Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

കര്‍മശാസ്ത്ര വിഷയങ്ങളിലെ വിശാലത

ശൈഖ് മുഹമ്മദ് കാരകുന്ന്

പതിറ്റാണ്ടുകളായി പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു പള്ളിയില്‍ മഗ്‌രിബ് നമസ്‌കാരത്തിനെത്തിയ അറിയപ്പെടുന്ന ഒരു മതപണ്ഡിതന്‍ അവിടെ കൂടിയവരെയെല്ലാം ഫര്‍ദ് നമസ്‌കാരത്തിനു മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കാന്‍ ശക്തമായി പ്രേരിപ്പിച്ചു. വളരെ പ്രബലവും പ്രധാനവുമായ പ്രവാചക ചര്യയാണ് അതെന്ന് ഊന്നിപ്പറയുകയും ചെയ്തു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സ്‌കൂള്‍ അധ്യാപകന്‍ ചോദിച്ചു: ''എന്നിട്ടെന്തേ നിങ്ങളുടെ പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഇതേവരെ ഇതൊന്നും പറഞ്ഞുതരാതിരുന്നത്? ഈ പ്രബലമായ ഹദീസ് കാണാത്തവരായിരിക്കില്ലല്ലോ അവരൊന്നും.''

പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തിലെ മുജാഹിദ് സഹോദരന്മാരുള്‍പ്പെടെ എല്ലാവരും വിത്‌റിലെ അവസാന റക്അത്തില്‍ സൂറഃ അല്‍ ഇഖ്‌ലാസ്വും മുഅവ്വദതൈനിയും പാരായണം ചെയ്യാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ പലരും സൂറഃ അല്‍ ഇഖ്‌ലാസ് മാത്രമേ ഓതാറുള്ളൂ. അക്കാലത്ത് വിത്‌റില്‍ ഖുനൂത്ത് ഓതിയിരുന്നു. അടുത്ത കാലം വരെ ആരുമിവിടെ ഇഅ്തിദാലില്‍ കൈകെട്ടിയിരുന്നില്ല. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ഇളക്കിയിരുന്നില്ല. ഇപ്പോള്‍ ചിലരെല്ലാം അങ്ങനെയൊക്കെ ചെയ്യാറുണ്ട്.

ഇവിടെയിത് കുറിച്ചത് ആരെയും കുറ്റപ്പെടുത്താനല്ല, കര്‍മശാസ്ത്ര വിഷയങ്ങളിലെ വ്യത്യസ്ത സാധ്യതകളെ സൂചിപ്പിക്കാനാണ്. രേഖപ്പെടുത്തപ്പെട്ട എല്ലാ ഹദീസുകളും കാണുകയും മനസ്സിലാക്കുകയും ചെയ്ത നിരവധി പണ്ഡിതന്മാര്‍ എക്കാലത്തും എല്ലാ നാട്ടിലുമുണ്ടായിരുന്നിട്ടുണ്ട്. എന്നാല്‍ അവരെല്ലാം മുഴുവന്‍ കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലും ഒരേ വീക്ഷണക്കാരായിരുന്നില്ല. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നവരായിരുന്നു. പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇതൊന്നും അസംഗതമോ അസ്വാഭാവികമോ അല്ല. അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ധാരാളം സാധ്യതകളുണ്ട്.

 

ഖുര്‍ആന്‍ വാക്യങ്ങളുടെ വ്യാഖ്യാനങ്ങളില്‍

ചില ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്ന് നിയമങ്ങളും വിധിവിലക്കുകളും നിര്‍ധാരണം ചെയ്യുന്നതില്‍ സ്വഹാബികള്‍ക്കിടയിലും പില്‍ക്കാല പണ്ഡിതന്മാരിലും വീക്ഷണവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. നാലാം അധ്യായത്തിലെ നാല്‍പത്തിമൂന്നാം സൂക്തത്തില്‍ വന്ന 'സ്ത്രീകളെ സ്പര്‍ശിക്കുക' (ഔലാമസ്തുമിന്നിസാഅ) എന്നതിന്റെ ഉദ്ദേശ്യം ലൈംഗിക ബന്ധമാണെന്ന് അലി, ഇബ്‌നു അബ്ബാസ്, അബൂമൂസല്‍ അശ്അരി, ഉബയ്യുബ്‌നു കഅ്ബ്, സഈദുബ്‌നു ജുബൈര്‍, ഹസന്‍ ബസ്വരി തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. ഇമാം അബൂഹനീഫയും ശിഷ്യന്മാരും സുഫ്‌യാനുസ്സൗരിയും ഈ വീക്ഷണമാണ് സ്വീകരിച്ചത്. എന്നാല്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു ഉമര്‍ തുടങ്ങിയവര്‍ ശാരീരിക സ്പര്‍ശമെന്നാണ് വിശദീകരിച്ചത്. ഇമാം ശാഫിഈ ഈ അഭിപ്രായമാണ് അംഗീകരിച്ചത്. ആദ്യ വീക്ഷണമനുസരിച്ച് സംഭോഗം സംഭവിച്ചാലേ വുദൂ മുറിയുകയുള്ളൂ. രണ്ടാമത്തെ അഭിപ്രായമനുസരിച്ച് കേവല സ്പര്‍ശത്തിലൂടെ വുദൂ മുറിയും. ചില പണ്ഡിതന്മാര്‍ രണ്ടിനെയും സംയോജിപ്പിച്ച് ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം കാമവികാരത്തോടെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്നും കേവല സ്പര്‍ശം കാരണം വുദൂ മുറിയില്ലെന്നും അഭിപ്രായപ്പെടുന്നു.

ഖുര്‍ആന്‍ അഞ്ചാം അധ്യായത്തിലെ ആറാം സൂക്തം വുദൂവിനെക്കുറിച്ച് വിശദീകരിക്കുന്നു. അതില്‍ ഖുര്‍ആന്‍ പറഞ്ഞ ക്രമം പാലിക്കല്‍ നിര്‍ബന്ധമോ അല്ലയോ, കൈകഴുകേണ്ടത് മുട്ടുവരെയോ മുട്ടുള്‍പ്പെടെയോ, ഞെരിയാണിവരെയോ ഞെരിയാണി ഉള്‍പ്പെടെയോ, തല തടവേണ്ടത് തലയില്‍നിന്ന് അല്‍പമോ തല മുഴുവനുമോ തുടങ്ങിയ കാര്യങ്ങളിലെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നുപോന്നിട്ടുണ്ട്.

നമസ്‌കാരത്തില്‍ ബിസ്മി ഓതണമോ വേണ്ടയോ, ഓതണമെങ്കില്‍ ഉറക്കെയോ മെല്ലെയോ എന്നതിലും ഭിന്നതയുണ്ട്. സ്വഹാബികളില്‍ ഉറക്കെ ഓതുന്നവരും മെല്ലെ ഓതുന്നവരും ഉണ്ടായിരുന്നുവെന്ന് ഖാസിമുബ്‌നു മുഹമ്മദ് പറയുന്നു.

 

സ്വഹാബികള്‍ക്കിടയില്‍

ഭാര്യയെ ചുംബിച്ചാല്‍ വുദൂ മുറിയുമെന്ന് ഇബ്‌നു ഉമറും മുറിയില്ലെന്ന് ആഇശയും അഭിപ്രായപ്പെടുന്നു. ജനാസ ചുമന്നാല്‍ വുദൂ മുറിയുമെന്ന് അബൂഹുറയ്‌റയും മുറിയില്ലെന്ന് ആഇശ(റ)യും പറയുന്നു. നിര്‍ബന്ധ കുളി നിര്‍വഹിക്കുമ്പോള്‍ സ്ത്രീ മുടി അഴിച്ചിടണമെന്ന് അബ്ദുല്ലാഹിബ്‌നു ഉമര്‍ അഭിപ്രായപ്പെടുമ്പോള്‍ വേണ്ടതില്ലെന്നാണ് ആഇശയുടെ വീക്ഷണം. വിവാഹമുക്തയുടെ ഇദ്ദാകാലം മൂന്നാമത്തെ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയാകുന്നതുവരെയാണെന്ന് അബൂബക്ര്‍ സിദ്ദീഖ്, ഉമറുല്‍ ഫാറൂഖ്, അലി, ഇബ്‌നു അബ്ബാസ്, അബൂമൂസല്‍ അശ്അരി, ഇബ്‌നു മസ്ഊദ് (റ) പോലുള്ള പ്രമുഖ സ്വഹാബികള്‍ അഭിപ്രായപ്പെടുന്നു. ഹനഫീ മദ്ഹബ് അംഗീകരിച്ചതും ഈ വീക്ഷണമാണ്. എന്നാല്‍ ആഇശ, ഇബ്‌നു ഉമര്‍, സൈദുബ്‌നു സാബിത്ത്(റ) തുടങ്ങിയ പ്രഗത്ഭ സ്വഹാബികള്‍ മൂന്നാമത്തെ ആര്‍ത്തവം ആരംഭിക്കുന്നതോടെ ഇദ്ദ അവസാനിക്കുമെന്ന് അഭിപ്രായപ്പെടുന്നു. ശാഫിഈ മദ്ഹബിലും മാലികീ മദ്ഹബിലും ഈ വീക്ഷണമാണുള്ളത്.

മയ്യിത്ത് കുളിപ്പിച്ചാല്‍ കുളി നിര്‍ബന്ധമാണെന്നാണ് അബൂഹുറയ്‌റയുടെ വീക്ഷണം. ആഇശ(റ) ഇത് നിരാകരിക്കുന്നു. അസ്വ്ര്‍ നമസ്‌കാരം പിന്തിക്കണമെന്ന് ആഇശയും പിന്തിക്കരുതെന്ന് ഉമ്മുസലമയും അഭിപ്രായപ്പെടുന്നു. ഇത്തരം മുപ്പതിലേറെ വിഷയങ്ങളില്‍ ആഇശ(റ)യും അബൂഹുറയ്‌റ, ജാബിര്‍, ഉമ്മു അത്വിയ്യ, ഉമ്മു സലമ, അലി, ഉമര്‍, ഇബ്‌നു അബ്ബാസ്, ഇബ്‌നുസുബൈര്‍, ഇബ്‌നു മസ്ഊദ്, സൈദുബ്‌നു സാബിത്ത്(റ) തുടങ്ങിയ മഹാന്മാരായ സ്വഹാബികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട് (വിശദവിവരങ്ങള്‍ക്ക് സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'ഹസ്രത്ത് ആഇശ' കാണുക).

ആഭരണങ്ങള്‍ക്ക് സകാത്തുണ്ടോ, ഗര്‍ഭിണിയുടെ ഇദ്ദാ കാലം എത്ര, മുലകുടി ബന്ധം സ്ഥിരപ്പെടാന്‍ എത്ര തവണ ഏതു പ്രായത്തില്‍ കുടിക്കണം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സ്വഹാബികള്‍ക്കിടയില്‍ വീക്ഷണവ്യത്യാസം നിലനിന്നിരുന്നു. തയമ്മും, മഹ്ര്‍ നിര്‍ണയം, സമരാര്‍ജിത സ്ഥലങ്ങളുടെ വീതംവെക്കല്‍ പോലുള്ള പല പ്രശ്‌നങ്ങളിലും ഉമറുല്‍ ഫാറൂഖിന്റെ വീക്ഷണങ്ങളോട് യോജിക്കാത്ത പലരും സ്വഹാബികളിലുണ്ടായിരുന്നു. അനുഷ്ഠാനകര്‍മങ്ങള്‍, ഇടപാടുകള്‍ തുടങ്ങിയ ചില വിഷയങ്ങളില്‍ പല സ്വഹാബികളും ഉസ്മാനുബ്‌നു അഫ്ഫാനോട് വിയോജിച്ചു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ പലതിലും അലി(റ)ക്ക് സ്വതന്ത്രമായ വീക്ഷണങ്ങളുണ്ടായിരുന്നു.

 

കര്‍മശാസ്ത്ര മദ്ഹബുകള്‍

കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെ വീക്ഷണവ്യത്യാസങ്ങളും വൈരുധ്യങ്ങളുമാണ് വിവിധ മദ്ഹബുകള്‍ക്ക് വഴിയൊരുക്കിയത്. അഭിപ്രായ ഭിന്നതകളില്ലാത്ത കര്‍മശാസ്ത്ര വിഷയങ്ങള്‍ വിരളമാണെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ തന്റെ മദ്ഹബ് തന്നെ പിന്തുടരണമെന്നും അതു മാത്രമേ സ്വീകരിക്കാവൂ എന്നും ഒരു ഇമാമും ശഠിച്ചിരുന്നില്ല. എന്നല്ല, ഇക്കാര്യത്തില്‍ ഉദാരമായ നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. ഇമാം ശാഫിഈ സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് സുന്നത്താണെന്ന വീക്ഷണക്കാരനാണ്. എന്നിട്ടും ബഗ്ദാദ് സന്ദര്‍ശിച്ചപ്പോള്‍ സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതിയില്ല. അതേക്കുറിച്ച് അന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞത് ഇറാഖിലാകുമ്പോള്‍ അവിടത്തുകാരുടെ മദ്ഹബും സ്വീകരിക്കാമല്ലോ എന്നാണ്.

ഇമാം ശാഫിഈ തന്റെ അഭിപ്രായങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ''എന്റെ വാക്കുകള്‍ തെറ്റാന്‍ സാധ്യതയുള്ള ശരിയാണ്. മറ്റുള്ളവരുടേത് ശരിയാകാന്‍ സാധ്യതയുള്ള തെറ്റുമാണ്.'' ശിഷ്യന്‍ അബൂയൂസുഫ് ഗുരു അബൂഹനീഫയോട് പല വിഷയങ്ങളിലും വിയോജിച്ചു. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞു: ''ഞങ്ങള്‍ പരസ്പരം യോജിക്കുന്നതില്‍ അന്യോന്യം സഹായിക്കുന്നു. പരസ്പരം ഭിന്നിക്കുന്നതില്‍ ഞങ്ങള്‍ പരസ്പരം ഒഴികഴിവ് പറയുകയും ചെയ്യുന്നു.''

മദ്ഹബുകള്‍ രൂപപ്പെട്ട ശേഷം ഇസ്‌ലാമിക സമൂഹത്തിലെ പ്രഗത്ഭ പണ്ഡിതന്മാരുള്‍പ്പെടെ പലരും കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഏതെങ്കിലും മദ്ഹബ് പിന്തുടരുകയാണുണ്ടായത്. പ്രമുഖ സലഫീ പണ്ഡിതനായ ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് പോലും ഇതിനപവാദമായിരുന്നില്ല. സുഊദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അദ്ദഅ്‌വ 1997 ഒക്‌ടോബര്‍ ലക്കത്തില്‍ 'ഇമാം മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിന്റെ പ്രബോധനം അഞ്ചാം മദ്ഹബ് അല്ല' (ദഅ്‌വത്തുല്‍ ഇമാം അഹ്മദിബ്‌നി അബ്ദില്‍ വഹാബ് ലയ്‌സത്ത് മദ്ഹബന്‍ ഖാമിസന്‍) എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലിങ്ങനെ കാണാം: ''അല്ലാഹുവിന്റെ ദീനിനെക്കുറിച്ചറിയുന്നവരും ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രബോധനത്തിന്റെ യാഥാര്‍ഥ്യമറിയുന്നവരും പറയുന്നു: 'അദ്ദേഹത്തിന്റേത് തൗഹീദ് പ്രബോധനമായിരുന്നു. ഈ പ്രബോധനത്തിന്റെ വക്താവ് താന്‍ അഞ്ചാം മദ്ഹബിന്റെ ആളാണെന്നോ തന്റെ മദ്ഹബ് വഹാബീ മദ്ഹബ് ആണെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല.' അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും പറഞ്ഞത് 'ഞങ്ങള്‍ ശാഖാപരമായ കാര്യങ്ങളില്‍ ഇമാം അഹ്മദിന്റെ മദ്ഹബിലും അഖീദയില്‍ സലഫീ മദ്ഹബിലുമാണ്' എന്നാണ്'' (പേജ് 61).

മറ്റു മദ്ഹബുകളുടെ വിധികള്‍ സ്വീകരിച്ചുകൂടെന്നോ മറ്റു മദ്ഹബുകള്‍ പിന്തുടരുന്നവര്‍ പിഴച്ചവരാണെന്നോ പ്രാമാണികരായ പണ്ഡിതന്മാരോ സൂക്ഷ്മശാലികളായ വിശ്വാസികളോ പറഞ്ഞിരുന്നില്ല. മറിച്ച്, കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഉദാര നിലപാട് സ്വീകരിക്കുകയായിരുന്നു പതിവ്.

മൂക്കില്‍നിന്ന് രക്തം വരികയോ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റെവിടെ നിന്നെങ്കിലും ധാരാളം രക്തമൊഴുകുകയോ ചെയ്താല്‍ വുദൂ മുറിയുമെന്ന അഭിപ്രായക്കാരനായിരുന്നു ഇമാം അഹ്മദ്. ധാരാളം രക്തമൊലിച്ചിട്ടും വുദൂ എടുക്കാതെ നമസ്‌കരിക്കുന്നവരെ താങ്കള്‍ തുടരുമോയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി; 'ഇമാം മാലികിന്റെയും സഈദുബ്‌നു മുസയ്യിബിന്റെയും പിന്നില്‍ ഞാനെങ്ങനെ നമസ്‌കരിക്കാതിരിക്കും' എന്നായിരുന്നു. ഇരുവരും രക്തമൊലിച്ചാല്‍ വുദൂ മുറിയില്ലെന്ന വീക്ഷണക്കാരായിരുന്നു.

തറാവീഹിന്റെ റക്അത്തുകളെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: ''റമദാന്‍ മാസത്തിലെ നമസ്‌കാരത്തിന്റെ കാര്യത്തിലാകട്ടെ, നബി(സ) അതില്‍ കൃത്യമായ എണ്ണം നിര്‍ണയിച്ചുതന്നിട്ടില്ല. എന്നാല്‍ അവിടുന്ന് റമദാനിലാകട്ടെ, അല്ലാത്ത കാലത്താകട്ടെ പതിമൂന്നില്‍ കൂടുതല്‍ നമസ്‌കരിച്ചിരുന്നില്ല. എന്നാല്‍, അവിടുന്ന് റക്അത്ത് ദീര്‍ഘിപ്പിക്കുമായിരുന്നു. ഉബയ്യുബ്‌നു കഅ്ബിന്റെ നേതൃത്വത്തില്‍ ഉമര്‍ അവരെ സംഘടിപ്പിച്ചപ്പോള്‍ അദ്ദേഹം അവര്‍ക്ക് നേതൃത്വം നല്‍കി നമസ്‌കരിച്ചത് ഇരുപതും മൂന്ന് റക്അത്ത് വിത്‌റുമായിരുന്നു. റക്അത്ത് വര്‍ധിപ്പിക്കുന്നതിനനുസരിച്ച് അദ്ദേഹം ഖുര്‍ആന്‍ പാരായണം ചുരുക്കും. ഒരു റക്അത്ത്തന്നെ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നതിലേറെ മഅ്മൂമുകള്‍ക്ക് സൗകര്യം അതാണെന്നതാണ് ഇതിനു കാരണം. പൂര്‍വഗാമികളില്‍തന്നെ ഒരു വിഭാഗം നാല്‍പതും മൂന്ന് വിത്‌റും നമസ്‌കരിക്കുന്നവരായിരുന്നു. മറ്റു ചിലര്‍ മുപ്പത്തിയാറും മൂന്ന് വിത്‌റുമാണ് നമസ്‌കരിച്ചിരുന്നത്. ഇതെല്ലാം സംഗതമാണ്. റമദാനില്‍ ഈ രീതികളില്‍ ഏതു സ്വീകരിച്ചാലും നല്ലതുതന്നെ'' (മജ്മൂഉ ഫതാവാ ശൈഖില്‍ ഇസ്‌ലാം അഹ്മദിബ്‌നിതൈമിയ്യ, ഭാഗം 2, പേജ് 272-273),

ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ എഴുതുന്നു: ''പണ്ഡിതന്മാര്‍ക്കിടയിലുള്ള മിക്ക അഭിപ്രായവ്യത്യാസങ്ങളും, പ്രത്യേകിച്ചും അയ്യാമുത്തശ്‌രീഖിലെ തക്ബീര്‍, പെരുന്നാള്‍ ദിനങ്ങളിലെ തക്ബീര്‍, ഇഹ്‌റാമിലുള്ളവന്റെ നികാഹ്, ഇബ്‌നു അബ്ബാസിന്റെയും ഇബ്‌നു മസ്ഊദിന്റെയും തശ്ശഹ്ഹുദ്, ബിസ്മി, ആമീന്‍ എന്നിവ മെല്ലെ ചൊല്ലുക, ഇഖാമത്തിലെ വാചകങ്ങള്‍ ഒറ്റയായോ ഇരട്ടയായോ പറയേണ്ടത് തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ സംഭവിക്കുന്നത് ഏത് അഭിപ്രായത്തിന് പ്രാബല്യം നല്‍കണം എന്ന കാര്യത്തില്‍ മാത്രമാണ്. ഒരു നിയമം നിയമമാണെന്ന കാര്യത്തില്‍ മുന്‍ഗാമികള്‍ ഭിന്നിച്ചിരുന്നില്ല. രണ്ടില്‍ ഏറ്റം നല്ലതേത് എന്ന കാര്യത്തിലേ ഭിന്നിപ്പുണ്ടായിരുന്നുള്ളൂ.''

ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു: ''സ്വഹാബികളിലും താബിഉകളിലും അവര്‍ക്കു ശേഷമുള്ളവരിലും ബിസ്മി ഓതുന്നവരും ഓതാത്തവരുമുണ്ടായിരുന്നു. പരസ്യമായി ഓതുന്നവരും രഹസ്യമായി ഓതുന്നവരുമുണ്ടായിരുന്നു. സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതുന്നവരും ഓതാത്തവരുമുണ്ടായിരുന്നു. കൊമ്പു വെക്കുകയോ മൂക്കില്‍നിന്ന് രക്തം വരികയോ ഛര്‍ദിക്കുകയോ ചെയ്താല്‍ വുദൂ പുതുക്കുന്നവരും പുതുക്കാത്തവരുമുണ്ടായിരുന്നു. ജനനേന്ദ്രിയം തൊട്ടാലും സ്ത്രീകളെ വികാരത്തോടെ സ്പര്‍ശിച്ചാലും വുദൂ മുറിയുമെന്ന് കരുതുന്നവരും മുറിയില്ലെന്ന് കരുതുന്നവരുമുണ്ടായിരുന്നു. തീയില്‍ ചുട്ട ഭക്ഷണമോ ഒട്ടകമാംസമോ ഭക്ഷിച്ചാല്‍ വുദൂ പുതുക്കുന്നവരും അല്ലാത്തവരുമുണ്ടായിരുന്നു'' (മുസ്‌ലിം ഐക്യം: സാധുതയും സാധ്യതയും, പേജ് 54).

സ്വഹാബികളുടെ കാലം തൊട്ടിന്നോളം കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഉദാര സമീപനവും വ്യത്യസ്ത നിലപാടുകളുമാണ് ഇസ്‌ലാമിക സമൂഹം സ്വീകരിച്ചുവന്നതെന്നത് സുവിദിതവും സംശയാതീതവുമാണെന്ന് ഇതൊക്കെയും വ്യക്തമാക്കുന്നു.

 

കേരളത്തില്‍

മയ്യിത്ത് നമസ്‌കാരത്തില്‍ രണ്ട് സലാം ഉണ്ടോ, ഖബ്‌റിന്മേല്‍ ചെടി കുത്തേണ്ടതുണ്ടോ, പെരുന്നാളില്‍ എത്ര ഖുത്വ്ബ വേണം, റുകൂഇലും സുജൂദിലും കീര്‍ത്തനങ്ങള്‍ മറന്നാല്‍ മറവിയുടെ സുജൂദ് വേണ്ടതുണ്ടോ, നമസ്‌കാരാനന്തരമുള്ള ദിക്‌റുകള്‍ മെല്ലെയാണോ ഉറക്കെയാണോ ചൊല്ലേണ്ടത്, ഉറക്കെ ചൊല്ലുന്നത് ബിദ്അത്താണോ, ആടുമാടുകളുടെ മലമൂത്രം നജസ് ആണോ അല്ലേ, തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തില്‍ കണിശത ഉണ്ടോ ഇല്ലേ, സ്ത്രീക്ക് ജുമുഅയും ജമാഅത്തും സുന്നത്താണോ അതോ അനുവദനീയമോ അതോ അനഭിലഷണീയമോ,  ഫാതിഹക്കു ശേഷം എല്ലാ റക്അത്തിലും ഏതാനും ആയത്തുകള്‍ ഓതല്‍ നിര്‍ബന്ധമുണ്ടോ തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നുപോന്നിട്ടു്. സലഫികള്‍ക്കിടയില്‍തന്നെ ഇത്തരം വിഷയങ്ങളില്‍ വീക്ഷണ വ്യത്യാസങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, ഇന്നുമുണ്ട്. ഇസ്‌ലാം അതംഗീകരിക്കുന്നുവെന്നതുതന്നെയാണിതിനു കാരണം.

കര്‍മശാസ്ത്ര പ്രശ്‌നങ്ങളില്‍ കൃത്യവും കണിശവും വ്യത്യസ്തതകള്‍ അംഗീകരിക്കാത്തതുമായ ഒരു മദ്ഹബുണ്ടാക്കി അതുതന്നെ അംഗീകരിക്കണമെന്ന് ശഠിക്കുന്നത് ഇസ്‌ലാമിക സമീപനമല്ല. ഇസ്‌ലാമികസമൂഹം ഇന്നോളം അത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല. അത്തരം തീവ്ര നിലപാടുകള്‍ ആരെങ്കിലും സ്വീകരിച്ചാല്‍ അത് ശൈഥില്യത്തിലേക്കും ആത്യന്തികതയിലേക്കുമാണ് എത്തുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍