Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

വിശുദ്ധ ഖുര്‍ആനെ സമീപിച്ചവിധം

എം.ഐ മുഹമ്മദലി സുല്ലമി

ഇമാം ശാഫിഈ(റ) യമനില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹം ശീഈ ആദര്‍ശക്കാരനാണെന്നും ബഗ്ദാദിലെ അബ്ബാസീ ഭരണകൂടത്തിനെതിരെ പോരാടാന്‍ ആളുകളെ സംഘടിപ്പിക്കുകയാണെന്നും ചിലര്‍ അന്നത്തെ ഖലീഫയായിരുന്ന ഹാറൂന്‍ റശീദിനോട് ഏഷണി പറഞ്ഞു. ഉടനെത്തന്നെ ശീഈകളുടെ ബദ്ധവൈരിയായിരുന്ന ഹാറൂന്‍ റശീദ് ശാഫിഈയെയും ശീഈ നേതാക്കളെയും പിടികൂടാന്‍ യമനിലെ ഗവര്‍ണറോട് ആജ്ഞാപിച്ചു. തദനുസാരം ശാഫിഈയെയും ശീഈ നേതാക്കളെയും പിടികൂടി കൈകാലുകള്‍ ബന്ധിച്ച നിലയില്‍ അവരെ നൂറുകണക്കിന് മൈലുകള്‍ക്കപ്പുറമുള്ള ബഗ്ദാദിലേക്ക് കൊണ്ടുപോയി.

ഇറാഖിലെ ജയിലിലടച്ച ശാഫിഈയെ വിചാരണക്കുവേണ്ടി ഹാറൂന്‍ റശീദിന്റെ മുമ്പില്‍ ഹാജരാക്കി. ശാഫിഈയുടെ സംസാരത്തില്‍നിന്ന് അദ്ദേഹം ശീഈ ആദര്‍ശക്കാരനല്ലെന്ന് ഹാറൂന്‍ റശീദിന് ബോധ്യമായി. തുടര്‍ന്ന് ശാഫിഈയെ ചങ്ങലകളില്‍നിന്ന് മോചിതനാക്കി. അദ്ദേഹത്തിന്റെ വൈജ്ഞാനിക നിലവാരം പരിശോധിക്കാന്‍ ഹാറൂന്‍ റശീദ് ചില കാര്യങ്ങള്‍ ചോദിച്ചു. അറബിഭാഷ, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അവക്കെല്ലാം വളരെ സമഗ്രമായിത്തന്നെ ഇമാം ശാഫിഈ വിശദീകരണം നല്‍കി. ഹാറൂന്‍ റശീദ് ശാഫിഈയില്‍ ആകൃഷ്ടനാവാനും അദ്ദേഹത്തോട് ആദരവ് പുലര്‍ത്താനും മറുപടികള്‍ കാരണമായി.

ശാഫിഈയോട് ഹാറൂന്‍ റശീദ് ഖുര്‍ആനെക്കുറിച്ച് ചോദിച്ചത് ഇപ്രകാരമായിരുന്നു: ''താങ്കളുടെയും എന്റെയും ബന്ധുവായ നബി(സ)ക്ക് അവതീര്‍ണമായ ഖുര്‍ആന്‍ വിജ്ഞാനത്തെക്കുറിച്ച് പറയാമോ?'' അതിന് ഇമാം ശാഫിഈ നല്‍കിയ മറുപടി കുറേ ചോദ്യങ്ങളായിരുന്നു. ഹാറൂന്‍ റശീദിനെ ഹഠാദാകര്‍ഷിച്ച ആ ചോദ്യങ്ങള്‍ ഇമാം ശാഫിഈയുടെ ഖുര്‍ആന്‍ വിജ്ഞാനീയങ്ങളിലുള്ള അവഗാഹത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു. ഇമാം ചോദിച്ചു: ''ഖുര്‍ആനില്‍ അനേകം വിജ്ഞാനങ്ങളുണ്ട്. വ്യാഖ്യാനത്തിനതീതമായ ഖണ്ഡിതമായ വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. വ്യാഖ്യാന സാധ്യതയുള്ളവയുമുണ്ട്. മുന്‍ഗണന നല്‍കപ്പെടേണ്ട വിധികളും അല്ലാത്തവയുമുണ്ട്. ദുര്‍ബലപ്പെട്ടവയും (മന്‍സൂഖ്) അവയെ ദുര്‍ബലമാക്കിയ(നാസിഖ്)വയും ഉണ്ട്. വിധികള്‍ ദുര്‍ബലമാക്കി പാരായണം നിലനിര്‍ത്തിയവയുമുണ്ട്; മറിച്ചുമുണ്ട്. ഉപമകളായി വിവരിച്ചവയും സാധന പാഠങ്ങളായി അവതരിപ്പിച്ചവയും ഖുര്‍ആനിലുണ്ട്. ഇവയില്‍ ഏതിനെ കുറിച്ചാണ് താങ്കള്‍ക്ക് അറിയേണ്ടത്?''

അതിനുപുറമെ ഖുര്‍ആനില്‍ ചരിത്ര സംഭവങ്ങള്‍ കഥിച്ചിട്ടുണ്ട്. വിധിവിലക്കുകള്‍ വിവരിച്ചിട്ടുണ്ട്. മക്കയില്‍ അവതരിപ്പിച്ച അധ്യായങ്ങളും മദീനയില്‍ ഇറക്കപ്പെട്ടതും ഖുര്‍ആനിലുണ്ട്. ഇവയില്‍ ഏതിനെക്കുറിച്ചാണ് താങ്കളുടെ ചോദ്യം? ഖുര്‍ആനിലെ വ്യാകരണ നിയമങ്ങള്‍, അധ്യായ ക്രമീകരണം, വിവിധ പാരായണ ശൈലികള്‍ തുടങ്ങി എഴുപതിലേറെ വിജ്ഞാനങ്ങള്‍ ഇമാം ശാഫിഈ എണ്ണിപ്പറഞ്ഞപ്പോള്‍ ഹാറൂന്‍ റശീദ് അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെട്ടു. ഖുര്‍ആനെക്കുറിച്ച് മാത്രമല്ല ഹദീസ്, അറബി ഭാഷ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇമാം ശാഫിഈ വിശദമായ മറുപടി നല്‍കി (ഫഖ്‌റുദ്ദീന്‍ റാസിയുടെ മനാഖിബുശ്ശാഫിഈ എന്ന കൃതിയില്‍നിന്ന്).

ഖുര്‍ആനിക വിജ്ഞാനങ്ങളില്‍ ഇമാം ശാഫിഈക്കുള്ള അഗാധ ജ്ഞാനത്തെ ഈ മറുപടി അനാവരണം ചെയ്യുന്നു. ശാഫിഈയുടെ ചരിത്രം പഠിക്കുന്ന ഒരാള്‍ക്ക്  അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍ അതിശയപ്പെടാനില്ല.

മദീനയില്‍ ഇമാം മാലികിന്റെ ശിഷ്യനായിരുന്ന ശാഫിഈ, ഗുരുനാഥന്റെ മരണശേഷം ഇറാഖിലേക്ക് പോയി. ഗ്രീക്ക്-ഇന്ത്യന്‍-റോമന്‍ തത്ത്വശാസ്ത്രങ്ങളുടെ സംഗമഭൂമിയായിരുന്ന ഇറാഖില്‍ വിവിധ തത്ത്വശാസ്ത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബൗദ്ധിക രേഖകളിലൂടെ മാത്രമേ മതത്തെയും മതവിജ്ഞാനങ്ങളെയും പഠിക്കുകയും വിശകലനം നടത്തുകയും ചെയ്യാവൂ എന്ന ചിന്ത അവിടത്തെ പണ്ഡിത കേസരികളെപ്പോലും വേട്ടയാടിയിരുന്നു.

തദ്ഫലമായി ഹദീസുകളുമായി യോജിക്കാത്ത ധാരാളം ചിന്തകള്‍ അവിടെ വ്യാപകമായി. ഖുര്‍ആനെ തങ്ങളുടെ ചിന്തകള്‍ക്ക് യോജിക്കുന്ന വിധം വ്യാഖ്യാനിക്കുകയും തങ്ങളുടെ ചിന്തകളോട് യോജിക്കാത്ത ഹദീസുകളെ നിരാകരിക്കുകയും ചെയ്യുന്ന രീതി അവിടെ സര്‍വസാധാരണമായിരുന്നു. അവിടേക്ക് കടന്നുചെന്ന ഇമാം ശാഫിഈ ചിന്തകളെയും ബൗദ്ധിക ഉല്‍പന്നങ്ങളെയും ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും വൃത്തത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഖുര്‍ആനെയും പ്രവാചകചര്യയെയും മനുഷ്യചിന്തയുടെ മൂശകളില്‍ വാര്‍ത്തെടുക്കുന്നതിനു പകരം, ചിന്തയെയും ധിഷണയെയും ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും മൂശയില്‍ വാര്‍ത്തെടുക്കാന്‍ ആഹ്വാനം ചെയ്തു. ഹനഫികളുടെ ധിഷണാ പാഠശാല (ടരവീീഹ ീള ഠവീൗഴവ)േക്ക് സമാനമായി ഇറാഖില്‍ അഹ്‌ലുല്‍ ഹദീസിന്റെ ചിന്തകളും വളര്‍ന്നുവന്നു. ഇമാം അബൂഹനീഫയുടെ പ്രമുഖ ശിഷ്യനായ ഖാദി മുഹമ്മദുള്‍പ്പെടെയുള്ള ഹനഫീ പണ്ഡിതരുമായി ഇമാം ശാഫിഈ വാഗ്വാദത്തിലേര്‍പ്പെട്ടു. ഇതുമൂലം ബൗദ്ധിക സംവാദങ്ങളിലും ഇമാം ശാഫിഈ പ്രഗത്ഭനായി.

ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനില്‍ അവഗാഹം നേടാന്‍ അനിവാര്യമായ ഭാഷാ ജ്ഞാനം, ഹദീസ് പാണ്ഡിത്യം, ശാസ്ത്ര-ചിന്താ നൈപുണ്യം എന്നിവകളിലെല്ലാം ഇമാം ശാഫിഈ അഗ്രഗണ്യനായി. ഖുര്‍ആനുമായുള്ള ബന്ധം എപ്പോഴും നിലനിര്‍ത്തുക കൂടി ചെയ്തിരുന്ന അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാണ്ഡിത്യം സര്‍വസമ്മതമായതില്‍ അത്ഭുതപ്പെടാനില്ല.

 

പണ്ഡിത പ്രമുഖരുടെ അംഗീകാരം

ഇമാം ശാഫിഈയുടെ സമകാലികനായിരുന്ന പണ്ഡിതന്‍ യൂനുസു ബ്‌നു അബ്ദുല്‍ അഅ്‌ലാ പറയുന്നു: ''ഞാന്‍ ഖുര്‍ആന്‍ വിശദീകരിക്കുന്ന ധാരാളം പണ്ഡിതരുടെ സദസ്സില്‍ സന്നിഹിതനാവുകയും അവരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇമാം ശാഫിഈ ഖുര്‍ആന്‍ വിശദീകരിക്കുമ്പോള്‍ ഖുര്‍ആന്റെ അവതരണത്തിന് സാക്ഷിയാകുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്''.1

ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പറയുന്നു: ''ഈ ഖുറൈശി യുവാവിനെപ്പോലെ ഖുര്‍ആന്‍ ഗ്രഹിച്ച മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല.''2

ഫഖ്‌റുദ്ദീന്‍ റാസി പറയുന്നു: ''ഖുര്‍ആന്‍ വിജ്ഞാനത്തിന്റെ പാരാവാരമായിരുന്നു ഇമാം ശാഫിഈ. ആ സമുദ്രത്തിന് കരയില്ല.''3

ഇമാം നവവി പറയുന്നു: ''ഖുര്‍ആനില്‍നിന്നും പ്രവാചകചര്യയില്‍നിന്നും മതവിധികള്‍ കണ്ടെത്തുന്നതില്‍ ഇമാം ശാഫിഈ അഗ്രഗണ്യനായിരുന്നു.''4

 

ഇമാം ശാഫിഈയുടെ ഖുര്‍ആന്‍ സമീപനം

''ദൈവികമതം അനുധാവനം ചെയ്യുന്നവന്‍ ഏതു പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോഴും നേരായ മാര്‍ഗം ദൈവിക ഗ്രന്ഥത്തില്‍ കണ്ടെത്താതിരിക്കില്ല.''5

ഖുര്‍ആനിന് ഇമാം ശാഫിഈ നല്‍കിയ പ്രാധാന്യം അദ്ദേഹത്തിന്റെ ഉപരിസൂചിത പ്രസ്താവനയില്‍നിന്ന് വ്യക്തമാണ്. ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളിലും സത്യത്തിന്റെ വഴി ഖുര്‍ആന്‍ വെട്ടിത്തുറക്കുന്നുവെന്ന് ഇമാം ശാഫിഈ വിശ്വസിച്ചിരുന്നു. ''അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതെല്ലാം കാരുണ്യവും രേഖയുമാകുന്നു''6 എന്ന് അദ്ദേഹം മറ്റൊരിക്കല്‍ പ്രസ്താവിച്ചതും ശ്രദ്ധേയമാണ്.

ഖുര്‍ആനില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും വെളിച്ചമുണ്ട്. ഖുര്‍ആനിലെ ഓരോ വചനവും പ്രമാണവും കാരുണ്യവുമാണ് എന്ന ശാഫിഈയുടെ പ്രസ്താവനയെ അദ്ദേഹത്തിന്റെ ജീവിതവും കൃതികളും സാക്ഷാത്കരിക്കുന്നു. സത്യവിശ്വാസിയുടെ ആദര്‍ശ വിശ്വാസങ്ങള്‍, ആരാധനാ കര്‍മങ്ങള്‍, പരസ്പര ബന്ധങ്ങള്‍, ക്രയവിക്രയങ്ങള്‍, വൈവാഹിക നിയമങ്ങള്‍, കുറ്റവും ശിക്ഷയും തുടങ്ങിയ ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ഇമാം ശാഫിഈ തന്റെ കൃതികളില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അവയില്‍ മിക്കതിനുമുള്ള തെളിവുകളായി ഖുര്‍ആന്‍ വചനങ്ങളാണ് അദ്ദേഹം ഉദ്ധരിച്ചിട്ടുള്ളതെന്ന് കാണാം.

 

ശാഫിഈയും വിശ്വാസകാര്യങ്ങളും

ഖുര്‍ആനിലും പ്രവാചകചര്യയിലും അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. അവയെ അതേപടി വിശ്വസിക്കുക; അവയെ വ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ സാദൃശ്യപ്പെടുത്തുകയോ ചെയ്യാവതല്ല. ഇതായിരുന്നു ഉത്തമ നൂറ്റാണ്ടുകളിലെ പണ്ഡിത രുടെ അധ്യാപനം. ഇമാം ശാഫിഈയും ഇതില്‍നിന്ന് വ്യത്യസ്തനായിരുന്നില്ല. പ്രമുഖ പണ്ഡിതനായിരുന്ന അബുല്‍ ഹസന്‍ അല്‍ ഹക്കാരി, ഇമാം ശാഫിഈയില്‍നിന്ന് ഉദ്ധരിക്കുന്നു. ഇമാം ശാഫിഈ പറഞ്ഞു: ''അല്ലാഹുവിനു ചില നാമങ്ങളും വിശേഷണങ്ങളുമുണ്ട്. അവയുടെ തെളിവുകള്‍ ഒരാള്‍ക്ക് ലഭ്യമായാല്‍ അവ തിരസ്‌കരിക്കാവതല്ല. തെളിവ് ലഭിച്ച ശേഷം നിഷേധിക്കുന്നവന്‍ സത്യനിഷേധിയാണ്. തെളിവ് ലഭിക്കുന്നതിന് മുമ്പ് അയാള്‍ക്ക് അറിവില്ലാത്തതിനാല്‍ കുറ്റക്കാരനാവില്ല. അവയെക്കുറിച്ചുള്ള ജ്ഞാനം ചിന്തയിലൂടെയോ ബുദ്ധിയിലൂടെയോ ലഭ്യമാവില്ല. ഈ ഗുണവിശേഷണങ്ങള്‍ അംഗീകരിക്കേണ്ടതാണ്. അവയെ സാദൃശ്യപ്പെടുത്താവതല്ല. അല്ലാഹു പറയുന്നു: ''അവനെപ്പോലെ ഒരാളുമില്ല. അവന്‍ കേള്‍ക്കുന്നവനും കാണുന്നവനുമാണ്'' (വിശുദ്ധ ഖുര്‍ആന്‍ 42:11).7

ഒരു ഗവേഷകനെ (മുജ്തഹിദ്) സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ പഠിക്കുകയും വിശദീകരിക്കുകയും ചെയ്താല്‍ മാത്രമേ ഇസ്‌ലാമിക നിയമസംഹിത(ശരീഅത്ത്)യിലെ വിധിവിലക്കുകള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍, ഇമാം ശാഫിഈ ഖുര്‍ആന്‍ വിശദീകരിച്ചു. അതിന് അദ്ദേഹം സ്വീകരിച്ച മാനദണ്ഡങ്ങള്‍ നമുക്ക് പരിശോധിക്കാം.

 

ഇമാമിന്റെ ഖുര്‍ആന്‍ വിശദീകരണം 

ഇമാം ശാഫിഈ ചെറുപ്പം മുതല്‍ ഖുര്‍ആന്‍ പഠിച്ചിരുന്നു. അതോടൊപ്പം അറബി ഭാഷയും ഹദീസും ശാസ്ത്ര യുക്തി ചിന്തകളും അദ്ദേഹം പഠിച്ചിരുന്നു. ഖുര്‍ആന്‍ പഠിക്കുന്നതിന് സ്വീകരിക്കേണ്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ഇമാം ശാഫിഈ തന്റെ അര്‍രിസാലയിലും ഇതര കൃതികളിലും വിവരിച്ചിട്ടുണ്ട്. അവയിലേക്ക് ഒരെത്തിനോട്ടം നടത്തുന്നത് സന്ദര്‍ഭോചിതമായിരിക്കും.

അറബി ഭാഷാ പരിജ്ഞാനം

ഖുര്‍ആന്‍ അവതരിപ്പിച്ചത് അറബി ഭാഷയിലാണ്. അക്കാര്യം അല്ലാഹു അനേകം വചനങ്ങളിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം ശാഫിഈ ഒട്ടേറെ ദൈവിക വചനങ്ങള്‍ തെളിവായി ഉദ്ധരിച്ചിട്ടുണ്ട്. ''നിശ്ചയമായും അത് ലോക രക്ഷിതാവില്‍നിന്ന് അവതീര്‍ണമായതാണ്. വിശ്വസ്തനായ ആത്മാവ് താങ്കളുടെ ഹൃദയത്തില്‍ അത് അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ മുന്നറിയിപ്പുകാരില്‍ പെട്ടവനാകാന്‍ വേണ്ടിയത്രെ അത്. വ്യക്തമായ അറബിഭാഷയിലാണ് അത് അവതരിപ്പിച്ചിട്ടുള്ളത്'' (26:192-195).

ഖുര്‍ആന്‍ അറബി ഭാഷയിലാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പ്രസ്താവിക്കുന്ന ധാരാളം വചനങ്ങള്‍ ഉദ്ധരിച്ച ശേഷം ഇമാം ശാഫിഈ തന്റെ അര്‍രിസാലയില്‍ ഖുര്‍ആന്‍ അറബിയേതര ഭാഷയില്‍ അവതരിപ്പിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും ഉദ്ധരിക്കുന്നു.

അറബിഭാഷയുടെ വിശാലതയും വിവിധ പദങ്ങളുടെ ആശയങ്ങളും നാനാര്‍ഥങ്ങളും പര്യായങ്ങളും ഗ്രഹിക്കാത്തവര്‍ക്ക് ഖുര്‍ആന്‍ ശരിയാംവണ്ണം മനസ്സിലാവുകയില്ലെന്ന് അദ്ദേഹം തീര്‍ത്തു പറയുന്നു.8

നബിചര്യയുടെ പ്രാധാന്യം

പരിശുദ്ധ ഖുര്‍ആന്‍ ഗ്രഹിക്കുന്നതിന് അറബിഭാഷയിലുള്ള പരിജ്ഞാനം മാത്രം മതിയാകുന്നതല്ല. ആ ഖുര്‍ആനുമായി അല്ലാഹു നിയോഗിച്ച നബി(സ) നല്‍കിയ വിശദീകരണം ഗ്രഹിക്കുകയും ചെയ്യണം. ''ജനങ്ങളിലേക്ക് അവതരിപ്പിച്ചതിനെ നീ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടിയാണ് നാം താങ്കളിലേക്ക് ഉദ്‌ബോധനം അവതരിപ്പിച്ചത്'' (വിശുദ്ധ ഖുര്‍ആന്‍ 16:44).

ഖുര്‍ആനില്‍ അനേകം വചനങ്ങളില്‍ നബി(സ)ക്ക് കിതാബിനോടൊപ്പം ഹിക്മത്തും നല്‍കിയതായി പ്രസ്താവിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു: ''ഉപരിസൂചിത വചനങ്ങളില്‍ അല്ലാഹു കിതാബിനെക്കുറിച്ച് സംസാരിക്കുന്നു. കിതാബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഖുര്‍ആനാണ്. തുടര്‍ന്ന് പറയുന്ന ഹിക്മത്തിന്റെ വിവക്ഷ നബി(സ)യുടെ ചര്യയാണെന്ന് വിശ്വസനീയരായ പല പണ്ഡിതരും പ്രസ്താവിച്ചിട്ടുണ്ട്.''9

ഖുര്‍ആന്റെ വിശദീകരണമായി നല്‍കപ്പെട്ട നബിചര്യയുടെ അനേകം ഉദാഹരണങ്ങള്‍ ഇമാം ശാഫിഈ തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നതായി കാണാം. ''മോഷണം നടത്തിയവന്റെയും നടത്തിയവളുടെയും കരങ്ങള്‍ ഛേദിക്കുക. അവര്‍ സമ്പാദിച്ചതിന്റെ പ്രതിഫലവും അല്ലാഹുവിങ്കല്‍നിന്നുള്ള ശിക്ഷയുമാണത്'' (ഖുര്‍ആന്‍ 5:28).

ഈ ആയത്തില്‍ മോഷ്ടാക്കളുടെ കൈകള്‍ മുറിക്കാന്‍ പൊതുവില്‍ ആജ്ഞാപിക്കുന്നു. ഏതു നിസ്സാര വസ്തു മോഷ്ടിച്ചവന്റെയും കൈ മുറിക്കണോ? ഇതിന്റെ പരിധി നബിചര്യയില്‍ നിശ്ചയിക്കപ്പെട്ടു. ''ഒരു പഴം പറിച്ചതിനോ ഈത്തപ്പനത്തടിയുടെ ചോറ് മോഷ്ടിച്ചതിനോ കരഛേദമില്ല. കാല്‍ ദീനാറോ അതില്‍ കൂടുതലോ മോഷ്ടിച്ചാല്‍ മാത്രമേ കൈ മുറിക്കാവൂ'' എന്ന് നബി(സ) പറഞ്ഞു.10

''നിങ്ങള്‍ നമസ്‌കാരത്തിനായി മുന്നോട്ടുവന്നാല്‍ നിങ്ങളുടെ മുഖവും കൈമുട്ടുകള്‍ വരെയും കഴുകുക. തല തടവുക. കാലുകള്‍ ഞെരിയാണി വരെയും''(അല്‍മാഇദ 6). ഈ ആയത്തിനെ പൊതുവായി പരിശോധിച്ചാല്‍, കാലുകള്‍ മുഖത്തെയും കൈകളെയും പോലെ കഴുകുകയാണോ ചെയ്യേണ്ടത്? അതോ, തല പോലെ തടവുകയാണോ ചെയ്യേണ്ടത്? അതുമല്ല, ചില ശുദ്ധീകരണങ്ങളില്‍ തടവുകയും മറ്റു ചിലതില്‍ കഴുകുകയുമാണോ ചെയ്യേണ്ടത്? ആയത്തില്‍നിന്ന് അത് വ്യക്തമല്ല. എന്നാല്‍ നബി(സ) ഷൂ തടവുകയും പൂര്‍ണമായ ശൂചീകരണാനന്തരം കാലുകളില്‍ ഷൂ ധരിച്ചവരോട് അവ തടവാന്‍ കല്‍പിക്കുകയും ചെയ്തു. ഈ നബിചര്യയില്‍നിന്ന് ചില സന്ദര്‍ഭങ്ങളില്‍ കാലുകള്‍ തടവിയാല്‍ മതിയെന്നും അല്ലാത്ത വേളകളില്‍ കാലുകള്‍ കഴുകണമെന്നും മനസ്സിലായി.11 ഇമാംശാഫിഈയുടെ കൃതികള്‍ പരിശോധിച്ചാല്‍ ഇത്തരം ഉദാഹരണങ്ങള്‍ വേറെയും കാണാം.

 

ദുര്‍ബലപ്പെടുത്തപ്പെട്ട വിധികളും നബിചര്യയും

നേരത്തേയുണ്ടായിരുന്ന ഒരു മതവിധിയെ നീക്കം ചെയ്ത ശേഷം മറ്റൊരു വിധിയെ തല്‍സ്ഥാനത്ത് കൊണ്ടുവരുന്നതിനാണ് അറബി ഭാഷയില്‍ നസ്ഖ് എന്നു പറയുന്നത്. മനുഷ്യരുടെ ബുദ്ധിപരവും ശാസ്ത്രീയവുമായ വികാസ സങ്കോചങ്ങള്‍ക്ക് അനുസൃതമായി മനുഷ്യനന്മക്കു വേണ്ടി അല്ലാഹു വിധിവിലക്കുകളില്‍ മാറ്റം വരുത്തുന്നു. മുന്‍ഗാമികളായ പ്രവാചകന്മാരുടെ പല നിയമങ്ങളെയും പിന്നീട് വരുന്ന നബിമാരുടെ നിയമസംഹിതകളില്‍ (ശരീഅത്തുകളില്‍) മാറ്റുകയുണ്ടായി. അന്ത്യപ്രവാചകന് നല്‍കപ്പെട്ട ഖുര്‍ആന്‍ അതിനു മുമ്പുള്ള എല്ലാ ശരീഅത്തുകളെയും ദുര്‍ബലപ്പെടുത്തുന്നു.

ഇസ്‌ലാമിക ശരീഅത്തിലെ നിയമങ്ങളിലും ചിലത് മാറ്റാറുണ്ട്. ആദ്യഘട്ടത്തില്‍ ഫലസ്ത്വീനില്‍ സ്ഥിതിചെയ്യുന്ന ബൈത്തുല്‍ മഖ്ദിസിലേക്കായിരുന്നു മുസ്‌ലിംകള്‍ തിരിഞ്ഞു നമസ്‌കരിച്ചിരുന്നത്. പിന്നീട് കഅ്ബാലയത്തിലേക്ക് തിരിഞ്ഞു നമസ്‌കരിച്ചു. എന്നാല്‍ ഖുര്‍ആനില്‍ ഏതെങ്കിലും വചനത്തെ ഇപ്രകാരം ദുര്‍ബലപ്പെടുത്തിയിട്ടുണ്ടോ? ഉണ്ട് എന്നാണ് ഇമാം ശാഫിഈ വ്യക്തമാക്കുന്നത്. മുസ്‌ലിം ലോകത്തെ അപൂര്‍വം ചില പണ്ഡിതരൊഴികെയുള്ളവരെല്ലാം ഇമാം ശാഫിഈയുടെ വീക്ഷണക്കാരാണ്. സൂറഃ അല്‍ബഖറയിലെ 106-ാം വചനമാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെ ആധാരം. ''ഏതെങ്കിലും ആയത്ത് നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ ഉത്തമമായതോ തത്തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു സര്‍വശക്തനാണ്'' (ഖുര്‍ആന്‍ 2:106).

ഖുര്‍ആനിലെ ഈ വചനത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തിയ വചനങ്ങളുണ്ടെന്ന് ഇമാം ശാഫിഈ മനസ്സിലാക്കി. എന്നാല്‍ അതോടൊപ്പം ഖുര്‍ആന്‍ വചനങ്ങളെ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടു മാത്രമേ ദുര്‍ബലമാക്കാവൂ എന്ന് ഇമാം ശാഫിഈ ഗ്രഹിച്ചു. അദ്ദേഹം തന്റെ അര്‍രിസാലയില്‍ പ്രസ്താവിക്കുന്നത് കാണുക: ''ഖുര്‍ആനെ തത്തുല്യമായ ഖുര്‍ആന്‍ കൊണ്ട് മാത്രമേ നസ്ഖ് ചെയ്യുകയുള്ളൂ. അല്ലാഹു പറയുന്നു: ''ഒരു വചനത്തിന്റെ സ്ഥാനത്ത് മറ്റൊരു വചനത്തെ നാം പകരം വെച്ചാല്‍-അല്ലാഹു താന്‍ അവതരിപ്പിച്ചതിനെപ്പറ്റി നല്ലവണ്ണം അറിവുള്ളവനുമാണ്-നീ വ്യാജമായി ഉണ്ടാക്കുന്നവന്‍ മാത്രമാണെന്ന് അവര്‍ വാദിക്കുന്നു'' (അന്നഹ്ല്‍ 10).

ഈ വചനത്തില്‍ ഒരായത്തിന് പകരം മറ്റൊരായത്ത് കൊണ്ടുവരുന്നത് അല്ലാഹു മാത്രമാണെന്ന് ഇമാം ശാഫിഈ ഗ്രഹിച്ചു. അതിനാല്‍ ഖുര്‍ആന്‍ വചനത്തെ ഹദീസ് കൊണ്ട് ദുര്‍ബലമാക്കുന്നത് അദ്ദേഹം നിരാകരിച്ചു. അപ്രകാരം നബിചര്യയില്‍ സ്ഥിരപ്പെട്ട കാര്യം ഖുര്‍ആന്‍ കൊണ്ടും ദുര്‍ബലപ്പെടുത്തുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.12

ഖുര്‍ആന്‍ വിശദീകരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ് ഇമാം ശാഫിഈ ഹദീസിനെയും നസ്ഖിനെയും കുറിച്ച്  അര്‍രിസാലയില്‍ സംസാരിച്ചത്.

 

ഇമാം ശാഫിഈയും ധൈഷണിക ചിന്തകളും

ഇമാം ശാഫിഈയുടെ അര്‍രിസാലയും ഇതര കൃതികളും പരിശോധിക്കുമ്പോള്‍,  ഖുര്‍ആന്‍ വിശദീകരണത്തിലും മതവിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതിലും നബിചര്യക്ക് പുറമെ ചിന്തയെയും ബുദ്ധിയെയും അദ്ദേഹം അവലംബിച്ചിരുന്നുവെന്ന് കാണാം. തന്റെ വിശ്രുത ഗ്രന്ഥമായ രിസാലയില്‍ ഖുര്‍ആന്‍ വിവരണത്തിന്റെ  അഞ്ചാം അധ്യായത്തിലെ ചര്‍ച്ച ഇതിന് നിദര്‍ശനമാണ്. അദ്ദേഹം പറയുന്നു: ''നീ എവിടെ നിന്ന് പുറപ്പെട്ടാലും മസ്ജിദുല്‍ ഹറാമിനു നേരെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിനു നേരെ മുഖം തിരിക്കുക'' (ഖുര്‍ആന്‍ 2:150).

എവിടെയായിരുന്നാലും അവരോട് മസ്ജിദുല്‍ ഹറാമിന് നേരെ മുഖം തിരിക്കാന്‍ ആവശ്യപ്പെടുന്നു. ശത്വ്‌റ് എന്ന പദത്തിന്റെ ഭാഷാര്‍ഥം ജിഹത്ത് എന്നാണ്. നേരെ എന്നര്‍ഥം. ഞാന്‍ ഇന്ന ശത്വ്‌റിലേക്ക് ഉദ്ദേശിക്കുന്നു എന്നു പറഞ്ഞാല്‍ ആ വസ്തുവിലേക്ക് എന്നര്‍ഥം.  തില്‍ഖാഅ എന്നു പറഞ്ഞാലും അതേ അര്‍ഥം തന്നെയാണ് ഉദ്ദേശിക്കപ്പെടുന്നത് (തുടര്‍ന്ന് ഇമാം ശാഫിഈ തന്റെ വീക്ഷണത്തിന് സാധൂകരണമായി ഒട്ടേറെ കവിതകള്‍ ഉദ്ധരിക്കുന്നു).

ലക്ഷ്യംവെക്കുന്ന വസ്തുവിനെ നേരില്‍ കാണുകയാണെങ്കില്‍ അതിനെ ലക്ഷ്യംവെക്കല്‍ (ഖസ്വ്ദു ഐനി ശൈഅ്) എന്ന  പ്രയോഗം പൂര്‍ണമായും ശരിയാണ്. അത് അപ്രത്യക്ഷമാണെങ്കില്‍ ഇജ്തിഹാദിലൂടെ ദിക്ക് നിര്‍ണയിക്കാം. ''കരയിലും സമുദ്രത്തിലും അന്ധകാരങ്ങളില്‍ വഴികാണിക്കാന്‍ വേണ്ടി അവന്‍ നക്ഷത്രങ്ങളെ നിങ്ങള്‍ക്ക് ഉണ്ടാക്കിത്തന്നിരിക്കുന്നു'' (അല്‍അന്‍ആം 97). അങ്ങനെ അവര്‍ക്ക് മസ്ജിദുല്‍ ഹറാമിനെ ഖിബ്‌ലയായി നിശ്ചയിക്കുകയും അതറിയാനുള്ള അടയാളങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അവരുടെ ബുദ്ധി ഉപയോഗിച്ചുകൊണ്ടാണ് അടയാളങ്ങളെ അവര്‍ മനസ്സിലാക്കേണ്ടത്.

ഇഹ്‌റാം ചെയ്തവര്‍ വേട്ടയാടാവതല്ല. മനഃപൂര്‍വം ആരെങ്കിലും ഒരു മൃഗത്തെ കൊന്നാല്‍ തത്തുല്യമായ കാലിയെ ബലിയറുക്കണം. അത് നീതിമാനായ ഒരാള്‍ തീരുമാനിക്കണമെന്നും വിശുദ്ധ ഖുര്‍ആന്‍ (5:95) കല്‍പിക്കുന്നു. ഇഹ്‌റാമിലിരിക്കെ കൊന്ന മൃഗത്തിനു തുല്യം മൂല്യമുള്ളതിനെ ചിന്തയും ബുദ്ധിയും ഉപയോഗിച്ചു കണ്ടെത്തണം. ഇത് ഇജ്തിഹാദാണ് എന്ന് ശാഫിഈ നിരീക്ഷിക്കുന്നു. ഇതേ ആശയം തന്നെയാണ് ഖിയാസിലുമുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഖുര്‍ആനിലോ നബിചര്യയിലോ നേരത്തേ പ്രസ്താവിക്കപ്പെട്ട കാര്യവുമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ യോജിക്കലാണ് 'ഖിയാസ്' എന്ന് ശാഫിഈ നിര്‍വചിക്കുന്നു.13

 

കര്‍മശാസ്ത്ര വീക്ഷണങ്ങളും ഖുര്‍ആനും

വിശ്വാസം, ഉസ്വൂലുല്‍ ഫിഖ്ഹ്, കര്‍മശാസ്ത്രം തുടങ്ങിയ എല്ലാ വിഷയങ്ങളിലും തന്റെ വീക്ഷണം ഖുര്‍ആനിന് അനുരൂപമാവാന്‍ ഇമാം ശാഫിഈ ബദ്ധശ്രദ്ധനായിരുന്നു. അര്‍രിസാല, അല്‍ഉമ്മ് എന്നീ കൃതികളിലായി ഏകദേശം എഴുന്നൂറോളം ആയത്തുകള്‍ക്ക് ഇമാം ശാഫിഈ വിശദീകരണം നല്‍കിയിട്ടുണ്ട്. അവയെല്ലാം തന്റെ വിവിധ വിഷയങ്ങളിലുള്ള വീക്ഷണങ്ങള്‍ക്ക് ഉപോല്‍ബലകമായി ഉദ്ധരിച്ചവയാണ്. അവ പരിശോധിച്ചാല്‍ സര്‍വസമ്മതമായ കാര്യങ്ങള്‍ക്ക് മാത്രമല്ല, തന്റെ പ്രത്യേകമായ നിഗമനങ്ങള്‍ക്ക് പോലും ഇമാം ശാഫിഈ ഖുര്‍ആനെ അവലംബിച്ചിരുന്നു എന്ന് കാണാം. ഏതാനും ഉദാഹരണങ്ങള്‍ കാണുക:

1. ''നമസ്‌കാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ മുഖങ്ങളും കൈകള്‍ മുട്ടുകള്‍ വരെയും കഴുകുക. നിങ്ങളുടെ തല തടവുക. കാലുകള്‍ ഞെരിയാണി വരെയും. നിങ്ങള്‍ ജനാബത്തുകാരാണെങ്കില്‍ ശുദ്ധീകരിക്കുക'' (ഖുര്‍ആന്‍ 5:6).

ഈ വചനത്തെ ഇമാം ശാഫിഈ വിശദീകരിക്കുന്നു: ''മുഖവും അവയവങ്ങളും നിര്‍ബന്ധമായി കഴുകേണ്ടത് ഓരോ പ്രാവശ്യമാണെന്ന് ആയത്ത് വിശദീകരിക്കുന്നു. അതിനേക്കാള്‍ കൂടുതല്‍ നിര്‍വഹിക്കുന്നതിനും അത് തടസ്സമല്ല. ഒരു പ്രാവശ്യം അവ കഴുകുന്നതും മൂന്നു പ്രാവശ്യം ചെയ്യുന്നതും നബിചര്യയില്‍ വിവരിക്കപ്പെട്ടു. ഒരു പ്രാവശ്യം ചെയ്താല്‍ മതിയാവുമെങ്കില്‍ മൂന്ന് പ്രാവശ്യം കഴുകുന്നത് അഭീഷ്ടമനുസരിച്ച് ചെയ്യാവുന്ന കാര്യമാണ്.14

2. അല്ലാഹു പറയുന്നു: ''നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുക'' (83:110). ''നിങ്ങളുടെ സമ്പത്തില്‍നിന്ന് സ്വത്ത് നല്‍കുക. അത് നിങ്ങളെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'' (അത്തൗബ 103). ഈ വചനങ്ങള്‍ എല്ലായിനം സമ്പത്തുകളെയും പൊതുവായി പറയുന്നു. അത് എല്ലാതരം ധനത്തിനും ബാധകമാണെന്നു വരാം. ചിലതിനെ മാത്രം ബാധിക്കുന്നതുമാവാം. എന്നാല്‍, നബി(സ) ഒട്ടകം, ആട്, ഗോക്കള്‍ എന്നിവയില്‍നിന്ന് നിശ്ചിത തോതനുസരിച്ച് സകാത്ത് സ്വീകരിച്ചു. കുതിര, കഴുത, കോവര്‍ കഴുത തുടങ്ങിയ മൃഗങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയില്‍നിന്ന് നബി(സ) സകാത്ത് സ്വീകരിച്ചില്ല. കുതിരക്ക് സകാത്തില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. അതിനെ അവലംബിച്ചുകൊണ്ടാണ് നബി(സ) സകാത്ത് സ്വീകരിച്ച വിഭാഗങ്ങള്‍ക്ക് മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ എന്ന് നാം പറഞ്ഞത്.15

തുടര്‍ന്ന് കാര്‍ഷിക വസ്തുക്കള്‍, നാണ്യങ്ങള്‍ തുടങ്ങിയവയിലും ഇമാം ശാഫിഈ ഈ നിലപാട് സ്വീകരിച്ചതായി കാണാം. ഒരു നാട്ടിലെ മുഖ്യാഹാര വസ്തുക്കള്‍ക്കും സാധാരണ ഉപയോഗിക്കുന്ന നാണയങ്ങള്‍ക്കും മാത്രമാണ് ശാഫിഈ മദ്ഹബില്‍ സകാത്ത് നല്‍കാന്‍ നിര്‍ദേശിക്കുന്നത്. ഇമാം ശാഫിഈ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും അദ്ദേഹം രൂപീകരിച്ച വീക്ഷണങ്ങളാണ് രേഖപ്പെടുത്തിയത്. തന്റെ വീക്ഷണം അന്ധമായി അനുകരിക്കരുതെന്ന് അദ്ദേഹം പലപ്പോഴും ഓര്‍മപ്പെടുത്തിയിരുന്നു. ഏതെങ്കിലും വിധികര്‍ത്താവോ ഗവേഷകനോ എത്തിച്ചേരുന്ന വീക്ഷണങ്ങള്‍ യാഥാര്‍ഥ്യത്തോട് വിയോജിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരു പ്രതിഫലവും സത്യത്തോട് ഒത്തുവരികയാണെങ്കില്‍ അവര്‍ക്ക് ഇരട്ടി പ്രതിഫലവും ലഭിക്കുന്നതാണ്.

നാമിവിടെ സൂചിപ്പിച്ചവയില്‍ ആദ്യത്തെ വീക്ഷണം പൊതുവായി അംഗീകരിക്കപ്പെടുന്നതാണ്. സകാത്തിനെക്കുറിച്ചുള്ള ഇമാം ശാഫിഈയുടെ വീക്ഷണം ഇമാം അബൂഹനീഫ, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ആധുനിക കാലത്തെ നവോത്ഥാന സാരഥികള്‍ തുടങ്ങിയവരുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധവുമാണ്. രണ്ട് വീക്ഷണങ്ങളിലും ഇമാം ശാഫിഈ ഖുര്‍ആനിനെയും പ്രവാചക ചര്യയെയും ആധാരമാക്കിയാണ് തന്റെ വീക്ഷണത്തില്‍ എത്തിച്ചേര്‍ന്നത് എന്നതാണ് സുപ്രധാനം.

 

ഇജ്മാഇനോടുള്ള സമീപനം

ഖുര്‍ആനും ഹദീസുമാണ് ഇമാം ശാഫിഈ തന്റെ വിധികള്‍ക്കും വീക്ഷണങ്ങള്‍ക്കും മൗലികമായി സ്വീകരിച്ചതെന്ന് ഖുര്‍ആന്‍ വിശദീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് വ്യക്തമായി. അവയെ അടിസ്ഥാനമാക്കിയുള്ള ഖിയാസിനെയും ചിന്തയെയും അദ്ദേഹം തെളിവുകളില്‍ ഉള്‍പ്പെടുത്തി. മുസ്‌ലിം ലോകത്തെ ഗവേഷണ പാടവമുള്ള പണ്ഡിതര്‍ (മുജ്തഹിദുകള്‍) ഏതെങ്കിലും ഒരു വീക്ഷണത്തില്‍ ഏകോപിക്കുന്നതിനാണ് 'ഇജ്മാഅ്' എന്നു പറയുന്നത്. ഇതും ഒരു പ്രമാണമായി മുസ്‌ലിം ലോകം അംഗീകരിക്കുന്നു. ഈ പ്രമാണത്തിന് ആധാരമായ തെളിവായി ഇമാം ശാഫിഈ നല്‍കിയത് ഖുര്‍ആന്‍ വചനമായിരുന്നു:

''സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും പ്രവാചകനോട് വഴക്കിടുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം സ്വീകരിക്കുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞതിലേക്ക് നാം അവനെ തിരിച്ചുവിടുകയും നരകാഗ്നിയില്‍ കത്തിക്കുകയും ചെയ്യും. അത് നികൃഷ്ടമായ സങ്കേതമാണ്'' (ഖുര്‍ആന്‍ 4:115). ശാഫിഈ പറഞ്ഞു: ''സത്യവിശ്വാസികളുടെ മാര്‍ഗം സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. അതിനാലാണ് നരകത്തില്‍ കത്തിക്കപ്പെടുമെന്ന് താക്കീത് ചെയ്തത്.16

ഖുര്‍ആനും നബിചര്യയും ഏകോപിച്ച വീക്ഷണവും ഖിയാസുമാണ് ഇമാം ശാഫിഈ പ്രമാണമായി അംഗീകരിച്ചത്. ഇമാം ഗസാലി ഇവയെ മൗലിക പ്രമാണങ്ങളായി തന്റെ വിശ്രുത ഗ്രന്ഥമായ അല്‍ മുസ്ത്വസ്വഫായില്‍ വിശദീകരിച്ചതായി കാണാം.17

 

അഭിപ്രായാന്തരമുള്ള പ്രമാണങ്ങളും ഇമാം ശാഫിഈയും

ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവ പ്രമാണങ്ങളാണെന്ന് ഇമാം ശാഫിഈയുടെയും അദ്ദേഹത്തിന്റെ മദ്ഹബിലെ പ്രമുഖ പണ്ഡിതരുടെയും നിദാനശാസ്ത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. എന്നാല്‍ സ്വഹാബികളുടെ ഫത്‌വകള്‍, താബിഉകളുടെ വീക്ഷണങ്ങള്‍, നല്ലതാണെന്ന് ഗവേഷകന് തോന്നുന്ന കാര്യങ്ങള്‍ (ഇസ്തിഹ്‌സാന്‍), മുന്‍ഗാമികളുടെ നിയമങ്ങള്‍ തുടങ്ങിയവ പ്രമാണങ്ങളാണോ എന്നത് വിവാദ വിഷയങ്ങളാണ്. അവയെല്ലാംതന്നെ പ്രമാണങ്ങളല്ലെന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഗസ്സാലിയെപ്പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്.18

സ്വഹാബികളുടെയും താബിഉകളുടെയും അഭിപ്രായങ്ങള്‍ മതപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പൊതുവെ ഉദ്ധരിക്കപ്പെടാറുണ്ട്. ഒരു പണ്ഡിതന്‍ എത്തിച്ചേരുന്ന വീക്ഷണത്തിന് ഉപോല്‍ബലകം എന്നതിനെ വിശേഷിപ്പിക്കാവുന്നതാണ്. പില്‍ക്കാലത്തുവന്ന പ്രമുഖ പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും വീക്ഷണങ്ങളും ഉപോല്‍ബലകമായി ഉദ്ധരിക്കാവുന്നതാണ്. പക്ഷേ, അവയൊന്നും മതത്തിലെ ആധികാരിക രേഖകളോ പ്രമാണങ്ങളോ ആയി എണ്ണപ്പെടാവതല്ല.

ഇമാം ശാഫിഈയുടെ കൃതികള്‍ പരിശോധിച്ചാലും ഇതുതന്നെയാണ് വ്യക്തമാവുന്നത്. താന്‍ ഖുര്‍ആനില്‍നിന്നോ ഹദീസില്‍നിന്നോ മനസ്സിലാക്കിയ കാര്യങ്ങളോട് യോജിക്കുന്ന വീക്ഷണമുള്ള സ്വഹാബികളുടെയും താബിഉകളുടെയും അഭിപ്രായങ്ങള്‍ ഉപോല്‍ബലക തെളിവുകളായി അദ്ദേഹം ചൂണ്ടിക്കാണിക്കാറുണ്ട്. തന്റെ നിഗമനങ്ങളോട് വിയോജിക്കുന്ന സ്വഹാബികളുടെയും താബിഉകളുടെയും അഭിപ്രായങ്ങളെ അദ്ദേഹം അംഗീകരിക്കാറുമില്ല.

ചുരുക്കിപ്പറഞ്ഞാല്‍, മുസ്‌ലിം പണ്ഡിത ശ്രേണിയില്‍ ഉന്നത സ്ഥാനീയനായ ഇമാം ശാഫിഈ ഖുര്‍ആനിലൂടെയാണ് ചിന്തിച്ചത്. തന്റെ വീക്ഷണങ്ങള്‍െക്കല്ലാം അദ്ദേഹം ആധാരമാക്കിയതും ദൈവഗ്രന്ഥത്തെ തന്നെയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ സരണി  വിശ്വാസികള്‍ക്കെന്നും മാര്‍ഗദര്‍ശകമാണ്. 

 

കുറിപ്പുകള്‍

1. മുഖദ്ദിമത്തു അഹ്കാമില്‍ ഖുര്‍ആന്‍, ബൈഹഖി

2. അതേ പുസ്തകം

3. മനാഖിബുശ്ശാഫിഈ, ഫഖ്‌റുദ്ദീന്‍ റാസി, പേജ് 3

4. തഹ്ദീബുല്‍ അസ്മാഅ്, നവവി 1/49

5. അര്‍രിസാല, പേജ് 5

6. അതേ പുസ്തകം, പേജ് 9

7. അല്‍ ഉലുവ്വ്, ഹാഫിള് ദഹബി മഅ ഇഖ്തിസ്വാറില്‍ അല്‍ബാനി, പേജ് 177

8. അര്‍രിസാല, പേജ് 35

9. അതേ പുസ്തകം, പേജ് 49

10. അത്തിര്‍മിദി, അബൂദാവൂദ്

11. അര്‍രിസാല, പേജ് 39

12. അര്‍രിസാല, ബാബു ഇബ്തിദാഇ ന്നാസിഖി വല്‍ മന്‍സൂഖ്

13. അതേ പുസ്തകം, ബാബുല്‍ ബയാനില്‍ ഖാമിസ്

14. അതേ പുസ്തകം, പേജ് 29

15. അഹ്കാമുല്‍ ഖുര്‍ആന്‍ ലില്‍  ബൈഹഖി, ഫസ്‌ലു ഫീമായുഅ്‌സറു അന്‍ഹു മിനത്തഫ്‌സീര്‍

17. അല്‍ മുസ്ത്വസ്വ്ഫാ, ഇമാം ഗസാലി 1/135

18. അല്‍ മുസ്ത്വസ്വ്ഫാ, ഇമാം ഗസാലി 1/135

 

 

എം.ഐ മുഹമ്മദലി സുല്ലമി: മലപ്പുറം ജില്ലയിലെ നാരോക്കാവ് സ്വദേശി. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജില്‍ ഉപരിപഠനം. പത്തിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കുനിയില്‍ ഹുമാത്തുല്‍ ഇസ്‌ലാം സംഘത്തിന്റെയും അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജിന്റെയും ഭാരവാഹിത്വം. ഇപ്പോള്‍ കീഴുപറമ്പ്-കുനിയില്‍ പ്രദേശത്ത് താമസം. ഫോണ്‍: 9446264418

Comments

Other Post