Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

വൈജ്ഞാനിക നിലപാടുകള്‍

ഹാരിസ് ബാലുശ്ശേരി

ജ്ഞാന വിജ്ഞാനങ്ങള്‍ പ്രചരിപ്പിക്കുകയും സംസ്‌കരണവും ശുദ്ധീകരണവും സാധിക്കുകയുമാണ് പ്രവാചകദൗത്യം. അറിവിന്റെയും ആത്മവിശുദ്ധിയുടെയും അനിവാര്യത ഇത്രമേല്‍ സമര്‍ഥിച്ച മറ്റൊരു ദര്‍ശനമില്ല.  അറിവില്‍മതപരം, ഭൗതികം എന്ന വിവേചനവുമില്ല. അന്ധകാരത്തെ വിപാടനം ചെയ്യാന്‍ പോരുന്നതെല്ലാം വിദ്യയാണ്. മനുഷ്യര്‍ എല്ലാ അര്‍ഥത്തിലും അറിവിന്റെ ഉപാസകരാവണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. വിദ്യ ദൈവോപാസന എന്ന നിലയില്‍ കണ്ടതുകൊണ്ടാണ് ഇമാം ശാഫിഈ അടക്കമുള്ള മുന്‍ഗാമികളായ മുസ്‌ലിംകള്‍ രാജ്യാന്തരീയ ദേശാടനം നടത്തിയപ്പോള്‍ വിവിധ ജ്ഞാനവിജ്ഞാനങ്ങള്‍ സ്വായത്തമാക്കിയതും ഗവേഷണങ്ങളുടെ പ്രവിശാലതയിലേക്ക് കടന്നുചെന്നതും. 

ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സായ ഖുര്‍ആന്റെയും ഹദീസിന്റെയും ജ്ഞാന മണ്ഡലത്തില്‍ ഉന്നത ശീര്‍ഷനും അഗ്രസ്ഥാനിയുമായിരുന്നു ഇമാം ശാഫിഈ. ഒരാള്‍ ആധികാരിക  ഖുര്‍ആന്‍  വ്യാഖ്യാതാവ് ആവണമെങ്കില്‍പത്തോളം വിഷയങ്ങളില്‍ അവഗാഹം നേടണമെന്നാണ് ചട്ടം. ഭാഷ, വ്യാകരണം, പദവിന്യാസം, പദനിഷ്പത്തി, അര്‍ഥാലങ്കാരം, ഖുര്‍ആന്‍ പാരായണ പാഠഭേദങ്ങള്‍, മുന്‍കാല  നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും (നാസിഖ്) ദുര്‍ബലപ്പെടുത്തപ്പെട്ടതുമായ സൂക്തങ്ങള്‍ (മന്‍സൂഖ്), നബിചര്യ, കര്‍മശാസ്ത്രം എന്നിവയാണവ. ഇവയൊക്കെയും ചെറുപ്പം മുതലേ ഇമാം ശാഫിഈ സ്വായത്തമാക്കിയിരുന്നു. ഖുര്‍ആനില്‍നിന്ന്ആശയങ്ങള്‍ പുറത്തെടുക്കാനും അതിന് അറബി ഭാഷയില്‍ തെളിവുകള്‍ അവതരിപ്പിക്കാനും ശാഫിഈയേക്കാളും കഴിവുള്ള ഒരു പണ്ഡിതനെ താന്‍ കണ്ടിട്ടില്ലെന്ന് അബുല്‍ ഹസന്‍ അസ്സിയാദി പറയുന്നു. 

 

ഖുര്‍ആന്‍ സൃഷ്ടിവാദം (ഖല്‍ഖുല്‍ ഖുര്‍ആന്‍)

മുസ്‌ലിംലോക ചരിത്രത്തില്‍ പലപ്പോഴായി പല തരത്തിലുള്ള ആഭ്യന്തര വെല്ലുവിളികളുണ്ടായിട്ടുണ്ട്. രാഷ്ട്രീയ ചേരിതിരിവുകളുടെയും പക്ഷപാതിത്വങ്ങളുടെയും സ്വാധീനത്താല്‍ വിവിധ ചിന്താ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ആ കാലചംക്രമണത്തിനിടയിലാണ് ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധ ഖുര്‍ആന്‍ സൃഷ്ടിയാണോ അല്ലേ എന്ന സംവാദം  ഉടലെടുക്കുന്നത്. സമൂഹവുമായി നേരിട്ട് ബന്ധമുള്ളതോ വിശ്വാസ, ആചാര, അനുഷ്ഠാന രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്നതോ ആയിരുന്നില്ല ഈ ചര്‍ച്ചയെങ്കിലും അന്നത്തെ അബ്ബാസിയാ ഭരണാധികാരികളില്‍ ചിലരുടെ സങ്കുചിതത്വവും പക്ഷപാതിത്വവും ആസ്ഥാന പണ്ഡിതന്മാരുടെ കൊള്ളരുതായ്മയും കാരണം ഒരു വൈജ്ഞാനിക ചര്‍ച്ച എന്നതിലുപരി അതൊരു ക്രമസമാധാന പ്രശ്‌നമായി മാറി. മാത്രമല്ല, ഒരേ വിശ്വാസ സംഹിതയില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ പരസ്പരം അവിശ്വാസ ആരോപണങ്ങള്‍ വരെ ഉന്നയിക്കപ്പെടുകയുണ്ടായി. 

ഖുര്‍ആന്‍ അല്ലാഹുവിന്റെ അനാദിയായ വചനങ്ങളോ (കലാം) വിശേഷണമോ (സ്വിഫാത്ത്) അല്ലെന്നും അത് സൃഷ്ടിയാണെന്നും മുഅ്തസിലികള്‍ വാദിച്ചു. എന്നാല്‍ ഇമാം ശാഫിഈ അടക്കമുള്ള പണ്ഡിതന്മാര്‍ അത്തരം വിതണ്ഡവാദത്തെ ശക്തിയുക്തം എതിര്‍ത്തു. അല്ലാഹുവിനോടുള്ള ധിക്കാരമായി അവരതിനെ വിലയിരുത്തി. അല്ലാഹു ചില ഗുണവിശേഷണങ്ങള്‍ കൊണ്ട് തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. കഴിവ്, ഇഛ, ജ്ഞാനം, വചനം, കേള്‍വി, കാഴ്ച എന്നിങ്ങനെ. താന്‍ അര്‍ശിന്മേലാണെന്ന് അവന്‍ വര്‍ണിച്ചിരിക്കുന്നു (ഖുര്‍ആന്‍ 20:5). തന്നെ പോലെ മറ്റൊരു വസ്തുവും ഇല്ല (ഖുര്‍ആന്‍ 42:11). ഇതാണ് പൂര്‍വസൂരികളുടെ നിലപാട്. ഇതപ്പടി വിശ്വസിക്കാന്‍  നാം ബാധ്യസ്ഥരാണ്. അതിനെ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ നമുക്കാവില്ല. പ്രമാണവചനങ്ങളെ ബാഹ്യാര്‍ഥത്തില്‍ ഗ്രഹിക്കുകയും സാക്ഷാല്‍ വിവക്ഷ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയുമാണ് വേണ്ടത്. പൂര്‍വസൂരികള പോലെ ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണെന്ന് (വചനം) മാത്രം പറയുന്നതിന് പുറമെ ഖുര്‍ആന്‍ സൃഷ്ടിയല്ലെന്നുകൂടി ആ സത്യോപാസകന്‍ പ്രഖ്യാപിച്ചു. ദൃഢബോധ്യമില്ലാതെ കേള്‍ക്കുന്നതിന്റെയും കാണുന്നതിന്റെയും പിന്നാലെ ഉഴറിപ്പോവരുതെന്നും അസത്യവും അബദ്ധധാരണകളും പ്രചരിപ്പിക്കാന്‍ അത് കാരണമാകുമെന്നും ഇമാം ശാഫിഈ ഉണര്‍ത്തി. 

 

ഇല്‍മുല്‍കലാം

ഇമാം ശാഫിഈയുടെ കാലത്ത് മുഅ്തസിലികളുടെ കാര്‍മികത്വത്തില്‍ വളര്‍ന്നു വികസിച്ച ഒരു വൈജ്ഞാനികശാഖയാണ് ഇല്‍മുല്‍കലാം (വചനശാസ്ത്രം/ദൈവശാസ്ത്രം). തത്ത്വശാസ്ത്രപരമായ വീക്ഷണ കോണിലൂടെ ബൗദ്ധിക അടിത്തറയില്‍നിന്നുകൊണ്ടാണ് മുഅ്തസില അഖീദ ചര്‍ച്ച ചെയ്തിരുന്നത്. അവര്‍ പ്രബലമായ ഹദീസുകളെ പോലും അവഗണിച്ച് ബൗദ്ധിക പ്രമാണങ്ങളെ ആധാരമാക്കി വിഷയങ്ങളില്‍ തീരുമാനം കൈക്കൊണ്ടു. ഈ അതിവാദത്തെ ഇമാം ശാഫിഈ എതിര്‍ത്തു. വികലമായ സംവാദങ്ങള്‍ വര്‍ജിക്കാന്‍ ജനത്തോട് ആവശ്യപ്പെട്ടു. വിശ്വാസപരമായ കാര്യങ്ങളുടെ സ്ഥിരീകരണവും അവക്ക് തെളിവുകള്‍ കണ്ടെത്തലും ഖുര്‍ആന്റെയും സുന്നത്തിന്റെയും മാതൃക അവലംബിച്ചുകൊണ്ടായിരിക്കണമെന്ന്  അദ്ദേഹം നിര്‍ദേശിച്ചു. 

അദ്ദേഹം പറയുന്നു: ''ഇല്‍മുല്‍കലാമിന്റെ വക്താക്കളെ ഈന്തപ്പനമട്ടല്‍ കൊണ്ട് പ്രഹരിക്കുകയും ഒട്ടകപ്പുറത്ത് തലകീഴാക്കി ഇരുത്തി ജനമധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയും വേണം. ഖുര്‍ആനും സുന്നത്തും അവഗണിച്ചവര്‍ക്കുള്ള ശിക്ഷയാണിതെന്ന് വിളംബരം ചെയ്യണം.'' ഇല്‍മുല്‍കലാമിന്റെ വക്താക്കളെ പണ്ഡിതന്മാരായി പോലും അദ്ദേഹം പരിഗണിച്ചില്ല. ഇമാം ശാഫിഈ പറഞ്ഞതായി   ശിഷ്യന്‍ റബീഅ് ഉദ്ധരിക്കുന്നു: 'ഒരാള്‍ തന്റെ കൈവശമുളള ഗ്രന്ഥങ്ങള്‍ മറ്റൊരാള്‍ക്ക് വസ്വിയ്യത്ത് ചെയ്താല്‍ അയാളുടെ പക്കലുളള ഇല്‍മുല്‍കലാം സംബന്ധമായ ഗ്രന്ഥങ്ങള്‍ വസ്വിയ്യത്തില്‍ ഉള്‍പ്പെടുകയില്ല.' അത്ര തീവ്രമായിരുന്നു  ഇല്‍മുല്‍കലാം വക്താക്കളോടുള്ള അദ്ദേഹത്തിന്റെ നിലപാട്. 

 

ദൈവദര്‍ശനം

സ്വര്‍ഗസ്ഥരായ വിശ്വാസികള്‍ അല്ലാഹുവിനെ കാണുമെന്ന കാര്യത്തില്‍ ഇമാം ശാഫിഈയും പൂര്‍വസൂരികളും പ്രമാണബദ്ധമായി ഏകോപിച്ചിരിക്കുന്നു.  അല്ലാഹു പറയുന്നു: ''ചില മുഖങ്ങള്‍ അന്ന് പ്രസന്നമായിരിക്കും. അവ സ്വന്തം നാഥനെ നോക്കുന്നു'' (ഖുര്‍ആന്‍ 75: 22,23). നബിയില്‍നിന്ന് സുഹൈബ് നിവേദനം ചെയ്തതായി മുസ്‌ലിം ഉദ്ധരിക്കുന്നു: ''സ്വര്‍ഗാവകാശികളുടെ സ്വര്‍ഗപ്രവേശത്തോടെ അല്ലാഹു അവരോട് ചോദിക്കും: 'ഇതിനപ്പുറം വല്ലതും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?' അവര്‍ പറയും: 'നീ  ഞങ്ങളുടെ മുഖങ്ങള്‍ ധവളിമയാക്കിയില്ലേ, ഞങ്ങളെ സ്വര്‍ഗസ്ഥരാക്കുകയും നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലേ.' തദവസരം തിരശ്ശീല നീക്കപ്പെടും. അപ്പോള്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നതിനേക്കാള്‍ പ്രിയങ്കരമായതൊന്നും അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടാവില്ല. അനന്തരം നബി ഓതി: 'നന്മ ചെയ്തവര്‍ക്ക് ഏറ്റം നല്ല പ്രതിഫലവും അതില്‍ കൂടുതലുമുണ്ട്''(ഖുര്‍ആന്‍ 10:26).

എന്നാല്‍, ഇതില്‍നിന്നും ഭിന്നമായ നിലപാടാണ് മുഅ്തസില സ്വീകരിച്ചത്. സൂറ അല്‍അന്‍ആമിലെ 'ദൃഷ്ടികള്‍ അവനെ പ്രാപിക്കുന്നില്ല. അവനോ ദൃഷ്ടികളെ പ്രാപിക്കുന്നു (103) എന്ന  സൂക്തത്തെ തെളിവാക്കി,  സ്വര്‍ഗസ്ഥര്‍ക്ക് അല്ലാഹുവിനെ ദര്‍ശിക്കാന്‍ ആവില്ലെന്ന് അവര്‍ വാദിച്ചു. ഈ സൂക്തം ദര്‍ശനത്തെ നിഷേധിക്കുന്നുവെന്നും ദര്‍ശനീയനാകുമ്പോള്‍ അവന്‍ സൃഷ്ടിഗുണങ്ങളിലേക്ക് താഴുകയും  പരിമിതനാവുകയും ചെയ്യുന്നു എന്നും ഇത് ദൈവത്തിന്റെ പദവിക്ക് ഇണങ്ങുന്നതല്ല എന്നതായിരുന്നു അവരുടെ ന്യായം. ഭൗതിക ലോകത്തെ മനുഷ്യ ദര്‍ശനത്തിന്റ കാര്യത്തില്‍ ഇത് ന്യായം. എന്നാല്‍ പരലോകത്ത് എത്തുന്ന മനുഷ്യരില്‍ ഈ വിധി ചുമത്തുന്നത് ശരിയല്ല. കാരണം മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മനുഷ്യന്‍ നശ്വരനായ ഭൗതിക മനുഷ്യനല്ല. അനശ്വരനായ ആത്മീയ മനുഷ്യനാണ്. പരലോക മനുഷ്യന്റെ ഗുണങ്ങളും സ്വഭാവങ്ങളും ഭൗതിക മനുഷ്യന്റേതായിരിക്കുകയില്ല. ഭൗതികപ്രകൃതിയുമായി അതിനെ താരതമ്യം ചെയ്യാന്‍ തരമില്ല. പരലോകാനുഭവങ്ങള്‍ വ്യത്യസ്തമായേക്കാം. അതിനാല്‍ അല്ലാഹുവിനെ തീരെ ദര്‍ശിക്കാന്‍ ആവില്ലായെന്നത് ഈ സൂക്തത്തിന്റെ വിവക്ഷയല്ല. ദൃഷ്ടികള്‍ക്ക് അവനെ സമഗ്രമായി ഉള്‍ക്കെള്ളാനാവില്ല എന്നേ ഇതിന് അര്‍ഥമുള്ളൂ. 

ഇമാം ശാഫിഈയുടെ ഭാഷാ പ്രയോഗങ്ങള്‍ ഭാഷാ, വ്യാകരണ വിജ്ഞാനീയങ്ങള്‍ക്ക് അവലംബാര്‍ഹമായ പ്രമാണമായി പണ്ഡിതലോകം അംഗീകരിച്ചു.  ചെറുപ്പത്തിലേ  ഭാഷാ ഭണ്ഡാരങ്ങളാല്‍ സമ്പന്നമായ ഹുദൈല്‍ ഗോത്രക്കാരോടൊപ്പം വര്‍ഷങ്ങളോളം താമസിച്ചതിനാല്‍ അറബി ഭാഷയും സാഹിത്യവും സര്‍ഗാത്മകമായി അദ്ദേഹം ആര്‍ജിക്കുകയുണ്ടായി. ഇമാം ശാഫിഈയുടെ ജീവചരിത്രത്തിലെവിടെയും അദ്ദേഹം  വ്യാകരണം (ഇല്‍മുന്നഹ്‌വ്) ഗുരുമുഖത്തു നിന്ന് പഠിച്ചതായി കാണുന്നില്ല. അക്കാലത്തെ ഭാഷാപടുക്കളും ഗുരുക്കളും അദ്ദേഹത്തിന്റെ ഭാഷ ശ്രവിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നെങ്കിലും വാക്യഘടനയിലോ പദപ്രയോഗത്തിലോ ഒരു സ്ഖലിതമെങ്കിലും കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അറിവിന്റെ ഔന്നത്യത്തില്‍ വിരാജിക്കുമ്പോഴും തന്നിലുള്ള അറിവിന്റെ അളവില്‍ അദ്ദേഹം ഔദ്ധത്യം കാട്ടിയില്ല. സ്ഥല-കാല,  ജ്ഞാന  വ്യത്യാസത്തിനനുസരിച്ച് അറിവിന്റെ  അളവിലും അഭിപ്രായങ്ങളിലും നയങ്ങളിലും മാറ്റം വന്നപ്പോള്‍ തിരുത്തേണ്ടവ  തിരുത്തി.  പഴയ  വിധികളൊക്കെയും  റദ്ദാക്കുകയും  പുതിയവ മാത്രം സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.  

 

 

ഹാരിസ് ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശി. കാസര്‍കോട് ആലിയ അറബിക് കോളേജില്‍ പഠനം. ഖത്തറില്‍ ജോലി ചെയ്യുന്നു. കൃതികള്‍: ഖുര്‍ആനിലെ സ്വഹാബികള്‍, ജിന്നും മലക്കും പ്രമാണങ്ങളില്‍. ഇമെയില്‍: harisblsy@gmail.com

Comments

Other Post