Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 23

2981

1438 റബീഉല്‍ അവ്വല്‍ 23

പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ഭരണകൂട ഭീകരത തന്നെ

കെ.പി.ഒ റഹ്മത്തുല്ല

'സായിബാബയുടെ നടപടികളെ ക്രിമിനല്‍ വക്കീലിന്റെ മനസ്സോടെ വിലയിരുത്തിയാല്‍ അദ്ദേഹത്തെ ഒട്ടും ആദരിക്കാന്‍ കഴിയില്ല എന്ന് നമ്മുടെ കെ.ടി തോമസ് പറയാറുണ്ട്. ഇന്‍കം ടാക്‌സിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും മാനങ്ങള്‍ ഉപയോഗിച്ചാല്‍ സായിബാബ കുടുങ്ങുമെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഒരുത്തന്‍ ഒരിക്കല്‍ പറഞ്ഞു''- ക്രൈസ്തവ സാഹിത്യ സമിതി പ്രസിദ്ധീകരിച്ച ഡോ. ഡി. ബാബു പോളിന്റെ 'നന്മയിലേക്കൊരു തീര്‍ത്ഥാടനം' എന്ന പുസ്തകത്തിലെ വരികളാണിത് (പേജ് 78). സായിബാബ എവിടെയും കുടുങ്ങിയതായി കേട്ടിട്ടില്ല. എന്നാല്‍  അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഡോ. സാകിര്‍ നായിക്ക് കുടുങ്ങി. ലോകത്തുടനീളം സമാധാനപരവും നിയമവിധേയവുമായ സംവാദ സദസ്സുകള്‍ സംഘടിപ്പിച്ച് പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഡോ. നായിക്ക് ജനദ്രോഹകരമായ പ്രവര്‍ത്തനം നടത്തിയതായി തെളിയിക്കപ്പെട്ടിട്ടില്ല. 

സാമൂഹിക പ്രതിബദ്ധതയുള്ള പ്രശസ്തരായ പലരും ഇന്ന് സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയരാകുന്നുണ്ട്. അതിനര്‍ഥം അവരൊക്കെ കൊടും കുറ്റവാളികളോ ഭീകരരോ ആണെന്നല്ല. നിരീക്ഷണം ഭരണകൂടബാധ്യതയാണ്. സാമൂഹികവിരുദ്ധരെയും രാജ്യദ്രോഹികളെയും കണ്ടെത്താന്‍ നിരീക്ഷണം ആവശ്യവുമാണ്. പക്ഷേ, ആടിനെ പട്ടിയാക്കുന്ന മഞ്ഞക്കണ്ണട നിരീക്ഷണം നാശത്തിലാണ് കലാശിക്കുക. ഡോ: നായിക്കിന്റെ പ്രവര്‍ത്തനം ജനവിരുദ്ധമല്ലെന്നുള്ളതിന് അടിവരയിടുന്നതാണ് ഈയിടെ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രകടിപ്പിച്ച അഭിപ്രായം. സംഘര്‍ഷത്തിന് പരിഹാരം മതസംവാദമാണെന്ന് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. സങ്കുചിത മനസ്സും പ്രതിപക്ഷ ബഹുമാനമില്ലായ്മയും അവസാനിപ്പിക്കാനും അക്രമത്തില്‍നിന്നും വിവേചനത്തില്‍നിന്നും മനുഷ്യരെ മോചിപ്പിക്കാനും മതാന്തര സംവാദങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. സ്വന്തം വിശ്വാസം ഇതര മതക്കാരെ അറിയാന്‍ ശ്രമിക്കുന്നത് കാരുണ്യ പ്രഘോഷണത്തിന്റെ ഭാഗമാണെന്ന് വത്തിക്കാനില്‍ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ഇന്റര്‍നാഷ്‌നല്‍ ഡയലോഗ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച അന്തര്‍ദേശീയ മതാന്തര സംവാദ സമ്മേളനത്തില്‍ മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. സംവാദം ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്നും സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനുള്ള അടിയന്തര ദൗത്യമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതങ്ങളുടെയും വേദങ്ങളുടെയും താരതമ്യ പഠന ഗവേഷണ വകുപ്പുകള്‍ ഇന്ന് ഒട്ടുമിക്ക യൂനിവേഴ്‌സിറ്റികളിലുമുണ്ട്. ഇവിടങ്ങളില്‍ ഉന്നത അക്കാദമിക നിലവാരത്തില്‍ മതാന്തര ഗവേഷണങ്ങളും സംവാദങ്ങളും നടന്നുവരുന്നുമുണ്ട്. ഈ യൂനിവേഴ്‌സിറ്റികളും വകുപ്പുകളും തീവ്രവാദ പ്രചാരണ കേന്ദ്രങ്ങളാണെന്ന് ഇന്നേവരെ ഒരാളും ആക്ഷേപമുന്നയിച്ചിട്ടില്ല. സാമാന്യബോധമുള്ളവരാരും അത് പറയുകയുമില്ല. അങ്ങനെ വാദിക്കുന്നവര്‍ സങ്കുചിതത്വത്തിന്റെയും അസഹിഷ്ണുതയുടെയും വക്താക്കളായിരിക്കും. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനക്ക് അനുസൃതമായി തികച്ചും നിയമവിധേയമായി പ്രവര്‍ത്തിച്ചുവരുന്ന മതാന്തര ഗവേഷണ- പഠന കേന്ദ്രമാണ് ഡോ: സാകിര്‍ നായിക്കിന്റെ മുംബൈ ആസ്ഥാനമായുള്ള  ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍. പഠനവും ഗവേഷണവും നടത്താന്‍ ആര്‍ക്കും അവിടെ സൗകര്യവും അനുവാദവുമുണ്ട്. എന്നിരിക്കെ, മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ളവരുടെ രക്ഷാകര്‍തൃത്വത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇതുപോലുള്ള സ്ഥാപനങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കെ രണ്ട് ദശാബ്ദത്തിലേറെയായി രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തെളിവുകളുടെ അഭാവത്തിലും കിണഞ്ഞുശ്രമിക്കുന്നത് എന്തിന്റെ പേരിലാണ്? 

ബാബരിധ്വംസനത്തിന്റെ കാരണക്കാരായ ബി.ജെ.പി ഇപ്പോള്‍, ആഗോളതലത്തില്‍ അറിയപ്പെടുന്ന മുസ്‌ലിംകളുടെ  ഒരു സ്ഥാപനം തകര്‍ക്കാന്‍ മുന്നിട്ടിറങ്ങുക വഴി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ ചെയ്തതായി തെളിവില്ലെങ്കിലും ഏതുവിധേനയും നമ്മുടെ രാജ്യത്തെ ഒരു പൗരനെ കൂച്ചുവിലങ്ങണിയിക്കാനുള്ള  അധികൃതരുടെ വ്യഗ്രത ഭരണകൂട ഭീകരത തന്നെയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെയും ഇടതു മതേതര സംഘടനകളുടെയും നിശ്ശബ്ദത ഭരണകൂട ഭീകരതക്ക് മൗനാനുവാദം നല്‍കലും തങ്ങളുടേതല്ലാത്ത ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്ന ഫാഷിസ്റ്റ് ക്രൂരതക്ക് ചൂട്ടുപിടിക്കലുമാണ്. 

സാകിര്‍ നായിക്കിനും അദ്ദേഹത്തിന്റെ സംഘടനക്കുമെതിരെ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് യു.എ. പി.എ അനുസരിച്ചാണ്. രാജ്യദ്രോഹ കുറ്റങ്ങള്‍ ചെയ്തവര്‍ക്കും രാജ്യത്തിന് തന്നെ ഭീഷണിയായവര്‍ക്കും എതിരെ പ്രയോഗിക്കേണ്ട നിയമമാണിത്. എന്നാല്‍ ഈ നിയമം മനുഷ്യാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും വാദിക്കുന്നു. ടാഡയും പോട്ടയും എടുത്തുകളഞ്ഞപ്പോള്‍ പകരം കൊണ്ടുവന്ന ഡ്രാക്കോണിയന്‍  നിയമമാണിത്. ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ അതിലെ പ്രതികള്‍ സാകിര്‍ നായിക്കിന്റെ പ്രഭാഷണം ശ്രവിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു ബംഗ്ലാ പത്രലേഖകനു പറ്റിയ തെറ്റാണ് സാകിര്‍ നായിക്കിനെതിരായ നടപടിയിലേക്ക് നയിച്ചത്. എന്നാല്‍ ആ പത്രപ്രവര്‍ത്തകനും പത്രവും തെറ്റായ വാര്‍ത്ത കൊടുത്തതില്‍ ഖേദം പ്രകടിപ്പിച്ചിട്ടും ഇവിടത്തെ ഫാഷിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ വെറുതെവിട്ടില്ല. സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും പുസ്തകങ്ങളും മതവിദ്വേഷം പ്രചരിപ്പിക്കുന്നവയായിരുന്നുവെന്നാണ് ആദ്യം ആരോപണം വന്നത്. രഹസ്യാന്വേഷണ വിഭാഗവും മറ്റും തലനാരിഴ കീറി പരിശോധിച്ചിട്ടും അങ്ങനെയൊന്ന് കണ്ടെത്താനായില്ല. പിന്നീട് വിദേശത്തുനിന്നും അനുമതിയില്ലാതെ പണം സ്വീകരിച്ചു എന്നായി കുറ്റം. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയില്‍ ഇതിനും തെളിവൊന്നും കിട്ടിയില്ല. പിന്നെ കാണുന്നത് ഈ മതപ്രബോധകന്റെ വഴികളടക്കാനും ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിടാനും യു.എ.പി.എ പ്രയോഗിക്കുന്നതാണ്. കൊടും വിദ്വേഷപ്രചാരകരായ തൊഗാഡിയക്കും ശശികലക്കും ഗോപാലകൃഷ്ണനും ഇല്ലാത്ത യു.എ.പി.എ സാകിര്‍ നായിക്കിനു മാത്രം.

 

ജാസിമുല്‍ മുത്വവ്വയുടേത് തത്ത്വപ്രസംഗം 

അബ്ദുല്ലത്വീഫ് അബൂദബി

പതിനെട്ട് വര്‍ഷമായി പ്രബോധനം വരിക്കാരനും വായനക്കാരനുമാണ് ഞാന്‍. തുറന്നുപറയട്ടെ, ഡോ. ജാസിമുല്‍ മുത്വവയ്യുടെ കുടുംബസംബന്ധമായ ലേഖനങ്ങള്‍, പ്രായോഗിക യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതല്ല, അപ്രായോഗികമായ തത്ത്വപ്രസംഗങ്ങളാണ്. ഒരു കഥ വായിക്കുന്ന പോലെ അത് ആസ്വദിക്കാം. മലയാളികളുടെ സാമൂഹികാവസ്ഥകളും കുടുംബപ്രശ്‌നങ്ങളും അദ്ദേഹം പറയുന്നതില്‍നിന്ന് ഭിന്നമാണ്. പ്രവാസം  കുടുംബങ്ങളില്‍ സൃഷ്ടിക്കുന്നവ ഉള്‍പ്പെടെ നമ്മുടെ കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സംഭവലോകെത്ത പരിഗണിച്ചുകൊണ്ടണ്ടുള്ള പ്രായോഗിക പരിഹാരങ്ങളാണ് ആവശ്യം; ഉട്ടോപ്യന്‍ സിദ്ധാന്തങ്ങളോ ഭാവനാ കല്‍പനകളോ അല്ല. അതുകൊണ്ട് 'കുടുംബം' പക്തിയിലെ ഈ കഥപറച്ചില്‍ തുടരാതിരിക്കുന്നത് നന്നായിരിക്കും.

 

സന്തോഷം നല്‍കുന്നു മുജാഹിദ് ഐക്യം

റമീസ്  ചേന്ദമംഗല്ലൂര്‍

2016-ലെ ഏറ്റവും സന്തോഷദായകമായ സംഭവം മുജാഹിദ് ഐക്യമാണ് എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. മുസ്‌ലിംകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, പരസ്പരം പോരടിച്ച് ഇസ്‌ലാമിക പ്രബോധനസരണിയില്‍ വിനിയോഗിക്കേണ്ട ഊര്‍ജവും സമ്പത്തും നഷ്ടപ്പെടുത്തുന്നത് കടുത്ത അക്രമമാണെന്നതില്‍ സംശയമില്ല. വൈകിയാണെങ്കിലും ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ഒന്നിക്കാന്‍ തയാറായ മുജാഹിദ് നേതാക്കളും തീരുമാനം അംഗീകരിച്ച അനുയായികളും മറ്റു പലര്‍ക്കും മാതൃകയാണ്. ഭിന്നിച്ചുനില്‍ക്കുന്ന മറ്റു വിഭാഗങ്ങളും ഈ മാതൃക പിന്‍പറ്റിയിരുന്നുവെങ്കില്‍!

 

അമേരിക്കയുടെ നയവൈകല്യങ്ങള്‍

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

ഈയിടെ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോള്‍ ഒട്ടും പ്രതീക്ഷക്ക് വകയില്ലാത്ത ഒരു മാറ്റമാണ് അവിടെ സംജാതമായിരിക്കുന്നത് എന്നു പറയാം. എന്നാല്‍ റിപ്പബ്ലിക്കന്മാര്‍ ഭരിച്ചാലും ഡെമോക്രാറ്റുകള്‍ക്ക് അധികാരം ലഭിച്ചാലും ഇസ്രയേല്‍ അനുകൂല ചായ്‌വ് അമേരിക്കയില്‍ മാറ്റമില്ലാതെ തുടരും. അത്ര ശക്തമാണ് ഇസ്രയേല്‍ അനുകൂല ലോബിയിംഗ്.

പശ്ചിമേഷ്യയിലെ അശാന്തിയുടെ പിന്നില്‍ അമേരിക്കയുടെ സൃഗാലബുദ്ധി കൂടിയു്. ആയുധക്കച്ചവടത്തിലൂടെ സാമ്പത്തികനില ഭദ്രമാക്കാന്‍ കഴിയുന്നതോടൊപ്പം, തങ്ങളുടെ ശിങ്കിടികളെ സിംഹാസനത്തില്‍ പ്രതിഷ്ഠിക്കാനും നിലനിര്‍ത്താനും ഈ അശാന്തി ഉപയോഗപ്പെടുന്നു. ഇത്തരം നയങ്ങള്‍ കൂടുക എന്നതാണ് ഡൊണാള്‍ഡ് ട്രംപില്‍നിന്ന് പ്രതീക്ഷിക്കാന്‍ പറ്റുക. അമേരിക്കയുടെ നയവൈകല്യങ്ങള്‍ വിശകലനം ചെയ്യുന്ന 'മുഖംമൂടിയില്ലാതെ ഒരു അമേരിക്കന്‍ പ്രസിഡന്റ്' എന്ന ടി.കെ.എം ഇഖ്ബാലിന്റെ ലേഖനം (ലക്കം 26) പഠനാര്‍ഹമായി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (45-47)
എ.വൈ.ആര്‍