Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

വിദ്യാഭ്യാസ ചിന്തകളും അധ്യാപന രീതിയും

അബ്ദുസ്സലാം പുലാപ്പറ്റ

ആധുനികരും പൗരാണികരുമായ ഇസ്‌ലാമിക പണ്ഡിതര്‍ വിദ്യാഭ്യാസത്തെയും അതിന്റെ മൗലിക ഘടകങ്ങളെയും നിര്‍വചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ശാഫിഈയുടെ അധ്യാപനം, രചനകള്‍ എന്നിവ പഠനവിധേയമാക്കിയാല്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തകള്‍ മനസ്സിലാക്കാനാകും. ഇമാം ശാഫിഈയുടെ ബഹുമുഖ പ്രതിഭയെ സംബന്ധിച്ച് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തകള്‍ക്ക് അവയില്‍ കാര്യമായ ഇടം ലഭിച്ചിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. 1980-കള്‍ക്കു ശേഷമാണ് ഈ മേഖലയിലുള്ള പഠനങ്ങള്‍ക്ക് തുടക്കംകുറിക്കപ്പെട്ടത്. അത്തരം അക്കാദമിക പഠനങ്ങള്‍ ലോകം കണ്ട പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന പദവിയിലേക്ക് അദ്ദേഹത്തെ എത്തിക്കുമെന്നതില്‍ സംശയമില്ല.

വിദ്യാഭ്യാസ പ്രവര്‍ത്തനം ചില മൗലിക സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്. വിജ്ഞാനം, വിദ്യാര്‍ഥി, അധ്യാപകന്‍, സിലബസ്, പഠന മാധ്യമം, അഡ്മിനിസ്‌ട്രേഷന്‍ എന്നിവ ഉദാഹരണം. ഇവ പരസ്പരപൂരകങ്ങളാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനം വിജയിക്കാനുള്ള അടിത്തറകളും ഇവയാണ്. ഇമാം ശാഫിഈ ഇവയെ സംബന്ധിച്ച് തന്റെ പ്രഭാഷണങ്ങളിലും രചനകളിലും വിശദീകരിച്ചിട്ടുണ്ട്. 

 

വിജ്ഞാനം

വിജ്ഞാനത്തിന്റെ യഥാര്‍ഥ്യം, വിജ്ഞാന സ്‌നേഹം, പണ്ഡിതരുടെ ഔന്നത്യം എന്നിവയെകുറിച്ച് ഇമാം ശാഫിഈ ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. വിജ്ഞാന സമ്പാദനത്തെ സ്വര്‍ഗത്തിലേക്കുള്ള വഴിയായും മഹത്തായ ഇബാദത്തായും അദ്ദേഹം വിശേഷിപ്പിച്ചു. വിജ്ഞാനത്തിന്റെ അഭാവത്തില്‍ മനുഷ്യനില്‍ സത്യാസത്യ വിവേചനശക്തി നഷ്ടപ്പെടും. അദ്ദേഹം പറയുന്നു: ''സുന്നത്ത് നമസ്‌കാരത്തേക്കാള്‍ ശ്രേഷ്ഠമാണ് വിജ്ഞാന സമ്പാദനം.'' ''ഇഹലോകമുദ്ദേശിക്കുന്നവന്നും വിജ്ഞാനം നിര്‍ബന്ധമാണ്, പരലോകം ഉദ്ദേശിക്കുന്നവന്നും വിജ്ഞാനം നിര്‍ബന്ധമാണ്. പണ്ഡിതന്‍ തനിക്കറിവുള്ളതിനെ കുറിച്ചും അറിവില്ലാത്തതിനെ കുറിച്ചും ചോദിക്കപ്പെടുന്നതാണ്. അതുവഴി അറിവുള്ള കാര്യങ്ങള്‍ സ്ഥിരപ്പെടും, അറിയാത്തവ പഠിക്കാനും കഴിയും. എന്നാല്‍, പാമരന്‍ വിദ്യാഭ്യാസത്തെയും പഠനത്തെയും വെറുക്കുകയാണ് ചെയ്യുക.'' അദ്ദേഹം പണ്ഡിതന്മാരെ സമൂഹത്തിന്റെ മുന്‍നിരയിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അവര്‍ സമൂഹത്തിന്റെ പ്രകാശഗോപുരങ്ങളാണ്. 'വൈദ്യനും പണ്ഡിതനുമില്ലാത്ത നാട് താമസയോഗ്യമല്ല' എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിജ്ഞാനം അഗാധമായ പാരാവാരമാണ്. എല്ലാ നല്ല വിജ്ഞാനങ്ങളും സമ്പാദിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. വിജ്ഞാന സ്‌നേഹവും ചിന്താപരമായ ഔന്നത്യവും വ്യക്തിത്വത്തിന്റെ സുപ്രധാന വശങ്ങളാണ്.

 

വിദ്യാര്‍ഥി

വിദ്യ നേടുന്നവന് ചില നിബന്ധനകള്‍ അദ്ദേഹം കവിതയിലൂടെ നിഷ്‌കര്‍ഷിക്കുന്നത് കാണാം: ''സഹോദരാ, ആറ് കാര്യങ്ങളില്ലെങ്കില്‍ വിദ്യ നേടല്‍ അസാധ്യം. അവ ഞാന്‍ നിനക്ക് സവിസ്തരം വിശദീകരിച്ചുതരാം. ബുദ്ധിവൈഭവവും അഭിവാഞ്ഛയും അത്യധ്വാനവും മിതഭാഷണവും ഗുരു സഹവാസവും ദീര്‍ഘകാലവുമാണവ.''

വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധാര്‍ഹവും പഠനാര്‍ഹവുമാണ്. ഹ്രസ്വകാലം കൊണ്ടും മിതബുദ്ധി കൊണ്ടുമുള്ള വിദ്യാഭ്യാസ പ്രക്രിയയാണ് ഇന്ന് സമൂഹത്തിന് പഥ്യം. വേദനാജനകമായ വിപര്യയമാണിത്. ആരും ജനിക്കുന്നത് പണ്ഡിതനായിട്ടല്ലെന്നും ഈ ഘടകങ്ങളെല്ലാം ഒത്തുപോകുമ്പോഴാണ് വിജ്ഞാനത്തിന്റെ ഉച്ചിയിലെത്തുകയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു: ''ആഗ്രഹമാണ് പ്രതലം, വിജ്ഞാനമാണതിലെ വിത്ത്. അതാവട്ടെ അധ്വാനം കൊണ്ടല്ലാതെ ലഭ്യവുമല്ല.'' 

 

അധ്യാപകന്‍

വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ് അധ്യാപകന്‍. ഗ്രന്ഥവായനയെ മാത്രം ആശ്രയിക്കുന്ന വിദ്യാര്‍ഥിക്ക് മാര്‍ഗഭ്രംശം സംഭവിക്കാന്‍ സാധ്യതയുണ്ട്. ശാഫിഈ പറയുന്നു: ''ഗ്രന്ഥങ്ങളുടെ ഉള്ളില്‍നിന്ന് മാത്രം വിദ്യ നേടുന്നവന്‍ വിധികള്‍ പാഴാക്കുന്നവനാകുന്നു.'' ഉത്തമ സ്വഭാവമാണ് അധ്യാപകന്റെ കൈമുതലും മുദ്രയും. അതിന്റെ അഭാവത്തില്‍ ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുകയില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അധ്യാപകന്‍ ആരായിരിക്കണമെന്ന ഇമാം ശാഫിഈയുടെ വീക്ഷണം ഉപദേശരൂപത്തില്‍ അദ്ദേഹം ചുരുക്കി പറഞ്ഞിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലക്ക് ആപ്തവാക്യങ്ങളായി സ്വീകരിക്കാന്‍ പര്യാപ്തമാണ് ആ ഉപദേശം. ഇമാം ശാഫിഈ ഹാറൂന്‍ റശീദിന്റെ കൊട്ടാരത്തില്‍ വന്ന സന്ദര്‍ഭത്തിലാണത്. ഹാറൂന്റെ കൂടെ ഭൃത്യന്‍ സിറാജും ഉണ്ടായിരുന്നു. ഖലീഫാ പുത്രന്മാരുടെ ഗുരുനാഥനായ അബൂ അബ്ദിസ്വാമിദിന്റെ സമീപം ശാഫിഈയെ ഇരുത്തിക്കൊണ്ട് ഭൃത്യന്‍ ശാഫിഈയോട് പറഞ്ഞു: ''ഇവര്‍ ഖലീഫയുടെ മക്കളാണ്. ഇദ്ദേഹം ഇവരുടെ ഗുരുനാഥനുമാണ്.  ഗുരുനാഥന് താങ്കള്‍ ഉപദേശം നല്‍കിയാലും.'' ഗുരുനാഥന് അഭിമുഖമായി ഇരുന്ന് ശാഫിഈ പറഞ്ഞു: ''ഖലീഫയുടെ മക്കളെ സദാചാരവും സംസ്‌കാരവും പഠിപ്പിക്കുന്നതിനു മുമ്പ് താങ്കള്‍ അതിന്റെ പ്രഥമപ്രയോക്താവാകുക. അവരുടെ ദൃഷ്ടികള്‍ താങ്കളിലേക്ക് തുറന്നുവെച്ചിരിക്കുകയാണ്. താങ്കള്‍ ചെയ്യുന്ന നല്ലതെന്തും അവരുടെ അടുത്ത് നല്ലതാണ്. താങ്കള്‍ മോശമെന്ന് കരുതി ഉപേക്ഷിക്കുന്നതെന്തും അവരുടെയടുത്തും മോശപ്പെട്ടതാണ്. താങ്കള്‍ അവര്‍ക്ക് അല്ലാഹുവിന്റെ ഗ്രന്ഥം പഠിപ്പിക്കുക. മടുപ്പിക്കുന്ന രീതിയില്‍ അവരെ പഠനത്തിന് നിര്‍ബന്ധിക്കരുത്. എല്ലാം ഉപേക്ഷിക്കുന്ന തരത്തില്‍ പാടെ വിട്ടേക്കുകയും ചെയ്യരുത്. സദാചാര ബോധമുളവാക്കുന്ന കവിതകളും സ്വഹീഹായ ഹദീസുകളും പഠിപ്പിക്കുക. ഒരു വിജ്ഞാനം .പൂര്‍ത്തിയാകുന്നതിനു മുമ്പ് മറ്റൊന്നിലേക്ക് പോവരുത്. ഒരുപാട് കാര്യങ്ങള്‍ കുത്തിക്കയറ്റരുത്.''

ചെറിയ വാക്യങ്ങളില്‍ സമര്‍ഥനായ ഒരു അധ്യാപകന്‍ എങ്ങനെ രൂപപ്പെടുന്നുവെന്ന് കൃത്യമായി വരച്ചുകാട്ടുന്നു ശാഫിഈ. ഉത്തമ മാതൃക സമര്‍പ്പിക്കുക, വിദ്യാര്‍ഥിയെ ഖുര്‍ആനിലേക്കും പ്രയോജനപ്രദമായ വിജ്ഞാനങ്ങളിലേക്കും സൗമ്യമായി തിരിച്ചുവിടുക, അധ്യാപനം അടുക്കും ചിട്ടയുമുള്ളതാവുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഒരധ്യാപകന്റെ മികവിന്റെ നിദാനങ്ങളാണ്. ഇമാം ശാഫിഈ വിദ്യാര്‍ഥികളോട് സൗഹൃദവും അനുകമ്പയും സ്‌നേഹവും പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇമാം അഹ്മദുബ്‌നു ഹമ്പലിനെയും മുഹമ്മദുബ്‌നു ഹകമിനെയും സന്ദര്‍ശിക്കുന്നതുപോലെ വിദ്യാര്‍ഥികളെയും സന്ദര്‍ശിക്കുമായിരുന്നു. 

വ്യക്തിത്വവികാസവും ശാഫിഈയുടെ വിദ്യാഭ്യാസ ചിന്തകളില്‍ കാണുന്നു. അതിങ്ങനെ സംഗ്രഹിക്കാം:

1. വിജ്ഞാനത്തിന് ഊന്നല്‍ നല്‍കുകയും വ്യക്തിഗത വൈജാത്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുക. 

2. അറബി ഭാഷാ പഠനത്തിന് ഊന്നല്‍ നല്‍കുക. 

3. ശാരീരികവും ധാര്‍മികവും ബുദ്ധിപരവുമായ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുക. 

4. സമൂഹത്തിന്റെ സ്വഭാവവും സമകാലിക സംഭവങ്ങളും പരിഗണിക്കുക. ശാഫിഈ തന്റെ ചില ഇജ്തിഹാദുകള്‍ മാറ്റിയത് ഈജിപ്തില്‍ സ്ഥിരവാസമുണ്ടായപ്പോഴാണ്. 

 

സദ്‌സുഹൃദ്ബന്ധത്തിന്റെ പ്രാധാന്യം

സാമൂഹിക വിദ്യാഭ്യാസത്തില്‍ സുഹൃദ്ബന്ധത്തിന്റെ പ്രാധാന്യം വലുതാണ്. വ്യക്തിയുടെ സാമൂഹികാവബോധത്തിന്റെ തെളിവ് കൂടിയാണത്. എന്നാല്‍, ജനങ്ങളുമായുള്ള സഹവാസം സന്തുലിതമാവുകയും ചെയ്യേണ്ടതുണ്ട്. ഇമാം ശാഫിഈ പറയുന്നു: ''ജനങ്ങളോടുള്ള സഹവാസത്തില്‍ ഉദാരത കാണിക്കുന്നത് മോശമായ സുഹൃത്തുക്കളെ സമ്പാദിക്കാനും, അതില്‍ ലുബ്ധ് കാണിക്കുന്നത് ശത്രുത സമ്പാദിക്കാനും ഇടവരുത്തും. അതിനാല്‍ മിതത്വം നീ മുറുകെപ്പിടിക്കുക.'' സഹവാസത്തിന്റെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ''നീ മാന്യന്മാരോട് സഹവസിക്കുക. അതിലൂടെ നീയും മാന്യനാവും. അധമരോട് സഹവസിക്കാതിരിക്കുക. ആ സഹവാസം നിന്നെയും അധമനാക്കും.'' ജീവിതത്തിന്റെ അനിവാര്യഘടകമാണ് സുഹൃദ്ബന്ധമെന്ന് ഇമാം ശാഫിഈ തന്റെ കവിതകളില്‍ കുറിക്കുന്നുണ്ട്. ''നീതിമാനും വാഗ്ദാനപാലകനും സത്യസന്ധനുമായ കൂട്ടുകാരനില്ലാത്ത ലോകമേ നിനക്ക് സലാം.'' 

ഇമാം ശാഫിഈയുടെ കവിതാസമാഹാരത്തില്‍ സുഹൃദ് ബന്ധം, കൂട്ടുകാര്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെ സംബന്ധിച്ച് വിശദമായ പരാമര്‍ശങ്ങള്‍ കാണാം. പൊതുജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ സഹവാസത്തിന് ഹദീസ് റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ച പഠനം സഹായകമായി. അവരിലെ പണ്ഡിതന്മാരുടെ വിശ്വസ്തതയുടെ വ്യാപ്തിയും അതിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. 

 

വിദ്യാഭ്യാസത്തെ ധാര്‍മിക മൂല്യവുമായി ബന്ധിപ്പിക്കുക

ഇമാം ശാഫിഈ തന്റെ വിദ്യാര്‍ഥികള്‍ക്കും അനുചരന്മാര്‍ക്കും സദാചാര മൂല്യങ്ങള്‍ കൂട്ടിയിണക്കിയാണ് വിജ്ഞാനം പകര്‍ന്നുകൊടുത്തത്. ഇമാം ഒരു വിദ്യാര്‍ഥിയോട് പറഞ്ഞു: ''നിന്റെ സുഹൃത്തിനെ കുറിച്ച് നീ വെറുക്കുന്ന ഒരു കാര്യം നിന്നോട് ആരെങ്കിലും പറഞ്ഞാല്‍ നീ അവനോട് ശത്രുതക്കും സഹകരണത്തിനും വേഗം കാണിക്കരുത്. കേവല സംശയത്തിന്റെ പഴുതില്‍ ദൃഢബോധ്യമുള്ളതിനെ ഇല്ലാതാക്കരുത് എന്നര്‍ഥം. മറിച്ച് നീ അവനുമായി കൂടിക്കാഴ്ച നടത്തുകയും നിന്നെ സംബന്ധിച്ച് ഇന്നയിന്ന കാര്യങ്ങള്‍ എനിക്കറിയാന്‍ കഴിഞ്ഞു എന്ന് പറയുകയും ചെയ്യുക. ഞാന്‍ കേട്ട കാര്യത്തേക്കാള്‍ നീ ഉയര്‍ന്ന നിലവാരത്തിലാണെന്നാണ് എന്റെ പക്ഷം. അത് അവന്‍ നിഷേധിക്കുകയാണെങ്കില്‍ നീയാണ് ഏറ്റവും സത്യസന്ധനെന്നും നന്മേഛുവെന്നും അവനോട് പറയുക. പിന്നീട് അതേക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാതിരിക്കുക.'' 

ഇമാം ശാഫിഈയുടെ അധ്യാപനങ്ങളില്‍ ധാര്‍മികതക്കും സദാചാരബോധത്തിനും മുഖ്യ ഊന്നലാണുള്ളത്. വിദ്യാഭ്യാസത്തിന്റെ മഹോന്നത ലക്ഷ്യം നീതി സ്ഥാപിക്കാന്‍ വേണ്ടിയുള്ള ധാര്‍മിക സംസ്‌കരണം നല്‍കലാണ്. 

''ഒരാളുടെ വിജ്ഞാനം ഹൃദയത്തില്‍ സന്മാര്‍ഗവും ചര്യയില്‍ നീതിയും സ്വഭാവത്തില്‍ നന്മയും വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ അല്ലാഹു അവന് ശിക്ഷയാണ് വിധിച്ചിരിക്കുന്നതെന്നും ബിംബാരാധകനെപ്പോലെ അവനും വഷളാക്കപ്പെടുമെന്നും സന്തോഷവാര്‍ത്ത അറിയിക്കുക.''

ഈ കവിതാശകലങ്ങളില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നീതി സ്ഥാപിക്കലാണെന്ന് ഇമാം ശാഫിഈ ചൂണ്ടിക്കാണിക്കുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുന്നവന്‍ തന്റെ റബ്ബിനോടുള്ള കടപ്പാടുകള്‍ തിരിച്ചറിഞ്ഞവനാണ്. വിദ്യാഭ്യാസം സല്‍ക്കര്‍മത്തിന് വേണ്ടിയാവുമ്പോള്‍ അനുഗ്രഹമാണ്? അല്ലെങ്കില്‍ നാശവുമാണ്. 

ഈ വരികള്‍ കാണുക:

''ജനങ്ങളേവരും പഴിക്കുന്നു കാലത്തെ, 

ന്യൂനത നമുക്കല്ലാതെ കാലത്തിനില്ല തന്നെ.

കുറവു നമ്മിലായിരിക്കെ പഴിക്കുന്നു നാം കാലത്തെ. 

കാലത്തിനെങ്ങാനും തെറിവിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍

നമ്മെ അത് തെറിവിളിക്കുമായിരുന്നു.'' 

 

വിദ്യാഭ്യാസത്തിന്റെ രീതികള്‍

1. ആവര്‍ത്തനം

ഇമാം ശാഫിഈ വിദ്യാഭ്യാസത്തിന് ധാരാളം രീതികള്‍ ഉപയോഗിച്ചിട്ടുണ്ട്. ആവര്‍ത്തനമാണ് അതിലൊന്ന്. തന്റെ വിദ്യാര്‍ഥികളിലൊരാളോട് അദ്ദേഹം പറഞ്ഞു. ''അല്ലയോ റബീഅ്, നിന്നെ വിജ്ഞാനം തീറ്റിക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നു.'' സാവകാശം കാര്യങ്ങള്‍ മനസ്സിലാവുന്ന ആളായിരുന്നു റബീഅ്. അതുകൊണ്ടുതന്നെ, ഒരു പ്രശ്‌നം (മസ്അല) 40 പ്രാവശ്യം ആവര്‍ത്തിച്ചിട്ടും റബീഇന് മനസ്സിലാവാതെവന്നാല്‍ റബീഅ് ലജ്ജയാല്‍ സദസ്സില്‍നിന്നെഴുന്നേറ്റു പോവും. പിന്നീട് ശാഫിഈ അവനെ ഒറ്റക്ക് വിളിക്കുകയും മനസ്സിലാവുന്നതുവരെ അതേ പ്രശ്‌നം ആവര്‍ത്തിച്ച് പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.

 

2. യാത്ര

വിദ്യ നേടുന്നതിന് യാത്ര പ്രധാന ഘടകമാണെന്ന് ഇമാം ശാഫിഈ നിരീക്ഷിക്കുന്നു: ''ഉന്നതി ആഗ്രഹിക്കുന്നവന്‍ പരദേശം സ്വീകരിക്കണം. യാത്ര ചെയ്യൂ. യാത്രയില്‍ അഞ്ച് പ്രയോജനങ്ങളുണ്ട്. ദുഃഖമകറ്റലും സമ്പാദ്യവും വിജ്ഞാനവും മര്യാദകളും ശ്രേഷ്ഠരോടുള്ള സഹവാസവുമാണവ.''

 

3. സംവാദം

വിജ്ഞാനം വര്‍ധിപ്പിക്കാനും ചിന്തകള്‍ പ്രസരണം ചെയ്യാനും മനസ്സില്‍ അവ ഉറപ്പിക്കാനും ഇമാം ശാഫിഈ കാണുന്ന മികച്ച രീതിയാണ് സംവാദം.

 

വഅ്‌ളും നസ്വീഹത്തും

ഇതൊരു മഹത്തായ കലയാണ്. മനുഷ്യഹൃദയങ്ങളില്‍ നന്മ പ്രചരിപ്പിക്കാനും ഹൃദയങ്ങളെ ലോലമാക്കാനും ഈ കലക്ക് കഴിയും. ഇമാം ശാഫിഈയുടെ വിജ്ഞാനത്തിന് നിറപ്പകിട്ടേകുന്നു അത്. ഇമാമിന്റെ ചില സാരോപദേശങ്ങള്‍ കാണുക: ''നീ ദുന്‍യാവിനോട് വിരക്തിയുള്ളവനായും പരലോകത്തോട് കൊതിയുള്ളവനായും ജീവിക്കുക.'' ''എല്ലാകാര്യങ്ങളിലും നീ അല്ലാഹുവിനെ ഓര്‍ക്കുക. നാളെ രക്ഷപ്പെടുന്നവരുടെ കൂടെ നിനക്കും രക്ഷപ്പെടാം.'' 

ഒരിക്കല്‍ ഒരാള്‍ ഇമാം ശാഫിഈയോട്: ''എന്നെ ഉപദേശിച്ചാലും.'' ശാഫിഈ പറഞ്ഞു. ''അല്ലാഹു നിന്നെ സ്വതന്ത്രനായാണ് സൃഷ്ടിച്ചത്. അതിനാല്‍ അവന്‍ നിന്നെ സൃഷ്ടിച്ച പോലെ നീ സ്വതന്ത്രനാവുക.'' 

മറ്റൊരിക്കല്‍ പറഞ്ഞു: ''ഒരുകാര്യം ചെവി കൊണ്ട് ശ്രദ്ധിച്ച് കേള്‍ക്കുന്നവന്‍ ഉദ്ധരിക്കുന്നവനെപ്പോലെയും ഹൃദയം കൊണ്ട് ശ്രദ്ധിച്ചു കേള്‍ക്കുന്നവന്‍ ഉള്‍ക്കൊള്ളുന്നവനെ പോലെയും കര്‍മം കൊണ്ടുപദേശിച്ചവന്‍ മാര്‍ഗദര്‍ശിയെ പോലെയുമാണ്.'' 

ആസന്നമരണവേളയില്‍ പോലും ഇമാം ശാഫിഈയില്‍നിന്ന് ഇത്തരം ഉപദേശങ്ങള്‍ സമൂഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ സിംഹഭാഗവും ശിഷ്യന്മാര്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഉപദേശത്തിന്റെ രീതിയെക്കുറിച്ച് അദ്ദേഹം പറയുന്നു: ''തന്റെ സഹോദരനെ രഹസ്യമായാണ് ഉപദേശിക്കുന്നതെങ്കില്‍ അവന്‍ അവനെ ഗുണദോഷിക്കുകയും മാനിക്കുകയും ചെയ്തു. ഒരാള്‍ പരസ്യമായാണ് ഉപദേശിക്കുന്നതെങ്കില്‍ അയാളെ വഷളാക്കുകയും മനസ്സിനെ ക്ഷതപ്പെടുത്തുകയും ചെയ്തു.''

 

കഥകള്‍

വിദ്യാര്‍ഥികളെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കാന്‍ കഥകളും അദ്ദേഹം ഉപയോഗിക്കാറുണ്ടായിരുന്നു. വളരെ കുറച്ച് കഥകളേ അദ്ദേഹം ഉദ്ധരിച്ചിരുന്നുള്ളൂ. അവയാകട്ടെ സമുന്നത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയും. അറബി സാഹിത്യ വിദ്യാര്‍ഥികള്‍ ആ കഥകള്‍ പഠിക്കാറുണ്ട്. വിദ്യ  തേടിയുള്ള യാത്രയിലും മറ്റും തനിക്കുണ്ടായ രസകരമായ അനുഭവങ്ങള്‍ കഥകളാക്കി മാറ്റുകയാണ് ചെയ്യുക.

 

ശാരീരിക ശിക്ഷകള്‍

അടിയല്ലാത്തവ കുട്ടികളുടെ ശിക്ഷണത്തിന് ആവാമെന്നാണ് ഇമാം ശാഫിഈയുടെ നിരീക്ഷണം. പലരും വിശ്വസിക്കുന്നത് ശാരീരിക ശിക്ഷ അവസാനത്തെ ചോയ്‌സ് ആണെന്നാണ്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ഇമാം ശാഫിഈ കിതാബുല്‍ ഉമ്മില്‍ പറയുന്നു: (ദാമ്പത്യ ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കവെ) അടി ഉപേക്ഷിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. കാരണം റസൂല്‍ (സ) പറഞ്ഞു: 'നിങ്ങളിലെ മാന്യന്മാര്‍ അടിക്കുകയില്ല.' അടി, ഭീഷണി, ശിക്ഷ എന്നീ ശൈലികള്‍ അധികവും നിഷ്ഫലമാണെന്നും പലപ്പോഴും കുട്ടികളില്‍ വിപരീത ഫലമുണ്ടാക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

ഇമാം ശാഫിഈ ശാരീരിക ശിക്ഷ ഒഴിവാക്കുന്നതിനെ ശ്രേഷ്ഠമായി കാണുന്നു. കിതാബുല്‍ ഉമ്മില്‍ പറയുന്നു: ഗ്രന്ഥം പഠിക്കുന്നവരും മനുഷ്യരെ പഠിപ്പിക്കുന്നവരും ആട്ടിടയന്മാരില്‍നിന്ന് തികച്ചും വ്യത്യസ്തരാണ്. സംസാരം കൊണ്ട് ശിക്ഷണവിധേയനാവുകയും പഠിക്കുകയും ചെയ്യുന്നവനാണ് മനുഷ്യന്‍. നാല്‍ക്കാലികളുടെ ശിക്ഷണ രീതി മറിച്ചാണ് താനും. ഇനി ഒരു അധ്യാപകന്‍ ശിക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിയെ അടിക്കുകയും കാര്യമായ പരിക്കേല്‍ക്കേണ്ടിവരുകയും ചെയ്താല്‍ അധ്യാപകന്‍ അതിന് നഷ്ടപരിഹാരം നല്‍കേണ്ടതാണ്. വിദ്യാര്‍ഥിയുടെ സുരക്ഷ അധ്യാപകന്റെ ഉത്തരവാദിത്തമാണ്. 

എഴുത്ത് എന്ന കല

രചന വിദ്യാഭ്യാസത്തിന്റെയും അധ്യാപനത്തിന്റെയും നാഗരികതയുടെയും സുപ്രധാന മാധ്യമമാണ്. നമ്മുടെ പൂര്‍വസൂരികള്‍ ആ മാര്‍ഗത്തിലൂടെ സഞ്ചരിച്ചാണ് നമ്മുടെ പൈതൃകങ്ങളെ രൂപകല്‍പന ചെയ്തത്. മനസ്സില്‍ സൂക്ഷിക്കുന്ന അറിവില്‍ പലതും മറന്നുപോവും. എഴുത്താകട്ടെ, വിജ്ഞാനം സൂക്ഷിക്കുന്നതിന്റെ ഉപാധിയാണ്. ജ്ഞാനികള്‍ അതിനെ വേട്ടമൃഗത്തോട് സദൃശ്യപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥി തന്റെ വേട്ടമൃഗത്തെ ബലിഷ്ഠമായ കയര്‍ കൊണ്ട് ബന്ധിക്കേണ്ടതുണ്ട്. അതാണ് ശ്രദ്ധാപൂര്‍വമായ എഴുത്ത്. ഈ വിഷയത്തില്‍ പ്രവാചകന്റെ ഒരു വചനമുണ്ട്: ''നിങ്ങള്‍ എഴുത്തുകൊണ്ട് വിജ്ഞാനത്തെ ബന്ധിക്കുക.'' ഈ ഹദീസിന്റെ സത്ത മനസ്സിലാക്കിയ ശേഷം ശാഫിഈ പറഞ്ഞു: ''വിജ്ഞാനം വേട്ടയാണ്. എഴുത്താണ് അതിന്റെ ബന്ധനം. അതിനാല്‍ നീ നിന്റെ വേട്ടകളെ ഭദ്രമായ പാശം കൊണ്ട് ബന്ധിക്കുക.'' 

ഇമാം ശാഫിഈ തന്റെ ചെറുപ്പത്തില്‍ പണ്ഡിതരോടൊത്തിരിക്കുകയും പ്രയോജനപ്രദമായവ എഴുതിയെടുക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍ വിദ്യാഭ്യാസത്തിന്റെ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ടതാണ് എഴുത്ത്. അദ്ദേഹം തന്റെ മദ്ഹബിന്റെ അടിത്തറ പാകിയതും അതിലൂടെയാണ്. വിദ്യാര്‍ഥികളെ അദ്ദേഹം എഴുതിവെക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. രചനക്ക് ചില പ്രത്യേക രീതിശാസ്ത്രം അദ്ദേഹത്തിനുണ്ടായിരുന്നു. രചനകള്‍ വായനക്കാര്‍ക്ക് എളുപ്പമാവണമെന്ന ഉദ്ദേശ്യവും. റബീഅ് പറയുന്നു: ''ഇമാം ശാഫിഈ സ്ഫുടമായ ഭാഷയിലാണ് സംസാരിക്കുകയും വിശദീകരിക്കുകയും ചെയ്യുക. കേട്ടവരെല്ലാം അത്ഭുതപ്പെടുമായിരുന്നു. സംവാദത്തിലും മറ്റും ഉപയോഗിക്കുന്ന വാക്കുകള്‍ കൊണ്ടാണ് തന്റെ രചനകളെല്ലാം നടത്തിയിരുന്നതെങ്കില്‍ അപരിചിതമായ പദങ്ങളും സ്ഫുടമല്ലാത്ത ഭാഷയും കാരണമായി അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ കഴിയുമായിരുന്നില്ല.''

രചനയില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളില്‍ മാതൃകയുണ്ട്. വിഷയാധിഷ്ഠിതമായ പ്രബന്ധങ്ങള്‍ തയാറാക്കാനുദ്ദേശിക്കുന്നവര്‍ക്കും സ്‌പെഷ്യലൈസേഷന്‍ നടത്താനുദ്ദേശിക്കുന്നവര്‍ക്കുമെല്ലാം അദ്ദേഹം മാര്‍ഗം വെട്ടിത്തെളിച്ചിട്ടുണ്ട്. 

 

ഉദാഹരണങ്ങളുടെ ഉപയോഗം

ഉദാഹരണങ്ങള്‍ വിദൂരതയെ അടുപ്പിക്കും. പ്രയാസത്തെ എളുപ്പമാക്കും. ഇമാം ശാഫിഈ തന്റെ രചനകളില്‍ ധാരാളം ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ച്, വിശദീകരണവും വ്യക്തതയും ആവശ്യമായ നിയമങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍. അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങളും നിഷിദ്ധമാക്കിയ കാര്യങ്ങളും ചുരുക്കിയും വിശദീകരിച്ചും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് പലപ്പോഴും ഉദാഹരണങ്ങളിലൂടെയായിരിക്കും.

തന്റെ ചിന്തകളോട് വായനക്കാരും വിദ്യാര്‍ഥികളും അടുക്കാന്‍ വേണ്ടിയാണ് ഉദാഹരണങ്ങളും വിശദീകരണങ്ങളും നല്‍കുന്നത്. ആദ്യം തത്ത്വങ്ങളും പിന്നീട് ഉദാഹരണങ്ങളും നല്‍കും. അദ്ദേഹം തന്റെ അര്‍രിസാലയില്‍ വിധി നടത്തുമ്പോള്‍ ഖുര്‍ആനിനും സുന്നത്തിനും മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നു: ''നാം ഇജ്മാഅ് കൊണ്ടാണ് ആദ്യം വിധിക്കുക. ശേഷമാണ് ഖിയാസിന്റെ സ്ഥാനം. അത് ഇജ്മാഇനേക്കാള്‍ ഏറ്റവും ദുര്‍ബലവുമാണ്. പക്ഷേ, അതിന് അനിവാര്യമായ ഒരു സ്ഥാനമുണ്ട്. കാരണം, ഹദീസുണ്ടായിരിക്കെ ഖിയാസ് അനുവദനീയമല്ല. ഉദാഹരണത്തിന്, യാത്രയില്‍ വെള്ളം ലഭിക്കാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ശുദ്ധിക്കായി തയമ്മും ചെയ്യാവുന്നതാണ്. വെള്ളമുള്ള സമയത്ത് തയമ്മും കൊണ്ട് ശുദ്ധീകരണം സാധ്യമല്ല. അപ്രകാരമാണ് സുന്നത്തുള്ളപ്പോള്‍ ഖിയാസ് കൊണ്ട് വിധിക്കുന്നത്. സുന്നത്തുകൊണ്ട് വിധിക്കല്‍ ഒരു കാരണവശാലും കഴിയാതിരിക്കുമ്പോഴാണ് ഖിയാസിന്റെ ഊഴം.'' എല്ലാ മസ്അലകളിലും തത്ത്വങ്ങള്‍ നിരത്തിയ ശേഷം വായനക്കാര്‍ക്ക് ബോധ്യപ്പെടാന്‍ ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുകയാണ് ചെയ്യുക: ''യാത്രക്കാരനായ ഒരാള്‍ കൂടെ വെള്ളം കരുതുകയും പിന്നീട് ആ വെള്ളത്തില്‍ നജസ് ചേര്‍ന്നതായി ഊഹിക്കുകയും ചെയ്താല്‍ ഉറപ്പില്ലാത്തിടത്തോളം അത് ശുദ്ധമായ വെള്ളം തന്നെയാകുന്നു. ആ വെള്ളം കുടിക്കാനും വുദൂ എടുക്കാനും ഉപയോഗിക്കാം. മറ്റൊരു ഉദാഹരണം: ഒരു വ്യക്തിക്ക് കഠിനമായ വിശപ്പനുഭവപ്പെടുകയും മരണത്തെ ഭയപ്പെടുകയും മറ്റൊരാളുടെ ഭക്ഷണം മുന്നില്‍ കാണുകയും ചെയ്താല്‍ അവന് ആ ഭക്ഷണം കഴിക്കാമെന്നാണ് എന്റെ അഭിപ്രായം. അവന് അതിന്റെ വില നല്‍കിയാല്‍ മതിയാവും.'' 

 

പദങ്ങളുടെ വിശദീകരണം

ഇമാം ശാഫിഈയില്‍നിന്ന് അധ്യാപകന്നും വിദ്യാര്‍ഥിക്കും ലഭിക്കുന്ന മറ്റൊരു സന്ദേശമാണ് പദങ്ങളുടെ വിശദീകരണം. എഴുത്തിലും പ്രസംഗത്തിലും അദ്ദേഹം അത് മുറുകെ പിടിച്ചിരുന്നു. സാങ്കേതിക ശബ്ദങ്ങള്‍ക്ക് ഭാഷാര്‍ഥവും സാങ്കേതികാര്‍ഥവും കൃത്യമായി നല്‍കിയിരുന്നു. സൂക്ഷ്മമായ രീതിയില്‍ ചിന്തകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനും വിഷയങ്ങളുടെ വ്യക്തതക്കും ഈ രീതി വളരെ പ്രയോജനപ്രദമാണ്.

ആധുനിക പണ്ഡിതന്മാര്‍ ഫിഖ്ഹ് എന്‍സൈക്ലോപീഡിയയില്‍ വിഷയങ്ങളെ നിര്‍വചിക്കുമ്പോള്‍ ഈ രീതി തന്നെയാണ് പിന്തുടരുന്നത്. ഉദാഹരണത്തിന് ഇമാം ശാഫിഈയോട് ഒരാള്‍ ചോദിച്ചു: 'എന്താണ് ഖിയാസ്? അത് ഇജ്തിഹാദാണോ? അതല്ല രണ്ടും രണ്ടാണോ?' ഇമാം ശാഫിഈ പറഞ്ഞു: 'ഒരേ ആശയങ്ങളുള്ള രണ്ടു പേരുകളാണത്' (അര്‍രിസാല 58). ഒരു വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അതിലെ മുഖ്യ പദത്തിന്റെ ഭാഷാര്‍ഥവും സാങ്കേതികാര്‍ഥവും നല്‍കുകയാണ് ചെയ്യുക. ഉദാഹരണം 'ദിഹാര്‍'. ആദ്യം നിര്‍വചനവും പിന്നീട് വിശദീകരണവും. ഒരു പുരുഷന്‍ തന്റെ ഭാര്യയോട് നീ എനിക്ക് എന്റെ ഉമ്മയുടെ മുതുക് പോലെയാണ് എന്നു പറയുക. ഇതാണ് ദിഹാര്‍ (അല്‍ ഉമ്മ്). പിന്നീട് അതിന്റെ വിധിയും മറ്റും വ്യക്തമാക്കുന്നു. സദ്യയുടെ ക്ഷണം സ്വീകരിക്കുന്നതിന്റെ വിധിയെ സംബന്ധിച്ച് വിശദീകരിക്കുന്നതിനു മുമ്പ് ആ സാങ്കേതിക ശബ്ദത്തെ നിര്‍വചിക്കുന്നു. ''സാധാരണ വിവാഹസദ്യക്കാണ് സദ്യ എന്ന് പറയുക. എന്നാല്‍ ഒരാള്‍ ഒരു പുതിയ സാധനം വാങ്ങല്‍, കുട്ടികളുടെ ചേലാകര്‍മം, സ്ത്രീകളുടെ നാല്‍പത്, സന്തോഷകരമായ ഏതെങ്കിലും കാര്യങ്ങള്‍ എന്നിവയിലേക്ക് ഒരാള്‍ ക്ഷണിക്കപ്പെട്ടാല്‍ അതിനും വലീമഃ (സദ്യ) എന്ന് പറയും.''

 

ചോദ്യവും സംവാദവും

ചോദ്യമാണ് വിജ്ഞാനത്തിന്റെ മറ്റൊരു കവാടം. വിദ്യാര്‍ഥികള്‍ക്ക് നവോന്മേഷമുണ്ടാക്കാനുള്ള പ്രധാന വഴി ചോദ്യം തന്നെയാണ്. എന്നല്ല, വിജ്ഞാനത്തിന്റെ പകുതി തന്നെ ചോദ്യമാണ്. ഇമാം ശാഫിഈ ചോദ്യത്തിന്റെയും ചര്‍ച്ചയുെടയും കവാടങ്ങള്‍ തുറന്നിടാനാണ് ശ്രമിക്കാറുള്ളത്.  അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളിലും വിഷയത്തിന്റെ കൂടെ ചോദ്യോത്തരവും കാണാം. ഓരോ ലക്ചറിംഗിന്റെ അവസാനത്തിലും വിഷയത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരം നല്‍കുമായിരുന്നു. ഇമാം ശാഫിഈയുടെ ലക്ചറിംഗ് ആഴവും പരപ്പും ഉള്ളതായിരുന്നു. അധ്യാപക-വിദ്യാര്‍ഥി സമൂഹം ഏറെ ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഒന്നായിരുന്നു അത്. അദ്ദേഹം ചോദ്യത്തെ സംവാദത്തിലേക്കും ചര്‍ച്ചയിലേക്കും ഉള്ള കവാടമായാണ് കണ്ടത്. റബീഅ് ശാഫിഈയോട് ചോദിച്ചു: 'ഒരാള്‍ക്ക് ഒരാളുടെ പകരം ഹജ്ജ് ചെയ്യാമോ?' അദ്ദേഹം പറഞ്ഞു: 'അതേ, അനുവദനീയമാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഞാനത് വെറുക്കുന്നില്ല. 

തന്റെ മജ്‌ലിസിലെ ചെറുതും വലുതുമായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ചോദ്യം ചോദിക്കാനുള്ള അവസരം നല്‍കിയിരുന്നു. മുസനി പറയുന്നു: ''ഞങ്ങള്‍ ഒരിക്കല്‍ ഇമാം ശാഫിഈയുടെ ചാരത്തായിരുന്നു. അപ്പോള്‍ ഒരു വൃദ്ധന്‍ വന്നുകൊണ്ട് പറഞ്ഞു: 'എനിക്ക് ചോദിക്കണം.' ശാഫിഈ പറഞ്ഞു: 'താങ്കള്‍ ചോദിക്കൂ.' അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ ദീനില്‍ എന്താണ് പ്രമാണം?' ശാഫിഈ പറഞ്ഞു: 'ഖുര്‍ആന്‍.' അദ്ദേഹം ചോദിച്ചു: 'അതെന്താ?' തൃപ്തികരമായ മറുപടി ലഭിക്കുവോളം ആ ചെറു സംവാദം തുടര്‍ന്നു. 

ഇമാം പറഞ്ഞു: വിജ്ഞാന മേഖലയില്‍ 'എവിടെ നിന്ന്?' എന്ന് ചോദിക്കാത്തവന്‍ രാത്രിയില്‍ വിറക് ശേഖരിക്കുന്നവനെപ്പോലെയാണ്. അവന്‍ തന്റെ പുറത്ത് വിറക് ചുമക്കുന്നു. ഒരുപക്ഷേ അതില്‍ കടിക്കുന്ന സര്‍പ്പങ്ങളുണ്ടായേക്കാം. ശാഫിഈ ഇടക്കിടക്ക് വിദ്യാര്‍ഥികള്‍ക്ക് ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള അവസരം ഊഴമിട്ട് നല്‍കുമായിരുന്നു. അവര്‍ക്കൊരു പരിശീലനമെന്ന പോലെ. ഇത് അധ്യാപകര്‍ക്കൊരു മാതൃകയാണ്. അതുപോലെത്തന്നെ അദ്ദേഹം സമര്‍ഥരായ വിദ്യാര്‍ഥികളെക്കൊണ്ട് തന്റെ സാന്നിധ്യത്തില്‍ വെച്ചുതന്നെ ക്ലാസ് എടുപ്പിക്കുമായിരുന്നു. 

ഇമാം ശാഫിഈ തന്റെ അര്‍രിസാല എന്ന ഗ്രന്ഥത്തില്‍ ഊന്നല്‍ നല്‍കിയത് സംവാദത്തിനും ചോദ്യോത്തര ശൈലിക്കുമാണ്. വായനക്കാരിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ ഏറ്റവും നല്ല ശൈലി ഇതാണെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 

ഇമാം ശാഫിഈ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് ശക്തമായ ഉസ്വൂലുകളും ഭദ്രമായ രീതിശാസ്ത്രവും സംഭാവന ചെയ്ത പണ്ഡിത പ്രതിഭയാണ്. ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം മുമ്പില്‍ വെച്ചാണ് അദ്ദേഹം അവ രൂപപ്പെടുത്തിയത്.  ഇസ്‌ലാമിക വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് ആ ജീവിതത്തില്‍നിന്ന് ധാരാളം പഠിക്കാനുണ്ട്. അദ്ദേഹം തന്റെ വിദ്യാഭ്യാസ ചിന്തകളില്‍ മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ വശങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തകള്‍ സമഗ്രമായിരുന്നു.  

 

 

അബ്ദുസ്സലാം പുലാപ്പറ്റ: പാലക്കാട് ജില്ലയിലെ പുലാപ്പറ്റ സ്വദേശി. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയിലെ സീനിയര്‍ ലക്ചറര്‍. ആലുവ അസ്ഹറുല്‍ ഉലൂം, ദഅ്‌വാ കോളേജ് കോഴിക്കോട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. 

ഫോണ്‍: 7736886475


Comments

Other Post