Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 09

2792

1438 റബീഉല്‍ അവ്വല്‍ 09

അര്‍ബകാന്‍ അധികാരത്തില്‍

അശ്‌റഫ് കീഴുപറമ്പ്

വ്യത്യസ്തനായ ഒരു സൂഫിയെ പരിചയപ്പെടാം. മുഹമ്മദ് സാഹിദ് കോത്കു (1897-1980). നഖ്ശബന്ദി ത്വരീഖത്തിലെ ഖുമുശ്ഖാനവി ശാഖയുടെ ഗുരു. പള്ളികളിലോ ഖാന്‍ഖാഹുകളിലോ ചടഞ്ഞിരിക്കുക അദ്ദേഹത്തിന്റെ പതിവുകളില്‍ പെടില്ല. അദ്ദേഹത്തെ കണ്ടുകിട്ടണമെങ്കില്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിച്ചെല്ലണം. തന്റെ അനുയായികള്‍ക്ക് രാഷ്ട്രീയ ഉള്‍ക്കാഴ്ച പകര്‍ന്നുകൊണ്ട് അദ്ദേഹമവിടെ നിറഞ്ഞുനില്‍ക്കുന്നുണ്ടാകും. ഭരണമാറ്റം വേണം, പക്ഷേ സമയമെത്തിയതിനു ശേഷമേ അതാകാവൂ. ആദ്യം വേണ്ടത് സമൂഹത്തെ സാംസ്‌കാരികമായി മാറ്റിയെടുക്കുകയാണ്; ഒപ്പം സമൂഹത്തെയും രാഷ്ട്രത്തെയും സാമ്പത്തികമായി ശക്തിപ്പെടുത്തുകയും. വ്യവസായങ്ങള്‍ ഉയര്‍ന്നുവരികയും വ്യാപാരം പുഷ്ടിപ്പെടുകയും ചെയ്താലേ നാടിന് സാമ്പത്തിക സ്വയംപര്യാപ്തത നേടാനാവൂ. ഇതാണ് അദ്ദേഹത്തിന്റെ നിലപാട്. കോത്കുവിന്റെ അനുയായികളും ചില്ലറക്കാരല്ല. തുര്‍ഗത്ത് ഒസാല്‍, അദ്ദേഹത്തിന്റെ സഹോദരന്‍ കോര്‍കുത്ത് ഒസാല്‍, നജ്മുദ്ദീന്‍ അര്‍ബകാന്‍, ഫഹീം അദക്ക്, ഹസന്‍ അക്‌സായ്... കമ്പോളാധിഷ്ഠിത നിയോ ലിബറല്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ തുര്‍ഗത്ത് ഒസാലിനെ ഉപദേശിച്ചത് കോത്കുവായിരുന്നു. ഈ ശിഷ്യപരമ്പരയിലെ ഒടുവിലത്തെ കണ്ണികളിലൊരാളാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ആത്മീയതയെ വികസനവുമായി ബന്ധിപ്പിക്കുന്ന കോത്കിയന്‍ സ്പര്‍ശം ഉര്‍ദുഗാന്‍ എന്ന ഭരണാധികാരിയുടെ നീക്കങ്ങളിലുടനീളം നമുക്ക് കാണാനാവും. 

കോത്കുവിന്റെ പ്രമുഖ ശിഷ്യന്‍ തുര്‍ഗത്ത് ഒസാലിന്റേതായിരുന്നു തുര്‍ക്കിയുടെ തൊള്ളായിരത്തി എണ്‍പതുകള്‍ എന്ന് നാം കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പാവങ്ങളെയും അധഃസ്ഥിതരെയും കേന്ദ്രസ്ഥാനത്ത് നിര്‍ത്തി അദ്ദേഹം നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആധുനിക തുര്‍ക്കിക്ക് നവജീവന്‍ നല്‍കി. അദ്ദേഹം നികുതി സമ്പ്രദായം പരിഷ്‌കരിച്ചു. കെടുകാര്യസ്ഥതയുടെ പ്രതീകമായ ബ്യൂറോക്രസി അഴിച്ചുപണിതു. ഒട്ടേറെ വിദേശ കമ്പനികള്‍ തുര്‍ക്കിയില്‍ പണമിറക്കി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വികസനത്തിന് വന്‍ കുതിപ്പ് നല്‍കി. ഫാക്ടറികളും റോഡുകളും പാലങ്ങളും ഇലക്ട്രിക് ലൈനുകളും തുര്‍ക്കി നഗരങ്ങളുടെ മുഖഛായ മാറ്റി. കുറഞ്ഞ ചെലവില്‍ ഫാക്ടറികളില്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്ക് മധ്യേഷ്യയിലും പശ്ചിമേഷ്യയിലും നല്ല മാര്‍ക്കറ്റുണ്ടായി. ഇസ്തംബൂളില്‍ വലിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉയര്‍ന്നുവരുന്നതു ഈ ഘട്ടത്തിലാണ്. ഭീമന്‍ നഷ്ടം വരുത്തിവെക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ താങ്ങിനിര്‍ത്തുന്നതിനു പകരം, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു ഗവണ്‍മെന്റിന്. തുര്‍ക്കിയുടെ നിത്യശാപമായ തൊഴിലില്ലായ്മക്ക് വലിയൊരളവില്‍ ശമനമായി. ആധുനിക സാമ്പത്തിക വികാസത്തിന്റെ സൂചികയെന്നോണം 1985-ല്‍ ഇസ്തംബൂള്‍ നഗരം അതിന്റെ സ്വന്തം സ്‌റ്റോക് എക്‌സ്‌ചേഞ്ച് തുറന്നു. 

ഈ ഘട്ടത്തില്‍ ഒരു യുദ്ധം നടക്കുന്നുണ്ടായിരുന്നു, ഇറാഖും ഇറാനും തമ്മില്‍. യുദ്ധത്തില്‍ ഇരുപക്ഷത്തും ചേരാത്തതുകൊണ്ട് തുര്‍ക്കിക്ക് ഇരുരാഷ്ട്രങ്ങളിലേക്കും ചരക്കുകള്‍ യഥേഷ്ടം കയറ്റിയയക്കാമായിരുന്നു. യുദ്ധമായതുകൊണ്ട് എല്ലാറ്റിനും നല്ല ഡിമാന്റുമായിരുന്നു. ഇറാഖിന് എണ്ണ കൊണ്ടുപോകാന്‍ പൈപ്പ് ലൈന്‍ സൗകര്യം നല്‍കി ആ വഴിക്കും മോശമല്ലാത്ത വരുമാനം എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. സാമ്പത്തിക വികസനത്തിന്റെ ഉയര്‍ന്ന സൂചിക കാണിച്ച് 1987-ല്‍ ഒസാല്‍ യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും പതിവുപോലെ അത് തള്ളപ്പെട്ടു.  ഉര്‍ദുഗാന്റെ ജീവചരിത്രകാരന്മാരിലൊരാളായ ടോം ലാഷ്‌നിറ്റ്‌സ് (Tom Lashnits) അതിന്റെ കാരണം തുറന്നെഴുതിയിട്ടുണ്ട്: 'സൈപ്രസ് വിഷയത്തില്‍ ഗ്രീസ് എപ്പോഴും തുര്‍ക്കിയുമായി ഉടക്കിനില്‍ക്കുന്നത് അപേക്ഷ തള്ളപ്പെടാന്‍ ഒരു കാരണമാണ്. വേറെയൊരു കാരണം കൂടിയുണ്ട്. യൂറോപ്യന്മാര്‍ ക്രിസ്ത്യാനികളാണ്; തുര്‍ക്കികള്‍ മുസ്‌ലിംകളും. തുര്‍ക്കികളെ തങ്ങളുടെ കുടുംബത്തില്‍ ചേര്‍ക്കാന്‍ യൂറോപ്യന്മാര്‍ തയാറായിരുന്നില്ല.'' അതുകൊണ്ടാണ് സോവിയറ്റ് യൂനിയനും യൂഗോസ്ലാവിയയും മറ്റും തകര്‍ന്നുണ്ടായ സകല ലൊട്ടുലൊടുക്ക് രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂനിയനില്‍ കയറിപ്പറ്റിയപ്പോള്‍ ഭൂവിസ്തൃതിയില്‍ യൂറോപ്പിലെ തന്നെ രണ്ടാമത്തെ രാഷ്ട്രമായ തുര്‍ക്കിയെ പതിറ്റാണ്ടുകളായി അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നത്. മൂവായിരം വര്‍ഷം തുര്‍ക്കി കാത്തിരുന്നാലും യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം കിട്ടില്ലെന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ അഹന്ത നിറഞ്ഞ പരിഹാസത്തില്‍ അളിഞ്ഞ ഈ വര്‍ണവെറിയാണ് പൊട്ടിയൊലിക്കുന്നത്. 

ഒസാലും അര്‍ബകാനും കോത്കുവിന്റെ ചിന്താസരണയിലുള്ളവരായതിനാല്‍ അവര്‍ തമ്മില്‍ മാനസിക പൊരുത്തത്തിലായിരുന്നു. മതസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വലിയ തുറസ്സും പ്രോത്സാഹനവും ലഭിക്കുന്നുണ്ട് ഈ ഘട്ടത്തില്‍. പലതരം തീവ്ര ഇടതുപക്ഷ സംഘങ്ങള്‍ പൊട്ടിമുളച്ചുകൊണ്ടിരുന്ന ഘട്ടവുമായിരുന്നു ഇത്. ഗവണ്‍മെന്റ് മാത്രമല്ല, സൈന്യവും അവരെയാണ് ഇസ്‌ലാമിസ്റ്റുകളേക്കാള്‍ വലിയ ഭീഷണിയായി കണ്ടത്. ഇസ്‌ലാമിസ്റ്റുകള്‍ക്കേ അവരെ തടുക്കാനാവൂ എന്ന് ഭരണകൂടം കണക്കുകൂട്ടിയിട്ടുണ്ടാവണം. ഒസാല്‍ നിറഞ്ഞുനിന്ന ഈ പതിറ്റാണ്ട് ഇസ്‌ലാമിസ്റ്റ് കക്ഷികളുടെ ജനകീയാടിത്തറ വിപുലപ്പെടാന്‍ പല രീതിയില്‍ കാരണമായിട്ടുണ്ട്. 

മുന്‍പ്രധാനമന്ത്രി സുലൈമാന്‍ ദമിറേല്‍ ഇക്കാലമത്രയും രാഷ്ട്രീയ വനവാസത്തിലായിരുന്നു. 1980-ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഭരണകൂടം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയതായിരുന്നു കാരണം. 1987-ല്‍ വിലക്ക് നീങ്ങി. ട്രൂ പാത്ത് പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുത്ത് അദ്ദേഹം രാഷ്ട്രീയ ഗോദയിലിറങ്ങി. ഒസാലിന്റെ രാഷ്ട്രീയ ഗുരു കൂടിയാണ് ദമിറേല്‍. ഒസാല്‍ സ്വന്തമായി മദര്‍ലാന്റ് പാര്‍ട്ടി രൂപവത്കരിച്ചിരുന്നുവെങ്കിലും അതിന്റെ രാഷ്ട്രീയ ഭൂമിക ട്രൂ പാത്ത് പാര്‍ട്ടിയുടേതു തന്നെയായിരുന്നു. രാഷ്ട്രീയത്തില്‍ തന്റെ ഗുരുവുമായി ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന് തോന്നി ഒസാല്‍ പിന്‍വലിയുകയും 1989-ല്‍ ജനറല്‍ എര്‍വിന്റെ കാലാവധി അവസാനിച്ചപ്പോള്‍ തുര്‍ക്കി പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തു. അലങ്കാരം മാത്രമായിരുന്നു അന്ന് പ്രസിഡന്റ് പദവി. ഒസാലിന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രി സ്ഥാനമേറ്റത് മദര്‍ലാന്റ് പാര്‍ട്ടിയിലെ മെസുത് യില്‍മാസായിരുന്നു. ഒസാലിന്റെ കരിസ്മയോ ഭരണനൈപുണ്യമോ രാഷ്ട്രതന്ത്രജ്ഞതയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1991-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് പരിചയസമ്പന്നനായ ദമിറേല്‍ നേതൃത്വം കൊടുത്ത ട്രൂ പാത്ത് പാര്‍ട്ടി. പന്ത്രണ്ടു വര്‍ഷത്തിനു ശേഷം അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി. 1993-ല്‍ പ്രസിഡന്റായിരിക്കെ 65-ാം വയസ്സില്‍ ഒസാല്‍ ആകസ്മികമായി വിടവാങ്ങിയതോടെ ഒരു യുഗത്തിന് അന്ത്യവുമായി. 

അദ്ദേഹം വിടവാങ്ങുന്നതിനു മുമ്പ് തന്നെ തുര്‍ക്കിയുടെ സാമ്പത്തിക സുസ്ഥിതിയും വിടവാങ്ങിക്കഴിഞ്ഞിരുന്നു. സദ്ദാമിനെ പുറത്താക്കാന്‍ അമേരിക്ക ഇറാഖില്‍ യുദ്ധം തുടങ്ങിയതാണ് അതിന് നിമിത്തമായത്. എണ്ണ പൈപ്പ് ലൈന്‍ കച്ചവടം അതോടെ നിന്നു. ഇറാഖിനെതിരെ സാമ്പത്തിക ഉപരോധം കൂടിവന്നതോടെ കൂടുതല്‍ കച്ചവട നഷ്ടമുണ്ടായ രാഷ്ട്രങ്ങളിലൊന്നായി തുര്‍ക്കി. തെക്കന്‍ ഇറാഖില്‍ അമേരിക്ക യുദ്ധം തുടങ്ങിയതോടെ ആയിരക്കണക്കിന് കുര്‍ദുകള്‍ തുര്‍ക്കി അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങി. തുര്‍ക്കിക്കകത്തെ കുര്‍ദ് പ്രശ്‌നം തന്നെ നേരത്തേ വലിയ തലവേദനയാണ്. കുര്‍ദ് അഭയാര്‍ഥികള്‍ കൂടി വന്നതോടെ അതിര്‍ത്തി മേഖല സംഘര്‍ഷഭരിതമായി. കുര്‍ദുകള്‍ക്കുവേണ്ടി അമേരിക്ക വ്യോമ നിരോധിത മേഖല  (No Fly Zone) ഉണ്ടാക്കിയപ്പോള്‍ അഭയാര്‍ഥികള്‍ തിരിച്ചുപോയെങ്കിലും അപ്പോഴേക്കും കുര്‍ദ് പ്രശ്‌നം തുര്‍ക്കിയില്‍ വളരെയേറെ സങ്കീര്‍ണമാക്കപ്പെട്ടുകഴിഞ്ഞിരുന്നു. 

ഒസാല്‍ മരിച്ച ഒഴിവിലേക്ക് പിന്നെ പ്രസിഡന്റായി എത്തുന്നത് സുലൈമാന്‍ ദമിറേല്‍ തന്നെ. ട്രൂ പാത്ത് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായെത്തിയത് താന്‍സു സില്ലര്‍ എന്ന പുതുമുഖമായിരുന്നു. തുര്‍ക്കിയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണവര്‍. അമേരിക്കയിലായിരുന്നു പഠനം. പിന്നീട് കോളേജ് അധ്യാപികയായി. ഭര്‍ത്താവിനോടൊപ്പം റിയല്‍ എസ്‌റ്റേറ്റ് ബിസിനസും ഉണ്ടായിരുന്നു. പക്ഷേ രാഷ്ട്രീയത്തില്‍ സില്ലര്‍ ഒരു തികഞ്ഞ പരാജയമായി കലാശിച്ചു. അനുദിനം വഷളാകുന്ന സാമ്പത്തിക നിലയും ക്രമസമാധാനവും അതിന് കാരണമായിട്ടുണ്ടെങ്കിലും പ്രതിസന്ധികളെ നേരിടാനുള്ള ശേഷി അവര്‍ ഒരു ഘട്ടത്തിലും പ്രകടിപ്പിക്കുകയുണ്ടായില്ല. 

പരമ്പരാഗത രാഷ്ട്രീയ നേതൃത്വങ്ങള്‍ എല്ലാ നിലകളിലും പരാജയപ്പെട്ടുകൊണ്ടിരുന്നത് ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുഗ്രഹമായി. അവര്‍ക്ക് ലഭിക്കുന്ന വോട്ട്‌വിഹിതം ഓരോ തെരഞ്ഞെടുപ്പിലും കൂടിക്കൊണ്ടിരുന്നു. 1989-ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടി പത്ത് ശതമാനം വോട്ട് നേടി. 1984-ല്‍ അത് 4.5 ശതമാനം മാത്രമായിരുന്നു. ദമിറേല്‍ പ്രധാനമന്ത്രിയായി തിരിച്ചെത്തിയ 1991-ലെ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 17 ശതമാനം വോട്ടും ദേശീയ അസംബ്ലിയില്‍ 62 സീറ്റും ലഭിച്ചിരുന്നു. പ്രധാനമന്ത്രി താന്‍സു സില്ലര്‍ യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കപ്പെട്ടു. ഇത് ജനങ്ങളില്‍ കടുത്ത അമര്‍ഷമുളവാക്കി. യൂറോപ്പിന്റെ പിന്നാലെ പോവുകയല്ല, മുസ്‌ലിം രാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടിന് ജനസ്വീകാര്യത വര്‍ധിക്കാന്‍ ഇത് കാരണമായി. സൈന്യവുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചതും സില്ലര്‍ക്ക് വിനയായി. അങ്ങനെ സൈനിക അട്ടിമറിയില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും സൈന്യത്തിന് പല അധികാരങ്ങളും വകവെച്ചുകൊടുക്കേണ്ടിവന്നു. കുര്‍ദ് മേഖലയില്‍ സൈന്യം നിരന്തരം ബോംബ് വര്‍ഷിച്ചു. ദേശീയ അസംബ്ലിയില്‍ അംഗങ്ങളായ കുര്‍ദ് രാഷ്ട്രീയ നേതാക്കളെ വരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. 

ഈയൊരു ഘട്ടത്തിലാണ് 1995 ഡിസംബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നത്. മത്സര രംഗത്തുള്ള പ്രധാന കക്ഷികള്‍ സില്ലറുടെ ട്രൂ പാത്ത് പാര്‍ട്ടിയും ഒസാല്‍ സ്ഥാപിച്ച മദര്‍ലാന്റ് പാര്‍ട്ടിയും. ഇരു കക്ഷികളെയും ജനത്തിന് പറ്റേ മടുത്തുകഴിഞ്ഞിരുന്നു. ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അജണ്ട ജനസ്വീകാര്യത നേടുന്നത് അള്‍ട്രാ സെക്യൂലര്‍ വൃത്തങ്ങളെയും സൈന്യത്തെയും അമ്പരപ്പിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ മുഖ്യ വാഗ്ദാനം. കുര്‍ദ് പ്രശ്‌നം അത്യന്തം സങ്കീര്‍ണമായിക്കഴിഞ്ഞതിനാല്‍ അത്തരമൊരു മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നു. 

അധികാരകേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു തെരഞ്ഞെടുപ്പുഫലം. 21.5 ശതമാനം വോട്ടോടെ വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മെസുത് യില്‍മാസിന്റെ മദര്‍ലാന്റ് പാര്‍ട്ടി 19.5 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്ത്. സില്ലറുടെ ട്രൂ പാത്ത് പാര്‍ട്ടിക്ക് മൂന്നാം സ്ഥാനം, 19 ശതമാനം വോട്ട്. സ്വാഭാവികമായും ഗവണ്‍മെന്റ് രൂപവത്കരിക്കേണ്ടത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി ആയിരുന്നുവെങ്കിലും അര്‍ബകാന്‍ പ്രധാനമന്ത്രിയാകുന്നത് തടയാന്‍ മറ്റു രണ്ട് പാര്‍ട്ടികളും ഒന്നിക്കുന്നതാണ് പിന്നീട് കണ്ടത്. അങ്ങനെ താന്‍സു സില്ലര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയും അവരുടെ പിന്തുണയോടെ മെസുത് യില്‍മാസ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ഈ കൂട്ടുകെട്ട് ഏതാനും മാസങ്ങള്‍ മാത്രമേ നിലനിന്നുള്ളൂ. അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് യില്‍മാസ് രാജിവെച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണക്കാമെന്ന് സില്ലര്‍ സമ്മതിച്ചു. അങ്ങനെ 1996 ജൂലൈയില്‍ തന്റെ എഴുപതാം വയസ്സില്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ എന്ന ഇസ്‌ലാമിസ്റ്റ് നേതാവ് തുര്‍ക്കിയുടെ പ്രധാനമന്ത്രിയായി. സില്ലറായിരുന്നു ഉപപ്രധാനമന്ത്രി. വിദേശകാര്യവകുപ്പിന്റെ ചുമതലയും അവര്‍ വഹിച്ചു. 

 

പ്രതീക്ഷകള്‍, മോഹഭംഗങ്ങള്‍ 

വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം അര്‍ബകാന്‍ പ്രധാനമന്ത്രിയായെങ്കിലും രാഷ്ട്രീയമായി ഒരു നിലക്കും സുരക്ഷിതനായിരുന്നില്ല അദ്ദേഹം. ട്രൂ പാത്ത് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മന്ത്രിസഭ രൂപവത്കരിച്ചത്. ആ കക്ഷി ഏതു നിമിഷവും പാലം വലിച്ചേക്കാം. ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ ആദ്യത്തെ ഇസ്‌ലാമിസ്റ്റ് മന്ത്രിസഭയെ പൊളിക്കാന്‍ സൈന്യം ഉള്‍പ്പെടെയുള്ള ഡീപ് സ്റ്റേറ്റ് ശക്തികള്‍ അണിയറയില്‍ കരുനീക്കാനും തുടങ്ങിയിട്ടുണ്ടായിരുന്നു. അതിനാല്‍ ആഭ്യന്തരരംഗത്ത് കരുതലോടെയായിരുന്നു അര്‍ബകാന്റെ ഓരോ നീക്കവും. മുമ്പത്തെപ്പോലെ കമാലിസത്തെയോ അള്‍ട്രാ സെക്യുലരിസത്തെയോ അദ്ദേഹം പരസ്യമായി എതിര്‍ക്കാന്‍ പോയില്ല. 

ആഭ്യന്തരരംഗത്ത് സൂക്ഷ്മതയോടെ നീങ്ങിയ അര്‍ബകാന്‍ തന്റെ വിദേശനയം പരസ്യമായി പ്രഖ്യാപിക്കാന്‍ വിമുഖത കാണിച്ചതുമില്ല. ഇറാനില്‍ പോയി പുതിയ എണ്ണ പൈപ്പ് ലൈന്‍ പദ്ധതി ഒപ്പുവെച്ചതും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ സന്ദര്‍ശിച്ചതും സൈന്യത്തിനും മീഡിയക്കും തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. യൂറോപ്യന്‍ യൂനിയന്‍ മാതൃകയില്‍ 'മിഡില്‍ ഈസ്റ്റേണ്‍ യൂനിയന്‍' രൂപപ്പെടുത്തണമെന്നും 'നാറ്റോ'ക്ക് ബദലായി 'മുസ്‌ലിം യുനൈറ്റഡ് നാഷന്‍സ്' പരീക്ഷിക്കണമെന്നും 'ദീനാര്‍' എന്ന പേരില്‍ പൊതു കറന്‍സി പുറത്തിറക്കി പരസ്പരസഹകരണത്തിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ശക്തിപ്പെടണമെന്നുമുള്ള അര്‍ബകാന്റെ കാഴ്ചപ്പാടിന് മുസ്‌ലിം ലോകത്ത് പിന്തുണ ലഭിച്ചെങ്കിലും സൈന്യത്തിന്റെ കുരുക്കു മുറുകാന്‍ അത് ഇടവരുത്തി. ആശയപരമായി വിയോജിപ്പുള്ള ഒരു കക്ഷിയുടെ പിന്തുണയോടെ ഭരിക്കുന്ന അര്‍ബകാന്‍ കുറേക്കൂടി കരുതലോടെ വിദേശരംഗം കൈയാളേണ്ടിയിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടന ശരിപ്പെടുത്താന്‍ മാറിമാറി അധികാരത്തിലേറിയ മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ പരാജയപ്പെട്ടപ്പോള്‍ ഒരു പരീക്ഷണം എന്ന നിലയിലാണ് പൊതുജനം വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണച്ചത്. 'നീതി പുലരുന്ന രാഷ്ട്രം' ആയിരുന്നു അവരുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം. പലിശയും കടങ്ങളും ഊഹക്കച്ചവടവും പൊടിപൊടിക്കുന്ന ഒരു സമ്പദ്ഘടനയില്‍ നീതി പുലരില്ലെന്നതായിരുന്നു പാര്‍ട്ടിയുടെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം. നീതി പുലരുന്ന ഒരു സമ്പദ്ഘടനയുടെ ബ്ലൂപ്രിന്റ് അവര്‍ ജനങ്ങള്‍ക്ക് മുമ്പാകെ വെക്കുകയും ചെയ്തു. പക്ഷേ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല തുര്‍ക്കി. രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകള്‍ക്ക് ഒരു കുറവുമുണ്ടായില്ല. ജനങ്ങളുടെ അസംതൃപ്തി സൈന്യത്തിന് തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള പിടിവള്ളിയായി. ജനങ്ങളുടെ അസംതൃപ്തി വര്‍ധിക്കുകയാണെന്നും കൂട്ടുകക്ഷി മന്ത്രിസഭ ഏതു നിമിഷവും നിലംപൊത്താമെന്നും അതിനാല്‍ നാലാമതും സൈനികമായി ഇടപെട്ട് പേര് ചീത്തയാക്കേണ്ടതില്ലെന്നുമായിരുന്നു സൈനിക മേധാവികളുടെ പൊതുവീക്ഷണമെങ്കിലും പിന്നീടതില്‍ മാറ്റമുണ്ടായി. 

ഭരണകൂടത്തിന് മൂക്കുകയറിടുന്ന നടപടികളുമായി സൈന്യം ഇറങ്ങിക്കളിക്കുന്നതാണ് പിന്നീട് കണ്ടത്. എല്ലാ മതസ്ഥാപനങ്ങള്‍ക്ക് മേലും സൈന്യം നിരീക്ഷണം ശക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വിദേശത്തുനിന്ന് വരുന്ന ഫണ്ടുകള്‍ക്ക് പൂര്‍ണമായി വിലക്കേര്‍പ്പെടുത്തി. ഔദ്യോഗികാംഗീകാരമില്ലാത്ത എല്ലാ മതകലാലയങ്ങളും പൂട്ടിച്ചു. മതവുമായി ബന്ധമുള്ളവര്‍ക്ക് ബിസിനസ് മേഖലയില്‍ പലതരം വിലക്കുകള്‍ വന്നു. വിദേശത്ത് പഠിക്കുന്ന മതചിട്ടകള്‍ പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തടഞ്ഞു. മതാഭിമുഖ്യമുണ്ടെന്ന് ആരോപിച്ച് 160 സൈനിക ഓഫീസര്‍മാരെ പിരിച്ചുവിട്ടു. പര്‍ദ നിരോധം എടുത്തുകളയുന്നതിനെക്കുറിച്ച ചര്‍ച്ച പോലും പാടില്ലെന്ന് വിലക്കി. ഇപ്പറഞ്ഞതെല്ലാം അംഗീകരിച്ചെങ്കിലേ മുന്നോട്ടുപാകാനാവൂ എന്ന് സൈന്യം അന്ത്യശാസനം നല്‍കി. അംഗീകരിക്കുകയല്ലാതെ അര്‍ബകാന് നിര്‍വാഹമുണ്ടായിരുന്നില്ല. 

അര്‍ബകാന്‍ അധികാരമേറ്റ് ഒരാണ്ട് പിന്നിടുന്നതിനു മുമ്പ് 1997 ഫെബ്രുവരിയില്‍ തല്ലാനോങ്ങി നില്‍ക്കുന്ന സൈന്യത്തിന്റെ കൈയില്‍ വടികൊടുക്കുന്ന ചില സംഭവങ്ങളുണ്ടായി. അങ്കാറക്കടുത്ത സിന്‍കന്‍ നഗരം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു ശക്തികേന്ദ്രമായിരുന്നു. പാര്‍ട്ടിക്കാരന്‍ തന്നെയാണ് അവിടത്തെ മേയറും. അദ്ദേഹം 'ജറൂസലം ദിന'ത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചു (ഇറാനിലേ ഇങ്ങനെയൊരു ദിനം ആചരിക്കാറുണ്ടായിരുന്നുള്ളൂ). പരിപാടിയിലെ മുഖ്യാതിഥി മറ്റാരുമല്ല, തുര്‍ക്കിയിലെ ഇറാന്‍ അംബാസഡര്‍. അതിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ അമേരിക്കയെയും ഇസ്രയേലിനെയും കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളുയര്‍ന്നു. ജനത്തെ കണ്ട ആവേശത്തില്‍ ഇറാനിലെപ്പോലെ മതാധിഷ്ഠിത ഭരണകൂടമാണ് തുര്‍ക്കിയില്‍ വരേണ്ടതെന്നും ശരീഅത്ത് നടപ്പാക്കാന്‍ വൈകരുതെന്നും മറ്റും നാടും സന്ദര്‍ഭവും നോക്കാതെ അംബാസഡര്‍ വിളിച്ചുപറഞ്ഞു. അര്‍ബകാന്‍ അറിയുകയോ അനുമതി കൊടുക്കുകയോ ചെയ്ത പരിപാടിയായിരുന്നില്ല ഇത്. അംബാസഡറുടെ പ്രസംഗം വലിയ കോലാഹലം സൃഷ്ടിച്ചു. വൈകാതെ അദ്ദേഹം തുര്‍ക്കിയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പക്ഷേ ഇതിന് വന്‍ വില നല്‍കേണ്ടിവന്നത് അര്‍ബകാന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമാണ്. രാജ്യത്തെ 'ഫണ്ടമെന്റലിസ'ത്തിലേക്ക് (അന്ന് 'ഫണ്ടമെന്റലിസ'മാണ് ട്രെന്റ്) ആട്ടിത്തെളിക്കുന്നു എന്നാരോപിച്ച് സൈന്യം ഒന്നുകൂടി പിടിമുറുക്കി. ഗത്യന്തരമില്ലാതെ 1997 ജൂണില്‍ അര്‍ബകാന്‍ രാജിവെച്ചു. കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കാന്‍ മദര്‍ലാന്റ് പാര്‍ട്ടിയുടെ മെസുത് യില്‍മാസിന് വീണ്ടും ക്ഷണം ലഭിച്ചു. 

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുക മാത്രമല്ല, 1998 ജനുവരിയില്‍ കോടതി ഇടപെട്ട്  പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും തടഞ്ഞു. പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്‌സും ഓഫീസുകളും റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാതാക്കി. ഒട്ടേറെ പാര്‍ട്ടി ഭാരവാഹികള്‍ ജയിലിനകത്തായി. മിലിട്ടറിയും കോടതിയും ചേര്‍ന്ന് ഇസ്‌ലാമികാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്ന് സംശയിക്കുന്നവരെപ്പോലും ഔദ്യോഗിക തസ്തികകളില്‍നിന്ന് ഒഴിവാക്കി. തീവ്രവാദി ഗ്രൂപ്പുകളെ സഹായിക്കുന്നുണ്ടെന്ന്    ആരോപിക്കപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി അനുഭാവികളായ ബിസിനസ്സുകാര്‍ ഒട്ടേറെ ക്ലേശങ്ങള്‍ നേരിടേണ്ടിവന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച എല്ലാ മേയര്‍മാര്‍ക്കുമെതിരെ പലതരം കുറ്റങ്ങള്‍ ചുമത്തി അന്വേഷണങ്ങളുടെ പരമ്പര തന്നെ നടത്തി. വിവാദപരിപാടി സംഘടിപ്പിച്ച സിന്‍കന്‍ നഗരസഭാ അധ്യക്ഷന് 'മതവിദ്വേഷം ഇളക്കിവിട്ടതി'ന് പരമാവധി ജയില്‍ ശിക്ഷ നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനായ അങ്കാറ മേയറുടെ ഓഫീസ് വരെ സൈന്യവും പോലീസും പ്രതികാരബുദ്ധിയോടെ അരിച്ചുപെറുക്കി. കിട്ടിയ അവസരം പരമാവധി മുതലാക്കുകയായിരുന്നു ഇസ്‌ലാംവിരുദ്ധ ശക്തികള്‍. ഭരണ-രാഷ്ട്രീയ മേഖലകളില്‍നിന്ന് വെല്‍ഫെയറിനെ തുടച്ചുനീക്കുക തന്നെയായിരുന്നു അവരുടെ ലക്ഷ്യം.

ഈ പ്രതിസന്ധിഘട്ടത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുവനേതാവായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എവിടെയാണ്? അതറിയണമെങ്കില്‍ ഇതേ കാലത്തു നടന്ന മറ്റൊരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയേണ്ടതുണ്ട്. 1994-ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. രാജ്യത്തുടനീളം മുനിസിപ്പാലിറ്റികളിലേക്കും മേയര്‍ സ്ഥാനങ്ങളിലേക്കും ശക്തരായ സ്ഥാനാര്‍ഥികളെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി അണിനിരത്തിയത്. ചരിത്രപധാനമായ ഇസ്തംബൂള്‍ നഗരത്തിന്റെ മേയറാകാന്‍ മത്സരിക്കുന്നത് മറ്റാരുമല്ല, ഉര്‍ദുഗാന്‍. പ്രധാനമന്ത്രി താന്‍സു സില്ലര്‍ എല്ലാ മേഖലകളിലും പരാജയപ്പെട്ടു നില്‍ക്കുന്ന കാലമാണ്. എങ്കിലും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടാന്‍ അവരുടെ പാര്‍ട്ടിക്ക് കഴിഞ്ഞു. പക്ഷേ ജനശ്രദ്ധയാകര്‍ഷിച്ചത്, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്നേറ്റമായിരുന്നു. തലസ്ഥാന നഗരമായ അങ്കാറയും സാംസ്‌കാരിക തലസ്ഥാനമായ ഇസ്തംബൂളും വെല്‍ഫെയര്‍ പാര്‍ട്ടി പിടിച്ചടക്കി. പോള്‍ ചെയ്ത വോട്ടിന്റെ 19 ശതമാനം പാര്‍ട്ടി നേടി. ഈയൊരു വിജയമാണ് അടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വളരാന്‍ സഹായിച്ചത്. 

വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ പ്രധാനമന്ത്രി, പാര്‍ട്ടി യുവനേതാവ് ഇസ്തംബൂള്‍ മേയര്‍- പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ചരിത്രവിജയം തന്നെയാണിത്. പക്ഷേ ആഹ്ലാദാരവങ്ങള്‍ക്ക് അല്‍പായുസ്സായിരുന്നു. അര്‍ബകാനെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുകച്ചുചാടിച്ച തുര്‍ക്കിയിലെ ഡീപ്പ് സ്റ്റേറ്റ്, മേയറെന്ന നിലക്ക് ഇസ്തംബൂളിന്റെ ചരിത്രത്തില്‍ വികസനത്തിന്റെ തിളക്കമാര്‍ന്ന അധ്യായം എഴുതിച്ചേര്‍ത്ത ഉര്‍ദുഗാനെയും തേടിച്ചെന്നു. അതേക്കുറിച്ച് അടുത്ത അധ്യായത്തില്‍. പരിചയിച്ചുവന്ന രാഷ്ട്രീയ വഴികള്‍ വെടിഞ്ഞ് പുതിയ വഴികള്‍ വെട്ടിത്തുറക്കേണ്ടതുണ്ടെന്ന ആലോചന ഉര്‍ദുഗാനെന്ന രാഷ്ട്രീയ നേതാവില്‍ ശക്തിപ്പെടുന്നതും ഈ ഘട്ടത്തില്‍തന്നെ.  (തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (38-40)
എ.വൈ.ആര്‍

ഹദീസ്‌

മനുഷ്യനെ കാണുന്ന ധര്‍മപാതകള്‍
ടി.ഇ.എം റാഫി വടുതല