Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഫത്ഹുല്‍ മുഈന്‍ കേരളത്തിന്റെ സംഭാവന

അഫ്‌സല്‍ ഹുദവി ചങ്ങരംകുളം

കേരളത്തിന്റെ കര്‍മശാസ്ത്ര ചരിത്രം കേരളത്തിന്റെ മുസ്‌ലിം ചരിത്രം തന്നെയാണെന്നു പറഞ്ഞാല്‍ ഒരര്‍ഥത്തില്‍ ശരിയാണ്. കാരണം, ആറാം നൂറ്റാണ്ടിനിപ്പുറം നമുക്ക് ലഭ്യമായ കേരള മുസ്‌ലിം ചരിത്ര പരാമര്‍ശങ്ങള്‍ക്ക് ഇസ്‌ലാമിക കര്‍മശാസ്ത്രവുമായി എന്തെങ്കിലുമൊക്കെ  ബന്ധമുള്ളതായി കാണാം. കേരളീയനാല്‍ വിരചിതമായ ആദ്യ കേരള ചരിത്രഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഹ്ഫതുല്‍ മുജാഹിദീന്‍ ചരിത്രപുസ്തകം മാത്രമായിരുന്നില്ല, മറിച്ച്, അധിനിവേശ ശക്തികളായ പറങ്കികള്‍ക്കെതിരില്‍ വിശ്വാസികളെ സമരോത്സുകരാക്കുന്ന കര്‍മശാസ്ത്ര വിശകലനങ്ങള്‍ കൂടി  ഉള്‍കൊള്ളുന്ന ഗ്രന്ഥം കൂടിയായിരുന്നു. ഇതിനു ശേഷം രചിക്കപ്പെട്ട മമ്പുറം തങ്ങളുടെയും അധിനിവേശ ശക്തികള്‍ക്കെതിരില്‍ പട നയിച്ച മറ്റു വീരനായകന്മാരുടെയും എഴുത്തുകളിലും കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മുസ്‌ലിം സംഘടനകള്‍ സജീവമായ പില്‍ക്കാല കേരളത്തിലും കര്‍മശാസ്ത്ര വിഷയങ്ങളും അതുമായി ബന്ധപ്പെട്ട സംവാദങ്ങളും സജീവമായിരുന്നു. 

ഈ കര്‍മശാസ്ത്ര ചര്‍ച്ചകളെ ഏറക്കുറെ ഏകീകരിക്കുന്ന ഘടകം അവയെല്ലാം ശാഫിഈ മദ്ഹബില്‍ അധിഷ്ടിതമായിരുന്നു എന്നതാണ്. ശാഫിഈ മദ്ഹബുകാരായ പണ്ഡിതന്മാരായിരുന്നു മുന്‍കാലങ്ങളില്‍ കേരളത്തിലെ ആത്മീയവും കര്‍മശാസ്ത്രപരവുമായ ഇടം കൈകാര്യം ചെയ്തിരുന്നത് എന്നതാണ് അതിനു കാരണം. 

കേരളത്തിലെ ഈ ശാഫിഈ കര്‍മശാസ്ത്ര പാരമ്പര്യത്തിന്റെ ഭാഗമായാണ് നാം ഫത്ഹുല്‍ മുഈനെ ചര്‍ച്ച ചെയ്യേണ്ടത്. കച്ചവട സംഘങ്ങളെ അനുഗമിച്ച പണ്ഡിതരിലൂടെയും യമനില്‍നിന്ന് ചേക്കേറിയ ആത്മീയ പുരുഷന്മാരിലൂടെയും കേരളത്തില്‍ പ്രചരിച്ച ശാഫിഈ മദ്ഹബിനെ ഏകരൂപമാക്കുക എന്ന ഉത്തരവാദിത്തമായിരുന്നു ഫത്ഹുല്‍ മുഈനു നിര്‍വഹിക്കാനുണ്ടായിരുന്നത്. അങ്ങനെ നോക്കുമ്പോള്‍,  ശാഫിഈ കര്‍മശാസ്ത്ര വികാസത്തിനു കേരള മണ്ണില്‍നിന്നുതന്നെ വളര്‍ന്നുവന്ന ഒരു ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍ എന്ന് പറയാം. എന്നാല്‍, അതോടൊപ്പം ശാഫിഈ മദ്ഹബിന്റെ വൈജ്ഞാനികമായ വളര്‍ച്ചക്ക് ഫത്ഹുല്‍ മുഈന്‍ നല്‍കിയ സംഭാവനകളെ പരിഗണിക്കുമ്പോള്‍ അത് കേരളത്തില്‍ മാത്രമായി ഒതുങ്ങുന്ന ഗ്രന്ഥമായിരുന്നില്ല എന്നും  കാണാന്‍ സാധിക്കും.

 

സൈനുദ്ദീന്‍ മഖ്ദൂം 

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഫത്ഹുല്‍ മുഈന്‍ രചിച്ചത്. പൊന്നാനിയിലെ വിദ്യാ വിപ്ലവത്തിന് തിരികൊളുത്തിയ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ മകന്‍ മുഹമ്മദുല്‍ ഗസാലിയുടെ പുത്രനായി കോഴിക്കോട് ജില്ലയിലെ ചോമ്പാലിലാണ് രണ്ടാമന്റെ ജനനം. ഉപരിപഠനത്തിനായി പൊന്നാനിയിലെത്തിയ അദ്ദേഹം സൈനുദ്ദീന്‍ ഒന്നാമന്റെ ശിഷ്യനായി. പൊന്നാനി വലിയ പള്ളിയിലെ പഠനത്തിനു ശേഷം അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരം വിദഗ്ധ പഠനാര്‍ഥം മക്കയിലേക്ക് തിരിച്ചു. പത്തു വര്‍ഷത്തോളം അവിടെ കഴിഞ്ഞു. ശാഫിഈ മദ്ഹബിലെ പ്രസിദ്ധ ഗ്രന്ഥം തുഹ്ഫതുല്‍ മുഹ്താജിന്റെ രചയിതാവ് ശിഹാബുദ്ദീനുബ്‌നു ഹജര്‍  അല്‍ ഹൈതമിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനഗുരു. ഈ ഗുരുശിഷ്യബന്ധം തന്നെയാണ് ഫത്ഹുല്‍ മുഈന്‍ എന്ന മഹത്തായ ഒരു ഗ്രന്ഥ രചനയിലേക്ക് സൈനുദ്ദീന്‍ മഖ്ദൂമിനെ നയിച്ചതെന്ന് കരുതാം. 

തികഞ്ഞ  പണ്ഡിതന്‍ എന്നതു പോലെ നല്ല സോഷ്യല്‍ ലീഡറുമായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം. മുസ്‌ലിംകളുടെ ആഭ്യന്തര, കര്‍മശാസ്ത്ര  കാര്യങ്ങളില്‍ ഇടപെടുന്നതുപോലെ തന്നെ പോര്‍ച്ചുഗീസ് അധിനിവേശത്തെ തുരത്താന്‍ സാമൂതിരിയുമായി ചേര്‍ന്ന് പട നയിക്കുന്നതിനു വേണ്ടി മുസ്‌ലിംകളെ സജ്ജമാക്കുകയും ചെയ്തു അദ്ദേഹം. ഇതുവഴി സാമൂതിരി രാജവംശവുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ ബന്ധങ്ങള്‍ മലബാര്‍ മേഖലകളില്‍  ഒതുങ്ങുന്നതായിരുന്നില്ല. പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ പട നയിക്കുന്നതിനു ഒരു വിശാല കൂട്ടുകെട്ട് തന്നെ അദ്ദേഹം ആഗ്രഹിച്ചു. അവിഭക്ത ഇന്ത്യയിലെ മറ്റു മുസ്‌ലിം ഭരണാധികാരികളുമായി അദ്ദേഹത്തിന് കത്തിടപാടുണ്ടായിരുന്നു. അതിലേറ്റവും ശ്രദ്ധേയമായത് ബീജാപൂര്‍ സുല്‍ത്താന്‍ ആദില്‍ ഷായുമായുണ്ടായിരുന്ന ബന്ധമാണ്. സൈനുദ്ദീന്‍ മഖ്ദൂം എഴുതിയ സുപ്രസിദ്ധ ചരിത്രഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീന്‍ സമര്‍പ്പിച്ചിരിക്കുന്നത് ഈ രാജാവിനാണ്. അധിനിവേശ ശക്തികള്‍ക്കെതിരിലുള്ള പോരാട്ടത്തിന്റെ ഭാഗമായി നിരവധി രാജാക്കന്മാരുമായി സൈനുദ്ദീന്‍ മഖ്ദൂം സമ്പര്‍ക്കം പുലര്‍ത്തിയതായി  കാണാന്‍ സാധിക്കും. എന്നാല്‍ ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടി, അല്ലെങ്കില്‍ അധിനിവേശ ശക്തികള്‍ക്കെതിരില്‍  മുസ്‌ലിംകളെ സമരസജ്ജരാക്കാന്‍ അദ്ദേഹം കാര്യമായി അവലംബിച്ചതാകട്ടെ  ഇസ്‌ലാമിക കര്‍മശാസ്ത്ര വിധികളെയും. കേരളത്തില്‍ ലഭ്യമായതില്‍ ഏറ്റവും ആദ്യത്തെ ചരിത്ര ഗ്രന്ഥമായി മുസ്‌ലിം, അമുസ്‌ലിം ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന തുഹ്ഫത്തുല്‍ മുജാഹിദീനും കേരള മുസ്‌ലിംകളില്‍ ഏറ്റവും പ്രചാരമേറിയ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനും എങ്ങനെ ഒരേ ഉറവിടത്തില്‍നിന്ന് വന്നു എന്നത് ഈ പറഞ്ഞ പാശ്ചാത്തലം വെച്ചുവേണം അപഗ്രഥിക്കാന്‍.

 

രചനാ പശ്ചാത്തലം 

ഫത്ഹുല്‍  മുഈന്‍ ഫീ ശറഹി  ഖുര്‍റതുല്‍  ഐന്‍ ബി മുഹിമ്മാതിദ്ദീന്‍ (ഖുര്‍റതുല്‍  ഐനിന്റെ വിശദീകരണമായ ഫത്ഹുല്‍ മുഈന്‍) എന്നാണ് ഗ്രന്ഥത്തിന്റെ മുഴുവന്‍ പേരെങ്കിലും ഫത്ഹുല്‍  മുഈന്‍ എന്ന ചുരുക്കനാമത്തിലാണ് അറിയപ്പെടുന്നത്. വിശദീകരണമായ (ശറഹ്) ഫത്ഹുല്‍ മുഈന്റെയും അതിന്റെ മൂലമായ (മത്ന്‍) ഖുര്‍റതുല്‍ ഐന്‍ ബി മുഹിമ്മാതിദ്ദീന്റെയും രചയിതാവ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ തന്നെയാണ്. 'ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട കര്‍മശാസ്ത്ര വിധികളെ (ക്രോഡീകരിക്കുക വഴി) കണ്ണിനു കുളിര്‍മ പകരല്‍' എന്നാണ് ഈ അറബി നാമത്തിന്റെ മലയാള സാരം. പരലോക നാളില്‍ അല്ലാഹുവിലേക്ക് നോക്കുമ്പോള്‍ സന്തോഷം ലഭിക്കുന്നതിനു വേണ്ടിയാണ് ഈ നാമം തെരഞ്ഞെടുത്തത് എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ വിശദീകരിക്കുന്നു. 

വളരെ സംക്ഷിപ്തവും എന്നാല്‍ സരളവും വ്യക്തവുമായി  ശാഫിഈ കര്‍മശാസ്ത്ര വിധികളെ ക്രോഡീകരിച്ചു എന്നതാണ് ഫത്ഹുല്‍ മുഈനിന്റെ ഒന്നാമത്തെ പ്രത്യേകത.  ആമുഖത്തില്‍ സൈനുദ്ദീന്‍ മഖ്ദൂം ഇക്കാര്യം പറയുന്നുണ്ട്. രണ്ടാമത്തേത്, വിശ്വ പണ്ഡിതര്‍ക്കിടയില്‍ അതിനു ലഭിച്ച സ്വീകാര്യതയാണ്.

 

ഫത്ഹുല്‍ മുഈന്‍: ഉള്ളടക്കം, രചനാശൈലി 

ശാഫിഈ മദ്ഹബിലെ ആധികാരിക അവലംബ ഗ്രന്ഥങ്ങളുടെ ശൈലിയില്‍ തന്നെയാണ് ഏതാണ്ട് ഫത്ഹുല്‍ മുഈനിന്റെയും രചനാ രീതി. പ്രചാരത്തിലുള്ള അറബി സാഹിത്യ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, മദ്ഹബുകളുടെ  ക്രോഡീകരണ കാലം മുതല്‍ തന്നെ രൂപം പ്രാപിച്ചുവന്ന 'കിതാബീ ശൈലി'യായിരുന്നു സൈനുദ്ദീന്‍ മഖ്ദൂമും പിന്തുടര്‍ന്നത്. അറബ് അല്ലെങ്കില്‍ ഇസ്‌ലാമിക ഭരണ പ്രദേശങ്ങളില്‍നിന്ന് വിദൂരമായ മലബാറിലാണ് അക്കാദമിക് അറബി ഭാഷയില്‍ ഒരു കര്‍മശാസ്ത്ര ഗ്രന്ഥം  രചിക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഉള്ളടക്കപരമായി ഫത്ഹുല്‍ മുഈന്‍ ഏതൊക്കെ ഗ്രന്ഥങ്ങളെ ആധാരമാക്കി എന്നതിനെ സംബന്ധിച്ച് സൈനുദ്ദീന്‍ മഖ്ദൂം ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രധാനമായും അദ്ദേഹം ആധാരമാക്കുന്നത് അദ്ദേഹത്തിന്റെ ഗുരുവായ ശിഹാബുദ്ദീനു ബ്‌നു ഹജര്‍ അല്‍ ഹൈതമിയുടെ ഗ്രന്ഥങ്ങളെയാണ്. വജീഹുദ്ദീന്‍ അബ്ദുര്‍റഹ്മാനു ബ്‌നു സിയാദ് അസ്സുബൈദീ, സകരിയ്യല്‍ അന്‍സ്വാരി, അഹ്മദ് അല്‍  മുസജ്ജദ് അസ്സുബൈദീ എന്ന പ്രമുഖരായ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതരെയും അദ്ദേഹം അവലംബിക്കുന്നു. 

ഫത്ഹുല്‍ മുഈന്റെ തുടക്കം ഇബ്‌നു ഹജര്‍ അല്‍ഹൈതമിയുടെ തുഹ്ഫത്തുല്‍ മുഹ്താജിന്റെ സമാരംഭത്തോട് യോജിച്ചതായി കാണാം. വിദ്യയുടെ ശ്രേഷ്ഠതയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും വായനക്കാരനെ ഓര്‍മപ്പെടുത്തിയാണ് ഈ രണ്ടു ഗ്രന്ഥങ്ങളും തുടങ്ങുന്നത്. 

ഫത്ഹുല്‍ മുഈനെ തുഹ്ഫത്തുല്‍ മുഹ്താജില്‍നിന്നും വ്യതിരിക്തമാക്കുന്നത് അതിന്റെ സംക്ഷിപ്തതയും  കര്‍മശാസ്ത്ര മസ്അലകളുടെ വിശദീകരണ ശൈലിയുമാണ്. തുഹ്ഫ ശാഫിഈ മദ്ഹബില്‍ പില്‍ക്കാലത്ത് രചിക്കപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഏറ്റവും മുഖ്യവും പ്രധാനപ്പെട്ടതുമാണ്. അത് കര്‍മശാസ്ത്ര വിഷയങ്ങളെ സമഗ്രമായും സൂക്ഷ്മമായും പ്രതിപാദിക്കുന്നു. മദ്ഹബില്‍ നിലവിലുള്ള അഭിപ്രായ വൈജാത്യങ്ങളെ വളരെ ദീര്‍ഘമായിത്തന്നെ അപഗ്രഥിക്കുന്നു. എന്നാല്‍ ഈ കര്‍മശാസ്ത്ര ചര്‍ച്ചകളിലെ അവലംബാര്‍ഹമായ അഭിപ്രായങ്ങളെ മാത്രം കോര്‍ത്തിണക്കി വളരെ സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമായ രീതിയിലാണ് ഫത്ഹുല്‍ മുഈന്‍ രചിക്കപ്പെട്ടിട്ടുള്ളത്. കര്‍മശാസ്ത്രം പഠിച്ചുതുടങ്ങുന്ന വിദ്യാര്‍ഥിയെ  സംബന്ധിച്ചേടത്തോളം ഫത്ഹുല്‍ മുഈന്‍ വളരെ ലളിതമായിത്തന്നെ ഫിഖ്ഹീ മസ്അലകളെ പരിചയപ്പെടുത്തുന്നു. 

ശാഫിഈ മദ്ഹബിലെ ഇമാമുകളുടെ മുന്‍ഗണനാക്രമത്തിലും സൈനുദ്ദീന്‍ മഖ്ദൂമും ഇബ്‌നു ഹജര്‍ അല്‍ ഹൈതമിയും  ഒരേ അഭിപ്രായക്കാരാണ്. തുഹ്ഫത്തുല്‍ മുഹ്താജ് ഇമാം നവവിയുടെ മിന്‍ഹാജുത്ത്വാലിബീന്റെ വിശദീകരണം  (ശറഹ്) ആയതുകൊണ്ടുതന്നെ ഇബ്ന്‍ ഹജര്‍, ഇമാം നവവിയുടെ അഭിപ്രായങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ സൈനുദ്ദീന്‍ മഖ്ദൂമും ഇമാം നവവിയുടെ അഭിപ്രായങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഫത്ഹുല്‍  മുഈനിന്റെ ആമുഖത്തില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. നവവി ഇമാമിന് ശേഷം പിന്നെ പ്രാമുഖ്യം നല്‍കുന്നത് പ്രഗല്‍ഭ ശാഫിഈ പണ്ഡിതനായ റാഫിഈ ഇമാമിന്റെ അഭിപ്രായങ്ങള്‍ക്കാണ്. ഈ മുന്‍ഗണനാക്രമത്തില്‍ ഇബ്‌നു ഹജര്‍ അല്‍ ഹൈതമിയെയും സൈനുദ്ദീന്‍ മഖ്ദൂം ഉള്‍പ്പെടുത്തുന്നുണ്ട്.'ഖാതിമതുല്‍ മുഹഖ്ഖിഖീന്‍' (സൂക്ഷ്മാന്വേഷകരുടെ അവസാന കണ്ണി) എന്നാണ് അദ്ദേഹത്തെ സൈനുദ്ദീന്‍ മഖ്ദൂം പരിചയപ്പെടുത്തുന്നത്. ഇബ്‌നു ഹജര്‍ അല്‍ ഹൈതമിയുടെ അഭിപ്രായങ്ങള്‍ ഫത്ഹുല്‍ മുഈനില്‍ നിരവധി തവണ ഉദ്ധരിക്കപ്പെട്ടതായി കാണാം. 'കമാ ഖാല  ശൈഖുനാ' (എന്റെ ശൈഖ് പറഞ്ഞതു പോലെ) 'കമഖ്താറഹു ശൈഖുനാ' (എന്റെ ശൈഖ് പ്രബലപ്പെടുത്തിയതു പോലെ) എന്ന ശൈലികള്‍ കൊണ്ട് സൈനുദ്ദീന്‍ മഖ്ദൂം ഉദ്ദേശിക്കുന്നത് തന്റെ ഗുരുവായ ഇബ്‌നു ഹജര്‍ അല്‍  ഹൈതമിയെയാണ്. 

ശാഫിഈ മദ്ഹബിലെ മറ്റു ഗ്രന്ഥങ്ങള്‍ പോലെ തന്നെയാണ് ഫത്ഹുല്‍ മുഈനിലും അധ്യായങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത്. ഇബാദാത്ത്, മുആമലാത്, മുനാകഹാത്, ജിനായാത് എന്ന ക്രമത്തില്‍. എന്നാല്‍  മറ്റു ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍നിന്നും വ്യത്യസ്തമായി, ശുദ്ധിയെ കുറിച്ചു പറയുന്നതിന് മുമ്പ്  നമസ്‌കാരത്തെ പ്രതിപാദിച്ചുകൊണ്ടാണ് ഫത്ഹുല്‍  മുഈന്‍ ആരംഭിക്കുന്നത്. നിസ്‌കാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വായനക്കാരെ തെര്യപ്പെടുത്തുന്നതിനാണ് ഈ രീതി തെരഞ്ഞെടുത്തത് എന്ന് ഫത്ഹുല്‍ മുഈന്റെ പ്രസിദ്ധ വിശദീകരണമായ ഇആനതുത്ത്വാലിബീന്‍ സാക്ഷ്യപ്പെടുത്തുന്നു. 

സംക്ഷിപ്തമായതുകൊണ്ടുതന്നെ എല്ലാ വിഷയങ്ങളിലെയും നാനാ തലങ്ങളെ വിശദീകരിക്കാന്‍ ഫത്ഹുല്‍ മുഈനു സാധിച്ചിട്ടില്ല, എങ്കിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചില വിഷയങ്ങള്‍ 'ഫര്‍അ്' (അനുബന്ധം) എന്ന തലക്കെട്ട് കൊടുത്തു പറയാന്‍ ഗ്രന്ഥകാരന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണമായി, ആദ്യത്തെ അധ്യായം  ഇത്തരത്തിലുള്ള നാല് അനുബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കു വേണ്ടി പള്ളിയിലേക്ക് പോകല്‍, ഫര്‍ള് നമസ്‌കാരങ്ങളുടെ സമയമായതിനു ശേഷം നമസ്‌കാരത്തിനു മുമ്പേ ഉറങ്ങാതിരിക്കുക എന്നതു പോലുള്ള വളരെ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ പഠിതാക്കളെ ഓര്‍മപ്പെടുത്താനാണ് പ്രസ്തുത അനുബന്ധങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.

സാമൂഹിക മൂല്യങ്ങളും മാനുഷിക മര്യാദകളും ചില തെറ്റായ ആചാരങ്ങളുടെ വിമര്‍ശനവും ഫത്ഹുല്‍ മുഈനില്‍ അടങ്ങിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. സകാത്തിന്റെ അവകാശികളെ പ്രതിപാദിക്കുമ്പോള്‍ ദരിദ്രന്റെ (ഫഖീര്‍) നിര്‍വചനം പറയുന്നിടത്ത് ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ സൈനുദ്ദീന്‍ മഖ്ദൂം നടത്തുന്നു. ഫഖീറെന്നു പറഞ്ഞാല്‍ മുതലും അനുയോജ്യമായ ജോലിയുമില്ലാത്തവനാണ്. താമസിക്കാനുള്ള വീടും വസ്ത്രങ്ങളും വിശേഷദിവസങ്ങളില്‍ അണിയുന്ന പുടവകളും ആവശ്യമായ പുസ്തകശേഖരവും തനിക്കു വേണ്ടി സേവനം ചെയ്യുന്ന  അടിമയും, ഒരാള്‍ ദരിദ്രനല്ല എന്നതിന് തെളിവാകുന്നതല്ല.  ഹ്രസ്വമായ ഈ വാക്യം നിരവധി അര്‍ഥതലങ്ങളിലേക്ക് പഠിതാവിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ബാഹ്യപ്രകടനങ്ങളല്ല യാഥാര്‍ഥ്യത്തെ പ്രതിനിധാനം ചെയ്യേണ്ടത് എന്ന വീക്ഷണമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. പുറമേ കാണുന്ന അവസ്ഥകളാണ് ഒരാളുടെ സാമ്പത്തിക ഭദ്രതയെ പ്രതിനിധീകരിക്കുന്നത് എന്ന പൊതു ധാരണയെ തിരുത്തുകയാണിവിടെ. ജോലിയാവശ്യാര്‍ഥം പ്രവാസത്തിനു പോകുന്നതുകൊണ്ട് ഒരാള്‍  ധനികനാകുന്നു അല്ലെങ്കില്‍ ദരിദ്രനാകുന്നു എന്ന വിലയിരുത്തല്‍ തിരുത്തണമെന്നു സാരം. 

വിവാഹ സദ്യ പുണ്യകരമാണ് എന്ന് പറയുന്നിടത്ത് മറ്റൊരു ശ്രദ്ധേയമായ ഇടപെടല്‍ മഖ്ദൂം നടത്തുന്നു. കല്യാണത്തോട് അനുബന്ധിച്ച് ഒരാള്‍ നടത്തുന്ന സദ്യകള്‍ ആര്‍ഭാടമുക്തമാകുന്നതോടൊപ്പം തന്നെ ധനിക ദരിദ്ര വിവേചനം കാണിക്കുന്നതാകരുതെന്നും അദ്ദേഹം പഠിപ്പിക്കുന്നു. ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ കാണണം എന്ന അടിസ്ഥാനാശയം വായനക്കാരെ ഉദ്‌ബോധിപ്പിക്കുകയാണിവിടെ. 

ദാനത്തെ (സ്വദഖ) കുറിച്ച് സൈനുദ്ദീന്‍ മഖ്ദൂം വാചാലനാകുന്നുണ്ട്. റമദാന്‍ മാസത്തിലെ ദാനത്തെ കുറിച്ച്, വിശിഷ്യാ അവസാനത്തെ പത്തില്‍ നിര്‍വഹിക്കുന്നതിനെ സംബന്ധിച്ച് വളരെ പ്രാധാന്യത്തോടെ തന്നെ അദ്ദേഹം പറയുന്നു. നമ്മുടെ നാടുകളില്‍ ചിലയിടങ്ങളിലെങ്കിലും റമദാന്റെ അവസാന നാളുകളില്‍ (പ്രത്യേകിച്ച് ഇരുപത്തി ഏഴാം രാവിനോട് അനുബന്ധമായി) ഒരു ആചാരമെന്നോണം കണ്ടു വരുന്ന ദാനധര്‍മ സമ്പ്രദായം ഒരുപക്ഷേ ഫത്ഹുല്‍ മുഈനിന്റെ സ്വാധീനമായിരിക്കാം.

 

ഫത്ഹുല്‍ മുഈനിന്റെ ഹാശിയകള്‍ 

ഫത്ഹുല്‍ മുഈനു പത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍  ലഭ്യമാണ്. മലയാളികളും അല്ലാത്തവരും രചിച്ച ഈ കൃതികളില്‍ ചിലത് ഇപ്പോഴും സജീവമായി പഠിപ്പിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. അവയില്‍ പ്രധാനപ്പെട്ടവ:

ഇആനതുത്ത്വാലിബീന്‍ ഫീ ശറഹി ഫത്ഹുല്‍ മുഈന്‍: ഫത്ഹുല്‍ മുഈനിന്റെ ലഭ്യമായ ശറഹുകളില്‍ ഏറ്റവും പ്രചാരമുള്ളതാണിത്. പതിമൂന്നാം നൂറ്റാണ്ടില്‍ മക്കയില്‍ ജീവിച്ച സയ്യിദ് അബൂബക്‌റു ബ്‌നു അസ്സയ്യിദ് മുഹമ്മദ് അല്‍ ദിംയാത്വിയാണ് ഇതിന്റെ രചയിതാവ്. സയ്യിദ് ബകരി എന്നാണ് അദ്ദേഹം ചരിത്രഗ്രന്ഥങ്ങളില്‍ അറിയപ്പെടുന്നത്. കൃതിയുടെ ആമുഖത്തില്‍ രചനാപശ്ചാത്തലം പറയുന്നത് ഇങ്ങനെ: 'മസ്ജിദുല്‍ ഹറാമില്‍ ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്തുന്നതിനിടയില്‍ താന്‍ സമാഹരിച്ച കുറിപ്പുകള്‍ ചില അഭ്യുദയകാംക്ഷികളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയെ  തുടര്‍ന്ന് കോര്‍ത്തിണക്കിയതാണ് ഈ ഗ്രന്ഥം.' നാലു വാള്യങ്ങളുള്ള ഈ കൃതി നിരവധി കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്. പല മസ്അലകള്‍ക്കും മറ്റു മൂന്നു  മദ്ഹബുകളിലെയും അഭിപ്രായങ്ങള്‍ കൊടുക്കുക എന്നതാണ് ഇആനതിനെ മറ്റു വ്യാഖ്യാനങ്ങളില്‍നിന്ന് വ്യത്യസ്തപ്പെടുത്തുന്നത്. 

തര്‍ശീഹുല്‍ മുസ്തഫീദീന്‍ ബി തൗശീഹി ഫത്ഹുല്‍ മുഈന്‍: ഇആനത് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള വിശദീകരണമാണ് തര്‍ശീഹ് എന്ന് വിളിക്കപ്പെടുന്ന തര്‍ശീഹുല്‍ മുസ്തഫീദീന്‍.  അലവി ബ്‌നു അഹ്മദ് ബ്‌നു അബ്ദുറഹ്മാന്‍ അസ്സഖാഫ് ആണ് ഇത് രചിച്ചത്. ഗ്രന്ഥരചനയിലേക്ക് വഴിവെച്ച കാരണങ്ങള്‍ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായങ്ങള്‍ ചുരുങ്ങിയ വാക്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ അവ സുതാര്യമാക്കാന്‍ ചില വിശദീകരണങ്ങള്‍ നല്‍കുക, സൈനുദ്ദീന്‍ മഖ്ദൂം പറയാത്ത ചില അധ്യായങ്ങള്‍ ചേര്‍ക്കുക, ചില വാക്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വ്യത്യസ്ത അര്‍ഥങ്ങള്‍ വെളിപ്പെടുത്തുക തുടങ്ങിയവയാണ് അവയില്‍ മുഖ്യം.

ഇആനത് പരാമര്‍ശിക്കാത്ത പല കര്‍മശാസ്ത്ര വിശദീകരണങ്ങളും ഭംഗിയായും എന്നാല്‍ ചുരുക്കിയും  അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കേരളത്തിലെ കര്‍മശാസ്ത്ര അധ്യാപകര്‍ക്ക് ഏറെ പ്രയോജനകരമാണ്. 450 ഓളം പേജുകളിലായി ഒറ്റ വാള്യത്തില്‍ സംവിധാനിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ പില്‍ക്കാല പണ്ഡിതരുടെ അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇബ്‌നു ഖാസിം, അല്‍  ശബ്രമില്‍സി, ബുജൈരിമി, അല്‍ സര്‍ഖാവി, അല്‍ ബുജൈരി തുടങ്ങിയ കര്‍മശാസ്ത്ര വിദഗ്ധരുടെ വീക്ഷണങ്ങള്‍ തര്‍ശീഹ് വിശദീകരിക്കുന്നു. ഈ സവിശേഷതകള്‍ തര്‍ശീഹിനെ ഫത്ഹുല്‍  മുഈന്റെ ഇഷ്ട വിശദീകരണമാക്കി മാറ്റുന്നു. 

ഇആനതുല്‍ മുസ്തഈന്‍ ഹാശിയത് ഫത്ഹുല്‍  മുഈന്‍: ഫത്ഹുല്‍ മുഈന്റെ ആദ്യത്തെ വിശദീകരണമാണിത്. അലിയ്യുബ്‌നു അഹ്മദുബ്‌നു സഈദ് ബാസബ്രീന്‍ എന്ന പ്രമുഖ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതനാണ് ഇതു രചിച്ചത്. രണ്ടു വാള്യങ്ങളുണ്ട്. ഫത്ഹുല്‍ മുഈനിന്റെ ആദ്യത്തെ വിശദീകരണമായതുകൊണ്ടുതന്നെ നിരവധി കര്‍മശാസ്ത്ര പണ്ഡിതര്‍ അവരുടെ കിതാബുകളില്‍ ഈ ഗ്രന്ഥത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 

 

ഫത്ഹുല്‍ മുഈന്റെ സ്വീകാര്യത 

നിരവധി കര്‍മ്മശാസ്ത്ര രചനകള്‍ കൊണ്ട് സമ്പന്നമായ ശാഫിഈ മദ്ഹബില്‍ ഫത്ഹുല്‍ മുഈനിന്റെ പ്രസക്തിയെന്ത് എന്ന ചോദ്യമുണ്ട്. ശാഫിഈ മദ്ഹബില്‍ പില്‍ക്കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍നിന്നുതന്നെ ഫത്ഹുല്‍  മുഈനിന്റെ പ്രസക്തി നമുക്ക് മനസ്സിലാക്കാം. ശാഫിഈ മദ്ഹബിലെ പില്‍ക്കാല കര്‍മശാസ്ത്ര രചനകളും അവയുടെ വിശദീകരണങ്ങളും അനുബന്ധ വിശദീകരണങ്ങളും പരിഗണിക്കുമ്പോള്‍ അവയെ നാലു 'കുടുംബങ്ങളായി' (ടെക്സ്റ്റ് ഫാമിലി) വേര്‍തിരിക്കാം. അതായത്, നമുക്ക് ലഭ്യമായതും  ഇന്ന് പ്രചാരത്തിലുള്ളതുമായ  ശാഫിഈ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ നാലു മൂലഗ്രന്ഥങ്ങളിലേക്ക് ചെന്നുചേരുന്നതായി കാണാം. അവയില്‍ ഒരു 'ടെക്സ്റ്റ് ഫാമിലി'യെ രൂപപ്പെടുത്തുന്നത് ഫത്ഹുല്‍ മുഈനും അതിന്റെ മൂലഗ്രന്ഥമായ ഖുര്‍റതുല്‍ ഐന്‍ ബി മുഹിമ്മാതിദ്ദീനുമാണ്. 

പണ്ഡിതലോകത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ കുടുംബങ്ങളില്‍ പ്രഥമസ്ഥാനത്ത് വരുന്നത് ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച റാഫിഈ ഇമാം രചിച്ച അല്‍ മുഹര്‍റര്‍  എന്ന കൃതിയാണ്. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം നവവി ഈ ഗ്രന്ഥത്തെ മിന്‍ഹാജുത്ത്വാലിബീന്‍ എന്ന പേരില്‍ ചുരുക്കി. മിന്‍ഹാജുത്ത്വാലിബീന്‍ പിന്നീട് ഒരു വിജ്ഞാന വിപ്ലവം തന്നെ സൃഷ്ടിച്ചു. 

ശാഫിഈ മദ്ഹബിലെ രണ്ടാമത്തെ ടെക്സ്റ്റ് ഫാമിലി രൂപപ്പെടുന്നത് അബൂ ശുജാഉല്‍ ഇസ്ഫഹാനി രചിച്ച അല്‍ ഗായതു വത്തഖ്‌രീബ് എന്ന ഗ്രന്ഥം ആസ്പദമാക്കിയാണ്. അബുല്‍ ഖാസിം അല്‍ ഗസാലി രചിച്ച ഫത്ഹുല്‍ ഖരീബ് അടക്കം പല വിശദീകരണങ്ങളും ഈ ശാഫിഈ കര്‍മശാസ്ത്രഗ്രന്ഥത്തിനുണ്ട്. കേരളത്തിലെ കര്‍മശാസ്ത്ര സിലബസുകളില്‍ ഈ ടെക്സ്റ്റ് പ്രചാരത്തിലില്ലെങ്കിലും ഇന്തോനേഷ്യയിലും മറ്റും പഠിപ്പിക്കപ്പെടുന്നു. അബ്ദുല്ലാ ബാ ഫസല്‍ രചിച്ച അല്‍ മുഖദ്ദിമത്തുല്‍ ഹദ്‌റമിയ്യയാണ് അടുത്ത ടെക്സ്റ്റ് ഫാമിലിയിലെ അടിസ്ഥാനഗ്രന്ഥം. ഇബ്‌നു ഹജറിന്റെ മിന്‍ഹാജുല്‍ ഖവീം തുടങ്ങിയ പല അറിയപ്പെട്ട വിശദീകരണങ്ങളും ഈ ടെക്സ്റ്റ് ആസ്പദമാക്കി രചിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ചില അക്കാദമിക് സിലബസുകളില്‍ ഈ ഗ്രന്ഥവും സ്ഥാനം പിടിച്ചിട്ടുണ്ട്.

നാലാമത്തെ ഫിഖ്ഹ് ഫാമിലി  ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ഖുര്‍റതുല്‍ ഐന്‍ ബി മുഹിമ്മാതിദ്ദീന്‍  ആസ്പദമാക്കിയാണ്. മഖ്ദൂം തന്നെ രചിച്ച ഫത്ഹുല്‍ മുഈന്‍ എന്ന വിശദീകരണത്തിന് കേരളത്തിനകത്തും പുറത്തുമായി നിരവധി വ്യാഖ്യാനങ്ങള്‍ എഴുതപ്പെട്ട കാര്യം നേരത്തേ നാം സൂചിപ്പിക്കുകയുണ്ടായല്ലോ.

 

ഫത്ഹുല്‍ മുഈനും ദര്‍സുകളും

കേരളത്തിലെ ദര്‍സുകളിലെ കേന്ദ്ര ഗ്രന്ഥം ഫത്ഹുല്‍ മുഈനാണ് എന്ന് പറഞ്ഞാല്‍ എതിരഭിപ്രായമുണ്ടാകില്ല. കാരണം പള്ളിദര്‍സുകളിലെ പഠനം കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്, സാമാന്യ മുസ്‌ലിംകളുടെ കര്‍മശാസ്ത്ര ബോധനത്തിന് പ്രാപ്തരായ നല്ല കര്‍മശാസ്ത്ര പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക എന്നതാണ്. അതിനു ലഭ്യമായ ഏറ്റവും പറ്റിയ കര്‍മശാസ്ത്ര ഗ്രന്ഥം ഫത്ഹുല്‍ മുഈന്‍ തന്നെയാണെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടതുമാണ്. അതുകൊണ്ടുതന്നെ ഫത്ഹുല്‍ മുഈന്‍ പഠനത്തിനു സഹായകമാകുന്ന പാഠ്യ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സിലബസാണ് പള്ളി ദര്‍സുകളില്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഫത്ഹുല്‍ മുഈന്‍ വഴിയാണ് കേരളത്തിലെ ദര്‍സുകളിലും സമാന്തര സംവിധാനങ്ങളിലും പഠിക്കുന്ന കര്‍മശാസ്ത്ര വിദ്യാര്‍ഥി ശാഫിഈ മദ്ഹബിലെ മറ്റു ഉയര്‍ന്ന റഫറന്‍സ് ഗ്രന്ഥങ്ങളിലേക്കെത്തുന്നത്. 

ചില പള്ളി ദര്‍സുകളില്‍ ഫത്ഹുല്‍ മുഈന്‍ പഠിപ്പിക്കുന്ന ശൈലി പരിശോധിച്ചാല്‍ ഈ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാന്‍ സാധിക്കും. പഴയകാല ദര്‍സുകളില്‍ ചിലേടത്തെങ്കിലും ഫത്ഹുല്‍ മുഈന്‍ ഒരു വിദ്യാര്‍ഥി  മൂന്നു തവണ പഠിച്ചിരുന്നു. ആദ്യ തവണ ഫത്ഹുല്‍ മുഈന്റെ ടെക്സ്റ്റ് ഗുരുവിങ്കല്‍നിന്ന് ശ്രദ്ധയോടെ പഠിക്കുന്നു. രണ്ടാമത്തെ തവണ ഫത്ഹുല്‍ മുഈന്റെ വിശദീകരണങ്ങളായ ഇആനത്, തര്‍ശീഹ് തുടങ്ങിയ ഗ്രന്ഥങ്ങളെ ആസ്പദമാക്കി ഗുരുവില്‍നിന്ന് പഠിച്ചെടുക്കുന്നു. മൂന്നാം പ്രാവശ്യം തുഹ്ഫ, മഹല്ലി തുടങ്ങിയ ശാഫിഈ മദ്ഹബിലെ അറിയപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളുടെ സഹായത്തോടെ ഗുരുവില്‍നിന്ന് സ്വായത്തമാക്കുന്നു. ഇതോടെ, പൊതുജനങ്ങളുടെ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ പ്രാപ്തി ലഭിക്കത്തക്കവണ്ണം വിദ്യാര്‍ഥി വളരുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ഫത്ഹുല്‍ മുഈനും കേരളത്തിലെ ദര്‍സുകളും തമ്മിലുള്ള ബന്ധം അഭേദ്യവും ശക്തവുമാണ്. 

 

ഫത്ഹുല്‍ മുഈനും പൊതുജനങ്ങളും 

കേരളത്തിലെ, വിശിഷ്യാ മലബാറിലെ മുസ്‌ലിംകളുടെ ഒരു ബൈലോ ആയിരുന്നു ഫത്ഹുല്‍ മുഈന്‍ എന്നു പറയാം. കാരണം അവരുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഫത്ഹുല്‍ മുഈനുമായുള്ള ബന്ധം അനിഷേധ്യമാണ്. ഈ ബന്ധത്തെ വ്യത്യസ്ത തലങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിംകളുടെ വ്യക്തിപരവും സാമൂഹികവുമായ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് കേരളത്തിലെ പണ്ഡിതര്‍ ഉത്തരം നല്‍കിയിരുന്നത് പ്രധാനമായും ഫത്ഹുല്‍ മുഈന്‍ ആസ്പദമാക്കിയായിരുന്നു. 'ഫത്ഹുല്‍ മുഈന്‍ ഈ ചോദ്യത്തിനു ഇങ്ങനെ ഉത്തരം നല്‍കുന്നു' അല്ലെങ്കില്‍ 'ഫത്ഹുല്‍ മുഈനില്‍ ഇതിനുള്ള വിധി ഇതാണ്' എന്ന കര്‍മശാസ്ത്ര പണ്ഡിതരുടെ ഫത്‌വകള്‍ ചോദ്യകര്‍ത്താവിനും ഉത്തരം നല്‍കിയ പണ്ഡിതനും ഒരുപോലെ ആശ്വാസമേകുന്നു. കേരളത്തിലെ മുസ്‌ലിം പൊതുബോധത്തില്‍ ഫത്ഹുല്‍ മുഈന്‍ അത്രമാത്രം സ്ഥാനം പിടിച്ചിരുന്നു എന്നാണിതിനര്‍ഥം. ഇതുകൊണ്ടുതന്നെ, കേരള മുസ്‌ലിംകളുടെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ ഏകീകരണ സ്വഭാവം നിലനിര്‍ത്താന്‍ ഫത്ഹുല്‍ മുഈന്‍ സഹായകമായി. 

രണ്ടാമതായി, കേരളത്തിലെ മുസ്‌ലിം ജനവിഭാഗം തലമുറകളായി അനുവര്‍ത്തിച്ചുപോന്നിരുന്ന ചില ചര്യകള്‍ വഴി അവര്‍ ഈ ഗ്രന്ഥത്തോടു കടപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരത്തിനു ശേഷം നോമ്പിന്റെ നിയ്യത്ത് ഇമാം ഉറക്കെ പറയുകയും മഅ്മൂമുകള്‍ ഏറ്റു പറയുകയും ചെയ്യുന്ന രീതി കേരളത്തിലെ പള്ളികളില്‍ കണ്ടുവരുന്നു. നിയ്യത്തിനു വേണ്ടി ഇമാം ചൊല്ലിക്കൊടുക്കുന്ന വാക്കുകള്‍ ഫത്ഹുല്‍ മുഈനില്‍നിന്നെടുത്തതാണ്. ആദ്യം അത് അറബിയിലും പിന്നീട് അതിന്റെ പരിഭാഷയും ഉച്ചത്തില്‍ പറയുന്നു. കര്‍മശാസ്ത്രത്തിന്റെ സങ്കീര്‍ണതകളിലേക്ക് പോകാതെ ഫത്ഹുല്‍ മുഈന്‍ എന്ത് പറയുന്നു എന്നു നോക്കി ജീവിതത്തെ ക്രമീകരിക്കുകയാണവര്‍ ചെയ്തിരുന്നത്.

മൂന്നാമതായി,  ദര്‍സ് സംവിധാനങ്ങളും പൊതുജനങ്ങളും തമ്മില്‍ ആഴത്തിലുള്ള അടുപ്പത്തില്‍നിന്നുണ്ടാവുന്ന ബന്ധമാണ്. ഒഴിവു സമയങ്ങള്‍ നോക്കി പള്ളിയില്‍ വന്ന് ഇമാമില്‍നിന്ന് ഫത്ഹുല്‍ മുഈന്‍ ഓതിപ്പഠിച്ചിരുന്ന ഒരുപാട് സാധാരണക്കാര്‍ നാടുകളിലുണ്ടായിരുന്നു. അതിനുപുറമെ, പകലന്തിയോളം പണിയെടുത്ത് രാത്രികളില്‍ പള്ളിയില്‍ വന്ന് ഫത്ഹുല്‍ മുഈന്‍ പഠിപ്പിക്കുന്നത് സ്ഥിരമായി ശ്രവിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. 

കേരളത്തില്‍ പ്രചുരപ്രചാരം നേടിയ മതപ്രസംഗങ്ങളാണ് പൊതുജനങ്ങളെയും  ഫത്ഹുല്‍ മുഈനെയും  തമ്മില്‍ ഒരുമിപ്പിക്കുന്ന മറ്റൊരു മേഖല. വിശ്വാസകാര്യങ്ങളും കര്‍മശാസ്ത്രവും തസ്വവ്വുഫും ഇസ്‌ലാമിക ചരിത്രങ്ങളും വിഷയങ്ങളാകുന്ന മതപഠന ക്ലാസുകളില്‍ സ്വാഭാവികമായും ഫത്ഹുല്‍ മുഈനും പ്രതിപാദിക്കപ്പെട്ടു. കര്‍മശാസ്ത്ര വിധികള്‍ പ്രാധാന്യത്തോടെ പഠിപ്പിക്കപ്പെടുന്ന വിജ്ഞാന സദസ്സുകളില്‍ ഫത്ഹുല്‍ മുഈന്‍  മുഖ്യ ചര്‍ച്ചാകേന്ദ്രമായി. ദിവസങ്ങളോളവും,  ചിലപ്പോള്‍ മാസങ്ങള്‍ വരെയും നീണ്ടുനിന്ന ഇത്തരം വഅഌ  പരിപാടി നിത്യസാന്നിധ്യമായിരുന്ന നാട്ടിന്‍പുറങ്ങളിലുള്ള സാദാ ജനങ്ങള്‍ക്ക് ഫത്ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥം അങ്ങനെ സുപരിചിതവുമായി. 

 ചുരുക്കത്തില്‍, ശാഫിഈ  മദ്ഹബിന്റെ വളര്‍ച്ചയില്‍ വ്യത്യസ്ത തലങ്ങളിലായി  നിര്‍ണായക പങ്കുവഹിക്കാന്‍ ഫത്ഹുല്‍ മുഈനു സാധിച്ചിട്ടുണ്ട്. ശാഫിഈ കര്‍മശാസ്ത്രത്തിന്റെ ജ്ഞാനപരമായ വികാസത്തില്‍ മുഖ്യപങ്ക് വഹിച്ചതിനു പുറമെ മദ്ഹബിന്റെ പ്രാദേശികമായ വളര്‍ച്ചക്കും ഫത്ഹുല്‍ മുഈന്‍ വിപുലമായ സംഭാവനകളര്‍പ്പിച്ചു. കേരളത്തിനപ്പുറം ശാഫിഈ മദ്ഹബിനു സ്വാധീനമുള്ള പല പ്രദേശങ്ങളിലും ഫത്ഹുല്‍ മുഈന്‍ പരിചിതമാണ്. ഈജിപ്ത്, ഇന്തോനേഷ്യ പോലുള്ള ശാഫിഈ ഫിഖ്ഹിന് വേരോട്ടമുള്ള രാഷ്ട്രങ്ങളിലും വൈജ്ഞാനിക വളര്‍ച്ചയില്‍ ഫത്ഹുല്‍ മുഈനു പ്രസ്താവ്യമായ പങ്കുണ്ട്. മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ ഒരു കാലത്ത് പഠിപ്പിക്കപ്പെട്ടിരുന്ന ഈ ഗ്രന്ഥം പില്‍ക്കാലത്ത് വിശ്വപ്രസിദ്ധമായ അല്‍അസ്ഹര്‍  യൂനിവേഴ്‌സിറ്റിയിലെ സിലബസില്‍ വരെ സ്ഥാനംപിടിച്ചിട്ടുണ്ട്. 

 

 

അഫ്‌സല്‍ ഹുദവി ചങ്ങരംകുളം: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി സ്‌കോളര്‍. ഫോണ്‍: 9567722464. ഇമെയില്‍: afsalv@gmail.com

Comments

Other Post