Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

ആ നല്ല നാളുകള്‍ തിരിച്ചുവരട്ടെ

എം.ഐ അബ്ദുല്‍ അസീസ്<br>(ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍)

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ രണ്ട് വിഭാഗങ്ങള്‍ ലയിച്ച് ഒന്നായി മുന്നോട്ടുപോകാന്‍ തയാറാവുന്നത് സന്തോഷകരമായ കാര്യമാണ്. ഈ ഐക്യത്തിലേക്ക് വന്നുചേര്‍ന്നിട്ടില്ലാത്ത സംഘങ്ങള്‍ കൂടി ഇതിലേക്ക് ചേരുമ്പോഴാണ് മുജാഹിദ് ഐക്യം പൂര്‍ണമാവുക. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 

ഇന്ത്യയിലെ ഇതര പ്രദേശങ്ങളേക്കാള്‍ വിഭവങ്ങള്‍കൊണ്ടും സക്രിയതകൊണ്ടും ഏറെ അനുഗ്രഹിക്കപ്പെട്ടവരാണ് കേരളത്തിലെ മുസ്‌ലിം സമുദായം. ഇസ്‌ലാമിക ബോധം ഇത്രമേല്‍ നിലനില്‍ക്കുന്നതും നിലനിര്‍ത്താന്‍ സംവിധാനവുമുള്ള മറ്റൊരു പ്രദേശവും രാജ്യത്തില്ല. ദീനീമേഖലയില്‍ ധാരാളം സംഘടനകളും സംവിധാനങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പൊതുപ്രവര്‍ത്തനരംഗത്ത് സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍  ഇസ്‌ലാമിക സമൂഹം ചില തത്ത്വങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്. വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഭൂരിപക്ഷം സമുദായാംഗങ്ങളും. സംഘടനകള്‍ പ്രസക്തമാവുന്നത് അവ ഇസ്‌ലാമിനു വേണ്ടി നിലനില്‍ക്കുന്നതിനാലാണ്. സംഘടനകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അതില്‍ അണിചേരുന്നതിനുമുള്ള ഒരേയൊരു ന്യായവും ഇതുതന്നെ. ഇസ്‌ലാമാണ് പ്രധാനം. എന്നാണോ സംഘടന, ഇസ്‌ലാമിനപ്പുറത്തുള്ള ഇതര ന്യായങ്ങളിലേക്കും താല്‍പര്യങ്ങളിലേക്കും, ഇസ്‌ലാംപോലും സംഘടനക്കുവേണ്ടി എന്ന തലത്തിലേക്കും താഴ്ന്നുപോകുന്നത് അന്നു മുതല്‍ സംഘടന ഇസ്‌ലാമിന് ദോഷമേ ചെയ്യൂ. ഇസ്‌ലാമിനു വേണ്ടിയുള്ള, ഇസ്‌ലാമിനു വേണ്ടി മാത്രമുള്ള സേവനത്തെ സാക്ഷാല്‍ക്കരിക്കാനുള്ള വഴിയാണ് സംഘടന എന്ന് സമുദായവും നേതാക്കളും മനസ്സിലാക്കണം.

എത്ര ഭദ്രതയുള്ള സംഘടനയാവട്ടെ, ആശയാദര്‍ശങ്ങള്‍ കണിശതയുള്ളതാവട്ടെ, അവക്കകത്ത് തികഞ്ഞ ഉള്‍പാര്‍ട്ടി ജനാധിപത്യവും അഭിപ്രായാന്തരങ്ങളോട് കവിഞ്ഞ ബഹുമാനാദരങ്ങളും പുലര്‍ത്താന്‍ സംഘടനാ നേതൃത്വവും അണികളും സന്നദ്ധരാവണം. അതിന് ദീനിനകത്ത് വേണ്ടുവോളം ഇടമുണ്ട്. സംഘടനക്കകത്ത് നാം സഞ്ചരിച്ചെത്തിയ ദൂരമോ വിയോജിക്കുന്നവന്റെ വലിപ്പക്കുറവോ ഒന്നും അതിനെ ഇടുക്കമുള്ളതാക്കരുത്. വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാത്ത പ്രവാചകന്റെ നിരീക്ഷണങ്ങളോട് വിയോജിച്ച സ്വഹാബിമാരെയും അതിനനുസരിച്ച നിലപാടെടുത്ത് കാര്യങ്ങള്‍ കൂടുതല്‍ ഭദ്രമാക്കിയ പ്രവാചകനെയുമാണ് നമുക്ക് പരിചയമുള്ളത്. ഖുലഫാഉര്‍റാശിദുകളുടെ ഉദാഹരണങ്ങളും ധാരാളമുണ്ടല്ലോ. അതാണ് യഥാര്‍ഥ വഴി. പക്ഷപാതിത്വത്തിന്റെയും അനൈക്യത്തിന്റെയും വഴിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ധാരാളം സമുദായ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന നാടാണിത്. ആത്യന്തികമായി ഒരേ ലക്ഷ്യമുള്ളതോ പരസ്പരപൂരകമോ ആണ് അവയുടെ പ്രവര്‍ത്തനങ്ങള്‍; സ്ഖലിതങ്ങള്‍ സംഭവിക്കുമെങ്കിലും. ഇവയെ യാഥാര്‍ഥ്യമായി അംഗീകരിക്കണം. ഇസ്‌ലാമിന്റെ നേട്ടവും സമുദായത്തിന്റെ പുരോഗതിയും രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ പുനര്‍നിര്‍മാണവും രാജ്യനിവാസികളുടെ ക്ഷേമവുമാണ് സമുദായം ലക്ഷ്യമാക്കുന്നത്. അതിന് ഐക്യത്തോടെ പ്രവര്‍ത്തിക്കാനുള്ള മനസ്സ് സംഘടനകള്‍ക്കിടയിലുണ്ടാവണം.

ദീനിന്റെയും സമുദായത്തിന്റെയും പൊതുപ്രശ്‌നങ്ങളില്‍ സമുദായത്തിന് ഒന്നിക്കാന്‍ സാധിക്കണം. കാലം ഏറെ മാറിയിട്ടുണ്ട്. ഇസ്‌ലാമും മുസ്‌ലിംകളും ലോകത്തെ അപകടപ്പെടുത്തുകയേയുള്ളൂ എന്നാണ് പ്രചാരണം. സാമ്രാജ്യത്വശക്തികള്‍ ഉയര്‍ത്തിവിട്ട ഇസ്‌ലാമോഫോബിയ നമ്മുടെ അയല്‍വാസിയുടെ അടുക്കളവരെ എത്തിയിരിക്കുന്നു. മുസ്‌ലിംകളെ 'ശുദ്ധീകരിക്കാന്‍' പ്രതിജ്ഞാബദ്ധനായ പ്രധാനമന്ത്രിയാണ് നാട് ഭരിക്കുന്നത്. മുസ്‌ലിം എന്ന അപരനെ സൃഷ്ടിച്ചുകൊണ്ടേ സംഘ്പരിവാര്‍ ഫാഷിസത്തിന് നിലനില്‍ക്കാനാവൂ. തീവ്രവാദ വേട്ടകളും വ്യാജ ഏറ്റുമുട്ടലുകളും ഒന്നാമതായി ലക്ഷ്യമിടുന്നത് മുസ്‌ലിം സമുദായത്തെയാണ്. പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ എന്തുമാത്രം ബാലിശമാണ് എന്ന് നാം ഇതിനകം മനസ്സിലാക്കി. അതുകൊണ്ട് ഒന്നിച്ചണിനിരക്കുക.

ഒരു വിഭാഗത്തെ അവരുടെ നാവിലൂടെ, താളുകളിലൂടെ പഠിക്കുക. എതിരാളിയെ ആശ്രയിച്ചു പഠിക്കുന്നുവെന്നതാണ് എല്ലാവരുടെയും ദുരന്തം. പലരും ഇസ്‌ലാമിനെ അസഹിഷ്ണുതയോടെ നോക്കുന്നത്, അവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയത് ശത്രുക്കളില്‍നിന്നായതുകൊണ്ടാണ്. ആ അബദ്ധം നമുക്കിടയിലുമുണ്ട്.  തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. അത്തരം തെറ്റായ രീതികളും മാര്‍ഗങ്ങളും അവസാനിപ്പിക്കുക. നമ്മുടെ നിലപാടിനേക്കാള്‍ മികച്ച ശരി അപ്പുറത്ത് കാണുമ്പോള്‍ അതിനെ പുണരുക. അപ്പോഴാണല്ലോ ഇന്നത്തേക്കാള്‍ മികച്ച നാളെകളുണ്ടാവുക.

ഇസ്‌ലാമിക പ്രസ്ഥാനത്തെ എതിരിട്ടിട്ടുണ്ട് കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം. സീമകള്‍ കടന്ന് ചിലപ്പോഴെങ്കിലും അത് സഞ്ചരിച്ചിട്ടുമുണ്ട്. പലതായി പിളര്‍ന്നപ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള പ്രതിരോധം ദുര്‍ബലപ്പെട്ടു. അപ്പോഴും പല ദിശകളില്‍നിന്നും ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരിലുള്ള വിമര്‍ശനങ്ങള്‍ ഇടതടവില്ലാതെ വന്നുകൊണ്ടിരുന്നു. നിലപാടുകളെ കൃത്യമായി അവതരിപ്പിക്കുന്നതിനപ്പുറത്തേക്ക് അതിനോടുള്ള പ്രതികരണത്തെ ഇസ്‌ലാമിക പ്രസ്ഥാനം കൊണ്ടുപോയിട്ടില്ല. ഇരു വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങളെ പരസ്പരം അഭിവാദ്യം ചെയ്തിരുന്ന, ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നാളുകള്‍ ഇസ്‌ലാമിക-ഇസ്‌ലാഹീ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ആ നല്ല നാളുകള്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കണം.

ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍നിന്ന് സമുദായത്തെ തെറ്റിച്ചുകളയാന്‍ പിശാച് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. പിശാചിനെ കരുതിയിരിക്കുക. പലതും അവന്‍ പ്രലോഭനങ്ങള്‍ക്കായി ഉപയോഗിക്കും. നമ്മുടെ പ്രസിദ്ധീകരണങ്ങള്‍, പ്രഭാഷണങ്ങള്‍ കൂടുതല്‍ മാന്യമാവേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ വ്യക്തിയുടെ കൈയിലാണ്. ഒരു ശരിയെ/ഒരബദ്ധത്തെ,  നിമിഷാര്‍ധം കൊണ്ട് ബഹുലക്ഷ്യങ്ങളില്‍ ഉന്നം തെറ്റാതെ എത്തിക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്നുവെന്നതാണ് അവയുടെ നന്മയും അപകടവും. ഇസ്‌ലാമിനും ഉമ്മത്തിനും സമൂഹത്തിനും ഗുണകരമായ രീതിയില്‍ മാത്രം അവയെ ഉപയോഗപ്പെടുത്തുക. 

ഇസ്‌ലാമും സമുദായവും സമൂഹവും രാഷ്ട്രവുമെല്ലാം പ്രഥമ അജണ്ടകളാവുന്ന വ്യക്തികളും സംഘങ്ങളുമാണ് നമുക്കാവശ്യം. അല്ലാഹു അനുഗ്രഹിക്കട്ടെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം