Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഇമാം ശാഫിഈയും ഇമാം മാലികും ഗുരു-ശിഷ്യ ബന്ധം

എ.പി ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി

ഇമാം ശാഫിഈയുടെ ഗുരുപരമ്പരയിലെ മുഴുവന്‍ കണ്ണികളും അദ്വിതീയ വ്യക്തിത്വങ്ങളായിരുന്നു. മുസ്‌ലിം ലോകത്ത് സര്‍വസമ്മതരായ പണ്ഡിതരാണ് അദ്ദേഹത്തിന്റെ ഉസ്താദുമാര്‍. അവരുടെ ഉസ്താദുമാര്‍ താബിഉത്താബിഉകളും. സ്വഹാബികളില്‍നിന്നാണ് അവര്‍ക്ക് ഹദീസുകള്‍ ലഭിച്ചത്. നബി(സ)യുടെയും ഇമാം ശാഫിഈയുടെയും ഇടയില്‍ ജീവിച്ച പ്രമുഖ പണ്ഡിതരെല്ലാം ആ വിശുദ്ധ പരമ്പരയില്‍ കണ്ണിയാവുന്നുണ്ട്,.

ഇമാം ശാഫിഈയുടെ ഗുരുനാഥന്മാരില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വമാണ് ഇമാം മാലികുബ്‌നു അനസ്(റ). ഹിജാസിലെ ഏറ്റവും വലിയ പണ്ഡിതനും ലോകപ്രശസ്തമായ നാലു കര്‍മശാസ്ത്ര സരണികളില്‍ ഒന്നായ മാലികീ മദ്ഹബിന്റെ ഉപജ്ഞാതാവും, ലഭ്യമായ ഹദീസ് സമാഹാരങ്ങളില്‍ ആദ്യത്തേതായ 'മുവത്വ'യുടെ കര്‍ത്താവുമായ ഇമാം മാലികി(റ)ന്റെ ജനനം ഹിജ്‌റ 92-ലാണെന്നും 93-ലാണെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ ഹാഫിദുദ്ദഹബി തദ്കിറത്തുല്‍ ഹുഫ്ഫാളില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇമാം മാലികി(റ)ന്റെ പാണ്ഡിത്യത്തെ നിരവധി മഹാത്മാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പ്രശംസിക്കുന്നുണ്ട്.

ഉമറുല്‍ ഇസ്ബഹാനിയില്‍നിന്ന് ഇബ്‌നു അബീഹാതിം നിവേദനം ചെയ്യുന്നു. ഇബ്‌നു മഹ്ദി(റ) ഇപ്രകാരം പ്രസ്താവിച്ചു: ''കൂഫയില്‍ സുഫ്‌യാനുസ്സൗരിയും(റ) ഹിജാസില്‍ ഇമാം മാലികും(റ) ശാമില്‍ ഔസാഈയും ബസ്വറയില്‍ ഹമ്മാദുബ്‌നു സൈദും(റ) ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുള്ള ഇമാമുകളാണ്'' (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍, വാള്യം 1, പേജ് 11).

ഹാഫിളുദ്ദഹബി തദ്കിറത്തുല്‍ ഹുഫ്ഫാളില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഹദീസ് പണ്ഡിതന്മാരുടെ ഇമാമായിരുന്നു ഇമാം മാലിക്(റ). അശ്ഹബില്‍നിന്ന് സഅ്ദുബ്‌നു അബീ മര്‍യം (റ) നിവേദനം. പിതാവിന്റെ മുമ്പില്‍ മകന്‍ നില്‍ക്കുന്നത് പോലെയാണ് ഇമാം മാലികി(റ)ന്റെ മുമ്പില്‍ അബൂഹനീഫ(റ)യെ ഞാന്‍ കണ്ടത്. ഇമാം മാലികിനേക്കാള്‍ പതിമൂന്ന് വയസ്സ് കൂടുതലായിരിക്കെ ഇമാം മാലികി(റ)നോടുള്ള അദബും താഴ്മയുമാണ് അബൂഹനീഫ പ്രകടിപ്പിച്ചത്.''

ഏറ്റവും പ്രബല ഹദീസ് നിവേദക പരമ്പര ഏതാണെന്നതില്‍ ഹദീസ് പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നാല്‍, ഹദീസ് വിജ്ഞാനശാഖയുടെ ഇമാമായ ബുഖാരിയില്‍നിന്നും സുപ്രസിദ്ധമായത് ഇപ്രകാരമാണ്: എല്ലാ പരമ്പരകളിലും വെച്ച് ഏറ്റവും സുശക്തമായത് മാലിക്, നാഫിഅ്, ഇബ്‌നു ഉമര്‍ എന്ന പരമ്പരയാകുന്നു (ഇമാം അസ്ഖലാനിയുടെ തവാലിത്തഅ്‌സീസ്, പേജ് 191).

 

ഇമാം മാലികി(റ)ന്റെ പാഠശാലയിലേക്ക്

അന്ന് ഇമാം ശാഫിഈക്ക് പതിനാറില്‍ താഴെയായിരുന്നു പ്രായം. പതിനാറിനു മുകളിലായിരുന്നു എന്നും അഭിപ്രായമുണ്ട്. ഇമാം നവവി(റ)  തഹ്ദീബുല്‍ അസ്മാഇല്‍ ഇങ്ങനെ എഴുതുന്നു: ''ഇമാം ശാഫിഈ(റ) വിജ്ഞാന പാതയിലേക്ക് പ്രവേശിച്ചു. മുസ്‌ലിമുബ്‌നു ഖാലിദ് സിഞ്ചിയില്‍നിന്നും മറ്റു ഗുരുക്കന്മാരില്‍നിന്നും നേടാനായുള്ളതെല്ലാം കരസ്ഥമാക്കി. ഇനി മദീനയിലേക്ക് പുറപ്പെടുകയാണ്; ഇമാം മാലികിനെ ഒപ്പിയെടുക്കാന്‍.''

മദീനക്കായിരുന്നു അന്ന് ഇസ്‌ലാമിക വിജ്ഞാന ഭൂപടത്തില്‍ ഒന്നാം സ്ഥാനം. ഇമാമുല്‍ മദീനയായി മാലികു ബ്‌നു അനസും (റ). മസ്ജിദുന്നബവിയില്‍   ജീവിതകാലത്ത് റസൂല്‍(സ) ദര്‍സ് നടത്തിയ അതേ സ്ഥലത്താണ് ഇമാം മാലികി(റ)ന്റെ ദര്‍സ് നടക്കുന്നത്. മഹാനായ റസൂലിനോട് ഇമാം മാലികിനുണ്ടായിരുന്ന ആദരവും ബഹുമാനവും വളരെ പ്രസിദ്ധമാണ്. മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബിയോടുള്ള ആദരവ് കാരണം അദ്ദേഹം വാഹനപ്പുറത്ത് സഞ്ചരിക്കാറില്ല. മദീനയുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതോടെ വാഹനത്തില്‍നിന്നിറങ്ങി കാല്‍നടയായി സഞ്ചരിക്കും.

മക്കയില്‍നിന്ന് വിജ്ഞാനത്തിന്റെ ഉയര്‍ന്ന പടവുകള്‍ താണ്ടിയതിനു ശേഷമാണ് ശാഫിഈ മദീനയെ ലക്ഷ്യമാക്കി പുറപ്പെടുന്നത്. ''മക്കയിലെ പ്രഗത്ഭ പണ്ഡിതരുടെ വിജ്ഞാന സാഗരത്തില്‍നിന്ന് കിട്ടാവുന്നത്ര മുങ്ങിയെടുത്തു. ഏഴാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഇമാം ശാഫിഈ(റ) പത്താം വയസ്സില്‍ ഇമാം മാലികിന്റെ മുവത്വയും ഹൃദിസ്ഥമാക്കി'' (താരീഖ് ബഗ്ദാദ്, വാള്യം 2, പേജ് 63). 12000 ഹദീസുകള്‍ ക്രോഡീകരി്ച്ച മുവത്വ മനഃപാഠമാക്കാന്‍ ഇമാം ശാഫിഈക്ക് വേണ്ടിവന്നത് ഒമ്പത് ദിവസമായിരുന്നു! ഇമാം മാലികിനെക്കുറിച്ച് അറിഞ്ഞതു മുതലേ ആ ഗുരുസന്നിധിയിലെത്താനും അവിടെനിന്ന് വിജ്ഞാനം നുകരാനുമുള്ള അഭിവാഞ്ഛ ശാഫിഈയുടെ മനോമുകുരത്തില്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. അതോടൊപ്പം ഇമാം മാലികിന്റെ വിജ്ഞാന ചിന്താ മണ്ഡലങ്ങളെ കുറിച്ച് ബോധവും ഉന്നത പണ്ഡിതന്മാരാല്‍ അനുഗൃഹീതമായ ഇമാം മാലികിന്റെ ദര്‍സിനെക്കുറിച്ച ചിന്തയും കാരണം തനിക്കവിടെ ഇടം ലഭിക്കാതെപോകുമോ എന്ന ആശങ്കയും ശാഫിഈയെ അലട്ടിക്കൊണ്ടിരുന്നു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സാമ്പത്തികമായി വളരെ പിന്നാക്കമായിരുന്നു ശാഫിഈയുടെ കുടുംബം. മകന്റെ പഠനകാര്യത്തില്‍ വളരെ താല്‍പര്യം കാണിച്ച് ശാഫിഈയുടെ മാതാവ് ഉള്ളതെല്ലാം വിറ്റ് മകനെ യാത്രയയച്ചു. ചരിത്രപ്രസിദ്ധമായ ഈ യാത്രയെക്കുറിച്ച് ഇമാം ശാഫിഈ അദ്ദേഹത്തിന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം റാസി തന്റെ മനാഖിബുശ്ശാഫിഈയിലും യാഖൂത്ത് അല്‍ ഹമവി തന്റെ മഅ്ജമുല്‍ ഉദബാഇലും അതിങ്ങനെ ഉദ്ധരിക്കുന്നു. ശാഫിഈ പറയുന്നു: ''ഞാന്‍ വിശുദ്ധ മക്കയില്‍ ഹുദൈല്‍ ഗോത്രക്കാരുടെ കൂടെ അറബി സാഹിത്യപഠനം തുടരുകയായിരുന്നു. അവരുടെ താഴ്‌വരയില്‍ ചെന്നായിരുന്നു അവരുമായി ബന്ധപ്പെട്ടത്. അറബികളുടെ കൂട്ടത്തില്‍ ഏറ്റവും നല്ല സാഹിത്യകാരന്മാരായിരുന്നു അവര്‍. വര്‍ഷങ്ങളോളം ഞാന്‍ അവര്‍ക്കൊപ്പം ചെലവഴിച്ചു. അവരുടെ കൂടെ യാത്ര ചെയ്തു. ഇതിനിടയില്‍ ഒരാള്‍ എന്നോട് പറഞ്ഞു: 'അബ്ദുല്ലാഹ്, ഈ സാഹിത്യ പഠനത്തോടൊപ്പം ഫിഖ്ഹും കൂടി ആര്‍ജിച്ചാല്‍ വളരെ നന്നായിരിക്കും. മറ്റുള്ളവരെ ജയിച്ചടക്കാനുള്ള ബുദ്ധിയും സാമര്‍ഥ്യവും നിനക്കുണ്ടല്ലോ.' ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'അതിന് യോഗ്യനായി ആരുണ്ട്? അദ്ദേഹം പറഞ്ഞു: 'മദീനയില്‍ മാലികുബ്‌നു അനസുണ്ട്. അദ്ദേഹം വിജ്ഞാനത്തില്‍ മുസ്‌ലിംകളുടെ ഇമാമാണ്.' അന്നുമുതല്‍ മാലിക് എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചു. അതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഇമാം മാലികിന്റെ ദര്‍സില്‍ പ്രവേശനം ലഭിക്കാന്‍ മുവത്വ പഠിക്കുന്നത് സഹായകമാവുമെന്നറിഞ്ഞു. മുവത്വ വിലയ്ക്കുവാങ്ങാന്‍ പണമില്ലായിരുന്നു. ഒരാളില്‍നിന്ന് അത് വായ്പ വാങ്ങി. ഒമ്പത് രാത്രി കൊണ്ട് അതു മുഴുവന്‍ മനഃപാഠമാക്കി. ഇമാം മാലികിന് എന്നെ പരിചയപ്പെടുത്താന്‍ ഉത്തരവാദപ്പെട്ടവരുടെ കത്തുകള്‍ ആവശ്യമാണെന്ന് കേട്ടു. അതിനായി മക്കാ ഗവര്‍ണറെ സമീപിച്ചു. അദ്ദേഹം മദീനാ ഗവര്‍ണറെ സമീപിച്ചു. അദ്ദേഹം മദീനാ ഗവര്‍ണര്‍ക്കും ഇമാം മാലികിനും കത്തുകള്‍ നല്‍കി...

മദീനയിലെത്തി ഗവര്‍ണര്‍ക്ക് കത്ത് കൈമാറി. അതു വായിച്ച ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിച്ചു: 'മോനേ, മദീനയില്‍നിന്ന് വിദൂരമായ മക്കവരെ നഗ്നപാദനായി സഞ്ചരിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇമാം മാലികിന്റെ വീട്ടിലേക്ക് പോവുന്നത്.' ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ വിചാരിക്കുന്നപക്ഷം അദ്ദേഹത്തെ ഇങ്ങോട്ട് വിളിക്കാമല്ലോ.' ഗവര്‍ണര്‍ 'നിങ്ങള്‍ വിചാരിക്കുന്നതുപോലെ എളുപ്പമല്ല കാര്യം.' എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനം ഗവര്‍ണര്‍ എന്റെ കൂടെ വരാമെന്നേറ്റു....

അന്ന് വൈകുന്നേരം ഞങ്ങള്‍ ഇമാം മാലികിന്റെ അടുത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ഗവര്‍ണറുടെ വാക്കുകള്‍ വളരെ സത്യമായിരുന്നെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞങ്ങളില്‍ ഒരാള്‍ വാതിലില്‍ മുട്ടി. കുറേ സമയത്തിനു ശേഷം ഒരു ചെറിയ പെണ്‍കുട്ടി വാതില്‍ തുറന്നു. 'നിങ്ങള്‍ ആരാണ്' - അവള്‍ ചോദിച്ചു. 'ഞാന്‍ മദീനയിലെ ഗവര്‍ണറാണ്. കുറെ നേരമായി കാത്തുനില്‍ക്കുന്നു.' പെണ്‍കുട്ടി അകത്തേക്ക് പോയി. ഏറെ നേരത്തേക്ക് പ്രതികരണമില്ല. കുറേ സമയത്തിനു ശേഷം പെണ്‍കുട്ടി വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു: 'യജമാനന്‍ അങ്ങേക്ക് സലാം പറഞ്ഞിരിക്കുന്നു. വല്ല സംശയനിവാരണവുമാണ് ലക്ഷ്യമെങ്കില്‍ കടലാസില്‍ എഴുതിത്തന്നാല്‍ മതി. മറുപടി നല്‍കാമെന്നറിയിച്ചിട്ടുണ്ട്. മറിച്ച് നേരില്‍ സംസാരിക്കാനാണെങ്കില്‍ അതിനുള്ള വേദിയും ദിവസവും ഏതാണെന്ന് താങ്കള്‍ക്കറിയുമല്ലോ. ഇപ്പോള്‍ തിരിച്ചുപോവുക.''

ഗവര്‍ണര്‍ അവളോട് പറഞ്ഞു: 'ബഹുമാന്യനായ ഇമാമിന് മക്കാ ഗവര്‍ണറുടെ സുപ്രധാനമായൊരു കത്തുണ്ട്.' അവള്‍ അകത്തേക്ക് പോയി. അല്‍പസമയത്തിനു ശേഷം ഒരു കസേരയുമായി തിരിച്ചെത്തി. തൊട്ടു പിന്നില്‍ ഇമാം മാലികു(റ)മുണ്ടായിരുന്നു. ഇമാം മാലിക് (റ) കസേരയില്‍ ഇരുന്നു. ഹാ! എന്തൊരു വ്യക്തിത്വം! എന്തൊരു ഗാംഭീര്യം! പ്രൗഢമായ മുഖം, വെളുത്ത നീണ്ട താടി രോമങ്ങള്‍, അന്തസ്സാര്‍ന്ന തലപ്പാവ്. അഭിമാനം തുടിക്കുന്ന വസ്ത്രം. ഒരു ഷാള്‍ പുതച്ചിട്ടുണ്ട്...

ഗവര്‍ണര്‍ മക്കാ അമീറിന്റെ കത്ത് അദ്ദേഹത്തിനു നല്‍കി. കത്ത് വായിച്ചു. ഇമാം ശാഫിഈയുടെ ഉപരിപഠനമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇമാം മാലിക് കത്ത് ചുരുട്ടിയെറിഞ്ഞു. എന്നിട്ടു പറഞ്ഞു: 'സുബ്ഹാനല്ലാഹ്... അല്ലാഹുവിന്റെ റസൂലിന്റെ വിജ്ഞാനം കത്തുകളിലെ ശിപാര്‍ശകള്‍ പ്രകാരം പഠിപ്പിക്കേണ്ട അവസ്ഥ എത്തിയോ?'

മദീനാ ഗവര്‍ണര്‍ അദ്ദേഹവുമായി സംസാരിക്കാന്‍ ഭയപ്പെടുന്നതായി എനിക്കു തോന്നി. അതിനാല്‍ ഞാന്‍ മുന്നോട്ടു ചെന്നു. വളരെ വിനയത്തോടെ സലാം പറഞ്ഞു. ശേഷം എന്റെ കുടുംബത്തെയും യാത്രാ ഉദ്ദേശ്യത്തെയും എന്റെ അവസ്ഥയെയും കുറിച്ച് ചുരുക്കി വിവരിച്ചു. എന്റെ സംസാരം കേട്ട ഇമാം അല്‍പസമയം എന്നെ വീക്ഷിച്ചു. ഇമാം മാലികി(റ)ന് ഫിറാസത്ത് (മുഖലക്ഷണ ജ്ഞാനം) ഉണ്ടായിരുന്നു. എന്നോട് ചോദിച്ചു: 'മോനേ നിന്റെ പേര് എന്താണ്?' ഞാന്‍: 'മുഹമ്മദ്.' അദ്ദേഹം പറഞ്ഞു: 'മുഹമ്മദേ, അല്ലാഹുവിനെ സൂക്ഷിക്കുക. പാപങ്ങള്‍ വര്‍ജിക്കുക. നിശ്ചയം നിനക്ക് ശോഭനമായ ഭാവിയുണ്ട്. അല്ലാഹു നല്‍കുന്ന പ്രഭയെ പാപങ്ങള്‍ കൊണ്ട് കെടുത്തിക്കളയരുത്.'

അദ്ദേഹം പറഞ്ഞു: 'നീ നാളെ വരൂ. നിനക്കുവേണ്ടി വായിക്കാന്‍ പറ്റിയ ഒരാളെയും കൂടെ കൂട്ടിക്കൊള്‍ക.'

പിറ്റേ ദിവസം ഞാന്‍ ഇമാമിന്റെ സദസ്സിലെത്തി. എന്റെ കൈയില്‍ ഇമാം മാലികിന്റെ മുവത്വയുണ്ടായിരുന്നു. എന്നോട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ മുവത്വ തുറക്കാതെ മനഃപാഠം വായിക്കാന്‍ തുടങ്ങി. എന്റെ വായനയും ഉച്ചാരണവും കണ്ട് വിസ്മയത്തോടെ ഗുരുവര്യന്‍ നോക്കിയിരുന്നു. ഗുരുനാഥനോടുള്ള അദബും ബഹുമാനവും ഭയവും കാരണം ഞാന്‍ പലപ്പോഴും വായന നിര്‍ത്താന്‍ ശ്രമിക്കും. അപ്പോഴൊക്കെ അദ്ദേഹം തുടരാന്‍ ആവശ്യപ്പെടും. കുറഞ്ഞ ദിവസങ്ങള്‍ക്കകം ഞാന്‍ മുവത്വ മുഴുവന്‍ അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചു. തുടര്‍പഠനത്തില്‍ മുഴുകിയ ഞാന്‍ ഇമാം മാലികി(റ)ന്റെ നിര്യാണം വരെ അദ്ദേഹത്തിന്റെ ശിഷ്യത്വത്തില്‍ കഴിച്ചുകൂട്ടി'' (മഅ്ജമുല്‍ ഉദബാ, വാള്യം 17, പേജ് 284).

തുടക്കത്തിലേ ശിഷ്യന്റെ കഴിവുകള്‍ കണ്ടറിഞ്ഞ ഇമാം മാലിക്(റ) ശാഫിഈയെ അളവറ്റ് സ്‌നേഹിച്ചു. പ്രഥമദര്‍ശനത്തില്‍ തന്നെ ഇമാം ശാഫിഈയോട് അദ്ദേഹത്തിന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി. അദ്ദേഹം ശാഫിഈയെ ഉപദേശിച്ചു: ''നിങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനങ്ങള്‍ കൈവരും. അതിനാല്‍ അല്ലാഹു നല്‍കുന്ന പ്രഭയെ തിന്മകള്‍ കൊണ്ട് കെടുത്തിക്കളയരുത്'' (ശറഹുല്‍ മുഹദ്ദബ്, വാള്യം 1, പേജ് 8). സാമ്പത്തികമായി പിന്നാക്കമായിരുന്ന ശാഫിഈ(റ)യെ മാലിക്(റ) നന്നായി സഹായിച്ചിരുന്നു. തന്റെ സ്വത്ത് രണ്ടായി പകുത്ത് ഒരു ഭാഗം ശിഷ്യനായ ശാഫിഈക്ക് നല്‍കിയതായി ചരിത്രം രേഖപ്പെടുത്തുന്നു.

 

ഗുരു-ശിഷ്യ ജീവിതം വായിക്കുമ്പോള്‍

ഹിജ്‌റ 179-ല്‍ ഇമാം മാലിക് മരണപ്പെടുന്നതുവരെ നീണ്ട പത്തു വര്‍ഷത്തിലധികം ശാഫിഈ(റ) മാലികി(റ)ന്റെ കീഴില്‍ വിജ്ഞാനം നുകര്‍ന്നു. ഇമാം ശാഫിഈയുടെ ആത്മീയ, വൈജ്ഞാനിക വളര്‍ച്ചയുടെ സുവര്‍ണ കാലഘട്ടമായിരുന്നു ഇത്. അക്കാലത്ത് മസ്ജിദുന്നബവിയെ വിജ്ഞാനം കൊണ്ട് സമ്പന്നമാക്കിയ മുഹദ്ദിസുകളെയും പണ്ഡിതന്മാരെയും പരമാവധി ഉപയോഗപ്പെടുത്താനും ഇമാം ശാഫിഈ അവസരം കണ്ടെത്തി.

ഇമാം മാലികിനെ കുറിച്ച ചിന്തകള്‍ ശാഫിഈയുടെ ഹൃദയത്തില്‍ എപ്പോഴും നിറഞ്ഞുനിന്നിരുന്നു. അദ്ദേഹം പറയുമായിരുന്നു: ''ഇമാം മാലികും ഇമാം സുഫ്‌യാനും ഹിജാസിലെ പണ്ഡിത പരമ്പരയിലെ രണ്ടു കരുത്തുറ്റ കണ്ണികളാണ്. ഇവര്‍ ഇല്ലായിരുന്നെങ്കില്‍ ഹിജാസിലെ വിജ്ഞാന സമ്പത്ത് നഷ്ടപ്പെട്ടുപോവുമായിരുന്നു.

''ഇമാം മാലികും സുഫ്‌യാനും ഇല്ലായിരുന്നെങ്കില്‍ ഹിജാസില്‍ ജ്ഞാനമുണ്ടാവുമായിരുന്നില്ല. ഇമാം മാലിക് എന്റെ ഗുരുവര്യനാണ്. അദ്ദേഹത്തില്‍നിന്നാണ് ഞാന്‍ വിജ്ഞാനം കരസ്ഥമാക്കിയത്''.

ഹര്‍മല(റ) പറയുന്നു: ''ഇമാം ശാഫിഈ(റ) ഹദീസ് വിജ്ഞാനത്തില്‍ ഇമാം മാലികിനേക്കാള്‍ മറ്റാര്‍ക്കും മുന്‍ഗണന നല്‍കാറുണ്ടായിരുന്നില്ല'' (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്, വാള്യം 2, പേജ് 76).

ഇമാം ശാഫിഈ(റ) തന്റെ ശിഷ്യന്മാരെ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു: ''ഖുര്‍ആനും സുന്നത്തും കഴിച്ചാല്‍ പില്‍ക്കാല വചനങ്ങളില്‍ നക്ഷത്ര സ്ഥാനം ഇമാം മാലികിന്റെ വചനങ്ങള്‍ക്കാണ്. ഇമാം മാലികില്‍നിന്ന് ലഭിച്ച ഹദീസുകള്‍ നിങ്ങള്‍ ഇരു കൈകള്‍ കൊണ്ടും മുറുകെ പിടിക്കണം.''

ഇമാം മാലികിന്റെ മുവത്വയെക്കുറിച്ച് ശാഫിഈ(റ) പ്രസ്താവിക്കുന്നത് കാണുക: ''ഭൂമുഖത്ത് അല്ലാഹുവിന്റെ കിതാബിന് ശേഷം മുവത്വയേക്കാള്‍ സുബദ്ധമായ മറ്റൊരു ഗ്രന്ഥമില്ല.'' ചുരുക്കത്തില്‍ ഇമാം ശാഫിഈയുടെ ദൃഷ്ടിയില്‍ വിജ്ഞാന മണ്ഡലത്തിലെ ഏറ്റവും തിളങ്ങുന്ന നക്ഷത്രം ഇമാം മാലിക് തന്നെയായിരുന്നു. ഇമാം മാലികിന്റെ ശിഷ്യരില്‍ മുഖ്യ സ്ഥാനം ഇമാം ശാഫിഈക്ക് അവകാശപ്പെട്ടതാണ്. ഹദീസ് വിജ്ഞാനത്തില്‍ തന്റെ ഔന്നത്യം കാരണം 'നാസ്വിറുല്‍ ഹദീസ്' എന്ന അപരനാമധേയത്തിലേക്ക് ഇമാം ശാഫിഈയെ ഉയര്‍ത്തിയതും ഇമാം മാലികുമായുള്ള സമ്പര്‍ക്കമായിരുന്നു.

 

നിലപാടുകള്‍

ഇമാം മാലികിന്റെ കൂടെ മദീനയില്‍ ആയിരുന്നപ്പോഴും അതിനു ശേഷം യമന്‍, ഇറാഖ്, മക്ക തുടങ്ങിയ സ്ഥലങ്ങളിലായിരുന്നപ്പോഴും മാലികീ വീക്ഷണങ്ങളോട് ശാഫിഈ തുറന്ന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. മാലികീ ശിഷ്യന്മാരില്‍ ഒരാളായി അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോടും അഭിപ്രായങ്ങളോടും കൂറ് പുലര്‍ത്തിക്കൊണ്ടുതന്നെ പ്രമാണങ്ങളെയും യുക്തിയെയും ആയുധമാക്കിയായിരുന്നു ശാഫിഈ സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്തിയിരുന്നത്. മദീനാ നിവാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഇമാം മാലിക് വലിയ പരിഗണന നല്‍കിയിരുന്നു. പ്രമാണങ്ങള്‍ക്ക് പുറമെ യുക്തിചിന്തക്കും സാമൂഹിക നീതിക്കും വലിയ പ്രാധാന്യം നല്‍കുന്ന സമീപനമാണ് ഇമാം അബൂഹനീഫയും അനുചരന്മാരും സ്വീകരിച്ചിരുന്നത്.

ഇമാം ശാഫിഈ ഇറാഖില്‍ വന്നപ്പോള്‍ അവിടെ ഹനഫീ കര്‍മശാസ്ത്ര സരണിക്കായിരുന്നു പ്രചാരം. 'അസ്ഹാബുര്‍റഅ്‌യ്' എന്ന പേരിലായിരുന്നു ഹനഫീ പണ്ഡിതര്‍ അറിയപ്പെട്ടിരുന്നത്. ഇമാം അബൂഹനീഫ(റ)യുടെ പ്രമുഖ ശിഷ്യനും ഹനഫീ ചിന്താസരണിയുടെ കാവല്‍ഭടനും പ്രമുഖ പണ്ഡിതനുമായ മുഹമ്മദു ബ്‌നു ഹസന്‍(റ) അന്ന് ഇറാഖില്‍ ജീവിച്ചിരുന്നു. ഇമാം ശാഫിഈ ഇവരില്‍നിന്ന് വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. ഇമാം അബൂഹസന്റെ വ്യാഖ്യാനങ്ങള്‍ പലപ്പോഴും ഇമാം മാലികിന്റെ വ്യാഖ്യാനങ്ങളുമായി യോജിക്കാതെ വരുമ്പോള്‍ ഇമാം ശാഫിഈ കൂടുതല്‍ പരിഗണിച്ചിരുന്നത് ഇമാം മാലികിന്റെ വീക്ഷണങ്ങളെയായിരുന്നു.

ഇമാം മാലികിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഇമാം ശാഫിഈ രചിച്ച ഗ്രന്ഥമാണ് കിതാബ് ഇഖ്തിലാഫ് മാലിക് വശ്ശാഫിഈ. ഇമാം മാലികിനോട് വിയോജിപ്പുള്ള ഒരുപാട് കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ, ഇത്തരം ഒരു ഗ്രന്ഥരചന ഇമാം ശാഫിഈയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇമാം മാലികിനോട് അദ്ദേഹത്തിനുണ്ടായിരുന്ന കടപ്പാടും ആദരവുമായിരുന്നു അതിനു കാരണം. ഇമാം ശാഫിഈയുടെ വാക്കുകളില്‍: ''മാലിക് ഒരു മനുഷ്യനാണ്. ചിലപ്പോള്‍ പിഴവ് സംഭവിക്കാം, തെറ്റു പറ്റാം. അതാണ് മാലികിനെതിരെ ഒരു ഗ്രന്ഥമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അത് ചെയ്യുന്നതില്‍ എനിക്ക് പ്രയാസമുണ്ടായിരുന്നു. പക്ഷേ, ഒരു വര്‍ഷത്തോളം ഞാന്‍ അല്ലാഹുവിനോട് നന്മയെ തേടുന്ന(ഇസ്തിഖാറത്ത്) പ്രാര്‍ഥന നടത്തുകയുണ്ടായി'' (മനാഖിബുശ്ശാഫിഈ- ഹാഫിള് അല്‍ ബൈഹഖി). 

നാല് മദ്ഹബുകളുടെ ഇമാമുമാര്‍ക്കിടയിലുണ്ടായിരുന്ന ഈ ആദരവും ബഹുമാനവും നമുക്കെന്നും പ്രചോദനമാവേണ്ടതുണ്ട്. വീക്ഷണ വ്യത്യാസങ്ങളുള്ളതോടൊപ്പം മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും പരസ്പരം പങ്കുവെക്കാനും ആവുമ്പോഴേ നമുക്കീ മഹാത്മാക്കളുടെ പാരമ്പര്യം അവകാശപ്പെടാനാവൂ. 

 

 

ഹുസൈന്‍ സഖാഫി: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ചെമ്മലശ്ശേരി സ്വദേശി. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. ഇപ്പോള്‍ കുറ്റിയാടി കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പല്‍. ഫോണ്‍: 9037374941


Comments

Other Post