Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഇമാം ബൈഹഖിയുടെ സംഭാവനകള്‍

സി. കുഞ്ഞഹമ്മദ് പുറക്കാട്

ശാഫിഈ മദ്ഹബില്‍ അനേകം ഹദീസ് പണ്ഡിതന്മാരുണ്ട്.  പ്രമുഖരായ പല ഹദീസ് പണ്ഡിതന്മാരും ശാഫിഈ മദ്ഹബുകാരായിട്ടാണ് അറിയപ്പെടുന്നത്. ചിലരെ കുറിച്ച് ഒന്നിലധികം മദ്ഹബുകാര്‍ തങ്ങളുടെ മദ്ഹബുകാരനാണെന്ന് അവകാശപ്പെടുന്നു. അതിലൊരാളാണ് ഹദീസ് പണ്ഡിതനായ ഇമാം ബുഖാരി(റ). നാല് മദ്ഹബുകാരും തങ്ങളുടെ മദ്ഹബ്കാരനാണ് അദ്ദേഹമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ അഞ്ചാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന പ്രഗത്ഭ ഹദീസ് പണ്ഡിതനായ ഹാഫിസ് ഇമാം ബൈഹഖി ശാഫിഈ മദ്ഹബിന്റെ ശക്തനായ വക്താവായിരുന്നു. ശാഫിഈ മദ്ഹബിലെ വലിയ ഹദീസ് പണ്ഡിതനും കര്‍മശാസ്ത്രകാരനുമായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.  അദ്ദേഹത്തിന്റെ തൂലികാ ജീവിതത്തില്‍ ഇതിനു മതിയായ തെളിവുകളുണ്ട്. ഹി: 384-ല്‍ നൈസാബൂര്‍ പ്രവിശ്യകളിലൊന്നായ ബൈഹഖിലെ 'ഖുസ്‌റൗജിര്‍ദ്' എന്ന ഗ്രാമത്തില്‍ ജനിച്ച ബൈഹഖി  നൈസാബൂരില്‍ ഹി: 458 ല്‍ 74-ാം വയസ്സിലാണ് മൃതിയടയുന്നത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ പുറത്തുവന്ന പല ഗ്രന്ഥങ്ങളും ഇമാം ശാഫിഈയെയും അദ്ദേഹത്തിന്റെ മദ്ഹബിനെയും പ്രതിരോധിക്കുന്നതും ശാക്തീകരിക്കുന്നതുമായിരുന്നു. 20-ലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിനുള്ളതായി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  അവയില്‍ ഏറ്റവും വലിയതും പ്രസിദ്ധിയാര്‍ജിച്ചതും അസ്സുനനുല്‍ കുബ്‌റാ എന്ന പേരില്‍ 10 വാള്യങ്ങളിലായി ഫിഖ്ഹീ അധ്യായക്രമത്തില്‍ അദ്ദേഹം സമാഹരിച്ച ഹദീസ് ശേഖരമാണ്. ഹദീസ് വിജ്ഞാന കോശമെന്ന് വിളിക്കാവുന്ന ഈ 'സുനന്‍' മറ്റു സുനനുകളെ അപേക്ഷിച്ച് ഹദീസുകളുടെ എണ്ണത്തിലും ഉള്ളടക്കത്തിന്റെ സമഗ്രതയിലും മികവും തികവും പുലര്‍ത്തുന്നുണ്ട്.  

ഇമാം ശാഫിഈയുടെ വീക്ഷണങ്ങളും പ്രസ്താവനകളും കൃത്യമായും സൂക്ഷ്മമായും രേഖപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ മൂന്ന് വാള്യങ്ങളുള്ള അല്‍ മബ്‌സൂത്വ്.  ഈ ഗണത്തില്‍ ഇതുപോലൊരു രചനയും ഉണ്ടായിട്ടില്ല എന്നാണ് ഇമാം സുബുകി തന്റെ ത്വബഖാത്തുശ്ശാഫിഇയ്യയില്‍ നിരീക്ഷിച്ചത്. ബൈഹഖിയുടെ മുന്‍ഗാമികളായ ചില പണ്ഡിതന്മാര്‍ ഇമാം ശാഫിഈയുടെ നസ്സ്വുകള്‍ സമാഹരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും വേണ്ടത്ര സൂക്ഷ്മതയോ കൃത്യതയോ പാലിച്ചിരുന്നില്ല എന്ന് കണ്ടെത്തിയ ഇമാമിന് തന്മൂലം അനുഭവപ്പെട്ട മനഃപ്രയാസമാണ് അല്‍ മബ്‌സൂത്വിന്റെ രചനക്ക് നിമിത്തമായത്. 

മഅ്‌രിഫത്തുസ്സുനനി വല്‍ ആസാര്‍ എന്ന ഗ്രന്ഥമാണ് ശാഫിഈ മദ്ഹബിനെ ശാക്തീകരിക്കുന്ന ബൈഹഖിയുടെ മറ്റൊരു കൃതി. അടിസ്ഥാനപരവും ശാഖാപരവുമായ വിഷയങ്ങളില്‍ ഇമാം ശാഫിഈ തെളിവായി സ്വീകരിച്ച എല്ലാ ഹദീസുകളും ആസാറുകളും ബൈഹഖി ഈ ഗ്രന്ഥത്തില്‍ സനദുകള്‍ സഹിതം ഹദീസ് നിരൂപണ രീതിശാസ്ത്രമനുസരിച്ച് വിശകലനവിധേയമാക്കുന്നുണ്ട്.  ഇമാം ശാഫിഈ ഏതെങ്കിലും രോഗഗ്രസ്തമായ ഹദീസുകള്‍ അവലംബമാക്കി വിധികള്‍ ഉണ്ടാക്കുകയോ അജ്ഞാത റിപ്പോര്‍ട്ടുകളില്‍ പിടിച്ച് അധ്യായങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ബൈഹഖി ഈ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്.  ഇമാം ശാഫിഈക്കെതിരില്‍ രൂക്ഷമായ ആരോപണങ്ങള്‍ തൊടുത്തുവിട്ട പ്രസിദ്ധ ഹനഫി പണ്ഡിതനായ ഇമാം ത്വഹാവിയെ ഉചിതമായ രീതിയില്‍ ബൈഹഖി ഖണ്ഡിക്കുന്നത് ഈ ഗ്രന്ഥത്തിലാണ്.  ഏതൊരു ശാഫിഈ പണ്ഡിതന്നും ഒഴിച്ചുകൂടാനാവാത്തതാണ് ഈ ഗ്രന്ഥമെന്ന് ഇമാം സുബുകി സാക്ഷ്യപ്പെടുത്തുമ്പോള്‍ ഫിഖ്ഹുല്‍ മുഖാറനില്‍ ഇതൊരു വിജ്ഞാന കോശമാണെന്നാണ് ആധുനിക പണ്ഡിതനായ ഡോ. അശ്ശരീഫ് നായിഫ് അദ്ദഈസിന്റെ നിരീക്ഷണം.

അഹ്കാമുല്‍ ഖുര്‍ആന്‍ എന്ന ശീര്‍ഷകത്തില്‍ മിക്ക മദ്ഹബുകളിലെയും പണ്ഡിതന്മാര്‍ വിധിപ്രാധാന്യമുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ തങ്ങളുടെ മദ്ഹബീവീക്ഷണമനുസരിച്ച് വ്യാഖ്യാനിച്ച് പല രചനകളും നടത്തിയിട്ടുണ്ട്.  ഈ ഇനത്തിലെ പ്രയോജനകരവും പ്രശാംസാര്‍ഹവുമായ ഗ്രന്ഥമാണ് ഇമാം ശാഫിഈയുടേതായി അറിയപ്പെടുന്ന അഹ്കാമുല്‍ ഖുര്‍ആന്‍. ഇമാം ശാഫിഈയുടെയും ശിഷ്യന്മാരായ ബുവൈത്വി, മുസ്‌നി, ഹര്‍മല, റബീഉല്‍ജീസി, റബീഉല്‍ മുറാദി, സഅ്ഫറാനി, അബൂസൗര്‍, അബൂഅബ്ദുര്‍റഹ്മാന്‍ അല്‍മഹ്ദി തുടങ്ങിയവരുടെയും ഗ്രന്ഥങ്ങളില്‍നിന്ന് ഇമാം ബൈഹഖി കണ്ടെടുത്ത് സമാഹരിച്ചതാണ് ഈ ഗ്രന്ഥം.  മദ്ഹബ്പരമായ ഇമാമിന്റെ സേവനങ്ങളില്‍ ഏറെ സ്തുത്യര്‍ഹമായി കരുതപ്പെടുന്ന ഈ ഗ്രന്ഥം രണ്ട് വാള്യങ്ങളായി മുദ്രണം ചെയ്യപ്പെടുന്നുണ്ട്.

ഇമാം ശാഫിഈയുടെ ജീവചരിത്രകാരന്മാരില്‍ പ്രമുഖന്‍ ബൈഹഖി തന്നെ.  മുന്‍കാലങ്ങളില്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ മിക്കവാറും 'മനാഖിബ്' എന്ന പേരിലാണ് രചിക്കപ്പെട്ടിരുന്നത്. ജീവചരിത്രങ്ങളോടൊപ്പം ഏറെ മഹത്വങ്ങളും ഉള്‍പ്പെട്ടതായിരിക്കും മനാഖിബുകള്‍.  ഒരാളുടെ മഹത്വങ്ങളും അയാള്‍ക്ക് ലഭിക്കുന്ന പ്രശംസകളും അയാളുടെ ജീവചരിത്രത്തിന്റെ ഭാഗമാണല്ലോ. മനാഖിബുശ്ശാഫിഈ എന്ന പേരില്‍ തന്നെ പന്ത്രണ്ടോളം ഗ്രന്ഥങ്ങള്‍ ബൈഹഖിക്ക് മുമ്പ് എഴുതപ്പെട്ടിട്ടുണ്ട്.  അവയെല്ലാം ഉപജീവിച്ചുകൊണ്ടാണ് ബൈഹഖി ഇമാം ശാഫിഈയുടെ സമ്പൂര്‍ണവും സമഗ്രവുമായ ജീവചരിത്രം തയാറാക്കിയത്.  മഹത്വങ്ങള്‍ വിവരിക്കുമ്പോള്‍ തെളിവായി ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടുകളുടെ ബലാബല പരിശോധനയില്‍ വേണ്ടത്ര കണിശത പാലിക്കപ്പെടാറില്ല എന്നത് കൊണ്ടായിരിക്കാം ഇമാം ശാഫിഈയുടെ മഹത്വം സ്ഥാപിക്കാന്‍ നിരൂപണവിധേയമായ ചില റിപ്പോര്‍ട്ടുകള്‍ ഈ ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.  ശാഫിഈയെ ഉദ്ദേശിച്ചുകൊണ്ടുള്ള 'ഖുറൈശിലെ പണ്ഡിതന്‍ വിജ്ഞാനത്താല്‍ ഭൂലോകം നിറയ്ക്കും' എന്ന നബിവചനം ഉദാഹരണം.

ഇമാം ശാഫിഈക്ക് പിഴവ് പറ്റിയെന്ന് പറയുന്നവര്‍ക്ക് പറ്റിയ പിഴവ് ചൂണ്ടിക്കാണിക്കാനായി മാത്രം ബൈഹഖി, ബയാനു ഖത്വ്ഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഇത്രയും വര്‍ധിതമായ ആവേശത്തോടെയും ആത്മാര്‍ഥതയോടെയും ബൈഹഖി, ശാഫിഈ മദ്ഹബ് പിന്‍പറ്റുകയും പിന്തുടരുകയും ചെയ്തത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് ശാഫിഈ മദ്ഹബാണ് എന്ന് കണ്ടെത്തിയതിനാലാണ്. ഈ കണ്ടെത്തലുകളാണ് മേല്‍ വിവരിച്ച ഗ്രന്ഥങ്ങളിലൂടെ മുഖ്യമായും അദ്ദേഹം നടത്തിയത്. അല്ലാതെ നസ്സ്വുകളെ തങ്ങളുടെ മദ്ഹബീവീക്ഷണമനുസരിച്ച് വ്യാഖ്യാനിക്കുന്നവരുടെ ഗണത്തില്‍ അദ്ദേഹം ഇടം നേടുകയായിരുന്നില്ല.  അദ്ദേഹത്തിന്റെ തൂലികാ ജീവിതത്തില്‍ ഇതിനും തെളിവുകളും ഉദാഹരണങ്ങളുമുണ്ട്. 

 

 

സി. കുഞ്ഞഹമ്മദ് പുറക്കാട്: കോഴിക്കോട് ജില്ലയിലെ പുറക്കാട് സ്വദേശി. ഇസ്‌ലാമിക് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് ഇന്‍ഫര്‍മേഷന്റെ ഡയറക്ടര്‍. ഐ.പി.എച്ച് വിജ്ഞാനകോശത്തില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഫോണ്‍: 9961200621

Comments

Other Post