്ന എസ്.പിക്ക്, അഖിലേഷിന്റെ കൊട്ടാരകലാപം പുത്തനുണര്‍വ് നല്‍കിയിരിക്കുകയാണ്.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് തൊട്ടപ്പുറത്ത് ബി.ജെ.പി ചങ്കിടിപ്പോടെ നില്‍ക്കുന്നുണ്ട്. അവര്‍ക്കിത് ജീവന്മരണ പോരാട്ടത്തില്‍ കുറഞ്ഞ ഒന്നുമല്ല. കറന്‍സി നിരോധവും 'കള്ളപ്പണ വേട്ട'യുമായിരിക്കും പ്രധാന തെരഞ്ഞെടുപ്പ് ഇഷ്യൂ ആയി ഉയര്‍ത്തിക്കൊണ്ടുവരിക. ഗ്രാമങ്ങളില്‍ അത് തിരിച്ചടിക്കുമോ എന്നവര്‍ ശരിക്കും ഭയക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, പതിനൊന്നാം മണിക്കൂറില്‍ രാമക്ഷേ്ര്രതത്തിലേക്കു തന്നെ മലക്കം മറിഞ്ഞു കൂടായ്കയില്ല. പിടിവള്ളിയൊന്നും കിട്ടിയില്ലെങ്കില്‍ കയ്‌റാനയെയും പിടികൂടിയേക്കാം. മുസ്‌ലിംകള്‍ പീഡിപ്പിക്കുന്നതു കാരണം കയ്‌റാന എന്ന യു.പി പട്ടണത്തില്‍നിന്ന് ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു എന്ന് ബി.ജെ.പി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. അത് പച്ചക്കള്ളമാണെന്ന് വിവിധ പത്രങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പിന്നെ അതേക്കുറിച്ച് മിണ്ടാട്ടമില്ലാതായി. കയ്‌റാന വീണ്ടും പൊടിതട്ടിയെടുത്തേക്കുമെന്ന അഭ്യൂഹം എത്ര നിസ്സഹായാവസ്ഥയിലാണ് ബി.ജെ.പി എന്ന് കാട്ടിത്തരുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഗോദയില്‍ ഗുസ്തിക്കിറങ്ങുന്ന മൂന്നാം കക്ഷി ബഹുജന്‍ സമാജ് പാര്‍ട്ടിയാണ്. ദലിത് വോട്ടുകളിലാണ് അതിന്റെ നേതാവ് മായാവതി ഇത്രയും കാലം പ്രതീക്ഷയര്‍പ്പിച്ചുപോന്നിരുന്നത്. ഇത്തവണ സമവാക്യത്തില്‍ അവര്‍ പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ്. മുസ്‌ലിംകള്‍ക്കും തുല്യമോ അതിനേക്കാള്‍ കൂടുതലോ പരിഗണന നല്‍കി. പാര്‍ട്ടി 97 മുസ്‌ലിം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍, ദലിതരില്‍നിന്ന് 87 പേരെ മാത്രമാണ് തെരഞ്ഞെടുത്തത്. ബാക്കിയുള്ള സീറ്റുകള്‍ ബ്രാഹ്മണര്‍ക്കും മറ്റുമായി നീക്കിവെച്ചിരിക്കുന്നു. ഗോദയിലെ നാലാമത്തെ കളിക്കാരന്‍ കോണ്‍ഗ്രസിന് കാര്യമായ റോളൊന്നുമില്ല. ദല്‍ഹിക്കാര്‍ നിര്‍ദാക്ഷിണ്യം തോല്‍പിച്ചുവിട്ട ഷീലാ ദീക്ഷിതിനെ മാസങ്ങള്‍ക്കു മുമ്പേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതൊരു തമാശയായി കണ്ടാല്‍ മതി. അഖിലേഷ് എസ്.പി പിടിച്ചെടുക്കുകയോ പിളര്‍ത്തുകയോ ചെയ്താല്‍ അവരുമായി ഒരു സഖ്യത്തിന് സാധ്യതയുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം.

മുസ്‌ലിം വോട്ടുകള്‍ വളരെ നിര്‍ണായകമാണ് യു.പിയില്‍. അത് പങ്കിടാന്‍ മൂന്ന് കക്ഷികള്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. സമാജ്‌വാദി പാര്‍ട്ടിയിലെ പോരില്‍ മുസ്‌ലിംകള്‍ പൊതുവെ അഖിലേഷ് പക്ഷത്താണ്. മുലായമിന്റെ ഇടങ്കോലിടല്‍ രാഷ്ട്രീയം തന്നെ കാരണം. ബിഹാറില്‍ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും കോണ്‍ഗ്രസ്സും ബി.ജെ.പിക്കെതിരെ മഹാ സഖ്യമുണ്ടാക്കിയപ്പോള്‍ അതില്‍ ഇടങ്കോലിട്ട് സംഘ് പരിവാറിനെ പരോക്ഷമായി സഹായിക്കുന്ന നിലപാടെടുത്തു. മുലായമിനെ മാറ്റിനിര്‍ത്തിയാലും മൂന്ന് കക്ഷികള്‍ക്കിടയില്‍ മുസ്‌ലിം വോട്ടുകള്‍ ചിതറിപ്പോകുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പിയുടെ പ്രതീക്ഷയും അതാണ്. ഹൈദരാബാദില്‍നിന്ന് അസദുദ്ദീന്‍ ഉവൈസിയെപ്പോലുള്ളവര്‍ കാടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രയോജനവും ബി.ജെ.പിക്ക് കിട്ടും.

യു.പി തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയിട്ടും മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കൂട്ടായ ചര്‍ച്ചകളോ ആലോചനകളോ മുസ്‌ലിം സംഘടനകളുടെ പക്ഷത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് ആശ്ചര്യകരം. ഫാഷിസ്റ്റ് തേരോട്ടത്തിന് തടയിടാന്‍ പറ്റിയ ഏറ്റവും മികച്ച അവസരമായി അവരതിനെ കാണുന്നില്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ സംഘ്പരിവാര്‍ തറപറ്റുമെന്ന് ഉറപ്പ്. ഒരു തെരഞ്ഞെടുപ്പ് സ്ട്രാറ്റജി രൂപപ്പെടുത്തുകയാണ് ആവശ്യം. അതില്ലാത്തതുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 ശതമാനം മുസ്‌ലിംകളുള്ള യു.പിയില്‍നിന്ന് ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയും തെരഞ്ഞെടുക്കപ്പെടാതെ പോയത്. ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയെപ്പോലെ ഉള്‍ക്കാഴ്ചയുള്ള നേതാക്കള്‍ രംഗത്തിറങ്ങി മുസ്‌ലിം സംഘടനകളുടെ ഏകോപനം സാധ്യമാക്കിയപ്പോള്‍, വാജ്‌പേജിയുടെ രണ്ടാം വരവിനെ തടയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരു സ്ട്രാറ്റജി യു.പിയില്‍ മാത്രമല്ല മറ്റു നാല് സംസ്ഥാനങ്ങളിലും മതേതര കക്ഷികളും മുസ്‌ലിം സംഘടനകളുമെല്ലാം ചേര്‍ന്ന് എത്രയും വേഗം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസി നേടേണ്ട ഉള്‍ക്കാഴ്ചകള്‍
പി.എ സൈനുദ്ദീന്‍