Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

വിജ്ഞാന നഭസ്സിലെ അപൂര്‍വ വിസ്മയം

എം.വി മുഹമ്മദ് സലീം

മാനവിക വിജ്ഞാനങ്ങളിലെ  വിസ്മയമാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്രം. വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും പരന്നുകിടക്കുന്ന നിയമങ്ങളും തത്ത്വങ്ങളും ക്രോഡീകരിച്ച്, ശാസ്ത്രീയമായ ക്രമീകരണം നല്‍കി പ്രതിഭാധനന്മാര്‍ രൂപപ്പെടുത്തിയെടുത്ത ഈ വിജ്ഞാന ശാഖക്ക് തുല്യമായി മാനവ ചരിത്രത്തില്‍ മറ്റെവിടെയും ഒരു രചന നടന്നിട്ടില്ല. ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലാണ് (ക്രി. ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍) വ്യവസ്ഥാപിതമായ കര്‍മശാസ്ത്ര ഗവേഷണം ആരംഭിച്ചത്. ഈ കാലഘട്ടത്തിലെ നാലു മഹാരഥന്മാരാണ് കര്‍മശാസ്ത്ര ചിന്താധാരയുടെ ഉപജ്ഞാതാക്കള്‍. ഈ നാല് പ്രതിഭകളുടെയും ശിഷ്യഗണങ്ങള്‍ ഗുരുനാഥന്മാരുടെ വീക്ഷണങ്ങള്‍ അവലംബമാക്കി വിശദമായ ഗവേഷണങ്ങള്‍ നടത്തി. നാല് ചിന്താധാരകളിലും ബൃഹത്തായ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു.

പില്‍ക്കാലത്ത്, ഭരണക്രമത്തിന് അനിവാര്യമായ സിവില്‍-ക്രിമിനല്‍ നിയമാവലികള്‍ രൂപപ്പെടുത്തുന്നതില്‍ ചില രാഷ്ട്രങ്ങള്‍ പ്രധാനമായും അവലംബമാക്കിയത് ഇസ്‌ലാമിക കര്‍മശാസ്ത്രത്തെയാണ്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഗഹനമായി പഠിക്കുന്ന ആരും അത്ഭുതപ്പെടും. 13 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലഭിക്കാവുന്ന വൈജ്ഞാനിക വിഭവങ്ങള്‍ എത്ര വിരളമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂര്‍മബുദ്ധിയും ഭാവനാവിലാസവും ഉപയോഗിച്ച് അക്കാലത്തെ  പണ്ഡിതന്മാര്‍ രൂപംകൊടുത്ത സങ്കല്‍പങ്ങളും അവക്കനുഗുണമായി നിര്‍ധാരണം ചെയ്‌തെടുത്ത നിയമാവലിയും ഗവേഷകരെ വിസ്മയിപ്പിക്കുന്നതാണ്.

അബൂഹനീഫ, മാലികു ബ്‌നു അനസ്, മുഹമ്മദ് ബ്‌നു ഇദ്‌രീസുശ്ശാഫിഈ, അഹ്മദു ബ്‌നു ഹമ്പല്‍ അശ്ശൈബാനി എന്നിവരാണ് കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആ മഹാ പ്രതിഭകള്‍.

വിശുദ്ധ ഖുര്‍ആന്റെയും തിരുചര്യയുടെയും വെളിച്ചത്തില്‍ യുക്തിചിന്തയും മനനശീലവും കൈമുതലാക്കി കര്‍മശാസ്ത്രത്തിന് ബൃഹത്തായ സംഭാവനകളര്‍പ്പിച്ച അത്ഭുതപ്രതിഭയായിരുന്നു ഇമാം അബൂഹനീഫ(റ). അദ്ദേഹത്തിന്റെ അനര്‍ഘ ദര്‍ശനങ്ങള്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ശിഷ്യന്‍ യഅ്ഖൂബു ബ്‌നു ഇബ്‌റാഹീം ആയിരുന്നു. അബൂയൂസുഫ് എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധനായ അദ്ദേഹം ഇസ്‌ലാമിക ഗ്രന്ഥശാലക്ക് വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച പണ്ഡിതനാണ്. ഇമാം അബൂഹനീഫയുടെ വിജ്ഞാനം അപഗ്രഥിച്ച് അവതരിപ്പിച്ച മറ്റൊരു മഹാ പണ്ഡിതനായിരുന്നു മുഹമ്മദു ബ്‌നു ഹസന്‍ അശ്ശൈബാനി.

ഇമാം അബൂഹനീഫയേക്കാള്‍ 13 വയസ്സ് കുറവുള്ള മാലിക് ബ്‌നു അനസ് മദീന ആസ്ഥാനമാക്കി മറ്റൊരു കര്‍മശാസ്ത്ര സരണി കാഴ്ചവെച്ചു. സുന്നത്തിലുള്ള അവഗാഹം അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര വിശദീകരണങ്ങളില്‍ പ്രതിഫലിച്ചു. ന്യായങ്ങളേക്കാള്‍ പ്രമാണങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്ന വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. 

നാല് മദ്ഹബുകളുടെ ഇമാമുകളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അഹ്മദു ബ്‌നു ഹമ്പല്‍. അദ്ദേഹം കര്‍ശാസ്ത്രത്തേക്കാള്‍ നബിചര്യയുടെ പഠനത്തിലാണ് മുന്നേറിയത്. ബൃഹത്തായ ഹദീസ് ശേഖരത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അതിനാല്‍ കര്‍മശാസ്ത്ര ഗവേഷണത്തില്‍ പ്രമാണങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്ന ചിന്താധാരയായിരുന്നു അദ്ദേഹം സ്വീകരിച്ചത്.

 

വ്യതിരിക്ത വ്യക്തിത്വം

ഉപര്യുക്ത മൂന്ന് ഇമാമുകളില്‍നിന്ന് വ്യത്യസ്തമായ വൈജ്ഞാനിക വ്യക്തിത്വമായിരുന്നു ഇമാം ശാഫിഈയുടേത്. അവരുടെ വിജ്ഞാന സ്രോതസ്സുകള്‍ തേടിപ്പോയി അവയില്‍ ആഴത്തില്‍ അവഗാഹം നേടാനായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. ഇമാം ജനിച്ച വര്‍ഷം അബൂഹനീഫ നിര്യാതനായി. അതിനാല്‍ പ്രധാന ശിഷ്യനായ മുഹമ്മദു ബ്‌നു ഹസന്‍ അശ്ശൈബാനിയുടെ സഹവാസം സ്വീകരിച്ച് അബൂഹനീഫയുടെ കര്‍മശാസ്ത്ര ജ്ഞാനം ഇമാം സ്വന്തമാക്കി. ഇമാം മാലികിന്റെ ശിഷ്യത്വം നേടാന്‍ മദീനാ ഭരണാധികാരിക്ക് ഒരു ശിപാര്‍ശക്കത്തുമായി പോയി. എന്നാല്‍, ശിഷ്യനെ പരിശോധിക്കാതെ സ്വീകരിക്കാന്‍ ഇമാം മാലിക് തയാറായില്ല. പാഠ പരിശോധനയില്‍ ഗുരു തികച്ചും സംതൃപ്തനായി. ഏഴാമത്തെ വയസ്സില്‍ ഇമാം ശാഫിഈ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. 13-ാം വയസ്സില്‍ ഇമാം മാലികിന്റെ വിഖ്യാത ഹദീസ് ഗ്രന്ഥമായ മുവത്വ മുഴുവന്‍ കാണാതെ പഠിച്ചു. ശിഷ്യനെ അനുഗ്രഹിച്ച് ഇമാം മാലിക് പറഞ്ഞു: ''സഹോദര പുത്രാ, വിജ്ഞാനം നേടൂ, ദൈവഭക്തി കൈവിടരുത്. പാപങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. നീ ഉന്നതമായ ഒരു സ്ഥാനം കൈവരിക്കും.''

ഇമാം ശാഫിഈയേക്കാള്‍ 14 വയസ്സ് കുറവുള്ള അഹ്മദു ബ്‌നു ഹമ്പല്‍, അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരില്‍ ഒരാളായിരുന്നു. എന്നാല്‍, ശിഷ്യന്‍ പ്രാഗത്ഭ്യം നേടിയ ഹദീസ് വിജ്ഞാനം അദ്ദേഹത്തില്‍നിന്ന് പഠിച്ചെടുക്കാന്‍ ഗുരു ശ്രദ്ധിച്ചത് വിജ്ഞാനദാഹികള്‍ക്ക് ഉത്തമ മാതൃകയാണ്. ഇത് അഹ്മദു ബ്‌നു ഹമ്പലിന്റെ മനസ്സില്‍ അദ്ദേഹത്തോടുള്ള ബഹുമാനത്തിന് മാറ്റുകൂടാന്‍ കാരണമായി.

മൂന്ന് മദ്ഹബുകളുടെ ഇമാമുമാരുടെയും ശിഷ്യത്വം സ്വീകരിച്ച മഹാനായിരുന്നു ഇമാം ശാഫിഈ. ചുരുങ്ങിയ കാലമാണ് അദ്ദേഹം ജീവിച്ചത്; 55 വര്‍ഷം. ഇക്കാലയളവില്‍ ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ് (നവോത്ഥാന നായകന്‍) എന്ന സ്ഥാനത്തിന് അദ്ദേഹം അര്‍ഹനായി. ചെറുപ്പത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അദ്ദേഹം ഹറമില്‍ ഈണത്തില്‍ പാരായണം ചെയ്യുന്നത് ശ്രോതാക്കളുടെ ആവേശമായിരുന്നു.

അറബി ഭാഷയില്‍ ആധികാരിക വ്യുല്‍പത്തി നേടിയ അദ്ദേഹത്തെ പ്രശംസിച്ച് ഭാഷാ പണ്ഡിതനായ അസ്മഈ പറഞ്ഞു: ''ഹുദൈല്‍ ഗോത്രത്തിന്റെ കവിതകളില്‍ എന്റെ തെറ്റുകള്‍ തിരുത്തിത്തന്നത് മുഹമ്മദു ബ്‌നു ഇദ്‌രീസ് എന്ന ഖുറൈശി യുവാവാണ്.'' അത്യാകര്‍ഷകമായ കവിതാ രചനയിലായിരുന്നു അദ്ദേഹം ആദ്യകാലത്ത് തന്റെ സാഹിതീവിലാസം പ്രകടിപ്പിച്ചിരുന്നത്. പിന്നീട് ഭാഷാ പാടവം ഗ്രന്ഥരചനയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ വിലമതിക്കാനാവാത്ത വിജ്ഞാന ജ്യോതിസ്സാണ് ആ തൂലികയില്‍നിന്ന് നിര്‍ഗളിച്ചത്. മറ്റാരും പരാമര്‍ശിക്കാത്ത വിജ്ഞാനശാഖകളില്‍ അദ്ദേഹം നടത്തിയ രചനകള്‍ എക്കാലത്തും ഉന്നതമായി നിലകൊള്ളുന്നു. ഹദീസ് നിദാനശാസ്ത്രം, ഫിഖ്ഹ് നിദാനശാസ്ത്രം എന്നിവ സംയോജിപ്പിച്ച് ഒരൊറ്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഇമാം, മറ്റാരും ഈ വിഷയത്തില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് സമര്‍പ്പിക്കുന്നതിന് മുമ്പാണ് രചന നടത്തിയത്. ബദ്‌റുദ്ദീന്‍ അസ്സര്‍കശി തന്റെ അല്‍ബഹ്‌റുല്‍ മുഹീത്വ് എന്ന കൃതിയില്‍ എഴുതുന്നു: ''കര്‍മശാസ്ത്ര നിദാനങ്ങള്‍ ആദ്യമായി വിവരിച്ച് ഗ്രന്ഥമെഴുതിയത് ഇമാം ശാഫിഈ ആണ്. കിതാബുര്‍രിസാല, കിതാബു അഹ്കാമില്‍ ഖുര്‍ആന്‍, ഇഖ്തിലാഫുല്‍ ഹദീസ്, ഇബ്ത്വാലുല്‍ ഇസ്തിഹ്‌സാന്‍, കിതാബു  ജിമാഇല്‍ ഇല്‍മ്, കിതാബുല്‍ ഖിയാസ് എന്നിവയെല്ലാം കര്‍മശാസ്ത്രത്തിന്റെ നിദാനങ്ങള്‍ വിവരിക്കുന്നു.''

ഹദീസ് ഗ്രന്ഥങ്ങളുടെ ക്രോഡീകരണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഇറാഖ് കേന്ദ്രീകരിച്ച് യുക്തിയില്‍ ഊന്നിയ കര്‍മശാസ്ത്ര ഗവേഷണങ്ങള്‍ അരങ്ങേറി. ആ പ്രവാഹത്തെ ശരിയായ ദിശയിലേക്ക് നയിച്ച മഹാരഥനാണ് ഇമാം ശാഫിഈ. ഹദീസിന്റെ പ്രാമാണികതയും വിധികള്‍ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും കണ്ടെത്തുന്ന രീതിയും സവിസ്തരം പ്രതിപാദിക്കുന്ന അര്‍രിസാല കാലാതിവര്‍ത്തിയായ ഗ്രന്ഥമാണ്.

 

ശാഫിഈ ചിന്താധാര

നാല് മദ്ഹബുകളില്‍ മറ്റു മൂന്നുമായും ഉറ്റ ബന്ധം പുലര്‍ത്തി കടഞ്ഞെടുത്ത ചിന്താധാരയായിരുന്നു ഇമാം ശാഫിഈയുടേത്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര രംഗത്ത് പ്രധാനമായും രണ്ട് ചിന്താധാരകളാണ് തെളിഞ്ഞുവന്നത്. യുക്തിക്കും ന്യായത്തിനും പ്രാമുഖ്യം കല്‍പിക്കുന്നതാണ് ഒരു ചിന്താധാരയെങ്കില്‍, പ്രമാണങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതായിരുന്നു രണ്ടാമത്തേത്.

ഇറാഖില്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ വിജ്ഞാനധാരയുടെ തുടര്‍ച്ചയായാണ് ബുദ്ധിപരമായ ഗവേഷണത്തിന് പ്രചാരം സിദ്ധിച്ചത്. ഖലീഫ ഉമര്‍(റ) ഈ ഗവേഷണ രീതിയെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഇസ്‌ലാമിക വിധികളുടെ ന്യായവും താല്‍പര്യവും പ്രധാനമാണെന്ന തത്ത്വത്തില്‍ അധിഷ്ഠിതമാണീ രീതി. ഖുര്‍ആനിലും സുന്നത്തിലും പരാമര്‍ശമില്ലാത്ത വിഷയങ്ങളില്‍ ന്യായവും പൊതു താല്‍പര്യവും പരിഗണിച്ച് വിധി കണ്ടെത്തണം. ഈ ഗവേഷണ രീതിയുടെ ആദ്യകാല വക്താക്കള്‍ പ്രധാനമായും അല്‍ഖമ ബ്‌നു ഖൈസ് അന്നഖ്ഇ, മസ്‌റൂഖ് ബ്‌നു അജ്ദഅ് അല്‍ ഹമദാനി, ശുറൈഹ് അല്‍ ഖാദി എന്നീ ഒന്നാം നൂറ്റാണ്ടിലെ പ്രഗത്ഭ പണ്ഡിതന്മാരായിരുന്നു. അവര്‍ക്കു ശേഷം പ്രസിദ്ധ പണ്ഡിതനായ ഇബ്‌റാഹീം അന്നഖ്ഇ ഈ ഗവേഷണ രീതി പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഹമ്മാദു ബ്‌നു സുലൈമാനായിരുന്നു ഇമാം അബൂഹനീഫയുടെ ഗുരുനാഥന്‍. ശിഷ്യന്‍ പില്‍ക്കാലത്ത് ഈ ചിന്താധാരയുടെ പ്രഗത്ഭനായ വക്താവായി. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അബൂയൂസുഫ്, മുഹമ്മദു ബ്‌നു ഹസന്‍, അല്‍ ഹസനുബ്‌നു സിയാദ് എന്നിവരിലൂടെ യുക്തിയും ന്യായവും മുഖ്യാവലംബമായ കര്‍മശാസ്ത്ര ഗവേഷണ രീതിക്ക് പ്രചുരപ്രചാരം ലഭിച്ചു.

നബിചര്യക്ക് പ്രാധാന്യം കല്‍പിക്കുന്ന ചിന്താധാരയുടെ ഉത്ഭവം ഹിജാസിലായിരുന്നു. പ്രഗത്ഭ സ്വഹാബികളായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), ആഇശ(റ) എന്നിവരുടെ കര്‍മശാസ്ത്ര ചിന്തയുടെ തുടര്‍ച്ചയായിരുന്ന ഈ ഗവേഷണ രീതി മക്കയിലും മദീനയിലും പ്രചരിച്ചു. സഈദു ബ്‌നുല്‍ മുസയ്യിബ്, ഉര്‍വതുബ്‌നു സുബൈര്‍, ഇബ്‌നു ശിഹാബ് അസ്സുഹ്‌രി, ലൈസുബ്‌നു സഅ്ദ്, മാലികുബ്‌നു അനസ് തുടങ്ങിയ പ്രഗത്ഭര്‍ ഈ ചിന്താധാരയുടെ വക്താക്കളായിരുന്നു. ഖുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കുക, അവയില്‍ ലഭ്യമല്ലാത്ത വിഷയങ്ങളില്‍ പ്രവാചക ശിഷ്യരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നതായിരുന്നു ഇവരുടെ രീതി. ഇറാഖിലേതുപോലെ നവംനവങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്തതിനാല്‍ വിശാലമായ ഗവേഷണ പഠനങ്ങള്‍ ഹിജാസില്‍ അനിവാര്യമായിരുന്നില്ല.

ഈ രണ്ട് ചിന്താധാരകള്‍ തമ്മില്‍ ചൂടുപിടിച്ച ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന സന്ദര്‍ഭത്തിലായിരുന്നു ഇമാം ശാഫിഈയുടെ രംഗപ്രവേശം. രണ്ട് ചിന്താരീതികളും ഗഹനമായി പഠിക്കാന്‍ ഇമാം മാലികിന്റെയും മുഹമ്മദു ബ്‌നു ഹസന്റെയും സഹവാസത്തിലൂടെ അദ്ദേഹത്തിന് അവസരം ലഭിച്ചു. അതിനാല്‍ രണ്ട് ഭാഗത്തുമുള്ള തീവ്രത ലഘൂകരിച്ച് അഭിപ്രായ സമന്വയത്തിലെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. വിശുദ്ധ ഖുര്‍ആന്റെ ആധികാരിക വിശദീകരണമാണ് സുന്നത്ത്. അതിനാല്‍ സുന്നത്തിന് പ്രാധാന്യം കല്‍പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. സുന്നത്തില്ലാതെ ഖുര്‍ആന്‍ വിശദീകരിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം സമര്‍ഥിച്ചു. സുന്നത്തിന്റെ പ്രാമാണികതക്ക് അതിന്റെ നിവേദനം കുറ്റമറ്റതായാല്‍ മതി; മദീനക്കാരുടെ കര്‍മരീതിയുമായി യോജിക്കണമെന്ന ഹദീസ് പ്രസിദ്ധമാണെങ്കിലും നിവേദകന്റെ കര്‍മം അതിന് വിരുദ്ധമാണെങ്കില്‍ ഇമാം മാലിക് അതിനെ പ്രമാണയോഗ്യമായി കണ്ടിരുന്നില്ല. ഈ നിബന്ധനയും ഇമാം ശാഫിഈ ഒഴിവാക്കി.

സുന്നത്തിന്റെ പ്രാമാണികത സ്ഥാപിക്കാന്‍ ഇമാം ശാഫിഈ ശക്തിയുക്തം അടരാടി. ഏക റിപ്പോര്‍ട്ടര്‍മാരിലൂടെ നിവേദനം ചെയ്യപ്പെടുന്ന ഹദീസുകള്‍ പ്രമാണമാണ്. എല്ലാ റിപ്പോര്‍ട്ടര്‍മാരും വിശ്വസ്തരായിരുന്നാല്‍ മാത്രം മതി. ഇതായിരുന്നു അദ്ദേഹം സമര്‍ഥിച്ചത്. ഒരു കാലഘട്ടത്തിലെ പണ്ഡിതന്മാരുടെ പൊതുവായ നിലപാട് (ഇജ്മാഅ്) പ്രമാണമായംഗീകരിച്ചു. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി വന്ന നിയമങ്ങളുടെ തത്ത്വം പരിഗണിച്ച് വിധികള്‍ നിര്‍ധാരണം ചെയ്യുന്ന രീതി(ഖിയാസ്) പ്രമാണമായംഗീകരിച്ചു.

 

സ്വഭാവ വൈശിഷ്ട്യം

ദൈവഭയത്തിലും സൂക്ഷ്മതയിലും ഭക്തിയിലും നിഷ്‌കളങ്കതയിലും നിസ്തുലനായിരുന്നു ഇമാം ശാഫിഈ. തന്റെ അഭിപ്രായങ്ങള്‍ ശക്തിയുക്തം സമര്‍ഥിക്കുമ്പോഴും അദ്ദേഹം വിനയാന്വിതനായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു:  സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഞാനാഗ്രഹിക്കും; 'സത്യം സ്ഥാപിതമാവണം, എന്റെ നാവിലൂടെയോ എന്റെ പ്രതിയോഗിയുടെ നാവിലൂടെയോ.'

വിജ്ഞാന സമ്പാദനം സുന്നത്ത് നമസ്‌കാരത്തേക്കാള്‍ പുണ്യമുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതോടൊപ്പം രാത്രിയെ മൂന്നായി പകുത്ത് ഒരു പങ്ക് ഗ്രന്ഥരചനക്കും മറ്റൊന്ന് ഉറങ്ങാനും മൂന്നാമത്തെ പങ്ക് നമസ്‌കാരത്തിനും അദ്ദേഹം നീക്കിവെച്ചിരുന്നു.

മറ്റുള്ളവരെ ആദരിക്കുന്നതിനെന്നപോലെ വിലയിരുത്തുന്നതിലും നിഷ്‌കളങ്കമായ കണിശത പാലിച്ചുപോന്നു ഇമാം ശാഫിഈ. അദ്ദേഹം പറയുന്നു: ''മുഹമ്മദു ബ്‌നു ഹസന്‍ എന്നോട് ചോദിച്ചു. ഞങ്ങളുടെ ഗുരു അബൂഹനീഫയോ, നിങ്ങളുടെ ഗുരു മാലികു ബ്‌നു അനസോ ആരാണ് കൂടുതല്‍ അറിവുള്ളവന്‍?''

'നീതിപൂര്‍വകമായ വിലയിരുത്തലാണോ?' 'അതെ.' 'എങ്കില്‍ പറയൂ: ഖുര്‍ആനില്‍ ആര്‍ക്കാണ് അധികം അറിവ്...?' 'നിങ്ങളുടെ ഗുരുവിന്.' 'സുന്നത്തിലോ?' 'നിങ്ങളുടെ ഗുരുവിന്.' ഞാന്‍ ചോദിച്ചു: 'പ്രവാചക ശിഷ്യന്മാരുടെ അഭിപ്രായങ്ങള്‍ ആര്‍ക്കാണ് കൂടുതല്‍ അറിയുക?' 'നിങ്ങളുടെ ഗുരുവിന്.' -ഞാന്‍. ഇനി ഖിയാസ് മാത്രമാണ് ബാക്കി. ഇപ്പറഞ്ഞതിന്റെ വെളിച്ചത്തിലല്ലേ ഖിയാസ്?

 

അടിസ്ഥാന പ്രമാണത്തിലേക്ക് തിരിച്ചുപോവുക

ഇമാം ശാഫിഈ പറഞ്ഞതായി അഹ്മദു ബ്‌നു ഹമ്പല്‍ ഉദ്ധരിക്കുന്നു: ''അബൂ അബ്ദില്ലാ, നിങ്ങളുടെ അടുക്കല്‍ പ്രാമാണികമായ ഹദീസ് കണ്ടെത്തിയാല്‍ നമ്മോട് പറയൂ. നാം അതിലേക്ക് മടങ്ങും.'' മറ്റൊരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''ഞാനൊരഭിപ്രായം പറഞ്ഞു. റസൂലില്‍നിന്ന് ഞാന്‍ പറഞ്ഞതിന് വിരുദ്ധമായൊന്ന് സ്ഥിരപ്പെട്ടാല്‍ എന്റെ അഭിപ്രായം റസൂല്‍ (സ) പറഞ്ഞതാണ്.''

ഇമാം അഹ്മദിനോട് ഇമാം ശാഫിഈ പറഞ്ഞു: ''ഹദീസുകളെക്കുറിച്ചും റിപ്പോര്‍ട്ടര്‍മാരെക്കുറിച്ചും നിങ്ങള്‍ക്കാണ് കൂടുതല്‍ അറിയുക. അതിനാല്‍ പ്രബലമായ ഹദീസ് കൂഫയിലോ ശാമിലോ എവിടെയാണ് ഉള്ളതെന്ന് പറഞ്ഞുതരിക. ആ ഹദീസ് പഠിക്കാന്‍ ഞാനവിടെ പോകാം.''

സുന്നത്തിന്റെ പ്രാമാണികതയില്‍ വിശിഷ്യാ, 'ഖബറുല്‍ വാഹിദ്' എന്നറിയപ്പെടുന്ന ഏക റിപ്പോര്‍ട്ടര്‍ വഴി നിവേദനം ചെയ്യപ്പെട്ട സുന്നത്തിന്റെ പ്രാമാണികതയില്‍ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കെല്ലാം ഇമാം ശാഫിഈ വായടപ്പന്‍ മറുപടി നല്‍കി. സഹവര്‍ത്തിത്വത്തിന് അദ്ദേഹം കാഴ്ചവെച്ച മാതൃക നിസ്തുലമാണ്. ഇമാം അബൂഹനീഫയുടെ പള്ളി സന്ദര്‍ശിച്ചപ്പോള്‍ സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതാതിരുന്നത് പ്രതിപക്ഷ ബഹുമാനത്തിന്റെ മഹനീയ മാതൃകയാണ്. ഇമാം ശാഫിഈ സാധിച്ച വൈജ്ഞാനിക വിപ്ലവം സുദീര്‍ഘങ്ങളായ ഗവേഷണ പഠനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്.

ഇമാം ശാഫിഈ, അദ്ദേഹത്തെ തഖ്‌ലീദ് ചെയ്യുന്നതും (അന്ധമായ അനുകരണമാണ് തഖ്‌ലീദ്) വിരോധിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ജീവിതം മുഴുവന്‍ വിജ്ഞാനം തേടിയുള്ള യാത്രയാക്കിയ ആ ഉദാത്തമാതൃക സ്വന്തമാക്കാനാണ് നാം ശ്രമിക്കേണ്ടത്. 

 

എം.വി മുഹമ്മദ് സലീം: മലപ്പുറം ജില്ലയിലെ മൊറയൂര്‍ സ്വദേശി. ലോക മുസ്‌ലിം പണ്ഡിത സഭാ മെമ്പര്‍, ഇഖ്‌റഅ് കേരള ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ ഡീന്‍, ശാന്തപുരം അല്‍ ശാമിഅ അല്‍ ഇസ്‌ലാമിയ വിസിറ്റിംഗ് ലക്ചറര്‍. മൊറയൂര്‍ ഗുഡ്‌വില്‍ ഗ്ലോബല്‍ എക്‌സലന്‍സ് സെന്റര്‍ ഡയറക്ടര്‍. കൃതി: ജിന്നും ജിന്നുബാധയും. ഫോണ്‍:  9447172168. 

ഇമെയില്‍:masaleemmv@gmail.com

Comments

Other Post