Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

സുന്നത്തും ബിദ്അത്തും മദ്ഹബിന്റെ നിലപാട്

ഇ.എന്‍ അബ്ദുര്‍റസാഖ്

ഇസ്‌ലാമിന്റെ തനിമ കാത്തുസൂക്ഷിക്കുന്നതിന് ദീനീനിയമങ്ങളും സംസ്‌കാരവും അടിസ്ഥാന സ്രോതസ്സുകളില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കേണ്ടതുണ്ട്. ഈ രംഗത്താണ് ഇമാം ശാഫിഈ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ചത്. ഭദ്രമായ അടിസ്ഥാന തത്ത്വങ്ങള്‍ ആവിഷ്‌കരിക്കാനും കുറ്റമറ്റ ഹദീസുകളുടെ സ്വീകാര്യത ഉറപ്പാക്കാനും നബിചര്യയുടെ പ്രാമാണികത തെളിവു സഹിതം സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇമാം ശാഫിഈ പ്രവാചകചര്യയെ പ്രതിരോധിക്കുകയും പുതുനിര്‍മിതികളെ തള്ളിക്കളയുകയും ചെയ്തു. പ്രമാണങ്ങളുടെ പിന്‍ബലമുള്ള വിശ്വാസാചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ ദുരാചാരനിര്‍മാതാക്കളെന്ന് (മുബ്തദിഅ്) ആക്ഷേപിക്കപ്പെടാറുണ്ട്. വിചിത്രമായ ബിദ്അത്തുകള്‍ അനുദിനം ജന്മമെടുക്കുകയാണ്. അതുകൊണ്ടുതന്നെ ദീനിനെതിരായ പുത്തനാവിഷ്‌കാരങ്ങള്‍ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങള്‍ അനാവൃതമാകേണ്ടതുണ്ട്. സുന്നത്തും ബിദ്അത്തും മുസ്‌ലിം ലോകത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. ഇതു സംബന്ധിച്ച ഇമാം ശാഫിഈയുടെ നിലപാട് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. 

 

പ്രവാചകചര്യ (സുന്നത്ത്)

മാര്‍ഗം, ചര്യ എന്നൊക്കെയാണ് സുന്നത്ത് എന്ന പദത്തിനര്‍ഥം. നല്ല മാര്‍ഗത്തിനും ചര്യക്കും 'സുന്നത്തുന്‍ ഹസന' എന്നും ദുര്‍മാര്‍ഗം, ചീത്ത ചര്യ എന്ന അര്‍ഥത്തില്‍ 'സുന്നത്തുന്‍ സയ്യിഅ' എന്നും പ്രയോഗിക്കുമെന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസ് വ്യക്തമാക്കുന്നു. നബി(സ)യുടെ വാക്കും പ്രവൃത്തിയും മൗനാനുവാദവും മാത്രമല്ല നബി ചെയ്യണമെന്ന് ഉദ്ദേശിച്ചിരുന്നതായി തെളിഞ്ഞ, എന്നാല്‍ ചെയ്യാന്‍ സാധിക്കാതെ പോയ കാര്യങ്ങളും സുന്നത്തിന്റെ പരിധിയില്‍പെടും. ഖുര്‍ആനിനു നബി നല്‍കുന്ന വിശദീകരണവും ഖുര്‍ആനിക സമീപനങ്ങളും ഖലീഫമാരുടെ തദനുസൃത നടപടികളും 'സുന്നത്തി'ന്റെ വിശാലാര്‍ഥത്തില്‍പെടുമെന്ന് ഇമാം ശാത്വിബിയെപ്പോലുള്ളവര്‍ വ്യക്തമാക്കുന്നു: 'സുന്നത്ത് കൊണ്ടുദ്ദേശ്യം നബിയില്‍നിന്നുള്ള വാക്ക്, പ്രവൃത്തി, അംഗീകാരം, ചെയ്യാനുദ്ദേശിച്ച കാര്യം' എന്നിവയാണെന്ന് ഇബ്‌നു ഹജരില്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ (13:245) രേഖപ്പെടുത്തിയിട്ടുണ്ട്. പദങ്ങള്‍ക്കപ്പുറം ആശയങ്ങളും ലക്ഷ്യങ്ങളും ഉദ്ദിഷ്ട നന്മകളും ഉള്‍ച്ചേര്‍ന്ന ഖുര്‍ആന്റെയും ഹദീസിന്റെയും താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ ആശയാദര്‍ശങ്ങളും കര്‍മങ്ങളും സുന്നത്തിന്റെ പരിധിയില്‍പെടുന്നു. ഇതിനെതിരായതെല്ലാം നവ നിര്‍മിതി(ബിദ്അത്ത്) ആണ്.

സുന്നത്തിന് അതീവ പ്രാധാന്യം കല്‍പിച്ചിരുന്ന ഇമാം ശാഫിഈ പറഞ്ഞു: ''എന്റെ ഗ്രന്ഥത്തില്‍ ദൈവദൂതന്റെ സുന്നത്തിനെതിരായതു കണ്ടാല്‍ നിങ്ങള്‍ പ്രവാചകന്റെ സുന്നത്ത് സ്വീകരിക്കുകയും എന്റെ വാക്ക് ഉപേക്ഷിക്കുകയും ചെയ്യണം'' (ശറഹുല്‍ മുഹദ്ദബ് 1:64). 

 

നവ നിര്‍മിതി (ബിദ്അത്ത്, മുഹ്ദസാത്) 

ബിദ്അത്തിനെ സംബന്ധിച്ച ഇമാം ശാഫിഈയുടെ നിലപാട് ഇതാണ്: ''ഖുര്‍ആനിനോ സുന്നത്തിനോ സ്വഹാബത്തിന്റെ പാരമ്പര്യത്തിനോ (അസര്‍) ഇജ്മാഇനോ (ഏകോപിതാഭിപ്രായം) വിരുദ്ധമായി പുതുതായി ഉണ്ടാക്കപ്പെടുന്നത് മാര്‍ഗഭ്രംശമാകുന്നു. അവക്കൊന്നും എതിരാവാതെ പുതുതായി ഉണ്ടാക്കപ്പെടുന്ന നന്മകള്‍ ആക്ഷേപാര്‍ഹമല്ല'' (മനാഖിബുശ്ശാഫിഈ 1:469). ബിദ്അത്തിനെ രണ്ടായി തരം തിരിച്ച ഇമാം ശാഫിഈ ഒന്ന് സ്തുത്യര്‍ഹമെന്നും മറ്റേത് ആക്ഷേപാര്‍ഹമെന്നും വ്യക്തമാക്കുന്നുണ്ട്. ശാഫീഈ മദ്ഹബിലെ പ്രമുഖ ഇമാമുമാരായ നവവിയും ഇസ്സുബ്‌നു അബ്ദിസ്സലാമും ബിദ്അത്തിനെ കൂടുതല്‍ സൂക്ഷ്മമായി വര്‍ഗീകരിച്ചതു കാണാം:

1) നിര്‍ബന്ധമായ ബിദ്അത്ത്. ഉദാ: ഖുര്‍ആന്‍ ക്രോഡീകരണം, പുത്തനാശയക്കാരെയും മതനിരാസകരെയും ഖണ്ഡിക്കല്‍.  

2) അഭികാമ്യമായ ബിദ്അത്ത്. ഉദാ: വൈജ്ഞാനിക ഗ്രന്ഥ രചന, വിദ്യാലയങ്ങളുടെ സംസ്ഥാപനം.

3) അനുവദനീയമായ ബിദ്അത്ത്. ഉദാ: ഭക്ഷണ വൈവിധ്യവും സമൃദ്ധിയും. 

4) അനഭിലഷണീയ ബിദ്അത്ത്. ഉദാ: പള്ളികളിലെ ആര്‍ഭാടം. 

5) നിഷിദ്ധമായ ബിദ്അത്ത്: മൗലിക പ്രമാണങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായവ (അവലംബം: ശറഹുമുസ്‌ലിം 6:154,155).

'മുഴുവന്‍ ബിദ്അത്തും മാര്‍ഗഭ്രംശമാണെ'ന്ന ഹദീസിന്റെ വിധി സോപാധികമാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു (ശറഹു മുസ്‌ലിം 6:154). മറ്റൊരിടത്ത് ഇമാം നവവി 'മുഴുവന്‍ ബിദ്അത്ത്' എന്നതു കൊണ്ട് ഉദ്ദേശ്യം ദുഷിച്ച ബിദ്അത്തുകളാണെന്ന് വ്യക്തമാക്കുന്നു (7:104). ഇമാം ഗസാലി നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ''പുതുതായി ആവിഷ്‌കരിച്ചതെല്ലാം നിരോധിക്കപ്പെട്ടതല്ല. സ്ഥിരപ്പെട്ട സുന്നത്തിന് എതിരായതും നിയമത്തിന്റെ നിമിത്തം (ഇല്ലത്ത്) നിലനില്‍ക്കെ ശരീഅത്തിന്റെ നിര്‍ദേശങ്ങളിലേതിനെയെങ്കിലും തള്ളിക്കളയുന്നതുമായ കാര്യമാണ് നിരോധിക്കപ്പെട്ട ബിദ്അത്ത്'' (ഇഹ്‌യാ 2:3). 

ചുരുക്കത്തില്‍, ദീനിന്റെ കാലികമായ വികാസവും സമഗ്രതയും, വിശ്വാസപരവും ആരാധനാനുഷ്ഠാനപരവുമല്ലാത്ത  പുതുമകളെ ഉള്‍ക്കൊള്ളാനുള്ള ആന്തരിക ശേഷിയില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഇസ്‌ലാമിന്റെ ആരാധനകളുടെയും അനുഷ്ഠാനങ്ങളുടെയും തനിമ അതിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ദീനില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടാത്തതുമായ ബിദ്അത്തുകളെ തിരിച്ചറിയലാണ് പ്രധാനം. 

ഇമാം ഇബ്‌നു ഹജരില്‍ അസ്ഖലാനി പറയുന്നു: ''പുതുതായി ഉണ്ടാക്കിയതും ശര്‍ഇല്‍ ഒരു അടിസ്ഥാനവുമില്ലാത്തതുമായ കാര്യമാണ് ബിദ്അത്ത്. ശര്‍ഇല്‍ വല്ല അടിസ്ഥാനവുമുണ്ടെങ്കില്‍ ബിദ്അത്തല്ല'' (ഫത്ഹുല്‍ബാരി 13:253). ഇമാം ശാഫിഈ അര്‍രിസാലയില്‍ പറയുന്നു: ''റസൂലിന് താഴെ മറ്റാര്‍ക്കും തെളിവിന്റെ പിന്‍ബലമില്ലാതെ ഒന്നും പറഞ്ഞുകൂടാ എന്നാണ് ഇത് തെളിയിക്കുന്നത്... നല്ലതെന്ന് തോന്നുന്നു എന്ന കാരണത്താലും ഒന്നും പറയാവതല്ല. നന്നായി തോന്നുന്നത് പറയുക എന്നതിനര്‍ഥം പൂര്‍വ മാതൃകയില്ലാതെ പുതുതായി ഉണ്ടാക്കിയ കാര്യം എന്നാണ്'' (1:25). ഇമാം ശാത്വിബി ഒന്നു കൂടി വിശദീകരിക്കുന്നു: ''ദീനില്‍ പുതുതായി നിര്‍മിച്ചതും ശര്‍ഇനോട് സാമ്യത പുലര്‍ത്തുന്നതും കൈക്കൊള്ളുന്നതിലൂടെ അല്ലാഹുവിനുള്ള ആരാധനയില്‍ കൂടിയ ഉത്സാഹം പ്രതീക്ഷിക്കുന്നതുമായ മാര്‍ഗത്തിനാണ് ബിദ്അത്ത് എന്ന് പറയുക'' (അല്‍ഇഅ്തിസാം 1:19). ചുരുക്കത്തില്‍, പിഴച്ചതും ശരീഅത്തിന്റെ പിന്‍ബലമില്ലാത്തതുമായ അഭിപ്രായങ്ങളും വിശ്വാസങ്ങളും വെച്ചുപുലര്‍ത്തുന്നവരെ മുബ്തദിഉകള്‍ എന്ന് വിളിക്കുന്നു.

മുന്‍ഗാമികളോടുള്ള വിധേയത്വം, കക്ഷിതാല്‍പര്യം, 'ഭൂരിപക്ഷം ശരി' എന്ന തെറ്റിദ്ധാരണ, അന്ധമായ പണ്ഡിത ഭക്തി തുടങ്ങിയവ ബിദ്അത്ത് ആവിഷ്‌കരിക്കാനും നിലനിര്‍ത്താനും പ്രേരിപ്പിക്കുന്നതായി മനസ്സിലാക്കാം. ദുര്‍ബല ഹദീസുകളെ കൂട്ടുപിടിച്ചും സ്വഹീഹായവയെ തള്ളിക്കളഞ്ഞും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചും പൊതുതത്ത്വങ്ങള്‍ ബലികഴിച്ചുമാണ് മിക്കപ്പോഴും ബിദ്അത്തുകള്‍ സംരക്ഷിക്കപ്പെടുന്നത്.

 

ഇമാം ശാഫിഈയുടെ സമീപനം 

ബിദ്അത്തുകാരെന്ന് അറിയപ്പെട്ടവരോടും എല്ലാ ബിദ്അത്തുകളോടും  ഒരേ സമീപനമായിരുന്നില്ല ഇമാം ശാഫിഈക്ക് ഉണ്ടായിരുന്നത്. മുഅ്തസിലി പണ്ഡിതനായ ഇബ്‌റാഹീമുബ്‌നു അബീയഹ്‌യയെ ഗുരുനാഥനായി സ്വീകരിക്കാന്‍ തയാറായ ഇമാം, അഹ്‌ലുര്‍റഅ്‌യുകാരനായ ബിശ്‌റുല്‍ മരീസിയോടും ഹദീസിന്റെ പ്രാമാണികത സംശയിച്ച ബസ്വറയിലെ  പണ്ഡിതന്മാരോടും സംവാദത്തിലേര്‍പ്പെട്ടത് ശ്രദ്ധേയമാണ്. വിയോജിക്കുന്നവരെ മതനിഷേധികളെന്ന് ആരോപിക്കുന്ന ദൈവശാസ്ത്രകാരന്മാരില്‍നിന്ന് ഇമാം ശാഫിഈ വ്യക്തമായ അകലം പാലിച്ചു. 'സ്വഹീഹായ ഹദീസാണ് തന്റെ മദ്ഹബ്' എന്ന നയം മറ്റു മദ്ഹബുകളോട് ആരോഗ്യകരമായ സമീപനത്തിന് ശാഫിഈയെ പ്രാപ്തനാക്കി.

ബിദ്അത്തുകാരെ എതിര്‍ക്കണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ യോജിക്കുന്നു. ബിദ്അത്തുകളുടെ ഗൗരവത്തിനനുസരിച്ച് നിലപാടുകള്‍ കര്‍ക്കശമോ മൃദുലമോ ആയിരിക്കും. ഖുര്‍ആന്‍ സൃഷ്ടിയെന്ന് വാദിച്ച ഹഫ്‌സിനോട് 'നീ മഹാനായ അല്ലാഹുവിനെ നിഷേധിച്ചു' എന്ന് ശാഫിഈ പ്രതികരിക്കുന്നുണ്ട്. ബിദ്അത്തില്‍നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കലാണ് ഈ നിലപാടിന്റെ അടിസ്ഥാനം. തികഞ്ഞ കുഫ്‌റിലെത്താത്തിടത്തോളം ബിദ്അത്തുകാരുടെ സാക്ഷ്യവും ഇമാമത്തും കറാഹത്തെങ്കിലും അനുവദിക്കാമെന്ന നിലപാടാണ് ഇമാം ശാഫിഈക്കുള്ളത്. ഇസ്‌ലാമിനു പുറത്തുപോകാനിടയാക്കുന്ന വിശ്വാസപരമായ ബിദ്അത്തുകളുടെ കാര്യത്തിലാണ് രൂക്ഷമായ സമീപനം. ബിദ്അത്ത് കാരണം സുന്നത്തുകള്‍ അവഗണിക്കപ്പെടുമെന്ന കാര്യവും ശ്രദ്ധേയമാണ്. ''മൗലിക കാര്യങ്ങളില്‍ വിയോജിക്കുന്നവരെയും ബിദ്അത്തുകാരെയും വിലക്കണം, ശത്രുത പുലര്‍ത്തണം. എന്നാല്‍ പണ്ഡിതരുടെ ശാഖാപരമായ കാര്യങ്ങളില്‍ വിലക്കും ശത്രുതയും നിര്‍ബന്ധമില്ല, വിശ്വാസിക്ക് എളുപ്പമേകാന്‍ അല്ലാഹു കരുണ കാട്ടിയതാണ് ആ അഭിപ്രായ വ്യത്യാസം'' (അവലംബം: ശറഹുസ്സുന്ന 1: 227-229 ഇമാം ബഗവി). 

 

ശാഫിഈ മദ്ഹബിലെ ചിന്താധാരകള്‍

ശാഫിഈ മദ്ഹബ് പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും അതിനുവേണ്ടി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ഇറാഖീ, ഖുറാസാനീ എന്നീ രണ്ട് ചിന്താധാരകളും മറ്റും ശാഫിഈ മദ്ഹബിനെ സ്വാധീനിച്ചതു കാണാം. ഹിജ്‌റ 400-നു മുമ്പ് ശാഫിഈ മദ്ഹബിന്റെ വക്താക്കളായിരുന്ന ഇറാഖികള്‍ മിക്ക വിഷയങ്ങളിലും പൊതുവെ പില്‍ക്കാലക്കാരായ ഖുറാസാനികളേക്കാള്‍ ഇമാം ശാഫിഈയുടെ നസ്സ്വുകളും മദ്ഹബിന്റെ അടിസ്ഥാനങ്ങളും പൂര്‍വികരുടെ അഭിപ്രായങ്ങളും എടുത്തുദ്ധരിക്കുന്നതില്‍ വിശ്വസ്തതയിലും പ്രാമാണികതയിലും മുന്‍പന്തിയിലാണെന്ന് ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ (1:105) രേഖപ്പെടുത്തുന്നു. 

ഇമാം സുബ്കി(റ) തന്റെ തക്മിലതുല്‍ മജ്മൂഅ് എന്ന കൃതിയില്‍ തന്റെ അവലംബ കൃതികളെ മദ്ഹബീ കിതാബുകള്‍, ഇറാഖീ കിതാബുകള്‍, ഖുറാസാനീ കിതാബുകള്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചതും ശ്രദ്ധേയമാണ്. വിശ്വാസപരവും കര്‍മപരവുമായ ഒട്ടേറെ ബിദ്അത്തുകള്‍ ശാഫിഈ മദ്ഹബിനകത്ത് കടന്നുവരുന്നതില്‍ ഖുറാസാനീ ധാരക്ക് പങ്കുണ്ടെന്ന് കരുതാനാണ് ന്യായം. നമ്മുടെ നാട്ടിലും അത്തരം ശ്രമങ്ങളെ പിന്തുണക്കാന്‍ ആളുകളുണ്ട്. 

അന്ധമായ അനുകരണത്തെ ഇമാം ശാഫിഈ വിലക്കിയിട്ടുണ്ടെന്ന് ഇമാം മുസനി, മുഖ്ത്വസര്‍ മുസ്‌നിയുടെ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ട്.

 

ശാഫിഈകളില്‍ പ്രചാരത്തിലുള്ളതും ശാഫിഈ പണ്ഡിതര്‍ തള്ളിക്കളഞ്ഞതുമായ ചില ബിദ്അത്തുകള്‍:  

 

1) മൗലിദ്

റബീഉല്‍ അവ്വലിന് പ്രത്യേക പുണ്യം കല്‍പിച്ച് നടത്തിവരുന്ന മൗലിദ് പാരായണം നബി (സ) നിര്‍ദേശിച്ചതും സ്വഹാബത്ത് അനുഷ്ഠിച്ചതുമല്ല. ഇആനതുത്ത്വാലിബീനില്‍ ഇങ്ങനെ കാണാം: സഖാവി പറഞ്ഞു: ''മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് മൗലിദാചാരം ഉണ്ടായത്... അത് ആദ്യമായി നടത്തിയത് ഇര്‍ബില്‍ ഭരണാധികാരിയായ മുളഫ്ഫര്‍ അബൂ സഈദാണ്'' (3:414).

 

2) ജനാസയെ ദിക്‌റോടെ അനുഗമിക്കല്‍

ജനാസയെ അനുഗമിക്കുമ്പോള്‍ മൗനം പാലിക്കണമെന്നതാണ് ശരിയും പ്രബലവും സലഫുകള്‍ പഠിപ്പിച്ചതും. അപ്പോള്‍ ഖുര്‍ആന്‍ ഓതിയും ദിക്ര്‍ ചൊല്ലിയും മറ്റും ശബ്ദം ഉയര്‍ത്തരുത് എന്നാണ് ഇമാം നവവി അദ്കാറില്‍ (121) രേഖപ്പെടുത്തിയത്.

 

3) റജബിലെ ആദ്യ വെള്ളിയാഴ്ച രാവ് 

ഫതാവല്‍ കുബ്‌റായില്‍ ഇബ്‌നു ഹജര്‍ ഹൈതമി റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ മഹാന്മാരുടെ ഖബ്‌റിനരികില്‍ ഒത്തുചേരുന്നതും ചെയ്തുകൂട്ടുന്നതുമായ കാര്യങ്ങളെ കടുത്ത ബിദ്അത്തെന്ന് കുറ്റപ്പെടുത്തുന്നുണ്ട് (1:184). ശഅ്ബാന്‍ പതിനഞ്ചാം രാവിന്റെ മഹത്വം വിവരിക്കുന്ന ഹദീസുകള്‍ കളവാണെന്നും നിരര്‍ഥകമാണെന്നും തുടര്‍ന്നു പ്രസ്താവിക്കുന്നു. പ്രമാണങ്ങളുടെ പിന്‍ബലമില്ലാതെ സ്ഥലത്തിനും സമയത്തിനും പ്രത്യേകത കല്‍പിക്കുന്നത് ബിദ്അത്താണെന്ന് അദ്ദേഹം ഇമാം സുബുകിയെ ഉദ്ധരിച്ച് പറയുന്നു.

 

4) ബാങ്കിനു ശേഷം സ്വലാത്ത്

ബാങ്കിനു ശേഷം പ്രത്യേക രീതിയില്‍ സുന്നത്തെന്ന് കരുതി നബി(സ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലുന്നത് വിലക്കേണ്ടതാണെന്ന് ഇബ്‌നുഹജര്‍ ഹൈതമി ഫതാവല്‍ കുബ്‌റായില്‍ ബാബുല്‍ അദാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

തറാവീഹിന്റെ സലാം വീട്ടലുകള്‍ക്കിടയില്‍ നബി(സ)ക്ക് സ്വലാത്ത് ചൊല്ലുന്നതും തടയേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം (1:86).

 

5) പരേതന്റെ ആളുകള്‍ ഒരുക്കുന്ന ഭക്ഷണം 

ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ ഇങ്ങനെ പറയുന്നു: ''അശ്ശാമില്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവും മറ്റും പറഞ്ഞു: പരേതന്റെ ആളുകള്‍ ഭക്ഷണം ഒരുക്കുകയും അതിനു വേണ്ടി ജനത്തെ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് അനുകൂല തെളിവ് ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് അഭികാമ്യമല്ലാത്ത ബിദ്അത്ത് ആണ്'' (5:282). ഇക്കാര്യം ഇആനതുത്ത്വാലിബീനില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

 

6) നബി(സ)യുടെ വിസര്‍ജ്യങ്ങള്‍ 

ഇമാം നവവി എഴുതുന്നു: ''(നബിയുടെ) രക്തവും മറ്റു  വിസര്‍ജ്യങ്ങളും നജസ് തന്നെയാണെന്നാണ് ഭൂരിപക്ഷവും സ്വീകരിക്കുന്ന ശരിയായ അഭിപ്രായം. ഇറാഖികള്‍ തറപ്പിച്ചു പറയുന്നതും അതാണ്. ഖാദി ഹുസൈന്‍ ഇവരോട് വിയോജിച്ചു. എല്ലാം ശുദ്ധമാണെന്നാണ് ഏറ്റവും ശരിയായ അഭിപ്രായമെന്ന് അദ്ദേഹം പറയുന്നു'' (ശറഹുല്‍ മുഹദ്ദബ് 1: 293). 

ഇങ്ങനെ ഒട്ടേറെ പുത്തന്‍ വിശ്വാസാചാരങ്ങള്‍ സുന്നത്തിനും ശാഫിഈ മദ്ഹബിനും വിരുദ്ധമായി ശാഫിഈകള്‍ക്കിടയില്‍ ഇടം പിടിച്ചിട്ടുണ്ട്.

 

സുന്നത്ത് സംരക്ഷിക്കാന്‍ ബിദ്അത്ത് വര്‍ജിക്കുക

'ജനം ബിദ്അത്തുണ്ടാക്കുമ്പോള്‍ സമാനമായ സുന്നത്ത് നഷ്ടപ്പെടുന്നു. സുന്നത്ത് മുറുകെപ്പിടിക്കുന്നതാണ് ബിദ്അത്തുണ്ടാക്കുന്നതിനേക്കാള്‍ നല്ലത്' (ഇമാം അഹ്മദ്) എന്ന ഹദീസ്പാഠം പ്രധാനമാണ്. ബിദ്അത്ത് സമൂഹത്തിന് അനാവശ്യ ബാധ്യതകള്‍ വരുത്തിവെക്കുന്നു. എളുപ്പവും സൗകര്യവും മുഖമുദ്രയായ  ഇസ്‌ലാമിനെ പൗരോഹിത്യവല്‍ക്കരിക്കാനേ ബിദ്അത്ത് സഹായകമാകൂ. അതിനാല്‍ ഇമാം ശാഫിഈയുടെ തന്നെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളുടെ പുനര്‍വായന നടക്കേണ്ടതുണ്ട്. സമൂഹത്തിന് സങ്കീര്‍ണതകളില്ലാതെ ദീന്‍ ഉള്‍ക്കൊള്ളാനും അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും വിമോചനം സാധ്യമാകാനും അത് അനിവാര്യമാണ്. 

 

 

ഇ.എന്‍ അബ്ദുര്‍റസാഖ്: കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശി. ഇസ്‌ലാമിയാ കോളേജ് ചേന്ദമംഗല്ലൂര്‍, ദഅ്‌വാ കോളേജ് വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍ പഠനം. ഇപ്പോല്‍ ഇസ്‌ലാമിയാ കോളേജ് ചേന്ദമംഗല്ലൂരില്‍ അസി. പ്രഫസര്‍. ഫോണ്‍: 9846737077. ഇമെയില്‍: enabdulrazaque@gmail.com

Comments

Other Post