Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഇജ്തിഹാദിന്റെ തനതു വഴികള്‍

ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി

ജഹ്ദ് എന്ന മൂലധാതുവില്‍നിന്ന് നിഷ്പാദിതമാണ് ഇജ്തിഹാദ്. 'ജഹദ ഫില്‍ അംറി' എന്നാല്‍ പരമാവധി യത്‌നിച്ചു അല്ലെങ്കില്‍ വല്ലാതെ പ്രയാസപ്പെട്ടു എന്നര്‍ഥം. ഒരു കാര്യം കണ്ടെത്താന്‍ പരമാവധി പ്രയത്‌നിക്കുകയാണ് ഇജ്തിഹാദ് എന്ന് പറയുന്നുണ്ട് ഇബ്‌നുല്‍ അസീര്‍ (ഹി: 544-606, ക്രി: 1153-1215) തന്റെ നിഹായഃ എന്ന ഗ്രന്ഥത്തില്‍. 

ജഹ്ദ്, ജുഹ്ദ് എന്നിങ്ങനെ രണ്ട് പദങ്ങള്‍ ഖുര്‍ആന്‍ പ്രയാഗിക്കുന്നുണ്ട്. ജഹ്ദ് കഴിവിന്റെ പരമാവധിയാണെങ്കില്‍ കഠിനാധ്വാനം വഴി നേടിയെടുത്തതെന്തോ അതാണ് ജുഹ്ദ്. ജഹ്ദ് അഞ്ചു തവണയാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. മറ്റുള്ളവരെ വിശ്വസിപ്പിക്കാനായി പരമാവധി ദൃഢമായി സത്യംചെയ്യുന്നതിനെക്കുറിച്ചാണ് ജഹ്ദ് എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. ''അവര്‍ പരമാവധി ദൃഢമായി (ജഹ്ദ ഐമാനിഹിം) സത്യം ചെയ്തു'' (5:53, 6:109, 16:38, 24:53, 35,42). എന്നാല്‍, ജുഹ്ദ് ഒരിടത്തേ പ്രയോഗിച്ചിട്ടുള്ളൂ; ''തങ്ങളുടെ അധ്വാനത്തിന്റെ പരമാവധി നേടിയവര്‍'' (9: 79). ജഹ്ദില്‍നിന്നുതന്നെ നിഷ്പാദിതമായ മറ്റൊരു പദമാണ് ജിഹാദ്. കഴിവിന്റെ പരമാവധി പ്രയത്‌നിക്കുക എന്നുതന്നെയാണ് ജിഹാദിനും അര്‍ഥം. ജിഹാദും ഇജ്തിഹാദും തമ്മില്‍ മൗലികമായ അര്‍ഥത്തില്‍ ഒന്നിക്കുമെങ്കിലും രണ്ടു വ്യത്യസ്തമായ ആശയത്തെയാണ് ആ രണ്ടു പദങ്ങളും ദ്യോതിപ്പിക്കുന്നത്. ജിഹാദ് വാചികവും കായികവും സാമ്പത്തികവുമായ കഴിവിന്റെ വിനിയോഗമാണെങ്കില്‍ ബുദ്ധിപരവും വൈജ്ഞാനികവുമായ കഴിവിന്റെ വിനിയോഗമാണ് ഇജ്തിഹാദ് കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. 

 

ഇജ്തിഹാദില്‍ തനതു വഴി

പ്രവാചകന്റെ കാലത്തും ഓരോ സ്വഹാബിയും സദാ പ്രവാചകനോടൊന്നിച്ചിരുന്ന് പഠിക്കുകയായിരുന്നില്ല. സാരവും നിസ്സാരവുമെല്ലാം പ്രവാചകനില്‍നിന്ന് നേരിട്ട് പഠിക്കാന്‍ വല്ലാതെ ഔത്സുക്യം കാണിച്ചപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടില്‍ ഏറെ സമയവും അവരില്‍ പലര്‍ക്കും പ്രവാചകനില്‍നിന്ന് ശാരീരികമായി അകന്ന് ജീവിക്കേണ്ടിവന്നിട്ടുണ്ട്. അതിനാല്‍തന്നെ, ഓരോരുത്തര്‍ക്കും പ്രവാചകനില്‍നിന്ന് എല്ലാം നേരിട്ട് പഠിക്കാനായിട്ടില്ല. എല്ലാവരും കൂടി എല്ലാം പഠിക്കുകയായിരുന്നു. ഒരാള്‍ പഠിച്ചത് അപരനെ പഠിപ്പിക്കേണ്ട സാഹചര്യം ഒത്തുകിട്ടാത്തതുകൊണ്ട് ഓരോരുത്തരും പഠിച്ചതുമായി അവരവര്‍ ഓരോ വഴിക്ക് നീങ്ങുകയായിരുന്നു. കര്‍മശാസ്ത്രത്തില്‍ ഇതുണ്ടാക്കിയ പ്രതികരണം പ്രകടമായിവരുന്നത് ഖിലാഫത്ത് ഘട്ടത്തിലാണ്. ചിലര്‍ മക്കയിലാണെങ്കില്‍, മറ്റു ചിലര്‍ ത്വാഇഫിലാണ്. വേറെ ചിലര്‍ യമനില്‍, വേറെയും ചിലര്‍ ബഹ്‌റൈനില്‍, ഈജിപ്തില്‍, ശാമില്‍, കൂഫയില്‍, ബസ്വറയില്‍... 

പ്രവാചകനില്‍നിന്ന് നേരിട്ട് പഠിച്ചത് ഓരോരുത്തരും താന്താങ്ങളുടെ പ്രവര്‍ത്തന മേഖലകളിലെ ശിഷ്യരെ പഠിപ്പിച്ചു. പ്രശ്‌നങ്ങള്‍ പൊന്തിവരുകയും പ്രവാചകനില്‍നിന്ന് നേരിട്ടുകേട്ട പരിഹാരം ലഭ്യമല്ലാതെ വരുകയും ചെയ്യുമ്പോള്‍ ഖുര്‍ആനില്‍നിന്നും ലഭിച്ചേടത്തോളമുള്ള പ്രവാചകചര്യയില്‍നിന്നും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു അവര്‍ ഓരോരുത്തരും. ഹദീസ് ശേഖരണത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു സംഘം രംഗത്ത് വരുംവരെ ഇതായിരുന്നു അവസ്ഥ. അതായത്, ഹദീസ് ലഭ്യമല്ലാത്ത വിഷയത്തില്‍ സ്വഹാബിയും ശേഷം ശിഷ്യരും ഇജ്തിഹാദ് നടത്തുകയായിരുന്നു. ഖുര്‍ആനിലോ പ്രവാചകചര്യയിലോ വ്യക്തമായി പ്രതിപാദിച്ചിട്ടില്ലാത്തതും പുതുതായി ഉടലെടുക്കുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനില്‍നിന്നും പ്രവാചകചര്യയില്‍നിന്നും പരിഹാരം കണ്ടെത്താന്‍ നടത്തുന്ന ശ്രമത്തിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്. 

സ്വഹാബിമാര്‍ക്കും അവരുടെ ശിഷ്യന്മാര്‍ക്കും മുമ്പില്‍ ഇജ്തിഹാദിന് നിശ്ചിത തത്ത്വങ്ങളില്ലായിരുന്നു. സ്വഹാബിമാരുടെ ശിഷ്യന്മാരെ സംബന്ധിച്ചേടത്തോളം സ്വഹാബിമാരുടെ ഫത്‌വകളായിരുന്നു പുതിയ പ്രശ്‌നങ്ങള്‍ക്കുള്ള തെളിവ്. ഈ സ്വഹാബിശിഷ്യന്മാരെയാണ് താബിഉകള്‍ എന്ന് പറയുന്നത്. ക്രോഡീകൃത മദ്ഹബുകള്‍ രൂപപ്പെട്ടുവന്ന ആദ്യഘട്ടത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. 

ആദ്യം രൂപപ്പെട്ട രണ്ടു ക്രോഡീകൃത മദ്ഹബുകളാണ് മാലികീ, ഹനഫീ മദ്ഹബുകള്‍. അങ്ങനെയാണ് മദീനക്കാര്‍ ഉമര്‍, ഉസ്മാന്‍, ഇബ്‌നു ഉമര്‍, ആഇശ, ഇബ്‌നു അബ്ബാസ്, സൈദുബ്‌നു സാബിത് എന്നീ സ്വഹാബി പ്രമുഖരുടെയും അവരുടെ പ്രധാന ശിഷ്യന്മാരായ സഈദുബ്‌നുല്‍ മുസയ്യബ്, ഉര്‍വഃ, സാലിം, അതാഉബ്‌നു യസീര്‍, ഖാസിം, ഉബൈദില്ലാഹിബ്‌നു അബ്ദില്ലാഹിബ്‌നു ഉമര്‍, സുഹ്‌രി, യഹ്‌യബ്‌നു സഈദ്, സൈദുബ്‌നു അസ്‌ലം, റബീഅഃ എന്നിവരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിപ്പോന്നത്. ഇമാം മാലികും ഇതേ രീതിയാണ് പിന്തുടര്‍ന്നുപോന്നത്. 

 

കര്‍മശാസ്ത്ര വിശാരദന്മാരുടെ രീതി

സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കും ശേഷം കര്‍മശാസ്ത്ര വിശാരദന്മാര്‍ കൈക്കൊണ്ട തെളിവ് ശേഖരണ രീതിയെ ഇങ്ങനെ കാണാം: ഖുര്‍ആനിനു പുറമെ ലഭ്യമായ ഹദീസുകളും അവര്‍ കൈക്കൊള്ളും. ഹദീസുകള്‍ ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ അവര്‍ സ്വഹാബിമാരുടെ അഭിപ്രായങ്ങള്‍ക്കാവും പ്രാമുഖ്യം നല്‍കുന്നത്. ചിലപ്പോള്‍ ഹദീസുകളെ നബി(സ)യുമായി ബന്ധപ്പെടുത്തി പറയുന്നതിന് പകരം സ്വഹാബി യുമായി മാത്രം ബന്ധപ്പെടുത്തിയാവും പറയുന്നത്. അബദ്ധം പിണയുന്നുവെങ്കില്‍ അത് നബിയുമായി ബന്ധപ്പെടുത്തി എന്ന അപരാധം കൂടാതെ കഴിക്കാം എന്നതായിരുന്നു ഈ സമീപനത്തിന് കാരണം. ഒപ്പം നബിയിലേക്ക് കണ്ണിചേര്‍ന്നിട്ടില്ലാത്ത മുര്‍സല്‍, മുന്‍ഖത്വിഅ് തുടങ്ങിയ ദുര്‍ബല ഹദീസുകളും അവര്‍ തെളിവിനുദ്ധരിച്ചുപോന്നു.

ഈ ഘട്ടത്തില്‍ മുജ്തഹിദുകള്‍ തങ്ങളുടെ മദ്ഹബുകള്‍ ക്രോഡീകരിച്ചുതുടങ്ങിയിരുന്നു. മദീനയില്‍ ഇമാം മാലികും മുഹമ്മദുബ്‌നു അബ്ദിര്‍റഹ്മാനുബ്‌നു അബീദിഅ്ബും മക്കയില്‍ ഇബ്‌നു ജുറൈജും ഇബ്‌നു ഉയൈയ്‌നയും കൂഫയില്‍ സൗരിയും ബസ്വറയില്‍ റബീഉബ്‌നുസബീഹുമൊക്കെ ഇങ്ങനെ സ്വന്തം മദ്ഹബുകള്‍ ക്രോഡീകരിച്ചവരാണ്. 

ഇവരില്‍ പ്രാവീണ്യം കൊണ്ടും ശിഷ്യസമ്പത്ത് കൊണ്ടും ഏറെ മുമ്പിലായിരുന്നു ഇമാം മാലികും ഇമാം അബൂഹനീഫയും. 

 

ഇമാം ശാഫിഈയുടെ  രംഗപ്രവേശം

പ്രസ്തുത രണ്ട് മദ്ഹബുകളും രംഗം കൈയടക്കിയ ആദ്യഘട്ടത്തിലാണ് ഇമാം ശാഫിഈയുടെ ആഗമനം. ഈ രണ്ട് ഇമാമുമാരുമടക്കം മുന്‍ഗാമികളുടെ ചൊല്ലും രീതിയും പഠിച്ചു മനസ്സിലാക്കിയ ശാഫിഈ മറ്റൊരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. അവരുടെ തത്ത്വങ്ങളും കാഴ്ചപ്പാടുകളും അതേപടി പിന്തുടരുന്നതിന് പകരം ശാഫിഈ ഇമാം സ്വന്തം നിലയില്‍ നാലു നിലപാടുകള്‍ സ്വീകരിച്ചു:

1. നബിയിലേക്ക് കണ്ണിചേര്‍ക്കാത്ത ഹദീസുകള്‍ സ്വീകരിച്ചില്ല. മുര്‍സലായ ഹദീസുകള്‍ കൈക്കൊള്ളാന്‍ അദ്ദേഹം പ്രത്യേകം ചില ഉപാധികള്‍ ആവിഷ്‌കരിച്ചു. 

2. യുക്തിക്ക് (റഅ്‌യ്) പകരം ഖിയാസ് (തുലന രീതി) സ്വീകരിച്ചു. റഅ്‌യ് പോലെ തന്നെ ഇസ്തിഹ്‌സാനും  അദ്ദേഹം നിരാകരിക്കുകയായിരുന്നു.

3. സ്വഹാബിയുടെ വാക്കിനല്ല, ഹദീസിനാണ് തെളിവിന്റെ കാര്യത്തില്‍ മുന്തിയ പരിഗണന. അതിനാല്‍, ഹദീസുമായി വിയോജിക്കുന്ന വിഷയങ്ങളില്‍ ഹദീസിന് മുന്‍ഗണന നല്‍കണം. അഭിപ്രായങ്ങള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ സ്വഹാബിമാരുടെ അഭിപ്രായങ്ങളേക്കാള്‍ സ്വീകാര്യത ഹദീസിനാണ്. ഒരു വിഷയത്തില്‍ ഹദീസ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇജ്തിഹാദ് വഴി പുതിയ തീര്‍പ്പ് കണ്ടെത്തേണ്ടതാകുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം പറഞ്ഞത്: ''നാമും മനുഷ്യരാണ്, അവരും മനുഷ്യരാണ്.'' സ്വഹാബിമാരുടെ ഏകകണ്ഠാഭിപ്രായം ഇജ്മാഅ് മാത്രമാണ് പ്രമാണമായിത്തീരുന്നത്.

4. അദ്ദേഹം ചരിത്രത്തില്‍ ആദ്യമായി കര്‍മശാസ്ത്രത്തിന് വ്യക്തമായ അടിസ്ഥാന തത്ത്വങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്ഹ്) ആവിഷ്‌കരിച്ചു. 

 

ഇജ്തിഹാദും ഖിയാസും

തന്റെ മുമ്പിലുള്ള പ്രശ്‌നത്തിന്റെ ശര്‍ഈ വിധി കണ്ടെത്താനുള്ള പ്രയത്‌നമാണല്ലോ ഇജ്തിഹാദ്. ഇതുതന്നെയാണ് മറ്റൊരു വാക്കില്‍ ഖിയാസ് എന്ന് പറയുന്നതും. ഖിയാസും ഇജ്തിഹാദും ഒന്നാണോ അല്ലേ എന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇമാം ശാഫിഈ തന്റെ അര്‍രിസാലയില്‍ എഴുതി: 

''അയാള്‍ ചോദിക്കുന്നു: എന്താണ് ഖിയാസ്? അത് തന്നെയാണോ ഇജ്തിഹാദ്? അതോ, അത് രണ്ടും രണ്ട് കാര്യമാണോ? ഞാന്‍ പറയുന്നു, ഒരേ ആശയത്തിലുള്ള രണ്ട് പ്രയോഗമാണ് അത് രണ്ടും'' (അര്‍രിസാല 477).

അദ്ദേഹം തുടരുന്നു: ''മുസ്‌ലിമിനെ ബാധിക്കുന്ന ഏത് പ്രശ്‌നത്തിലും ഒരനിവാര്യ തീര്‍പ്പുണ്ട്. മറ്റൊരു വിധം പറഞ്ഞാല്‍ അത് സംബന്ധിച്ച് ലഭ്യമായ ഒരു തെളിവുണ്ട്. അതിനാല്‍, പ്രശ്‌നം സംബന്ധിച്ച് നേര്‍ക്കുനേരെ തീര്‍പ്പ് വന്നാല്‍ അത് പിന്തുടരുക അവന്റെ ബാധ്യതയാണ്. നേര്‍ക്കുനേരെ തീര്‍പ്പില്ലെങ്കില്‍ ശരിയായ രീതിയില്‍ ഇജ്തിഹാദ് വഴി അതിന്റെ തെളിവ് കണ്ടെത്തേണ്ടത് അവന്റെ ബാധ്യതയാണ്. ഈ ഇജ്തിഹാദ് തന്നെയാണ് ഖിയാസ്'' (അര്‍രിസാല 477).

എന്നാല്‍ ഇമാം ശാഫിഈയുടെ ഈ കാഴ്ചപ്പാടിനെ ഇമാം ഗസാലി- അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരിക്കെത്തന്നെ-ഖണ്ഡിക്കുന്നുണ്ട്. ഗസാലി പറയുന്നു: 

''കര്‍മശാസ്ത്ര പടുക്കളില്‍ ചിലര്‍ പറയുന്നു: ഖിയാസ് ഇജ്തിഹാദ് തന്നെയാണ്. അതൊരബദ്ധമാണ്. കാരണം, ഖിയാസിനേക്കാള്‍ വിശാലാശയമുള്‍ക്കൊള്ളുന്ന ഒന്നാണ് ഇജ്തിഹാദ്. സാമാന്യ തെളിവുകളെ പരിശോധിക്കുക വഴിയും സൂക്ഷ്മ പദങ്ങളെക്കുറിച്ച് പഠിക്കുക വഴിയും തെളിവുകളുടെ മറ്റു വഴികള്‍ ചികയുക വഴിയുമൊക്കെ ഇജ്തിഹാദ് ഭവിക്കാം. ഖിയാസ് അങ്ങനെയല്ല'' (അല്‍മുസ്ത്വസ്വ്ഫാ 2/96).

ഇവിടെ ഇമാം ശാഫിഈയും ഇമാം ഗസാലിയും വിഷയത്തെ താന്താങ്ങളുടെ പരിപ്രേക്ഷ്യത്തിലൂടെ കാണുന്നു എന്നതാണ് ഈ വീക്ഷണവ്യത്യാസത്തിന് കാരണം. ഒരേ പ്രയോഗത്തിന് തലമുറകള്‍ നല്‍കുന്ന അര്‍ഥ കല്‍പ്പനകളിലെ വ്യത്യാസം, കാലാന്തരത്തില്‍ ഭാഷാ പദങ്ങള്‍ക്കുതന്നെയും വന്നുചേരുന്ന അര്‍ഥ ശോഷണം, സംവേദന രീതിയുടെ വ്യത്യാസം എന്നിവയൊക്കെയും ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാവാം. തലമുറകള്‍ മാറുമ്പോള്‍ ഈ വീക്ഷണ വ്യത്യാസം പല രംഗത്തും വരാം. ഇമാം ശാഫിഈയെ പോലെ പൂര്‍വഗാമികളുടേതില്‍നിന്ന് വ്യത്യസ്തമായി പില്‍ക്കാല പണ്ഡിതന്മാര്‍ മറ്റു പലതിലുമെന്ന പോലെ സാങ്കേതിക പ്രയോഗങ്ങളുടെ നിര്‍വചനങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നുണ്ട് എന്ന വസ്തുത പരിഗണിച്ചാല്‍ ഇത്തരമൊരു നിരൂപണത്തിന്റെ അല്ലെങ്കില്‍ വിമര്‍ശത്തിന്റെ പ്രസക്തി പോലും ചോര്‍ന്നുപോവും എന്ന് കാണാവുന്നതാണ്. തലമുറകള്‍ തമ്മിലെ വിടവ് എന്ന ഒന്നുണ്ടല്ലോ. നമുക്കതിനെ തലമുറകളുടെ വീക്ഷണ പരിണാമം എന്ന് മാറ്റിപ്പറയാം.

സുവ്യക്ത തീരുമാനം (നസ്സ്വ്) ഇല്ലാത്ത കാര്യത്തില്‍ അത് സംബന്ധിച്ചുള്ള ഇസ്‌ലാമിക വിധി കണ്ടെത്താന്‍ സഹായകമാവുന്ന ഏത് മാര്‍ഗവും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നു ഇമാം ശാഫിഈയുടെ കാഴ്ചപ്പാടില്‍ ഖിയാസ്. ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമാക്കിയിട്ടില്ലാത്ത അത്തരം വിധി കണ്ടെത്തുന്നതിനാണ് പൂര്‍വഗാമികള്‍ ഇജ്തിഹാദ് എന്നും പറഞ്ഞിരുന്നത്. ശരീഅത്തിന്റെ പദാവലികള്‍ നിര്‍വചിക്കുന്നതില്‍ പില്‍ക്കാല പണ്ഡിതന്മാര്‍ കൈക്കൊണ്ട ശ്രദ്ധ ഇമാം ശാഫിഈ അടക്കമുള്ള പൂര്‍വകാല പണ്ഡിതന്മാര്‍ കൈക്കൊണ്ടിരുന്നുമില്ല. എന്നല്ല അന്ന് ശര്‍ഈ പദാവലികളെ നിര്‍വചിക്കുന്ന രീതി തന്നെയും ഇല്ലായിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് ഹനഫി പണ്ഡിതനായ ഇമാം ജസ്സാസ് പറയുന്നത് കാണുക:

''താന്‍ ലക്ഷ്യം വെക്കുകയും ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന പരിഹാരത്തിനായി മുജ്തഹിദ് അയാളുടെ മുഴുവന്‍ കഴിവും വിനിയോഗിക്കുന്നതിനാണ് ഇജ്തിഹാദ് എന്നു പറയുന്നത്. എന്നാല്‍, ലക്ഷ്യംവെക്കുന്ന സംഗതി അറിയാന്‍ സഹായകമാവുന്ന അറിവ് നേടിത്തരുന്ന വിധമുള്ള, അല്ലാഹുവിങ്കല്‍നിന്നുള്ള തെളിവ് ലഭ്യമല്ലാത്ത പുതിയ പ്രശ്‌നങ്ങളുടെ വിധിയുമായി മാത്രം ബന്ധപ്പെടുത്തിയാണ് സാധാരണയില്‍ അത് പ്രയോഗിക്കാറുള്ളത്. കാരണം, നേര്‍ക്കുനേരെ അല്ലാഹുവിന്റെ പ്രമാണം ലഭ്യമായ ഒരു സംഗതിയുടെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിന് ഇജ്തിഹാദ് എന്ന് പറയുകയില്ല.  ശര്‍ഇല്‍ ഇജ്തിഹാദ് മൂന്ന് അര്‍ഥതലങ്ങളില്‍ പ്രയോഗിക്കും. ഒന്ന്, ഒരു ന്യായത്തെ (ഇല്ലത്ത്) അടിസ്ഥാനപ്പെടുത്തി വിധി കണ്ടെത്താന്‍ നടത്തുന്ന താരതമ്യപഠനം. അവിടെ ശാഖയെ മൂലവുമായി ബന്ധപ്പെടുത്തുന്നു. രണ്ടിനെയും ഒന്നിപ്പിക്കുന്ന ഘടകം പരിഗണിച്ച് അടിസ്ഥാനത്തിന്റെ നിയമം ശാഖക്കും ബാധകമാക്കുന്നു. 

ശാഖയെ അടിസ്ഥാനത്തോട് തുലനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ന്യായമൊന്നും ഇല്ലാതെത്തന്നെ കണ്ടെത്താവുന്ന മികവുറ്റ ധാരണയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഇനം ഇജ്തിഹാദ്. കഅ്ബയില്‍നിന്നും ബഹുദൂരം അകലെ വസിക്കുന്ന ഒരാള്‍ അതിന്റെ ദിശ കണ്ടെത്താന്‍ നടത്തുന്ന ശ്രമം, ഉപയോഗിച്ച് തീര്‍ന്ന വസ്തുവിന്റെ വില കണ്ടെത്താന്‍ നടത്തുന്ന ശ്രമം, വേട്ടയാടിപ്പിടിച്ച ഉരുവിന്റെ മൂല്യം കണ്ടെത്താന്‍ നടത്തുന്ന ശ്രമം, സമാന സ്ത്രീയുടെ വിവാഹമൂല്യ നിര്‍ണയ ശ്രമം എന്നിവയൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. നിദാനശാസ്ത്രതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവ് കണ്ടെത്താന്‍ നടത്തുന്ന ശ്രമമാണ് മൂന്നാമത്തെ ഇനം.''  (ഉസ്വൂലുല്‍ ജസ്സാസ് 12-4/11)

ഇവിടെയാണ് നടേ പറഞ്ഞ കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കേണ്ടിവരുന്നത്. അറബി ഭാഷയുടെ തനിമ കെടാതെ നിലനിന്ന പദങ്ങള്‍ക്ക് ആശയ ശോഷണം സംഭവിച്ചിട്ടില്ല, അത് പുഷ്‌കലമായി നിലനിന്ന കാലഘട്ടമായിരുന്നു ഇമാം ശാഫിഈയുടേത്. അതിന്റെ ഉജ്ജ്വല ശൈലി വേണ്ടുംവിധം സ്വായത്തമാക്കിയ, ഒപ്പം ശര്‍ഇന്റെ ഓരോ വാക്കിന്റെയും ഉള്ളറിഞ്ഞ, അതിന്റെയൊക്കെ പ്രയോഗ തത്ത്വം കണിശമായി ഗ്രഹിച്ച ഇരുത്തംവന്ന ഒരു പണ്ഡിത ശ്രേഷ്ഠനായിരുന്നു ഇമാം ശാഫിഈ. അത്തരമൊരാള്‍ക്ക് പ്രമാണ വചനം ഗ്രഹിക്കാനുള്ള പാടവം വേണ്ടുവോളമുണ്ടാവും. അതില്‍, കാര്യം നിര്‍ധാരണം ചെയ്യാനുള്ള ശേഷിയും തഥാ. അദ്ദേഹത്തിന്റെ കാഴ്ചപാടില്‍ അത് ഇജ്തിഹാദല്ല; പ്രമാണ വചനങ്ങള്‍ ഉള്‍ക്കൊള്ളാത്തതും അതില്‍നിന്ന് നേര്‍ക്കുനേരെ കണ്ടെത്താനാവാത്തതുമായ പുതിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുവരുന്ന വിധി കണ്ടെത്താന്‍ നടത്തുന്ന ശ്രമമാണ് ഇജ്തിഹാദ്. ആ ശ്രമത്തിലേര്‍പ്പെടുന്നയാള്‍ മുജ്തഹിദും അതിനുള്ള വഴി ഖിയാസും. അതിനാല്‍ അദ്ദേഹം രണ്ടും ഒന്നു തന്നെ എന്ന് പറയുന്നു. 

ഇമാം ശാഫിഈ മുജ്തഹിദിനുണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി സംസാരിക്കാതിരുന്നതും ഈയൊരു കാരണം കൊണ്ടാവാം. ഖിയാസ് നടത്താവുന്ന ആളില്‍ ഉണ്ടായിരിക്കേണ്ട ഉപാധികളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. 

അദ്ദേഹം ആളുകളെ മൂന്ന് തരക്കാരായി തിരിക്കുന്നുണ്ട്:

1. സാധാരണക്കാരന്‍. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ അറിയേണ്ടത് അവരുടെയും ബാധ്യതയാണ്.

2. പ്രത്യേകക്കാര്‍ (അല്‍ഖാസ്സ്വഃ). അവര്‍ വിശദവിധികള്‍ അറിഞ്ഞിരിക്കണം. അവയുടെ സൂക്ഷ്മവശങ്ങള്‍ ഗ്രഹിക്കണം. ഖുര്‍ആനില്‍നിന്നും നബിചര്യയില്‍നിന്നും കണ്ടെടുത്താവണം അത് ഗ്രഹിക്കുന്നത്. ഖബര്‍ ആഹാദും അത് സ്വീകാര്യമാവാനുളള ഉപാധികളും അതിലെ വൈവിധ്യങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയും അവര്‍ മനസ്സിലാക്കിയിരിക്കണം. 

3. പ്രത്യേകക്കാരിലും വെച്ച് പ്രത്യേകക്കാരായിട്ടുളളവര്‍ (ഖാസ്സ്വതുല്‍ ഖവാസ്സ്വഃ). അവരാണ് ഇജ്തിഹാദിന് യോഗ്യര്‍.

(അര്‍രിസാല 478, 479, 511 ഭാഗങ്ങള്‍ കാണുക.)

 

തഖ്‌ലീദും ശാഫിഈയും

ഒരാളുടെ കഴുത്തില്‍ വല്ലതും അണിയിക്കുന്നതിനാണ് ഭാഷയില്‍ തഖ്‌ലീദ് എന്നു പറയുന്നത്. അത് ഹാരമാവാം, കയറാവാം, മറ്റെന്തുമാവാം. എന്നാല്‍ നിദാനശാസ്ത്രത്തില്‍ ഇജ്തിഹാദിന്റെ നേര്‍ വിപരീത പദമായാണ് അത് വരുന്നത്. 

മറ്റൊരാളുടെ നിര്‍ദേശം, അല്ലെങ്കില്‍ അഭിപ്രായം തെളിവോ യുക്തിയോ നോക്കാതെ പിന്‍പറ്റുന്നതിനാണ് പൊതുവില്‍ അത് പ്രയോഗിക്കുന്നത്. ഇതു സംബന്ധമായുള്ള ഇമാം ശാഫിഈയുടെ പ്രസ്താവം പരിശോധിച്ചാല്‍ കണ്ടെത്താവുന്ന ഒന്ന് അദ്ദേഹം തഖ്‌ലീദിനെ എതിര്‍ത്തും അനുകൂലിച്ചും സംസാരിച്ചിട്ടുണ്ട് എന്നതാണ്. അതുകൊണ്ട്, തഖ്‌ലീദ് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവം വിശദീകരണമര്‍ഹിക്കുന്നു. 

തഖ്‌ലീദിനെ മൂന്നായി തിരിക്കാം:

ഖുര്‍ആനും സുന്നത്തും പിന്‍പറ്റുക എന്നത് മുസ്‌ലിമിന്റെ ബാധ്യതയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇസ്‌ലാമികദൃഷ്ട്യാ അടിസ്ഥാന പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്. അതിനാല്‍, ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായി പറഞ്ഞ ഒരു കാര്യം അനുസരിക്കുകയും അതിനെ പിന്തുടരുകയും ചെയ്യേണ്ടത് ഏതൊരു മുസ്‌ലിമിന്റെയും ബാധ്യതയാണെന്നപോലെ അതിന് വിരുദ്ധമായി ആരുടെയും നിര്‍ദേശമോ അഭിപ്രായമോ അംഗീകരിക്കാന്‍ പാടില്ലാത്തതുമാണ്. 

എന്നാല്‍, ഒരു മുജ്തഹിദിനെ സംബന്ധിച്ചേടത്തോളം ഖുര്‍ആനിലോ സുന്നത്തിലോ തെളിവില്ലാത്ത, സ്വഹാബത്തിന്റെ ഇജ്മാഇല്ലാത്ത, ഖിയാസിന് സാധ്യതയില്ലാത്ത പ്രശ്‌നം വല്ലതും മുമ്പില്‍ വന്നാലോ? അവിടെ മുജ്തഹിദ് ചെയ്യുന്നത് സ്വഹാബിയുടെ വാക്കിനെ, അഭിപ്രായത്തെ തഖ്‌ലീദ് ചെയ്യുകയാണ്. ഇമാം ശാഫിഈയുടെ നിലപാടും അത് തന്നെയാണ്. അദ്ദേഹം പറയുന്നു:

''വിജ്ഞന്മാരെ നാം കാണുന്നു. അവര്‍ ചിലപ്പോള്‍ സ്വഹാബിമാരില്‍ ഒരാളുടെ വാക്ക് കൈക്കൊണ്ടെന്നും വരും. മറ്റു ചിലപ്പോള്‍ അത് ഉപേക്ഷിച്ചെന്നും വരും. സ്വഹാബിമാരുടെ വാക്ക് സ്വീകരിക്കുന്ന കാര്യത്തിലും അവര്‍ വിവിധ രീതി സ്വീകരിക്കുന്നുണ്ട്. അയാള്‍ ചോദിക്കുന്നു: 'ഇതില്‍ ഏത് രീതിയാണ് താങ്കള്‍ സ്വീകരിക്കുന്നത്?'

ഞാന്‍ പറയുന്നു: കിതാബോ സുന്നത്തോ ഇജ്മാഓ തീര്‍പ്പു കല്‍പ്പിക്കാവുന്ന വിധം അതേ ആശയത്തിലുള്ളതോ ഖിയാസിന്റെ സാധ്യതയോ ഇല്ലാത്തിടത്ത് അവരുടെ ആരുടെയെങ്കിലും അഭിപ്രായം പിന്തുടരുക തന്നെ'' (അര്‍രിസാല 597, 598).

ഇതാണ് തഖ്‌ലീദിന്റെ ഒരു രീതി. ഇവിടെ മുജ്തഹിദും മുഖല്ലിദാണ്. നബിയില്‍നിന്ന് നേരിട്ട് പഠിച്ച വിദ്യാര്‍ഥി എന്ന നിലക്ക് സ്വഹാബി പ്രത്യേക സ്ഥാനം അര്‍ഹിക്കുന്നുണ്ട്. അല്ലാഹു ഖുര്‍ആനില്‍ അവരെ പ്രശംസിക്കുക മാത്രമല്ല പിന്തുടരാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. നബിയും അപ്രകാരം നിര്‍ദേശിച്ചത് കാണാം. നബിയില്‍നിന്ന് നേരിട്ട് ലഭിച്ചതെന്ന് പറയുന്നില്ലെങ്കില്‍ പോലും സ്വഹാബി പറഞ്ഞതും ചെയ്തതും അദ്ദേഹത്തില്‍നിന്ന് കണ്ടും കേട്ടും പഠിച്ചതിന്റെ തന്നെ ഭാഗമാവാന്‍ സാധ്യതയുണ്ട് എന്നതൊക്കെയാണ് ഈ തഖ്‌ലീദിനെ നീതീകരിക്കുന്ന ന്യായങ്ങള്‍. 

സാധാരണക്കാരെ സംബന്ധിച്ചായാലും ഇജ്തിഹാദിന്റെ യോഗ്യത നേടിയിട്ടില്ലാത്ത പണ്ഡിതന്മാ(ഖാസ്സ്വത്ത്)രെ സംബന്ധിച്ചേടത്തോളവും ഇജ്തിഹാദീ പ്രശ്‌നങ്ങളില്‍ മുജ്തഹിദിന്റെ അഭിപ്രായം തെളിവാണ്. അവിടെയാണ് ഖിയാസ് നാലാമത്തെ പ്രമാണം എന്ന് പറയുന്നത്. അവിടെ ഇത്തരം ആളുകള്‍ മുജ്തഹിദിനെ തഖ്‌ലീദ് ചെയ്യുന്നു. മുഖല്ലിദിന് മറ്റൊരു വഴിയില്ല എന്നതാണ് കാരണം. മുജ്തഹിദിനെ സംബന്ധിച്ചായാല്‍ പോലും മറ്റൊരു പോംവഴിയില്ല; സ്വന്തം ഇജ്തിഹാദനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതല്ലാതെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ അഭിപ്രായത്തിന് പിന്‍ബലമേകുന്ന തെളിവുകള്‍ മുജ്തഹിദിനോട് ചോദിച്ചറിയാന്‍ മുഖല്ലിദിന് അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന് മാത്രം. 

മൂന്നാമത് മറ്റൊരിനം തഖ്‌ലീദ് കൂടിയുണ്ട്. ഒരാളുടെ അഭിപ്രായം ഇടംവലം നോക്കാതെ, ശരിയും തെറ്റും ഉറപ്പു വരുത്താതെ അംഗീകരിക്കുക എന്നതാണത്.  അതാണ് അന്ധമായ അനുകരണം (അത്തഖ്‌ലീദുല്‍ അഅ്മാ). ഈയിനം തഖ്‌ലീദാണ് ന്യായീകരണമര്‍ഹിക്കാത്ത നിഷിദ്ധമായ തഖ്‌ലീദ്. ഇത്തരം തഖ്‌ലീദിനെയാണ് ഇമാം ശാഫിഈയടക്കം മുജ്തഹിദുകള്‍ ഒന്നടങ്കം എതിര്‍ത്തത്. അവിടെ പ്രമാണവിരുദ്ധ കാര്യങ്ങളിലടക്കം തഖ്‌ലീദ് നടക്കുന്നുണ്ടാവും. പ്രമാണം മറിച്ചായാലും 'മഹാനവര്‍കള്‍ പറഞ്ഞതല്ലേ', 'ഉസ്താദ് പറഞ്ഞതല്ലേ', 'ശൈഖ് പറഞ്ഞതല്ലേ' എന്നീ ന്യായീകരണങ്ങളോടെ കേവല പാപം എന്നതിലുപരി ശിര്‍ക്ക് പോലുമായി രൂപാന്തരപ്പെടാം. ഇതാണ് ഇമാം ശാഫിഈ അടക്കം മുജ്തഹിദുകള്‍ എതിര്‍ത്തു എന്ന് പറയുന്ന തഖ്‌ലീദ്. ഇവിടെയാണ് ഇമാം മുസനി തന്റെ മുഖ്തസ്വറിന്റെ ആദ്യത്തില്‍ നടത്തിയ താഴെ പ്രസ്താവന പ്രസക്തമാവുന്നതും. 

''ശാഫിഈയുടെ അറിവില്‍നിന്നും താന്‍ ഉദ്ദേശിച്ച തന്റെ അടുത്ത ആളുകളോട് അദ്ദേഹം പറഞ്ഞതിന്റെ ആശയത്തില്‍നിന്നും ഞാന്‍ സംഗ്രഹിച്ചെടുത്തിട്ടുള്ളതാണിത്. തന്നെയോ മറ്റാരെയെങ്കിലുമോ തഖ്‌ലീദ് ചെയ്യുന്നത് തടഞ്ഞുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞിരിക്കുന്നത്. തന്റെ ദീനിനും തനിക്കു തന്നെയും വേണ്ടി അത്തരം കാര്യങ്ങളില്‍ ഓരോരുത്തരും സൂക്ഷ്മത കൈക്കൊള്ളാന്‍ വേണ്ടിയാണത്.'' 

എന്നാല്‍, താന്‍ തന്നെയും തഖ്‌ലീദ് ചെയ്യുന്നതായി ഇമാം ശാഫിഈ വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്. 

'കഴുതപ്പുലിക്ക് പകരം ഒട്ടകത്തെ പ്രായശ്ചിത്തം നല്‍കണം. ഇത് ഞാന്‍ ഉമറിനെ തഖ്‌ലീദ് ചെയ്ത് പറയുന്നതാണ്. കുറ്റവും കുറവും തീര്‍ന്ന അവസ്ഥയില്‍ മൃഗങ്ങളെ വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇത് ഞാന്‍ ഉസ്മാനെ തഖ്‌ലീദ് ചെയ്ത് പറയുന്നതാണ്. പിതാമഹനും സഹോദരന്മാരും ഒന്നിച്ച് വരുന്ന പ്രശ്‌നത്തില്‍ പിതാമഹന്‍ സഹോദരന്മാരോടൊപ്പം ദായധനം പങ്കിട്ടെടുക്കും എന്ന് പറഞ്ഞ ശേഷം സൈദിന്റെ അഭിപ്രായമാണ് ഞാന്‍ ഈ പറയുന്നത്; ദായധന വിധികള്‍ ഏറെയും നാം അദ്ദേഹത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്' എന്നിങ്ങനെ അദ്ദേഹം പറഞ്ഞത് പ്രസ്താവ്യമാണ്. 

 

തന്നെ തഖ്‌ലീദ് ചെയ്യാന്‍ ഇമാം ശാഫിഈ പറഞ്ഞുവോ? 

ഇത്തരമൊരു ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്ന് തന്നെയാണ്. ഇമാം ശാഫിഈ മാത്രമല്ല മുജ്തഹിദുകള്‍ ആരുംതന്നെ പറഞ്ഞിട്ടില്ല, തങ്ങളെ തഖ്‌ലീദ് ചെയ്തുകൊള്ളാന്‍. താന്‍ നൂറ് ശതമാനം ശരിയാണെന്നും ഇത് മാത്രമാണ് ശരി എന്നും ഒരു മുജ്തഹിദും  വാദിച്ചിട്ടില്ല എന്നതാണ് അതിന് കാരണം. താന്‍ പറഞ്ഞത് തെറ്റാവാന്‍ സാധ്യതയുള്ള ശരിയാണ്. മറ്റേയാള്‍ പറഞ്ഞത് ശരിയാവാന്‍ സാധ്യതയുള്ള തെറ്റും. അതിനാല്‍ ആരുടേതാണോ ശരി, അത് അംഗീകരിക്കുക. അതാണ് മുജ്തഹിദുകള്‍ എല്ലാവരും പറഞ്ഞിട്ടുള്ളത്. എന്നാല്‍, മുജ്തഹിദിനെ തഖ്‌ലീദ് ചെയ്യാമോ എന്ന് ചോദിച്ചാല്‍ ഇജ്തിഹാദിന് യോഗ്യത നേടിയിട്ടില്ലാത്ത ആളുകളെ സംബന്ധിച്ചേടത്തോളം, സാധാരണക്കാരെ സംബന്ധിച്ചേടത്തോളം വിശേഷിച്ചും ഇജ്തിഹാദീ വിഷയങ്ങളില്‍ മറ്റൊരാളെ തഖ്‌ലീദ് ചെയ്യുകയേ നിര്‍വാഹമുള്ളൂ. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി പറയുന്നു: ''നാല് ക്രോഡീകൃത മദ്ഹബുകള്‍, സമൂഹം-അഥവാ സമൂഹത്തിലെ സുസമ്മതരായ ആളുകള്‍-ഇന്നു വരെയും ഏകകണ്ഠമായി  അഭിപ്രായപ്പെട്ടിട്ടുള്ളത് അവയെ തഖ്‌ലീദ് ചെയ്യാമെന്നാണ്. അവ്യക്തമല്ലാത്ത ചില പൊതുനന്മകള്‍ അതിലടങ്ങിയിട്ടുണ്ട്. മനോബലം ചോര്‍ന്നുപോയ, ഹൃദയങ്ങളില്‍ വ്യക്തിതാല്‍പര്യങ്ങള്‍ അള്ളിപ്പിടിച്ച, ഓരോ വ്യക്തിയും സ്വന്തം അഭിപ്രായത്തില്‍ ഊറ്റംകൊള്ളുന്ന ഈ കാലത്ത് വിശേഷിച്ചും'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/442).

തഖ്‌ലീദ് ഒരു നിലക്കും അനുവദനീയമല്ല, അത് തീര്‍ത്തും നിഷിദ്ധമാണെന്ന് ഇബ്‌നു ഹസം പറഞ്ഞതായി ദഹ്‌ലവി ഉദ്ധരിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം ഉടലെടുത്താല്‍ ഖുര്‍ആനും സുന്നത്തും കൈയൊഴിഞ്ഞ് സമകാലികരോ പൂര്‍വികരോ ആയ ആരെയും തഖ്‌ലീദ് ചെയ്യാവതല്ലെന്ന കാര്യത്തില്‍ സ്വഹാബിമാരും താബിഉകളും ഏകാഭിപ്രായക്കാരാണെന്നും അദ്ദേഹം തുടര്‍ന്നെഴുതുന്നുണ്ട്.  

എന്നാല്‍, ശരിയായാലും തെറ്റായാലും ഒരു നിശ്ചിത വ്യക്തിയുടെ വാക്ക് മാത്രമേ ഞാന്‍ സ്വീകരിക്കൂ, മറ്റൊരു വാക്കും അത് ശരിയാണെന്ന് ബോധ്യമായാല്‍ പോലും എനിക്ക് സ്വീകാര്യമല്ല എന്നിങ്ങനെ ശാഠ്യം പിടിക്കുന്നത് ന്യായീകരണമര്‍ഹിക്കാത്ത അപരാധം തന്നെയാണ്. അത്തരം ആളുകള്‍ ഖുര്‍ആനും സുന്നത്തും തള്ളിക്കളയുകയും അത് രണ്ടിനെയും ധിക്കരിക്കുകയുമാണ് ചെയ്യുന്നത്. തദ്വിഷയകമായി ഒരു മാതൃകയും കണ്ടെത്താന്‍ അവര്‍ക്കാവുകയില്ല. മൂന്ന് അനുഗൃഹീത നൂറ്റാണ്ടുകളിലെ പണ്ഡിതന്മാരുടെയും ശേഷം വന്ന മുജ്തഹിദുകളുടെയും എല്ലാവരുടെയും ഇതു സംബന്ധിച്ചുള്ള അഭിപ്രായം അത്തരം ദുശ്ശാഠ്യക്കാര്‍ക്കെതിരാണ്. 

ഇന്നാകട്ടെ പണ്ഡിതന്മാരടക്കം സമൂഹം എത്തിപ്പെട്ടിരിക്കുന്നത് ഒരു വല്ലാത്ത അവസ്ഥയിലാണുതാനും. ഖുര്‍ആനും സുന്നത്തും പറഞ്ഞത് തങ്ങളുടെ താല്‍പര്യത്തിനും കാഴ്ചപ്പാടിനും എതിരെങ്കില്‍ തള്ളിപ്പറയുകയോ വേണ്ടിവന്നാല്‍ അത് രണ്ടും നിര്‍ലജ്ജം ദുര്‍വ്യാഖ്യാനിക്കുകയോ പുതിയ പുതിയ ആചാരങ്ങള്‍-വിശ്വാസങ്ങള്‍ വരെ-പടച്ചുണ്ടാക്കുകയോ ചെയ്യുന്നിടത്തോളം അവര്‍ തരംതാഴ്ന്നിരിക്കുന്നു. സ്വന്തം മദ്ഹബിലെ പോലും അഭിപ്രായങ്ങള്‍ വിട്ട് ചില ഉസ്താദുമാരും ശൈഖുമാരും ചമച്ചുണ്ടാക്കുന്ന വിശ്വാസാചാരങ്ങളില്‍ അഭിരമിക്കുക കൂടി ചെയ്തുകളയുന്നു അവര്‍. ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം പറഞ്ഞതിനും അപ്പുറത്താണ് ഇന്ന് അവര്‍. അദ്ദേഹം പറഞ്ഞു:

''തങ്ങളുടെ ഇമാമിന്റെ ബാലിശമായ അഭിപ്രായങ്ങളെ, അതിനനുകൂലമായ ഒരു ന്യായീകരണവും കണ്ടെത്താനാവുകയില്ലെങ്കില്‍ പോലും പുണര്‍ന്നുകളയുന്ന മുഖല്ലിദുകളായ ഫുഖഹാഇന്റെ കാര്യം വിചിത്രമായിരിക്കുന്നു! അയാള്‍ ആ അഭിപ്രായത്തെ തഖ്‌ലീദ് ചെയ്യുന്നു. തന്റെ ഇമാമിനോടുള്ള തഖ്‌ലീദില്‍ മൂടുറച്ചുപോയവര്‍ തങ്ങളുടെ തന്നെ മദ്ഹബിലെ ശരിയായ അഭിപ്രായങ്ങളെയും ഖുര്‍ആനും സുന്നത്തും സാക്ഷ്യപ്പെടുത്തുന്ന ആളുകളെയും തള്ളിക്കളയുന്നു. അത്രയുമല്ല, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രത്യക്ഷ നിര്‍ദേശങ്ങളെപ്പോലും തള്ളിക്കളയാന്‍ പാകത്തില്‍ അവര്‍ ഭാവന നെയ്‌തെടുക്കുന്നു. താന്‍ തഖ്‌ലീദ് ചെയ്ത പണ്ഡിതനെ ന്യായീകരിക്കാനായി അസത്യജടിലവും വസ്തുതാവിരുദ്ധവുമായ വ്യാഖ്യാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/445).

ചുരുക്കത്തില്‍ ഇമാം ശാഫിഈ  മാത്രമല്ല, അന്ധമായ തഖ്‌ലീദിന് ഉപദേശിക്കുന്ന ഒരു പ്രാമാണിക പണ്ഡിതനെയും കണ്ടെത്തുക സാധ്യമല്ല; അത് തെറ്റാണെന്നും പരിവര്‍ജ്യമാണെന്നും പറഞ്ഞവരെ മാത്രമേ കണ്ടെത്താനാവുകയുള്ളൂ. കേവലം തെറ്റ് എന്നതിനപ്പുറം ശിര്‍ക്കാവാന്‍ പോലും സാധ്യതയുള്ളതാണ് അന്ധമായ തഖ്‌ലീദ്. 

 

ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചയും ആഭ്യന്തര ഇജ്തിഹാദും

മദ്ഹബുകളുടെ ഇമാമുമാര്‍ പറഞ്ഞതും അഭിപ്രായപ്പെട്ടതും മാത്രമേ അതത് മദ്ഹബുകളിലുള്ളൂ എന്ന് മദ്ഹബുകളുമായും അവയുടെ വളര്‍ച്ചയുമായും ബന്ധമുള്ള ആരും പറയുകയില്ല. ഇമാമുമാരുടെ ശിഷ്യന്മാരും പില്‍ക്കാല പണ്ഡിതന്മാരുമൊക്കെ സ്വന്തം നിലയില്‍ വിഷയങ്ങള്‍ വിശകലനം ചെയ്തു പഠിക്കുകയും ഇമാമിന്റെയും മദ്ഹബിലെ തന്നെ മറ്റു പണ്ഡിതന്മാരുടെയും അഭിപ്രായങ്ങളെ ശോധന ചെയ്യുകയും ചില പ്രശ്‌നങ്ങളിലെങ്കിലും സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുകയും ചെയ്യുന്നതായി കാണാം. ഇത് ശാഫിഈ മദ്ഹബിന്റെ കാര്യത്തിലും കാണാവുന്നതാണ്. 

ശാഫിഈ മദ്ഹബിലെ രണ്ട് പ്രഗത്ഭ പണ്ഡിതന്മാരാണ് ഇമാം റാഫിഈയും ഇമാം നവവിയും. മദ്ഹബിലെ പ്രബലവും ദുര്‍ബലവുമായ അഭിപ്രായങ്ങള്‍ ഏതെന്ന് പറയാനുള്ള അധികാരം ഈ രണ്ട് പേര്‍ക്കുമാണ്.  അവര്‍ ഇരുവരും യോജിച്ച അഭിപ്രായങ്ങള്‍ക്ക് എതിരഭിപ്രായമില്ലെന്നാണ് വെപ്പ്. രണ്ടുപേരും ഭിന്നിച്ചാല്‍ ഇമാം നവവിയുടെ അഭിപ്രായത്തിനാണ് മുന്‍ഗണന. ഇറാഖികള്‍, ഖുറാസാനികള്‍ എന്നിങ്ങനെ രണ്ട് കൈവഴികള്‍ പോലുമുണ്ട് ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരില്‍. ഈ പണ്ഡിതന്മാര്‍ തങ്ങളുടെ ഇജ്തിഹാദ് വഴിയാണ് മദ്ഹബിനെ വികസിപ്പിക്കുന്നത്. ഏതു മദ്ഹബും ഇമാമിനോട് ചേര്‍ത്തു പറയുമെങ്കിലും ഇമാമിന്റെ മാത്രം അഭിപ്രായമല്ല മദ്ഹബിലേത്. പില്‍ക്കാല പണ്ഡിതന്മാരുടേതുകൂടിയാണ്. മദ്ഹബിലെ മുജ്തഹിദ്, മുജ്തഹിദ് മുത്വ്‌ലഖായി (കേവല മുജ്തഹിദ്) പരിഗണിക്കപ്പെടുന്നില്ലെന്നു മാത്രം. മുജ്തഹിദ് മുഖ്താര്‍ എന്നോ മുജ്തഹിദുല്‍ ഇഖ്തിയാര്‍ എന്നോ ആണ് അയാളെ വിളിക്കുന്നത്. ഇത്തരം മുജ്തഹിദുകളാണ് ഇമാമിന്റെ അഭിപ്രായത്തെ സ്വഹീഹ് (പ്രബലം), അസ്വഹ്ഹ് (ഏറ്റം പ്രബലം), ദഈഫ് (ദുര്‍ബലം), ജദീദ് (പുതിയ), ഖദീം (പഴയ) അഭിപ്രായങ്ങളില്‍ ഏത് പ്രധാനം, പ്രബലം എന്നൊക്കെ തീരുമാനിക്കുന്നത്. ഇമാം നവവിയുടെ ശറഹുല്‍ മുഹദ്ദബ്, ഇമാം മഹല്ലിയുടെ ശറഹ് പോലെയുള്ള ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ അക്കാര്യം ബോധ്യമാകും. ഇജ്തിഹാദ്, ഖിയാസ് വിഷയങ്ങളില്‍ ഇമാം ഗസാലി, ഇമാം ശാഫിഈയെ നിരൂപണം ചെയ്യുന്നത് ഇതേ ഇജ്തിഹാദിന്റെ ഭാഗമായാണ്. 

ഇബ്‌റാഹീം നഖഇയുടെ മദ്ഹബിന്റെ പിന്തുടര്‍ച്ചയാണ് ഇമാം അബൂഹനീഫയുടെ മദ്ഹബ് എന്ന് പറയാവുന്ന വിധമാണ് അദ്ദേഹത്തിന് നഖഇയുടെ കാഴ്ചപ്പാടുകളോടുണ്ടായിരുന്ന സമീപനം എന്ന് പറയുന്നു ദഹ്‌ലവി. അബൂഹനീഫയുടെ ശിഷ്യന്‍ അബൂയൂസുഫാണ് അദ്ദേഹത്തിന്റെ മദ്ഹബിന്റെ പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ചത്. അബ്ബാസീ ഖലീഫ ഹാറൂന്‍ റശീദിന്റെ ചീഫ് ജസ്റ്റിസായിരുന്ന അബൂയൂസുഫിന്റെ പഠനവും ഇജ്തിഹാദും ഗുരുവിന്റെ മദ്ഹബിനെ ഏറെ വികസിപ്പിച്ചു.  ശേഷം മുഹമ്മദുബ്‌നുല്‍ ഹസനും മികച്ച സംഭാവനകളര്‍പ്പിച്ചു. 

ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ കാഴ്ചപ്പാടുകള്‍ക്ക് കരുത്തേകുന്നതില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമും വഹിച്ച പങ്ക് നിസ്തുലമാണ്. 

ഇത്തരം മുജ്തഹിദുകളെ അല്‍മുജ്തഹിദൂന്‍  ഫില്‍ മദ്ഹബ് എന്ന് പറയുന്നു; മദ്ഹബിലെ മുജ്തഹിദുകള്‍. അവര്‍ വേര്‍തിരിച്ചെടുക്കുന്ന, അല്ലെങ്കില്‍ ഇമാമിന്റെ തത്ത്വങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുഗുണമായി രൂപപ്പെടുത്തിയെടുക്കുന്ന പുതിയ അഭിപ്രായങ്ങള്‍ക്ക് ഖൗല്‍ മുഖര്‍റജ് എന്നും ആ രീതിക്ക് തഖ്‌രീജ് എന്നും പറയുന്നു. ഫത്‌വക്കും ജഡ്ജ് സ്ഥാനത്തിനുമൊക്കെ നിയുക്തരായ പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ മദ്ഹബ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ അവസരം ലഭിച്ചു. അല്ലാത്തവരുടെ മദ്ഹബിന് പ്രചാരം കുറഞ്ഞും വന്നു. 

 

ഹിജ്‌റ നാലാം നൂറ്റാണ്ടും തഖ്‌ലീദും

ഇജ്തിഹാദ് നിലയ്ക്കുകയെന്നാല്‍ സമൂഹത്തിന്റെ നാഗരിക വളര്‍ച്ച മുരടിക്കുക എന്നാണര്‍ഥം. ഹിജ്‌റ നാലാം നൂറ്റാണ്ടിനു മുമ്പ് ഏതെങ്കിലും ഒരു പ്രത്യേക മദ്ഹബിനെ തഖ്‌ലീദ് ചെയ്യുക എന്ന രീതിയായിരുന്നില്ല സമൂഹത്തിലുണ്ടായിരുന്നത്. തങ്ങള്‍ക്ക് ബോധ്യമുള്ള കാര്യം അംഗീകരിക്കുകയും സംശയാസ്പദ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരോട് ചോദിച്ചറിഞ്ഞു പിന്തുടരുകയുമായിരുന്നു അവര്‍ ചെയ്തിരുന്നത്. ആരു പറഞ്ഞു എന്നതിലുപരി എന്തു പറഞ്ഞു എന്നേ അവര്‍ നോക്കിയിരുന്നുള്ളൂ. ഒരാള്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരാള്‍ പറഞ്ഞാല്‍ ഏതാണോ കൂടുതല്‍ ശരിയെന്ന് തോന്നുന്നത് അത് പിന്തുടരുക. പൊതുവില്‍ നാലാം നൂറ്റാണ്ടിന് മുമ്പുണ്ടായിരുന്ന അവസ്ഥ ഇതാണ്. തുടര്‍ന്ന് ഇജ്തിഹാദ് നിലക്കാനും തഖ്‌ലീദ് വ്യാപകമാവാനുമുണ്ടായ കാരണം സംബന്ധിച്ച് രണ്ട് പ്രഗല്ഭ പണ്ഡിതന്മാരുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ഇമാം ഗസാലിയാണ് ഒരാള്‍. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയാണ് രണ്ടാമന്‍. ഇമാം ഗസാലി ഹിജ്‌റ 505-ലാണ് മരണമടയുന്നതെങ്കില്‍ ദഹ്‌ലവി 1114-ലാണ്. ഇരുവരുടെയും നിരീക്ഷണം ഇങ്ങനെ വായിക്കാം. 

''അറിയുക: റസൂലിന് ശേഷം ഖുലഫാഉര്‍റാശിദീനാണ് ഭരണമേറ്റത്. അവര്‍ നേതാക്കളായിരുന്നു. അല്ലാഹുവിനെക്കുറിച്ചറിയുന്ന പണ്ഡിതന്മാരുമായിരുന്നു. അവന്റെ നിയമങ്ങളില്‍ പരിജ്ഞാനമുള്ളവര്‍. പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാന്‍ സ്വയം കഴിയുമായിരുന്നവര്‍. കൂടിയാലോചന അനിവാര്യമായ വിഷയങ്ങളില്‍ അതും അപൂര്‍വമായി മാത്രമേ അവര്‍ പണ്ഡിതന്മാരുടെ സഹായം തേടിയിരുന്നുള്ളൂ. അതിനാല്‍  പണ്ഡിതന്മാര്‍ പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനായി മാറിനിന്നു. അതിനുവേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്തു. ഫത്‌വ നല്‍കുന്നതില്‍നിന്നും ജനങ്ങളുടെ ഭൗതിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍നിന്നുമൊക്കെ അവര്‍ സ്വയം പ്രതിരോധം തീര്‍ത്തു. തങ്ങളുടെ കഠിനാധ്വാനം വഴി അവര്‍ അല്ലാഹുവിലേക്ക് തിരിഞ്ഞു. അവരുടെ ചരിത്രം അത് വ്യക്തമാക്കിത്തരുന്നുണ്ട്. അവര്‍ക്ക് ശേഷം ഖിലാഫത്ത് മറ്റൊരു കൂട്ടര്‍ കൈയേറ്റു. അവര്‍ അതിന് യോഗ്യരായിരുന്നില്ല. വിധി നല്‍കാനും തീര്‍പ്പു കല്‍പ്പിക്കാനും അവര്‍ക്ക് സ്വയം കഴിയുമായിരുന്നുമില്ല. സ്വാഭാവികമായും അവര്‍ക്ക് കര്‍മശാസ്ത്രപണ്ഡിതന്മാരോട് സഹായം തേടേണ്ടിവന്നു. ഏതു വിഷയത്തിലും വിധി പറയാന്‍ ഇവരുടെ കൂട്ടും അവര്‍ക്ക് അനിവാര്യമായിരുന്നു. ആദ്യ തലമുറയുടെ അതേ നിലപാടില്‍ ഉറച്ചുനിന്ന, ദീനിന്റെ വിശുദ്ധി വിടാതെ സൂക്ഷിച്ച, പൂര്‍വസൂരികളുടെ മാതൃക പിന്തുടരുന്നവര്‍ താബിഉകളില്‍ പിന്നെയും ബാക്കിനിന്നിരുന്നു. അതിനാല്‍, തേടിവരുമ്പോള്‍ അവര്‍ ഓടിയകലുമായിരുന്നു. അതിനുനേരെ അവര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയും ചെയ്തു. നീതിന്യായവും മറ്റ് അധികാരവും കൈയേല്‍ക്കാന്‍ അതിനാല്‍തന്നെ ഭരണാധികാരികള്‍ക്ക് അവരെ നിര്‍ബന്ധിക്കേണ്ടിവന്നു. പണ്ഡിതന്മാരുടെ പ്രതാപവും അധികാരികളും രാഷ്ട്രനായകന്മാരും അവരെ തേടിച്ചെല്ലുന്നതും കണ്ട സമകാലികര്‍ വിജ്ഞാനസമ്പാദനത്തില്‍ ആര്‍ത്തിപൂണ്ടിറങ്ങി. ഭരണാധികാരികളുടെ അടുത്ത് അന്തസ്സും മാന്യസ്ഥാനവും നേടുകയായിരുന്നു അവരുടെ ലക്ഷ്യം. ഫത്‌വകള്‍ പഠിക്കുന്നതില്‍ മുഴുകി അവര്‍. ഭരണാധികാരികള്‍ക്ക് മുന്നില്‍ അവര്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. അവര്‍ തങ്ങളെ സ്വയം പരിചയപ്പെടുത്തുകയും ചെയ്തുതുടങ്ങി. അവര്‍ അധികാരവും ഭരണാധികാരികളുമായുള്ള അടുപ്പവും ചോദിച്ചു ചെന്നു. അവരില്‍ വിജയിച്ചവരുണ്ട്, പരാജയപ്പെട്ടവരുമുണ്ട്. നേടിയവര്‍ക്ക് അന്വേഷിച്ചു ചെന്നതിന്റെ പേരിലുള്ള പതിത്വത്തില്‍നിന്നും ഉദ്യോഗം കൈയേറ്റതിന്റെ ഹീനത്വത്തില്‍നിന്നും രക്ഷപ്പെടാനായില്ല. പണ്ട് പണ്ഡിതന്മാരെ തേടിച്ചെല്ലുകയായിരുന്നു. പിന്നെ അവര്‍ തേടിച്ചെല്ലലായി. അധികാരികളെ അവഗണിക്കുക വഴി പണ്ട് അവര്‍ പ്രതാപികളായിരുന്നെങ്കില്‍ പിന്നെ അവര്‍ അങ്ങോട്ട് ചെല്ലുകയാല്‍ നിന്ദ്യരായി പരിണമിച്ചു. അല്ലാഹുവിന്റെ ദീന്‍ പഠിച്ചവരായി അല്ലാഹു പ്രത്യേകം ഉതവി നല്‍കിയ ചുരുക്കം ചിലരുണ്ട്; എല്ലാ കാലത്തും അപവാദമായി. ഭരണകൂടങ്ങളിലും അധികാര കേന്ദ്രങ്ങളിലും കൂടുതല്‍ ആവശ്യം അന്ന് വിധിന്യായവും ഫത്‌വയുമൊക്കെയായി ബന്ധപ്പെട്ട അറിവുകളായിരുന്നതുകൊണ്ട് അതിലായിരുന്നു ആളുകളുടെ മുഖ്യശ്രദ്ധ...

''പിന്നെ ഭരണാധികാരികളും നേതാക്കളും മൗലിക വിശ്വാസങ്ങളുമാ(അഖീദഃ)യി ബന്ധപ്പെട്ട ചര്‍ച്ചകളിലും വിവാദങ്ങളിലും തല്‍പരരായി. അതോടെ ജനശ്രദ്ധ വചനശാസ്ത്രത്തിലായി. ദൈവശാസ്ത്ര പണ്ഡിതന്മാര്‍ അതില്‍ ധാരാളം രചനകള്‍ നടത്തി. തര്‍ക്ക രീതികള്‍ ചിട്ടപ്പെടുത്തി. പണ്ഡിതര്‍ പരസ്പരം ഖണ്ഡിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ ദീനിനെ പ്രതിരോധിക്കുകയും പ്രവാചകചര്യയെ സംരക്ഷിക്കുകയും ബിദ്അത്തിനെ തകര്‍ത്തെറിയുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നാവും അവര്‍ വാദിക്കുന്നത്. ഫത്‌വകളുമായി ഏര്‍പ്പെടുന്നത് ദീനാണെന്നും മുസ്‌ലിംകളുടെ നിയമവിധികള്‍ കൈയേല്‍ക്കുന്നത് സൃഷ്ടികളോടുള്ള അനുകമ്പയും അവരോടുളള ഗുണകാംക്ഷയും കാരണമായാണെന്നുമാണ് ഇവരുടെ പൂര്‍വികര്‍ വാദിച്ചിരുന്നത്...'' 

അനന്തരം ഈ രംഗം എത്രത്തോളം വഷളായെന്ന് ഇമാം ഗസാലി തുടര്‍ന്നെഴുതുന്നുണ്ട്. ഏറക്കുറെ ഇതു തന്നെയാണ് ഇമാം ഗസാലിയെ ഉദ്ധരിച്ചുകൊണ്ട് ദഹ്‌ലവിയും പറയുന്നത് (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1/92, 93, ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/438-440). ഖുര്‍ആന്‍-സുന്നത്തുകളുടെ ആഴത്തിലുള്ള പഠനം ഉപേക്ഷിച്ച് പൂര്‍വികരുടെ ഫത്‌വകളെയും വിധിതീര്‍പ്പുകളെയും മാത്രം ആശ്രയിച്ചത് ഇജ്തിഹാദ് നിലക്കാനും തഖ്‌ലീദ് സമൂഹത്തില്‍ അള്ളിപ്പിടിക്കാനുമുണ്ടായ ഒരു കാരണം മാത്രമാണ്. പക്ഷപാതിത്വമാണ് മറ്റൊരു കാരണം. മറ്റൊരാള്‍ നല്‍കിയ ഫത്‌വയെ ഖണ്ഡിക്കുകയും സ്വന്തം ഫത്‌വ അല്ലെങ്കില്‍ സ്വന്തം പക്ഷത്തുള്ളവരുടെ ഫത്‌വകളെ ന്യായീകരിക്കുകയും ചെയ്യുക എന്നതായി പിന്നീട് പണ്ഡിതന്മാരുടെ രീതി. ഫത്‌വ നല്‍കുന്നവരുടെയും ന്യായവിധി നടത്തുന്ന ന്യായാധിപന്മാരുടെയും സത്യസന്ധതയില്ലായ്മയും അനീതിപൂര്‍ണമായ സമീപനവും മറ്റൊരു കാരണമാണ്. ഇങ്ങനെയൊക്കെയാണ് കാര്യത്തിന്റെ പോക്കെങ്കില്‍ പൂര്‍വികരെ പിന്തുടരുന്നതാണ് നല്ലതെന്ന് ജനം തീരുമാനിച്ചു. നേതാക്കളുടെ അജ്ഞതയും വിവരമില്ലാത്തവരോട് ഫത്‌വ തേടിപ്പോവുന്നതുമാണ് മറ്റൊരു കാരണം. കുറേ കാലമായി അതാണ് അവസ്ഥ. പറഞ്ഞതും കേട്ടതും അടിസ്ഥാനമില്ലാത്ത പലതും ദീനിന്റെ ഭാഗമായി പ്രചരിച്ചതും അതു തന്നെയാണ് ദീനെന്ന് പണ്ഡിതന്മാരായി നടിക്കുന്നവര്‍ തെറ്റായ ഫത്‌വയിറക്കുന്നതും പ്രമേയങ്ങള്‍ പാസാക്കുന്നതും നമ്മുടെ കാലത്തും തുടരുകയാണല്ലോ.

ഒരു കാലത്ത് മുജ്തഹിദായിരുന്നു ഫഖീഹ്. പിന്നീട് മറ്റുളളവര്‍ എഴുതിവെച്ചത് ചൊല്ലിപ്പഠിച്ച് വള്ളിപുള്ളി വ്യത്യാസമില്ലാതെ അത് തന്നെ ഫത്‌വ നല്‍കുന്ന മുഖല്ലിദുകളായി ഫഖീഹുകള്‍. മറ്റു മദ്ഹബുകളിലെ അഭിപ്രായങ്ങള്‍ വേണ്ട; സ്വന്തം മദ്ഹബിലെതന്നെ അഭിപ്രായ വൈവിധ്യങ്ങള്‍ അറിയാത്തവര്‍ പോലും ഇന്ന് ഫഖീഹുകളാണ്. ഖുര്‍ആനും ഹദീസും ബര്‍കത്തിനു വേണ്ടി മാത്രം 'ഓതു'കയും ജീവിതത്തിലുടനീളം ഉസ്താദുമാരുടെയും ശൈഖുമാരുടെയും തീട്ടൂരങ്ങള്‍ക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും നിര്‍ദേശങ്ങളേക്കാള്‍ പരിഗണന നല്‍കുകയും ചെയ്യുന്ന രീതി ഇനിയും തുടരുകയാണെങ്കില്‍, ഇമാം ഗസാലി പറഞ്ഞപോലെ ഭാവി എന്താവുമെന്ന് അല്ലാഹുവിനറിയാം.  

 

 

ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി: കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശി. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ അധ്യാപകനായിരുന്നു. സിദ്ദീഖുല്‍ അക്ബര്‍, ജമാഅത്തെ ഇസ്‌ലാമി സുന്നി വിമര്‍ശനങ്ങള്‍ക്ക് മറുപടി, ഇസ്തിഗാസ ഇസ്‌ലാമിക വീക്ഷണത്തില്‍, തറാവീഹ് നമസ്‌കാരം, സുന്നത്തും ബിദ്അത്തും തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 9846897543.

Comments

Other Post