Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

കുവൈത്ത് കരാറിന്റെ ഗതിയും തഥൈവ

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്‌

മുസ്ലിം ഐക്യകരാറുകളുടെ പേടിപ്പെടുത്തുന്ന പ്രേതഭൂമികളിലൂടെ കടന്നുവരികയായിരുന്നുവല്ലോ നമ്മള്‍. ഇതാ ഈ കറുത്ത ഖബ്റിടത്തിലേക്ക് കനപ്പെട്ട ഒരു വൈദേശിക ഉരുപ്പടി. അറബ്-അന്താരാഷ്ട്ര പരിവേശം ചൂടിനിന്ന ഐക്യകരാര്‍, ഭൂമിമലയാളമെങ്ങും പ്രശസ്തമായത് 'കുവൈത്ത് കരാര്‍' എന്ന വിശിഷ്ട നാമധേയത്തിലാണ്.
1989 ഡിസംബര്‍ 21 ആണ് സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. അവിചാരിതമായി കുവൈത്തില്‍ ഒത്തുചേര്‍ന്ന, അന്നത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ(കാന്തപുരം) ജനറല്‍ സെക്രട്ടറി എ.പി അബൂബക്കര്‍ മുസ്ലിയാര്‍, മുജാഹിദ് നേതാവും മദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റി അധ്യാപകനുമായ ശൈഖ് അബ്ദുസ്സമദ് അല്‍-കാതിബ്, ജമാഅത്തെ ഇസ്ലാമി പണ്ഡിതനും അന്ന് ശാന്തപുരം ഇസ്ലാമിയാ കോളേജ് അധ്യാപകനുമായ എം.കെ അബ്ദുര്‍റഹ്മാന്‍ തറുവയ് എന്നിവര്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ ഡയറക്ടര്‍ ശൈഖ് നാദിര്‍ അബ്ദുല്‍ അസീസ് നൂരി മുമ്പാകെ സുന്നി-മുജാഹിദ്-ജമാഅത്ത് സംഘടനകളെ പ്രതിനിധീകരിച്ച് സുപ്രധാനമായ ഒരു ഐക്യസഹകരണ കരാര്‍ ഒപ്പുവെച്ചതാണ് സംഭവം. ഈ ശുഭവാര്‍ത്ത 1989 ഡിസംബര്‍ 22നു മാധ്യമം പ്രസിദ്ധീകരിച്ചപ്പോള്‍ കേരള മുസ്ലിം സമൂഹം എന്തുമാത്രം സന്തോഷിച്ചുവെന്ന് പറഞ്ഞറിയിക്കേണ്ടതില്ല (മറുവശത്ത് ഹമീദ് ചേന്ദമംഗല്ലൂരിനെ പ്പോലുള്ളവര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്).
വാര്‍ത്ത വന്നയുടന്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ കെ.സി അബ്ദുല്ല മൌലവി കരാറിനെ സഹര്‍ഷം സ്വാഗതം ചെയ്ത് പ്രസ്താവനയിറക്കി. നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് മൌലവിയും കരാറിനെ തത്വത്തില്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാകട്ടെ കരാറില്‍ നേരിട്ട് ഒപ്പിട്ടതുമാണ്. ഇങ്ങനെ കരാറിന് മൂന്ന് സംഘടനകളുടെയും ഔദ്യോഗികമായ അംഗീകാരം സംശയാതീതമായി സ്ഥിരീകരിക്കപ്പെട്ടു. കരാറിനു ആദ്യന്തം സാക്ഷിയായിരുന്ന മാധ്യമം ബ്യൂറോ ചീഫ് പി.കെ ജമാലിനു ലഭിച്ച കോപ്പി 1989 ഡിസംബര്‍ 28നു അറബി ടെക്സ്റോടുകൂടി മാധ്യമം പ്രസിദ്ധീകരിച്ചത് വായനക്കാരില്‍ പലരും മറന്നിരിക്കാനിടയില്ല. നിര്‍ഭാഗ്യവശാല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കരാര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത് സ്വന്തം കോപ്പിയില്‍ സ്വമേധയാ വെട്ടും തിരുത്തും വരുത്തിക്കൊണ്ടാണ്. അന്താരാഷ്ട്ര കരാറുകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ നോ കമന്റ്!
പ്രസ്തുത കരാറിന്റെ അറബി ടെക്സ്റും പരിഭാഷയുമാണ് ചുവടെ:
അല്ലാഹുവിന് സ്തുതി! റസൂലില്ലാഹി(സ)ക്ക് എപ്പോഴും അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും ഉണ്ടാകുമാറാകട്ടെ!
അല്ലാഹുവിന്റെ പേരില്‍, സഹോദരന്മാരായ നിങ്ങള്‍ക്കറിയാം അല്ലാഹു മുസ്ലിംകളെ ഒരേക സമുദായമാക്കിയിരിക്കുന്നു. സഹോദരന്മാരും പരസ്പരം സ്നേഹിക്കുന്നവരും ഭക്തിയിലും പുണ്യത്തിലും സഹകരിച്ചു വര്‍ത്തിക്കുന്നവരുമാക്കിയിരിക്കുന്നു. (സത്യവിശ്വാസികള്‍ സഹോദരന്മാരാണ്, തീര്‍ച്ച; നിങ്ങളുടെ രണ്ട് സഹോദരന്മാര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക; നിങ്ങള്‍ അനുഗൃഹീതരായേക്കും) അല്ലാഹു(ത) നമ്മോട് ഇണങ്ങാന്‍ കല്‍പ്പിച്ചു. പിണങ്ങുന്നതും ഭിന്നിക്കുന്നതും വിരോധിച്ചു. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നാമതായി യോജിച്ച് അംഗീകരിക്കപ്പെടാന്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.
1. നമുക്കിടയില്‍ ആദര്‍ശപരമായി ഏതെങ്കിലും പ്രശ്നത്തില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ അഭിപ്രായ ഭിന്നത അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കേണ്ടത് നിര്‍ബന്ധമാണ്.
2. പരിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനുമല്ലാതെ ആര്‍ക്കും അപ്രമാദിത്വമില്ലെന്നാണ് സത്യത്തില്‍ നിലക്കൊള്ളുന്നവരുടെ അഭിപ്രായം. പാപസുരക്ഷിതത്വമുള്ള റസൂല്‍(സ) തിരുമേനിയുടെതല്ലാത്ത ഏത് ഇമാമിന്റെയും അഭിപ്രായം കൊള്ളുകയോ തള്ളുകയോ ആവാം. ഖുര്‍ആനിനും സുന്നത്തിനും യോജിച്ചു വരുന്ന ഏതൊരാളുടെ അഭിപ്രായവും നാം സ്വീകരിക്കും. യോജിച്ച് വരുന്നില്ലെങ്കില്‍ അല്ലാഹുവിന്റെ ഗ്രന്ഥവും റസൂല്‍(സ)യുടെ ചര്യയുമാണ് പിന്‍പറ്റാനും അനുസരിക്കാനും കൂടുതല്‍ അര്‍ഹം.
3. ജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ അധിക്ഷേപവും ആരോപണവും മുഖേന നേരിടുകയല്ല നാം ചെയ്യുക. അവരുടെ ഉദ്ദേശ്യത്തിന് വിട്ടുകൊടുക്കുകയാണ്.
4. ഗവേഷണ പടുക്കളായ പണ്ഡിതന്മാരും സമുദായത്തിലെ ചിന്തകരും ഏകോപിച്ചു പറഞ്ഞ അഭിപ്രായങ്ങള്‍ മുറുകെ പിടിക്കണം. എന്നാല്‍ പൂര്‍വിക ഗവേഷകരുടെ വീക്ഷണങ്ങള്‍ വ്യത്യസ്തമാവുന്നേടത്ത് തന്റെ നിരീക്ഷണത്തില്‍ ഖുര്‍ആനിനോടും സുന്നത്തിനോടും ഏറ്റവും അടുത്ത അഭിപ്രായം സ്വീകരിക്കണം. അഭിപ്രായം പറഞ്ഞ വ്യക്തിയെ വാഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല.
5. യാഥാര്‍ഥ്യം കണ്ടെത്താനും സത്യം പ്രാപിക്കാനും ഉതകുന്ന രീതിയാണ് നാം സ്വീകരിക്കേണ്ടത്. ഒരഭിപ്രായത്തെ പൊക്കിക്കാണിക്കുന്നതോ ഒരു പ്രത്യേക വാദം സത്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതോ ആയ രീതി കരണീയമല്ല. സത്യം പ്രാപിക്കുകയാണുദ്ദേശ്യം; എന്റെ നാവിലൂടെയാവട്ടെ അഥവാ പ്രതിയോഗിയുടെ നാവിലൂടെയാവട്ടെ.
6. ഭിന്നിപ്പിന്റെ കാര്യങ്ങളില്‍ അല്ലാഹുവിന്റെ പേരില്‍ സ്നേഹിക്കുക, സത്യം പ്രാപിക്കാന്‍ സഹകരിക്കുക എന്ന അടിസ്ഥാനത്തില്‍ യോജിക്കാവുന്നതാകുന്നു.
7. അപരന്റെ ന്യൂനത പരതി നടക്കുന്നതാവരുത് നമ്മുടെ രീതി. വിശ്വാസത്തിന്റെ വൈകല്യത്തില്‍ നിന്നുടലെടുക്കുന്ന അനാരോഗ്യ പ്രവണതയാണിത്. നമ്മുടെ സഹോദരന്മാരുടെ രക്ഷയിലും മാര്‍ഗദര്‍ശനത്തിലും ഗുണകാംക്ഷയിലും നാം അതീവ തല്‍പരരായിരിക്കണം.
8. അഭിപ്രായ ഭിന്നതയുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും എല്ലാ വശങ്ങളും വിശദീകരിച്ചുകൊണ്ടവതരിപ്പിക്കണം. ഏതെങ്കിലുമൊരു പാര്‍ശ്വം പരാമര്‍ശിച്ചാല്‍ പോര. പ്രതിയോഗിയുടെ അഭിപ്രായവും വിശദീകരണങ്ങളും ശ്രദ്ധിച്ച് കേള്‍ക്കണം.
9. അടിസ്ഥാന തത്വങ്ങളില്‍ യോജിക്കുക എന്നതിന്റെ അനിവാര്യമായ അര്‍ഥം വിശദീകരണങ്ങളും അംഗീകരിക്കുക എന്നാകുന്നു. ശാഖാപരമായ ചില കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടെന്നത് ഒരാളുടെ മാര്‍ഗം അബദ്ധമാണെന്നതിന് തെളിവല്ല. ആദര്‍ശ പ്രശ്നങ്ങളിലെ ശാഖകളുടെ വിശദീകരണങ്ങളില്‍ പൂര്‍വീകര്‍ ഭിന്നാഭിപ്രായക്കാര്‍ ആയിരുന്നിട്ടുണ്ടല്ലോ.
10. പൊതുവായ അടിസ്ഥാനതത്വങ്ങളില്‍ അധികവും യോജിക്കുന്ന ഒരു വിഭാഗം സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നുവെന്ന് പറയാന്‍ ഒരു ശാഖാപരമായ അഭിപ്രായാന്തരം അടിസ്ഥാനമാക്കിക്കൂടാ. മുന്‍തൂക്കവും പ്രാമുഖ്യവും നോക്കിയാണ് വിധിയെഴുതേണ്ടത്.
11. എത്ര രൂക്ഷമായ ശത്രുതയും അഭിപ്രായ ഭിന്നതയുമുണ്ടെങ്കിലും മിതത്വവും സമന്വയവും പാലിക്കണം. നമ്മോട് യോജിക്കുന്നവരെ പ്രീതിയുടെ കണ്ണുകൊണ്ടും വിയോജിക്കുന്നവരെ വിദ്വേഷത്തിന്റെ ദൃഷ്ടി കൊണ്ടും നോക്കാന്‍ പാടില്ല.
12. അബദ്ധം പറ്റിയവരെ അപ്പാടെ അകറ്റി അവരുടെ സല്‍ഗുണങ്ങള്‍ ത്യജിക്കപ്പെട്ടാല്‍ മുസ്ലിം ചരിത്രത്തില്‍ സ്വീകാര്യനായ ഒരു പണ്ഡിതനും ഉണ്ടാവില്ല.
13. ചില പ്രശ്നങ്ങളുടെ പേരിലോ അഭിപ്രായത്തിലും ധാരണയിലും പ്രത്യേക രീതി സ്വീകരിച്ചതിന്റെ പേരിലോ ഒരു വിഭാഗത്തെ അനഭിമതരും കൊള്ളരുതാത്തവരുമായി മുദ്രകുത്താവതല്ല. പരസ്പരം കാഫിറാക്കുന്നതും മതഭ്രഷ്ട് കല്‍പിക്കുന്നതും വളരെ ഗൌരവതരമാണ്. അതൊരിക്കലും ചെയ്യാന്‍ പാടില്ല.
14. ദീനില്‍ നേതൃത്വവും ജ്ഞാനത്തില്‍ സ്ഥിരപ്രതിഷ്ഠയും ജീവിതത്തില്‍ സല്‍ഗുണസ്വഭാവവും ഉള്ളവരെന്ന് അംഗീകരിക്കപ്പെട്ട മഹാത്മാക്കളില്‍നിന്ന് സംഭവിക്കുന്ന അപാകതകള്‍ കാരണം അവരെ അധിക്ഷേപിക്കരുത്. അവരുടെ സുകൃതങ്ങളുടെയും ശ്രേഷ്ഠതകളുടെയും കടലില്‍ മുങ്ങിപ്പോകാന്‍ മാത്രമേ ആ തിന്മകളുള്ളൂ.
15. ഏതൊരാളുടെ സംസാരത്തിലുള്ള വാചകങ്ങളും വിലയിരുത്തുമ്പോള്‍ അന്തിമവിധിയെഴുതും മുമ്പ് അവഗാഹമായ പരിശോധന നടത്തേണ്ടതും പ്രകടവും വ്യക്തവും സ്ഫുടവും വിശദവുമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പരോക്ഷവും അവ്യക്തവും സംക്ഷിപ്തവുമായ വാക്യങ്ങളെ വിശദീകരിക്കേണ്ടതുമാണ്. ഒരു വിഷയത്തില്‍ ഒരാള്‍ അന്തിമമായി എത്തിച്ചേര്‍ന്ന അഭിപ്രായമാണ് പരിഗണിക്കേണ്ടത്.
16. സാധ്യമാവുന്നേടത്തോളം ഒരാളുടെ സംസാരം ഏറ്റവും നല്ല അര്‍ഥത്തിലാണെടുക്കേണ്ടത്. ശരിയായ ആശയവും അബദ്ധ ജടിലമായ അര്‍ഥവും ഉണ്ടാവാന്‍ സാധ്യത കണ്ടാല്‍ സദുദ്ദേശ്യത്തോടെ നാമതിന്റെ ശരിയായ അര്‍ഥത്തിലാണതെടുക്കുക.
17. ഇസ്ലാമിന്റെ പ്രതിയോഗികളുടെ പ്രയത്നങ്ങളെ പ്രതിരോധിക്കാന്‍ സംഘടിപ്പിക്കുന്ന സംയുക്ത സംരംഭങ്ങളില്‍ സഹകരിക്കുക.
-അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുക.
-ഇസ്ലാമിന്റെ പ്രതിയോഗികള്‍ക്ക് മറുപടി പറയുക
-ഓരോ വിഭാഗത്തിന്റെയും നേതാക്കളോടും അനുയായികളോടും മറുവിഭാഗം സ്നേഹവും മമതയും പ്രചരിപ്പിക്കുക.
-ഓരോ വിഭാഗവും സംഘടിപ്പിക്കുന്ന പരിപാടികളില്‍ സംബന്ധിക്കാനും സംസാരിക്കാനും മറ്റുള്ളവര്‍ക്ക് അവസരം നല്‍കുക.
-പത്ര പേജുകളിലും പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മിമ്പറുകളിലും പരസ്പരം വിമര്‍ശിക്കുന്നത് അവസാനിപ്പിക്കുക.
ആദര്‍ശപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കുത്തിപ്പൊക്കുന്നതും പരസ്പരം കാഫിറാക്കുന്നതും നിര്‍ത്തിവെക്കുക.
അബൂബക്കര്‍ ഇബ്നു അഹ്മദ് (കാന്തപുരം (ഒപ്പ്)
(ജന. സെക്ര. മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യഃ)
അബ്ദുസ്സമദ് ബ്നു മുഹമ്മദ് മുഹ്യിദ്ദീന്‍ അല്‍ കാത്തിബ് (ഒപ്പ്)
(നദ്വത്തുല്‍ മുജാഹിദീന്‍ -സലഫി- പ്രതിനിധി)
അബ്ദുറഹ്മാന്‍ തറുവൈ (ഒപ്പ്)
(ജമാഅത്തെ ഇസ്ലാമി പ്രതിനിധി)
ഈ കരാര്‍ കുവൈത്ത് മതകാര്യാലയത്തില്‍ ഡയറക്ടര്‍ നാദിര്‍ അബ്ദുല്‍ അസീസ് നൂരിയുടെ സാന്നിധ്യത്തില്‍ 1410 ജമാദുല്‍ ഊലാ (ഡിസം. 21-1989) വ്യാഴാഴ്ച അംഗീകരിച്ചു ഒപ്പുവെച്ചു.
നാദിര്‍ നൂരി (ഒപ്പ്)
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം