Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

നവോത്ഥാനം ഒരു വിപ്ലവാശയമാണ്

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിട്ടുള്ള സാമൂഹികമായ ഉത്ഥാനം ബോധപൂര്‍വമായ ഒരു പ്രക്രിയയുടെ ഫലമല്ലെന്നും ചരിത്രത്തിന്റെ സ്വാഭാവികമായ പ്രവാഹത്തില്‍ സംഭവിച്ച മാറ്റം മാത്രമാണെന്നും വാദിക്കുന്നവരുണ്ട്. ഒട്ടും സത്യസന്ധമായ നിലപാടല്ല അതെന്ന് ബോധ്യമാകാന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒന്നെത്തി നോക്കിയാല്‍ മാത്രം മതിയാകും. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ ഏത് മാപിനികള്‍ വെച്ച് അളന്നാലും കേരള മുസ്‌ലിം സമൂഹത്തോട് തുലനം ചെയ്യാന്‍ യോഗ്യമായ ഒരുദാഹരണം പോലും ഇന്ത്യയിലൊരിടത്തുമില്ലെന്ന് ആര്‍ക്കും അംഗീകരിക്കേണ്ടിവരും. സാമൂഹിക മുന്നേറ്റത്തെയും ഉത്ഥാനത്തെയും ത്വരിതപ്പെടുത്തുന്ന രാഷട്രീയ കാലാവസ്ഥയും പൗരസ്വാതന്ത്ര്യവുമൊക്കെ ഇന്ത്യയില്‍ എല്ലായിടത്തും സ്വാതന്ത്ര്യത്തോടുകൂടി വന്നുചേര്‍ന്നിട്ടുണ്ടെങ്കിലും, ആ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന നിലമൊരുക്കല്‍ അവിടങ്ങളില്‍ നടക്കാത്തതാണ് ഇതര സംസ്ഥാനത്തെ മുസ്‌ലിംകള്‍ കേരള മുസ്‌ലിംകളില്‍നിന്ന് ബഹുദൂരം പിറകില്‍ നില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം. 

പത്തൊമ്പതാം ശതകത്തിന്റെ അവസാനം മുതല്‍ക്കു തന്നെ, മുസ്‌ലിം സമുദായത്തിനകത്തുനിന്ന് ചില പരിഷ്‌കരണവാദികള്‍ തങ്ങളുടെ സമൂഹം അകപ്പെട്ടിട്ടുള്ള പരിതോവസ്ഥകള്‍ തിരിച്ചറിഞ്ഞിരുന്നു. സനാഉല്ല മക്തി തങ്ങളുടെ (1847-1912) കൃതികള്‍, അദ്ദേഹം തന്റെ സമൂഹത്തിന് സംഭവിച്ചിട്ടുള്ള തകര്‍ച്ചയുടെ ആഴം തിരിച്ചറിഞ്ഞിരുന്നുവെന്നതിന്റെ പ്രകടമായ നിദര്‍ശനമാണ്. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, മുസ്‌ലിംകളുടെ ആത്മാഭിമാനം തകര്‍ക്കുകയും ആത്മവിശ്വാസം ചോര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അതോടൊപ്പം മുസ്‌ലിംകളിലെ തന്നെ പുരോഹിതന്മാര്‍ മതത്തെ ഇരുട്ടറയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. സമുദായം മലയാള ഭാഷ പഠിക്കണമെന്നും സ്ത്രീകളെ വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കണമെന്നും അന്ധവിശ്വാസങ്ങളെ ചെറുക്കണമെന്നും അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചു. വ്യവസ്ഥാപിത സംഘടനകളുടെ പിന്തുണ കൂടാതെ ഒറ്റക്കായിരുന്നു തങ്ങളുടെ പോരാട്ടം. മക്തി തങ്ങള്‍ക്കു ശേഷം, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1866-1919) സാമൂഹിക ഉണര്‍വിന്റെ ആശയങ്ങളുമായി രംഗത്തു വന്നു. മതവിദ്യാഭ്യാസത്തിന്റെ പരിഷ്‌കരണമാണ് അദ്ദേഹം പ്രധാനമായി ഊന്നിയ രംഗം. ഇവരുടെ അതേ ലക്ഷ്യങ്ങള്‍ക്കു വേണ്ടി തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ച ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ മറ്റൊരു മഹാനാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ തൊള്ളായിരത്തി ഇരുപതുകള്‍ വരെ പ്രത്യേക സംഘടനകളൊന്നും ഇല്ലാതെത്തന്നെ, സാമൂഹിക ഉണര്‍വിന്റെ ഭിന്നതലങ്ങളെ തട്ടിയുണര്‍ത്തി കടന്നുപോയ മഹാന്മാരെ മാറ്റിനിര്‍ത്തി കേരള നവോത്ഥാന ചരിത്രം വിശദീകരിക്കാനാകില്ല. മലബാര്‍ സമരം (1921) മുതല്‍ക്കാണ് മുസ്‌ലിം സാമൂഹിക ഉണര്‍വിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. ഖിലാഫത്ത് പ്രക്ഷോഭം സൃഷ്ടിച്ച അതിഭീതിദമായ രാഷ്ട്രീയ-സാമൂഹിക സന്നിഗ്ധതകളില്‍നിന്നുള്ള ബോധോദയമാണ്, ഒരു പുതിയ സാമൂഹിക ബോധത്തിലേക്കും രാഷ്ട്രീയ ഏകീകരണചിന്തയിലേക്കും മലബാറിലെ മുസ്‌ലിംകളെ ഉണര്‍ത്തിയത്. ഒറ്റപ്പെടുത്തപ്പെടലിന്റെ ഒരു തുരുത്തില്‍ ആപാദചൂഢം തകര്‍ന്ന ഒരു സമുദായത്തിന് മുന്നില്‍ അവരുടെ അതിജീവനത്തിന്റെ ഏക പോംവഴിയായി 'സംഘടിപ്പിക്കുക' എന്ന ആശയം മാത്രമാണുണ്ടായിരുന്നത്. 'ഐക്യം', 'സംഘം' തുടങ്ങിയ ചിന്തകളെ മൂര്‍ത്തമായി ഉള്‍ക്കൊള്ളാന്‍ ആ കാലഘട്ടത്തിന്റെ സമ്മര്‍ദങ്ങള്‍ കാരണമായി. മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം സീതി സാഹിബ്, കെ.എം മൗലവി, ഇ.കെ മൗലവി തുടങ്ങിയ മഹാന്മാരാണ് മലബാര്‍ സമരത്തിനു ശേഷം കൊടുങ്ങല്ലൂരില്‍ മുസ്‌ലിം ഐക്യസംഘത്തിന് ബീജാവാപം നല്‍കിയത്. തിരുവിതാംകൂറില്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി നടത്തിയ ധീരോദാത്തമായ പ്രയത്‌നങ്ങളും ഒറ്റയാള്‍ പോരാട്ടത്തിന്റെ അന്യാദൃശമായ മാതൃകയായിരുന്നു. അദ്ദേഹവും പിന്നീട് ഐക്യസംഘവുമായി കണ്ണിചേര്‍ന്നു. ദീര്‍ഘവീക്ഷണവും കാലബോധവുമുള്ള ധിഷണാശാലികള്‍ ഒരു പതിറ്റാണ്ടു കാലം ആവിഷ്‌കരിച്ചു നടപ്പാക്കിയ കര്‍മപരിപാടികള്‍ ലക്ഷണമൊത്ത ഒരു സാമൂഹിക നവോത്ഥാന പ്രസ്ഥാനമായി 'ഐക്യസംഘ'ത്തെ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തി. ഐക്യസംഘം കേവലം ഒരു മതപ്രബോധനസംഘമായിരുന്നില്ല. എന്നാല്‍ മതത്തിന്റെ പേരില്‍ നടക്കുന്ന പുരോഹിത ചൂഷണങ്ങളെയും പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് നടത്തുന്ന അന്ധവിശ്വാസ-അനാചാരങ്ങളെയും ഐക്യസംഘം നിശിതമായി ചോദ്യം ചെയ്തു. സമുദായത്തിന്റെ വിദ്യാഭ്യാസ അഭ്യുന്നതി മുഖ്യ കാര്യപരിപാടിയായി ഏറ്റെടുത്തു. വര്‍ഷംതോറും ഒത്തുചേര്‍ന്ന് സാമുദായിക ശാക്തീകരണത്തിന് കരുത്തേകി. സ്ത്രീകളെ സാമൂഹികമായി മുന്നോട്ടുകൊണ്ടുവരാന്‍ ആഹ്വാനം ചെയ്തു. രാഷ്ട്രീയ രംഗത്ത് മാര്‍ഗനിര്‍ദേശം നല്‍കി. കാര്‍ഷിക, വ്യാവസായിക രംഗത്ത് സമുദായത്തെ സജ്ജമാക്കാന്‍ ഇടപെടലുകള്‍ നടത്തി. സാമ്പത്തിക രംഗത്ത് വലിയ പ്രാധാന്യമുള്ള ബാങ്കിംഗിനെ കുറിച്ച് സംവാദങ്ങള്‍ക്ക് തിരികൊളുത്തി. ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ വിപ്ലവചിന്ത പ്രസരിപ്പിച്ച മറ്റൊരു സംഘം മലയാളികളുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ? ഐക്യസംഘത്തിന്റെ ചരിത്രം വായിച്ചിട്ടുള്ള ആരും കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ സാമൂഹിക നവോത്ഥാനം ആകസ്മികമാണെന്ന് തട്ടിവിടാന്‍ ധൈര്യം കാണിക്കുമെന്ന് തോന്നുന്നില്ല.  

ഇവിടെ വിശദീകരിച്ച 1930-കള്‍ വരെയുള്ള കാലത്ത്, സംഘടിതമായും അല്ലാതെയും വളര്‍ത്തിയെടുത്ത സാമൂഹിക നവോത്ഥാന ചിന്തയാണ് കേരള മുസ്‌ലിംകളില്‍ സത്വരമായ ഒരു ഉണര്‍വിന്റെ വിത്തു വിതച്ചത്. തദ്ദേശീയ പാരമ്പര്യ മതകലാലയങ്ങളില്‍ പഠിച്ചവര്‍ തന്നെയായിരുന്നു ആ ചിന്ത തട്ടിയുണര്‍ത്തിയത് എന്നതും ശ്രദ്ധേയമാണ്. ഈ കാലത്തുണ്ടായ നവോത്ഥാനപ്രചോദകമായ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും ഒരു ചതുരക്കൂട്ടില്‍ ഉറപ്പിക്കാന്‍ കഴിയില്ല. പൊതുവായി ഉല്‍പതിഷ്ണുക്കള്‍ എന്നു വിളിക്കാമെങ്കിലും വീക്ഷണപരമായി അവര്‍ക്കിടയില്‍ ഭിന്നതകളുണ്ടായിരുന്നു. മതപരമായ വീക്ഷണങ്ങളിലും ഭൗതികമായ സമീപനങ്ങളിലും അവരില്‍ ഭിന്നത നിലനിന്നു. രാഷ്ട്രീയമായി കോണ്‍ഗ്രസും മുസ്‌ലിം ലീഗുമായി അവര്‍ വേറിട്ടുനിന്നു. ബാങ്കിംഗ് (ഹീലത്തുര്‍രിബ) വിവാദത്തിലും ഈ വീക്ഷണഭിന്നത പുലര്‍ത്തി. മതപരമായ ആരാധനകളുടെയും ചടങ്ങുകളുടെയും ചിഹ്നങ്ങളുടെയും കാര്യത്തിലും സൂക്ഷ്മതലത്തില്‍ ഭിന്നതയും വൈവിധ്യവും അവര്‍ക്കിടയിലുണ്ടായിരുന്നു. അതൊക്കെ നിലനില്‍ക്കെ സാമൂഹികമായ ഉത്ഥാനം എന്ന നിലപാടുതറയില്‍നിന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ആ വഴിക്കു ചിന്തിക്കുമ്പോള്‍ സംയോജനത്തിന്റെ അനന്യമായ ഊര്‍ജമായിരുന്നു ഐക്യസംഘത്തിന്റെ കരുത്ത് എന്ന് വിലയിരുത്താം. ലക്ഷണങ്ങള്‍ കൊണ്ടും ഗുണവിശേഷങ്ങള്‍ കൊണ്ടും സമ്പൂര്‍ണമായി മുസ്‌ലിം ഐക്യസംഘത്തിന്റെ നേരവകാശികളാകാന്‍ യോഗ്യതയുള്ള മറ്റൊരു പ്രസ്ഥാനം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. 1932-ല്‍ ഐക്യസംഘം പ്രവര്‍ത്തനം അവസാനിപ്പിച്ചുവെങ്കിലും അത് ഉണര്‍ത്തിവിട്ട വിപ്ലവചിന്തയുടെ അലയൊലികള്‍ കേരള മുസ്‌ലിംകളുടെ ചരിത്രത്തിലുടനീളം തുടിച്ചുനില്‍ക്കുന്നുവെന്നത് വാസ്തവമാണ്. 

ഈ ചരിത്രവിവരണം, കേരളത്തിലിന്നോളം മുസ്‌ലിംകള്‍ ആര്‍ജിച്ച സകലമാന മുന്നേറ്റവും ഐക്യസംഘമോ അതിനെ അവകാശപ്പെടുന്നവരോ ഉണ്ടാക്കിയതാണ് എന്ന് വാദിച്ചുറപ്പിക്കാന്‍ വേണ്ടിയല്ല, അങ്ങനെ വാദിക്കുന്നത് ബാലിശവും ചരിത്രവിരുദ്ധവുമാണുതാനും. നവോത്ഥാന പ്രസ്ഥാനങ്ങള്‍ പാകമാക്കിയ മണ്ണില്‍, മറ്റനേകം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് മുസ്‌ലിം സമുദായത്തിന്റെ ഉന്നതി. കേരളത്തിന്റെ രാഷ്ട്രീയമായ പ്രബുദ്ധത, സാമൂഹികമായ സമാധാനം, സാര്‍വത്രിക വിദ്യാഭ്യാസം, ഭൂപരിഷ്‌കരണം, മുസ്‌ലിം ലീഗിന്റെ അധികാര പങ്കാളിത്തം, ഗള്‍ഫ് പ്രവാസം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളാണ് കേരള മുസ്‌ലിംകളെ ഇന്നുള്ള അവസ്ഥയിലേക്ക് അവരോധിച്ചത്. വിരോധാഭാസമെന്ന് വിശേഷിപ്പിക്കാമെങ്കിലും വിസ്മയാവഹമായ ഒരു കാര്യം നവോത്ഥാന കാലത്ത്, പരിഷ്‌കരണവാദികളെ കടന്നാക്രമിക്കുകയും പരിഷ്‌കരണ നടപടികള്‍ക്കെതിരെ ജനങ്ങളെ ഇളക്കിവിടുകയും ചെയ്ത യാഥാസ്ഥിതിക പണ്ഡിതന്മാരും സംഘങ്ങളും പില്‍ക്കാലത്ത് ഐക്യസംഘം പ്രസരിപ്പിച്ച സാമൂഹിക നവീകരണവിചാരത്തെ സ്വാംശീകരിക്കുകയും അത് കര്‍മതലത്തില്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു എന്നതാണ്. 

നവോത്ഥാനം, ഒരു സംഘടനയുടെ പേരല്ല. അതൊരു പ്രസ്ഥാനമാണ്. ഒരു ചിന്താരീതിയും മനോഭാവവുമാണ്. ജീവിക്കുന്ന കാലത്തെ മനുഷ്യനെ അഭിമുഖീകരിക്കുന്ന ധീരമായ ഇടപെടലാണത്. അകത്തേക്കാഞ്ഞുള്ള നോട്ടമാണ് ഇസ്വ്‌ലാഹ്. വിട്ടുവീഴ്ചയില്ലാത്ത ആത്മവിമര്‍ശനവും നിരന്തരമായ പുനപ്പരിശോധനയുമാണത്. പഴയകാലത്തെ പുതുക്കിപ്പണിത് നവോത്ഥാന നായകന്മാര്‍ അവരുടെ കാലത്തെ, അവരുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് നവീകരിക്കാനാണ് ശ്രമിച്ചത്. അച്ചടിയും ആധുനിക വിദ്യാഭ്യാസവും മെഗാഫോണും ഒരു കാലത്ത് സമൂഹത്തില്‍ വെളിച്ചം വിതറിയ ഉപകരണങ്ങളായിരുന്നു. എന്നു കരുതി എക്കാലത്തും അതങ്ങനെയാകണമെന്നില്ല. പുതിയ കാലത്ത് നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പുതിയ കാലത്തിന്റെ ഭാഷയില്‍ സംബോധന ചെയ്യാന്‍ സാധിക്കാത്തിടത്തോളം നാം നവോത്ഥാനത്തെ അവകാശപ്പെടുന്നതില്‍ അര്‍ഥമില്ല. 

സമൂഹത്തെ നിന്ന നില്‍പ്പില്‍നിന്ന് ഒരിഞ്ച് മുന്നോട്ടു നീങ്ങാനനുവദിക്കാതെ, യാഥാസ്ഥിതിക മതബോധത്തിന്റെ കയറുകെട്ടി പുറകോട്ട് വലിക്കുകയാണ് പൗരോഹിത്യം ചെയ്യുന്നത്. ഒരു കാലത്ത് പൗരോഹിത്യം അക്ഷരങ്ങള്‍ വിലക്കി, അക്ഷരങ്ങളെയും വേദസാരത്തെയും മന്ത്രതന്ത്രങ്ങളാക്കി അതിന്റെ ആശയത്തെ ബന്ദിയാക്കി. ദൈവവിശ്വാസത്തിനും മതത്തിനുമുള്ള അത്യുജ്ജ്വലമായ വിപ്ലവവീര്യവും വിമോചനസാധ്യതയും സംസ്‌കരണ ഊര്‍ജവും തല്ലിക്കെടുത്തി നിര്‍ജീവമായ ചടങ്ങുകളും ആചാരങ്ങളുമാക്കി അതിനെ മരുഭൂമിയാക്കി. ആത്മീയാനുഭവമായി ഉള്ളില്‍ ത്രസിക്കേണ്ട ദൈവവിശ്വാസത്തെ താര്‍ക്കിക ഉരുപ്പടിയായി തെരുവില്‍ തള്ളി. മന്ത്രവും മാരണവും ഉറച്ചിലും തളച്ചിലുമൊക്കെയായി ചങ്ങലയില്‍ തളയ്ക്കപ്പെട്ട മതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കുകയാണ് യഥാര്‍ഥത്തില്‍, മതത്തിനകത്തെ ഇസ്്വലാഹ്. ജീവിത യാഥാര്‍ഥ്യങ്ങളുമായി മല്ലിടുന്ന മനുഷ്യന്റെ ഉള്‍ക്കരുത്തായി മതത്തെ ശീലിപ്പിക്കുന്ന ഒരു സമീപനമാണ് നവോത്ഥാന സമീപനം. ആകാശത്തെ ആത്മീയ ജീവികളുടെ കഴിവും കഴിവുകേടും പറഞ്ഞ് കാലം കഴിക്കുന്നവര്‍ ജീവിക്കുന്ന സമൂഹത്തെ ഒരിഞ്ചും മുന്നോട്ടുകൊണ്ടുപോവുകയില്ല. 

മുസ്‌ലിം സമുദായം കേരളത്തില്‍ ഇന്നനുഭവിക്കുന്ന യാഥാസ്ഥിതികത്വം, അക്ഷരവിലക്കോ ഭൗതികരംഗത്തെ വളര്‍ച്ചയെ എതിരിടുന്ന നിഷേധാത്മകതയോ അല്ല. മറിച്ച് ഭൗതിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളും അക്കാദമിക ബിരുദങ്ങളുമെല്ലാം അതിന്റെ ഉയര്‍ന്ന തലത്തില്‍ നേടിയെടുത്തുകൊണ്ട് ബോധതലത്തില്‍ അടിച്ചേല്‍പ്പിക്കുന്ന സങ്കുചിത മതാധികാരമാണ്. ഗവേഷണാത്മകമായി മതപ്രമാണങ്ങളെയും വിവേകത്തോടെ മതനിയമങ്ങളെയും സമീപിക്കുന്നതിനെ മത നിഷേധമാക്കുന്ന ഭയാനകമായ യാഥാസ്ഥിതികത്വത്തിന്റെ പിടിയിലാണിന്ന് കേരളം. യുക്തിരഹിതവും വിവേചനരഹിതവുമായി മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും അന്ധമായി വരിക്കുന്ന അവസ്ഥയിലേക്ക് സമൂഹം ആട്ടിത്തെളിക്കപ്പെട്ടിരിക്കുന്നു. പഴയകാലത്ത് കര്‍മശാസ്ത്രസരണികളോട് കക്ഷിത്വപൂര്‍ണമായ വിധേയത്വം പുലര്‍ത്തിയതിനേക്കാള്‍ യുക്തിഹീനമായ വിധേയത്വമാണ് 'ഉലമാ'സ്ഥാനവസ്ത്രമുള്ളവരോട് അണികള്‍ പുലര്‍ത്തുന്നത്. ഒരുപക്ഷേ 'വിവരമുള്ളവരുടെ' ചിന്താപരമായ ഈ ആന്ധ്യമാണ് കള്ളംതോട്ടെ വ്യാജസിദ്ധന്മാരുടെ കന്നാസു വെള്ളത്തിന് വരിനില്‍ക്കുന്ന സാധുക്കളായ മനുഷ്യരുടെ അവസ്ഥയേക്കാള്‍ അപകടകരവും പ്രതിലോമകരവും. ദൗര്‍ഭാഗ്യവശാല്‍ ഗുരുശ്രേണിയോടുളള ഈ അന്ധമായ വിധേയത്വത്തിന്റെ കാര്യത്തില്‍ സാമ്പ്രദായിക യാഥാസ്ഥിതികരും സാമ്പ്രദായിക ഉല്‍പതിഷ്ണുക്കളും തമ്മില്‍ വലിയ അകലമില്ലെന്നതാണ് ആശ്ചര്യകരം. പത്തു നൂറ്റാണ്ടിലേറെ കാലം സഹവര്‍ത്തിത്വത്തോടെ ജീവിച്ച കേരളമണ്ണില്‍നിന്ന് ചട്ടിയും കലവുമെടുത്ത് നാടുവിടാന്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഏതാനും യുവാക്കള്‍ക്ക് പ്രേരണയായത് വൈകാരികവും യുക്തിഹീനവും അക്ഷരമാത്രവുമായ മതബോധമാണ്. പണ്ഡിതാനുകരണത്തിന്റെ അപകടകരമായ ഒരു പരിണതിയാണിത്. 

കേരള മുസ്‌ലിംകളുടെ പുരോഗമനപരമായ എല്ലാ ഈടുവെപ്പുകളെയും കൊഞ്ഞനംകുത്തുന്ന വിധം, മതത്തെ വില്‍പ്പനച്ചരക്കാക്കിയിട്ടും ചോദ്യം ചെയ്യാതെ അതിന് കീഴ്‌പ്പെടുന്ന അനുയായിവൃന്ദം ഇവിടെയുണ്ടെന്നത് തന്നെയല്ലേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രവാചകന്റെ വ്യാജമുടിയുമായി വന്ന് ജനവഞ്ചന നടത്താന്‍ ഒരു പുരോഹിതനെ ധൈര്യപ്പെടുത്തിയത്. ഈ കേശം ഒറിജിനലോ വ്യാജമോ എന്ന തര്‍ക്കത്തില്‍ ഏര്‍പ്പെടാനാണ് മുസ്‌ലിംസമുദായത്തില്‍ വലിയ വിഭാഗവും ശ്രമിച്ചത്. മറിച്ച് മതത്തെയും പ്രവാചകപാഠങ്ങളെയും ഖബ്‌റില്‍ മൂടി, ഒരു മുടി രോമത്തിലേക്ക് മതത്തെ ഒതുക്കിയതിലെ പരിഹാസ്യതയും യാഥാസ്ഥിതികതയുമായിരുന്നു അതിലേറെ ചര്‍ച്ചയാക്കേണ്ടത്. 

സാമൂഹിക നവോത്ഥാനത്തില്‍ ഇന്നും ഏറെയൊന്നും പങ്കുകിട്ടാത്ത വിഭാഗമാണ് മുസ്‌ലിം സമുദായത്തിലെ പാതിവരുന്ന സ്ത്രീകള്‍. എന്നല്ല, മുമ്പത്തെ അപേക്ഷിച്ച് വിലക്കുകളും വിരോധങ്ങളും അവളുടെ നേരെ കനക്കുകയും ചെയ്യുന്നുണ്ട്. അക്ഷരാഭ്യാസം നേടുന്നതിലോ സ്‌കൂളിലോ സര്‍വകലാശാലയിലോ വിദ്യാഭ്യാസം നേടുന്നതിലോ പ്രകടമായ വിലക്കുകള്‍ മുസ്‌ലിം സ്ത്രീകള്‍ കേരളത്തില്‍ ഇപ്പോള്‍ നേരിടുന്നില്ലെന്ന് സാമാന്യമായി പറയാം. എന്നാല്‍, രാഷ്ട്രീയ-സാമൂഹിക പദവികളുടെ കാര്യത്തില്‍ സ്ഥിതി ദയനീയമാണ്. നമ്മുടെ പാര്‍ലമെന്റ് അംഗങ്ങളിലും സാമാജികരിലും എത്ര സ്ത്രീകളുണ്ടെന്ന് നോക്കിയാല്‍ അത് ബോധ്യമാകും. മതപണ്ഡിത സഭകളില്‍ സ്ത്രീസാന്നിധ്യം നാമമാത്രം. വീടകങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണനയും അര്‍ഹമായ പദവിയും കിട്ടുന്നില്ലെന്ന് പറയുന്നതാവും സത്യം. മതത്തിന്റെ പേരില്‍, മതതത്ത്വങ്ങള്‍ക്ക് നിരക്കാത്ത സ്ത്രീ വിവേചനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. പലപ്പോഴും മുസ്‌ലിം സ്ത്രീകളുടെ ന്യായമായ അവകാശങ്ങളെക്കുറിച്ച് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ മറ്റു പാര്‍ട്ടികളിലും സമുദായങ്ങളിലുമുള്ള വിവേചനങ്ങള്‍ അക്കമിട്ട് നിരത്തി സ്വയം ന്യായീകരിക്കാനാണ് സമുദായനേതാക്കള്‍ തയാറാവുന്നത്. അത് നവോത്ഥാന അജണ്ടകളില്‍ സ്ത്രീകള്‍ കടന്നുവരുന്നില്ലെന്നാണ് ഈ അനുഭവം അടിവരയിടുന്നത്. സ്ത്രീകളുടെ വ്യക്തിത്വവും അവകാശവും നിഷേധിക്കുന്ന മുത്ത്വലാഖ്, മുഖംമൂടി വസ്ത്രരീതി (നിഖാബ്), സ്ത്രീകളുടെ അധികാര പങ്കാളിത്തം തുടങ്ങിയ പ്രശ്‌നങ്ങള്‍ സമുദായത്തില്‍ ഉന്നയിക്കപ്പെടുമ്പോള്‍ യാഥാസ്ഥിതികരും ഉല്‍പ്പതിഷ്ണുക്കളും തമ്മിലുള്ള അകലം കുറഞ്ഞുവരികയും പുരുഷാധിപത്യപരമായ നിലപാടുകള്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്നു. മുസ്‌ലിം സമുദായത്തിലെ നവോത്ഥാന മുന്നേറ്റത്തിന്റെ സങ്കോചമാണ് ഇത് വെളിച്ചത്തു കൊണ്ടുവരുന്നത്. 

പുതിയ ലോകത്ത് ജീവിക്കുന്ന മനുഷ്യന്‍ നേരിടുന്ന പ്രഹേളികകളെയും പ്രതിസന്ധികളെയും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുന്നില്‍വെച്ച് ഉരുക്കഴിക്കുകയാണ് നമ്മുടെ കാലത്ത് ചെയ്യേണ്ട നവോത്ഥാന പ്രവര്‍ത്തനം. നീതിയും നന്മയും ധാര്‍മികതയും അതിന്റെ മാനദണ്ഡമായിരിക്കണം. തീര്‍ച്ചയായും മതത്തിന്റെ മേല്‍ക്കുപ്പായമണിയിക്കപ്പെട്ട ചൂഷണങ്ങളെയും വിശ്വാസജീര്‍ണതകളെയും അന്യായമായ പുതുനിര്‍മിതികളെയും ശക്തമായി എതിര്‍ക്കുക നവോത്ഥാന പ്രവര്‍ത്തനത്തിന്റെ കാര്യപരിപാടിയില്‍ പ്രധാനം തന്നെയാണ്. എന്നാല്‍, അതിനപ്പുറത്തേക്ക് കര്‍മമണ്ഡലം വികസിക്കുന്നില്ലെങ്കില്‍ അതിനെ കാലോചിതമായ ഇസ്വ്‌ലാഹ് എന്നു വിളിക്കാനാവില്ല. അജണ്ടകളും പരിപാടികളും കാലോചിതം പരിഷ്‌കരിക്കുകയും അതിനു പാകപ്പെട്ട നിലയില്‍ സംഘടനാ സംവിധാനത്തെ നവീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കാലത്തിന്റെ മാറ്റത്തെയും മാറിവരുന്ന പ്രവണതകളെയും ഒരു സാമൂഹിക ശാസ്ത്രജ്ഞന്റെ വൈദഗ്ധ്യത്തോടെ നിരീക്ഷിച്ച് മനുഷ്യജീവിതത്തിന്റെ ഭാരം കുറക്കുകയാവണം നവോത്ഥാന പരിപാടികളുടെ മര്‍മം. കാലവും ലോകവും സമൂഹവും മാറിയത് കണക്കിലെടുക്കാതെ പണ്ട് പറഞ്ഞതുതന്നെ ആവര്‍ത്തിക്കുന്നതിനെ പുനരുദ്ധാരണം എന്നു വിളിക്കാം; അത് നവോത്ഥാനമല്ല. മതത്തിന്റെ മൗലിക വിഷയങ്ങള്‍ സ്ഥായീസ്വഭാവമുള്ളതാണ്. എന്നാല്‍ അത് അവതരിപ്പിക്കുമ്പോള്‍ സംബോധിതസമൂഹത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുള്ള ശൈലിയും സമീപനവും സ്വീകരിച്ചേ മതിയാകൂ. 

'ഐക്യസംഘ'ത്തിന്റെ പൈതൃകത്തില്‍നിന്ന് വികസിപ്പിച്ചെടുക്കേണ്ട ഒരു നവോത്ഥാന സമീപനം തീര്‍ത്തും സര്‍ഗാത്മകമായിരിക്കും, ഒട്ടും നിഷേധാത്മകമായിരിക്കുകയില്ല. നിര്‍മാണപരവും പ്രത്യുല്‍പന്നപരവുമായ കാഴ്ചപ്പാടും കര്‍മപരിപാടികളുമല്ലാതെ നിഷേധാത്മകമാവില്ല അതിന്റെ സമീപനം. എതിരാളികളായ പണ്ഡിതന്മാരെ കൂടി ക്ഷണിച്ചുകൊണ്ടാണ് കേരളത്തിലെ പ്രഥമ പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ഐക്യസംഘം രൂപം നല്‍കിയതെന്ന ചരിത്രം ഇന്ന് ഏറെ പ്രസക്തമാണ്. അഭിപ്രായഭിന്നതകളും വീക്ഷണവൈരുധ്യങ്ങളും അനവധിയുളള ധാരാളം സംഘടനകള്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിനകത്ത് ഇന്നുണ്ട്. ഈ വീക്ഷണഭിന്നത ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ചുകൊണ്ടുള്ള സഹവര്‍ത്തിത്വം ശീലിപ്പിക്കുകയാണ് ഇന്നത്തെ ആവശ്യം. വീക്ഷണഭിന്നതകള്‍ പരസ്പരം ആരോഗ്യകരമായി സംവദിക്കുകയും എന്നാല്‍ വ്യത്യസ്തകളെ സമുദായത്തില്‍നിന്നും മതത്തില്‍നിന്നും ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കാതെ വിശാലമായി ഉള്‍ക്കൊള്ളുകയും ചെയ്യണം. ഇസ്‌ലാമിക സമൂഹം, മുസ്‌ലിം ഉമ്മത്ത് തുടങ്ങിയ വാക്കുകള്‍ കൊണ്ട് വിവക്ഷിക്കുന്നത് എല്ലാ അഭിപ്രായഭിന്നതകളും വൈരുധ്യങ്ങളും നിഷ്‌കാസിതമായ സംശുദ്ധ ഐക്യസമൂഹം എന്നല്ല. അത് ലോകാന്ത്യം വരെ അസാധ്യവുമാണ്. സംവദിക്കുകയും സഹകരിക്കുകയും ചെയ്യുന്ന സാഹോദര്യമനോഭാവത്തിന്റെ ആവിഷ്‌കാരമാണ് 'മുസ്‌ലിം ഉമ്മത്ത്'  എന്നത്. ഐക്യം ഒരു അമൂര്‍ത്തമായ ആശയമാണ്. മനുഷ്യചിന്തകള്‍ ഭിന്നമായി നിലനില്‍ക്കുന്നേടത്തോളം കാലം ഒന്നിലേറെ മനുഷ്യരുള്ള ഒരു സംഘത്തില്‍ 'സമ്പൂര്‍ണ ഐക്യം' സാധിക്കുമെന്ന് തോന്നുന്നില്ല. ഒറ്റക്കല്ലില്‍ കെട്ടിയുണ്ടാക്കുന്ന ഒരു പ്രസ്ഥാനമാണ് ഇസ്‌ലാം എന്ന ധാരണയും ശരിയല്ല. സമുദായത്തിലെ ആശയവൈരുധ്യങ്ങളെ, അതിന്റെ ബൗദ്ധിക മൂലധനമായി കാണുന്ന സര്‍ഗാത്മക സമീപനമാണ് സത്യത്തില്‍ 'ഐക്യബോധം' എന്നു പറയുന്നത്. വിയോജനങ്ങളെ സംഗീതം പോലെ കേള്‍ക്കാനുള്ള ഒരു സഹിഷ്ണുത ഈ ഐക്യബോധം പ്രദാനം ചെയ്യുന്നു. സ്വര്‍ഗത്തിലേക്ക് ഒറ്റവരിപ്പാതയാണെന്ന മൗഢ്യം തിരുത്തുമ്പോള്‍ ഐക്യം യാഥാര്‍ഥ്യമാകും. സാഹോദര്യം, സഹിഷ്ണുത, സഹകരണം എന്നീ അടിസ്ഥാന ഘടകങ്ങളാണ് ഐക്യത്തിന്റെ ആണിക്കല്ല്. ആദര്‍ശത്തിലോ നിലപാടിലോ ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്ന കാരണത്താല്‍, ഒരു സംഘടന മറ്റൊരു സംഘടനയുമായി യോജിപ്പുള്ള ഒട്ടനേകം കാര്യങ്ങളില്‍ നിസ്സഹകരിക്കുന്നതാണ് നമ്മുടെ അനുഭവം. നിസ്സഹകരിക്കുക മാത്രമല്ല, നിത്യവൈരമായും കുടിപ്പകയായും അതിനെ കൊണ്ടുനടക്കുകയും ചെയ്യുന്നു! 

സാമുദായിക വികാരം കടുപ്പിക്കാന്‍ 'മുസ്‌ലിം ഐക്യം' എന്ന ആശയത്തെ ദുരുപയോഗം ചെയ്തുകൂടെന്ന കാര്യവും ചേര്‍ത്തുപറയേണ്ടതുണ്ട്. ലോകത്തും ഇന്ത്യയിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അപരത്വം അനുഭവിക്കുന്ന മുസ്‌ലിംകളില്‍ സങ്കുചിത സാമുദായികതയും വര്‍ഗീയതയും ശക്തിപ്പെടാനുള്ള സാധ്യത ചെറുതല്ല. പുതിയ തലമുറയില്‍ ആ പ്രവണത വളര്‍ന്നുവരുന്നത് കാണാനുമുണ്ട്. എന്നാല്‍ ആത്യന്തികമായി മനുഷ്യനെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ സാമുദായികതയല്ല, മാനവികതയാണ് ഇസ്‌ലാമിക സമൂഹത്തിന്റെ ലക്ഷ്യകേന്ദ്രം. അതിനാല്‍ സമുദായ ഐക്യത്തേക്കാള്‍ മതാന്തര മാനവിക ഐക്യത്തിനും മുന്നില്‍ നടക്കാന്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്. ലോകത്തിന്റെ ബഹുസ്വരഘടനയെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉന്നതമായ ജനാധിപത്യബോധത്തില്‍നിന്നാണ് മാനവികത സാക്ഷാത്കരിക്കപ്പെടുക. ഇസ്‌ലാം ബഹുസ്വരതയും ജനാധിപത്യവും ആന്തരീകരിച്ച ആശയമാണെന്ന് സമുദായത്തിനകത്തും പുറത്തും ആര്‍ജവത്തോടെ പ്രഖ്യാപിക്കാനുള്ള ബാധ്യതയും ഒരു ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ സമകാലിക ചുമതലയാണ്. 

സര്‍വതലസ്പര്‍ശിയും സമഗ്രവുമായ ഒരു നവോത്ഥാനത്തിന് ലോകവും നമ്മുടെ സമൂഹവും കാതോര്‍ക്കുന്ന ഒരു ഘട്ടമാണിത്. കൊച്ചുകൊച്ചു താല്‍പര്യങ്ങളിലും അല്‍പ്പായുസ്സായ വിവാദബഹളങ്ങളിലും ഒടുങ്ങാതെ ദീര്‍ഘവീക്ഷണവും ലക്ഷ്യബോധവുമുള്ള ഒരു ഉണര്‍വിലേക്ക് നമ്മെ നയിക്കാന്‍ കെല്‍പ്പുള്ള പ്രതിഭാശാലികളാണ് ആ ചരിത്രദൗത്യം ഏറ്റെടുക്കേണ്ടത്. ജനങ്ങള്‍ക്കു വേണ്ടി ഉയിര്‍ക്കപ്പെട്ട, നീതിക്കു സാക്ഷികളായിരിക്കുന്ന ഒരു ജനതയില്‍നിന്ന് ആ വിപ്ലവസംഘം പുറപ്പെടണമെന്ന ദൈവികനിയമം നമ്മുടെ കാലത്തും സംഭവിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം, പ്രതീക്ഷിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍