Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

കൊങ്കണ്‍ മേഖലയില്‍

ഉമറുബ്‌നു യൂസുഫ് ഫലാഹി

മഹാരാഷ്ട്രയിലെ മുംബൈ ഉള്‍പ്പെടുന്ന കൊങ്കണ്‍ മേഖല പുരാതന കാലം മുതലേ മുസ്‌ലിം പശിമയുള്ള പ്രദേശമാണ്. വിശിഷ്യാ, അവിടത്തെ  താനെ, റായ്ഗഢ്, രത്‌നഗിരി, സിന്ധുദര്‍ഗ് ജില്ലകള്‍. അവക്കു പുറമെ ഔറംഗാബാദ്, നന്ദേഢ്, അകോല, ഗോവ, കര്‍ണാടകയിലെ ബട്കല്‍, കേരളം, തമിഴ്‌നാട്ടിലെ ചെന്നൈ (മദ്രാസ്), ആന്ധ്രയിലെ ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ശാഫിഈ ഫിഖ്ഹ് അനുസരിച്ചാണ് വലിയൊരു വിഭാഗം മുസ്‌ലിംകളും ജീവിക്കുന്നത്. ഈ മേഖലകളില്‍നിന്ന് ശാഫിഈ കര്‍മശാസ്ത്രത്തില്‍ നിരവധി വൈജ്ഞാനിക സംഭാവനകളും ഉണ്ടായിട്ടുണ്ട്. 

തഅ്‌ലീമുദ്ദീന്‍ എന്ന ഗ്രന്ഥം അതില്‍ പ്രധാനമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍, ആരാധനകള്‍ എന്നിവയാണ് ഉള്ളടക്കം. മൂന്ന് ഭാഗങ്ങളായിത്തിരിച്ച ഗ്രന്ഥത്തില്‍ ആദ്യത്തെയും അവസാനത്തെയും ഭാഗം ചോദ്യോത്തര രൂപത്തിലാണ്. അനിസ്‌ലാമിക പ്രവണതകളില്‍നിന്ന് വിശ്വാസികള്‍ക്ക് മോചനമേകുന്ന, അടിസ്ഥാന ആശയങ്ങള്‍ പഠിപ്പിക്കുന്ന ഗ്രന്ഥം എന്നാണ് കൃതിയെ മുംബൈ ജാമിഅ് മസ്ജിദ് ഇമാം മൗലാനാ ശൗകത്ത് അലി പരിചയപ്പെടുത്തിയത്. മതപാഠശാലയിലെ തുടക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായതിനാല്‍ അവിടത്തെ പാഠ്യപദ്ധതിയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മഹാരാഷ്ട്രയിലെ പ്രമുഖ മതസ്ഥാപനമായ ജാമിഅ ഹുസൈനിയ്യഃ അറബിയ്യഃ ശ്രീവര്‍ധനിലെ സാരഥിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ സയ്യിദ് അബ്ദുല്‍ മുന്‍ഇമാണ് ഗ്രന്ഥകര്‍ത്താവ്. 

തുഹ്ഫത്തുല്‍ ബാരി ഫീ ഫിഖ്ഹിശ്ശാഫിഈ ആണ് മറ്റൊരു രചന. മൗലാനാ മുഹമ്മദ് ഇബ്‌റാഹീമാണ് ഗ്രന്ഥകര്‍ത്താവ്. കര്‍മ ശാസ്ത്ര വിഷയങ്ങള്‍ മാത്രമാണ് ഉള്ളടക്കം. 1000 പേജുകളുള്ള ഗ്രന്ഥം മൂന്ന് വാള്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാഫിഈ ഫിഖ്ഹിലെ ഒരു വിജ്ഞാനകോശമാണ് ഈ ഗ്രന്ഥം. ഉര്‍ദു ഭാഷയില്‍ ശാഫിഈ കര്‍മശാസ്ത്ര വിവരണ ഗ്രന്ഥങ്ങള്‍ വേറെയും ഉണ്ടെങ്കിലും സമഗ്രത, വിഷയവൈപുല്യം, അവലംബ സ്രോതസ്സുകള്‍, ഭാഷാ സാരള്യം എന്നിവ പരിഗണിക്കുമ്പോള്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നതാണ്. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, ബട്ക്കല്‍ ഇസ്‌ലാമിക് അക്കാദമി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്‍യാസിന്ന് അയച്ച ഒരു കത്തില്‍ ഈ ഗ്രന്ഥത്തെ ഏറെ പ്രശംസിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കും പണ്ഡിതര്‍ക്കും ഉപകാരപ്പെടുന്നതാണ് ഗ്രന്ഥം, കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കി നടത്തിയ രചന എന്നിങ്ങനെയാണ് ഗ്രന്ഥത്തെപ്പറ്റി നദ്‌വിയുടെ പ്രശംസ. 2002-ലാണ് ഗ്രന്ഥം പ്രസിദ്ധീകൃതമായത്. ഇംഗ്ലീഷ് പരിഭാഷ നടന്നുവരുന്നു. ഒന്നാം ഭാഗത്തിന്റെ വിവര്‍ത്തനം ഹിന്ദിയിലും പൂര്‍ത്തിയായിട്ടുണ്ട്. 

മഅ്‌രിഫത്തുല്‍ അര്‍കാന്‍ ആണ് കൊങ്കണ്‍ മേഖലയില്‍ നിന്നുള്ള ശാഫിഈ മദ്ഹബിലെ മൂന്നാമത്തെ ഗ്രന്ഥം. അടിസ്ഥാന വിശ്വാസകാര്യങ്ങള്‍, ആരാധനകള്‍ എന്നീ ക്രമത്തിലാണ് രചന. 1988-ലാണ് 106 പേജുള്ള ഗ്രന്ഥം പുറത്തിറങ്ങിയത്. സ്ത്രീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന മറ്റൊരു ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥമാണ് ത്വഹാറതെ നിസാവാ. 1987-ല്‍ പ്രസിദ്ധീകൃതമായി. കൊങ്കണ്‍ മേഖലയിലെ പ്രമുഖ പണ്ഡിതനായ മൗലാനാ നിസാര്‍ അഹ്മദ് ആണ് മഅ്‌രിഫതുല്‍ അര്‍കാനിന്റെയും ത്വഹാറതെ നിസാവായുടെയും രചയിതാവ്. 

മനിയ്യതു ത്വാലിബ് വ മിന്നതുല്‍ മാലിക് എന്ന ഗ്രന്ഥവും പ്രസ്താവ്യമാണ്. പ്രസിദ്ധ ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥമായ ഉംദതുസ്സാലികി വഉദ്ദതുനാസികിന്റെ ഉര്‍ദു വിവര്‍ത്തനമാണിത്. ചില ഭാഗങ്ങള്‍ക്ക് വിശദീകരണവും ചേര്‍ത്തിട്ടുണ്ട്. മൗലാനാ മുഫ്തി നൂര്‍ മുഹമ്മദുബ്‌നു യൂസുഫാണ് രചയിതാവ്. 

പാഠപുസ്തക രൂപത്തില്‍ ഉര്‍ദുവില്‍ രചിക്കപ്പെട്ട മറ്റൊരു ശാഫിഈ ഗ്രന്ഥമാണ് തുഹ്ഫതുത്വാലിബ്. ജാമിഅ ഹുസൈനിയ്യ അധ്യാപകന്‍ മൗലാനാ ദാവൂദു ബ്‌നു ഉമര്‍ ആണ് ഗ്രന്ഥകര്‍ത്താവ്. 

Comments

Other Post