Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

ദേശസ്‌നേഹത്തിന്റെ അളവുകോല്‍

എ.ആര്‍. അഹ്മദ് ഹസന്‍, മാഹി

രാജ്യസ്‌നേഹികളെയും രാജ്യദ്രോഹികളെയും വേര്‍തിരിക്കുന്ന മാനദണ്ഡം മിക്കപ്പോഴും അമൂര്‍ത്തവും ആപേക്ഷികവുമാണ്. രാജ്യദ്രോഹികളായി ഒരു ഘട്ടത്തില്‍ മുദ്രയടിക്കപ്പെട്ടവര്‍ പില്‍ക്കാലത്ത് പലപ്പോഴും രാജ്യസ്‌നേഹികളായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. തിലകനും ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഭഗത് സിംഗും മൗലാനാ മുഹമ്മദലിയും ആസാദും ബ്രിട്ടീഷ് ഭരണകൂട ദൃഷ്ടിയില്‍ രാജ്യദ്രോഹികളായിരുന്നു. ദേശസ്‌നേഹികളെയും ദേശദ്രോഹികളെയും നിശ്ചയിക്കുന്നത് മിക്കപ്പോഴും ഭരണകൂടമാണ്. രാജ്യവും ഭരണകൂടവും ഒന്നല്ല; രണ്ടാണ്. ഭരണകൂട സേവകര്‍, അഥവാ വാഴുന്നവര്‍ക്ക് സ്തുതിയോതുന്നവര്‍ ദേശസ്‌നേഹികളാവണമെന്നില്ല. ദേശസ്‌നേഹികള്‍ അതത് കാലത്തെ ഭരണകൂടത്തിന് ജയജയ പാടുന്നവരാവണമെന്നുമില്ല. യഥാര്‍ഥ ദേശസ്‌നേഹത്തിന്റെ കാമ്പും കാതലും ജനസ്‌നേഹമായിരിക്കണം. വിദ്വേഷരഹിത-വിശാല മാനവിക വീക്ഷണത്തില്‍നിന്നേ ശരിയായ ജനപക്ഷ ചിന്തകള്‍ ഉയിരെടുക്കുകയുള്ളൂ. അല്ലാത്തപക്ഷം രാജ്യസ്‌നേഹം ദേശവാസികളെ തമ്മിലടിപ്പിക്കുന്ന സംഘബലത്തിന്റെ കൊലവിളിയായി മാറും. മാര്‍ഗഭ്രംശം സംഭവിച്ച ദേശസ്‌നേഹമാണ് ഗോഡ്‌സേമാര്‍ക്ക് ജന്മം നല്‍കുന്നത്. ഹിറ്റ്‌ലറും മുസ്സോളിനിയും രാജ്യസ്‌നേഹം അഭിനയിച്ചാണ് രംഗം കൈയടക്കിയത്. ചൂഷകരായ സമ്പന്നവര്‍ഗവും ദുഷിച്ച പൗരോഹിത്യവും ഇവര്‍ക്ക് പാദസേവ ചെയ്തു. ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ കടന്നുവന്ന ഏകാധിപതികള്‍ പിന്നീട് ജനാധിപത്യത്തെ കശാപ്പ് ചെയ്തു.

'ഭരണകൂടമാണ് രാഷ്ട്രം' എന്ന പ്രതീതി വ്യാപകമായി സൃഷ്ടിച്ചാണ് സകല സ്വേഛാധിപതികളും ഫാഷിസ്റ്റുകളായി മാറിയത്. നിഷ്‌കളങ്ക ജനസ്‌നേഹത്തിന്റെ പിന്‍ബലമില്ലാത്ത മുരടന്‍ സങ്കുചിത 'രാജ്യസ്‌നേഹം' ഫലത്തില്‍ ഭരണകൂട സേവ മാത്രമാണ്. രാജ്യസ്‌നേഹവും രാജ്യവാസികളോടുള്ള സ്‌നേഹവും നാണയത്തിന്റെ ഇരുപുറം കണക്കെ അഭേദ്യമാണ്. സങ്കുചിതവും വിദ്വേഷപൂര്‍ണവുമായ വിചാരധാര രാജ്യസ്‌നേഹത്തെ ഭസ്മീകരിച്ചുകളയും. രണ്ട് ലോകയുദ്ധങ്ങളുടെയും മറ്റു പല യുദ്ധങ്ങളുടെയും മുഖ്യഹേതു ദേശീയതയാണ്. ദേശീയതയെ ദേശ്‌നേഹമെന്ന അര്‍ഥത്തില്‍ വ്യാപകമായി വ്യവഹരിച്ചുകൊണ്ട് അനര്‍ഥകരമായ 'ദേശീയത'ക്ക് സ്വീകാര്യത ഉണ്ടാക്കിയെടുക്കാനുള്ള യത്‌നങ്ങള്‍ നാനാ മാര്‍ഗേണ നടക്കുന്നുണ്ട്.

ദേശമെന്നത് പല കാലങ്ങളില്‍ പലതാണ്. ഭൂപടത്തിലെ രേഖകള്‍ മാറ്റിവരക്കാറുണ്ട്. ഇരു ജര്‍മനികള്‍ ഒന്നായി. രണ്ടായിരുന്ന യമനുകളും ഒന്നിച്ചു. പല നാടുകള്‍ ചേര്‍ന്ന് ഒറ്റ റിപ്പബ്ലിക്കായി മാറിയിരുന്ന സോവിയറ്റ് യൂനിയന്‍ ഇന്ന് പല നാടുകളാണ്. ചെക്കൊസ്ലോവാക്യ വിഭജിതമായി. ഗള്‍ഫ് നാടുകളുടെ കൂട്ടായ്മയായ ജി.സി.സി വിശാല സഹകരണം വളര്‍ത്തി പരമാവധി ഏകീകരണം സാധ്യമാക്കാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂനിയന്‍ ദേശീയതയുടെ കര്‍ക്കശ അതിര്‍വരമ്പുകളെ അതിജീവിക്കാനുള്ള ശ്രമമാണ്. അവരുടെ 'യൂറോ' കറന്‍സി വളരെ പ്രബലമാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ പല നാടുകള്‍ ചേര്‍ന്നുള്ളതാണ്. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ചേര്‍ന്നുള്ള സാര്‍ക്ക് എന്ന വേദി ദേശീയത സൃഷ്ടിക്കുന്ന പ്രശ്‌നസങ്കീര്‍ണതകളെ അതിജീവിക്കാനുള്ള ഫലപ്രദ സംവിധാനമായി വികസിക്കേണ്ടതുണ്ടെന്ന് പലരും അഭിലഷിക്കുന്നു. സോഷ്യലിസ്റ്റ് നേതാവായിരുന്ന റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെ പലരും ഊന്നിപ്പറഞ്ഞ 'ഇന്തോ-പാക്-ബംഗ്ലാ കോണ്‍ഫെഡറേഷന്‍' എന്ന ആശയം ഇടക്കിടെ ചര്‍ച്ചാവിഷയമാവാറുണ്ട്.

വിവരസാങ്കേതികത വളരെയേറെ വികസിച്ച ആഗോളവത്കൃത ലോകസാഹചര്യത്തില്‍ ദേശരാഷ്ട്രങ്ങള്‍ക്ക് അര്‍ഥലോപം സംഭവിക്കുന്നുണ്ട്. വിശ്വപൗരന്മാരായി വളരുകയെന്നതാണ് സാംസ്‌കാരിക വളര്‍ച്ച. ഗള്‍ഫ് നാടുകളിലും മറ്റും ഇന്ത്യക്കാരനും പാകിസ്താനിയും ബംഗ്ലാദേശിയും ഒരുമിക്കുമ്പോള്‍ അയല്‍ദേശത്തോട് അന്ധമായ വിരോധം പുലര്‍ത്തുന്ന 'രാജ്യസ്‌നേഹ'ത്തെ ആരും വിലമതിക്കുകയില്ല. ഭ്രാന്തന്‍ ദേശീയതയെ ഭീകരമാംവിധം വളര്‍ത്തുന്നത് യുദ്ധക്കൊതിയന്മാരും ആയുധനിര്‍മാതാക്കളും ആയുധവ്യാപാരികളുമാണ്.

ദേശസ്‌നേഹം ഭൂമിപൂജയല്ല; ദേശവാസികളോടുള്ള സ്‌നേഹമാണ്. ഇന്ന് 'ദേശീയത'യുടെ വക്താക്കള്‍ ദേശവാസികളെ ദ്രോഹിക്കുന്നവരും അവരെ ഉന്മൂലനം ചെയ്യുന്നവരുമാണ്. ദേശീയത, വംശീയത, വര്‍ഗീയത തുടങ്ങിയവ അടിസ്ഥാനപരമായി അസൂയ എന്ന മാരക ദീനത്തിന്റെ രൂപഭേദങ്ങളാണ്. അത് പ്രസരിപ്പിക്കുന്നത് കടുത്ത അസഹിഷ്ുതയാണ്. അസൂയ സകല നന്മകളെയും ഭസ്മീകരിച്ചുകളയുന്ന അഗ്നിയാണ്.

 

ശൈഖ് സുറൂര്‍

 

അബ്ദുര്‍റസാഖ് മുന്നിയൂര്‍

ജ്ഞാനികളുടെ ദാരിദ്ര്യം കൊണ്ട് ഇരുട്ടില്‍ തപ്പുന്ന സമൂഹത്തെ പണ്ഡിതന്മാരുടെ വിയോഗം കൂടുതല്‍ അരക്ഷിതമാക്കുന്നു. ഈയിടെ വിടപറഞ്ഞ ശൈഖ് മുഹമ്മദ് സുറൂറിന്റെ വ്യക്തിത്വവും  പ്രവര്‍ത്തനങ്ങളും വിവരിച്ച ഹുസൈന്‍ കടന്നമണ്ണ(ലക്കം 2979)യുടെ ലേഖനം അദ്ദേഹത്തെ അടുത്തറിയാന്‍ സഹായകമായി. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍ന്ന സന്ദര്‍ഭത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു ശൈഖ് സുറൂറിന്റേത്.

 

 

പണ്ഡിതര്‍ക്ക് മാതൃക

റഹ്മാന്‍ മധുരക്കുഴി

പൊന്നുരുന്നി കെ. കുഞ്ഞുമുഹമ്മദ് മൗലവിയുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖം (2016 ഡിസംബര്‍ 9) ശ്രദ്ധേയമായി. ഗീതയും രാമായണവും ഭാഗവതവും മനുസ്മൃതിയും ഉപനിഷത്തുക്കളും മുതല്‍ ശങ്കരാചാര്യരുടെയും വാഗ്ഭടാനന്ദന്റെയും കൃതികള്‍ വരെയുള്ളവ വായിച്ച മൗലവി, മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് മാതൃകയാണ്. 'ഡിസ്‌കവറി ഓഫ് ഇന്ത്യ', 'ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' തുടങ്ങിയ നെഹ്‌റുവിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുക മാത്രമല്ല, അവയിലെ ഇസ്‌ലാം-മുസ്‌ലിം പരാമര്‍ശങ്ങളെ പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ട് മൗലവി. ഉല്‍പതിഷ്ണു വിഭാഗത്തില്‍പെട്ട പണ്ഡിതന്മാരില്‍ പോലും ഇത്ര പരന്ന വായന ഇപ്പോള്‍ കണ്ടെന്നുവരില്ല.

മുസ്‌ലിം എന്നാല്‍ നീണ്ട കുര്‍ത്തയും തൊപ്പിയുമാണെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ട് 'വേഷത്തിലും രൂപത്തിലും മാത്രമാണ് മുസ്‌ലിമാകുന്നത്; ആദര്‍ശത്തിലും ജീവിതത്തിലുമില്ല' എന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ സമകാലിക മുസ്‌ലിം ജീവിത പശ്ചാത്തലത്തില്‍ ഏറെ അന്വര്‍ഥമാണ്. കൊല്ലുന്നതും കൊല്ലപ്പെടുന്നതും എന്തിനെന്നറിയാത്ത, ഐക്യവും ഛിദ്രതയും കൈമുതലാക്കിയ പതിതാവസ്ഥയെക്കുറിച്ചുള്ള മൗലവിയുടെ അവലോകനവും പ്രസക്തം തന്നെ.

 

 

മുഹമ്മദ് വെട്ടത്ത്, പെരുമ്പാവൂര്‍

എറണാകുളം ജില്ലയിലെ പ്രമുഖ മഹല്ല് ജമാഅത്തായ പൊന്നുരുന്നി ജുമാ മസ്ജിദിലെ ഖത്വീബും പണ്ഡിതനുമായ കുഞ്ഞുമുഹമ്മദ് മൗലവിയുമായുള്ള അഭിമുഖം (ലക്കം 27)  വായിച്ചു. അദ്ദേഹത്തിന്റെ പരന്ന വായനയും ആഴത്തിലുള്ള പഠനവും നിരീക്ഷണങ്ങളും ചിന്താര്‍ഹമായിരുന്നു. അദ്ദേഹത്തോടൊപ്പം പല വേദികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അടുത്തറിയുന്ന കുഞ്ഞുമുഹമ്മദ് മൗലവി അഭിമുഖത്തിലൂടെ മനസ്സിലാക്കിയതിനും അപ്പുറമുള്ള പണ്ഡിത വ്യക്തിത്വമാണ്. പ്രഭാഷണത്തിലെ ചടുലതയും സാരള്യവും ഒഴുക്കും വേറിട്ടുനില്‍ക്കുന്നതു തന്നെ.

 

മാനവിക ഐക്യത്തിലേക്ക് വികസിക്കേണ്ടതുണ്ട്

യഹ്‌യ സി. മുഹ്‌യിദ്ദീന്‍

മുജാഹിദ് ഐക്യം സന്തോഷവും ആവേശവും നല്‍കുന്നു, അല്ലാഹുവിന് സ്തുതി. ഫാഷിസ്റ്റ് ശക്തികളുടെ ഭീഷണികള്‍ ഐക്യശ്രമങ്ങള്‍ക്ക് വേഗത പകര്‍ന്നുവെന്നത് യാഥാര്‍ഥ്യമാണ്. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല, മാനവികത തന്നെ ഫാഷിസത്തിന്റെ ഇരയാണ്. മുസ്‌ലിം സംഘടനകള്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് മാനവികതയുടെ തന്നെ പൊതു ശത്രുവായ ഫാഷിസത്തെ നേരിടാന്‍ സജ്ജമാവണം. ഇതിനെ സാമുദായികതലത്തില്‍ ഒതുക്കാതെ മാനവിക മൂല്യങ്ങളോട് മമതയും പ്രതിബദ്ധതയുമുള്ള സുമനസ്സുകളെ കൂടി ഉള്‍ക്കൊള്ളുന്ന വിശാല ഭൂമികയിലേക്ക്  വികസിപ്പിക്കണം. സാമൂഹിക തിന്മകള്‍ക്കെതിരെ പൊതുവിലും ഫാഷിസത്തിനെതിരെ പ്രത്യേകമായും ഒരു സമഗ്ര കര്‍മപദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കണം. അതിന് ഇനിയും അമാന്തിച്ചാല്‍ ഇന്ത്യന്‍ ബഹുസ്വരതയും സഹിഷ്ണുതയുമെല്ലാം വരും തലമുറക്ക് ഓര്‍മകള്‍ മാത്രമായിത്തീരും. പിന്നാക്ക-ന്യൂനപക്ഷ സംഘടനകളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍ ഇക്കാര്യം ഗൗരവപൂര്‍വം ആലോചിക്കണം.

 

 

'സാമുദായികവാദം' നിര്‍വചിക്കപ്പെടേണ്ട പ്രയോഗം

മായിന്‍കുട്ടി അണ്ടത്തോട്

2016 ഡിസംബര്‍ 23-ലെ പ്രബോധനത്തില്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ എഴുതിയ 'നവോത്ഥാനം ഒരു വിപ്ലവാശയമാണ്' എന്ന ലേഖനം മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെയും വര്‍ത്തമാനകാലത്ത് നവോത്ഥാന പ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും നന്നായി വിശകലനം ചെയ്യുന്നുണ്ട്. വികസിപ്പിക്കപ്പെടേണ്ട ഒരുപാട് ആശയങ്ങള്‍ അതിലടങ്ങിയിരിക്കുന്നു. ഇത്തരം ലേഖനങ്ങളില്‍ പലപ്പോഴും വിസ്മരിക്കപ്പെടാറുള്ള കെ.എം സീതി സാഹിബും മുസ്‌ലിം ലീഗും ഈ ലേഖനത്തില്‍ പക്ഷപാതരഹിതമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയ സാമുദായികവാദം എന്താണെന്നത് കൃത്യമായി നിര്‍വചിക്കപ്പെടേണ്ടതുണ്ട്. സമുദായത്തിന്റെ ദൈന്യതയും പ്രയാസങ്ങളും വിളിച്ചു പറയുന്നതും അതിന്റെ വിപാടനത്തിനായി ശ്രമിക്കുന്നതും സാമുദായികവാദമാകാനിടയില്ല. മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് പ്രവാചകന്‍ വെറുത്ത സാമുദായികതയാണെന്ന ദീനീസ്‌നേഹികളുടെ തന്നെ ഉത്കണ്ഠയാണ് ഈ ചിന്താഗതിക്കാധാരം.

 

കെ.എം ഇസ്മാഈല്‍ ആലുവ

 

'നവോത്ഥാനം ഒരു വിപ്ലവാശയമാണ്' (2016 ഡിസംബര്‍ 23) - ഏറെ സന്തോഷം നല്‍കി. ഇസ്‌ലാമിന്റെ ഉദാരവും വിശാലവുമായ ജീവിതവീക്ഷണം ഉയര്‍ത്തിപ്പിടിച്ച അവതരണം. സാമുദായികതയുടെ സങ്കുചിത തടവറകളില്‍നിന്ന് മനുഷ്യനെ മോചിപ്പിക്കുകയും നന്മയിലും നീതിബോധത്തിലും അധിഷ്ഠിതമായ ഒരു സാമൂഹികക്രമത്തിലേക്ക് അവനെ വഴിനടത്തുകയും ചെയ്യുക എന്ന വിശിഷ്ട ദൗത്യമാണല്ലോ ഇസ്‌ലാമിന് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ ഈ ആശയത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ ആ വഴിക്ക് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സമുദായത്തിന് പലപ്പോഴും കഴിയാറില്ല.

സമുദായം എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പരാതിയാണ് ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടുന്നു എന്നത്. ഇതുകൊണ്ട്  അവര്‍ അര്‍ഥമാക്കുന്നത് ഇസ്‌ലാമിനെ ഇതര മതസ്ഥര്‍ തെറ്റായി മനസ്സിലാക്കുന്നു എന്നതാണ്. എന്നാല്‍ ഇസ്‌ലാമിനെ തെറ്റായി ധരിക്കുകയും തെറ്റായി കൊണ്ടുനടക്കുകയും ചെയ്യുന്നത് മുസ്‌ലിംകളെന്ന് അവകാശപ്പെടുന്നവര്‍ തന്നെയല്ലേ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി