Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 09

2792

1438 റബീഉല്‍ അവ്വല്‍ 09

സ്ത്രീയില്ലെങ്കില്‍ പുരുഷന്റെ ജീവിതം വരണ്ട മരുഭൂമിയായിരിക്കും

ഡോ. ജാസിമുല്‍ മുത്വവ്വ

വൈരുധ്യങ്ങളുടെ കലവറയാണ് സ്ത്രീമനസ്സ്. അന്യോന്യം പൊരുത്തം കാണാനാവാത്ത വ്യത്യസ്ത ഭാവങ്ങളുടെ സംഗമസ്ഥലിയാണ് സ്ത്രീഹൃദയം. അതൊരു അത്ഭുതസൃഷ്ടിയാണ്. ഗര്‍ഭധാരണത്തിലും പ്രസവത്തിലും വേദനയും സന്തോഷവും മേളിക്കുന്നു. മക്കളുടെ ദുഷ്‌പെരുമാറ്റം കാണുമ്പോള്‍ വെറുപ്പ് പ്രകടിപ്പിക്കുകയും പിറുപിറുക്കുകയും ചെയ്യും. അതോടൊപ്പം അവരോടുള്ള സ്‌നേഹത്താല്‍ ആ ഹൃദയം കവിഞ്ഞൊഴുകും. അവര്‍ക്ക് വേണ്ടിയുള്ള കരുതലാണ് ആ മനസ്സ് നിറയെ. ഭര്‍ത്താവിന്റെ കാര്യത്തിലാവുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ അയാളെ നിരാകരിക്കുന്നു. വിമര്‍ശിക്കാനും അയാളോടൊത്തുള്ള ജീവിതം അവസാനിപ്പിക്കാനും കൊതിക്കുന്ന അതേ മനസ്സ് അയാളെ നഷ്ടപ്പെടാതെ നോക്കാനും അയാളെ മുറുകെപ്പിടിക്കാനും ആരെങ്കിലും അയാളെക്കുറിച്ച് ദുഷിച്ചു പറയുമ്പോള്‍ ഈര്‍ഷ്യ പ്രകടിപ്പിക്കാനും വെമ്പും. പിതാവിന്റെ ശാഠ്യവും വാശിയും കഠിന മനസ്സും ഓര്‍ത്ത് വേദനിക്കുന്ന ഹൃദയം ആ പിതാവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുകയും ആ പിതാവിന്റെ സാന്നിധ്യവും സ്‌നേഹവും തനിക്ക് എന്നുമുണ്ടാവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ചില നേരങ്ങളില്‍ കണ്ണീരും പുഞ്ചിരിയും ഒന്നിച്ചാവും. സങ്കടവും സന്തോഷവും ഒരേ വേളയില്‍ തന്നെ പ്രകടിപ്പിച്ചെന്നുവരും. 

രണ്ട്: സ്ത്രീ പുരുഷനേക്കാള്‍ വിശദാംശങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവളാണ്.  സംസാരത്തില്‍, സംഭവവിവരണത്തില്‍, അവളുടെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങളില്‍ ഈ സ്ഥൂലത ബോധ്യപ്പെടും. മറിച്ച് പുരുഷന്‍ വിശദീകരണങ്ങള്‍ ഒഴിവാക്കി സംസാരം വേഗം അവസാനിപ്പിക്കാനാണ് ശ്രമിക്കുക. 

മൂന്ന്: സ്ത്രീ സംസാരപ്രിയയാണ്. നന്നായി ശ്രദ്ധിച്ചു കേള്‍ക്കാനും ഇഷ്ടമാണ്. മൗനം അവള്‍ക്ക് അരോചകമാണ്. ആശയപ്രകാശനം, വര്‍ണന, വ്യാഖ്യാനം, വിവരണം-ഇതൊക്കെ പ്രിയങ്കരമാണ് സ്ത്രീകള്‍ക്ക്. ആണുങ്ങളേക്കാള്‍ കൂടുതല്‍ സംസാരിക്കണം. ചുരുങ്ങിയ സംസാരം അവരെ തൃപ്തിപ്പെടുത്തില്ല. ഇതാണ് മിക്ക സ്ത്രീകളും പുരുഷന്റെ മൗനത്തെ സ്‌നേഹമില്ലായ്മയായി വ്യാഖ്യാനിക്കുന്നത്. സ്ത്രീയുടെ ദൃഷ്ടിയില്‍ മൗനമെന്നാല്‍ പ്രേമരാഹിത്യമാണ്.

നാല്: പുരുഷന്റെ ജീവിതത്തില്‍ ഒന്നാം സ്ഥാനം തനിക്കാവണമെന്ന് സ്ത്രീ ആഗ്രഹിക്കുന്നു. അതിനവള്‍ തന്ത്രം മെനയും. ഭര്‍ത്താവിന്റെ ഹൃദയത്തില്‍ തനിക്ക് പ്രഥമസ്ഥാനം ലഭിക്കുന്നതിനെക്കുറിച്ചാവും ഏതു നേരവും അവളുടെ ചിന്തയും ആസൂത്രണവും. ഭര്‍ത്താവിനോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന ആരോടും അവള്‍ മത്സരിക്കും. അസൂയാകലുഷമായിരിക്കും ആ മനസ്സ്. ഉമ്മയായാലും സഹോദരിയായാലും ഭര്‍ത്താവിനോട് ഏറെ അടുപ്പം കാണിക്കുന്നത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്കാവില്ല. ബുദ്ധിമാനായ ഭര്‍ത്താവ് എന്തു ചെയ്യുമെന്നോ? അവളാണ് ഒന്നാം സ്ഥാനത്തെന്ന്- അങ്ങനെയല്ലെങ്കില്‍ പോലും- അവള്‍ക്ക് തോന്നാന്‍ തക്കവണ്ണം അയാള്‍ പെരുമാറും.

അഞ്ച്: സ്ത്രീയുടെ ലോകത്ത് പണം വിനോദത്തിനും ആനന്ദത്തിനും വേണ്ടിയുള്ളതാണ്. സ്ത്രീയുടെ കൈ എപ്പോഴും തുറന്നിരിക്കും. നന്നായി നല്‍കും. പുരുഷനാവട്ടെ പണം ഭാവിക്കു വേണ്ടി കരുതിവെക്കും. അയാളെ സംബന്ധിച്ചേടത്തോളം സുരക്ഷിത ജീവിതം കരുതലോടെ ചെലവഴിക്കുന്നതിലാണ്. അതിനാല്‍ ഒരു കാശ് ചെലവിടുമ്പോഴും നൂറുവട്ടം ആലോചിക്കും.

ആറ്: സ്ത്രീ പെട്ടെന്ന് പ്രതികരിക്കും. തരളിതചിത്തയാകും, സന്തോഷവതിയാകും. പുരുഷനും അങ്ങനെയൊക്കെയാണെങ്കിലും സമയമെടുക്കുന്ന പ്രക്രിയയാണത്.

ഏഴ്: സ്ത്രീ തീരുമാനമെടുക്കാന്‍ അറച്ചുനില്‍ക്കും, സംശയിക്കും. ചിലപ്പോള്‍ തീരുമാനമേ വേണ്ടെന്നുവെക്കും. ചിലര്‍ക്ക് എങ്ങനെ തീരുമാനം കൈക്കൊള്ളണമെന്നറിഞ്ഞു കൂടാ. ചിലരാവട്ടെ തീരുമാനം എടുക്കുന്നത് മറ്റുള്ളവരെ ഏല്‍പിക്കും. അല്ലെങ്കില്‍ തീരുമാനമെടുക്കാന്‍ പരസഹായം തേടും. പുരുഷന് ഈ രംഗത്ത് വേഗത കൂടുതലാണ്. തീരുമാനം എടുക്കുന്നത് പെട്ടെന്നാവും. അറച്ചുനില്‍ക്കുന്ന പുരുഷന്മാര്‍ അപൂര്‍വമാണ്. തീരുമാനം എടുക്കുന്നതില്‍ പുരുഷന്റെ സഹായവും പങ്കാളിത്തവും ഉണ്ടാവുന്നത് സ്ത്രീയെ സന്തോഷവതിയാക്കും.

എട്ട്: തന്ത്രങ്ങള്‍ മെനയാന്‍ സ്ത്രീ സമര്‍ഥയാണ്. അതില്‍ അവള്‍ പുരുഷനെ തോല്‍പിക്കും. പുരുഷന്റെ ശ്രദ്ധ തന്റെ നേരെ തിരിക്കാന്‍ ഏത് ഉപായവും അവള്‍ സ്വീകരിക്കും. അതില്‍ ഭര്‍ത്താവെന്നോ മകനെന്നോ പിതാവെന്നോ വ്യത്യാസമില്ല. വക്രബുദ്ധി ഉപയോഗിച്ചോ കുതന്ത്രങ്ങള്‍ മെനഞ്ഞോ കൊഞ്ചിക്കുഴഞ്ഞോ അണിഞ്ഞൊരുങ്ങിയോ തന്റെ സ്‌ത്രൈണത പ്രകടിപ്പിച്ചോ ഒക്കെയാവാം ഇത്. പുരുഷനെ കീഴ്‌പ്പെടുത്താന്‍ തന്റെ സൗന്ദര്യം അവള്‍ മൂലധനമാക്കും. ഈ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടാല്‍ പിന്നെ അനുകമ്പയും സഹതാപവും പിടിച്ചുപറ്റാന്‍ രോഗം അഭിനയിച്ചോ വേദന പ്രകടിപ്പിച്ചോ ശ്രമങ്ങള്‍ തുടരും. പരാതിപ്പെട്ടും പരിഭവപ്പെട്ടും കണ്ണീരൊലിപ്പിച്ചും പുരുഷഹൃദയം കീഴടക്കാന്‍ അവള്‍ക്ക് കഴിയും. സാമൂഹികവും മാനുഷികവുമായ തന്ത്രങ്ങളാണ് സ്ത്രീക്ക് ഏറെ. 

ഒമ്പത്: ചിലപ്പോള്‍ സ്ത്രീകള്‍ 'എനിക്ക് വേണ്ട' എന്ന് പറഞ്ഞാവും നിങ്ങളെ നേരിടുക. യഥാര്‍ഥത്തില്‍ അവളുടെ മനസ്സ് പറയുന്നത് 'എനിക്ക് വേണം' എന്നാണ്. സ്ത്രീയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ എടുക്കരുത്. ചിലപ്പോള്‍ അത് അവളുടെ അന്തര്‍ഹിതങ്ങള്‍ പുറത്തെടുക്കാനുള്ള പിന്‍വാതില്‍ യത്‌നങ്ങളുടെ ഭാഗമായിരിക്കും. ഈ തിരസ്‌കാര വാക്കുകള്‍ അവള്‍ക്ക് ആശ്വാസം പകരുന്നുണ്ടാവാം. തന്റെ നിഷേധ നിലപാടില്‍ അവള്‍ ഉള്ളാലെ സന്തോഷിക്കുന്നുണ്ടാവാം. 

പത്ത്: സ്ത്രീ സ്‌നേഹമാണ്, ആശ്വാസമാണ്, അഭയമാണ്. വാത്സല്യത്തിന്റെയും തരളവികാരങ്ങളുടെയും കേദാരമാണ്. അവളില്ലാതെ പുരുഷജീവിതം സന്തോഷകരമാവില്ല. അവളില്ലാത്ത പുരുഷജീവിതം വരണ്ട മരുഭൂമിയായിരിക്കും. അവള്‍ അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ്. ''നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്.'' നബി(സ) തന്റെ പ്രബോധനജീവിതം ആരംഭിച്ചത് ഒരു സ്ത്രീയുടെ പരിസരത്തുനിന്നാണ്. നബിയുടെ ജീവിതം അവസാനിച്ചത് ഒരു സ്ത്രീയുടെ മാറില്‍ തലചായ്ച്ചാണ്. 

വിവ: പി.കെ ജമാല്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (38-40)
എ.വൈ.ആര്‍

ഹദീസ്‌

മനുഷ്യനെ കാണുന്ന ധര്‍മപാതകള്‍
ടി.ഇ.എം റാഫി വടുതല