Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

ആഹ്ലാദപ്രകടനം പ്രവാചകസ്‌നേഹമാകുന്നതെങ്ങനെ?

ഇബ്‌റാഹീം ശംനാട്

ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പ്രവാചകസന്നിധിയില്‍ വന്ന് ചോദിച്ചു: ''എപ്പോഴാണ് അന്ത്യനാള്‍?'' നബിയുടെ മറുചോദ്യം ഇങ്ങനെയായിരുന്നു: ''അതിനു വേണ്ടി നീ എന്താണ് കരുതിവെച്ചിട്ടുള്ളത്?'' ഗ്രാമീണന്‍ പറഞ്ഞു: ''ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നു.'' ഇതു കേട്ട നബി(സ) പറഞ്ഞു: ''നീ സ്‌നേഹിക്കുന്നവരോടൊപ്പം സ്വര്‍ഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്.'' ഓരോ മുസ്‌ലിമും ആഗ്രഹിക്കുന്ന ആ സ്വര്‍ഗലബ്ധിയാണ് പ്രവാചക സ്‌നേഹത്തിന്റെ പൊരുള്‍. 

യഥാര്‍ഥത്തില്‍ എങ്ങനെയായിരിക്കണം ആ സ്‌നേഹപ്രകടനമെന്ന് നാം ആലോചിച്ചിട്ടുണ്ടോ? ഇസ്‌ലാമിന് എല്ലാ കാര്യത്തിലും കൃത്യമായ നിലപാടുള്ളതു പോലെ പ്രവാചകനെ സ്‌നേഹിക്കുന്നതിനും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.  പൂര്‍വികജനത അവരുടെ മഹദ്‌വ്യക്തികളോട് അതിരുകടന്ന സ്‌നേഹബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതുപോലെ തന്നോട് പ്രകടിപ്പിക്കരുതെന്ന് പ്രവാചകന്‍(സ) വിലക്കിയിട്ടുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കാതെ പ്രവാചകനെ പ്രത്യേക ദിനങ്ങളില്‍ മാത്രം ആര്‍ഭാടപൂര്‍വം അനുസ്മരിക്കുകയും ബാക്കി ദിവസങ്ങളില്‍ വിസ്മരിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റു മതസ്ഥരെ അനുകരിക്കലല്ലേ അത്? യഥാര്‍ഥ അനുയായികള്‍ പ്രവാചകനെ എല്ലാ ദിവസവും സ്‌നേഹിക്കുകയും അദ്ദേഹത്തെ ജീവിത മാതൃകയാക്കുകയുമാണ് വേണ്ടത്.  സ്‌നേഹമെന്നത് വെറും വാക്കല്ല, ആഹ്ലാദപ്രകടനമല്ല. മനസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാണ്, പ്രവാചകന്‍ കാണിച്ച മാതൃക മനസ്സാ വാചാ കര്‍മണാ പിന്തുടരലാണ്. ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ: ''പ്രവാചകന്‍ ജനത്തോട് പറയുക: നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു. പറയുക: അല്ലാഹുവിനെയും ദൈവദൂതനെയും അനുസരിക്കുവിന്‍. ഇനി നിന്റെ ഈ സന്ദേശം അവര്‍ സ്വീകരിക്കുന്നില്ലെങ്കില്‍ നിശ്ചയം, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ അവന്‍  സ്‌നേഹിക്കുക സംഭവ്യമല്ല തന്നെ'' (3:31,32).

 

ഖുര്‍ആനിന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, പ്രവാചകനോടുള്ള സ്‌നേഹപ്രകടനത്തിന് ആറ് കാര്യങ്ങള്‍ സ്വീകരിക്കാം:

1. പിന്‍പറ്റുക: നമ്മുടെ ബുദ്ധിക്ക് തോന്നുന്നതും അന്യസംസ്‌കാരങ്ങളില്‍നിന്ന് കടമെടുത്തതുമായ ആചാരങ്ങള്‍ കൊണ്ടല്ല, മറിച്ച് പ്രവാചകന്‍(സ) കാണിച്ച മാതൃകകളെ ജീവിതത്തില്‍ പിന്തുടര്‍ന്നുകൊണ്ടായിരിക്കണം പ്രവാചകനെ സ്‌നേഹിക്കേണ്ടത്. ആ സ്‌നേഹം നമ്മുടെ ഇടപാടുകളിലും സ്വഭാവത്തിലും മുഴുവന്‍ ജീവിത വ്യവഹാരങ്ങളിലും പ്രകടമാവണം. രഹസ്യമായും പരസ്യമായും പ്രവാചകനെ സ്‌നേഹിക്കണം. അതാണ് പ്രവാചകനോടുള്ള നമ്മുടെ പ്രഥമ ബാധ്യത.  ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്, അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്ക്'' (33:21).

പ്രവാചക കല്‍പനയെ സ്വഹാബിമാര്‍ ശിരസ്സാ വഹിച്ചു. മദ്യനിരോധമുണ്ടായപ്പോള്‍ അവര്‍ തെരുവുകളില്‍ അതൊഴുക്കിക്കളഞ്ഞു. നമസ്‌കാരത്തില്‍ ദിശാമാറ്റം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ അവര്‍ അതിനു തയാറായി. പ്രവാചകന്‍ ആകാശാരോഹണം നടത്തിയെന്ന് പറഞ്ഞപ്പോള്‍ അനുചരന്മാര്‍ തെല്ലും സംശയിച്ചില്ല....

2. സന്ദേശത്തിന്റെ പ്രചാരകരാവുക: മാനവസമൂഹത്തിന് കൃത്യമായ ദിശാബോധം നല്‍കി മുഹമ്മദ്(സ). ഏകദൈവത്വം, പരലോക വിശ്വാസം, പ്രവാചകത്വം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങളുടെ സാരം. 'ഒരു സൂക്തമെങ്കിലും എന്നില്‍നിന്ന് നിങ്ങള്‍ എത്തിക്കൂ' എന്ന് പ്രവാചകന്‍ നിര്‍ദേശിച്ചു. ഹാജറുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിക്കട്ടെ എന്ന് അവസാന ഹജ്ജ് വേളയില്‍ നബി(സ) ഉണര്‍ത്തി. കേവലം ആരാധനകള്‍ നിര്‍വഹിച്ച് സ്വര്‍ഗപ്രവേശം ലഭിക്കുമെന്ന് കരുതുന്നത് വ്യാമോഹം മാത്രം. പ്രവാചക സന്ദേശത്തിന്റെ പ്രചാരകരാവുന്നതിന്റെ ഭാഗമാണ് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത്.  

അല്ലാഹു തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പ്രവാചകന്‍(സ) നിതാന്ത ജാഗ്രത പുലര്‍ത്തി. അദ്ദേഹത്തോട് സ്‌നേഹമുള്ളവര്‍ വര്‍ധിതവീര്യത്തോടെ ഇതേ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ് കാലഘട്ടത്തിന്റെ താല്‍പര്യം. 

3. സ്വലാത്ത് ചൊല്ലുക: ഒരു മുസ്‌ലിമിന്റെ  ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് പ്രവാചകനു വേണ്ടി സ്വലാത്ത് ചൊല്ലല്‍. ഖുര്‍ആനിക കല്‍പന ഇങ്ങനെ: ''അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചൊല്ലുന്നു. വിശ്വാസികളായവരേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക'' (33:56) എന്താണ് സ്വലാത്ത് ചൊല്ലുന്നതിന്റെ വിവക്ഷ? സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിവരിക്കുന്നു:  ''വിശ്വാസികളോട് നബി(സ)ക്കുവേണ്ടി സ്വലാത്ത് ചൊല്ലുക എന്ന് കല്‍പിക്കുമ്പോള്‍ അതിന്റെ താല്‍പര്യം നിങ്ങളദ്ദേഹത്തോട് സ്‌നേഹാദരവുകളുള്ളവരായിരിക്കുവിന്‍, അദ്ദേഹത്തെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുവിന്‍, അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുവിന്‍ എന്നാണ്.''

അദ്ദേഹം തുടരുന്നു: ''അല്ലാഹുവിന്റെ ഭാഗത്തുനിന്ന് പ്രവാചകനുള്ള സ്വലാത്തിന്റെ വിവക്ഷ അവന്‍ അദ്ദേഹത്തോട് അളവറ്റ കാരുണ്യമുള്ളവനാണ് എന്നതത്രെ. അവന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അനുഗ്രഹമരുളുന്നു. അദ്ദേഹത്തിന്റെ കീര്‍ത്തി ഉയര്‍ത്തുന്നു. അദ്ദേഹത്തിനു മീതെ ഔദാര്യങ്ങള്‍ വര്‍ഷിക്കുന്നു. മലക്കുകളുടെ ഭാഗത്തുനിന്ന് പ്രവാചകനുള്ള സ്വലാത്തിന്റെ വിവക്ഷ അവരദ്ദേഹത്തെ അളവറ്റ് സ്‌നേഹിക്കുന്നുവെന്നും അദ്ദേഹത്തിന് കൂടുതല്‍ ഉയര്‍ന്ന പദവിയരുളാനും അദ്ദേഹത്തിന്റെ ദീന്‍ വിജയിക്കാനും ശരീഅത്ത് പുകള്‍പെറ്റതാകാനും അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു എന്നുമാകുന്നു.... വിശ്വാസികളുടെ ഭാഗത്തുനിന്ന് പ്രവാചകനുള്ള സ്വലാത്തിന്റെ വിവക്ഷ ആ മഹാനുഭാവനെതിരില്‍ എത്രത്തോളം വിദ്വേഷം പ്രകടിപ്പിക്കുന്നുവോ അത്രത്തോളമല്ല, അതിലുമപ്പുറം നിങ്ങളദ്ദേഹത്തോട് സ്‌നേഹമുള്ളവരായിരിക്കുക. എത്രത്തോളം അദ്ദേഹം ആക്ഷേപിക്കപ്പെടുന്നുവോ അതിലധികം നിങ്ങളദ്ദേഹത്തെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുക..........'' 

4. ചരിത്രം വായിക്കുക: നബി(സ)യെ കുറിച്ച വിവരങ്ങള്‍ ഒരു സര്‍വവിജ്ഞാന കോശമെന്നപോലെ പരന്നുകിടക്കുകയാണ്. അദ്ദേഹത്തിന്റെതന്നെ എണ്ണമറ്റ വചനങ്ങള്‍, ചരിത്രവിവരങ്ങള്‍, സംഭവവിവരണങ്ങള്‍ എല്ലാം കൊണ്ട് ഇന്ന് നമ്മുടെ ഭാഷയും ധന്യമാണ്. അത് വായിക്കുന്നത് പ്രവാചകനെ കുറിച്ച് കൂടുതല്‍ ഗ്രഹിക്കാന്‍ സഹായകമാണ്. പ്രവാചകന്റെ ജീവിതരീതി മനസ്സിലാക്കാനും അത് പിന്തുടരാനുമെല്ലാം ചരിത്രവായന സഹായിക്കും.

5. മദീനാ സന്ദര്‍ശനം: പ്രവാചകന്റെ കര്‍മമണ്ഡലമായിരുന്നുവല്ലോ മദീനാ മുനവ്വറ. നബി(സ) അന്ത്യവിശ്രമം കൊള്ളുന്നതും അവിടെത്തന്നെ. മദീനാ സന്ദര്‍ശനം സവിശേഷമായ ഒരു വൈകാരികത നമ്മുടെ അന്തഃരംഗത്ത് സൃഷ്ടിക്കും. 

6. വൈകാരിക പ്രതികരണം വര്‍ജിക്കുക: നമ്മുടെ കാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കിരയാവുന്ന മഹദ്‌വ്യക്തി പ്രവാചകനാണ്. ഈ കടുത്ത അസഹിഷ്ണുതക്കെതിരെ ഇതര സമുദായങ്ങളില്‍പെട്ടവര്‍ തന്നെ ശക്തമായി പ്രതികരിക്കാറുണ്ട്. പക്ഷേ അതിനെ അട്ടിമറിക്കുന്ന വൈകാരിക പ്രതികരണമാണ് പലപ്പോഴും നമ്മുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. മുസ്‌ലിംകളെ പ്രകോപിപ്പിക്കാന്‍ മാത്രം പ്രവാചകനെ അവഹേളിക്കുന്ന നിരവധി രചനകള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും, വിശിഷ്യാ അമേരിക്കയില്‍നിന്നും യൂറോപ്യന്‍ നാടുകളില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രവണത തുടരാം. പുതുവിശ്വാസികള്‍ വധിക്കപ്പെട്ടെന്നു വരാം. എന്നാല്‍ നമുക്ക് എത്ര പേരോട് പ്രതികാരം ചെയ്ത് ആശ്വാസം കൊള്ളാന്‍ കഴിയും? പ്രവാചകന്‍  കാണിച്ചുതന്ന മാതൃക അതാണോ? കൂടുതല്‍ ശത്രുക്കളെ ക്ഷണിച്ചുവരുത്തുകയാണ് ഇതിന്റെ ഫലം. ഇത്തരം സംഭവങ്ങളോട് വൈകാരികമായി പ്രതികരിക്കാതെ അവയെ വൈചാരികമായി നേരിടാനാണ് നാം തയാറാവേണ്ടത്.

 


മുസ്‌ലിം ഇസ്‌ലാമോഫോബുകള്‍!

സത്താര്‍ കൊളപ്പുറം

 

ലോകജനത പൊതുവെ രണ്ട്  വിഭാഗമായതായി തോന്നുന്നു; ഇസ്‌ലാമോഫോബിയ ബാധിച്ചവരും അല്ലാത്തവരും. ഏറ്റവും വലിയ വംശീയവാദികള്‍ എന്ന് ആക്ഷേപിക്കപ്പെടുന്ന ഇസ്രയേല്‍ പൗരന്മാരില്‍ ഇസ്‌ലാമോഫോബ് അല്ലാത്ത ജൂതന്മാരെ കാണാം. അതേസമയം ലോകത്ത് പലയിടങ്ങളിലും, കേരളക്കരയിലടക്കം ഇസ്‌ലാമോഫോബ് ആയ മുസ്‌ലിംകളെയും കാണാം. ഇസ്‌ലാമോഫോബിയ യഥാര്‍ഥത്തില്‍ ഒരു മുസ്‌ലിം- അമുസ്‌ലിം പ്രശ്‌നമല്ല. അമുസ്‌ലിംകളിലെന്ന പോലെ തന്നെ മുസ്‌ലിംകളിലും വ്യത്യസ്ത തലങ്ങളില്‍ അത് പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുഭാര്യത്വം, പര്‍ദ പോലുള്ള കാര്യങ്ങളില്‍ ഇസ്‌ലാം അപരിഷ്‌കൃതവും പ്രാകൃതവുമാണെന്ന കഴിഞ്ഞ നൂറ്റാണ്ടിലെ ഓറിയന്റലിസ്റ്റ് പ്രചാരണങ്ങളുടെ സ്വാധീനത്തില്‍നിന്ന് പുറത്തുകടക്കാത്ത ബുദ്ധിജീവികളാണ് ഒരു കൂട്ടര്‍. ശരീഅത്ത് കല്ലെറിഞ്ഞു കൊല്ലലും കൈവെട്ടലും മതപരിത്യാഗിയെ കൊല്ലലുമാണെന്ന ഇവരുടെ കുപ്രചാരണങ്ങളുടെ ഫലമായും 

പാശ്ചാത്യ സെക്യുലരിസത്തിന്റെ അതിശക്തമായ സ്വാധീനത്താലും സമ്പൂര്‍ണ ഇസ്‌ലാമിക വ്യവസ്ഥക്കു വേണ്ടിയുള്ള സമാധാനപരമായ ബോധവത്കരണം എന്ന ആശയം കേട്ടാല്‍ പോലും ഹാലിളകുന്നവരാണ് മറ്റൊരു വിഭാഗം. പുതിയ ഐ.എസ് ഭീകരതയുടെ പശ്ചാത്തലത്തില്‍ ഈ വിഭാഗങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നൂറു ശതമാനം മുസ്‌ലിം പൗരന്മാരുള്ള ഒരു രാജ്യത്ത് ശരീഅത്തിലധിഷ്ഠിതമായ ഭരണമാണോ വേണ്ടത് എന്ന് നിങ്ങള്‍ മക്കയിലെ ഹറമിനകത്തിരുന്ന് ചോദിച്ചാല്‍ പോലും ഇവര്‍ പറയുക അവിടങ്ങളിലൊക്കെ സെക്യുലര്‍ വ്യവസ്ഥയാണ് വേണ്ടത് എന്നായിരിക്കും. ബഹുസ്വര സമൂഹങ്ങളിലെ സാമൂഹിക-സാമ്പത്തിക അനീതികള്‍, പലിശ, അസാന്മാര്‍ഗികത, മദ്യവിപത്ത് എന്നിവയെ ചോദ്യം ചെയ്യുന്ന പ്രതികരണസജ്ജമായ, വിമോചനാത്മകമായ യഥാര്‍ഥ ഇസ്‌ലാമിനെ ഭീതിയോടെ വീക്ഷിക്കുന്നവരുണ്ട്. ചുരുക്കത്തില്‍ ഇനി ഒരാളെ പരിചയപ്പെടുമ്പോള്‍ ഏതു മതക്കാരനാണ്, ജാതിയില്‍പെട്ടയാളാണ് എന്നു ചോദിച്ച് ബുദ്ധിമുട്ടേണ്ടതില്ല; ഇസ്‌ലാമോഫോബ് ആണോ അല്ലയോ എന്ന ചോദ്യം തന്നെ തിരിച്ചറിയുന്നതിന് ധാരാളം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍