Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

പ്രാമാണിക ഗ്രന്ഥങ്ങള്‍ ഉള്ളടക്കവും സവിശേഷതയും

ഇല്‍യാസ് മൗലവി

മദ്ഹബിന്റെ ഇമാമുമാരില്‍ വ്യത്യസ്ത മേഖലകളില്‍ ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ സ്വന്തമായി രചിച്ചത് ഒരുപക്ഷേ ഇമാം ശാഫിഈ ആയിരിക്കും. ഫിഖ്ഹില്‍ അല്‍ ഉമ്മും ഉസ്വൂലില്‍ അര്‍രിസാലയും ഹദീസില്‍ ഇഖ്തിലാഫുല്‍ ഹദീസും ഉദാഹരണം. എന്നാല്‍, ശാഫിഈ മദ്ഹബ് പരിശോധിച്ചാല്‍ ഇമാമിന്റെ ഗ്രന്ഥങ്ങള്‍ക്ക് മദ്ഹബില്‍ പരിഗണന കുറവാണെന്ന് മനസ്സിലാക്കാം. ഇമാം ശാഫിഈ കിതാബുല്‍ ഉമ്മില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള വിധികളേക്കാള്‍ മദ്ഹബില്‍ പ്രാധാന്യവും പരിഗണനയും ലഭിക്കുന്നത്, പില്‍ക്കാലത്ത് വന്ന ശാഫിഈ പണ്ഡിതരുടെ വിധികള്‍ക്കാണ്. അതുകൊണ്ടുതന്നെ, ഇമാം ശാഫിഈ പറഞ്ഞതോ രേഖപ്പെടുത്തിയതോ അല്ല പലപ്പോഴും ശാഫിഈ മദ്ഹബായി പ്രചരിക്കുന്നത്. ആ നിലക്കുവേണം ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടാന്‍. ഈയടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ശാഫിഈ മദ്ഹബിന്റെ ആവിര്‍ഭാവം ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മരണപ്പെട്ട ഇമാം ശാഫിഈയില്‍നിന്നാണെന്ന് പറയുമ്പോള്‍തന്നെ, മദ്ഹബ് വ്യവസ്ഥാപിതമായതും ഇന്ന് കാണുന്ന രൂപം പ്രാപിച്ചതും വികസിച്ചതും ഇമാം ശാഫിഈക്കു ശേഷം  ഇമാം നവവി ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരിലൂടെയാണെന്ന് ബോധ്യപ്പെടും. 

ഇമാം ശാഫിഈ നിര്യാതനായിട്ട് 12-ലധികം നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഇത്രയും നീണ്ട കാലയളവില്‍ ശാഫിഈ മദ്ഹബിന്റേതായി ധാരാളം ഗ്രന്ഥങ്ങള്‍  വിരചിതമായിട്ടുണ്ട്. അവയോരോന്നും രചയിതാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും, രചിക്കാനുണ്ടായ കാരണവും പശ്ചാത്തലവുമനുസരിച്ചും രചയിതാവിന്റെ കാലത്തിനും ദേശത്തിനുമനുസരിച്ചും രൂപത്തിലും ഭാവത്തിലും ഘടനയിലും ശൈലിയിലും ഉള്ളടക്കത്തിലുമെല്ലാം വ്യതിരിക്തത പുലര്‍ത്തുന്നവയാണ്. ഇന്നും ഈദൃശമായ രചനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആധുനിക കാലത്ത് രചിക്കപ്പെട്ട പ്രസിദ്ധ ശാഫിഈ ഗ്രന്ഥമാണ് നിരവധി വാള്യങ്ങളുള്ള 'അല്‍ ഫിഖ്ഹുല്‍ മന്‍ഹജി'. ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വിവരിക്കാന്‍ ഉദ്ദേശ്യമില്ല. അവയെക്കുറിച്ചുള്ള സവിസ്തരമായ ചര്‍ച്ച വേറെത്തന്നെയുണ്ട്. ഇമാം ശാഫിഈയുടേതല്ലാത്ത,  മദ്ഹബിന്റെ ആധികാരിക ഗ്രന്ഥങ്ങളെന്ന് പൊതുവെ അറിയപ്പെടുന്ന  രചനകള്‍ മാത്രമേ ഇവിടെ ചര്‍ച്ചാവിധേയമാക്കുന്നുള്ളൂ. ഈ ഗണത്തില്‍ ശാഫിഈ മദ്ഹബിന്റെ രൂപീകരണത്തില്‍ കാര്യമായ പങ്കുവഹിച്ച മഹാരഥന്മാരായ ഇമാം നവവിയുടെയും ഇമാം റാഫിഈയുടെയും രചനകള്‍ മുന്‍നിരയില്‍ വരുന്നു. 

 

ഇമാം നവവിയുടെയും റാഫിഈയുടെയും നിലപാടുകള്‍

ഓരോ വിഷയത്തിലും ശാഫിഈ മദ്ഹബിന്റെ യഥാര്‍ത്ഥ വീക്ഷണമറിയാന്‍ ഇമാം നവവിയുടെയും ഇമാം റാഫിഈയുടെയും രചനകളാണ് പ്രഥമവും പ്രധാനമായി അവലംബിക്കേണ്ടതെന്ന കാര്യത്തില്‍ ശാഫിഈ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. അതിനാല്‍തന്നെ ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് ഇവരിലാരെങ്കിലും  വിധി പ്രസ്താവിച്ചിട്ടുണ്ടെങ്കില്‍ അതാണ് ശാഫിഈ മദ്ഹബിന്റെ ആധികാരിക വീക്ഷണമായി പരിഗണിക്കപ്പെടുന്നത്. അതിന് എതിരായി മുമ്പോ ശേഷമോ ആരെങ്കിലും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വീക്ഷണങ്ങള്‍ക്കു തന്നെയാണ് മുന്‍ഗണനയും പരിഗണനയും നല്‍കപ്പെടുക. വിഷയത്തെക്കുറിച്ച് അവര്‍ വ്യക്തമായ നിലപാട് രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാലാണിത്. അവര്‍ കൈകാര്യംചെയ്ത വിഷയം തന്നെയാണെങ്കിലും അതിന്റെ വിധിയെ സ്വാധീനിക്കാന്‍ പര്യാപ്തമായ സാഹചര്യം ഉളവായിട്ടുണ്ടെങ്കില്‍ പില്‍ക്കാലത്ത് വന്നവര്‍ മറിച്ചൊരു വീക്ഷണം രേഖപ്പെടുത്തിയെന്നു വന്നേക്കാം. അങ്ങനെ വരുമ്പോള്‍ ഒടുവില്‍ പറഞ്ഞതിനാണ് പരിഗണന, അവയുടെ അടിസ്ഥാനത്തിലായിരിക്കും ഫത്‌വയും. വിഷയസംബന്ധമായി ഇവരിലൊരാളും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കില്‍ മാത്രമേ മറ്റുള്ള പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍ പരിഗണിക്കപ്പെടുകയുള്ളൂ.  ഇതുസംബന്ധമായി ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി പറയുന്നത് കാണുക: ''ഈ രണ്ട് ശൈഖുമാര്‍ക്കും മുമ്പ് വിരചിതമായ ഗ്രന്ഥങ്ങളൊന്നും തന്നെ അവയില്‍ പറഞ്ഞിട്ടുള്ളതാണ് യഥാര്‍ത്ഥ മദ്ഹബിന്റെ വീക്ഷണം എന്ന് സുക്ഷ്മമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമല്ലാതെ അവലംബിക്കാവതല്ല.  ഈ ശൈഖുമാരില്‍ രണ്ടുപേരുമോ, ഒരാളെങ്കിലുമോ കൈകാര്യം ചെയ്തിട്ടില്ലെങ്കില്‍ മാത്രമാണ് ഈ സമീപനം. എന്നാല്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ അവരിരുവരും ഏകോപിച്ച അഭിപ്രായം തന്നെയാണ് മദ്ഹബിന്റെ വീക്ഷണം. അവര്‍ ഭിന്ന വീക്ഷണങ്ങളാണ് പുലര്‍ത്തിയിട്ടുള്ളതെങ്കില്‍ പരിഗണിക്കേണ്ടത് 'മുസ്വന്നഫാ'ണെന്നാണ് പിന്‍ഗാമികളായ പണ്ഡിതന്മാരില്‍ പ്രാമാണികരുടെ നിലപാട്. നമ്മുടെ ഗുരുവര്യന്മാര്‍ നിര്‍ദേശിച്ചുവരുന്നതും ഗുരുവര്യന്മാരിലൂടെ താവഴിയായി ഉദ്ധരിക്കപ്പെടുന്നതും അതുതന്നെയാണ്'' (ഇമാം നവവിയുടെ മിന്‍ഹാജാണ് മുസ്വന്നഫ്. തുഹ്ഫയുടെ മുഖവുര: 1/65, അല്‍ മദ്ഖല്‍ 48).

 

ഇമാം റാഫിഈയുടെ ഗ്രന്ഥങ്ങള്‍

1. അല്‍ മുഹര്‍രിര്‍ (കൈയെഴുത്തു പ്രതിയായിത്തന്നെ നിലനില്‍ക്കുന്നു).

2. അശ്ശറഹുസ്സ്വഗീര്‍: ഇമാം ഗസ്സാലിയുടെ അല്‍ വജീസിന്റെ വ്യാഖ്യാനം. കൈയെഴുത്ത് പ്രതിയായിത്തന്നെ നിലനില്‍ക്കുന്നു.

3. അല്‍ അസീസ് ശര്‍ഹുല്‍ വജീസ്.

ഈ ഗ്രന്ഥം അശ്ശറഹുല്‍ കബീര്‍ എന്നും അറിയപ്പെടുന്നു. ഇമാം ഗസാലിയുടെ അല്‍ വജീസിന്റെ ശര്‍ഹാണിത്. ഓരോ പ്രശ്‌നവും വിശദമായി അപഗ്രഥിച്ച് ഇമാം ശാഫിഈയുടെയും മറ്റു ഇമാമുമാരുടെയും വീക്ഷണങ്ങള്‍ വിശകലനം ചെയ്ത് വിധികള്‍ ഉരുത്തിരിച്ചെടുക്കാന്‍ ഈ കൃതിയില്‍ കാര്യമായി പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഇമാം നവവി തന്റെ റൗദയില്‍ ആ പരിശ്രമത്തില്‍ മതിപ്പ് പ്രകടിപ്പിക്കുകയും ഗ്രന്ഥകര്‍ത്താവിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തത് (റൗദ 1/47, അല്‍ മദ്ഖല്‍ 491). ഈ ഗ്രന്ഥം അടിക്കുറിപ്പുകളോടു കൂടി 1997-ല്‍ ബൈറൂത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

 

ഇമാം നവവിയുടെ ഗ്രന്ഥങ്ങള്‍

1. മിന്‍ഹാജുത്ത്വാലിബീന്‍

ഈ ഗ്രന്ഥം യഥാര്‍ഥത്തില്‍ ഇമാം റാഫിഈയുടെ അല്‍ മുഹര്‍രിറിന്റെ സംഗ്രഹമാണ്. ശാഫിഈ മദ്ഹബിന്റെ മാനിഫെസ്റ്റോ എന്ന് വേണമെങ്കില്‍ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം. ഇത്രയധികം ശറഹുകള്‍ വന്നതും  ഇത്രമാത്രം ഇമാമുകള്‍ അവലംബിക്കുന്നതുമായ മറ്റൊരു ഗ്രന്ഥം ശാഫിഈ മദ്ഹബിന്റേതായി ഇല്ലെന്ന് പറയാം. ഈ ഗ്രന്ഥം രചിക്കാനുണ്ടായ കാരണവും പ്രചോദനവും എന്താണെന്നും ഇതില്‍  ലക്ഷ്യമാക്കുന്നതെന്താണെന്നും ഇമാം നവവി ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം റാഫിഈയുടെ അല്‍ മുഹര്‍രിറിന്റെ ലക്ഷണമൊത്ത സം്രഗഹമാണിതെന്നും  പ്രയോജനകരമായ അവലംബ ഗ്രന്ഥമാണെന്നും മദ്ഹബിന്റെ യഥാര്‍ഥ വീക്ഷണം വ്യക്തമാക്കുന്നതാണെന്നും മുഫ്തിമാര്‍ക്ക് ആധാരമാക്കാന്‍ തികച്ചും അനുയോജ്യമാണെന്നും വ്യക്തമാക്കിയ ശേഷം അദ്ദേഹം എഴുതി: ''പക്ഷേ, അല്‍ മുഹര്‍രിറിനു വലുപ്പം കൂടുതലാണ്, നല്ല ശ്രദ്ധയും താല്‍പര്യവും ഉള്ളവര്‍ക്കല്ലാതെ അത് എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാനാവില്ല. അതിനാല്‍, എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാന്‍ സൗകര്യപ്പെടുമാറ് നേര്‍പകുതിയാക്കി ചുരുക്കാമെന്ന് ഞാന്‍ മനസ്സിലാക്കി; അതോടൊപ്പം അമൂല്യങ്ങളായ ചില പുതിയ കാര്യങ്ങള്‍  അതിലുള്‍പ്പെടുത്തുകയും ചെയ്തു. വിട്ടുപോയ ചില ഉപാധികള്‍ ചൂണ്ടിക്കാണിക്കുകയും ശാഫിഈ മദ്ഹബില്‍ പ്രാമുഖ്യം കല്‍പ്പിക്കപ്പെട്ട വീക്ഷണത്തിന് എതിരായി ഗ്രന്ഥകാരന്‍ ഉദ്ധരിച്ചിട്ടുള്ള കാര്യങ്ങള്‍ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. ദുരൂഹതയും അവ്യക്തതയും മൂലം ശരിയായ അര്‍ഥത്തിലല്ലാതെ മനസ്സിലാക്കപ്പെടാന്‍ സാധ്യതയുള്ള പദങ്ങള്‍ അതിനേക്കാള്‍ വ്യക്തതയും സ്ഫുടതയുമുള്ള പദങ്ങള്‍ ചേര്‍ത്തുകൊണ്ട്'മാറ്റാന്‍ ശ്രദ്ധിച്ചിട്ടുണ്ട്'' (തുഹ്ഫ 1/67,74).

 

2. റൗദത്തുത്ത്വാലിബീന്‍

ഇമാം റാഫിഈയുടെ അല്‍ അസീസ് എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് റൗദത്തുത്ത്വാലിബീന്‍. ഗ്രന്ഥകാരന്‍ തന്നെ വിശേഷിപ്പിച്ചപോലെ 'മുഫ്തിമാരുടെ അത്താണി'(ഉംദതുല്‍ മുഫ്തീന്‍)യാണ് ഈ ഗ്രന്ഥം. മിന്‍ഹാജില്‍നിന്ന് വ്യത്യസ്തമായി വിഷയങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു ഇതില്‍. മിന്‍ഹാജിന്റെ പത്തിരട്ടിയോളം വലുപ്പവുമുണ്ട്. ''താല്‍പര്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ പാകത്തില്‍ അല്‍ അസീസ് കുറഞ്ഞ വാള്യത്തില്‍ സംഗ്രഹിക്കണമെന്ന് അല്ലാഹു എനിക്ക് തോന്നിപ്പിച്ചു. അവന് സര്‍വ സ്തുതിയും. ആ മാര്‍ഗം എളുപ്പമാക്കാന്‍ വേണ്ടി ഞാനതാരംഭിച്ചു. ആശയം അവ്യക്തമാകുമാറ് വല്ലാതെ ചുരുക്കാതെ മധ്യമ നിലപാടാണ് ഞാന്‍ സ്വീകരിക്കുക. അതാണാവശ്യം. മിക്കയിടങ്ങളിലും തെളിവുകള്‍ ഒഴിവാക്കിയിരിക്കും. അവ്യക്തതയുണ്ടാകുന്നിടത്ത് വ്യംഗ്യമായ സൂചനകള്‍ നല്‍കും. മിക്കയിടങ്ങളിലും ശാഖകളും പൂരണങ്ങളും ചേര്‍ക്കും. ചുരുക്കം ചില സ്ഥലങ്ങളില്‍ ഇമാം റാഫിഈയുടെ പാളിച്ചകള്‍ തിരുത്തും. അക്കാര്യം ഉണര്‍ത്തുകയും ചെയ്യും. ഈ ഗ്രന്ഥം പൂര്‍ത്തിയാകുന്ന പക്ഷം, അത് കരസ്ഥമാക്കിയവര്‍ തീര്‍ച്ചയായും മദ്ഹബിന്റെ നാനാവശങ്ങളും സ്വായത്തമാക്കി. പൂര്‍ണമായ അര്‍ഥത്തില്‍തന്നെ അതില്‍ വിശ്വാസമര്‍പ്പിക്കാനും കഴിഞ്ഞു. സകല പ്രശ്‌നങ്ങളിലും സംഭവങ്ങളിലുമുള്ള വിധികള്‍ തിരിച്ചറിയുകയും ബോധ്യമാവുകയും ചെയ്തു. വക്താവാരെന്നു വെളിപ്പെടുത്താതെ ഞാന്‍ കൂടുതലായി ചില കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.  സംഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ഞാന്‍ ശറഹുല്‍ മഹദ്ദബില്‍ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളത്'' (റൗദ 1/47, മദ്ഖല്‍ 494).


3. ശറഹുല്‍ മുഹദ്ദബ് (അല്‍ മജ്മൂഅ്)

ഇമാം അബൂ ഇസ്ഹാഖുശ്ശീറാസിയുടെ അല്‍ മുഹദ്ദബ് എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ മികച്ച ശറഹാണ് അല്‍ മജ്മൂഅ്. ഇമാം നവവിയുടെ ഏറ്റവും ഉപകാരപ്രദവും ബൃഹത്തുമായ ഗ്രന്ഥവും ഇതുതന്നെ. ശാഫിഈ മദ്ഹബിലെ ഗ്രന്ഥം എന്നതില്‍നിന്ന് വ്യത്യസ്തമായി അല്‍ഫിഖ്ഹുല്‍ മുഖാരിന്‍ (താരതമ്യ ഫിഖ്ഹ്) എന്ന ഗണത്തില്‍ ഇത് ഉള്‍പ്പെടുത്തുകയാണ് അനുയോജ്യം. സ്വഹാബിമാരുടെയും താബിഉകളുടെയും ശേഷം വന്ന ഇമാമുമാരുടെയും  മദ്ഹബുകളുടെയുമെല്ലാം അഭിപ്രായങ്ങളും വീക്ഷണങ്ങളും വിശദമായും സത്യസന്ധമായും ഉദ്ധരിക്കുകയും അവരവരുടെ തെളിവുകളും ന്യായങ്ങളും നിരത്തുകയും ചെയ്ത ശേഷം, ശാഫിഈ മദ്ഹബിന്റെ വീക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അതിന്റെ ന്യായങ്ങള്‍ പ്രമാണബദ്ധമായി സമര്‍ഥിക്കുന്ന സമീപനമാണ് ഇമാം നവവി ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. കൂടാതെ, ചിലപ്പോള്‍ അദ്ദേഹം ഒരു ഫഖീഹല്ല, ഹദീസ് വിശാരദനാണ് എന്ന് തോന്നിപ്പോകുമാറ് ചര്‍ച്ചചെയ്യുന്നതും കാണാം. ഒരാധുനിക ഗവേഷകനെ വെല്ലുമാറുള്ള സമര്‍ഥന രീതിയും വിശകലന പാടവവും എതിര്‍ വാദമുഖങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്നതും ഏതൊരാളെയും അതിശയിപ്പിക്കുന്നതാണ്.

ഗ്രന്ഥം പൂര്‍ണമാക്കും മുമ്പേ അദ്ദേഹത്തെ തിരിച്ചുവിളിക്കാനായിരുന്നു അല്ലാഹുവിന്റെ തീരുമാനം. കച്ചവടമെന്ന അധ്യായത്തിലെ പലിശയുമായി ബന്ധപ്പെട്ട വിധികള്‍വരെ മാത്രമേ അദ്ദേഹത്തിന് എഴുതിത്തീര്‍ക്കാനായുള്ളൂ. തുടര്‍ന്ന് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം സുബുകി ബാക്കി എഴുതാന്‍ ശ്രമിച്ചു. അത് പൂര്‍ത്തിയാക്കും മുമ്പേ അദ്ദേഹവും അല്ലാഹുവിങ്കലേക്ക് മടങ്ങി. മൂന്നു വാള്യങ്ങള്‍ രചിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ആധുനിക പണ്ഡിതന്മാരായ അല്ലാമാ ഈസബ്‌നു യൂസുഫ്, മുഹമ്മദ് നജീബ് അല്‍ മുത്വീഈ തുടങ്ങിയ പണ്ഡിതന്മാര്‍ സുബുകിയുടെ തുടര്‍ച്ച നിര്‍വഹിച്ചിട്ടുണ്ട്. 

നവവിയുടെ മിന്‍ഹാജിന് ലഭിച്ച പരിഗണന ഈ ഗ്രന്ഥത്തിന് ലഭിച്ചുകാണുന്നില്ല. എങ്കിലും പഠിതാക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന, മഹത്തായ ഒരു പഠന ഗ്രന്ഥം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

 

4. ശറഹു മുസ്‌ലിം

ഫിഖ്ഹീ ഗ്രന്ഥങ്ങളുടെ ഗണത്തില്‍ പെടുകയില്ലെങ്കിലും  വ്യാഖ്യാനങ്ങളില്‍ ശാഫിഈ വീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഹദീസ് വ്യാഖ്യാനമാണ് ശറഹു മുസ്‌ലിം. 'നമ്മുടെ മദ്ഹബിന്റെ വീക്ഷണം അനുസരിച്ച്' എന്ന് പല സന്ദര്‍ഭങ്ങളിലും ഇമാം നവവി പ്രയോഗിക്കുന്നത് കാണാം. മദ്ഹബിന്റെ ആചാര്യന്മാരില്‍ മുഖ്യസ്ഥാനത്തുള്ള ഇമാം നവവിയുടെ വീക്ഷണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് രചിച്ച ഗ്രന്ഥം എന്ന പ്രസക്തി ഇതിനുണ്ട്. 

 

തുഹ്ഫയും നിഹായയും

ഹിജ്‌റ 974-ല്‍ നിര്യാതനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി ഇമാം നവവിയുടെ മിന്‍ഹാജിന് എഴുതിയ വിഖ്യാത  ശറഹാണ് തുഹ്ഫതുല്‍ മുഹ്താജ്. മിന്‍ഹാജിന്റെ തന്നെ മറ്റൊരു പ്രസിദ്ധമായ വ്യാഖ്യാനമാണ് ഇമാം ശംസുദ്ദീന്‍ മുഹമ്മദുര്‍റംലിയുടെ (മരണം: ഹിജ്‌റ 1004) നിഹായത്തുല്‍ മുഹ്താജ്.

ഇമാം ശാഫിഈക്ക് ശേഷം ശാഫിഈ മദ്ഹബ് വികസിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും പില്‍ക്കാല ഇമാമുമാരും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെങ്കിലും ഇമാം റാഫിഈയും ഇമാം നവവിയുമാണ് ശാഫിഈ മദ്ഹബിനെ വ്യവസ്ഥാപിതമായി ആവിഷ്‌കരിച്ചത്. ആ ഘട്ടത്തിനു ശേഷം 10, 11 നൂറ്റാണ്ടുകളില്‍ മദ്ഹബിന്റെ ഒന്നുകൂടി വികസിച്ച ആവിഷ്‌കാരം സാധിച്ചിട്ടുള്ളത് ഇമാം ഇബ്‌നു ഹജരില്‍ ഹൈതമിയിലൂടെയും ഇമാം ശംസുദ്ദീനുര്‍റംലിയിലൂടെയുമാണ്. ഇരുവരും ജീവിച്ച കാലങ്ങള്‍ തമ്മില്‍ വലിയ അന്തരമില്ലാത്തതിനാലും രണ്ടുപേരുടെയും പരിശ്രമഫലം മിന്‍ഹാജിന്റെ വ്യാഖ്യാനത്തിലൂടെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്നതിനാലും പില്‍ക്കാല പണ്ഡിതന്മാരുടെയും ഫുഖഹാഇന്റെയും ശാഫിഈ മദ്ഹബിന്റെ പ്രണേതാക്കളുടെയുമെല്ലാം മുഖ്യാവലംബമായി തുഹ്ഫയും നിഹായയും മാറി.

അല്ലാമാ മുഹമ്മദു ബ്‌നു സുലൈമാന്‍ അല്‍ കുര്‍ദി ഇരു ഗ്രന്ഥങ്ങളെയും കുറിച്ച് രേഖപ്പെടുത്തുന്നു: ''ഈജിപ്ഷ്യന്‍ പണ്ഡിതന്മാര്‍ മിക്കവരും പൊതുവെ റംലിയുടെ അഭിപ്രായങ്ങള്‍ക്കാണ് മുഖ്യ പരിഗണന നല്‍കിയിട്ടുള്ളത്. വിശിഷ്യാ, നിഹായയിലൂടെ അദ്ദേഹം പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ക്ക്. കാരണം നാനൂറോളം പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ ആ ഗ്രന്ഥം ആദ്യന്ത്യം വായിച്ചു കേള്‍പ്പിക്കപ്പെടുകയും അവരത് നിരൂപണം ചെയ്യുകയും തിരുത്തുകയും ചെയ്യുകയുണ്ടായി. അതിന്റെ ആധികാരികത അനിഷേധ്യമാംവിധം സ്ഥിരപ്പെട്ടതാണ്. എന്നാല്‍ യമനിലെ ഹളറ മൗത്ത്, സിറിയ ഉള്‍പ്പെടെയുള്ള ശാം പ്രദേശങ്ങള്‍, കുര്‍ദിസ്താന്‍, ദാഗിസ്താന്‍ തുടങ്ങിയ പ്രദേശങ്ങളിലെയും യമന്‍, ഹിജാസ് തുടങ്ങിയ പ്രദേശങ്ങളിലെയും പണ്ഡിതന്മാരും ഫുഖഹാഉം മുന്‍ഗണന നല്‍കുന്നതും അവലംബിക്കുന്നതും ഇബ്‌നു ഹജര്‍ തുഹ്ഫയില്‍ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ക്കാണ്. അസംഖ്യം പണ്ഡിതന്മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിരിക്കുന്നു എന്നതും ശാഫിഈ ഇമാമിന്റെ അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതിലും അവലംബിക്കുന്നതിലും നിഷ്‌കര്‍ഷ പുലര്‍ത്തിയിട്ടുണ്ട് എന്നതുമാണ് അതിന് പ്രാമുഖ്യം കല്‍പ്പിക്കുന്നതിന് അവരുടെ ന്യായം'' (അല്‍ മദ്ഖല്‍ 5.1).

ഇമാം നവവിയുടെ കൃതികള്‍ കഴിഞ്ഞാല്‍ ശാഫിഈ മദ്ഹബിലെ ഏറ്റവും ആധികാരികമായ റഫറന്‍സ് തുഹ്ഫയും നിഹായയും ആണ്. ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരിയുടെ ഗ്രന്ഥങ്ങള്‍ അതിന്റെ തൊട്ടടുത്തുനില്‍ക്കുന്നു. അതില്‍ മുഖ്യമാണ് മിന്‍ഹാജിന്റെ സംഗ്രഹമായ മന്‍ഹജ്. ഇതിനും ശേഷമേ ഇമാം ഖത്വീബുശ്ശര്‍ബീനി മിന്‍ഹാജിനെഴുതിയ വിശദീകരണ ഗ്രന്ഥം മുഗ്‌നി അല്‍ മുഹ്താജ് വരികയുള്ളൂ.

തുഹ്ഫയും നിഹായയുമാണ് പ്രധാന അവലംബമെന്ന് പറഞ്ഞല്ലോ. മിക്കവാറും പ്രശ്‌നങ്ങളിലെല്ലാം ഇരുവരും ഒരേ വീക്ഷണമാണ് പ്രകടിപ്പിച്ചിട്ടുള്ളതെങ്കിലും ഏതാനും ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത പുലര്‍ത്തിയതും കാണാം; ഇമാമുമാരായ നവവിയും റാഫിഈയും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതുപോലെത്തന്നെ. രണ്ടും തമ്മിലുള്ള വ്യത്യാസം ഇമാം നവവി റാഫിഈയുടെ ഗ്രന്ഥങ്ങളും അഭിപ്രായങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്തു എന്നതാണ്. എന്നാല്‍, ഇബ്‌നു ഹജറും റംലിയും പരസ്പരം ആശ്രയിച്ചിട്ടില്ല. ഒരാളുടെ വീക്ഷണം അപരന് വിശകലനം ചെയ്യാന്‍ അവസരം ലഭിച്ചാലാണ്, ഒന്നിന് മറ്റൊന്നിനേക്കാള്‍ മുന്‍ഗണനയും പ്രാമുഖ്യവും ലഭിക്കുക; നവവിയുടെ വീക്ഷണങ്ങള്‍ക്ക് റാഫിഈയുടേതിനേക്കാള്‍ മുന്‍ഗണന ലഭിച്ചതുപോലെ. ഈയൊരു പ്രത്യേകത പല കാരണങ്ങളാല്‍ ഇബ്‌നു ഹജറിനും റംലിക്കും കൈവന്നിട്ടില്ല. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഒരു വിഷയത്തില്‍ തുഹ്ഫയിലും നിഹായയിലും വിഭിന്ന വീക്ഷണങ്ങളാണ് പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, മദ്ഹബില്‍ ആ രണ്ടഭിപ്രായങ്ങള്‍ക്കും നല്ല പരിഗണനയുള്ളതായി മനസ്സിലാക്കുക എന്നതാണ് കരണീയം. ഏതെങ്കിലുമൊരഭിപ്രായത്തിന് പ്രാമുഖ്യം കല്‍പിച്ച് അതാണ് മദ്ഹബിന്റെ ശരിയായ വീക്ഷണമെന്നും മറ്റേതല്ല എന്നും തീര്‍പ്പിലെത്തുന്നത് ശരിയല്ലെന്നാണ് ഇതേക്കുറിച്ച് പഠിച്ച ആധുനിക ഫുഖഹാഇന്റെയും ഗവേഷകരുടെയും വീക്ഷണം.

മഹല്ലി, നിഹായ, തുഹ്ഫ, മുഗ്‌നി തുടങ്ങിയ മിന്‍ഹാജിന്റെ അറിയപ്പെട്ട ശറഹുകള്‍ക്കെല്ലാം തന്നെ വീണ്ടും ശറഹുകളും ഹാശിയകളും രചിക്കപ്പെട്ടിട്ടുണ്ട്. ഹാശിയതുശ്ശര്‍വാനി, അല്‍ഖന്‍യൂബി അല്‍ഉമൈരി, ഹാശിയതുല്‍ ജമല്‍, അല്‍ സുഖൈരിമി തുടങ്ങി ധാരാളം ഗ്രന്ഥങ്ങള്‍ വേറെയും കാണാം. ശാഫിഈ മദ്ഹബിലെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ ഗ്രന്ഥങ്ങളെ ലഘുവായി പരിചയപ്പെടുത്താനേ ഈ ലേഖനത്തില്‍ ശ്രമിച്ചിട്ടുള്ളൂ. കൂടുതല്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന ഗ്രന്ഥങ്ങള്‍ പരിശോധിക്കാവുന്നതാണ്:

1. അശ്ശാഫിഈ - ഇമാം അബൂസുഹ്‌റാ.

2. അല്‍ മദ്ഖല്‍ ഇലാ മദ്ഹബില്‍ ഇമാം അശ്ശാഫിഈ - ഡോ. അക്‌റം യൂസുഫ് ഉമറുല്‍ ഖവാസിമി.

3. നിഹായത്തുല്‍ മത്വ്‌ലബിന്റെ പുനഃപ്രസിദ്ധീകരണ പതിപ്പിന് ഡോ. അബ്ദുല്‍ അളീം അദ്ദീസ് എഴുതിയ മുഖവുര. 

4. അല്‍ മദ്ഖല്‍ ലിദിറാസതില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി- ഡോ. മുഹമ്മദുസൂഖി, ഡോ. അമീന അല്‍ ജാബിര്‍

5. താരീഖുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി- ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖല്‍.

 

താരതമ്യപഠനത്തില്‍ അവലംബാര്‍ഹമായവ

അല്‍ ഹാവി അല്‍ കബീര്‍

ഇമാം മാവര്‍ദി, ഇമാം മുസ്‌നിയുടെ മുഖ്തസ്വര്‍ വിശദീകരിച്ചുകൊണ്ട് രചിച്ച ഗ്രന്ഥമാണ് അല്‍ഹാവി അല്‍ കബീര്‍. ഇമാം ശാഫിഈയുടെയും മദ്ഹബിലെ അഗ്രഗണ്യരായ മറ്റു ഇമാമുമാരുടെയും വീക്ഷണങ്ങള്‍ വിശകലനം ചെയ്യുന്നു. ഒപ്പം ഹനഫീ, ഹമ്പലീ, മാലികീ  അടക്കമുള്ള മദ്ഹബുകളുടെ വീക്ഷണങ്ങള്‍ കൂടി ചര്‍ച്ചചെയ്ത് ശാഫിഈ മദ്ഹബിന്റെ വീക്ഷണങ്ങളുടെ പ്രാമുഖ്യം സമര്‍ഥിക്കുന്ന രീതിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. ഈ മഹദ് ഗ്രന്ഥം അടുത്ത കാലം വരെ കൈയെഴുത്ത് പ്രതിയായി അവശേഷിക്കുകയായിരുന്നു. 1994-ല്‍ മാത്രമാണ് ഈ ബൃഹദ് ഗ്രന്ഥം പഠനാര്‍ഹമായ അടിക്കുറിപ്പുകളോടു കൂടി 18  വാള്യങ്ങളായി ബൈറൂത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് (അല്‍ മദ്ഖല്‍ 506).

 

നിഹായത്തുല്‍ മത്വ്‌ലബ് ഫീ ദിറായത്തില്‍ മദ്ഹബ്

ഈ ഗ്രന്ഥത്തെപ്പറ്റി ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി പറയുന്നു: ഇമാമുല്‍ ഹറമൈന്‍ തന്റെ നിഹായ രചിച്ചതു മുതല്‍ പിന്‍ഗാമികളായ പണ്ഡിതന്മാര്‍ അത് വിശദീകരിക്കുകയേ ചെയ്യേണ്ടിയിരുന്നുള്ളൂ. മറ്റാരുടേതും ആശ്രയിക്കേണ്ടിവന്നിട്ടില്ല. അതിന്റെ ചുരുക്കം: നിഹായതുല്‍ മത്വ്‌ലബ് അല്‍പം സംഗ്രഹിച്ചുകൊണ്ടാണ് ഇമാം ഗസാലി അല്‍ ബസ്വീത്വ് രചിച്ചത്. പിന്നീടത് ഒന്നുകൂടി സംഗ്രഹിച്ച് തയാറാക്കിയതാണ് ഗസാലിയുടെ അല്‍ വജീഹ്.  ഇമാം റാഫിഈ വന്ന് അല്‍ വജീഹിന് ആദ്യം ലഘുവായും പിന്നെ വിശദമായും വ്യാഖ്യാനമെഴുതുകയുണ്ടായി. ഈ ഗ്രന്ഥങ്ങളുടെയെല്ലാം വേരുകള്‍ ചെന്നെത്തുന്നത് ഇമാമുല്‍ ഹറമൈനിന്റെ നിഹായതുല്‍ മത്വ്‌ലബിലാണ്.

ഈ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതികള്‍ തേടിയെടുത്ത് ഏഴു വര്‍ഷത്തെ നിരന്തരമായ കഠിനാധ്വാനത്തിലൂടെ ഡോ. അബ്ദുല്‍ അളീം അദ്ദീബ് ആവശ്യമായ മുഖവുരയും അടിക്കുറിപ്പുകളും ചേര്‍ത്ത് പുറത്തിറക്കിയിട്ടുണ്ട്. 20 വാള്യങ്ങളുള്ള ഈ മഹദ്ഗ്രന്ഥം ഖത്തര്‍ ഔഖാഫ് മന്ത്രാലയമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ശാഫിഈ മദ്ഹബിന്റെ മഹത്തായ പൈതൃകമെന്നതിലുപരി ഫുഖഹാഇന് നല്ലൊരവലംബവും കൂടിയാണീ ഗ്രന്ഥം.

(അദ്ദീബിന്റെ ഗ്രന്ഥത്തിന് ഡോ. യൂസുഫുല്‍ ഖറദാവി എഴുതിയ അവതാരിക, പേജ്: 35).

 

മഹല്ലി

കേരളത്തില്‍ പണ്ടുമുതലേ പള്ളിദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥമാണ് ഇമാം ജലാലുദ്ദീനില്‍ മഹല്ലി മിന്‍ഹാജിന് എഴതിയ ശറഹ്. കന്‍സുര്‍റാഗിബീന്‍ എന്നാണതിന്റെ പേര്. തുഹ്ഫക്കും നിഹായക്കും മുമ്പ് വിരചിതമായതിനാല്‍ അവയേക്കാള്‍ ഇതിന് പരിഗണന ലഭിച്ചു. അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പാഠപുസ്തകമായി നിശ്ചയിക്കപ്പെട്ടിരുന്നു.

 

ഫത്ഹുല്‍ മുഈനും ഇആനതുത്ത്വാലിബീനും

ശാഫിഈ മദ്ഹബിന് കേരളം നല്‍കിയ സംഭാവനയാണ് ഫത്ഹുല്‍ മുഈന്‍. ശാഫിഈ മദ്ഹബ് ലോകത്തെവിടെ ചര്‍ച്ച ചെയ്യപ്പെട്ടാലും ഈ കേരളീയ  സംഭാവന വിസ്മരിക്കാന്‍ കഴിയാത്തവിധം പേരും പ്രശസ്തിയും അതിന് കൈവന്നിട്ടുണ്ട്. ഇആനതുത്ത്വാലിബീന്‍ എന്ന വ്യാഖ്യാനം വഴി അതിന്റെ യശസ്സ് ഒന്നുകൂടി വര്‍ധിച്ചു. പ്രസിദ്ധ ഈജിപ്ഷ്യന്‍ ഫഖീഹായ അല്ലാമാ അബൂബക്ര്‍ ഉസ്മാന്‍ ശത്വാ അദ്ദിംയാത്വിയാണ് പ്രസ്തുത വ്യാഖ്യാനം തയാറാക്കിയിട്ടുള്ളത്. മൂല ഗ്രന്ഥമായ ഫത്ഹുല്‍ മുഈനും അതിന്റെ മൂല ഗ്രന്ഥമായ ഖുര്‍റത്തുല്‍ ഐനും രചിച്ചത് പൊന്നാനിയിലെ  ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (മ.ഹി 980) ആണ്. തുഹ്ഫയുടെ കര്‍ത്താവ് ഇമാം ഇബ്‌നുഹജറിന്റെ ശിഷ്യന്‍ കൂടിയാണ് അദ്ദേഹം. ഫത്ഹുല്‍ മുഈനിന് ഒന്നിലേറെ മലയാള പരിഭാഷകളുണ്ടായിട്ടുണ്ട്.

അല്‍ ഫിഖ്ഹുല്‍ മന്‍ഹജി അലാ മദ്ഹബില്‍ ഇമാം ശാഫിഈ ആധുനിക കാലത്തെ പ്രഗത്ഭരായ ഡോ. മുസ്ത്വഫ സഈദ് അല്‍ഖിന്‍, ഡോ. മുസ്ത്വഫ ദീബ് അല്‍ബുഗാ, ശൈഖ് അലി അശ്ശര്‍ബജി എന്നിവരുടെ സംഘം രചിച്ച ഗ്രന്ഥമാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും പാഠങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിയും ഓരോ മസ്അലയിലും ശരീഅത്ത് ദീക്ഷിച്ചിട്ടുള്ള യുക്തി നിര്‍ധാരണം ചെയ്തും ലളിതമായ ശൈലിയിലും ഘടനയിലുമാണ് ഗ്രന്ഥം തയാറാക്കിയിട്ടുള്ളത്.  ശാഫിഈ മദ്ഹബിലെ ഗ്രന്ഥമാണെങ്കിലും അപൂര്‍വം ചിലയിടങ്ങളില്‍ ഹനഫീ വീക്ഷണത്തിന് പ്രാമുഖ്യം കല്‍പ്പിച്ചിരിക്കുന്നു. ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തേക്കാള്‍ പ്രമാണബദ്ധമായിട്ടുള്ളത് ഹനഫീ വീക്ഷണമാണെന്ന് കാണുമ്പോഴാണത.്  സകാത്തിന്റെ അധ്യായത്തില്‍ രണ്ട് സ്ഥലങ്ങളില്‍ അത് കാണാവുന്നതാണ് (1/292, 1/330). മൂന്നു വാള്യങ്ങളുള്ള ഈ ഗ്രന്ഥം 1978-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

പഴയകാലത്തെ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴുണ്ടാകുന്ന ദുര്‍ഗ്രാഹ്യതയും സങ്കീര്‍ണതയും ഈ ഗ്രന്ഥത്തില്‍ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അറബ് ലോകത്ത് ഏറെ അറിയപ്പെടുന്ന ഫഖീഹുകളാണ് ഗ്രന്ഥകര്‍ത്താക്കള്‍. അതുകൊണ്ട് ആധുനിക കാലത്ത് ശാഫിഈ മദ്ഹബില്‍ വിരചിതമായ ഏറ്റവും പ്രാമാണികമെന്ന് ഈ ഗ്രന്ഥത്തെ വിലയിരുത്താം. 

 

 

ഇല്‍യാസ് മൗലവി: വയനാട് ജില്ലയിലെ പിണങ്ങോട് സ്വദേശി. തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍നിന്ന്  സെക്കന്ററി വിദ്യാഭ്യാസം. ഖത്തര്‍ മഅ്ഹദുദ്ദീനിലെ കോഴ്‌സിനു ശേഷം ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം നേടി. ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ശാന്തപുരം അല്‍ ജാമിഅ ഡെപ്യൂട്ടി റെക്ടര്‍. കൃതി: ഇമാം മാലിക്. ഫോണ്‍: 9746456410.

ഇമെയില്‍: elliaskunnath@gmail.com

Comments

Other Post