Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

പ്രവാസി എന്റെ പേര്

പ്രവാസി എന്റെ പേര്

സുറാബിന്റെ ആത്മാന്വേഷണ കവിതകള്‍. കവിഹൃദയത്തിന്റെ മുറിവുകളും പരിവേദനങ്ങളും കവിതകളിലുടനീളം കാണാം. പ്രവാസിക്ക് ഷവറിന് ചുവട്ടിലാണ് മഴക്കാലമെന്നും ലോകമുണ്ട്, സമൂഹമുണ്ട്, അയല്‍പക്കമുണ്ട്, ആള്‍ക്കൂട്ടമുണ്ട്, ഞാനുണ്ട്, നീയുണ്ട്, എല്ലാവരുമുണ്ട്; എന്നിട്ടും ഞാനുണ്ടില്ല എന്നും പൊള്ളിപ്പാടുന്നു സുറാബ്. പ്രസാധനം: ഗ്രീന്‍ ബുക്‌സ്. വില: 90 രൂപ. 


യൂസുഫ് ഇസ്‌ലാം 

ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയിറങ്ങി, ഇസ്‌ലാമിന്റെ ശാദ്വല തീരത്തണഞ്ഞ സ്റ്റീവന്‍ ജോര്‍ജിയോ എന്ന കാറ്റ് സ്റ്റീവന്‍സായിരുന്ന പോപ്പ് സംഗീതജ്ഞന്റെ ജീവിതം പറയുന്ന പുസ്തകമാണ് യൂസുഫ് ഇസ്‌ലാം; എന്തുകൊണ്ട് ഞാന്‍ ഇപ്പോഴും ഗിറ്റാര്‍ കൈയിലേന്തുന്നു? കാറ്റ് സ്റ്റീവന്‍സില്‍നിന്ന് യൂസുഫ് ഇസ്‌ലാമിലേക്കുള്ള ആത്മീയ യാത്രയാണ് ഈ പുസ്തകം വരച്ചുകാട്ടുന്നത്. അരാജകജീവിതം മടുത്ത് വലിയ ചോദ്യങ്ങള്‍ മനസ്സിലുടക്കിയപ്പോഴാണ് അദ്ദേഹം  സത്യത്തിനായുള്ള അന്വേഷണമാരംഭിച്ചത്. അത് ചെന്നെത്തിയത് ഇസ്‌ലാമില്‍. പൊടുന്നനെ സംഗീതോപകരണങ്ങള്‍ അദ്ദേഹം താഴെവെച്ചു. ഇരുപത്തിയഞ്ചു വര്‍ഷങ്ങളുടെ നീണ്ട മൗനത്തിന് ശേഷം വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗിറ്റാര്‍ കൈയിലെടുത്തു, സംഗീത സപര്യ തുടര്‍ന്നു. യൂസുഫ് ഇസ്‌ലാമിന്റെ ഹൃദയഹാരിയായ ഓര്‍മക്കുറിപ്പുകള്‍. പതിനഞ്ച് ചെറു അധ്യായങ്ങളുള്ള ഈ പുസ്തകം മനോഹരമായി മലയാളീകരിച്ചിരിക്കുന്നത് കെ.സി സലീം. പേജ്: 105, വില: 80 രൂപ. ഐ.പി.എച്ച് കോഴിക്കോട്. 


ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും 

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ അവസ്ഥയുടെ ആല്‍ബമാണ് ഡോ. ആര്‍സുവിന്റെ പുസ്തകം. നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്തവര്‍, അതിനോട് കലഹിച്ചവര്‍, മാറ്റം വരുത്താന്‍ നിലകൊണ്ടവര്‍, അതില്‍ വിജയിച്ചവര്‍ അങ്ങനെ കുറേപേരുടെ ആശയങ്ങള്‍ ഈ പുസ്തകത്തില്‍ സ്വരുക്കൂട്ടിയിരിക്കുന്നു. പ്രസാധനം: വചനം ബുക്‌സ്. വില: 200 രൂപ.

 

ആര്‍ക്കും വേണ്ടാത്തത് 

ജീവിതത്തിന്റെ നിസ്സഹായതകളെയും അനുദിനം ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥകളെയും ജാഗ്രതയോടെ ഇഴചേര്‍ത്ത് വര്‍ത്തമാനകാലത്തെ അടയാളപ്പെടുത്തുന്ന അക്ബറലി കരിങ്ങനാടിന്റെ കഥകളുടെ സമാഹാരം. പ്രവാസജീവിതത്തിന്റെ ഒറ്റപ്പെടലില്‍ മനസ്സിലുണ്ടായ നൊമ്പരങ്ങളാണ് ഈ കഥകള്‍. പ്രസാധനം: പായല്‍ ബുക്‌സ്. വില: 50 രൂപ. 

 


മുഹമ്മദലി The Greatest

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ ജീവിതം പറയുന്ന പുസ്തകം. അമേരിക്കയിലെ ലൂയിവില്ലെ എന്ന ദരിദ്രമേഖലയില്‍ കറുത്ത വര്‍ഗക്കാരായ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കാഷ്യസ് ക്ലേയാണ് ഇസ്‌ലാമിനെ പുല്‍കി മുഹമ്മദലി ആയത്. വെറുമൊരു ബോക്‌സിംഗ് താരമായിരുന്നില്ല, വംശവെറിയെ വെല്ലുവിളിച്ച് ഒരു ഘട്ടത്തില്‍ അമേരിക്കയില്‍ ഏറ്റവുമധികം വധഭീഷണി ലഭിച്ച പോരാളിയായിരുന്നു മുഹമ്മദലി. കറുത്ത വര്‍ഗക്കാര്‍ക്ക് അഭിമാനബോധവും ആത്മവിശ്വാസവും നല്‍കുന്നതിലും അവരില്‍ പോരാട്ടവീര്യം ജ്വലിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. 1981-ല്‍ ബോക്‌സിംഗില്‍നിന്ന് വിരമിച്ചതുമുതല്‍ 2016 ജൂണില്‍ മരിക്കും വരെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പൗരാവകാശപോരാട്ടങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം 40-ല്‍പരം ചെറു അധ്യായങ്ങളിലായി അവതരിപ്പിക്കുന്നു പി.ടി അബ്ദുര്‍റഹ്മാന്‍ ഈ പുസ്തകത്തില്‍. കുട്ടികളെ ഉദ്ദേശിച്ചാണ് പുസ്തകം എഴുതിയിരിക്കുന്നത്. പേജ്: 130. വില: 120 രൂപ. ഐ.പി.എച്ച്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍