Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

കണ്ണീരില്‍ കുതിര്‍ന്ന പാരായണങ്ങള്‍

ടി.ഇ.എം റാഫി വടുതല

നമ്മുടെ കണ്ണുകള്‍ എത്രയോ കരഞ്ഞിട്ടുണ്ട്, ചുണ്ടുകള്‍ എത്രയോ വിതുമ്പിയിട്ടുണ്ട്. കൂടപ്പിറപ്പുകളുടെ നിര്യാണത്തില്‍, ഉറ്റവരുടെയും ഉടയവരുടെയും അവിചാരിതമായ വേര്‍പാടുകളില്‍. പൊന്നുപോലെ സൂക്ഷിച്ച അനര്‍ഘമായ പലതിന്റെയും നഷ്ടങ്ങളില്‍. സന്തോഷ സാഫല്യങ്ങളിലും സന്താപവേളകളിലും കണ്ണുകള്‍ നനഞ്ഞിട്ടുണ്ട്. 

സ്വന്തം രക്തമായ സഹോദരന്‍ യൂസുഫി(അ)നെ പൊട്ടക്കിണറ്റില്‍ തള്ളിയതിനു ശേഷം പിതാവ് യഅ്ഖൂബ് നബി(അ)യുടെ അടുത്ത് കള്ളം പറഞ്ഞുവന്ന സഹോദരന്മാരുടെ കപട കണ്ണുനീര്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട് (യൂസുഫ് 16). ജീവിതത്തില്‍ നിലാവും നക്ഷത്രവുമായി നിന്ന യൂസുഫിന്റെയും ബിന്‍യാമീന്റെയും നഷ്ടത്തില്‍ കാലങ്ങളോളം മനംനൊന്ത് കരഞ്ഞ വാത്സല്യനിധിയായ പിതാവ് യഅ്ഖൂബ് നബി(അ)യുടെ ദുഃഖസാന്ദ്രമായ സങ്കടക്കണ്ണീരിനെയും പ്രസ്തുത അധ്യായം പരാമര്‍ശിക്കുന്നു (യൂസുഫ് 84). മഹാനായ ഇബ്‌നുല്‍ ഖയ്യിം പത്തുതരം കണ്ണീര്‍കണങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. പടച്ചവനെ ഓര്‍ത്ത് കരഞ്ഞ അശ്രുകണങ്ങളെ അദ്ദേഹം ഒന്നാമതായി പ്രാധാന്യത്തോടെ എണ്ണുന്നു. ഖുര്‍ആന്‍ ഓതി കരയുന്ന കണ്ണീര്‍ ഭയഭക്തിയുടെ നിദര്‍ശനമെന്നും അഭികാമ്യ കര്‍മമെന്നും ഇമാം ഗസാലി ഓര്‍മപ്പെടുത്തുന്നു. വേദസൂക്തങ്ങളോതി അതിന്റെ ആശയഗാംഭീര്യത്താല്‍ പടച്ചവനെ ഓര്‍ത്ത് കരയുന്ന പ്രവാചകന്മാരുടെ സ്വഭാവമാഹാത്മ്യത്തെ ഖുര്‍ആന്‍ അനുസ്മരിക്കുന്നു:

''ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും ഇബ്‌റാഹീമിന്റെയും ഇസ്രാഈലിന്റെയും വംശത്തില്‍നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലംപതിക്കുന്നവരായിരുന്നു അവര്‍'' (മര്‍യം 58).

ഖുര്‍ആന്‍ ഒരു പര്‍വതത്തിന്റെ മുകളിലാണ് അവതീര്‍ണമായിരുന്നതെങ്കില്‍ ദൈവഭയത്താല്‍ ആ പര്‍വതം വിനീതമാവുകയും പൊട്ടിപ്പിളരുകയും ചെയ്യുമായിരുന്നു എന്ന് സൂറത്തുല്‍ ഹശ്‌റില്‍ അല്ലാഹു വ്യക്തമാക്കുന്നു. ഖുര്‍ആന്റെ ആശയവിസ്മയത്തില്‍ പൂര്‍വവേദക്കാരായ ഭക്തന്മാരുടെ ഹൃദയം ആത്മീയോത്കര്‍ഷത്താല്‍ പ്രകമ്പനം കൊള്ളുകയും കണ്ണുകള്‍ ദൈവസ്മരണയാല്‍ സജലമാവുകയും ചെയ്തിരുന്നു. അവര്‍ വേദസൂക്തങ്ങള്‍ ശ്രവിക്കുകയും സത്യസാക്ഷികളില്‍ ഉള്‍പ്പെടുത്താന്‍ കൈകളുയര്‍ത്തി നാഥനോട് കേഴുകയും ചെയ്തിരുന്നു:

''സത്യം മനസ്സിലാക്കിയതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീരൊഴുകുന്നത് നിനക്ക് കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ'' (അല്‍മാഇദ 83).

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും കേള്‍ക്കുമ്പോഴും വിശ്വാസികള്‍ക്ക് അവരുടെ ഭയഭക്തി വര്‍ധിക്കും. നാഥനെ സംബന്ധിച്ച നിത്യസ്മരണയില്‍ കണ്ണുകള്‍ കരഞ്ഞുപോകും. ആ കണ്ണീര്‍മുത്തുകള്‍ ഹൃദയത്തെയും ജീവിതത്തെയും വിമലീകരിക്കും. ആ വിശുദ്ധിയുടെ നിറവില്‍ നെറ്റിത്തടം മണ്ണില്‍ വിനയാന്വിതമായി പതിയും. വേദപാഠങ്ങളുടെ ദിവ്യജ്ഞാനം ലഭിച്ചവര്‍ വിസ്മയാവഹമായ വിശ്വാസത്തിന്റെയും ഉപാസനയുടെയും സമര്‍പ്പണത്തിന്റെയും ജീവിക്കുന്ന മാതൃകകളായിരിക്കും.

''ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കൊടുക്കാന്‍ വേണ്ടിയാണിത്. അതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു. പറയുക. നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതിനു മുമ്പേ ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ച് കേള്‍ക്കുമ്പോള്‍ മുഖം കുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്. അവര്‍ പറയും: ഞങ്ങളുടെ നാഥന്‍ എത്ര പരിശുദ്ധന്‍. ഞങ്ങളുടെ നാഥന്റെ വാഗ്ദാനം നിറവേറ്റപ്പെടുന്നതുതന്നെ. അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്നു'' (അല്‍ഇസ്രാഅ് 109).

പ്രവാചകന്‍ പല സന്ദര്‍ഭങ്ങളിലും തേങ്ങിതേങ്ങി കരഞ്ഞിട്ടുണ്ട്. താടിരോമങ്ങളിലൂടെ കണ്ണീരൊഴുകി നെഞ്ച് നനഞ്ഞിട്ടുണ്ട്. ഹൃദയപുഷ്പമായിരുന്ന പുത്രന്‍ ഇബ്‌റാഹീമിന്റെയും പ്രിയപുത്രിമാരായ റുഖിയ്യയുടെയും ഉമ്മുകൂല്‍സൂമിന്റെയും നിര്യാണത്തില്‍ നബിയുടെ നേത്രങ്ങള്‍ നനഞ്ഞിട്ടുണ്ട്. അപ്പോഴും അലമുറയിട്ട് കരയരുതെന്ന് അനുയായികളെ അദ്ദേഹം വിലക്കി. ഹൃദയം ദുഃഖിക്കും, നേത്രങ്ങള്‍ കണ്ണീരണിയും, നാമൊക്കെയും നാഥനിലേക്ക് മടങ്ങും, നമ്മുടെ നാഥന് തൃപ്തിയില്ലാത്തതൊന്നും നാം ചെയ്യരുത് എന്ന് നബി ദുഃഖവേളയിലും അനുയായികളെ ആശ്വസിപ്പിക്കും. പക്ഷേ, ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും കേള്‍ക്കുമ്പോഴും കണ്ണുകള്‍ക്കപ്പുറം പ്രവാചകന്‍ നില്‍ക്കുന്ന ഭാഗത്തെ മണ്ണും നനയുമായിരുന്നു.

ശ്രവണമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു മസ്ഊദ്. മദീനയുടെ കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്ന് ശത്രുക്കള്‍ പോലും ആ ഖുര്‍ആന്‍ പാരായണത്തിന്റെ വശ്യതയില്‍ മുഴുകിയിരിക്കുമായിരുന്നു. പ്രവാചകന്‍ പലപ്പോഴും ഇബ്‌നു മസ്ഊദിനോട് ഖുര്‍ആന്‍ ഓതിക്കൊടുക്കാന്‍ ആവശ്യപ്പെടും. വിനയഭാവത്തോടെ ആ ശിഷ്യന്‍ ഗുരുസാഗരത്തിനു മുന്നില്‍ ഖുര്‍ആന്‍ ഓതിക്കൊടുക്കും. കടലിനോട് ചേരുന്ന നിര്‍ഝരി പോലെ ആ പാരായണം ശാന്തമായി ഒഴുകും. ഒരിക്കല്‍ പ്രവാചകന്‍ ഇബ്‌നു മസ്ഊദിനോട് ആവശ്യം ആവര്‍ത്തിച്ചു. താങ്കള്‍ക്ക് അവതരിച്ച ഖുര്‍ആന്‍ ഞാന്‍ ഓതിത്തരുകയോ എന്ന് ഇബ്‌നു മസ്ഊദ് വിനയത്തോടെ ചോദിച്ചു. ഞാനല്ലാത്ത ഒരാളില്‍നിന്ന് ഖുര്‍ആന്‍ കേള്‍ക്കാന്‍ കൊതിയാകുന്നു എന്നായി നബി. ഇബ്‌നു മസ്ഊദ് സൂറത്തുന്നിസാഇന്റെ പ്രാരംഭം മുതല്‍ ഓതിത്തുടങ്ങി. പ്രവാചകന്റെ കാതുകള്‍ സാകൂതം ശ്രവിച്ചു. കണ്ണുകള്‍ ജ്വലിച്ചു. ഹൃദയത്തില്‍ ഖുര്‍ആന്റെ മാധുര്യം നിറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് സൂക്തങ്ങള്‍ ഇടിനാദം പോലെ മുഴങ്ങി. മഹ്ശറിന്റെ ഭയാനകതയെ സൂക്തം ഓര്‍മപ്പെടുത്തി. ''ഓര്‍ത്തുനോക്കുക... സകല സമുദായത്തിനും നാം അതിന്റെ സാക്ഷികളെ ഹാജരാക്കുന്ന സന്ദര്‍ഭത്തില്‍ ഇക്കൂട്ടര്‍ക്ക് സാക്ഷിയായി നിന്നെയും ഹാജരാക്കുമ്പോള്‍ ആ അവസ്ഥ എന്തായിരിക്കും!'' പ്രവാചകന്‍ വികാരാധീനനായി. പാരായണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അകക്കണ്ണുകള്‍ നിറഞ്ഞു. പുറം കണ്ണുകള്‍ കവിളിണയില്‍ ചുടുബാഷ്പം ചാര്‍ത്തി. ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന സത്യസന്ദേശത്തിന്റെ ആഴവും ഉത്തരവാദിത്തത്തിന്റെ ഗാംഭീര്യവും പ്രായോഗിക സമര്‍പ്പണത്തില്‍ കൃത്യവിലോപം സംഭവിച്ചാലുള്ള ഭയാനകമായ പരലോകാവസ്ഥയും എല്ലാം പ്രവാചകന്‍ ഓര്‍ത്തുപോയി.

ഇബ്‌നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു:  പ്രവാചക ജീവിതത്തിലെ ധന്യമായ ഏടുകളില്‍ ഏറ്റവും വിസ്മയാവഹമായ ഒരു കാര്യം ഏതാണ് എന്ന് എനിക്ക് പറഞ്ഞുതരുമോ എന്ന് ഞാന്‍ ആഇശ(റ)യോട് ചോദിച്ചു. ദീര്‍ഘനേരം തേങ്ങിക്കരഞ്ഞതിനു ശേഷം അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലിന്റെ ഏതു കാര്യവും അത്ഭുതകരമായിരുന്നു. ഒരു ദിവസം അദ്ദേഹം എന്റെയടുത്ത് വന്ന് ചോദിച്ചു: 'ആഇശാ, ഈ രാത്രി എന്റെ രക്ഷിതാവിനു ഞാന്‍ ആരാധന നടത്തുന്നതിന് നിനക്ക് വിരോധമുണ്ടോ', 'അല്ലയോ റസൂലുല്ലാഹ്, അങ്ങയുടെ സാമീപ്യം പോലെതന്നെ അങ്ങയുടെ ആഗ്രഹവും എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്. ഞാന്‍ താങ്കള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു' എന്ന് പറഞ്ഞു. ഉടനെ അധികം വെള്ളം ഉപയോഗിക്കാതെ വുദൂവെടുത്തു. നിന്ന് നമസ്‌കരിച്ചു. നീണ്ട ഖുര്‍ആന്‍ പാരായണം ചെയ്ത് കരയാന്‍ തുടങ്ങി. പിന്നീട് കൈയുയര്‍ത്തി പ്രാര്‍ഥിച്ചു. ഞാന്‍ നോക്കുമ്പോള്‍ നിലം അവിടുത്തെ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. അപ്പോള്‍ ബിലാല്‍ ബാങ്ക് വിളിക്കാനെത്തി. നബി കരഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്നത് കണ്ട് അദ്ദേഹം ചോദിച്ചു: 'ദൈവദൂതരേ, കഴിഞ്ഞതും വരാനുള്ളതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുതന്നിരിക്കെ അങ്ങ് കരയുകയാണോ?' 'ബിലാലേ ഞാന്‍ നന്ദിയുള്ളൊരു ദാസനാകേണ്ടയോ' എന്ന് മറുപടി പറഞ്ഞു. പ്രവാചകന്‍ വീണ്ടും തുടര്‍ന്നു: ബിലാലേ, ഞാനെങ്ങനെ കരയാതിരിക്കും? ഈ രാത്രി എനിക്കൊരു സൂക്തമിറങ്ങി; ഇന്നഫീ ഖല്‍ഖിസ്സമാവാത്തി വല്‍ അര്‍ദി.... ആരത് പാരായണം ചെയ്യുകയും എന്നിട്ട് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നുവോ അവനാണ് നാശം എന്ന് പ്രവാചകന്‍ താക്കീത് നല്‍കി'' (തഫ്‌സീറുല്‍ കബീര്‍, ഇമാം റാസി).

ഖുര്‍ആന്‍ പാരായണം ചെയ്തും ശ്രവിച്ചും കണ്ണീരണിഞ്ഞ പ്രവാചകന്റെ അനുയായികളും ആ പ്രവാചക പാരമ്പര്യത്തെ അനന്തരമെടുത്തിരുന്നു. കേവലം ഓതിക്കരച്ചിലായിരുന്നില്ല അത്. ഖുര്‍ആനിക ദൗത്യം ഏറ്റെടുക്കാന്‍ വേണ്ടത്ര ഭൗതിക സന്നാഹങ്ങളില്ലല്ലോ എന്നോര്‍ത്തുള്ള പൊട്ടിക്കരച്ചിലുമായിരുന്നു. ആദര്‍ശം മാറ്റുരച്ച തബൂക്ക് യുദ്ധവേളയില്‍ ഭൗതിക സൗകര്യമുള്ളവര്‍ പോലും ഉപായങ്ങള്‍ പറഞ്ഞൊപ്പിച്ച് യുദ്ധരംഗത്തുനിന്ന് മാറിനിന്നു. എന്നാല്‍ നെഞ്ചില്‍ തിരതള്ളിയ ആദര്‍ശത്തിന്റെ രണഭൂമിയിലെത്താന്‍ ഭൗതികസന്നാഹങ്ങളും സൗകര്യങ്ങളുമില്ലാത്തതിന്റെ പേരില്‍ വാവിട്ടുകരഞ്ഞുപോയ പ്രവാചകശിഷ്യന്മാരുടെ കണ്ണീര്‍കണം ഖുര്‍ആന്‍ രത്‌നശോഭയോടെ പരിചയപ്പെടുത്തുന്നു. പ്രവാചകനോടൊപ്പം സമരണാങ്കണത്തിലിറങ്ങാന്‍ അഭിലാഷമുണ്ടായിട്ടും വാഹന സൗകര്യമൊരുക്കാന്‍ പ്രവാചകനും അസാധ്യമായി. ദുഃഖം അണപൊട്ടിയൊഴുകി. കരച്ചിലടക്കാന്‍ പ്രവാചകനും ഏറെ പണിപ്പെട്ടു. ചരിത്രത്തിലിവര്‍ 'ബുകാഊന്‍' (അധികമായി കരഞ്ഞവര്‍) എന്ന് അറിയപ്പെടുന്നു. ധര്‍മസമരത്തില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ടായിട്ടും പ്രതിബന്ധങ്ങള്‍ നിമിത്തം സംബന്ധിക്കാത്തവര്‍ക്കും അവരുടെ സമര്‍പ്പണബോധം കാരണത്താല്‍ സംബന്ധിച്ചവരുടെ പുണ്യം ലഭിക്കുമെന്ന സുവാര്‍ത്ത അറിയിച്ചപ്പോഴാണ് അവരുടെ കണ്ണീര്‍പ്രവാഹത്തിന് ശമനമുണ്ടായത്:

''തങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകണമെന്ന അപേക്ഷയുമായി ഒരു വിഭാഗം നിന്റെ അടുത്തുവന്നു. നീ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ വാഹനമൊന്നും കാണുന്നില്ല. ചെലവഴിക്കാന്‍ ഒന്നും കണ്ടെത്താത്തതിന്റെ തീവ്രദുഃഖത്താല്‍ കണ്ണീര്‍കണം നിറഞ്ഞൊഴുകിക്കൊണ്ടവര്‍ മടങ്ങിപ്പോയി. അവര്‍ക്കും (യുദ്ധത്തില്‍ സംബന്ധിക്കാത്തതില്‍ കുറ്റമൊന്നുമില്ല)'' (അത്തൗബ 92).

ഖുര്‍ആന്‍ വചനങ്ങള്‍ വിശ്വാസിയുടെ ജ്വലിക്കുന്ന നേത്രങ്ങളില്‍ പ്രകാശം പരത്തും. അധരങ്ങള്‍ വിദ്യസൂക്തങ്ങളാല്‍ വാചാലമാകും. പേമാരി തേടുന്ന വേഴാമ്പലിനെ പോലെ ഹൃദയം ആശയങ്ങളെ കവര്‍ന്നെടുക്കും. ബാഷ്പജലം സ്വീകരിക്കുന്ന കാര്‍മേഘങ്ങളെ പോലെ ആത്മാവ് അതിനെ സ്വാംശീകരിക്കും. ഉപാസനകളുടെ ഏകാന്തതകളില്‍ ദൈവബോധത്തിന്റെ ഉള്‍ഭയത്താല്‍ നമസ്‌കാരപ്പായ നനക്കും. സത്യസാക്ഷ്യത്തിന്റെ പോരാട്ടഭൂമിയിലെത്താന്‍ ആ കണ്ണീര്‍കണങ്ങള്‍ ഇന്ധനം പോലെ സഹായിക്കും. നിശ്ചലമായ പാദങ്ങള്‍ പോലും നിശ്ചയദാര്‍ഢ്യത്താല്‍ ചലനാത്മകമാകും. ഖുര്‍ആനിക സാഗരത്തിന്റെ ആഴക്കടലില്‍ ഭക്തിപാരവശ്യത്തോടെ നീന്തിത്തുടിച്ച കണ്ണുകള്‍ക്കേ സമരഭൂമിയില്‍ നഗ്നനേത്രം തുറന്ന് കാവലിരിക്കാനും കഴിയൂ. അത്തരം ദൈവഭക്തിയുള്ള കണ്ണുകളേ നരകമുക്തിയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയുള്ളൂ.

അബൂഉമറില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ''രണ്ട് തുള്ളികളേക്കാളും രണ്ട് അടയാളങ്ങളേക്കാളും അല്ലാഹുവിന് പ്രിയങ്കരമായി മറ്റൊന്നുമില്ല. ദൈവഭയത്താല്‍ ഒഴുകുന്ന കണ്ണീര്‍തുള്ളി. ദൈവഭയത്താല്‍ ഒഴുകുന്ന രക്തത്തുള്ളി. രണ്ട് അടയാളങ്ങള്‍: അല്ലാഹുവിന്റെ മാര്‍ഗത്തിലെ കാല്‍പാടുകളും നിര്‍ബന്ധ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി യാത്രചെയ്ത കാലടിപ്പാടുകളും'' (തിര്‍മിദി).

''അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്ന മനുഷ്യന്‍ മൃഗത്തിന്റെ പാല്‍ അകിടിലേക്ക് മടങ്ങിപ്പോകുന്നതുവരെ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പൊടിയും നരകത്തിന്റെ പുകയും ഒരുമിച്ച് കൂടുകയില്ല'' (തിര്‍മിദി, മുസ്‌ലിം).

ഹൃദയം തുറന്നുവെച്ച ഖുര്‍ആന്‍ പാരായണത്തിലൂടെയാണ് കണ്ണുകള്‍ നനയുക, അധരങ്ങളില്‍ ഖുര്‍ആന്റെ മാധുര്യം നിറയുക. ഖുര്‍ആന്‍ ഏകാന്തതയിലെ കൂട്ടുകാരനും ഹൃദയത്തിന്റെ വസന്തവും വഴിയിലെ വെളിച്ചവുമാവുമ്പോഴാണ് അത് ജീവിതത്തിന്റെ നേരറിവാകുക. നേത്രങ്ങള്‍ ഖുര്‍ആന്റെ മുന്നില്‍ അടഞ്ഞുപോകുമ്പോഴാണ് ഹൃദയങ്ങള്‍ക്ക് പൂട്ടുവീഴുക, പാദങ്ങള്‍ നിശ്ചലമാവുക, കര്‍മാവേശം നഷ്ടപ്പെടുക. അതുവഴി ദൈവാനുഗ്രഹത്തിന്റെ സ്വര്‍ഗകവാടങ്ങള്‍ കൊട്ടിയടക്കപ്പെടും. ഇഹത്തിലും പരത്തിലും ജീവിതം കുടുസ്സായി മാറും: ''എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണ് ഉണ്ടാവുക. പുനരുത്ഥാനനാളില്‍ അവന്‍ അന്ധനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക'' (ത്വാഹാ 124). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍