Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 09

2792

1438 റബീഉല്‍ അവ്വല്‍ 09

ഇസ്‌ലാമോഫോബിയയുടെ ചരിത്രവായന

ശഹീന്‍ കെ. മൊയ്തുണ്ണി

ഇസ്‌ലാംവിരുദ്ധ ആശയഭ്രാന്തിന്റെ വേരുകള്‍ ചെന്നു നില്‍ക്കുന്നത് ഒമ്പതാം നൂറ്റാണ്ടിലാണ്. ഇസ്‌ലാംവിരുദ്ധ വ്യവഹാരങ്ങള്‍ (Discourse) അജ്ഞതയുടെയോ തെറ്റിദ്ധാരണയുടെയോ പരിണിതഫലമല്ല, സാമൂഹികവും രാഷ്ട്രീയവുമായ ഹിഡന്‍ അജïകള്‍ക്ക് അനുസൃതമായി ക്രമാനുസാരം സമര്‍ഥമായി കെട്ടിയുണ്ടാക്കിയതാണ്. പ്രസ്തുത സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങളാണ് യൂറോപ്യന്‍ സ്വത്വം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.  ഇന്ന് നമ്മള്‍ കാണുന്ന യൂറോപ്യന്‍ സ്വത്വത്തിന്റെ (Identity) രൂപീകരണത്തില്‍ ഇസ്‌ലാമിനെയാണ് ഉപയോഗപ്പെടുത്തിയതെന്നും, യൂറോപ്പിന്റെ ഐക്യത്തെ ഉറപ്പിച്ചത് മുഹമ്മദിന്റെ പ്രതിഛായയെ വക്രീകരിച്ചും മുസ്‌ലിംകളെ ശത്രു സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുമാണെന്നും സ്ലോവേനിയന്‍ തത്ത്വചിന്തകനായ തോമസ് മത്സ്‌നാക്ക് വാദിക്കുന്നു്. യൂറോപ്യന്‍ സമാധാനവും ഐക്യവും യുദ്ധത്തോട് ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. ആ സമാധാനത്തെയും ഐക്യത്തെയും ചോദ്യം ചെയ്യുന്നവരെയാണ് അകത്തും പുറത്തുമുള്ള ശത്രുക്കളായി ഗണിച്ചത്. ഏറ്റവും വലിയ ശത്രുവായി ആ സ്ഥാനത്ത് അവരോധിച്ചതാകട്ടെ മുസ്‌ലിംകളെയും. അതോടുകൂടി മുസ്‌ലിംകള്‍ക്കെതിരെയുള്ള യുദ്ധം ക്രൈസ്തവതയുടെയും യൂറോപ്പിന്റെയും സമാധാനത്തെ  നിലനിര്‍ത്താനായി പരിഗണിക്കപ്പെട്ടു. അതിലുപരി കുരിശിന്റെ ശത്രുക്കളോടുള്ള യുദ്ധം നിര്‍മിക്കാനുള്ള മുന്നുപാധിയായി യൂറോപ്യന്‍ ക്രൈസ്തവ ഐക്യത്തെയും സമാധാനത്തെയും വളച്ചൊടിച്ചു. ഇതിനു വേണ്ടി യൂറോപ്യന്‍ ഇസ്‌ലാമിക വ്യവഹാരത്തിന്റെ കേന്ദ്ര ബിന്ദുവാക്കി ചര്‍ച്ച ചെയ്തത് മുഹമ്മദ് നബിയെയായിരുന്നു. അതിനു വേണ്ടി മധ്യകാല കുരിശു യുദ്ധ ഇതിഹാസ ലേഖകരും പാതിരിമാരും ദൈവശാസ്ത്ര പണ്ഡിതരുമെല്ലാം കുരിശുയുദ്ധത്തെ ന്യായീകരിക്കാന്‍ അറബികളെ ക്രൈസ്തവതയില്‍നിന്ന് ആട്ടിയകറ്റുന്ന കാപട്യക്കാരനായി മുഹമ്മദിനെ വര്‍ണിച്ചു. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ അറബ്-മുസ്‌ലിം പ്രദേശങ്ങളുടെ കോളനിവത്കരണത്തിനുള്ള പ്രേരകശക്തി തന്നെ അത്തരത്തില്‍ മുഹമ്മദിനെ കുറിച്ച് വരച്ചു വെച്ച ചിത്രമായിരുന്നു. ഭയവും വെറുപ്പും ഉണ്ടാക്കുന്ന ഇസ്‌ലാമിന്റെ സ്വരൂപമായി യൂറോപ്യന്‍ സങ്കല്‍പങ്ങളില്‍ മുഹമ്മദിനെ പ്രതിഷ്ഠിക്കാന്‍ ഈ ശ്രമങ്ങള്‍ സഹായകമായി. റോമന്‍ പുരോഹിതരില്‍ പ്രമുഖനായ പോപ്പ് ഗ്രിഗറി ഏഴാമന്‍ 1076-ല്‍ ഹമ്മാദിദ് സാമ്രാജ്യത്തിന്റെ അമീറായിരുന്ന അല്‍ നാസറിന് ഒരു കത്തെഴുതുകയുണ്ടായി. അമീറിന്റെ കീഴിലെ ക്രിസ്ത്യന്‍ പ്രജകളുടെ മതകീയാവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാനായി ഒരു ബിഷപ്പിനെ നിയമിച്ചുകൊടുക്കണമെന്ന ആവശ്യത്തിന് മറുപടിയായിരുന്നു ആ കത്ത്. രണ്ടു മതങ്ങളുടെയും പൊതുവായ തത്ത്വങ്ങളില്‍നിന്നുകൊണ്ട് വാണിജ്യ, രാഷ്ട്രീയ സഹകരണങ്ങള്‍ സ്ഥാപിക്കണമെന്ന് കൂടി പോപ്പ് കത്തില്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ, വരികള്‍ക്കപ്പുറത്തെ പ്രയോഗത്തിലേക്ക് അത് വളരുകയുണ്ടായില്ല.

പോപ്പുമാരുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച വിശ്വാസതാല്‍പ്പര്യത്തിനു വേണ്ടിയുള്ള സായുധ പോരാട്ടം എന്ന ആശയത്തിന്റെ രൂപീകരണത്തില്‍ പോപ്പ് ഗ്രിഗറിക്ക് മുഖ്യപങ്കുണ്ടായിരുന്നു. ഈ പോരാട്ട സങ്കല്‍പ്പം പിന്നീട് ചര്‍ച്ചിന്റെ ഔദ്യോഗിക ചിന്താമണ്ഡലങ്ങളിലേക്ക് കടന്നുകൂടുകയും, കുരിശുയുദ്ധത്തിന്റെ ആണിക്കല്ലായി മാറുകയും ചെയ്തു. വിശുദ്ധയുദ്ധം ചെയ്യുന്നവരുടെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും ചര്‍ച്ച് പറഞ്ഞുവെച്ചു. ഇത് കുരിശുയുദ്ധ പടയിലേക്ക് ആളുകളുടെ ഒഴുക്ക് വര്‍ധിപ്പിച്ചു. ഈ വാദങ്ങള്‍ക്ക് കരുത്തുപകരാന്‍ മുന്‍ സഭാപിതാക്കന്മാരെ ഉദ്ധരിച്ചുകൊണ്ട് സഭാപ്രമാണ സംഹിതയില്‍ എഴുതിച്ചേര്‍ക്കാനും ക്രൈസ്തവ ബുദ്ധിജീവികളും ഔദ്യോഗിക വക്താക്കളും മറന്നില്ല. ബിഷപ്പ് അന്‍സലം, സെന്റ് അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പോപ്പിന്റെ മുന്നേറ്റങ്ങളെ പിന്തുണക്കാന്‍ ന്യായീകരണം നിരത്തിയതും, ദൈവനിഷേധികളെ തകര്‍ക്കുന്ന ക്രൈസ്തവ വിശുദ്ധപോരാളിയുടെ അനുബിംബത്തെ സൂത്രിയിലെ ബിഷപ്പ് ബോണ്‍സിയോ ആഘോഷിച്ച് കൊണ്ടാടിയതുമെല്ലാം ഇതിന്റെ ഭാഗമായി തന്നെയാണ്. ഇതിനെല്ലാം കൂടുതല്‍ കരുത്തു പകരുന്നതായിരുന്നു തന്റെ ശിഷ്യന്മാരോട് വാളുകള്‍ താഴെ വെക്കാനുള്ള യേശുവിന്റെ ആഖ്യാനത്തെ അക്രമത്തെ നിരാകരിച്ചുകൊണ്ടുള്ള കല്‍പ്പനയല്ല, മറിച്ച് ആഞ്ഞടിക്കാനായി യഥാര്‍ഥ സമയത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് എന്ന് വളച്ചൊടിച്ച ക്രൈസ്തവ പാതിരി ജോണിന്റെ വ്യാഖ്യാനം. പോപ്പ് ഗ്രിഗറി സ്വയം തന്നെ അന്യമതക്കാര്‍ക്കെതിരെയും, സാരസന്മാര്‍ക്കെതിരെയും പോപ്പിന്റെ യുദ്ധപ്പടയെ നയിക്കാന്‍ ആഗ്രഹിച്ചിരുന്നു. സാരസന്മാരെ ഒന്നാമത്തെ പൊതുശത്രുവായി വ്യാഖ്യാനിച്ചുകൊണ്ട് പോപ്പ് ഗ്രിഗറി അഭിസംബോധന ചെയ്യുന്ന കത്തിടപാടുകള്‍ക്ക് ഒരുപാട് തെളിവുകള്‍ നിരത്താനാകും. അന്യമതക്കാരെയും സാരസന്മാരെയും പൊതുശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രീകരണത്തിന്റെ പരിണിത ഫലം രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം പോപ്പ് അര്‍ബന്റെ 1095-ലെ കുരിശുയുദ്ധത്തിനുള്ള ആഹ്വാനത്തില്‍ ചെന്നെത്തി.

പോപ്പ് ഗ്രിഗറിയുടെ നിരന്തരമായ ആഹ്വാനങ്ങളിലും കത്തിടപാടുകളിലും സാരസന്മാര്‍ക്കെതിരെ തെളിഞ്ഞുനിന്ന ഓരേയൊരു വികാരം ശത്രുതയുടേതു മാത്രമായിരുന്നു. ദൈവത്തെ കുറിച്ച് അജ്ഞരായ വിഗ്രഹാരാധകരായിട്ടാണ് സ്‌പെയ്‌നിലെ മുസ്‌ലിംകളെ പോപ്പ് വര്‍ണിച്ചത്. പിശാചിനോട് സമന്മാരായി ജൂതന്മാരെയും സാരസന്മാരെയും പോപ്പ് ചിത്രീകരിച്ചു. രാഷ്ട്രീയ നീക്കുപോക്കും പോപ്പിനോടുള്ള മുന്‍ഗണനയും പരിഗണിച്ച് അമീര്‍ അല്‍നാസിറുമായി ഉണ്ടായിരുന്ന മുന്‍കാല ബന്ധത്തെ സൗകര്യപൂര്‍വം മറന്നുകൊണ്ടെടുത്ത നിലപാടുകള്‍, വെറുപ്പിന്റെയും ഭയത്തിന്റെയും അന്തരീക്ഷം വളര്‍ത്തുന്നതിനാണ് സഹായിച്ചത്. മുഴുവന്‍ ഘടനയെയും മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചതിനുള്ള അംഗീകാരം എഡ്വേര്‍ഡ് ഗിബ്ബണ്‍ ചാര്‍ത്തിക്കൊടുക്കുന്നത് പോപ്പ് ഗ്രിഗറിക്ക് തന്നെയാണ്. യൂറോപ്പിലെ തമ്മിലടിക്കുന്ന പോരാളികളെ ഒന്നിപ്പിക്കാനും, പോപ്പിന്റെ അധികാരത്തെ അരക്കിട്ടുറപ്പിക്കാനും വേണ്ടി ചാര്‍ലിമാനെ (Charlemagne)  അടിത്തറയിട്ട കരോലിംഗിയന്‍ (Carolingian) സാമ്രാജ്യം അന്ത്യശ്വാസം വലിക്കുന്ന സമയത്ത് നടപ്പിലാക്കിയ ഈ പദ്ധതി വിനാശകരമായ ഇസ്‌ലാംവിരുദ്ധ വ്യവഹാരത്തെ പാശ്ചാത്യ സ്വത്വനിര്‍മിതിയുടെ അവിഭാജ്യ ഘടകമാക്കി.

പതിനേഴാം നൂറ്റാണ്ടോടു കൂടി മാത്രമാണ് പാശ്ചാത്യ ഭാഷാ പ്രയോഗങ്ങളിലേക്ക് മുസ്‌ലിം/ഇസ്‌ലാം തുടങ്ങിയ പദപ്രയോഗങ്ങള്‍ കടന്നുവരുന്നത്. അതിനു മുമ്പ് സാരസന്‍, മുഹമ്മദന്‍, മൂര്‍ (moors), പേര്‍ഷ്യന്‍, അറബ്, ഇസ്മാഈലി (Ishmaelites), തുര്‍ക്കികള്‍ (Turks) തുടങ്ങിയ പേരുകളിലൂടെയാണ് മുസ്‌ലിംകളെ അഭിസംബോധന ചെയ്തിരുന്നത്. വിഗ്രഹാരാധകര്‍, കാമാസക്തിയുള്ളവര്‍, തിന്മയുടെ വക്താക്കള്‍ എന്നൊക്കെയുള്ള താഴ്ത്തിക്കെട്ടലുകള്‍ക്കും കുറവുണ്ടായില്ല. ഉയര്‍ന്നുവരുന്ന ശത്രുവെന്ന് വിളിക്കപ്പെടുന്ന പ്രസ്തുത മുസ്‌ലിം സ്വത്വങ്ങളെ കുറിച്ച് മധ്യകാല ക്രിസ്ത്യാനികളുടെ മനസ്സുകളില്‍ ചിത്രവിധാനം നടത്തുന്നതില്‍ ബൈബിളിന്റെ ആഖ്യാനങ്ങളും വിശദീകരണങ്ങളും ഒരുപാട് പങ്കുവഹിച്ചിട്ടുണ്ട്. ആസന്നമായ അന്തിമവിധിയെ കുറിച്ചുള്ള പുതിയ നിയമത്തിന്റെ പ്രതിപാദ്യങ്ങളെ പോളമിസ്റ്റുകള്‍ ഇസ്‌ലാമിനോട് ചേര്‍ത്തു വായിച്ചപ്പോള്‍ ഇസ്‌ലാമിന്റെ ഉദയം ലോകാവസാനത്തിന്റെ ആരംഭത്തെ കുറിക്കുന്നതായും, മുഹമ്മദ് അന്തിക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നതായും ചിത്രീകരിക്കപ്പെട്ടു.

കൊര്‍ദോവയില്‍ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യൂളോജിയസ് (Eulogius) ആണ് മുഹമ്മദിനെ അന്തിക്രിസ്തുവായി അടയാളപ്പെടുത്തിയ ആദ്യ ലാറ്റിന്‍ എഴുത്തുകാരന്‍. ഭാവനകള്‍ കാടു കയറി മുസ്‌ലിംകള്‍ ഗ്രീക്ക് ദേവതയായ ആഫ്രൊഡൈറ്റിന്റെ (Aphrodite) ചിത്രത്തിലുള്ള വിഗ്രഹത്തെ (ആ വിഗ്രഹത്തെ കഅ്ബയുമായി താരതമ്യം ചെയ്തു) ആരാധിക്കുന്ന വിഗ്രഹാരാധകന്മാര്‍ പോലുമാണ് എന്ന് Dehaeresibus എന്ന പുസ്തകത്തില്‍ ജോണ്‍ (John of Damascus) വാദിക്കുകയുïായി. അവിശ്വാസികളായ അറബികള്‍ ആരാധിക്കുന്ന ബിംബമാണ് മുഹമ്മദ് എന്ന് പോലും ക്രൈസ്തവ പുരോഹിതവര്‍ഗം വിശ്വസിച്ചു. പ്രവാചകനു പുറമെ ഇസ്‌ലാമിക ഭരണാധികാരികളിലേക്കും ആഖ്യാനങ്ങള്‍ നീണ്ടു. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത കന്യാസ്ത്രീ ഹ്രോസ്വിത (Hrotsvitha of Gandersheim) കൊര്‍ദോവ ഖലീഫയായിരുന്ന അബ്ദുര്‍റഹ്മാന്‍ മൂന്നാമനെ സ്വര്‍ണ ബിംബങ്ങളുടെ ആരാധകനാക്കി മാറ്റിയത് ഇതിന്റെ വലിയൊരു ഉദാഹരണമാണ്. ഒന്നാം കുരിശുയുദ്ധക്കാലത്തെ ഇതിഹാസ ലേഖകന്മാരില്‍ അധികപേരും ജറൂസലമില്‍ മുസ്‌ലിംകള്‍ മുഹമ്മദിനെ ദൈവമായി ഗണിച്ച് അദ്ദേഹത്തിന്റെ ബിംബം പണിതുയര്‍ത്തിയതായി ധരിച്ചിരുന്നു. പടിഞ്ഞാന്‍ യൂറോപ്പിലെ മഠങ്ങളാണ് മുഹമ്മദിനെ കുറിച്ച് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട സങ്കുചിത സങ്കല്‍പ്പങ്ങളുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ക്രി. 815-ല്‍ തിയോഫെനസ് (Theophanes) എഴുതിയ 'ക്രോണോഗ്രാഫിയ'യില്‍ (Chronographia) മുഹമ്മദിനെ പരാമര്‍ശിക്കുന്നത് ഭോഗേഛകളുടെ മാത്രം പൂര്‍ത്തീകരണം സാധിച്ചുകൊടുക്കുന്ന, സ്വര്‍ഗം വാഗ്ദാനം ചെയ്യുന്ന, വിഡ്ഢിത്തവും വഷളത്തവും വിളമ്പുന്ന ഒരാളായിട്ടാണ്. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ക്രോണോഗ്രാഫിയാണ് ഇസ്‌ലാമിനെയും മുഹമ്മദിനെയും കുറിച്ചുള്ള ആധികാരിക സ്രോതസ്സായി പരിഗണിക്കപ്പെട്ടിരുന്നത്. 

പുരോഹിത ഗണങ്ങള്‍ക്ക് പുറമെ മുഹമ്മദിനെ കള്ളപ്രവാചകനായും പരസ്ത്രീസംഗതല്‍പ്പരനായും ദൈവവിരോധിയായും മതവിരുദ്ധനുമായുമെല്ലാം പന്ത്രണ്ടാം നൂറ്റാണ്ടിലെ ലാറ്റിന്‍ കവികള്‍ എഴുതിക്കൂട്ടി. ധനികയായ വിധവ ഖദീജയെ വിവാഹം കഴിച്ച് സ്വയം ധനികനാകാന്‍ കാത്തിരുന്ന കൗശലക്കാരനായ നീചനായി ഒറ്റിയാ ഡെ മച്ചോമെറ്റി (Otia de Machometi) എന്ന ഗ്രന്ഥത്തില്‍ ഗോറ്റിയര്‍ ഡി കോംപിയന്‍ (Gautier de Compiegne) അവതരിപ്പിക്കുന്നുണ്ട്. ആധ്യാത്മികവീക്ഷണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ രിസാലത്തുല്‍ കിന്ദി എന്ന കൃതിയിലും ഇസ്‌ലാം അബദ്ധമാണ് എന്ന് തെളിയിക്കാനായാണ് അച്ചുകള്‍ നിരത്തിയിട്ടുള്ളത്. മുഹമ്മദിനെ വിഗ്രഹാരാധകനായും, പ്രവാചകത്വത്തെ കുറിച്ച് അജ്ഞരായ അറേബ്യയിലെ നാടോടി ജനവിഭാഗങ്ങളെ പറ്റിക്കുന്ന കാപട്യക്കാരനായും മറ്റും ഉല്ലേഖനം ചെയ്തുതന്നെയാണ് ഈ എഴുത്തിലും ഇസ്‌ലാമിനെതിരെ ആഞ്ഞടിക്കുന്നത്. 

ഡൊമിനിക്കന്‍ ദൈവശാസ്ത്ര പണ്ഡിതന്മാര്‍ ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇസ്‌ലാമിനെ പഠിക്കുകയും എഴുതുകയും ചെയ്തു. അത്തരത്തില്‍ എഴുതപ്പെട്ടതില്‍ ഏറ്റവും മുഖ്യമായ ഒന്നാണ് റമോണ്‍ മാര്‍ട്ടി (Ramon Marti‑) എന്ന ക്രൈസ്തവ പാതിരി എഴുതിയ ഡി സേറ്റ മച്ചൊമെറ്റി (De Seta Machometi). യേശു പുതിയ നിയമത്തില്‍ പ്രവചിച്ചതായി പറയുന്ന കള്ളപ്രവാചകനാണ് മുഹമ്മദ് എന്ന് മാര്‍ട്ടി ഈ രചനയില്‍ വാദിക്കുന്നുണ്ട്. മുഹമ്മദിനെ കാമാസക്തനായ ഒരു തോന്ന്യാസിയായി പ്രതിപാദിച്ചുകൊണ്ടുള്ള വാദങ്ങളെ ഹേതുവാക്കി അദ്ദേഹത്തെ അവിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ടാണ് ഈ രചന മുന്നോട്ടുപോകുന്നത്. ക്രൈസ്തവ നവോത്ഥാന പാരമ്പര്യത്തിന്റെ ശക്തനായ വക്താവ് മാര്‍ട്ടിന്‍ ലൂഥര്‍ പോലും പന്ത്രണ്ടാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ കുറിച്ചത്, 'തുര്‍ക്കികളെ (മുസ്‌ലിംകള്‍) തകര്‍ക്കാനുള്ള വഴി മുഹമ്മദിന്റെ കള്ളത്തരങ്ങളെയും കെട്ടുകഥകളെയും തുറന്നുകാട്ടലാണ്' എന്നായിരുന്നു. യൂറോപ്യന്‍ ചരിത്രത്തിന്റെ പ്രക്ഷുബ്ധമായ വികാസത്തില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു നിരന്തര പ്രമേയമായി ഇത്തരത്തിലെ ഇസ്‌ലാം/മുഹമ്മദ് വിരുദ്ധ ആഖ്യാനങ്ങള്‍ മാറുകയുണ്ടായി. പോപ്പ്, ചരിത്രകാരന്മാര്‍, കവികള്‍ തുടങ്ങി മാനവികതാവാദികളും തത്ത്വചിന്തകന്മാരും സാമ്രാജ്യത്വ സ്തുതിപാഠകരുമടക്കം അവരവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കുന്നതാണ് എന്ന സൗകര്യത്തില്‍ മുഹമ്മദിനെ അവജ്ഞാപൂര്‍വം വീക്ഷിക്കുകയും വെറുക്കപ്പെടേïവനാണെന്ന് വരച്ചുകാട്ടുകയും ചെയ്തു.

മുസ്‌ലിംവിരുദ്ധ മാനങ്ങളില്‍ എത്തുക എന്നത് ഒരു ഭക്തനായ ക്രിസ്ത്യാനി കാംക്ഷിക്കുന്ന തലങ്ങളാണെന്ന് രണ്ട് വിശ്വാസങ്ങളുടെയും പൊതുവായ ഇടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ക്രൈസ്തവ പൗരോഹിത്യം അവതരിപ്പിച്ചു. മുസ്‌ലിം എന്നുള്ളത് ക്രൈസ്തവരുടെ നേര്‍വിപരീത പദമായി മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണെന്ന് അവര്‍ പ്രചരിപ്പിച്ചു. അപരിഷ്‌കൃതരും ദൈവനിഷേധികളും അക്രമം എന്നത് സഹജവാസനയായി കൊണ്ടുനടക്കുന്നവരുമായ മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യല്‍ പാപമോചനവും മോക്ഷവും നേടിത്തരുന്ന ഒരു മാര്‍ഗം കൂടിയാണെന്ന് ധരിപ്പിച്ചു. സ്വന്തം സ്വത്വത്തെ മറ്റുള്ളവരാല്‍ സംഭാവന ചെയ്യപ്പെട്ടും വ്യാഖ്യാനിക്കപ്പെട്ടും കൊണ്ട് ഫാനന്റെ വാക്കുകള്‍ സൂചിപ്പിച്ച 'സത്തയില്ലായ്മയുടെ മേഖലയിലേക്ക്' (Zone of Non Being) മുസ്‌ലിംകള്‍ തള്ളപ്പെട്ടു. മുസ്‌ലിംകളും ക്രൈസ്തവരും ഒരേ ദൈവത്തിലാണ് വിശ്വസിക്കുന്നത് എന്നത് മറന്ന്, അവര്‍ക്കിടയില്‍ എന്തെങ്കിലും പൊതുവായ അടിസ്ഥാനങ്ങളുണ്ടെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നഷ്ടപ്പെടുത്തിയ അവസ്ഥയായിരുന്നു ഇതിന്റെ പരിണതി. ഇപ്പോഴത്തെ സ്‌പെയ്‌നില്‍ വേരുറപ്പിച്ച് കിഴക്കേ ചക്രവാളത്തില്‍ ബൈസന്റെയ്ന്‍ സാമ്രാജ്യത്തിന്റെ വാതിലുകളില്‍ വെല്ലുവിളി ഉയര്‍ത്തി, ഇന്നത്തെ ഫ്രാന്‍സിലേക്ക് കയറിച്ചെല്ലാനുള്ള മുസ്‌ലിം ലോകത്തിന്റെ ശ്രമങ്ങള്‍ നടന്നുകൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവവികാസങ്ങളൊക്കെ അരങ്ങേറിയത്. പരസ്പരം പോരടിക്കുന്ന സുല്‍ത്താന്മാരും അമീറുമാരും അവരുടെ നിലനില്‍പ്പിനു വേണ്ടി തെക്കന്‍ യൂറോപ്പിലെ ക്രൈസ്തവ രാജാക്കന്മാരോട് ഉടമ്പടിയുണ്ടാക്കുന്നതിന് തങ്ങളുടെ വിശ്വാസത്തെ തടസ്സമായോ മാനദണ്ഡമായോ പരിഗണിച്ചതുമില്ല.

1215-ല്‍ മുസ്‌ലിംകളുമായി കലരുന്നതില്‍നിന്ന് മാറിനിന്ന് ശുദ്ധിപാലിക്കാന്‍ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്ന നാലാം ലാറ്ററന്‍ കൗണ്‍സില്‍ പ്രഖ്യാപനമുണ്ടായി. ബോധപൂര്‍വമല്ലാത്ത ഇടപഴകലുകള്‍ സംഭവിക്കാതിരിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായ ഡ്രസ്സ് കോഡ് നിശ്ചയിച്ചു കൊടുത്തുകൊണ്ടും, മുസ്‌ലിംകളെ അധികാരശ്രേണിയില്‍നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ടും, അവരുടെ പൊതു ഇടങ്ങളിലെ സാന്നിധ്യം നിരോധിച്ചുകൊണ്ടുമാണ് ഈ ശുദ്ധി കാത്തുസൂക്ഷിക്കാനുള്ള പ്രായോഗിക നടപടികള്‍ കൈക്കൊണ്ടത്. രണ്ട് സമുദായങ്ങളും തമ്മില്‍ വ്യക്തമായ അകല്‍ച്ചകള്‍ ഉണ്ടാകണമെന്നത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പദ്ധതിയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന തെളിവുകള്‍ കാസ്റ്റിലിലെ അല്‍ഫോണ്‍സാ രാജാവിനെ പോലെയുള്ളവരുടെ കാഴ്ചപ്പാടുകളില്‍നിന്ന് കണ്ടെടുക്കാന്‍ സാധിക്കും. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനം പൂര്‍ണമായി നിരോധിച്ചു. ക്രൈസ്തവരുടെ മുമ്പില്‍ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് മുസ്‌ലിംകളെ നിയമം കൊണ്ട് തടഞ്ഞു. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നുള്ള മുസ്‌ലിംകളുടെ കൂട്ടപലായനത്തിന് ഇത് വഴിതെളിച്ചു. ക്രൈസ്തവതയിലേക്ക് പരിവര്‍ത്തനത്തിന് സമ്മതിച്ചാല്‍ മാത്രമാണ് പലായനം ചെയ്യാതെ തങ്ങിയവര്‍ക്ക് രാജ്യത്ത് തുടരാന്‍ അനുവാദം നല്‍കിയത്. മൂര്‍ (Moors) എന്ന പേരില്‍ അഭിസംബോധന ചെയ്യപ്പെട്ട ഇക്കൂട്ടരെ അവരുടെ മേല്‍ ആരോപിക്കപ്പെട്ട അവിശുദ്ധമായ വംശപരമ്പരയുടെ പേരില്‍ വെറും രണ്ടാംകിട പൗരന്മാരായി മാത്രം പരിഗണിക്കുകയും ചെയ്തു. വംശശുദ്ധിയുടെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഈ വിവേചനമാണ് ആധുനിക യുഗത്തിലെ വംശീയ വ്യവഹാരങ്ങള്‍ക്ക് അടിത്തറ പാകിയത്.

കൊളംബസിന്റെ നേതൃത്വത്തില്‍ നടത്തിയ വെട്ടിപ്പിടിക്കല്‍ യാത്രകളും തുടര്‍ന്നു നടന്ന കിരാതമായ കൂട്ടക്കൊലകളും പീഡനങ്ങളും എല്ലാവരും സമ്മതിച്ച സര്‍വസാധാരണമായ അറിവുകളില്‍ സ്ഥാനപിടിച്ചിട്ടുള്ളവയാണ്. ഡോ. സയ്യിദ് മുസ്ത്വഫ അലിയെ (Race theorist) പോലുള്ള പണ്ഡിതന്മാര്‍ ഈ സംഭവവികാസങ്ങളെ ചേര്‍ത്തുനിര്‍ത്തി മുസ്‌ലിം സ്‌പെയ്‌നിന്റെ പതനത്തെ വായിക്കുന്നത് വര്‍ഗീയ വിവേചനത്തിന്റെ (Race Discrimination) 'ബിഗ് ബാംഗ്' എന്ന് വിലയിരുത്തിക്കൊണ്ടാണ്. അമേരിക്ക കൈയേറിയതിന് ശേഷം സ്പാനിഷ് വംശജര്‍ (Spaniards) പ്രസ്തുത പ്രദേശത്തെ തദ്ദേശീയ ജനതയെ എങ്ങനെ പരിഗണിക്കണമെന്നതിനെ തുടര്‍ന്ന് വന്ന ചര്‍ച്ച ഈ തരംതിരിവ് എത്രത്തോളം യാഥാര്‍ഥ്യമാണെന്നും അതിന്റെ മാനദണ്ഡം എന്താണെന്നും കൃത്യമായി വ്യക്തമാക്കുന്നുണ്ട്. യൂറോപ്യന്‍ രാഷ്ട്രീയ ചിന്താധാരയില്‍ സവിശേഷമായി ചര്‍ച്ച ചെയ്യപ്പെട്ട വാദപ്രതിവാദത്തിന് ചുക്കാന്‍ പിടിച്ചത് ഡൊമിനിക്കന്‍ ധാരയുടെ ആശ്രിതനായ ബര്‍ത്തലോം ദെ ലാസ് കാസസും (Bartalom de Las Casas) പ്രസിദ്ധ തത്ത്വചിന്തകനായ ജുവാന്‍ ജിനെസ് ദെ സെപുല്‍വേദയുമാണ് (Juan Gines de Sepulveda). കത്തോലിക്കാ വിശ്വാസസംഹിതയുടെ അടിസ്ഥാനത്തില്‍ നിയമങ്ങളും ആചാരക്രമങ്ങളും എങ്ങനെ പുതിയ ലോകക്രമത്തിന്റെ പ്രതലത്തില്‍ പ്രായോഗികമാക്കാം എന്ന് ചര്‍ച്ചചെയ്യാന്‍ ചാള്‍സ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ വല്ലാഡോയിഡില്‍ (Valladoid) 1550-ല്‍ വേദിയൊരുങ്ങി. ചക്രവര്‍ത്തിയുടെ കീഴില്‍ വന്ന പുതിയ സ്വത്വങ്ങളെ ഏതു തരം പ്രജകളായി പരിഗണിക്കണമെന്നുള്ളത് ചര്‍ച്ചയുടെ മര്‍മപ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു. പുതിയ പ്രജകളെ എങ്ങനെ പരിചരിക്കണമെന്നതിന്റെ മാനദണ്ഡം തുര്‍ക്കിഷ് സ്വത്വമായിരുന്നു (മുസ്‌ലിംകളെ പൊതുവെ ടര്‍ക്കികള്‍ എന്നായിരുന്നു വിളിച്ചിരുന്നത്). തദ്ദേശിയര്‍ തുര്‍ക്കികളെ പോലെയല്ലെന്നും, അവരെ നല്ല രീതിയില്‍ പരിഗണിക്കണമെന്നും ഡൊമിനിക്കനായ ലാസ് കാസസ് ആവശ്യപ്പെട്ടപ്പോള്‍, തദ്ദേശീയര്‍ തുര്‍ക്കികളെ പോലെയാണെന്നും, ഇവിടെ തന്നെ ജീവിക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് നീതിയാണെന്നുമാണ് സെപുല്‍വേദ വാദിച്ചത്. തുര്‍ക്കികള്‍ കാടന്മാരും അപരിഷ്‌കൃതരുമാണെന്ന കാര്യത്തില്‍ ഇരുകൂട്ടരും ഒന്നിച്ചു. ഇവിടെ സംസ്‌കാരത്തെയും നികൃഷ്ടതയെയും തമ്മില്‍ തിരിച്ചറിയാനുള്ള മാനദണ്ഡമായി തുര്‍ക്ക് എന്ന സംബോധനയിലൂടെ മുസ്‌ലിംകളെയാണ് അളവുകോലായി നിശ്ചയിച്ചത്. അങ്ങനെ മുസ്‌ലിംകളെ അപരന്മാരാ(The Other)ക്കിക്കൊണ്ടാണ് യൂറോപ്യന്‍ രാഷ്ട്രീയ ചിന്താധാര വികസിക്കുന്നത്.

അപരിഷ്‌കൃതനായ മുസ്‌ലിം ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടുള്ള രാഷ്ട്രീയ കൗശലങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിശോധിക്കുന്ന തോമസ് മസ്ത്‌നാക്കിന്റെ "Islam and the Creation of the European Identity' എന്ന രചന പുതിയ യൂറോപ്യന്‍ സ്വത്വത്തിന്റെ ആവിര്‍ഭാവത്തെ സംബന്ധിച്ച പഠനത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

മുഹമ്മദിലൂടെ മൂര്‍ത്തമാക്കിയ മുസ്‌ലിംവിരോധവും വെറുപ്പും ഇല്ലായിരുന്നെങ്കില്‍ അക്ഷരാര്‍ഥത്തില്‍ യൂറോപ്യന്‍ ചരിത്രം തന്നെ നിര്‍മിക്കപ്പെടുകയില്ലായിരുന്നു എന്നു പറയാം. മുസ്‌ലിം ഭീഷണിയെ മുന്‍നിര്‍ത്തി നിര്‍മിച്ചെടുക്കുന്ന ഇസ്‌ലാംവിരുദ്ധ വ്യവഹാരങ്ങളും അനന്തരമായ പ്രതികരണങ്ങളും യൂറോപ്യന്മാരുടെ ചിന്താതലങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതും നിലനിന്നുപോരുന്നതുമാണ്. നേരത്തെ പരാമര്‍ശിച്ച, നിര്‍മിച്ചെടുത്ത യൂറോപ്യന്‍ സ്വത്വത്തിന്റെ ചാര്‍ത്തിക്കൊടുത്ത മൂല്യങ്ങളെ സംരക്ഷിക്കാന്‍ ചരിത്രത്തില്‍ മുസ്‌ലിംകളെ കൊര്‍ദോവയില്‍നിന്നും ഗ്രാനഡയില്‍നിന്നും തുടച്ചുനീക്കിയതുപോലെ ആധുനിക യൂറോപ്പില്‍ അതിന്റെ തനിയാവര്‍ത്തനം ഏറ്റവും രൂക്ഷമായി നടന്നത് ബോസ്‌നിയയിലാണ്. മുസ്‌ലിം ഭീഷണി എന്ന അടവിനെ ഇവിടെയും നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്ന് കെട്ടിച്ചമക്കാന്‍ സെര്‍ബ്-ക്രൊയേഷ്യന്‍ ദേശീയവാദികള്‍ ഉദ്ധരിച്ചത് മറ്റാരെയുമല്ല; സാമുവല്‍ പി. ഹണ്ടിഗ്ടണിനെയും ബര്‍ണാഡ് ലൂയിസിനെയുമാണ്. ചാര്‍ളി ഹെബ്‌ദോ പോലുള്ള യൂറോപ്പിന്റെ ആശയപ്രചാരണ ഫാക്ടറികള്‍ ഗര്‍ഭം ചുമന്നിരിക്കുന്ന മുസ്‌ലിംവിരുദ്ധത കേവലം നവോത്ഥാന സെക്യുലര്‍ വ്യവഹാരങ്ങളില്‍നിന്ന് സ്വീകരിച്ചതല്ല. മറിച്ച് കഴിഞ്ഞ ആയിരം വര്‍ഷങ്ങളില്‍ ക്രൈസ്തവത പിതൃത്വം വഹിച്ച് വളര്‍ത്തി പൂര്‍ണമാക്കിയെടുത്തതാണ്. 

വിവ:  റസീം നൗഷാദ്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (38-40)
എ.വൈ.ആര്‍

ഹദീസ്‌

മനുഷ്യനെ കാണുന്ന ധര്‍മപാതകള്‍
ടി.ഇ.എം റാഫി വടുതല