Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

തടവറയിലെ ദിനങ്ങള്‍<br>ഉര്‍ദുഗാന്റെ ജീവിതകഥ - 9

അശ്‌റഫ് കീഴുപറമ്പ്

സ്വിറ്റ്‌സര്‍ലാന്റിലെ തുര്‍ക്കി കോണ്‍സുലേറ്റില്‍ എന്തോ ഒരാവശ്യത്തിന് വന്നതായിരുന്നു ഹസന്‍ യശീല്‍ദാഗ്. ആവശ്യം കഴിഞ്ഞ് പുറത്തേക്ക് പോകാനൊരുങ്ങവെ തന്റെ സുഹൃത്ത് ചെങ്കീസിനെക്കൂടി കണ്ടിട്ടു പോകാമെന്ന് കരുതി. കോണ്‍സുലേറ്റില്‍ സുരക്ഷാവകുപ്പിലാണ് ചെങ്കീസിന് ജോലി. മുന്‍കൂട്ടി അനുവാദം വാങ്ങാതെ സന്ദര്‍ശനം അനുവദിക്കാറില്ലെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദമറിയുന്നതുകൊണ്ട് പാറാവുകാരന്‍ അത്തരം ചിട്ടവട്ടങ്ങള്‍ക്കൊന്നും നില്‍ക്കാതെ ഹസനെ ചെങ്കീസിന്റെ മുറിയിലേക്ക് ആനയിച്ചു. ഹസന്‍ കടന്നുചെല്ലുമ്പോള്‍ ചെങ്കീസിന്റെ മുറിയില്‍ രണ്ടു പേര്‍ ഇരിക്കുന്നുണ്ട്. തുര്‍ക്കി മിലിട്ടറിയില്‍നിന്ന് റിട്ടയര്‍ ചെയ്തവരാണ് അവരെന്ന് ചെങ്കീസ് പരിചയപ്പെടുത്തി. സൗഹൃദ വര്‍ത്തമാനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ അപരിചിതരില്‍ ഒരാള്‍ ടി.വി ഓണ്‍ ചെയ്തു. വാര്‍ത്താ ബുള്ളറ്റിന്റെ സമയമാണ്. ഇസ്തംബൂള്‍ മേയര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട ഉര്‍ദുഗാന് നല്‍കിയ ജയില്‍ശിക്ഷ മേല്‍ക്കോടതി ശരിവെച്ചു എന്നതാണ് പ്രധാന വാര്‍ത്ത. ഉര്‍ദുഗാന്‍ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 

വാര്‍ത്ത കേട്ടതും ചെങ്കീസിന്റെ മുഖം വിവര്‍ണമായി. മിലിട്ടറിയില്‍നിന്ന് റിട്ടയര്‍ ചെയ്ത തന്റെ സുഹൃത്തുക്കളുടെ നേരെ തിരിഞ്ഞ് അദ്ദേഹം അരിശത്തോടെ പറഞ്ഞു: 'ആ ഉര്‍ദുഗാനെ നിങ്ങള്‍ വെറുതെവിട്ടു. അപ്പോള്‍തന്നെ തട്ടിക്കളയാമായിരുന്നില്ലേ? നാശം, അയാളിതാ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു!'' ചെങ്കീസിന്റെ അതിഥികളില്‍ പ്രായം കൂടിയ ആളാണ് മറുപടി പറഞ്ഞത്: ''താങ്കള്‍ അസ്വസ്ഥനാകാതിരിക്കൂ. അല്‍പസമയം കൂടി ക്ഷമിക്കുക. ജയിലിലെത്തട്ടെ, അവിടെവെച്ച് അയാളുടെ കഥ ഞങ്ങള്‍ കഴിച്ചിരിക്കും.'' 

ഇടിവെട്ടേറ്റതുപോലെ ഹസന്‍ യശീല്‍ദാഗ് തരിച്ചിരുന്നു പോയി. പക്ഷേ അസ്വസ്ഥതയും പരിഭ്രമവും ഒട്ടും പുറത്തുകാണിച്ചില്ല. തിരക്കുണ്ടെന്നു പറഞ്ഞ് വേഗം ചെങ്കീസിന്റെ മുറിയില്‍നിന്ന് പുറത്തുകടന്നു. കേട്ട വാര്‍ത്ത തെറ്റായിരിക്കാന്‍ ഇടയില്ല. സ്വിറ്റ്‌സര്‍ലാന്റില്‍ രഹസ്യാന്വേഷണ വകുപ്പിന്റെ കൂടി ചുമതലയുള്ള ആളാണ് ചെങ്കീസ്. സൈന്യത്തിനും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സ്ഥാപിത താല്‍പര്യക്കാര്‍ക്കും അനഭിമതരായ രാഷ്ട്രീയ നേതാക്കളെ ആസൂത്രിതമായി കൊലപ്പെടുത്തുന്ന ഒരു ഗൂഢസംഘം അന്താരാഷ്ട്ര തലത്തില്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എര്‍ഗനെകോന്‍ (ഋൃഴലിലസീി)  എന്നാണതിന്റെ പേര്. പെന്‍ഷന്‍ പറ്റിയ പട്ടാളക്കാരെയാണ് ഇതിന് നിയോഗിക്കുക. സൈന്യവും ചില മുഖ്യധാരാ മാധ്യമങ്ങളും ഓപ്പറേഷന് മേല്‍നോട്ടം വഹിക്കും. സാഹചര്യത്തെളിവുകള്‍ വെച്ചുനോക്കുമ്പോള്‍ തനിക്ക് ലഭിച്ച രഹസ്യവിവരം തെറ്റാകാന്‍ സാധ്യതയില്ല. സ്വന്തക്കാരനെപ്പോലെ താന്‍ കരുതുന്ന ഉര്‍ദുഗാന്റെ ജീവന്‍ എന്തു വിലകൊടുത്തും രക്ഷിക്കണം. അങ്ങനെ യാത്രാരേഖകളെല്ലാം ശരിപ്പെടുത്തി രണ്ടാഴ്ച കൊണ്ട് ഹസന്‍ യശീല്‍ദാഗ് തുര്‍ക്കിയിലെത്തി. 

നേരെ തന്റെ സഹോദരന്‍ സകി യശീല്‍ദാഗിനെ പോയി കണ്ടു. ഉര്‍ദുഗാന്‍ മേയറായിരുന്ന ഇസ്തംബൂള്‍ നഗരസഭയില്‍ അംഗമായിരുന്നു സകി. ഉര്‍ദുഗാനെ ഈ വിവരം അറിയിക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചു. നാല് മാസമാണ് അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടത്. അതിനിടക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഒത്താശയോടെ ഏതു നിമിഷവും അദ്ദേഹത്തിനെതിരെ വധശ്രമം നടന്നേക്കാം. അത് തടയാന്‍ എന്തുണ്ട് വഴി? സകിയാണ് പോംവഴി നിര്‍ദേശിച്ചത്: 'സഹോദരാ, വഴി ഞാന്‍ പറഞ്ഞുതരാം. താങ്കളും ഉര്‍ദുഗാനോടൊപ്പം ജയിലില്‍ പോകണം. ജയിലില്‍ കിടന്ന് നല്ല പരിചയമുള്ള ആളാണല്ലോ.'' 

ശരിയാണ്, ഒരുപാട് തവണ ജയിലില്‍ കിടന്ന അനുഭവമുണ്ട് ഹസന്. ക്രിമിനലായതുകൊണ്ടൊന്നുമല്ല അത്. ഏതു പ്രശ്‌നത്തിലും എടുത്തുചാടി പ്രതികരിക്കുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അതിന്റെ കെടുതികളും അനുഭവിച്ചുതുടങ്ങി. ഒരിക്കല്‍ ഹസന്‍ പഠിക്കുന്ന ക്ലാസ്സിലേക്ക് പത്തു പതിനഞ്ച് പേര്‍ വരുന്ന ഒരു സംഘം ഇരച്ചെത്തി കണ്ടവരെയെല്ലാം തല്ലിച്ചതച്ചു. ഹസന് ഇത് കണ്ടുനില്‍ക്കാനാവുമായിരുന്നില്ല. തായ്ക്വാണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റുള്ളതുകൊണ്ട് പൊരുതാനുള്ള ഉശിരും കൂടി. അക്രമികളെ ധീരമായി എതിരിട്ടെങ്കിലും ഇരുമ്പുവടികൊണ്ട് തലക്ക് അടിയേറ്റതിനാല്‍ ബോധരഹിതനായി നിലംപതിച്ചു. തലക്ക് സ്റ്റിച്ചിടേണ്ടിവന്നു. അന്നുമുതല്‍ ആള്‍ കാമ്പസിലെ 'ഹീറോ' ആയി. തുടര്‍ന്ന് അധികൃതരുടെ നോട്ടപ്പുള്ളികളായ പല ചെറുസംഘങ്ങളിലും ഹസന്‍ ചെന്നുപെട്ടു. അതിന്റെ പേരില്‍ പലതവണ ജയിലുകള്‍ കയറിയിറങ്ങേണ്ടിവന്നു. ആ 'പരിചയ'ത്തെക്കുറിച്ചാണ് സകി സൂചിപ്പിച്ചത്. 

ഹസനും ഈ നിര്‍ദേശം സ്വീകാര്യമായി. പക്ഷേ കുറ്റം ചെയ്യാതെ എങ്ങനെയാണ് ജയിലില്‍ കിടക്കുക? ഒരു സൂത്രമൊപ്പിക്കുകയേ വഴിയുള്ളൂ. നേരെ ബാങ്കിലേക്ക് നടന്നു. അവിടെനിന്ന് ഒരു ചെക് ലീഫ് സംഘടിപ്പിച്ച് തന്റെ സുഹൃത്തിന് മൂന്ന് ലക്ഷത്തില്‍പരം ലീറയുടെ ചെക്ക് എഴുതിക്കൊടുത്തു. അക്കൗണ്ടിലാണെങ്കില്‍ അത്രയും പണമില്ല. വണ്ടിച്ചെക്ക്! അത് തുര്‍ക്കിയില്‍ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കേസ് കോടതിയിലെത്തി. തടവു ശിക്ഷ ഒഴിവാക്കാനുള്ള പല മാര്‍ഗങ്ങള്‍ ജഡ്ജി പറഞ്ഞുനോക്കിയെങ്കിലും തന്നെ തടവിലിട്ടേ മതിയാവൂ എന്നായി 'പ്രതി'. ഇങ്ങനെയൊരു 'പ്രതി'യെ താന്‍ ആദ്യമായാണ് കാണുന്നതെന്ന് ജഡ്ജി. അദ്ദേഹത്തിന് തടവു ശിക്ഷ വിധിക്കുകയല്ലാതെ നിര്‍വാഹമില്ലായിരുന്നു. 

ഹസന്‍ നേരെ ഉര്‍ദുഗാനെ ചെന്നുകണ്ട് താനും ജയിലിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചു. ക്രിമിനല്‍ കുറ്റമോ കഠിനതടവോ ഒന്നുമല്ലാത്തതിനാല്‍ ജയില്‍ ഏതെന്ന് തെരഞ്ഞെടുക്കാനും തങ്ങാന്‍ പോകുന്ന ജയില്‍മുറി ക്രമീകരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം നല്‍കാറുണ്ട്. 'ബീനാര്‍ ഹിസ്വാര്‍' എന്ന ജയിലില്‍ കഴിയാം എന്നു തീരുമാനമായി. ഹസന്‍ ജയിലില്‍ ചെന്ന് ജയിലര്‍മാരുമായും ജയില്‍പുള്ളികളുമായുള്ള തന്റെ സൗഹൃദം പുതുക്കി. അവര്‍ക്ക് ഷൂവും സ്‌പോര്‍ട്‌സ് വസ്ത്രങ്ങളും സമ്മാനിച്ചു. പിന്നെ സ്വിറ്റ്‌സര്‍ലാന്റിലേക്ക് തിരിച്ചുപറന്നു. കുടുംബം അവിടെയാണ്. അവരോട് യാത്രപറഞ്ഞ ശേഷം വീണ്ടും ബീനാര്‍ ഹിസ്വാര്‍ ജയിലിലേക്ക്. ഹസന്‍ ജയിലിലെത്തിയ ദിവസം ജയിലര്‍മാര്‍ക്കും ജയില്‍പുള്ളികള്‍ക്കും ആഘോഷം തന്നെയായിരുന്നു. ഇനിയും മൂന്നു ദിവസം കഴിഞ്ഞാണ് 'മുഖ്യാതിഥി' ഉര്‍ദുഗാന്‍ എത്തിച്ചേരുക. 

അപ്പോഴേക്കും എല്ലാ സുരക്ഷാക്രമീകരണങ്ങളും ജയിലര്‍മാരെക്കൊണ്ട് ഹസന്‍ നടപ്പില്‍വരുത്തിയിരുന്നു. തങ്ങള്‍ താമസിക്കുന്ന മുറിയിലേക്ക് പുറത്തുനിന്ന് പ്രവേശിക്കാന്‍ സാധ്യതയുള്ള വഴികള്‍ അടച്ചു. പരിസരത്തെ ചലനങ്ങള്‍ കൃത്യമായി അറിയാന്‍ കാമറകള്‍ ഘടിപ്പിച്ചു. ഒരു വലിയ ടെലിവിഷന്‍ സെറ്റ് വരെ മുറിയില്‍ കൊണ്ടുവെച്ചു. 

ഉര്‍ദുഗാന്‍ ജയിലിലേക്ക് തിരിക്കാന്‍ നേരത്താണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ തൗഫീഖ് ആയ്ദാനീസ് മരിച്ച വിവരം അറിയിക്കുന്നത്. ഹസന്‍ ഏറ്റെടുത്ത ദൗത്യം മുമ്പ് ഏറ്റെടുത്തിരുന്നത് തൗഫീഖ് ആയിരുന്നു. പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു തൗഫീഖ്. ഖാസിം പാഷ തെരുവില്‍ ഉര്‍ദുഗാന്റെ ആദ്യകാല സുഹൃത്ത്. 1969-ല്‍ ബാല്‍ക്കന്‍ മേഖലാ ഗുസ്തി മത്സരത്തില്‍ ചാമ്പ്യനായിട്ടുണ്ട്. 1989-ല്‍ ബായ് ഒഗ്‌ലു നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഉര്‍ദുഗാന് വധഭീഷണിയുണ്ടായിരുന്നു. വിവരമറിഞ്ഞ തൗഫീഖ്-അദ്ദേഹവും സ്വിറ്റ്‌സര്‍ലാന്റിലായിരുന്നു-ജോലിയില്‍നിന്ന് ലീവെടുത്ത് തുര്‍ക്കിയിലെത്തി. തെരഞ്ഞെടുപ്പ് കഴിയും വരെ തന്റെ സുഹൃത്തിനൊപ്പം ഒരു ബോഡി ഗാര്‍ഡിനെപ്പോലെ നിലയുറപ്പിച്ചു. 1994-ല്‍ ഇസ്തംബൂള്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ വീണ്ടും വധഭീഷണി. തൗഫീഖ് എന്ന ആത്മസുഹൃത്ത് അപ്പോഴും ഒരു നിഴല്‍ പോലെ ഉര്‍ദുഗാനെ പിന്തുടര്‍ന്നു. എന്തൊരു യാദൃഛികത! ഒരാള്‍ വിടവാങ്ങിയപ്പോള്‍ മറ്റൊരാള്‍ സ്വമേധയാ ആ സ്ഥാനം ഏറ്റെടുക്കാന്‍ രംഗത്തെത്തിയിരിക്കുന്നു. 

മയ്യിത്ത് നമസ്‌കാരം കഴിഞ്ഞ് പുറത്തുകടന്നപ്പോള്‍ ചുറ്റും ജനമഹാസമുദ്രം. തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ യാത്രയാക്കാന്‍ വന്നിരിക്കുകയാണ്. ജനത്തിരക്ക് കാരണം താമസ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പോലും അദ്ദേഹം ബുദ്ധിമുട്ടി. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ''ഇന്ന് 1999 മാര്‍ച്ച് 26. നാളെ, ഇന്‍ശാ അല്ലാഹ്, ബലിപെരുന്നാള്‍. നിങ്ങള്‍ക്കും കുടുംബത്തിനും ലോക മുസ്‌ലിംകള്‍ക്കൊന്നാകെയും ഞാന്‍ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു.'' പിന്നെ വികാരനിര്‍ഭരമായ ഒരു പ്രസംഗം. കണ്ണുകള്‍ നിറച്ചുകൊണ്ടല്ലാതെ ഒരാള്‍ക്കും അവിടെനിന്ന് പിരിഞ്ഞുപോകാനാകുമായിരുന്നില്ല. 

ഹുസൈന്‍ ബസ്‌ലിയും ഉമര്‍ ഊസ്ബായിയും ചേര്‍ന്നെഴുതിയ 'ഒരു നേതാവിന്റെ കഥ' (ഖിസ്സ്വത്തുസഈം) എന്ന ജീവചരിത്ര കൃതിയില്‍ ഈ സംഭവം ഹൃദയത്തില്‍ തൊടുന്ന ഭാഷയില്‍ വിവരിച്ചിട്ടുണ്ട്. ഉര്‍ദുഗാന്റെ ആത്മമിത്രങ്ങളെ ചെന്നുകണ്ട് അഭിമുഖം നടത്തി രചിച്ചതാണ് ഈ കൃതി. ഉര്‍ദുഗാന്‍ ജയിലില്‍ കഴിച്ചുകൂട്ടിയ നാല് മാസങ്ങളെക്കുറിച്ച് സഹതടവുകാരനായ ഹസന്‍ വാചാലനാവുന്നുണ്ട്. ഉര്‍ദുഗാന്റെ സ്വഭാവശീലങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട് ഹസന്റെ വിവരണം. 

ജയിലിലും വളരെ തിരക്കുപിടിച്ചതായിരുന്നു ഉര്‍ദുഗാന്റെ ജീവിതമെന്ന് ഹസന്‍ ഓര്‍ക്കുന്നു. എല്ലാം വളരെ കൃത്യമായി ചെയ്തുതീര്‍ത്ത ശേഷമേ ഉറങ്ങാന്‍ കിടക്കൂ. അപ്പോള്‍ രാത്രി രണ്ടര മണിയെങ്കിലും ആയിട്ടുണ്ടാകും. ആദ്യദിവസം വളരെ ക്ഷീണിതനായതിനാല്‍ ഹസന്‍ കിടന്ന പാടെ ഉറങ്ങിപ്പോയി. എന്തോ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ ഉര്‍ദുഗാന്‍ സ്വുബ്ഹ് നമസ്‌കാരത്തിനു വേണ്ടി വുദൂ എടുക്കുകയാണ്. തട്ടിപ്പിടഞ്ഞെണീറ്റ് ഹസനും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. സ്വുബ്ഹിന്റെ ആദ്യ റക്അത്തില്‍ യാസീന്‍ അധ്യായമാണ് ഉര്‍ദുഗാന്‍ ഓതിയത്. മുഴക്കമുള്ള ആകര്‍ഷകമായ പാരായണം. നമസ്‌കാരം കഴിഞ്ഞ് ഹസന്‍ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. നമസ്‌കാരത്തിനെടുത്ത സമയം നാല്‍പ്പത്തിയഞ്ച് മിനിറ്റ്! ജയിലിലെ ആദ്യ ദിനമാണല്ലോ, മനസ്സ് പ്രക്ഷുബ്ധമായിരിക്കും, അതുകൊണ്ടായിരിക്കും മനസ്സൊന്ന് സ്വസ്ഥമാകാന്‍ നീട്ടി നമസ്‌കരിച്ചതെന്ന് ഹസന്‍ കരുതി. പക്ഷേ, രാം നാളും മൂന്നാം നാളും ഇതുതന്നെ അവസ്ഥ. ഇപ്പോള്‍ സ്വുബ്ഹ് നമസ്‌കാരസമയം ഒരു മണിക്കൂര്‍ കവിഞ്ഞിരിക്കുന്നു! 

രാത്രി വേണ്ടത്ര ഉറക്കം കിട്ടാത്തതിനാല്‍ ഹസന് പ്രഭാതത്തിലെ ദീര്‍ഘിച്ച നമസ്‌കാരം പ്രയാസകരമായി. എന്നാല്‍ ഉര്‍ദുഗാനോട് നേരില്‍ പറയാനും വയ്യ. ഒടുവില്‍ മറ്റൊരാളെക്കൊണ്ട് പറയിച്ചു. അപ്പോള്‍ ഉര്‍ദുഗാന്‍ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചു. രാത്രി സുബ്ഹി വരെയുള്ള സമയം നമുക്ക് നമ്മുടെ ജോലികളൊക്കെ ചെയ്തുതീര്‍ക്കാം. പിന്നെ നമസ്‌കരിച്ച് കിടക്കാം. ളുഹ്ര്‍ നമസ്‌കാരത്തിന്റെ തൊട്ടുമുമ്പ് ഉണര്‍ന്നാല്‍ മതിയല്ലോ. 

ജയിലില്‍ എന്താണിത്രയധികം ജോലി? ചോദ്യം സ്വാഭാവികമാണ്. ഹസന്റെ കണക്കു പ്രകാരം നാല് മാസത്തെ ജയില്‍വാസത്തിനിടക്ക് ഉര്‍ദുഗാനെ കാണാന്‍ മുപ്പത്തിനായിരത്തിലധികം സന്ദര്‍ശകര്‍ വന്നിട്ടുണ്ട്; ഒറ്റക്കും കൂട്ടായും. വിദേശികളുമുണ്ടാവും കൂട്ടത്തില്‍. പകല്‍ മുഴുവന്‍ സന്ദര്‍ശകരുമായി സംസാരിക്കുന്ന തിരക്കിലായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തകരോട് ഇനിയെങ്ങനെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകണം എന്നതിനെക്കുറിച്ചാവും ചര്‍ച്ച. സന്ദര്‍ശകബാഹുല്യം കാരണം സന്ദര്‍ശനസമയം 20 മിനിറ്റാക്കി കുറച്ചിരിക്കുന്നു. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഹസന്‍ തയാറായിരുന്നില്ല. അപ്പോഴാണ് ബാരി ലുത്ഫി എന്നൊരു സൂഹൃത്ത് സന്ദര്‍ശിക്കാനെത്തുന്നത്. 'താനെങ്ങനെ ലീഡറോടൊപ്പം ജയിലിലെത്തിപ്പെട്ടു' എന്ന ചോദ്യത്തിന് ഹസന്‍ വണ്ടിച്ചെക്ക് കഥ പറഞ്ഞുപോയി. പിന്നെയത് 'പാര'യാവുകയും ചെയ്തു. ഇതേ ലുത്ഫിയുണ്ട് രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ജയില്‍ സന്ദര്‍ശിക്കാന്‍ വരുന്നു. എന്നിട്ട് ലീഡറുമായി തനിക്ക് 45 മിനിറ്റ് സംസാരിക്കണമെന്ന് വാശിപിടിക്കുന്നു. നടക്കില്ലെന്ന് ഹസനും. അപ്പോള്‍ ലുത്ഫി: 'എങ്കില്‍ തന്റെ അക്കൗണ്ടില്‍ ഞാന്‍ ആവശ്യമുള്ളത്ര പണം നിക്ഷേപിക്കും. അപ്പോള്‍ ചെക്ക് മാറിക്കിട്ടുമല്ലോ. തനിക്ക് ജയിലില്‍നിന്ന് പുറത്തുപോകേണ്ടതായും വരും. എന്തു വേണമെന്ന് താന്‍ തന്നെ തീരുമാനിക്ക്.'' കുറച്ചു നേരം ഹസന്‍ ആലോചിച്ചുനിന്നു. പിന്നെ പറഞ്ഞു: ''താന്‍ എത്ര സമയം വേണമെങ്കിലും സംസാരിച്ചോ.'' 

രാത്രി പതിനൊന്ന് മണിയായാല്‍ സന്ദര്‍ശകപ്രവാഹം നിലക്കും. പിന്നെ കത്തുകള്‍ക്കുള്ള മറുപടിയെഴുത്താണ്. ജയിലിലായിരിക്കെ ഉര്‍ദുഗാന് കിട്ടിയ കത്തുകളുടെ എണ്ണവും ഹസന് ഓര്‍മയുണ്ട്-13000. ഓരോ ദിവസവും പോസ്റ്റുമാന് പിടിപ്പത് പണിതന്നെ. അയാള്‍ക്ക് മുഷിയേണ്ടെന്ന് കരുതി ഹസനും മറ്റു ജയില്‍പുള്ളികളും അയാള്‍ക്ക് ചോക്ലേറ്റുകളും മറ്റു സമ്മാനങ്ങളും കരുതിവെക്കും. ഓരോ കത്തും ഉര്‍ദുഗാന്‍ പൊട്ടിച്ച് വായിക്കും. ഓരോന്നിനും തന്റെ കൈപ്പടയില്‍തന്നെ മറുപടിയെഴുതണമെന്ന നിര്‍ബന്ധവും. ഇത്രയധികം കത്തുകള്‍ക്ക് ഒറ്റയാള്‍ക്ക് എങ്ങനെ മറുപടിയെഴുതാന്‍ കഴിയും? കത്തെഴുതി സഹായിക്കട്ടെ എന്ന് ചോദിച്ചാല്‍ ആരെയും അതിന് സമ്മതിക്കില്ല. കത്ത് വായിക്കുമ്പോഴും എഴുതുമ്പോഴും ഉര്‍ദുഗാന്റെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞൊലിക്കുമായിരുന്നുവെന്ന് ഹസന്‍ ഓര്‍ക്കുന്നു. അത്രക്ക് വൈകാരികവും മനസ്സിനെ സ്പര്‍ശിക്കുന്നതുമായിരിക്കും പല കത്തുകളും. 

ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒരു പെണ്‍കുട്ടി എഴുതിയിരിക്കുകയാണ്: 'ലീഡറേ, ഞാന്‍ താങ്കള്‍ക്ക് കത്തെഴുതാന്‍ പോവുകയാണെന്ന് കൂട്ടുകാരികളോട് പറഞ്ഞപ്പോള്‍ അവരെന്നെ കണക്കിന് കളിയാക്കി. 'നീയാരാ ഉര്‍ദുഗാന് കത്തെഴുതാന്‍, അദ്ദേഹം വലിയ മേയറാ. നിന്റെ കത്ത് തുറന്നുപോലും നോക്കില്ല.' ഞാനാകെ ആശയക്കുഴപ്പത്തിലായി. പിന്നെ വിചാരിച്ചു, വരുന്നതുവരട്ടെ. ഏതായാലും അദ്ദേഹത്തിന്റെ കൈകളിലൂടെ എന്റെ കത്ത് കടന്നുപോകുമല്ലോ. അതുമതി എനിക്ക്...'' ഈ കത്ത് വായിച്ച് എല്ലാവരുടെയും കണ്ണുനിറഞ്ഞു. അതിന് അരപ്പേജ് വരുന്ന മറുപടി ഉര്‍ദുഗാന്‍ എഴുതി. അഭിസംബോധന ഇങ്ങനെയായിരുന്നു: 'പ്രിയ മകളേ....'' രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയുടെ കത്ത് വീണ്ടും: 'ലീഡറേ, എന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. അങ്ങയുടെ വിലപ്പെട്ട സമയം എനിക്ക് കത്തെഴുതാന്‍ വേണ്ടി നീക്കിവെച്ചുവല്ലോ. കൂട്ടുകാരികളൊക്കെ കണ്ണുതള്ളി നില്‍പ്പാ. ഞാനവരെ തലങ്ങും വിലങ്ങും ആ കത്ത് വായിച്ചുകേള്‍പ്പിച്ചുകൊണ്ടിരിക്കുകയാ..'' മറ്റൊരു പെണ്‍കുട്ടി തന്റെ വിവാഹം നീട്ടിവെച്ചിരിക്കുകയാണെന്ന് കത്തെഴുതി. 'ആ വിവാഹത്തില്‍ അങ്ങ് പങ്കെടുക്കണമെന്നാണ് എന്റെ ആഗ്രഹം.'' ജയില്‍മോചിതനായതിനു  ശേഷം ഉര്‍ദുഗാന്‍ പങ്കെടുത്ത ആദ്യവിവാഹവും അതായിരുന്നു. 

സന്ദര്‍ശകരായെത്തുന്നവര്‍ ധാരാളം ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരും. അവയൊക്കെ ജയിലര്‍മാര്‍ക്കും ജയില്‍പുള്ളികള്‍ക്കുമിടയില്‍ വീതിക്കാറാണ് പതിവ്. പക്ഷേ വിതരണം എളുപ്പമായിരുന്നില്ല. ചില്ലറ കുശുകുശുപ്പുകള്‍ക്കും അത് ഇടവരുത്തി. ഇനി തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ പുസ്തകങ്ങള്‍ സമ്മാനമായി കൊണ്ടുവന്നാല്‍ മതിയെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. നാലു മാസത്തിനു ശേഷം അദ്ദേഹം ജയില്‍മോചിതനാവുമ്പോഴേക്ക് ബീനാര്‍ ഹിസ്വാര്‍ ജയിലില്‍ നല്ലൊരു ലൈബ്രറി ഉണ്ടായിക്കഴിഞ്ഞിരുന്നു. 

ഹസന്‍ തന്റെ ദൗത്യത്തെക്കുറിച്ച് ഒരു നിമിഷവും അശ്രദ്ധനായിരുന്നില്ല. ജയിലിലെത്തുന്ന ഓരോ തടവുപുള്ളിയെയും സന്ദര്‍ശകനെയും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചു. അവരുടെ കൂട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്റിലെ ചെങ്കീസിന്റെ ഓഫീസില്‍ താന്‍ കണ്ട ആ രണ്ട് റിട്ടയേഡ് പട്ടാളക്കാര്‍ വേഷം മാറി വരുന്നുണ്ടോ? ഒരുപക്ഷേ അവര്‍ വരില്ലായിരിക്കാം. എന്നാല്‍ മറ്റു വല്ലവരെയും വാടകക്കൊലയാളികളായി പറഞ്ഞയക്കാമല്ലോ. അപ്പോഴാണ് ഒരു പുതിയ ജയില്‍പുള്ളിയെ കാണാനിടയായത്. ഉറച്ച ശരീരം. കായികാഭ്യാസിയാണ്. ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത കുറ്റത്തിനാണ് തടവ്. ഈ പെറ്റിക്കേസ്, താന്‍ ചെയ്തതുപോലെ, ജയിലില്‍ എത്തിപ്പെടാനുള്ള ഒരു തന്ത്രമായിക്കൂടേ? ഈ കായികാഭ്യാസിയെ സന്ദര്‍ശിക്കാനെത്തുന്നവരും കായികാഭ്യാസികള്‍ തന്നെ. അയാളുടെ ശിഷ്യന്മാരാണത്രെ. ആകെക്കൂടി കാര്യങ്ങള്‍ അത്ര പന്തിയല്ല. പിന്നെയൊരിക്കലുണ്ട്, ഒരുത്തന്‍ താന്‍ ഉര്‍ദുഗാന്റെ സേവകനായി നില്‍ക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് വരുന്നു. എക്‌സ് മിലിട്ടറിയാണ്. അനുസരണക്കേടിന് പുറത്താക്കപ്പെട്ടതാണ്. അയാളെ അത്യാവശ്യത്തിനേ ജയില്‍മുറിയില്‍നിന്ന് പുറത്തുവിടാവൂ എന്ന് ഒരു ജയിലറെ കണ്ട് ശട്ടംകെട്ടി. ജയിലിലെ ഉദ്യോഗസ്ഥരെക്കുറിച്ചും കൃത്യമായ വിവരം ലഭിക്കാന്‍ പ്രയാസമായിരുന്നു. അവര്‍ പലരും വിദൂരത്തുനിന്ന് വരുന്നവരാണ്. അവരിലൊരാളായി കൊലയാളി കയറിപ്പറ്റിയാലോ? 

''ദിവസമോരോന്ന് പിന്നിടുമ്പോഴും എന്റെ അസ്വസ്ഥത വര്‍ധിച്ചുവന്നു. ഉറക്കം കേവലം മയക്കം മാത്രമായി. രാത്രി ചെറിയ അനക്കം കേട്ടാല്‍ മതി, ഞാന്‍ ജാഗരൂകനാകും. ഒരു രാത്രി മുറിയുടെ തൊട്ടപ്പുറത്തുനിന്ന് ഒരു തരം കരകരപ്പ്. അത് ഇടക്കിടെ കേള്‍ക്കുന്നുണ്ട്. ഉര്‍ദുഗാനും ആ ശബ്ദം ശ്രദ്ധിക്കാന്‍ തുടങ്ങി. ആരെങ്കിലും ജയില്‍മതില്‍ ചാടിക്കടന്നതാണെങ്കില്‍ അപായമണി മുഴങ്ങേണ്ടതാണ്. അതൊക്കെ കേടുവരുത്തിയിട്ടാവും വരവ്. അപ്പോള്‍ ഇത് അവര്‍ തന്നെ, കൊലയാളികള്‍! ഒന്നിലധികം പേരുണ്ടാവണം. ഞാന്‍ സാവധാനം ചെന്ന് അടുക്കളയിലെ ഏറ്റവും വലിയ കത്തി കൈയിലെടുത്ത് തോട്ടത്തിന് അഭിമുഖമായുള്ള വാതിലിനു പിറകെ പോയി നിന്നു. തൊട്ടപ്പുറത്ത് ഉര്‍ദുഗാന്‍ കസേരയിലിരുന്ന് എന്തോ എഴുതുന്നുണ്ട്. ഞാന്‍ ചെയ്യുന്നതൊക്കെ ശ്രദ്ധിക്കുന്നുമുണ്ട്. 

''ഇപ്പോള്‍ തോട്ടത്തിലെ ഒച്ചപ്പാടുകള്‍ അവസാനിച്ചിരിക്കുന്നു. ഞാന്‍ നില്‍ക്കുന്ന വാതിലിന്റെ തൊട്ടപ്പുറത്തുനിന്നാണ് ഇപ്പോള്‍ ശബ്ദം. അവര്‍ വാതില്‍ മുറിച്ചെടുക്കാന്‍ നോക്കുകയാവണം. ഞാന്‍ അതീവ ജാഗ്രതയില്‍ നിന്നു. ഉര്‍ദുഗാനെ ഇടങ്കണ്ണിട്ട് നോക്കി. അദ്ദേഹം വളരെ ശാന്തനായി എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാതില്‍ തുറക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. തുറന്നാല്‍ കാണുന്നത് ഒരു മുഖംമൂടിക്കാരനെയാകണം. സര്‍വശക്തിയുമെടുത്ത് അവനെ കുത്തിവീഴ്ത്തണം. ഞാന്‍ എണ്ണി: ഒന്ന്, രണ്ട്, മൂന്ന്. പിന്നെ ബിസ്മില്ലാഹ് എന്ന് ഉച്ചരിച്ച് വാതില്‍ വലിച്ചുതുറന്നു. എന്റെ മുമ്പില്‍ മുഖംമൂടിക്ക് പകരം ഒരു പെരുച്ചാഴി അന്തംവിട്ടു നില്‍ക്കുന്നു. എന്തു ചെയ്യണമെന്ന് അതിന് നിശ്ചയമില്ല. ഒരൊറ്റ ചവിട്ടിന് ഞാന്‍ അതിനെ എന്റെ ബൂട്ടിനടിയിലാക്കി. ഉര്‍ദുഗാന്റെ നേരെ നോക്കി ഞാന്‍ പറഞ്ഞു:

'പെരുച്ചാഴിയാണ്.''

'നന്നായി.''

'അതിനെ ഞാന്‍ കൊല്ലും.''

 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍