Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

പുസ്തകങ്ങള്‍; ഇമാമിനെയും മദ്ഹബിനെയും കുറിച്ച്

അശ്‌റഫ് കീഴുപറമ്പ്

ഇമാം ശാഫിഈയെയും ശാഫിഈ മദ്ഹബിനെയും കുറിച്ച് ധാരാളം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇമാം ശാഫിഈയുടെ ശ്രേഷ്ഠ ഗുണങ്ങള്‍ (മനാഖിബ്) വിവരിക്കുന്ന കൃതികളായിരുന്നു മുന്‍കാലങ്ങളില്‍ കൂടുതല്‍. അവയില്‍ മിക്കതും മനാഖിബുശ്ശാഫിഈ എന്നീ പേരുകളിലാണ് ഫളാഇലുശ്ശാഫിഈ എഴുതപ്പെട്ടിരിക്കുന്നത്. ആധുനിക എഴുത്തുകാരെ മാറ്റിനിര്‍ത്തിയാല്‍തന്നെ, ഇമാം ശാഫിഈയുടെ മനാഖിബും ഫളാഇലും എഴുതിയ തൊണ്ണൂറ് പൗരാണിക പണ്ഡിതന്മാരെയെങ്കിലും തനിക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്ന് അബൂ ഹാശിം ഇബ്‌റാഹീമുബ്‌നു മന്‍സ്വൂര്‍ രേഖപ്പെടുത്തുന്നു (അല്‍ മുസന്നഫാത്തുല്ലത്തീ ഉല്ലിഫത്ത് ഫീ മനാഖിബില്‍ ഇമാം അശ്ശാഫിഈ,www.kuklsalafiyeen.com). മുഹമ്മദു ബ്‌നു അബ്ദുല്ല അല്‍ മാലികി(മരണം ഹിജ്‌റ 268)യും ളാഹിരി വിഭാഗക്കാരനായ ദാവൂദു ബ്‌നു അലി (മരണം ഹിജ്‌റ 270)യുമാണ് ശാഫിഈയുടെ ജീവചരിത്രമെഴുതിയ ആദ്യകാല പണ്ഡിതന്മാര്‍. രണ്ട് കൃതികളുടെയും പേര് ഫളാഇലുശ്ശാഫിഈ എന്നായിരുന്നു. ശാഫിഈയെക്കുറിച്ചുള്ള ആദ്യകാല ജീവചരിത്ര കൃതികളില്‍ വളരെ ശ്രദ്ധേയമാണ് മുഹമ്മദുബ്‌നുല്‍ ഹുസൈന്‍ അസ്സജിസ്താനി (മരണം ഹി.3638) രചിച്ച മനാകിബുല്‍ ഇമാമിശ്ശാഫിഈ. ചരിത്രകാരന്‍ യാഖൂതുല്‍ ഹമവി ഈ ബൃഹദ് ഗ്രന്ഥത്തെക്കുറിച്ച് പറയുന്നത്, ഏറ്റവും മികവുറ്റ രചന എന്നാണ്. എഴുപത്തിനാല് അധ്യായങ്ങളുണ്ട്. ശാഫിഈ പണ്ഡിതനായ അല്‍ഹാകിമുബ്‌നു അബ്ദില്ല നൈസാബൂരി (മരണം ഹി.405) എഴുതിയ ഫളാഇലുശ്ശാഫിഈ എന്ന കൃതി ഇബ്‌നുഹജരില്‍ അസ്ഖലാനിയുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമായിട്ടുണ്ട്. ഇമാം നവവി ഏറെ പ്രശംസിച്ച കൃതിയാണ് അഹ്മദു ബ്‌നുല്‍ ഹുസൈന്‍ ബൈഹഖി (മരണം ഹി.458) യുടെ മനാഖിബുശ്ശാഫിഈ. രണ്ട് വാള്യങ്ങളുണ്ട്. ശാഫിഈയുടെ പില്‍ക്കാലക്കാരായ എല്ലാ വിഭാഗത്തിലെയും ഒട്ടേറെ പണ്ഡിതന്മാര്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകളെയും പ്രബലമായ നിവേദക പരമ്പരകളെയും മാത്രം അവലംബിച്ച് ആഖ്യാനം നടത്തുന്നു എന്നതാണ് ബൈഹഖി കൃതിയുടെ മികവായി നവവി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സ്ഖലിതങ്ങളുണ്ട്. ഇമാം ശാഫിഈയുടെ യാത്രകളെക്കുറിച്ച വിവരണത്തിലാണ് അബദ്ധങ്ങള്‍ കടന്നു കൂടിയിരിക്കുന്നത്. കാലഗണനയിലെ പൊരുത്തമില്ലായ്മയാണ് ഒരു മുഖ്യപ്രശ്‌നം. അബ്ദുല്ലാഹിബ്‌നു മുഹമ്മദുല്‍ ബല്‍വി എന്നൊരാള്‍ മുഖേനയുളള റിപ്പോര്‍ട്ടാണ് വിമര്‍ശവിധേയമായിരിക്കുന്നത്. ബഗ്ദാദിലെത്തിയ ഇമാം ശാഫിഈ, പ്രമുഖ ഹനഫീ പണ്ഡിതനായ അബൂയൂസുഫുമായി വൈജ്ഞാനിക സംവാദം നടത്തി എന്ന പരാമര്‍ശമാണ് അതിലൊന്ന്. ഇമാം ശാഫിഈ ബഗ്ദാദിലെത്തുന്നത് ഹി.183-ല്‍ ആണ്. ഹി.182-ല്‍തന്നെ അബൂയൂസുഫ് ഇഹലോകവാസം വെടിഞ്ഞിരുന്നു. പിന്നെ എങ്ങനെയാണ് അവര്‍ തമ്മില്‍ സംവാദം നടത്തുക? അബൂയൂസുഫും അക്കാലത്തെ മറ്റൊരു പ്രമുഖ പണ്ഡിതനായ മുഹദു ബ്‌നുല്‍ ഹസനും ചേര്‍ന്ന് അബ്ബാസീ ഖലീഫ ഹാറൂന്‍ അല്‍ റശീദിനെ ചെന്നു കണ്ട് ഇമാം ശാഫിഈയെ വധിക്കാന്‍ അദ്ദേഹത്തില്‍ പ്രേരണ ചെലുത്തിയെന്ന് മുഹമ്മദുല്‍ ബല്‍വിയുടെ റിപ്പോര്‍ട്ടിലുണ്ട.് ഇതൊക്കെ കെട്ടുകഥകള്‍ മാത്രമാണ്; റിപ്പോര്‍ട്ടിന്റെ നിവേദക പരമ്പരക്ക് ഒട്ടും വിശ്വാസ്യതയില്ല. മുസ്‌ലിം ലോകമെങ്ങും അറിയപ്പെട്ടുകഴിഞ്ഞ ഇമാം ശാഫിഈ എന്ന പണ്ഡിതനെ വധിക്കാന്‍ അക്കാലത്തെ രണ്ട് മഹാപണ്ഡിതന്മാര്‍ ഭരണാധികാരിയില്‍ പ്രേരണ ചെലുത്തി എന്നു പറയുന്നത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അസൂയാലുക്കളായ ചിലരായിരുന്നു അതിനു പിന്നിലെന്ന് വ്യക്തമായി തെളിഞ്ഞതുമാണ്.  

വളരെ ഗുരുതരമായ ഈ അബദ്ധം ഇമാം ഫഖ്‌റുദ്ദീന്‍ റാസി (മരണം ഹി.606) യെപ്പോലുള്ള ഒരു മഹാപ്രതിഭ എഴുതിയ കൃതിയിലും ആവര്‍ത്തിക്കുന്നു എന്നത് അമ്പരപ്പുളവാക്കുന്നതാണ്. വ്യാജ വിവരങ്ങളെ അവയുടെ നിജസ്ഥിതി പരിശോധിക്കാതെ അപ്പടി പകര്‍ത്തിവെച്ചതുകൊണ്ട് സംഭവിക്കുന്നതാണിത്. ഇമാം ഇബ്‌നു കസീറും ഇമാം ഇബ്‌നു ഹജരില്‍ അസ്ഖലാനിയും ഈ സൂക്ഷ്മതക്കുറവിന്റെ പേരില്‍ റാസിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം തകരാറുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇമാം ശാഫിഈയുടെ പ്രതിഭയെയും പണ്ഡിത വ്യക്തിത്വത്തെയും ഏറ്റവും ഉജ്ജ്വലമായി അവതരിപ്പിക്കുന്ന കൃതി റാസിയുടെ 'ഇര്‍ശാദുത്ത്വാലിബീന്‍ ഇലല്‍ മന്‍ഹജില്‍ ഖവീം ഫീ ബയാനി മനാഖിബില്‍ ഇമാമിശ്ശാഫിഈ' തന്നെയായിരിക്കും. ഡോ. അഹ്മദ് ഹിജാസി അസ്സഖാ സംശോധന നടത്തിയ ഈ കൃതി ഈജിപ്തിലെ മക്തബുല്‍ കുല്ലിയ്യാത്തില്‍ അസ്ഹരിയ്യയാണ് പ്രസിദ്ധീകരിച്ചത്.  റാസിയുടെ ജീവചരിത്രത്തില്‍ ആദ്യം വരുന്നത് ശാഫിഈയുടെ മാതൃ-പിതൃ വംശാവലികളാണ്. പിന്നീട് ഗുരുവര്യന്മാരെയും ശിഷ്യന്മാരെയും മക്കളെയും പരിചയപ്പെടുത്തുന്നു. അറബിഭാഷയിലും ഫിഖ്ഹ്-നിദാന ശാസ്ത്രത്തിലുമൊക്കെ ശാഫിഈക്കുണ്ടായിരുന്ന അവഗാഹം ഉദാഹരണസഹിതം വളരെ ആകര്‍ഷകമായാണ് റാസി വിവരിച്ചിട്ടുള്ളത്. ഖുര്‍ആനിലും ഹദീസിലും ഇമാം ശാഫിഈക്കുള്ള സൂക്ഷ്മജ്ഞാനം അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് പ്രമാണബദ്ധതയും ആധികാരികതയും നല്‍കുന്നു.  ഒടുവില്‍ റാസി എത്തുന്ന നിഗമനം ഇതാണ്: ''ശാഫിഈക്ക് ഫിഖ്ഹ് വിജ്ഞാനീയത്തിലുള്ള അറിവിനെക്കുറിച്ച് ധാരണയുള്ള ഒരാളും അദ്ദേഹവുമായി തര്‍ക്കിക്കാന്‍ പോവുകയില്ല. തര്‍ക്കിക്കാന്‍ പോകുന്നവന്‍ വെളിച്ചത്തിന്റെ കാര്യത്തില്‍ സൂര്യനോട് മത്സരിക്കുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ ഉയരത്തിന്റെ കാര്യത്തില്‍ താരാപഥങ്ങളോട് മത്സരിക്കുന്നവനെപ്പോലെ.''

പൗരാണിക ജീവചരിത്ര കൃതികളില്‍ ചിലത് ഇമാം ശാഫിഈയുടെ ജീവിതത്തിന്റെ ചില വശങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ളതാണ്. അദ്ദേഹത്തിന്റെ ശിഷ്യന്മാരെക്കുറിച്ചറിയാന്‍ 'അര്‍റുവാത്തു അനിശ്ശാഫിഈ' എന്ന പേരില്‍ മുഹമ്മദു ബ്‌നു അബ്ദില്ല റാസി (മരണം ഹി.347) യും അലിയ്യുബ്‌നു ഉമര്‍ ദാറഖുത്വ്‌നി (മരണം ഹി.385) യും എഴുതിയ കൃതികള്‍ നോക്കിയില്‍ മതിയാവും. ശാഫിഈയുടെ വിശ്വാസപ്രമാണം (അഖീദഃ) ചര്‍ച്ചചെയ്യുന്ന കൃതികളാണ് മുഹമ്മദു ബ്‌നു അലി അശാരി (മരണം ഹി.451)യുടെ ഇഅ്തിഖാദുല്‍ ഇമാമിശ്ശാഫിഈ, അബ്ദുല്‍ ഗനി മുഖദ്ദസി (മരണം ഹി.600)യുടെ ഇഅ്തിഖാദുശ്ശാഫിഈ, ഇബ്‌നു അബില്‍ വഫാ സുലൈമാനു ബ്‌നു യൂസുഫിന്റെ (മരണം ഹി.789) മുഅ്തഖദുശ്ശാഫിഈ, മുഹമ്മദ് ബര്‍സന്‍ജി(മരണം ഹി.1103)യുടെ അഖീദതു മുഹമ്മദു ബ്‌നി ഇദ്‌രീസ് അശ്ശാഫിഈ തുടങ്ങിയവ. അഹ്മദുബ്‌നു മുഹമ്മദ് ഫാരിസി(മരണം ഹി.420)യും അസീസുദ്ദീന്‍ ഔസര്‍ഖാനി (മരണം ഹി.614) യും അഹ്മദു ബ്‌നു മുഹമ്മദ് ഹനഫി (മരണം ഹി.1098) യും മുഹമ്മദ് മുര്‍തദാ സബീദി (മരണം ഹി.1205) യും ഇമാം ശാഫിഈയുടെ വംശാവലി(നസബ്)യെ കുറിച്ച് പുസ്തകങ്ങളെഴുതിയവരാണ്. നേരത്തേ പരാമര്‍ശിച്ച അബ്ദുല്ലാഹിബ്‌നു മുഹമ്മദുല്‍ ബല്‍വി (മരണം ഹി.270) യുടെ 'രിഹ്‌ലതുല്‍ ഇമാമിശ്ശാഫിഈ' എന്ന ഇമാമിന്റെ യാത്രകളെ കേന്ദ്രീകരിച്ചുള്ള കൃതിയിലാണ് ഒട്ടേറെ കള്ളക്കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇമാം റാസി ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ കൃതികളില്‍ അവ എടുത്തുദ്ധരിച്ചതും പരാമര്‍ശിക്കുകയുണ്ടായി. ഇബ്‌നുല്‍ മുന്‍ദിര്‍ നൈസാബൂരി (മരണം ഹി.319), മുഹമ്മദു ബ്‌നു അസ്അദ് അല്‍ ജവാനി (മരണം ഹി.588), യൂസുഫുബ്‌നു ഇബ്‌റാഹീം അര്‍ദീബലി (മരണം ഹി.799), അബ്ദുല്‍ വഹാബ് ശഅ്‌റാനി (മരണം ഹി.973) എന്നിവരും ശാഫിഈയുടെ യാത്രകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ശാഫിഈ അഭിമുഖീകരിച്ച പരീക്ഷണങ്ങളെ (മിഹ്‌നതുല്‍ ഇമാമിശ്ശാഫിഈ) ക്കുറിച്ച് ജഅ്ഫറു ബ്‌നു മുഹമ്മദ് അല്‍ ഖല്‍ദി (മരണം ഹി.348) എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളെ (ദീവാനുശ്ശാഫിഈ) ക്കുറിച്ച് എഴുതിയവരാണ് മുഹമ്മദ് മഖ്‌രി(മരണം ഹി. 600)യും അഹ്മദുബ്‌നു അഹ്മദ് അജമി(മരണം ഹി.1029)യും. 

 

പുതിയ കൃതികള്‍

ഇരുപതാം നൂറ്റാണ്ടില്‍ ഇമാം ശാഫിഈയെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും സമഗ്രമായ കൃതി ഒരുപക്ഷേ മുഹമ്മദ് അബൂസഹ്‌റയുടെ (1898-1974) 'അശ്ശാഫിഈ-ഹയാതുഹു വ അസ്വ്‌റുഹു-ആറാഉഹു വ ഫിഖ്ഹുഹു' (ശാഫിഈ-ജീവിതം, കാലം, വീക്ഷണങ്ങള്‍, അപഗ്രഥനരീതിശാസ്ത്രം) ആയിരിക്കും. 1944 ല്‍ ദാറുല്‍ ഫിക്‌രില്‍ അറബിയാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈജിപ്തിലെ കുല്ലിയ്യത്തുല്‍ ഹുഖൂഖില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ലക്ചര്‍ കുറിപ്പുകള്‍ പിന്നെ പുസ്തകമായി പ്രസിദ്ധീകരിക്കുകയായിരുന്നു. അബൂഹനീഫ, മാലിക്, അഹ്മദു ബ്‌നു ഹസന്‍, സൈദു ബ്‌നു അലി, ജഅ്ഫര്‍ സ്വാദിഖ്, ഇബ്‌നു ഹസം, ഇബ്‌നു തൈമിയ്യ തുടങ്ങിയവരെക്കുറിച്ചും അബൂസഹ്‌റ പുസ്തകമെഴുതിയിട്ടുണ്ട്. ഇമാമുമാരുടെ വിവിധ അപഗ്രഥന രീതികളെ താരതമ്യം ചെയ്തുകൊണ്ടുള്ള പഠന രീതിയാണ് അദ്ദേഹത്തിന്റേത്. ഈജിപ്തുകാരന്‍ തന്നെയായ അബ്ദുല്‍ ഹലീം അല്‍ ജുന്‍ദിയുടെ 'അല്‍ ഇമാമുശ്ശാഫിഈ നാസ്വിറുസ്സുന്നതി വവാളിഉല്‍ ഉസ്വൂല്‍' (സുന്നത്തിന്റെ സംരക്ഷകനും നിര്‍ധാരണ തത്ത്വങ്ങളുടെ ഉപജ്ഞാതാവും) എന്ന കൃതി സലഫീ വീക്ഷണത്തില്‍ ഇമാമിന്റെ ജീവിതം നോക്കിക്കാണാനുള്ള ശ്രമമാണ്. 

സാധാരണ വായനക്കാരെ ഉദ്ദേശിച്ച് അറബിയില്‍ രചിക്കപ്പെട്ട മറ്റൊരു കൃതിയാണ് അല്‍ മദ്ഖലു ഇലാ മദ്ഹബില്‍ ഇമാമിശ്ശാഫിഈ (ശാഫിഈ മദ്ഹബിലേക്ക് ഒരു പ്രവേശിക). ഡോ. അക്‌റം യൂസുഫ് ഉമര്‍ അല്‍ ഖവാസിമിയാണ് ഗ്രന്ഥകാരന്‍. പ്രസിദ്ധീകരിച്ചത് ജോര്‍ദാനിലെ ദാറുന്നഫാഇസ്. ഈ ഡോക്ടറല്‍ പഠനത്തിന് മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് ആമുഖത്തില്‍ പറയുന്നു. ഒന്ന്: ഇമാം ശാഫിഈയുടെ ഇജ്തിഹാദീ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുകയും ആ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ വൈജ്ഞാനികവും സാംസ്‌കാരികവുമായ ഘടകങ്ങളെ പരിശോധിക്കുകയും ചെയ്യുക. രണ്ട്: ഇമാം ശാഫിഈ മുതല്‍ ഇന്നുവരെ ശാഫിഈ മദ്ഹബിനുണ്ടായ പരിവര്‍ത്തന ദശകള്‍ പഠന വിധേയമാക്കുക. മൂന്ന്: ശാഫിഈ മദ്ഹബുമായി ബന്ധപ്പെട്ട പദാവലികളെയും സംജ്ഞകളെയും ലളിതമായി പരിചയപ്പെടുത്തുക. ഇമാം ശാഫിഈയെയും ശാഫിഈ മദ്ഹബിനെയും കുറിച്ചുള്ള ശ്രദ്ധേയമായ ചില ആധുനിക പഠനങ്ങളെയും ആമുഖത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. അബ്ദുല്‍ ഗനി അദ്ദഖ്‌റിന്റെ 'അല്‍ ഇമാമുശ്ശാഫിഈ: ഫഖീഹുസ്സുന്നത്തില്‍ അക്ബര്‍' ആണ് അതിലൊന്ന്. 1990 ല്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലമ്പൂരില്‍, ഇമാം ശാഫിഈയുടെ മരണത്തിന് പന്ത്രണ്ട് നൂറ്റാണ്ട പിന്നിടുന്നതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ 22 പണ്ഡിതന്മാര്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് മറ്റൊരു വിശിഷ്ട കൃതി. 600 പേജുകളുണ്ട്. ഇമാമിന്റെ ഖദീം-ജദീദ് ഘട്ടങ്ങളെ പഠനവിധേയമാക്കുന്ന കൃതിയാണ് ഇന്തോനേഷ്യന്‍ പണ്ഡിതനായ ഡോ. അഹ്മദ് നഹ്‌റാവി അബ്ദുസ്സലാമിന്റെ 'അല്‍ ഇമാമുശ്ശാഫിഈ ഫീ മദ്ഹബൈഹില്‍ ഖദീം വല്‍ ജദീദ്'. ഹസന്‍ മുഹമ്മദ് സലീമിന്റെയും (അല്‍ ഇമാമുശ്ശാഫിഈ വ അസറുഹു ഫീ ഉസ്വൂലില്‍ ഫിഖ്ഹ്), അഹ്മദ് അബ്ത്വാന്‍ അബ്ബാസിന്റെയും (അല്‍ ഇമാമുശ്ശാഫിഈ വ അസറുഹു ഫീ തഅ്‌സ്വീലി ഖവാഇദി ഇല്‍മില്‍ ഉസ്വൂല്‍) കൃതികള്‍ ഇസ്‌ലാമിക നിയമനിര്‍ധാരണ തത്ത്വങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലക്ക് ശാഫിഈയെ വിലയിരുത്തുകയാണ്. 

ഏറെ വിമര്‍ശനവിധേയമായ കൃതിയാണ്, അറബിയില്‍ ആധുനികതയുടെ വക്താവായി അറിയപ്പെടുന്ന നസ്വ്ര്‍ ഹാമിദ് അബൂസൈദിന്റെ 'അല്‍ ഇമാമുശ്ശാഫിഈ-തഅ്‌സീസുല്‍ ഐദിയോളജിയത്തില്‍ വസ്വതിയ്യ' (ശാഫിഈയും മധ്യമ നിലപാടിന്റെ നിര്‍മാണവും). പ്രമാണ പാഠങ്ങളെ (നസ്സ്വ്) വായിക്കുന്നതില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് വലിയ പാകപ്പിഴ പറ്റിയിരിക്കുകയാണെന്നാണ് നസ്വ്‌റിന്റെ വാദം. സ്വന്തമായി നല്‍കുന്നതോ മറ്റുള്ളവര്‍ നല്‍കുന്നതോ ആയ വ്യാഖ്യാനങ്ങളെ അവര്‍ പ്രമാണമായി തെറ്റിദ്ധരിക്കുകയാണ്. ഇത് വലിയ ആശയകാലുഷ്യത്തിന് വഴിവെക്കും. താന്‍ മുന്നോട്ടുവെക്കുന്ന ഈ ആശയഗതിയുടെ വെളിച്ചത്തില്‍ ശാഫിഈയുടെ ജീവിതത്തെ വായിക്കാനുള്ള ശ്രമമാണ് നസ്വ്ര്‍ നടത്തുന്നത്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജനിക്കുകയും മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മരണപ്പെടുകയും ചെയ്ത ശാഫിഈയാണ് 'ഫിഖ്ഹി മധ്യമ നിലപാടി' (അല്‍ വസത്വിയതുല്‍ ഫിഖ്ഹിയ്യ) ന്റെ ഉപജ്ഞാതാവ്. ശാഫിഈ മദ്ഹബിലെ അശ്അരി (മരണം ഹി.330) വിശ്വാസ മേഖല (അഖീദ) യിലും ഇമാം ഗസ്സാലി (മരണം ഹി.505) ചിന്താ മേഖലയിലും ശാഫിഈ മദ്ഹബിന് മധ്യമ നിലപാട് പ്രദാനം ചെയ്തു. ഫിഖ്ഹിന്റെ അടിസ്ഥാനമായി താന്‍ കാണുന്ന ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് കാര്യങ്ങളിലും മധ്യമ നിലപാട് പുലര്‍ത്താന്‍ ശാഫിഈക്ക് കഴിഞ്ഞിട്ടുണ്ടെന്നും നസ്വ്ര്‍ എഴുതുന്നു. ഇതൊക്കെ പൊതുവെ അംഗീകരിക്കപ്പെട്ടതാണെങ്കിലും, ശാഫിഈയുടെ എഴുത്തുകളെ തന്റെ ചിന്തകള്‍ക്കൊത്ത് വ്യാഖ്യാനിക്കാന്‍ നസ്വ്ര്‍ തുനിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പുണ്ടായി. ഫിഖ്ഹിനെ ആഴത്തില്‍ പഠിക്കാത്ത ഒരാള്‍ ഫിഖ്ഹി ഉസ്വൂലുകളുടെ ഉപജ്ഞാതാവിനെ അപഗ്രഥിക്കുന്നതില്‍ അപാകതയുണ്ടെന്ന് ഡോ. മുഹമ്മദ് ബല്‍താജിയും ഡോ. അബ്ദുസ്സബൂര്‍ ശാഹീനും വാദിച്ചു. ഇവര്‍ക്കുള്ള നസ്വ്‌റിന്റെ മറുപടി പുസ്തകത്തിന്റെ പകുതിയോളം ഭാഗം കവര്‍ന്നിരിക്കുന്നു. 

ഇംഗ്ലീഷില്‍ ഇമാം ശാഫിഈയെക്കുറിച്ച് വന്ന കൃതികളധികവും അബൂസഹ്‌റയെപ്പോലുള്ള അറബി ഗ്രന്ഥകാരന്മാരുടെ രചനകളെ ആസ്പദിച്ച് എഴുതപ്പെട്ടിട്ടുള്ളതാണ്. സ്വതന്ത്ര കൃതികള്‍ എന്ന് അവയെക്കുറിച്ച് പറഞ്ഞൂകൂടാ. വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പഠനമാണ് ഡ്യൂക്ക് യൂനിവേഴ്‌സിറ്റി പ്രഫസറായ കേസിയ അലി(Kecia Ali)യുടെ Imam Shafi'i: Scholar and Saint എന്ന കൃതി (പ്രസാധനം:  One Word Publications, 2011 ). ശാഫിഈയുടെ പ്രധാന കൃതികളായ അര്‍രിസാലയെയും അല്‍ഉമ്മിനെയും കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയാണ് ഈ ഗവേഷകയുടെ പഠനം പുരോഗമിക്കുന്നത്. ഖുര്‍ആനിന് അനുപൂരകമായി ഇസ്‌ലാമിക നിയമത്തിന്റെ രണ്ടാം സ്രോതസ്സായി സുന്നത്തിനെ ഉയര്‍ത്തിക്കൊണ്ടുവന്നു എന്നതാണ് ശാഫിഈയുടെ ഏറ്റവും വലിയ സംഭാവനയായി അവര്‍ കാണുന്നത്. താന്‍ ജീവിച്ച കാലത്തുള്ള സ്വതന്ത്ര ചിന്തകരുടെയും പാരമ്പര്യവാദികളുടെയും ഭിന്നധാരകള്‍ സമന്വയിക്കുന്ന ഒരിടം നിയമനിര്‍ധാരണത്തില്‍ വികസിപ്പിച്ചെടുക്കാനായതും ശാഫിഈയുടെ നേട്ടമാണ്. നവീന മെത്തഡോളജി ഉപയോഗിച്ചാണ് ഈ പഠനം എന്ന പ്രത്യേകതയും ഉണ്ട്. 

 

മലയാളത്തില്‍ 

മലബാര്‍ ശാഫിഈ മദ്ഹബിന് പ്രാമുഖ്യമുള്ള മേഖലയായതിനാല്‍ ശാഫിഈയെക്കുറിച്ചും അദ്ദേഹത്തിന്റെ പേരിലുള്ള മദ്ഹബിനെക്കുറിച്ചും മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കപ്പെടുക സ്വാഭാവികം. പക്ഷേ അവയില്‍ ഒട്ടുമിക്കതിനും ഒരു പരിമിതിയുണ്ട്. സലഫി-സമസ്ത തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അവ രചിക്കപ്പെട്ടിരിക്കുന്നത് എന്നതാണത്. അത്തരം കൃതികള്‍ക്ക് സമഗ്രത അവകാശപ്പെടാനാവില്ല. തര്‍ക്കവിഷയങ്ങളെ കേന്ദ്രീകരിച്ചാണ് അവയുടെ രചന. മലബാറില്‍ കണ്ടുവരുന്ന പല മതകീയ അനുഷ്ഠാനങ്ങള്‍ക്കും ശാഫിഈ മദ്ഹബില്‍ തെളിവുകള്‍ ഇല്ലെന്ന് മാത്രമല്ല, അവയെ നിരാകരിക്കുന്നതാണ് ശാഫിഈ പണ്ഡിതന്മാരുടെ പരാമര്‍ശങ്ങള്‍ എന്ന് സ്ഥാപിക്കുന്നവയാണ് സലഫി പക്ഷത്തുനിന്നുള്ള രചനകള്‍. എ. അബ്ദുസ്സലാം സുല്ലമിയുടെ ശാഫിഈ മദ്ഹബ്-ഒരു സമഗ്ര പഠനം (അയ്യൂബി ബുക് ഹൗസ്, കോഴിക്കോട്) ഈ ഗണത്തില്‍പെടുന്ന ശ്രദ്ധേയമായ കൃതിയാണ്. ശാഫിഈ മദ്ഹബിനെക്കുറിച്ച സാമാന്യ വിവരങ്ങളാണ് ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്ത്. പിന്നെ തര്‍ക്കവിഷയങ്ങളിലേക്ക് കടക്കുന്നു. ഖുനൂത്, കൂട്ടുപ്രാര്‍ഥന, ജുമുഅ ഖുത്വ്ബ, സ്ത്രീകളുടെ ജുമുഅ, ജാറങ്ങള്‍, ഖബ്ര്‍ സിയാറത്ത്, തസ്ബീത്, ചാവടിയന്തിരം, ഔലിയാക്കള്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, കറാമത്ത്, മൗലിദ്, നഹ്‌സ്, നേര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരും 'സമസ്ത' സംഘടനകളും എവിടെ നില്‍ക്കുന്നുവെന്ന് തുറന്നുകാണിക്കുന്നുണ്ട് ഈ കൃതി. അതേസമയം ഫാതിഹയില്‍ ബിസ്മി ഉറക്കെ ചൊല്ലല്‍, തറാവീഹിന്റെ റക്അത്ത് പോലുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുമില്ല. ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം സലഫി മന്‍ഹജിനോട് യോജിക്കാത്ത വിഷയങ്ങള്‍ വിട്ടുകളയുന്നു എന്നേ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളൂ. കൃതി സമഗ്രവും സ്വതന്ത്രവുമാകണമെങ്കില്‍ യോജിപ്പുള്ളതും ഇല്ലാത്തതുമായ എല്ലാ വിഷയങ്ങളും വരണമല്ലോ. 

കക്കാട് മുഹമ്മദ് ഫൈസിയുടെ 400 പേജ് വരുന്ന ഇമാം ശാഫിഈ (റ) (ക്രസന്റ് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട്) ഇമാമിന്റെ ജീവിതയാത്രകളെ സാമാന്യം വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ്. കൂടുതല്‍ വായനക്ക് നിരവധി റഫറന്‍സുകളും അദ്ദേഹം നല്‍കുന്നുണ്ട്. തര്‍ക്ക വിഷയങ്ങളൊന്നും ഇതില്‍ കടന്നുവരുന്നില്ല. 'നാല് ഇമാമുമാര്‍' എന്ന പേരില്‍ കെ.കെ മുഹമ്മദ് മദനി ഒരു പുസ്തകമെഴുതിയിട്ടുണ്ട് (സംസം ബുക്‌സ് കോഴിക്കോട്). അതില്‍ ഒരു അധ്യായം ഇമാം ശാഫിഈയെക്കുറിച്ചാണ്. മുഹമ്മദ് കാടേരി എഴുതിയ 'ഇമാം ശാഫിഈ' (ഐ.പി.എച്ച്, കോഴിക്കോട്) എന്ന കൃതിയും ഇമാമിനെ അടുത്തറിയാന്‍ ഉപകരിക്കും. കുട്ടികള്‍ക്ക് വേണ്ടി അബ്ദുര്‍റഹ്മാന്‍ മങ്ങാട് ഇതേ പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് (ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ, കോഴിക്കോട്). ശാഫിഈ കര്‍മശാസ്ത്രത്തിന്റെ വികാസ പരിണാമങ്ങളാണ് വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനിയുടെ കര്‍മശാസ്ത്രത്തിന്റെ വഴിയും വികാസവും (ബഹ്ജത് പബ്ലിഷിംഗ് ബ്യൂറോ, റഹ്മാനിയ കടമേരി) എന്ന കൃതിയില്‍ ചര്‍ച്ചചെയ്യുന്നത്.

ശാഫിഈ മദ്ഹബിന്റെ കാര്യത്തില്‍ സലഫി-സമസ്ത തര്‍ക്കം മാത്രമല്ല, സമസ്തക്കകത്തും പലതരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുകയുണ്ടായി. സമസ്തക്കകത്തെ വലിയൊരു തര്‍ക്കമായിരുന്നു ജുമുഅ ഖുത്വ്ബയുടെ ഭാഷ. ഇക്കാര്യത്തില്‍ സമസ്തയുടെ ഔദ്യോഗിക അഭിപ്രായങ്ങളെ തള്ളിപ്പറഞ്ഞ കൊടിയത്തൂരിലെ മുസ്‌ലിയാരകത്ത് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ (1908-1983) ജുമുഅ ഖുത്വ്ബയെക്കുറിച്ച് ഒന്നിലധികം പുസ്തകങ്ങള്‍ എഴുതി. ജുമുഅ ഖുത്വ്ബയും അല്‍ബയാനിലെ ഫത്‌വയും (1957), ഇ.കെയുടെ ഫത്‌വയും സദഖതുല്ലയുടെ ഫത്‌വയും (1976), ജുമുഅ ഖുത്വ്ബ ഒരു പഠനം (1958), സമസ്തയുടെ ഖുത്വ്ബയും റാബിത്വയുടെ ഫത്‌വയും (1976), ജുമുഅ ഖുത്വ്ബ ഒരു പഠനം (1982) എന്നിവ അവയില്‍ പെടുന്നു. ജുമുഅ ഖുത്വ്ബയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാഫിഈ മദ്ഹബിന്റെ നിലപാടാണ് ഇതില്‍ വിശദീകരിക്കുന്നത്. പി.എം അബ്ദുര്‍റഹീം മൗലവിയുടെ ശാഫിഈ മദ്ഹബിലെ ജുമുഅ ഖുത്വ്ബ, എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജുമുഅ ഖുത്വ്ബ എന്നിവയും ശാഫിഈ മദ്ഹബിനെ അവലംബിച്ച് തയാറാക്കിയ കൃതികളാണ്. ഇമാം ശാഫിഈയുടെ കവിതകള്‍ അറബി പാഠത്തോടൊപ്പം മമ്മുട്ടി കട്ടയാട് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് (കാപിറ്റല്‍ ഇന്റര്‍നാഷന്ല്‍ ബുക്‌സ്, കോഴിക്കോട്, പേജ് 460). ഇതില്‍ ചേര്‍ത്തിട്ടുള്ള അറബിയിലുള്ള വിശദീകരണ കുറിപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യും. 

ഈ ചെറു കുറിപ്പില്‍ ഈ വിഷയകമായി എഴുതപ്പെട്ട ഏതാനും കൃതികളെ പരാമര്‍ശിച്ചുപോവുക മാത്രമേ ചെയ്തിട്ടുള്ളൂ. 

 

 

അശ്‌റഫ് കീഴുപറമ്പ്: മലപ്പുറം ജില്ലയിലെ കീഴുപറമ്പ് സ്വദേശി. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ നിന്ന് ബിരുദവും കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും. 2003 മുതല്‍ പ്രബോധനം വാരികയില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍. പത്തിലേറെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു. ഏററവുമൊടുവിലിറങ്ങിയ പുസ്തകങ്ങള്‍: ബംഗ്ലാദേശ്: തൂക്കിലേറുന്നത് നീതിയും ജനാധിപത്യവും (എഡി.), എന്തുകൊണ്ട് ഐ.എസ് ഇസ്‌ലാമികമല്ല. ഫോണ്‍: 9446156646. ഇമെയില്‍: ashk.k65@gmail.com

Comments

Other Post