Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

മയക്കുവെടിയേറ്റ ജനത

ഇഹ്‌സാന്‍

നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് എന്തായിരുന്നുവെന്ന് ഒടുവില്‍ പച്ചക്കു പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മറ്റുള്ളവരെ പണത്തിന്റെ ഹുങ്ക് കാട്ടിയല്ലാതെ തോല്‍പ്പിക്കാന്‍ ബി.ജെ.പിക്കും അവരെ സഹായിക്കുന്ന കോര്‍പറേറ്റ് ഭീമന്മാര്‍ക്കും ഇതേ ഭീമന്മാര്‍ ഷെയറുകള്‍ വാങ്ങി കൈപ്പിടിയിലൊതുക്കിയ ദേശീയ മാധ്യമങ്ങള്‍ക്കും കഴിയില്ലെന്ന സംശയം തുടക്കം മുതലേ ഉയരുന്നുണ്ടായിരുന്നല്ലോ. ലഖ്നൗവില്‍ ആളുകൂടില്ലെന്ന സംശയത്തെ തുടര്‍ന്ന് ഡിസംബറില്‍ ഒരു തവണ തീയതി മാറ്റിയ പ്രധാനമന്ത്രിയുടെ പരിവര്‍ത്തന്‍ റാലി ഒടുവില്‍ ഏറെ മുന്നൊരുക്കങ്ങള്‍ക്കു ശേഷം എങ്ങനെയാണ് നടന്നത് എന്നതിനെ കുറിച്ച കണക്കുകള്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി റാലിയില്‍ പങ്കെടുക്കുന്ന ജനങ്ങളെയും കൊണ്ട് 10,000 ബസുകളും 50,000 ചെറുവാഹനങ്ങളും റാലിക്കു വേണ്ടി തലസ്ഥാന നഗരിയില്‍ എത്തുമെന്നാണ് ട്രാഫിക് പോലീസിന് പാര്‍ട്ടി നല്‍കിയ അറിയിപ്പില്‍ പറയുന്നത്. ഈ ചെലവു മാത്രം 16 കോടി 25 ലക്ഷം വരുമെന്ന് യു.പിയിലെ ചില പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെന്നല്ല ഉത്തരേന്ത്യയില്‍ എവിടെയും റാലി നടത്തണമെങ്കില്‍ പങ്കെടുക്കാന്‍ വരുന്നവന് കൈമടക്കും ഭക്ഷണവുമൊക്കെ വേറെയും നല്‍കേണ്ടിവരും. 2014-ലെ മോദിയുടെ റാലികളില്‍ ശരാശരി 500 രൂപയായിരുന്നു അന്ന് ശ്രോതാവിന് ലഭിച്ചുകൊണ്ടിരുന്ന കൂലി. നൂറു രൂപയെങ്കിലും ആളൊന്നുക്ക് ഭക്ഷണത്തിനും വെള്ളത്തിനും ചെലവു വന്നിരുന്നു. ഇതിനു പുറമെ സ്റ്റേജും കസേരകളും ലൈറ്റും മൈക്കും ഉച്ചഭാഷിണികളുമൊക്കെ വേറെയും വരും. മൊത്തം 13000 മുതല്‍ 20000 കോടി വരെ കള്ളപ്പണം ചെലവാക്കിയാണ് മോദി അന്ന് ഭരണം പിടിച്ചതെന്ന് അഴിമതിരഹിത തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കണക്കുകള്‍ പുറത്തുവന്നിരുന്നല്ലോ.

അധികാരത്തിലേക്കു കയറിവന്ന അതേ വഴിയിലേക്കു തന്നെയാണ് മോദി മടങ്ങുന്നത്. പറഞ്ഞ നുണകള്‍ ആവര്‍ത്തിക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടും നല്ലൊരളവില്‍ വിശ്വാസ്യത നഷ്ടമായതുകൊണ്ടും രാജ്യസ്നേഹത്തിന്റെ മറവില്‍ ജനത്തെ മയക്കുവെടി വെക്കുന്നു എന്നു മാത്രം. ഈ കാപട്യം അതിന്റെ പാരമ്യത്തില്‍ അരങ്ങേറിയതാണ് ലഖ്നൗവില്‍ കണ്ടത്. തന്റെ യുദ്ധം കള്ളപ്പണത്തിന് എതിരെയെന്നും എതിരാളികളുടെ യുദ്ധം കള്ളപ്പണക്കാര്‍ക്കു വേണ്ടിയെന്നും അത്താഴപ്പട്ടിണിക്കാരായ ആ ദരിദ്രനാരായണന്മാരുടെ മുമ്പാകെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന നരേന്ദ്ര മോദിയും ബി.ജെ.പിയും ലഖ്നൗ റാലിക്കു ചെലവായ കോടികള്‍ ആരുടെ അക്കൗണ്ടിലാണ് വരവുവെച്ചതെന്ന് പൊതുജനത്തോടു പറയുമോ? പാര്‍ട്ടിയുടെ സഹായികള്‍ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ആ കള്ളപ്പണ രാജാക്കന്മാരുടെ അക്കൗണ്ടിലല്ലേ ഈ 'സംഭാവന'കള്‍ എഴുതിത്തള്ളുക? അല്ലെങ്കില്‍ ഈ വാടകകളും ചെലവുകളും ബി.ജെ.പിക്കാര്‍ പേ ടിഎം ഉപയോഗിച്ചും ചെക്കുകള്‍ ഉപയോഗിച്ചും നിവര്‍ത്തിച്ചതിന്റെ കണക്കുകള്‍ അവര്‍ ഹാജരാക്കട്ടെ. ഈ നാടകം തന്നെയാണ് വരും ദിവസങ്ങളിലും ഇന്ത്യ കാണാനിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും സമാജ്വാദിയുടെയുമൊക്കെ റാലികള്‍ ഇതേപോലെ കോര്‍പറേറ്റുകള്‍ തന്നെയാണ് സ്പോണ്‍സര്‍ ചെയ്യുന്നത് എന്ന സത്യം മറച്ചുപിടിച്ചുകൊണ്ടല്ല ഇപ്പറയുന്നത്. പക്ഷേ, ബി.ജെ.പിയുടേതു മാത്രം ഗ്യാസ് ട്രബ്‌ളും അല്ലാത്തവരുടേത് അധോവായുവുമാകുന്ന ആ ദുസ്സമാര്‍ഥ്യമുണ്ടല്ലോ അതൊന്നു തുറന്നുകാട്ടാന്‍ വേണ്ടി മാത്രമാണ് ലഖ്നൗ റാലിയെ ഉദാഹരണമാക്കുന്നത്. പ്രധാനമന്ത്രിയുടെ അതിനു മുമ്പുള്ള റാലികള്‍ ആളില്ലാത്തതു മൂലം ഉപേക്ഷിക്കേണ്ടിവന്നിട്ടില്ലേ? ബഹ്‌നൈച്ചില്‍ മോദി നിലത്തിറങ്ങാതെ മടങ്ങിപ്പോയതിന്റെ കാരണം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നല്ലോ. ലഖ്നൗവില്‍ മാത്രം ജനം തടിച്ചുകൂടിയതിന്റെ ആ രഹസ്യം കള്ളപ്പണമല്ലെങ്കില്‍ പിന്നെ മറ്റെന്തായിരുന്നു?

പൊതുജനത്തെ ഇതുപോലെ വഞ്ചിച്ച മറ്റൊരു പ്രധാനമന്ത്രിയും ആ വഞ്ചനയെ ഇതുപോലെ ഭരണപരിഷ്‌കാരമാക്കി ചിത്രീകരിച്ച മാധ്യമങ്ങളും ഇന്ത്യാ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടത്തിയ നോട്ടു അസാധുവാക്കല്‍ തീരുമാനത്തിനൊടുവില്‍ എത്ര കോടി കള്ളപ്പണം കണ്ടെത്തിയെന്ന് പ്രധാനമന്ത്രിയോ റിസര്‍വ് ബാങ്കോ ഇന്നേവരെ വിശദീകരിച്ചിട്ടില്ല. റിസര്‍വ് ബാങ്കിന്റെ മൗനത്തിനു പിന്നിലുള്ളത് പുറത്തുപറയാന്‍ കൊള്ളാത്ത അത്രയും തുക തിരിച്ചെത്തിയതിന്റെ ജാള്യമാണെന്നാണ് ആരോപണമുയരുന്നത്. എന്തായാലും ഡിസംബര്‍ 30-നുശേഷം നടത്തിയ മന്‍ കീ ബാത്തിലോ റാലിയിലോ പിടിച്ച കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടാനുള്ള ധൈര്യം പ്രധാനമന്ത്രി കാണിച്ചിട്ടില്ല എന്നു മാത്രമല്ല ഓരോ റാലിയിലും ഓരോ പുതിയ മുടന്തന്‍ ന്യായങ്ങള്‍ എഴുന്നള്ളിക്കുകയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അഴിമതിക്കാരെന്ന് കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ഇന്ത്യയിലുടനീളം റാലികള്‍ നടത്തി ആക്ഷേപിക്കുകയും ഇന്നും സ്വയം പുണ്യവാളനായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി സഹാറയുടെയും ബിര്‍ളയുടെയും പറ്റുപടിക്കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിവുസഹിതം പുറത്തുവന്ന ആരോപണത്തിന് അതുന്നയിച്ച ആളെ പരിഹസിക്കുക എന്നതിലപ്പുറം ഒരു നിഷേധക്കുറിപ്പ് പോലും പുറത്തിറക്കിയിട്ടില്ല. നയിക്കുന്ന നേതാവിന്റെ മാതൃക തന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേതുമെന്ന് തെളിയിക്കുകയാണ് ബി.ജെ.പിയുടെ പാര്‍ലമെന്റംഗങ്ങള്‍ ചെയ്യുന്നതും. ഡിസംബര്‍ 30-നകം ഓരോ പാര്‍ലമെന്റംഗവും സ്വന്തം അക്കൗണ്ടിന്റെ കണക്കുകള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് നല്‍കണമെന്ന നിര്‍ദേശം ജനുവരി 3-ന് ഇതെഴുതുന്നതുവരെ പകുതി അംഗങ്ങള്‍ പോലും അനുസരിച്ചിട്ടില്ല. അനുസരിച്ച അംഗങ്ങളുടെ വിവരങ്ങള്‍ പാര്‍ട്ടിയൊട്ട് പുറത്തുവിട്ടിട്ടുമില്ല. ചോദിക്കേണ്ടത് കഴിഞ്ഞ വര്‍ഷത്തെ മൊത്തം കണക്കുകള്‍ ആയിരുന്നുവെങ്കിലും നവംബര്‍ 8 മുതല്‍ക്കുള്ള കണക്കുകള്‍ മാത്രമായിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ടത്. ഈ കണക്കുകള്‍ പരസ്യപ്പെടുത്തിയാലുമില്ലെങ്കിലും ബി.ജെ.പിക്കകത്തെ വാക്കും പ്രവൃത്തിയും തമ്മിലെ അന്തരം ഏതു നേതാവിന്റെ കാര്യത്തിലും ഒന്നുതന്നെയായിരുന്നു.

ഗുജറാത്തില്‍ അസംബ്ലി വിളിച്ചുചേര്‍ക്കുന്ന കാര്യത്തിലും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലും മോദി കാണിച്ച 'മാതൃക' ഇന്ന് പാര്‍ലമെന്റിന്റെ കാര്യത്തിലും ആവര്‍ത്തിക്കപ്പെടുന്നു. ആളുകള്‍ മറുപടി പയുന്നിടത്തുനിന്നൊക്കെ ഒളിച്ചോടി മൈക്കിനും റേഡിയോക്കും പിന്നില്‍ അഭയം തേടുന്ന ഈ ഇരട്ടത്താപ്പിനെ പക്ഷേ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി