Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

ഉെെബദിെന്റ കാവ്യേലാകേത്തെക്കാരു നിരീക്ഷണ സഞ്ചാരം

പി.ടി. കുഞ്ഞാലി

മലയാള കാവ്യശാഖ രൂപംകൊണ്ട ദീര്‍ഘകാലമത്രയും അതിന്റെ ആശയപരിസരവും ആശയ പ്രകാശന രൂപകങ്ങളും തീര്‍ത്തും സനാതന പുരാണങ്ങളെ ആധാരപ്പെടുത്തിയായിരുന്നു. ഭക്തി പ്രസ്ഥാനം തൊട്ട് ചമ്പുകാരന്മാരിലും എന്തിന് കുഞ്ചന്‍ നമ്പ്യാരുടെ കേവല ആക്ഷേപഹാസ്യങ്ങളില്‍ പോലും സ്വന്തം പാരമ്പര്യത്തില്‍നിന്നാണ് ഉപമകളും ഉല്‍പ്രേക്ഷകളും ഊര്‍ജശേഷിയും കണ്ടെടുത്തത്. കവിത്രയങ്ങളും ഈ പാതകളില്‍ തന്നെയാണ് സഞ്ചരിച്ചത്. കാവ്യപാഠത്തെ അനുവാചകനിലേക്ക് നയിക്കാന്‍ കവി ഉപയോഗിക്കുന്ന രൂപകങ്ങളും വര്‍ണനാലങ്കാരങ്ങളും ധ്വനിസാന്ദ്രതകളും കൊണ്ട് സാധിക്കും. കവി കേമനാണെങ്കില്‍ ആസ്വാദകന് കൈവരുന്ന സൗന്ദര്യാനുഭൂതിയും സ്ഫുരിക്കുന്ന ഭാവങ്ങളും കാവ്യപാഠത്തിലേക്കയാളെ ശീഘ്രം കൂട്ടിക്കൊണ്ടുപോകും. അതുകൊണ്ടാകാം മലയാള കാവ്യലോകത്തും ഈ തരത്തിലുള്ള പുരാണബന്ധിതമായ കാവ്യ പ്രതിനിധാനങ്ങള്‍ അനവരതം സംഭവിച്ചത്. അപ്പോഴൊന്നും പക്ഷേ, കേരളീയ പൊതുജീവിതത്തെ ആഴത്തില്‍ പ്രതിനിധീകരിക്കുന്ന മുസ്‌ലിംകളെയും അവരുടെ വിശ്വാസബോധങ്ങളെയും കാവ്യരൂപങ്ങളിലേക്ക് ധനാത്മകമായി ആവിഷ്‌കരിച്ചത് കാണാനില്ല. കാവ്യരൂപങ്ങളില്‍ ഇസ്‌ലാമിക ബിംബാവലികളും വാങ്മയങ്ങളും ഉപയോഗിച്ചത് ഒട്ടുമേ ദൃശ്യമല്ല. പൊതുധാരകളിലേക്ക് തുറക്കപ്പെടാതെ മുസ്‌ലിം ലാവണ്യബോധം മധുരമെങ്കിലും ക്ലിഷ്ടമായ മാപ്പിളപ്പാട്ടുകളിലും അറബി മലയാളത്തിലും തടഞ്ഞുനിര്‍ത്തപ്പെട്ട ഒരു കാലംകൂടിയായിരുന്നു അത്. 

ഈയൊരു കാലസന്ധിയിലാണ് കവി ടി. ഉബൈദ് മലയാള സര്‍ഗാത്മക ഭാവുകത്വത്തിലേക്ക് ഇസ്‌ലാമിക പാഠങ്ങളെയും ബിംബകല്‍പ്പനകളെയും മാനകഭാഷയുടെ തെളിശുദ്ധിയില്‍ പ്രതിഷ്ഠിക്കാനെത്തിയത്. ദാര്‍ശനികമായ ചിറ്റോളങ്ങള്‍ സൃഷ്ടിക്കുന്ന ലാവണ്യ വിശുദ്ധിയുടെ കവിതകളായിരുന്നു പിന്നീട് മലയാളികള്‍ക്ക് പ്രാപ്തമായത്. മലയാള കാവ്യചരിത്രത്തിലെ സമ്പന്നമായ ഒരു ഇസ്‌ലാമിക പ്രതിനിധാനത്തെയാണ് ഉബൈദിന്റെ കാവ്യകാലം അടയാളപ്പെടുത്തുന്നത്. വിശ്വാസ വിനയത്തിലേക്ക് സ്വയം സമര്‍പ്പിച്ചാല്‍ സ്വന്തമായൊരു നിലപാടുതറ തുറന്നുകിട്ടും. അങ്ങനെയാണ് കവി സ്വന്തം ആകാശവും ഭൂമിയും കണ്ടെത്തിയത്. താന്‍ കണ്ടെത്തിയ ആകാശഭൂമികളുടെ ഉടമസ്ഥന്‍ അല്ലാഹുവായിരുന്നു. ഈയൊരു പ്രപഞ്ച വെളിച്ചത്തെയാണ് ഉബൈദ് സ്വന്തം കവിതയിലൂടെ മലയാളികള്‍ക്ക്  നിരന്തരം സമര്‍പ്പിച്ചത്. അല്ലാഹു, ഖുര്‍ആന്‍, പ്രവാചകന്‍ ഈ ത്രിത്വത്തില്‍  പ്രപഞ്ച വൈപുല്യങ്ങളഖിലം സംക്ഷേപിതമായതായി അദ്ദേഹം കരുതുന്നു. ഈ ബോധ്യത്തിന്റെ കരുത്തില്‍നിന്നാണ് ഉബൈദ് ഇങ്ങനെ കവിത പാടിയത്:

വിശ്വാംബികയുടെ ഹൃദയ വിപഞ്ചിക

യേതൊരു പരിപൂതാംഗുലിതന്‍

സ്പര്‍ശനമേറ്റു പൊഴിച്ചു മോഹന

മാസ്തിക്യത്തിന്‍ കളരാഗം

ഏതിന്‍ ചൈതന്യം കര്‍മത്തിന് 

നൂതന കഞ്ചുകമണിയിച്ചൂ

ഭൂതലമേതിന്നുദയാല്‍ കണ്ടു

വിജ്ഞാനത്തിന്‍ പുതുവെട്ടം  (ദിവ്യസംസ്‌കാരം)

ഖുര്‍ആനിലൂടെയും പ്രവാചകനിലൂടെയും രൂപംകൊണ്ട ആസ്തിക സമൂഹം മരുഭൂമിയില്‍  ഒരു മഹിത സംസ്‌കാരം എങ്ങനെ പണിതെന്നതാണ് കവി അന്വേഷിക്കുന്നത്. ഇത്തരം അന്വേഷണങ്ങള്‍ മാനകഭാഷയിലൂടെ ശ്രദ്ധേയ രചനകളായി മലയാളത്തില്‍ അതുവരെയും വന്നിട്ടുണ്ടായിരുന്നില്ല.

എക്കാലത്തെയും കവികള്‍ക്ക് പ്രചോദനമായിട്ടുണ്ട് ചന്ദ്രനും നിലാവും. പ്രാചീന അറേബ്യന്‍ കവിതയിലും കാളിദാസ കൃതികളിലും ചന്ദ്രന്‍ രൂപകമാണ്. മലയാളത്തില്‍ ചന്ദ്രന്‍ കവികളുടെ ഇഷ്ടസങ്കേതമാണ്.  ചിലര്‍ക്കത് കാമിനിയാണ്. ചിലര്‍ക്ക് അമ്മാവനാണ്. ഇനിയും മറ്റുളളവര്‍ക്ക് പ്രതീക്ഷയാണ്. പക്ഷേ ഉബൈദിന്റെ കവിതകളിലേക്ക് വരുമ്പോള്‍ ചന്ദ്രന്‍ പ്രവാചകന്റെ കളിത്തോഴനാണ്:

നിന്‍ കളിത്തോഴനായങ്ങറേബ്യാഗഗനത്തില്‍

നിത്യ വെണ്‍കതിര്‍ തൂകിപ്പിഞ്ചിളം കഴല്‍ വെച്ചു

അക്കിശോരനും നീയും കൂട്ടുകാരായിച്ചേര്‍ന്നു

മക്കയാം മണിമുറ്റത്തന്നോടിക്കളിച്ചല്ലോ  (ചന്ദ്രക്കല)

ഇവിടെ ചന്ദ്രികാചര്‍ച്ചിതമായ ഒരു രാത്രിയെ സ്വര്‍ണ പ്രതീക്ഷയായാണ് കവി സങ്കല്‍പ്പിക്കുന്നത്. കവി കണ്ടുനില്‍ക്കുന്ന ചന്ദ്രബിംബത്തെ തന്റെ സ്വത്വത്തിലേക്ക് ആവാഹിച്ച്, അതിനെ ആയിരത്തിനാനൂറു വര്‍ഷങ്ങള്‍ക്കപ്പുറം കഴിഞ്ഞ മക്കയിലെ ഒരു ഖുറൈശികുടിലങ്കണത്തിലേക്ക് കൊണ്ടുപോയി, അന്നവിടെ ഓടിനടന്നിരുന്ന നിരവധി ശൈശവ ബാല്യങ്ങളില്‍ കൃത്യമായൊന്നിനെ അടയാളപ്പെടുത്തി ആ ശൈശവം ഭാവിയില്‍ അന്ധകാരം നീക്കും, ചന്ദ്രനെപ്പോലെ ഭൂമിയിലാകെ നിലാവു പെയ്യിക്കുമെന്ന കല്‍പ്പനയാണ് കവി കാണുന്നത്. മാത്രമല്ല അറേബ്യന്‍ മണ്ണിലും ആകാശത്തും കൗതുകത്തോടെ ഓടിക്കളിക്കുന്ന ഈ ബാലനും പൗര്‍ണമി ചന്ദ്രനും കൂട്ടുകാരാണെന്നു കവി സങ്കല്‍പിക്കുന്നു. 

ഉബൈദിന്റെ കവിതയില്‍ ചന്ദ്രന്‍ ഏറ്റവും തികവൊത്ത രൂപകമായി വന്നിട്ടുള്ളത് 'മിടുക്കന്‍ ആദംപുത്രന്‍' എന്ന കവിതയിലാണ്. മനോഹരമായ ഒരു ഖുര്‍ആനിക ആശയപരിസരത്തിലേക്കാണ് കവി ഇതിലൂടെ നമ്മെ കൊണ്ടുപോകുന്നത്. മനുഷ്യസൃഷ്ടി തീരുമാനിക്കപ്പെട്ട ആദ്യശുഭദിനങ്ങളിലൊന്നില്‍  അല്ലാഹു മാലാഖമാരുമായി നടത്തുന്ന ഒരു സംവാദമുണ്ട്. മനുഷ്യവംശത്തെ ഭൂമിയിലേക്കായി സൃഷ്ടിക്കാന്‍ പോകുന്ന വിവരം അവന്‍ മാലാഖമാരോട് പങ്കുവെക്കുന്നു. അതിന് പിന്തുണ നല്‍കുകയല്ല അവര്‍ ചെയ്യുന്നത്. ഭൂമിയില്‍ കോലാഹലം പണിയുകയാണോ നിന്റെ താല്‍പര്യം എന്നാണവര്‍ തിരിച്ചു പറഞ്ഞത്. ഇങ്ങനെ മാലാഖമാരുടെ നിരീക്ഷണത്തെ വകഞ്ഞ് ദൈവം സൃഷ്ടിച്ച മനുഷ്യന്റെ പരമ്പരയിന്നിതാ അവരെ പരിഹസിച്ച മാലാഖമാരെ തേടി  ചന്ദ്രോപരിതലത്തിലെത്തിയിരിക്കുന്നു. നിങ്ങള്‍ക്കിങ്ങനെ ഒരു സ്വതന്ത്ര സഞ്ചാരം സാധ്യമാണോ എന്ന് അല്ലാഹു മാലാഖമാരോട് പകരം ചോദിക്കുന്നു. മനുഷ്യന്റെ ആദ്യ ചന്ദ്രയാന പരിസരം നാസ്തികതയിലേക്കല്ല, മറിച്ച് മനോഹരമായ ഒരു ഖുര്‍ആനിക ആശയപരിസരമുപയോഗിച്ച് ആസ്തിക്യത്തിന്റെ ചേതോഹര സാധ്യതയിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്ന് കവി:

വിസ്മയിക്കയോ നിങ്ങള്‍ വാനവര്‍ സമൂഹമേ

യസ്മദന്തികേയാദം പുത്രനിങ്ങണവതില്‍

മണ്ണിനു വിണ്ണേറുവാന്‍  വയ്യെന്ന മിഥ്യാബോധ-

മിന്നോളം വെച്ചുപോന്നതു തകര്‍ന്നല്ലീ  

(മിടുക്കന്‍ ആദം പുത്രന്‍).

ഇങ്ങനെ കാവ്യത്തെ സുകുമാരമാക്കുക മാത്രമല്ല പാഠ പരിസരത്തെ  സ്വന്തം സ്വത്വപരിമളത്തോട് നിബന്ധിപ്പിക്കുക കൂടി  ചെയ്യുന്നു കവി. സത്യത്തില്‍ കവിത ചരിത്രത്തില്‍നിന്നും ഭിന്നമല്ല. ദേശം, ഭാഷ, ആചാരം ഇവയിലൂടെ മനുഷ്യര്‍ തന്റെ വിശ്വാസത്തെക്കൂടിയാണ് നെയ്‌തെടുക്കുന്നത്. ഉബൈദിന്റെ മനോഹരമായ മറ്റൊരു  രചനകളിലൊന്നാണ് 'തീ പിടിച്ച പള്ളി.'

പള്ളിക്കു തീ പിടിച്ചല്ലാ യിച്ചെന്തീ കെടുത്തുവാനാരുമില്ലേ?

പട്ടാപ്പകല്‍ പള്ളി കത്തുമ്പോളിങ്ങു പാഞ്ഞെത്തുവാനാരുമില്ലേ

അഗ്നിനാളങ്ങള്‍ വിഴുങ്ങുന്ന പള്ളി. അതിന്റെ മിഹ്‌റാബും മിമ്പറും വരെ അഗ്നിനാക്കുകള്‍ നക്കിത്തുടക്കുന്നു. അപാരവും കഠോരവുമായ ഈ സര്‍വനാശം തടയാന്‍ കവി ആരെയും കാണുന്നില്ല. തീ വിഴുങ്ങുന്ന പള്ളി കവിഭാവനയില്‍ കേവലമൊരു നിര്‍മിതിയല്ല. അതിന്റെ മച്ചും മേല്‍ക്കൂരയുമല്ല. ഉബൈദിന്റെ പള്ളി അല്ലാഹുവിന്റെ ദീന്‍ തന്നെയാണ്. ഈ ദീനിനുമേല്‍  തീക്കുടുക്കകള്‍ കോരിയെറിഞ്ഞത് കവിയുടെ ഭാവനയില്‍ മറ്റാരുമല്ല വിശ്വാസികള്‍ തന്നെയാണ്. തീനാളങ്ങള്‍ വിഴുങ്ങുന്ന പള്ളിയുടെ മച്ചകം രക്ഷിക്കാന്‍  അതുകൊണ്ടുതന്നെ കവി ആരെയും കാണുന്നില്ല. മതപ്രസംഗം നടത്തുന്ന പണ്ഡിതരില്ല. വിവാദങ്ങളില്‍ തിമിര്‍ക്കുന്ന മൗലവിമാരില്ല. പൂമെത്തയില്‍ ശയിക്കുന്ന മുതവല്ലിമാരില്ല. വട്ടമിട്ടോതുന്ന മുതഅല്ലിമീങ്ങളില്ല. ഇവരെല്ലാവരും സ്വന്തം ജഢിക മോഹങ്ങളുടെ ചേറ്റുകണ്ടങ്ങളില്‍  വരാഹത്തെപ്പോലെ പുളച്ചുകളിക്കുന്നു. ഇവിടെ പള്ളിയെന്ന ഒരു സ്ഥൂലത്തെ ദീനെന്ന സമഗ്ര സൂക്ഷ്മത്തിലേക്കാണ് കവി ഉയര്‍ത്തിനിര്‍ത്തുന്നത്. കേവലാര്‍ഥത്തിന്റെ വാല്‍മീകത്തില്‍ ഉറങ്ങുന്ന വാക്കുകളെ ആ തോടുകള്‍ ഉടച്ച് ചിത്രശലഭങ്ങളാക്കി അനുവാചകനിലേക്ക് പറത്താന്‍ ഈ കവിതയിലുടനീളം ഉബൈദിനു സാധിക്കുന്നു.

'ഉമര്‍ ജനിക്കട്ടെ' എന്ന മനോഹരമായ രചനയില്‍ ലോകത്തെ സര്‍വ അവമതിയില്‍നിന്നും രക്ഷിക്കാന്‍ ഒരു ഫാറൂഖിനെ കവി കാത്തിരിക്കുന്നു. സമാജത്തില്‍ പുലരേണ്ട ന്യായ-നീതികളുടെ പ്രതീകമാണിവിടെ ഫാറൂഖ് ഉമര്‍. ഇത് മനോഹരമായ ഒരു കല്‍പ്പനയാണ്.  പാല്‍പ്പതപ്പുഞ്ചിരി തഞ്ചിനില്‍ക്കുന്ന ഇളം പൈതലിനെ നോക്കി നടത്തുന്ന നിരീക്ഷണത്തിലും കവി ആപാദം പ്രയോഗിക്കുന്നത് തന്റെ വിശ്വാസ പരിസരത്തിലെ രൂപകങ്ങളെ തന്നെയാണ്. എന്നാലത് സ്വകീയമായ കേരളീയ വാങ്മയങ്ങളെ ഗാഢമായി ആശ്ലേഷിച്ചുനില്‍ക്കുന്നു:

എന്തെന്തനര്‍ഘമാം വസ്തുക്കള്‍ ചേര്‍ത്താണീ 

സുന്ദര മെയ്യു ചമച്ചു ദൈവം.

പാരിലെസ്സൗരഭ ദ്രവ്യങ്ങളൊക്കവേ

പൂരിത മിശ്രമായ് ചേര്‍ത്തുവെച്ചോ

വന്‍തമസ്സിങ്കലെപ്പൊന്‍ വിളക്കാണു നീ

ചന്ദ്രനും നാണിക്കും പൂമ്പൈതലേ (പൈതല്‍).

നമ്മുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പങ്ങളുടെ മേല്‍ പടുത്തുയര്‍ത്തുന്ന അലങ്കാരപ്പന്തികള്‍ തന്നെയാണിത്.  ഭാഷയുടെ അപാരമായ സാധ്യതകളാണ്  ഇത്തരം സന്ദര്‍ഭങ്ങളില്‍ കവികള്‍ പ്രകടിപ്പിക്കുക. നിയതമായ കാവ്യസന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന വാങ്മയം കൃത്യമാകുമ്പോഴേ ഭാവ വിനിമയ ക്ഷമത പൂര്‍ണമാവൂ. അതിനു കവിക്ക് ഭാവനയില്‍ മാത്രമല്ല പദവിന്യാസത്തിലും സിദ്ധി വേണം. അത് വേണ്ടുവോളമുണ്ട് ഉബൈദിന്.

റമദാനും പെരുന്നാളുമൊക്കെ ഉബൈദിനെന്നും കാവ്യ വിഷയങ്ങളാണ്. അതിന്റെ കേവലാത്മീയത മാത്രമല്ല സൗന്ദര്യവും ലാവണ്യാതിരേകവും കൂടി അദ്ദേഹത്തിന്റെ മേഖലയാണ്. റമദാനിനെ ഒരു പെരുമാളിനോടാണ് ഉപമിക്കുന്നത്.  വിശുദ്ധ ദിനരാത്രങ്ങളുടെ ഉജ്ജ്വലതയും സൗന്ദര്യഗരിമയും ദൃശ്യപ്പെടുത്താന്‍ വേണ്ടിയാവണം ഒരു രാജകീയഭാവത്തെ കവിതയിലേക്ക് ആനയിച്ചത്.  ഈ പെരുമാള്‍ സങ്കല്‍പ്പം തികച്ചും കേരളീയ ബിംബകല്‍പ്പനയാണ്. നീതിയും ശാന്തിയും മേഞ്ഞുനടക്കുന്ന രാജകാലത്തെയാണ് ഈ പെരുമാള്‍ കല്‍പ്പന കൊണ്ടുവരുന്നത്. അതോടൊപ്പം ഈ വിശുദ്ധി കിനിയുന്ന വിശ്വാസം തേടിപ്പോയ ചേരമാന്‍ പെരുമാളിനെ പ്രതിയുള്ള സങ്കല്‍പ്പവും.  ഇങ്ങനെ നിരവധി മാനങ്ങളുണ്ടീ കാവ്യാവതരണരൂപത്തിന്.

വിശ്വ മഹാകവി ഇഖ്ബാല്‍  എന്നും ഉബൈദിന്റെ ലഹരി തന്നെയായിരുന്നു. ഇഖ്ബാലിന്റെ കാവ്യലോകത്തെ പ്രഫുല്ലമാക്കിയത് ഇസ്‌ലാമിക ദര്‍ശന പരിസരമാണ്. ഉബൈദിനെയും  പ്രചോദിപ്പിച്ചത് ഇതേ സംസ്‌കാരനിര്‍ഝരിയാണ്. ഇതുകൊണ്ടുകൂടിയാവാം ഇഖ്ബാലിന്റെ ഉജ്ജ്വല രചനയായ ശിക്‌വാ ജവാബെ ശിക്‌വാ ഉബൈദ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തത്. അതും കാവ്യഭംഗി ഒട്ടും ഒലിച്ചുപോകാതെ. 

പ്രവാചകനെപ്പറ്റി നിരവധി കവിതകള്‍ ഉബൈദ് എഴുതിയിട്ടുണ്ട്. ഇതിലോരോന്നിലും ഉപയോഗിച്ചിട്ടുള്ള കാവ്യപരിസരങ്ങളും ഉല്‍പ്രേക്ഷകളും  അറേബ്യന്‍ മാത്രമല്ല തനി കേരളീയം കൂടിയാണ്. അതുകൊണ്ട് പ്രത്യക്ഷത്തില്‍ വിരുദ്ധമെന്നു തോന്നാവുന്ന ഇരു സംസ്‌കൃതികളെയും തന്റെ രചനകള്‍ കൊണ്ട് സമന്വയിപ്പിക്കാന്‍ കവിക്ക് സാധിച്ചിട്ടുണ്ട്.  ഒരിക്കലും ഉബൈദിന്റെ കവിതകള്‍  മതാന്ധതയുടെ ആലാപനമല്ല. മറിച്ച് ആത്മവിവേകത്തിന്റെ എഴുന്നള്ളത്താണ്. കവിതയുടെ ഏതു നാദത്തെയും  സ്വന്തം പാരമ്പര്യത്തിന്റെ രാഗത്തില്‍ വിന്യസിച്ച കവിയാണ് ഉബൈദ്. കാന്തിയോലുന്ന ഈണ വിസ്മയങ്ങളും താളഭംഗികളും പദവിന്യാസത്താല്‍ കൈവരുന്ന വാങ്മയഭംഗിയും വര്‍ണനയുടെ സൂക്ഷ്മതാരുക്കളും അലങ്കാര കല്‍പനകളാല്‍ കൈവരുന്ന ലാവണ്യാനുഭൂതികളും പൂത്തിറങ്ങുന്ന കാവ്യലോകം തന്നെയാണ് ഉബൈദിന്റേത്. ഇസ്‌ലാമിക സംസ്‌കാര സ്വരൂപത്തെ കേരളീയ പൊതുമണ്ഡലത്തിലേക്ക് വിസ്മയകരമാംവിധം വിനിമയം ചെയ്ത കേരളത്തിന്റെ കവി. അതുകൊണ്ടാണ് ഭൗതികലോകത്തുനിന്നും വിടവാങ്ങി നാല്‍പത്തിനാല് വര്‍ഷം പിന്നിടുമ്പോഴും ഉബൈദും അദ്ദേഹത്തിന്റെ വിശ്രുത കാവ്യലോകവും ഇന്നും ഉജ്ജ്വലശോഭയോടെ നിലനിന്നുപോരുന്നത്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍