Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

അഗതി

പ്രദീപ് പേരശ്ശന്നൂര്‍

ഞങ്ങളോട് വെടിവട്ടം പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് ഷിഹാബെന്തിനാണ് വീടിനുള്ളിലേക്ക് വലിഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. മധ്യവയസ്സ് പിന്നിട്ട ആ സ്ത്രീ ഗേറ്റിനരികില്‍ നിന്ന് വീടിന്റെ ഉമ്മറത്തെത്തിയപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഷിഹാബ് മുങ്ങിയതാണ്. കാശുകാരുടെ വീട്ടിലേക്ക് സഹായത്തിനായി പണമിരന്നെത്തുന്നവര്‍ നാള്‍ക്കുനാള്‍ കൂടുകയാണ്.ചിലരൊക്കെ ഇതൊരു തട്ടിപ്പായും കൊണ്ടുനടക്കുന്നുണ്ട്. നിര്‍മാണ ജോലിയുമായി പല വീടുകളില്‍ ചെല്ലുമ്പോഴും ഞാന്‍ കാണാറുള്ള കാഴ്ചയാണിത്.

ശിഹാബ് സമ്പന്നനാണ്. വീടിനോട് അറ്റാച്ച് ചെയ്ത ഒരു കാര്‍പോര്‍ച്ചുണ്ടെങ്കിലും രണ്ടു വാഹനത്തിനൊരേസമയം ഇടമില്ലാത്തതിനാല്‍ പുതിയൊരു പോര്‍ച്ച് പണിയുകയാണ്.

ആ സ്ത്രീ പലവട്ടം കോളിംഗ് ബെല്‍ മഴുക്കിയപ്പോള്‍ ഷിഹാബിന്റെ ഭാര്യ വന്ന് വാതില്‍ തുറന്നു. ''ഷിഹാബിക്ക ഇവിടെയില്ല. രണ്ടീസം കഴിഞ്ഞേ വരൂ''- അലോസരം മുഖത്തു നിന്നൊളിപ്പിക്കാതെ തന്നെ അവള്‍ പറഞ്ഞു. 

''ഡോക്ടറെ കാണേണ്ട ദിവസം ഇന്നായിരുന്നു.'' കൊക്കി കുരച്ചു കൊണ്ട് അഗതി ആവശ്യം അറിയിച്ചു. പക്ഷേ, തുടര്‍ സംസാരത്തിനിടം കിട്ടാതെ അവരുടെ മുന്നില്‍ ഒച്ചയോടെ വാതിലടഞ്ഞു. എന്നിട്ടും അവര്‍ കുറെ നേരം അവിടെത്തന്നെ നിന്നു. പിന്നെ പതുക്കെ തല വിറപ്പിച്ചുകൊണ്ട് നടന്നകന്നു.

പാപമാണ്. അവര്‍ സഹായം അര്‍ഹിക്കുന്നുണ്ട്. ഷിഹാബിനെന്തെങ്കിലും കൊടുക്കാമായിരുന്നു. ഞാന്‍ അകമെ പരിഭവപ്പെട്ടു.

അവര്‍ പോയെന്നുറപ്പായപ്പോള്‍ ഷിഹാബ് ഞങ്ങള്‍ തൊഴിലാളികളുടെ അടുത്തേക്ക് വീണ്ടും വന്നു.

''മുങ്ങ്യേതാണല്ലേ?'' ഞാന്‍ ഒരല്‍പം നീരസത്തോടും എന്നാല്‍ സൗഹൃദത്തോടും കൂടി ചോദിച്ചു.

ശിഹാബപ്പോള്‍ നിര്‍മമനായി പറഞ്ഞു: ''ഉമ്മയാണ്. കായി ചോദിച്ച് എടക്കൊക്കെ വരും. മറ്റുള്ളോരേ ബുദ്ധിമുട്ടിക്കാന്‍.''

ഞാന്‍ ഞെട്ടി. അടുത്ത ക്ഷണം ജോലിയില്‍ ശ്രദ്ധ പിഴച്ച് ചുറ്റിക എന്റെ വിരലില്‍ കൊണ്ട് ചോര തെറിച്ചു.

ശിരോവസ്ത്രം കൊണ്ട് കണ്ണുകള്‍ തുടച്ച് മറഞ്ഞ ആ സ്ത്രീ എന്റെയും ഉമ്മയല്ലേ...!? 

--------

ഉമ്മ

ഇര്‍ഫാന്‍ കരീം 

കറിയില്‍  മുങ്ങി

നീരു വറ്റി ഉണങ്ങി

പുറത്തിറങ്ങിയ

കറിവേപ്പില

വീണ്ടും തളിര്‍ത്ത് 

ചിരിച്ച് വരുന്നുണ്ട്

കറിക്ക് രുചി പകരാന്‍.

 

അലിഞ്ഞില്ലാതായ ഉപ്പ്

പാചകത്തിന് രസക്കൂട്ടൊരുക്കാന്‍

വീണ്ടും 

പാകത്തിലൊരുങ്ങിയെത്തിയിട്ടുണ്ട്.

 

മുളകും മല്ലിയും മഞ്ഞളും

തീര്‍ന്ന് പോകുന്നേയില്ലല്ലോ

അലമാരക്കകത്ത്

നിറയുന്നത് വീണ്ടും

വസന്തംതീര്‍ക്കാന്‍.

 

തിളച്ച് മറിഞ്ഞ് വെന്ത്

പാകമായെങ്കിലും

അരി ഒരുങ്ങിനില്‍കുന്നുണ്ട്

വീണ്ടും തിളച്ച 

വെള്ളത്തിലെടുത്തു ചാടാന്‍.

 

തീ എത്ര തിന്ന് തീര്‍ത്തിട്ടും

തീര്‍ന്ന് പോകാതെയീ 

വിറകുകൊള്ളി

പുകഞ്ഞ് കത്തിക്കൊണ്ടേയിരിക്കുന്നുണ്ട്

കെടാ വെളിച്ചമായ്. 

----

 

ബംഗാളി

അശ്‌റഫ് കാവില്‍

അലക്കിയിട്ടും 

കറ പോകാതെ 

ഉണങ്ങാനിട്ട 

അവന്റെ വസ്ത്രങ്ങള്‍ 

നിന്നെ, 

അലോസരപ്പെടുത്തുന്നു....

 

ഉള്ളിമണമുള്ള 

അവന്റെ വിയര്‍പ്പുചൂര്..

കണ്ണിറുക്കിയ ചിരി 

മഞ്ഞ പടര്‍ന്ന പല്ലുകള്‍

വംഗ ഭാഷ.. 

ഒന്നും നിനക്ക് പഥ്യമല്ല..

 

മാടോ, യന്ത്രമോ 

വിരാമമില്ലാത്ത പണിയോ 

ഹൃദയശൂന്യനോ ആണ് 

നിനക്കു മാത്രമവന്‍.. 

കണ്ണ് തെറ്റിയാല്‍ 

കട്ടുപോകുന്നവന്‍ 

പരദേശി... 

 

നിന്റെ കഴുകന്‍ കണ്ണുകള്‍ 

അവനെ കോര്‍ത്തെടുത്തു 

കുത്തുവാക്കുകളുടെ 

വറചട്ടിയില്‍ 

അവന്‍ പൊരിഞ്ഞു...

 

'മിണ്ടാതിരുന്ന് പണിചെയ്യൂ'

എന്ന്, നാഴികക്ക് നാല്‍പതുവട്ടം 

നീ അട്ടഹസിച്ചു...

 

രണ്ടാഴ്ച കൂടി മാത്രം 

നിനക്കീ അധികാരം.. 

അതുകഴിഞ്ഞ് സ്വപ്നങ്ങള്‍ കുത്തിനിറച്ച

ഒരു പെട്ടിയുമേറ്റി 

നീ തിരിച്ചുപറക്കും...

നാല്‍പ്പത്തി രണ്ടണ്ടു 

ഡിഗ്രിയുടെ ചൂടില്‍ 

നിന്നിലടിഞ്ഞുകൂടിയ 

നെയ്യുരുകും.. 

 

അറബിച്ചെക്കന്മാര്‍ 

'ഹിമാര്‍.. ഹയവാന്‍..' എന്ന് 

നിന്നെ തുപ്പിയാട്ടും..

 

പിന്നെ 

ബംഗാളി ചെയ്ത 

അതേ പണികള്‍ 

അവരുടെ ഭാഷയില്‍ 

നീ ചെയ്യും 

നിന്റെ മേനിയില്‍ 

അവരുടെ തുപ്പല്‍ 

വീണുണങ്ങും 

കൂടുതല്‍ കടുപ്പമേറിയ 

കുത്തുവാക്കുകള്‍ കേട്ട് 

ഉള്ളില്‍ കരയും... 

 

കൂട്ടിക്കിഴിച്ചുനോക്കുമ്പോള്‍ 

നിന്നേക്കാള്‍ 

ഒരല്‍പം ഭാഗ്യക്കൂടുതല്‍ 

ആ ബംഗാളിക്കു തന്നെയാകില്ലേ! 

---

 

ഇരുപത്തിയൊന്ന്

ബൈജു ടി. ഷയ്ബു കോരങ്ങാട്

വിടരാന്‍ കൊതിക്കുന്ന-

പനിനീര്‍ മൊട്ടിനെ-

ചെടി മുള്ളുകൊണ്ട്-

കുത്തിനോവിക്കുന്ന-

ഈ നൂറ്റാണ്ടിന്റെ-

പേര്..

ഇരുപത്തിയൊന്ന്.

 

ബിസാറയിലെ ദാദ്രിയോര്‍ത്തും

ദല്‍ഹിയിലെ പെണ്‍കുട്ടിയെ

ഓര്‍ത്തും കാലം വിതുമ്പിയ 

ഈ നൂറ്റാണ്ടിന്റെ പേര്

ഇരുപത്തിയൊന്ന്.

 

സഹയാത്രികരില്ലാത്ത-

ബോഗിയിലെ സൗമ്യ ഭാവത്തെ

പുറത്തേക്കെറിഞ്ഞ്

കാമം തീര്‍ത്തവന്‍

സുഖസൗകര്യത്തിനായി തടവറയില്‍

ശാഠ്യം പിടിച്ച

ഈ നൂറ്റാണ്ടിന്റെ പേര്

ഇരുപത്തിയൊന്ന്.

 

പതിവ്രത ചമഞ്ഞ്-

മനവും തനുവും 

കാമുകന് സമര്‍പ്പിച്ച്

കണവനെ കൊത്തി നുറുക്കുന്ന

ഈ നൂറ്റാണ്ടിന്റെ പേര്

ഇരുപത്തിയൊന്ന്.

 

ഓരോ രാത്രിയും പകലും 

ഒരഛനെ ഒരു ബന്ധുവിനെ

ഒരു സുഹൃത്തിനെ...

ഒരധ്യാപകനെ ഒരപരിചിതനെ

ഭയന്നിരിക്കുന്ന 

ഈ നൂറ്റാണ്ടിന്റെ പേര്

ഇരുപത്തിയൊന്ന്. 

--

 

മരം സമഗ്രമാണ്

കെ.ടി അസീസ്

മരം ഒരു തത്ത്വം

മാത്രമായിരുന്നെങ്കില്‍

തന്നെ കല്ലെറിയുന്നവര്‍ക്ക്

കായ്കനികള്‍

നല്‍കുമായിരുന്നില്ല,

മരമൊരു പ്രായോഗികവും

കൂടിയാണ്.

 

മരം ഒരു ആവേശം

മാത്രമായിരുന്നെങ്കില്‍

കൈകാലുകള്‍ വെട്ടി

മാറ്റപ്പെട്ട ശേഷവും

കിളിര്‍ത്ത് തണല്‍ 

വിരിക്കുമായിരുന്നില്ല,

മരമൊരു ആത്മവിശ്വാസവും

കൂടിയാണ്.

 

മരം ഒരു വിപ്ലവ വായാടി

മാത്രമായിരുന്നെങ്കില്‍

ഒഴുക്കിനെതിരെ മണ്ണിനെ

പിടിച്ചു നിര്‍ത്തുമായിരുന്നില്ല,

മരമൊരു പോരാട്ടം കൂടിയാണ്.

 

മരം ഒരു രാഷ്ട്രീയം

മാത്രമായിരുന്നെങ്കില്‍

കാക്കക്കും കൊക്കിനും

കൂടുകെട്ടാനിടം 

നല്‍കുമായിരുന്നില്ല,

മരമൊരു നീതിയും

കൂടിയാണ്.

 

മരം ഒരു ആശയം

മാത്രമായിരുന്നെങ്കില്‍

മണ്ണില്‍ പിടിച്ചു

നില്‍ക്കുമായിരുന്നില്ല,

മരം മണ്ണിലെ

ജീവിതം കൂടിയാണ്.

 

മരം നന്മയുടെ ഉയരവും

ക്ഷമയുടെ ആഴവുമാണ്.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം