Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ജ്ഞാനയോഗിയുടെ നവോത്ഥാന ദൗത്യം

ഡോ. മുഹമ്മദ് ഗത്‌രീഫ് ശഹ്ബാസ് നദ്‌വി<br>വിവ: എം.കെ അബ്ദുസ്സമദ് ശിവപുരം

ചലനാത്മകവും പരിവര്‍ത്തനോന്മുഖവുമായ മനുഷ്യ ജീവിതത്തിന് വെളിച്ചം പകരുന്ന ശാശ്വത മൂല്യങ്ങളാണ് ഇസ്‌ലാമിക ദര്‍ശനം മുന്നോട്ടുവെച്ചിട്ടുള്ളത്. മനുഷ്യവര്‍ഗത്തിന് കര്‍മോത്സുകതയും ജീവോര്‍ജവും പുരോഗതിയും പകരുന്നതാണ്  ഈ ദര്‍ശനം. സാര്‍വലൗകികവും അന്തിമവുമായ ജീവിത സന്ദേശമാണ് അത്. ഇസ്‌ലാമിന്റെ കൊടിവാഹകരായ മുസ്‌ലിം ഉമ്മത്തിന് ആഗോളവ്യാപകമായ അസ്തിത്വമുണ്ട്. സര്‍വ കാലങ്ങളിലും ജനതതികളിലും ഇസ്‌ലാമിന്റെ പ്രതിനിധാനം  മുസ്‌ലിംകളുടെ ദൗത്യമാണ്. അതിനാല്‍, സ്ഥലകാല സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഉമ്മത്തിന്റെ പുനരുജ്ജീവന ശ്രമങ്ങള്‍ക്ക് അല്ലാഹു സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സമഗ്രവും സമ്പൂര്‍ണവുമായ ഇസ്‌ലാമിക പാഠങ്ങളാണ് പ്രഥമ സംവിധാനം. ഓരോ കാലഘട്ടത്തിലും നവോത്ഥാന യത്‌നങ്ങള്‍ക്ക് ഊര്‍ജം പകരുന്ന കര്‍മയോഗികളുടെ രംഗപ്രവേശമാണ് രണ്ടാമത്തെ സംവിധാനം. ഇങ്ങനെ ഇസ്‌ലാമിക നവോത്ഥാന യത്‌നങ്ങള്‍ക്ക് നായകത്വം വഹിച്ച മഹദ് വ്യക്തിത്വങ്ങളുടെ നിരയിലാണ് ഇമാം ശാഫിഈയുടെ സ്ഥാനം. സമര്‍പ്പണബോധവും ഹൃദയവിശുദ്ധിയും നിയമവൈദഗ്ധ്യവും വൈജ്ഞാനിക പ്രതിബദ്ധതയും സിദ്ധിച്ച സവിശേഷ വ്യക്തിത്വമാണ് ഇമാം ശാഫിഈ.

മദ്ഹബ് നായകന്മാരുടെ രംഗപ്രവേശം ഇസ്‌ലാമിക ചരിത്രത്തിലെ അന്യാദൃശ പ്രതിഭാസമാണ്. ഇമാമുമാരായ അബൂഹനീഫക്കും മാലികിനും ശേഷം ഈ മഹാമനീഷികളുടെ ചിന്താസരണിയും വൈജ്ഞാനിക രീതിശാസ്ത്രവും സ്വാംശീകരിച്ച് രംഗത്തുവന്നു എന്നതാണ് ഇമാം ശാഫിഈയുടെ സവിശേഷത. 

ജ്ഞാനയോഗികളായ അനേകം പണ്ഡിതന്മാരുടെ ശിഷ്യത്വം ഇമാം ശാഫിഈക്ക് ലഭിച്ചിരുന്നു. ഔസാഈയുടെ ശിഷ്യനും സിറിയന്‍ പണ്ഡിതനുമായിരുന്ന അംറുബ്‌നു സലാമയും ലൈസിന്റെ ശിഷ്യന്‍ യഹ്‌യ ബ്‌നു ഹസാനും ഇമാം ശാഫിഈയുടെ ഗുരുപരമ്പരയിലെ പ്രഥമഗണനീയരാണ്. രണ്ടാം നൂറ്റാണ്ടില്‍ വൈജ്ഞാനിക ലോകത്ത് പ്രശോഭിച്ച ബസ്വറ, കൂഫ, യമന്‍, ബഗ്ദാദ്, മക്ക തുടങ്ങിയ പ്രദേശങ്ങളിലെ പണ്ഡിത ശ്രേഷ്ഠരുടെ വൈജ്ഞാനിക സേവനവും ഇമാം ശാഫിഈക്ക് ലഭിച്ചിരുന്നു. ഇമാം മാലികിന്റെ അനുഗൃഹീത ശിഷ്യത്വമാണ് ഒരു മഹനീയ സൗഭാഗ്യം. ഹദീസ് വിജ്ഞാനങ്ങളുടെ പ്രഭവകേന്ദ്രമായ ഹിജാസില്‍നിന്നും സ്വതന്ത്ര വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന കൂഫക്കാരുടെ പാഠശാലകളില്‍നിന്നും  ഇമാം ശാഫിഈ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഹനഫീ കര്‍മശാസ്ത്ര പണ്ഡിതനായ മുഹമ്മദുബ്‌നു ഹസന്റെ ശിഷ്യത്വവും ലഭിക്കുകയുണ്ടായി. അങ്ങനെ ഹദീസ്, ഫിഖ്ഹ് വിജ്ഞാനങ്ങളില്‍ അഗാധ വ്യുല്‍പത്തി നേടുകവഴി വിഭിന്നമായൊരു കര്‍മശാസ്ത്ര സരണിക്ക് അസ്തിവാരമിട്ടു.

ഹദീസ്, ഫിഖ്ഹ് സമന്വയങ്ങള്‍ക്ക് തുടക്കം കുറിച്ചതാണ് ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ മൗലിക സവിശേഷത. ഓരോ കര്‍മശാസ്ത്ര വിഷയത്തിലും അത്യന്തം പ്രബലമായ ഹദീസുകള്‍ക്കാണ് ശാഫിഈ ഇമാമിന്റെ മുന്‍ഗണന.   കര്‍മശാസ്ത്രസരണിയുടെ അസ്തിവാരമായ നിദാന ശാസ്ത്ര തത്ത്വങ്ങള്‍ ക്രോഡീകരിക്കുകയും ശാഖാ പ്രശ്‌നങ്ങളും ഉപശാഖാ പ്രശ്‌നങ്ങളും ക്രമപ്പെടുത്തുന്ന സമഗ്ര തത്ത്വങ്ങളും വിശദാംശങ്ങളും നിര്‍ധാരണം നടത്തുകയും ചെയ്തു എന്നതാണ് ഇമാം ശാഫിഈയുടെ സുപ്രധാന പരിഷ്‌കരണ യത്‌നം. അങ്ങനെ മുഖ്യ രചനകളായ അര്‍രിസാലയും അല്‍ഉമ്മും വഴി വൈജ്ഞാനിക ധൈഷണിക മുന്നേറ്റത്തിന് വഴിതെളിച്ചു. പ്രമാണ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ശര്‍ഈ വിധികളുടെ നിര്‍ധാരണവും വിഷയങ്ങളുടെ നിദാന തത്ത്വങ്ങളും  ആവിഷ്‌കരിക്കുക എന്നത് മദ്ഹബിന്റെ ചരിത്രത്തിലെ വലിയൊരു ദൗത്യമാണ്. ഈ ദൗത്യം വളരെ മികവോടെ നിര്‍വഹിച്ചതാണ് ഇമാം ശാഫിഈയുടെ പ്രതിഭാശേഷിയുടെ തെളിവ്. ഈ രംഗത്ത് സന്തുലിത സമീപനം സ്വീകരിക്കുകയും സമകാലികരുടെ പിഴവുകളും തീവ്ര നിലപാടുകളും അദ്ദേഹം തിരുത്തുകയും ചെയ്തിട്ടുണ്ട്. ശാഫിഈയുടെ വീക്ഷണത്തില്‍ ഖുര്‍ആനാണ് ശരീഅത്തിന്റെ യഥാര്‍ഥ സ്രോതസ്സ്. ഖുര്‍ആനില്‍ അവഗാഹം നേടിയ വ്യക്തിയാണ് പണ്ഡിതന്‍. ഖുര്‍ആനിക വിജ്ഞാനങ്ങളോട് വിമുഖത കാണിക്കുന്നവര്‍ പണ്ഡിതന്മാരല്ല. സമൂഹത്തിലെ ഓരോ വ്യക്തിയും വ്യത്യസ്ത വൈജ്ഞാനിക നിലവാരങ്ങള്‍ പുലര്‍ത്തുന്നവരാണ്. കൂടുതല്‍ ഖുര്‍ആനിക വിജ്ഞാനങ്ങള്‍ ഗ്രഹിക്കുന്നവര്‍ക്ക് വലിയ ഔന്നത്യം ലഭിക്കും. അതിനാല്‍ ഒരു ഖുര്‍ആന്‍ പഠിതാവിന് കഠിനാധ്വാനവും സഹനശേഷിയും ആവശ്യമാണ്. പ്രമാണങ്ങളില്‍നിന്ന് വിജ്ഞാനങ്ങള്‍ നിര്‍ധാരണം ചെയ്യാനുള്ള ജീവിത വിശുദ്ധിയും വേണം. ശാഫിഈ ഇമാമിന്റെ വീക്ഷണത്തില്‍ ഖുര്‍ആന്‍ ഒരു വിവരണ സാകല്യമാണ്. പ്രവാചകചര്യ ഖുര്‍ആന്റെ വ്യാഖ്യാനവും. സ്വഹാബികളുടെ തലമുറ ഖുര്‍ആന്റെ ജിഹ്വയും. ഈ യാഥാര്‍ഥ്യത്തിലേക്കാണ് ഇബ്‌നു ഉമറിന്റെ വാക്കുകളിലെ സൂചന: ''ഖുര്‍ആന്‍ വിജ്ഞാനങ്ങള്‍ ഗ്രഹിച്ച ഒരു വ്യക്തി ഒരു മഹാ യാഥാര്‍ഥ്യത്തിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ ഹൃദയത്തിന് നുബുവ്വത്തിന്റെ വെളിച്ചം ലഭിച്ചിരിക്കുന്നു. എന്നാല്‍ യഥാര്‍ഥ വഹ്‌യ് ലഭിച്ചിട്ടുമില്ല.'' ഇബ്‌നു ഹസം പറഞ്ഞു: ''എല്ലാ കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലും ഒരു ഖുര്‍ആനിക സൂചന ലഭിക്കും. പ്രവാചക ചര്യയുടെ ഒരു വിളംബരവും.'' ഖുര്‍ആന്‍ പ്രതിപാദ്യങ്ങളെ ഇമാം ശാഫിഈ രണ്ടായി വിഭജിച്ചിരിക്കുന്നു. സ്വയം ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന, എന്നാല്‍ വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത സൂക്തങ്ങളാണ് ആദ്യ വിഭാഗം. നോമ്പ്, ലിആന്‍ എന്നീ വിഷയങ്ങള്‍ ഈ ഗണത്തിലാണ്. ഖണ്ഡിത വചനങ്ങളില്‍ ഒരു സൂചനയും ലഭ്യമല്ല, അവരത് സുന്നത്തിന്റെ വിശദീകരണങ്ങള്‍ അനിവാര്യവുമാണ്. ഇത്തരം സൂക്തങ്ങളാണ് രണ്ടാമത്തെ വിഭാഗം. 

ഫര്‍ളുകളുടെയും വാജിബുകളുടെയും വിവക്ഷ ഇമാം ശാഫിഈ നിര്‍ണയിച്ചിട്ടുണ്ട്. ഫര്‍ദുകള്‍  രണ്ടുവിധമുണ്ട്; വ്യക്തി ബാധ്യതയും സാമൂഹിക ബാധ്യതയും. സമൂഹത്തിലെ ചില വ്യക്തികള്‍ പൂര്‍ത്തീകരിച്ചാല്‍ മതി സാമൂഹിക ബാധ്യത. എന്നാല്‍ വ്യക്തി ബാധ്യതക്കാണ് സാമൂഹിക ബാധ്യതയേക്കാള്‍ പ്രാധാന്യം. ഈ വക തത്ത്വങ്ങള്‍ക്ക് വളരെ സുഭദ്രമായ അടിത്തറ നിര്‍ധാരണം ചെയ്യാന്‍ ഇമാം ശാഫിഈക്ക് സാധിച്ചിട്ടുണ്ട്. ഈവക രീതിശാസ്ത്രങ്ങള്‍ ഇതര കര്‍മശാസ്ത്ര സരണികള്‍ ആവിഷ്‌കരിച്ചിട്ടില്ല. 

ഹദീസിന്റെ പ്രാമാണികത സ്ഥാപിക്കാന്‍ ഇമാം ശാഫിഈ അനര്‍ഘ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഹദീസ് നിഷേധ പ്രസ്ഥാനങ്ങള്‍ വര്‍ത്തമാനകാല പ്രവണതയല്ല. അതൊരു ആദ്യകാല പ്രതിഭാസമാണ്. ഇതിന്റെ സാക്ഷ്യമാണ് ശാഫിഈ ഇമാമിന്റെ അല്‍ഉമ്മും അര്‍രിസാലയും. അല്‍ഉമ്മിലെ ജിമാഉല്‍ ഇല്‍മ് (ജ്ഞാന മൂലങ്ങളുടെ സംഗമം) എന്ന അധ്യായത്തില്‍ ഹദീസ് നിഷേധികളുടെ വീക്ഷണങ്ങള്‍ ഉദ്ധരിക്കുകയും സവിസ്തരം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. സുന്നത്തിന്റെ പ്രാമാണികത സ്ഥിരീകരിക്കുന്ന പ്രതിപാദ്യങ്ങളാണ് അര്‍രിസാലയില്‍. 

മൂന്ന് വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇമാം ശാഫിഈയുടെ കാലത്തെ ഹദീസ് നിരാകരണ പ്രസ്ഥാനങ്ങളുടെ രംഗപ്രവേശം. പ്രവാചക വചനങ്ങളുടെ പ്രാമാണികത തിരസ്‌കരിക്കുന്നവരാണ് പ്രഥമ വിഭാഗം. ഖുര്‍ആനാണ് ഇസ്‌ലാമിക ശരീഅത്തിന്റെ ആധാരം, ഖുര്‍ആന്റെ ഭാഷ അറബിയുമാണ്. ഭാഷാ പ്രയോഗങ്ങളും ശൈലികളും വഴി ഖുര്‍ആന്‍ ഗ്രഹിക്കാന്‍ സാധിക്കും. 'സുന്നത്തിന്റെ ഉപരി വ്യാഖ്യനങ്ങള്‍' ആവശ്യമില്ല എന്നതാണ് ഈ വിഭാഗത്തിന്റെ വീക്ഷണം. ഖുര്‍ആനോട് യോജിക്കുന്ന പ്രബല ഹദീസുകള്‍ സ്വീകരിക്കുകയും ഏക നിവേദക ഹദീസുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവരാണ് രണ്ടാമത്തെ വിഭാഗം. നിവേദകരുടെ ആധിക്യവും നിവേദനത്തിന്റെ വിശ്വാസ്യതയും വഴി പ്രബലമായ ഹദീസുകള്‍ സ്വീകരിക്കുകയും ഏക നിവേദക ഹദീസുകളുടെ പ്രാമാണികത തിരസ്‌കരിക്കുകയും ചെയ്യുന്നവരാണ് മൂന്നാമത്തെ വിഭാഗം. എന്നാല്‍, ഹദീസ് നിഷേധ പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമിക സമൂഹത്തില്‍ പൊതുസമ്മതി ലഭിച്ചില്ല. ഹദീസ് നിഷേധികളെ മുഅ്തസിലി-ഖവാരിജ് ആശയധാരകളുടെ ഗണത്തിലാണ് ഇമാം ശാഫിഈ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏക നിവേദക റിപ്പോര്‍ട്ടുകള്‍ തിരസ്‌കരിക്കുന്നവര്‍ക്കും ഹദീസ് നിഷേധ പ്രസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് സ്ഥാനം. ഖുര്‍ആനിക സൂക്തങ്ങളോട് യോജിക്കുന്ന നിവേദനങ്ങള്‍ സ്വീകരിക്കുകയും ഏക നിവേദക ഹദീസുകള്‍ വര്‍ജിക്കുകയും ചെയ്തവര്‍ക്ക് ഇസ്‌ലാമിക സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുകയുണ്ടായി. ആദ്യകാല ഹദീസ് നിഷേധികളോട് ആശയാഭിമുഖ്യം പുലര്‍ത്തുന്നവരാണ് പുതുകാലത്തെ ഹദീസ് നിഷേധികള്‍. ഇമാം ശാഫിഈയെ സംബന്ധിച്ചേടത്തോളം മുര്‍സലായ ഹദീസുകളും ചില നിബന്ധനകളോടെ സ്വീകാര്യമാണ്. 

റിപ്പോര്‍ട്ടുകളുടെ ആധിക്യവും വ്യാജ ഹദീസ് നിര്‍മിതിക്കാരുടെയും ഹദീസ് നിഷേധികളുടെയും കുത്സിത വൃത്തികളും നിമിത്തം വൈജ്ഞാനിക, ധൈഷണിക രംഗം കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിച്ച കാലഘട്ടത്തിലാണ് ഇമാം ശാഫിഈയുടെ കര്‍മ നിയോഗം. ഓരോ വെല്ലുവിളിക്ക് മുമ്പിലും ഇമാം ശാഫിഈ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്തിരുന്നു. ഇമാം ശാഫിഈ സമര്‍ഥിച്ചു: പ്രവാചകചര്യയുടെ സ്രോതസ്സ് ഖുര്‍ആനാണ്. ഖുര്‍ആന്റെ വ്യാഖ്യാനവും വിശദീകരണവുമാണ് സുന്നത്ത്. കിതാബും ഹിക്മത്തും എന്ന പ്രയോഗം ഖുര്‍ആന്‍ നിരന്തരം ആവര്‍ത്തിക്കുന്നു. കിതാബിന്റെ  വിവക്ഷ ഖുര്‍ആനാണ്. ഹിക്മത്തിന്റെ താല്‍പര്യം സുന്നത്തും. ദിവ്യ വെളിപാടിന്റെ തന്നെ പ്രകാശനമാണ് ഹിക്മത്ത്. ഈ വസ്തുത ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്: ''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അദ്ദേഹത്തിന് ദിവ്യ സന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു' (അന്നജ്മ് 3,4). ഇങ്ങനെ, ഹദീസ് നിഷേധ പ്രസ്ഥാനങ്ങളുടെ ജല്‍പനങ്ങള്‍ക്കെതിരെ പ്രതിരോധത്തിന്റെ ശക്തിദുര്‍ഗം പണിത ഇമാം ശാഫിഈക്ക് 'നാസിറുസ്സുന്ന' എന്ന അപരനാമവും ലഭിച്ചിരുന്നു. 

സ്വതന്ത്ര ചിന്താഗതിയും സമീപനങ്ങളും സ്വീകരിച്ച വിഭാഗങ്ങള്‍ ഹദീസ് പണ്ഡിതന്മാരെ കടന്നാക്രമിച്ച ഒരു ചരിത്ര ദശയില്‍ ഇരുപക്ഷങ്ങളുടെയും സമീപന രീതികള്‍ ഇമാം ശാഫിഈക്ക് അസ്വീകാര്യമായിരുന്നു. ഈ ഘട്ടത്തില്‍ സുധീരം വീക്ഷണങ്ങള്‍ പ്രകാശിപ്പിക്കാന്‍ ഇമാമിനു സാധിക്കുകയുണ്ടായി. 

ജീര്‍ണിച്ച തഖ്‌ലീദീ പാരമ്പര്യങ്ങള്‍ക്കെതിരെ മറുശബ്ദങ്ങള്‍ ഉയരുന്ന കാലത്താണ് നാം. മദ്ഹബിന്റെ ഇമാമുമാര്‍ തഖ്‌ലീദീവിരുദ്ധരും സ്വാതന്ത്ര്യ ദാഹികളുമായിരുന്നു. ഈ ഗണത്തില്‍ തന്നെയാണ് ഇമാം ശാഫിഈയും. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തന്റെ ഗുരുസ്ഥാനീയരോടും സമകാലികരോടും ഇമാം ശാഫിഈ വിയോജിക്കാന്‍ കാരണം തഖ്‌ലീദീവിരുദ്ധ സമീപനമാണ്. ഇമാം അബൂഹനീഫയുടെയും മൗലിക സവിശേഷത ചിന്താസ്വാതന്ത്ര്യമാണ്. തന്റെ ശിഷ്യവൃന്ദങ്ങള്‍ക്ക് ഇമാം അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കൊടിവാഹകനായിരുന്നു ഇമാം ശാഫിഈ. തന്റെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ ഹദീസുകള്‍ ലഭിച്ചാല്‍ തന്റെ കാഴ്ചപ്പാടുകള്‍ തിരസ്‌കരിക്കണമെന്നാണ് ശിഷ്യഗണങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. മാത്രമല്ല, ഈ സമീപനരീതി അനുവര്‍ത്തിച്ചവരെ ശാഫിഈ മദ്ഹബില്‍നിന്ന് പുറത്തുപോയതായി ഗണിച്ചിരുന്നില്ല. പ്രത്യുത അവര്‍ ഇജ്തിഹാദിന്റെ യോഗ്യത കൈവരിച്ചതായി അംഗീകരിച്ചു. ശാഫിഈ മദ്ഹബില്‍ രണ്ടു നിലപാടുകള്‍ സ്വീകരിച്ച പണ്ഡിതന്മാരുണ്ട്. ശാഫിഈ മദ്ഹബിന്റെ വൃത്തത്തിനകത്ത് നിലകൊണ്ട ഖഫാലിനെയും ശൈഖ് അബുല്‍ ഹാമിദിനെയും പോലുള്ള പണ്ഡിതന്മാരാണ് ആദ്യപക്ഷം. മുഹമ്മദ് ബ്‌നു മുന്‍ദിര്‍, മുഹമ്മദു ബ്‌നു ഖുസൈമ തുടങ്ങിയ പണ്ഡിതന്മാര്‍ ഈ കൂട്ടത്തിലെ പ്രമുഖരാണ്. എന്നാല്‍, ഈ വിഭാഗം സ്വതന്ത്ര കര്‍മശാസ്ത്ര സരണിയുടെ വക്താക്കളായിരുന്നില്ല. ശാഫിഈ മദ്ഹബിന്റെ വൃത്തത്തില്‍തന്നെ നിലകൊള്ളുകയും ചില വ്യത്യസ്ത കാഴ്ചപ്പാടുകളും സമീപന രീതികളും അവലംബിക്കുകയും ചെയ്യുന്നവരായിരുന്നു. 

ഇമാം ശാഫിഈയുടെ വീക്ഷണത്തില്‍ സ്വഹാബികളുടെ ഏകോപനമാണ് ഇജ്മാഅ്. അനന്തര തലമുറയുടെ ഏകോപനം ഇമാം ശാഫിഈ അംഗീകരിച്ചിട്ടില്ല. സര്‍വ കര്‍മശാസ്ത്ര വിദഗ്ധര്‍ക്കും ഈ വിഷയത്തില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍ ഇമാം മാലിക് മദീനാ നിവാസികളുടെ ഇജ്മാഇന്റെ അടിസ്ഥാനത്തില്‍ വിധികള്‍ ആവിഷ്‌കരിച്ചിരുന്നു. മദീന നിവാസികളുടെ കര്‍മ മാതൃകകള്‍ക്ക് വിരുദ്ധമായ പ്രബല ഹദീസുകള്‍ നിരാകരിക്കുകയും ചെയ്തിരുന്നു. മദീനക്കാരുടെ കര്‍മമാതൃകകള്‍ തിരസ്‌കരിക്കുന്നത് ഹദീസിനെ തന്നെ പരിക്കേല്‍പ്പിക്കലാണെന്നാണ് മാലികിന്റെ വാദം. ഓരോ വിഭാഗവും ഇജ്മാഅ് വാദങ്ങളുന്നയിച്ച കാലഘട്ടത്തിലാണ് ഇമാം ശാഫിഈയുടെ പരിഷ്‌കരണ യത്‌നങ്ങള്‍ ആരംഭിച്ചത്. ഇമാം ശാഫിഈ ഇജ്മാഇന് ശര്‍ഈ ന്യായങ്ങള്‍ ആവിഷ്‌കരിക്കുകയും ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അടിത്തറകള്‍ ചിട്ടപ്പെടുത്തുകയും ചെയ്തു. ഓരോ വിഷയത്തിലും ഇജ്മാഇന്റെ ന്യായങ്ങള്‍ ആവിഷ്‌കരിക്കുന്നതിനോട് ഇമാം വിയോജിച്ചിരുന്നു. കിതാബിനും സുന്നത്തിനും ശേഷമാണ് ഇജ്മാഇന്റെ പദവിയെന്നാണ് ശാഫിഈയുടെ വീക്ഷണം. 

ഖിയാസിന്റെ അസ്തിവാരം ക്രമപ്പെടുത്തുകയും എന്നാല്‍ ഇസ്തിഹ്‌സാന്റെ പ്രാമാണികത നിരൂപണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. മാലികീ, ഹനഫീ സരണികള്‍ക്ക് ഇസ്തിഹ്‌സാന്‍ പരിഗണനീയമാണ്. യഥാര്‍ഥത്തില്‍ ഖിയാസിനെ ഒരടിസ്ഥാന ചട്ടക്കൂടില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. എന്നാല്‍, ഇസ്തിഹ്‌സാനെ ഒരു പൊതു തത്ത്വത്തില്‍ ഉള്‍ക്കൊള്ളിക്കുക പ്രയാസകരമാണ്. അതിനാല്‍ ഇസ്തിഹ്‌സാന്‍ ശര്‍ഈ വിധികള്‍ക്ക് യോജ്യമല്ല എന്നാണ് ശാഫിഈയുടെ വീക്ഷണം. ചുരുക്കത്തില്‍ ക്രിയാത്മകവും ധൈഷണികവുമായ ഈദൃശ സേവനങ്ങള്‍ വഴി ഇമാം ശാഫിഈ ഒരു കാലഘട്ടത്തിലെ ഇസ്‌ലാമിക ചിന്തയുടെ കേന്ദ്രബിന്ദുവായി. 

കര്‍മശാസ്ത്ര തത്ത്വങ്ങളും ഹദീസ് ഫിഖ്ഹ് നിദാനങ്ങളും വഴി ഒരു ചിന്താ സരണി സ്ഥാപിക്കാനും കാലത്തോട് സംവദിക്കാനും ഇമാം ശാഫിഈക്ക് സാധിച്ചു. ഇമാം മാലിക് മുവത്വ മുഖേന ഹദീസുകളും സ്വഹാബികളുടെ വചനങ്ങളും മദീനാ നിവാസികളുടെ കര്‍മമാതൃകകളും ക്രോഡീകരിക്കുകയായിരുന്നു. ഇമാം ശാഫിഈയുടെ ചിന്തകളെ സ്വാധീനിച്ച ഗ്രന്ഥമാണ് മുവത്വ. ഇമാം അബൂഹനീഫയാകട്ടെ ഇസ്‌ലാമിക സമൂഹം അഭിമുഖീകരിച്ച ഓരോ സമസ്യക്കും പരിഹാരമായി പഠന-മനന-ഗവേഷണങ്ങള്‍ വഴി തന്റേതായ ഒരു ദര്‍ശനം അവതരിപ്പിച്ചു. ഈ രണ്ട് മദ്ഹബുകളുടെ നായകന്മാരുടെയും വൈജ്ഞാനിക, ധൈഷണിക പാരമ്പര്യങ്ങളില്‍നിന്നും കരുത്തു നേടാന്‍ ഇമാം ശാഫിഈക്ക് കഴിഞ്ഞു. കര്‍മശാസ്ത്രത്തിന്റെ നിദാനതത്ത്വങ്ങള്‍ ക്രോഡീകരിക്കുകയും ഒരു സ്വതന്ത്ര മദ്ഹബിന്റെ രൂപവത്കരണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഇതാണ് ഇമാം ശാഫിഈയുടെ അനര്‍ഘ സേവനം. 

(അവലംബം: അഫ്കാറെ മില്ലി, മാര്‍ച്ച് 2013)

 

ഡോ. മുഹമ്മദ് ഗത്‌രീഫ് ശഹ്ബാസ് നദ്‌വി: യു.പി.യിലെ മീററ്റ് സ്വദേശി. 2006-ല്‍ ജാമിഅ മില്ലിയ്യയില്‍നിന്ന് പി.എച്ച.ഡി. ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍, അഫ്കാറെ മില്ലി സബ് എഡിറ്റര്‍, ഫൗണ്ടേഷന്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടര്‍.

ഇമെയില്‍: mohammed.ghitreef@gmail.com


എം.കെ അബ്ദുസ്സമദ് ശിവപുരം: ആലിയാ അറബിക് കോളേജ്, ദഅ്‌വാ കോളേജ്, മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ ഐ.പി.എച്ച് ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ സബ് എഡിറ്റര്‍. ഫോണ്‍: 9846992129

Comments

Other Post