Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

ഇസ്‌ലാമിന്റെ ദൈവശാസ്ത്ര പരികല്‍പനകള്‍

ശമീര്‍ ബാബു കൊടുവള്ളി

ഇസ്‌ലാമിന്റെ കേന്ദ്രതത്ത്വമാണ് ദൈവം. ദൈവചിന്തയിലൂന്നിയാണ് അതിന്റെ വ്യക്തി, കുടുംബ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, നാഗരിക കാഴ്ചപ്പാടുകള്‍ നിലകൊള്ളുന്നത്. വ്യക്തിയുടെയും ഉമ്മത്തിന്റെയും ആത്മജ്ഞാനപരവും തത്ത്വജ്ഞാനപരവുമായ അടിസ്ഥാനമാണ് ദൈവം. ഇസ്‌ലാമിന്റെ പ്രഥമതലമുറക്ക് മനസ്സിലും മണ്ണിലും വിപ്ലവമുണ്ടാക്കാന്‍ പ്രചോദനമേകിയത് ദൈവികമായ ഉള്‍വിളികളായിരുന്നു. പുക കുമിഞ്ഞുകൂടി ഇസ്‌ലാമിന്റെ ദൈവശാസ്ത്രവീക്ഷണം ഇന്ന് ഇരുണ്ടുപോയിരിക്കുന്നു. അതിന്റെ നിമിത്തങ്ങള്‍ നിരവധിയാണ്. അറബിഭാഷയില്‍ വ്യുല്‍പത്തിയില്ലായ്മ, വിശുദ്ധവേദത്തോടും നബിചര്യയോടുമുള്ള നിഷേധമനോഭാവം, ഗവേഷണത്തിന്റെ അഭാവംമൂലമുണ്ടായ ചിന്താമുരടിപ്പ്, പ്രമാണങ്ങളുടെ കേവലമായ അക്ഷരവായന, പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വത്തിന്റെ അഭാവം, നവസിദ്ധാന്തങ്ങളുടെ ഇസ്‌ലാംവിരുദ്ധത തുടങ്ങിയവ ഉദാഹരണം. 

 

ദൈവത്തിന്റെ സ്ഥാനം

'അല്ലാഹുവല്ലാതെ ദൈവമേയില്ല, മുഹമ്മദ് ദൈവത്തിന്റെ ദൂതനാകുന്നു'-ഇതാണ്  ഇസ്‌ലാമിന്റെ ആദര്‍ശം. ഇസ്‌ലാമിന് തനിമ നല്‍കുന്നത് ആദര്‍ശമാണ്. ആദര്‍ശത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, 'അല്ലാഹുവല്ലാതെ ദൈവമേയില്ല.' രണ്ട്, 'മുഹമ്മദ് ദൈവത്തിന്റെ ദൂതനാകുന്നു.' ദൈവവും ദൈവികത്വവുമാണ് ഒന്നാം ഭാഗത്തിന്റെ ഉള്ളടക്കം. മുസ്‌ലിം വിശ്വസിക്കാന്‍ ബാധ്യസ്ഥമായ പ്രഥമതത്ത്വമാണ് ദൈവം. വിശുദ്ധവേദവും നബിചര്യയും അക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്: ''അതിനാല്‍ നീ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല'' (മുഹമ്മദ്: 19). ''ഇസ്‌ലാം പഞ്ചസ്തംഭങ്ങളില്‍ സ്ഥാപിതമാണ്. അല്ലാഹുവല്ലാതെ ദൈവമേയില്ലെന്നും മുഹമ്മദ് ദൈവത്തിന്റെ ദൂതനാകുന്നുവെന്നും സാക്ഷ്യം വഹിക്കുക.... എന്നിവയാണവ'' (ബുഖാരി, മുസ്‌ലിം).

'അല്ലാഹുവല്ലാതെ ദൈവമേയില്ല' എന്നതിന് മുസ്‌ലിം സാക്ഷിയാവണം. സാക്ഷ്യത്തിന് പ്രയോഗിക്കുന്ന സാങ്കേതികശബ്ദമാണ് ശഹാദത്ത്. നേരില്‍ ദര്‍ശിച്ച് കൃത്യപ്പെട്ട വസ്തുത തെളിവുകളുടെ പിന്‍ബലത്തോടെ ഒരാള്‍ മറ്റൊരാള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനാണ് ഭാഷയില്‍ ശഹാദത്തെന്ന് പറയുന്നത്. ദൃക്‌സാക്ഷിത്വം, കൃത്യത, ഗ്രാഹ്യം, ബോധ്യപ്പെടുത്തല്‍ തുടങ്ങിയവ അതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നേരിട്ടുള്ള ദൈവദര്‍ശനം മനുഷ്യന് അസാധ്യമായിരിക്കെ ദൈവവുമായി ബന്ധപ്പെടുത്തുമ്പോള്‍ ശഹാദത്തിന്റെ അര്‍ഥമെന്തായിരിക്കും? വിശുദ്ധവേദത്തിലും നബിചര്യയിലും ചിന്താനിമഗ്നനാവുമ്പോള്‍ ദൈവത്തെ നേരില്‍ കാണുന്ന പ്രതീതിയുണ്ടാവും. ദൈവത്തെ നേരിട്ട് കാണുന്നില്ലെങ്കിലും ദൈവം നേരിട്ടും അല്ലാതെയും തന്നെ കണ്ടുകൊണ്ടിരിക്കുന്നുവെന്ന അനുഭൂതി. ശഹാദത്തിന്റെ ജ്ഞാനപരമായ തലമാണിത്. തുടര്‍ന്ന് ദൈവികാധ്യാപനങ്ങളെ പ്രതിനിധീകരിച്ച് സര്‍ഗാവിഷ്‌കാരങ്ങളിലൂടെയും പ്രായോഗികജീവിതത്തിലൂടെയും അവ മാനുഷ്യകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. ശഹാദത്തിന്റെ സാക്ഷീകരണഘട്ടമാണിത്.

 

ദൈവമെന്ന യാഥാര്‍ഥ്യം

മതം, ദൈവം, വിശ്വാസം എന്നീ ആധ്യാത്മികാശയങ്ങള്‍ ഇല്ലാത്ത സംസ്‌കാരമോ സമൂഹമോ ഇന്നുവരെ ഉണ്ടായിട്ടില്ല. മനുഷ്യവര്‍ഗത്തിന്റെ നിയോഗം മുതല്‍ കൃത്യമായ ദൈവവീക്ഷണവും ഉണ്ടായിരുന്നു. പൗരാണികസമൂഹങ്ങള്‍ ദൈവത്തെ പുകഴ്ത്താന്‍ സുന്ദരമായ ശില്‍പങ്ങളും  മറ്റു കലാരൂപങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ടായിരുന്നു. മുഴുവന്‍ വേദഗ്രന്ഥങ്ങളും ആദിയില്‍ ദൈവികമായിരുന്നു. ചൈനയില്‍ ആവിര്‍ഭവിച്ച തത്ത്വചിന്തകളില്‍ ദൈവം വിശേഷിപ്പിക്കപ്പെടുന്നത് താവോ എന്നാണ്. പരമേശ്വരന്‍, പരമാത്മാവ്, ബ്രഹ്മാവ് തുടങ്ങിയ നാമങ്ങളിലാണ് ഹിന്ദുമതത്തില്‍ ദൈവം അറിയപ്പെടുന്നത്. സരതുഷ്ട്രമതത്തില്‍ അഹുരമസ്ദയെന്നും ജൂതമതത്തില്‍ യഹോവയെന്നും ക്രൈസ്തവമതത്തില്‍ കര്‍ത്താവെന്നും ദൈവം വിളിക്കപ്പെടുന്നു.

മുഹമ്മദ് നബിയുടെ ആഗമനസന്ദര്‍ഭത്തിലും ദൈവസങ്കല്‍പം ഉണ്ടായിരുന്നു. യഥാര്‍ഥ ദൈവത്തെ കുറിക്കാന്‍ അറബികള്‍ പ്രയോഗിച്ച പദം അല്ലാഹു എന്നായിരുന്നു. മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പേ  ദൈവദാസന്‍ എന്ന അര്‍ഥത്തില്‍ 'അബ്ദുല്ല'യെന്ന നാമം അറബികളില്‍ പ്രചുരമായിരുന്നു. പ്രവാചകപിതാവ് അബ്ദുല്ല ഉദാഹരണം. ആരാണ് പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചതെന്ന്  ചോദിച്ചാല്‍ അറബികളുടെ മറുപടി അല്ലാഹു എന്നായിരുന്നു.

യഥാര്‍ഥ ദൈവസങ്കല്‍പത്തില്‍ അറബികള്‍ കലര്‍പ്പുകള്‍ കടത്തിക്കൂട്ടുകയാണുണ്ടായത്. ബഹുദൈവത്വമായിരുന്നു അവരുടേത്. ഗോത്രങ്ങളായിട്ടായിരുന്നു അറബികളുടെ ജീവിതം. ഓരോ ഗോത്രത്തിനും ഓരോ ദൈവം. ഇതരസമൂഹങ്ങളില്‍നിന്നും ദൈവങ്ങളെ സ്വീകരിച്ചു. സൂര്യചന്ദ്രാദി  പ്രകൃതിപ്രതിഭാസങ്ങളെ ആരാധിച്ചു. ലാത്ത, ഉസ്സ, മനാത്ത എന്നീ പുണ്യപുരുഷന്മാരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ഉഹുദ് യുദ്ധവേളയില്‍ ഹുബ്ല്‍ ദേവനോട് അവര്‍ സഹായം തേടുകയുണ്ടായി. ലാത്തയുടെയും ഉസ്സയുടെയും വിഗ്രഹങ്ങള്‍ ഉഹുദില്‍ അബൂസുഫ്‌യാന്‍ കൂടെ കരുതിയിരുന്നു. ഞങ്ങള്‍ക്കൊപ്പം ഉസ്സയുണ്ട്, നിങ്ങള്‍ക്കൊപ്പം ഉസ്സയില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ജിന്നുകളെയും മലക്കുകളെയും അവര്‍ ദൈവങ്ങളാക്കി. അവ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുമെന്നും അവക്ക് പ്രകൃത്യാധീനവും പ്രകൃത്യതീതവുമായ നിയമങ്ങളില്‍ സ്വാധീനമുണ്ടെന്നും വിശ്വസിച്ചു. യഥാര്‍ഥ ദൈവത്തിലേക്കുള്ള വഴി എളുപ്പമാകുമെന്ന വിശ്വാസമായിരുന്നു അറബികള്‍ ഉപദൈവങ്ങളെ കൂടെക്കൂട്ടാനുള്ള കാരണം: ''അവര്‍ ദൈവത്തിന് പുറമെ തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ അവകാശപ്പെടുന്നത്, അവ ദൈവത്തിന്റെ അരികില്‍ ഞങ്ങളുടെ ശിപാര്‍ശകരാണ് എന്നത്രെ'' (യൂനുസ്: 18).  

തത്ത്വജ്ഞാനപരമായും മനുഷ്യന്‍ ദൈവത്തെ അംഗീകരിക്കുന്നുണ്ട്. ചില രീതിശാസ്ത്രങ്ങളിലൂടെ അക്കാര്യം സ്ഥാപിക്കാനാവും. ഒന്ന്, നൈസര്‍ഗികബോധം. ഒരു അതീന്ദ്രിയ യാഥാര്‍ഥ്യത്തെ അംഗീകരിക്കുംവിധമാണ് മനുഷ്യപ്രകൃതം. ശരീരത്തിനപ്പുറം ചിലത് അവന്റെ അസ്തിത്വത്തിന്റെ ഭാഗമായുണ്ട്. ദൈവികചോദന അതിലൊന്നാണ്. ദൈവംതന്നെ മനുഷ്യനില്‍ നിക്ഷേപിച്ചതാണത്: ''നിന്റെ നാഥന്‍ ആദം സന്തതികളുടെ മുതുകുകളില്‍നിന്ന് അവരുടെ സന്താനപരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന്‍ ചോദിച്ചു: 'നിങ്ങളുടെ നാഥന്‍ ഞാനല്ലയോ?' അവര്‍ പറഞ്ഞു: 'അതേ, ഞങ്ങളതിന് സാക്ഷിയായിരിക്കുന്നു'. ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നുവെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്'' (അല്‍അഅ്‌റാഫ്: 172). ശുദ്ധപ്രകൃതിയോടെയാണ് ഓരോ കുഞ്ഞും ജനിക്കുന്നതെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

രണ്ട്, സഹജദുര്‍ബലത. മനുഷ്യന്‍ ദുര്‍ബലനാണ്. ജനനം മുതല്‍ മരണം വരെ അതിന്റെ തെളിവാണ്. തന്നിഷ്ടപ്രകാരമായിരുന്നില്ല ജനനം. നിനച്ചിരിക്കാതെ പൊടുന്നനെയുള്ള മരണം. ശരീരത്തിന്റെ ഉടമസ്ഥതപോലും മനുഷ്യനില്ല. രോഗങ്ങളും പ്രതിസന്ധികളും പിന്തുടരുന്നു. ഭാവിയില്‍ എന്തുണ്ടാവുമെന്ന് നിര്‍ണയിക്കാനാവുന്നില്ല. മനുഷ്യന്റെ സഹജദുര്‍ബലത അവന് കരുത്തേകുന്ന ദൈവമെന്ന അനിവാര്യതയിലേക്കാണ് നയിക്കുന്നത്: ''ദൈവം നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്'' (അന്നിസാഅ്: 28).

മൂന്ന്, കാര്യകാരണബന്ധം. ഏതു കാര്യത്തിനും കാരണം ഉണ്ടായിരിക്കുമെന്നത് പൊതുതത്ത്വമാണ്. കാരണമില്ലാതെ കാര്യമുണ്ടാവല്‍ അസാധ്യം. വിജ്ഞാനത്തിലും പൂര്‍ണതയിലും കാരണം കാര്യത്തേക്കാള്‍ മികച്ചതായിരിക്കും. പ്രപഞ്ചത്തിലെ ഓരോന്നും കാര്യകാരണബന്ധത്തിലധിഷ്ഠിതമാണ്. സംഭവത്തിന്റെ പിന്നില്‍ സംഭവിപ്പിച്ചവനും സാധ്യതക്കു പിന്നില്‍ അനിവാര്യതയും ഉണ്ട്. പ്രപഞ്ചത്തിന്റെ പിന്നിലും അതിന് വഴിയൊരുക്കിയ കാരണമുണ്ട്. പരമകാരണമായ  ദൈവമാണത്: ''നാം അദ്ദേഹ(ദുല്‍ഖര്‍നൈന്‍)ത്തിന് എല്ലാറ്റിനും കാരണം നിശ്ചയിച്ചുകൊടുത്തു'' (അല്‍കഹ്ഫ്: 84). സൂക്തത്തിലെ സബബെന്ന പദത്തിനാണ് കാരണമെന്ന അര്‍ഥം നല്‍കിയത്. കയറെന്നാണ് പ്രസ്തുതപദത്തിന്റെ മൂലാര്‍ഥം. നിശ്ചിത ലക്ഷ്യത്തിലേക്കോ മറ്റു വല്ലതിലേക്കോ എത്താന്‍ ഉപയുക്തമാവുന്ന മുഴുവന്‍ നിമിത്തങ്ങള്‍ക്കും പിന്നീട് അത് പ്രയോഗിക്കപ്പെട്ടു. മുഴുവന്‍ കാര്യങ്ങളും അവക്ക് നിദാനമായ കാരണങ്ങളും ദൈവബന്ധിതമാണ്. അപ്പോള്‍ പരമകാരണമായ ദൈവത്തിന്റെ കാരണമെന്തായിരിക്കും? ഈ ചോദ്യം അപ്രസക്തമാണ്. കാരണം, സ്ഥലകാലബന്ധിതനായാണ് മനുഷ്യന്‍ കാര്യകാരണബന്ധത്തെ വികസിപ്പിച്ചിട്ടുള്ളത്. സ്ഥലമോ കാലമോ ബാധകമല്ലാത്ത ദൈവത്തിന് തന്റെ ഉത്ഭവത്തിന്റെ പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല. ഉത്ഭവമില്ലാത്ത ഒന്നിന് കാരണം ആവശ്യമില്ലെന്നത് തത്ത്വജ്ഞാനത്തിലെ അംഗീകൃതപ്രമാണമാണ്. 

നാല്, വ്യവസ്ഥാപിതത്വം. വ്യവസ്ഥാപിതമായാണ് പ്രപഞ്ചവും സകലചരാചരങ്ങളും നിലകൊള്ളുന്നത്. പ്രകൃതിയിലും മനുഷ്യനിലും അതിന്റെ പാഠങ്ങളുണ്ട്. നിശ്ചിത അനുപാതത്തിലാണ് സൂര്യനും ഭൂമിയും തമ്മിലുള്ള അകലം. സൂര്യന്‍ ഭൂമിയോട് ഒന്നടുത്താല്‍ അത് കത്തിച്ചാമ്പലാവും. സൂര്യന്‍ ഭൂമിയില്‍നിന്ന് അകന്നാലോ അത് ജീവയോഗ്യമല്ലാതാവും. ശരീരത്തില്‍ ഭക്ഷിക്കാന്‍ പാകത്തില്‍ വായ സംവിധാനിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണാനന്തരം ദഹനപ്രക്രിയ നടക്കുന്നു. ശേഷം ആവശ്യമുള്ളവ അവശേഷിക്കുകയും അല്ലാത്തവ പുറംതള്ളപ്പെടുകയും ചെയ്യുന്നു. വ്യവസ്ഥാപിതത്വവും ദൈവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് (ഫുസ്സ്വിലത്ത്: 53)

അഞ്ച്, ചലനതത്ത്വം. പ്രപഞ്ചത്തിലെ ഒന്നിനും സ്വയമോ സ്ഥായിയായതോ ആയ ചലനശേഷിയില്ല. സൂക്ഷ്മ കണിക മുതല്‍ സ്ഥൂല വസ്തുവിന്റെ കാര്യംവരെ അങ്ങനെയാണ്. സംവൃതമായ ഒരു വ്യവസ്ഥക്കകത്ത് ആ വ്യവസ്ഥക്ക് സ്വയം ചലനം സൃഷ്ടിക്കാനാവില്ലെന്നത് ഭൗതികശാസ്ത്രത്തിലെ മൗലിക തത്ത്വമാണ്. അപ്പോള്‍ എല്ലാറ്റിനെയും ചലിപ്പിക്കുന്ന ആ തത്ത്വമെന്താണ്? സംശയമില്ല, അതാണ് ദൈവം. ദൈവം എല്ലാറ്റിനെയും ചലിപ്പിക്കുന്നു: ''കരയിലും കടലിലും നിങ്ങളെ ചലിപ്പിക്കുന്നത് ആ ദൈവം തന്നെയാണ്'' (യൂനുസ്: 22), ''നാം പര്‍വതങ്ങളെ ചലിപ്പിക്കുന്ന ദിവസത്തെ ഓര്‍ക്കുക'' (അല്‍കഹ്ഫ്: 47)

ആറ്, ധര്‍മാധര്‍മബോധം. ഓരോ മനുഷ്യന്റെ ഉള്ളിലും നന്മതിന്മകള്‍ എന്താണെന്നുള്ള ബോധമുണ്ട്. ക്രിമിനല്‍സ്വഭാവമുള്ള വ്യക്തിപോലും തന്റെ നേരെ അത് മറ്റാരും പ്രയോഗിക്കരുതെന്ന് വിശ്വസിക്കാന്‍ കാരണമതാണ്. ദൈവികമായ ഒരു ഉള്‍വിളിയാണ് ധര്‍മബോധം: ''സ്വത്വവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി. അങ്ങനെ ദൈവം അതിന് ധര്‍മാധര്‍മബോധം നല്‍കി. നിശ്ചയം, അതിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. മലിനമാക്കിയവന്‍ പരാജയപ്പെട്ടു'' (അശ്ശംസ്: 7-10). 

ദൈവമുണ്ടെന്ന് മാത്രമല്ല, അവന്‍ ഏകനാണെന്ന് കൂടിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്: ''അവന്‍, ദൈവം ഏകനാണെന്ന് നീ പ്രഖ്യാപിക്കുക'' (അല്‍ഇഖ്‌ലാസ്വ്: 1). ഒന്നിലധികം ദൈവങ്ങളുണ്ടാവല്‍ യുക്തിക്ക് വിരുദ്ധമാണ്. അനേകം ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ മത്സരങ്ങളും പ്രപഞ്ചത്തില്‍ വൈരുധ്യങ്ങളും ഉടലെടുക്കും. കാരണം ഒരു ദൈവം ഒന്ന് ഉദ്ദേശിക്കുമ്പോള്‍ അപരദൈവം മറ്റൊന്ന് ഉദ്ദേശിക്കും. ഉദാഹരണത്തിന് ഒരു ദൈവം വസ്തുവിന്റെ ചലനത്തിനും അപരദൈവം അതേ വസ്തുവിന്റെ നിശ്ചലതക്കും തീരുമാനമെടുക്കുന്നു. ഒരേസമയം ഒരു വസ്തുവില്‍ ചലനവും നിശ്ചലതയും സാധ്യമല്ല. വിരുദ്ധ തത്ത്വങ്ങളാണവ.  അപ്പോള്‍ ദൈവങ്ങള്‍ക്കിടയില്‍ സംഘട്ടനമുണ്ടാവുന്നു. സംഘട്ടനത്തില്‍ ഒരു ദൈവം വിജയിക്കും. അപരദൈവം പരാജയപ്പെടും. പരാജയപ്പെടുന്ന ദൈവം യഥാര്‍ഥ ദൈവമല്ല. കാരണം ദൈവത്തിന് ചേര്‍ന്നതല്ല പരാജയം. വിജയപരാജയങ്ങളില്‍ മാത്രം സംഘട്ടനത്തിന്റെ ഫലം പരിമിതപ്പെടുന്നില്ല. പ്രപഞ്ചത്തിന്റെ മൊത്തം വ്യവസ്ഥയെയും അത് ബാധിക്കുന്നു: ''ആകാശഭൂമികളില്‍ യഥാര്‍ഥ ദൈവമല്ലാത്ത ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. അവര്‍ വിശേഷിപ്പിക്കുന്നതില്‍നിന്നെല്ലാം പരിശുദ്ധനാണ് സിംഹാസനാധിപനായ ദൈവം'' (അല്‍അമ്പിയാഅ്: 21), ''ദൈവം ആരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവവുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയ്കളയുകയും പരസ്പരം കീഴ്‌പ്പെടുത്തുകയും ചെയ്യുമായിരുന്നു. അവര്‍ വിശേഷിപ്പിക്കുന്നതില്‍നിന്നെല്ലാം പരിശുദ്ധനാണ് ദൈവം'' (അല്‍മുഅ്മിനൂന്‍: 91). 

 

ദൈവികത്വത്തിന്റെ ഉള്ളടക്കം 

മനുഷ്യധിഷണക്കതീതമായ സത്തയാണ് ദൈവം. വസ്തുനിഷ്ഠമായി ദൈവത്തെ ഗ്രഹിക്കല്‍ അസാധ്യമാണ്. ആത്മനിഷ്ഠമായേ ദൈവത്തെ ഗ്രഹിക്കാനാവൂ. വിശുദ്ധവേദവും നബിചര്യയുമാണ് ഇസ്‌ലാമികദൃഷ്ട്യാ ദൈവത്തെ അറിയാനുള്ള മാര്‍ഗം.

ഇസ്‌ലാമില്‍ പരമോന്നതദൈവത്തിന് അല്ലാഹുവെന്നും ദൈവികത്വത്തിന് ഉലൂഹിയ്യത്തെന്നും  പറയുന്നു. ദൈവത്തിന്റെ സത്താനാമമാണ് അല്ലാഹു. 'ഇലാഹി'ല്‍നിന്നാണ് അത് നിഷ്പന്നമായിട്ടുള്ളത്. പരിഭ്രാന്തനാവുക, ശാന്തിനേടുക, അഭയമേകുക, അനുരാഗതല്‍പരനാവുക, ആരാധിക്കുക, അപ്രത്യക്ഷമാവുക, ഉന്നതമാവുക എന്നൊക്കെയാണ് ഇലാഹിന്റെ മൂലപദത്തിന്റെ അര്‍ഥങ്ങള്‍. ദൈവത്തിന്റെ ഗാംഭീര്യമുള്‍ക്കൊള്ളുമ്പോള്‍ സ്വത്വം അത്ഭുതസ്തബ്ധമാവും. ശാന്തിനിര്‍ഭരമായ ജീവിതത്തിന്റെ നിദാനമാണ് ദൈവം. ആവശ്യങ്ങള്‍ നിവര്‍ത്തിപ്പിക്കുന്നവനും അത്യാഹിതങ്ങളില്‍നിന്ന് അഭയമേകുന്നവനുമാണവന്‍. അനുരാഗതീവ്രതയാല്‍ മനസ്സ് നിര്‍ഭരമാവുന്ന ഇടമാണ് ദൈവം. അതിനിഗൂഢതക്ക് പിന്നിലിരുന്ന് കാര്യങ്ങളെ നിയന്ത്രിക്കുന്നവനാണവന്‍. പദവിയിലും അധികാരത്തിലും ഉന്നതിയിലാണ് ദൈവം. ദൈവത്തെപ്പറ്റി ഇപ്പറഞ്ഞ മുഴുവന്‍ വികാരങ്ങളും മുസ്‌ലിമില്‍ ഒത്തുചേരുന്ന സവിശേഷാവസ്ഥയുണ്ട്. ആരാധനയുടെയും അടിമത്തത്തിന്റെയും അനുസരണത്തിന്റെയും മനോഭാവമായ ഇബാദത്താണ് അത്.  

'അല്ലാഹുവല്ലാതെ ദൈവമേയില്ല' എന്ന ചെറുവാക്യത്തിലുണ്ട് ദൈവികത്വത്തിന്റെ ഉള്ളടക്കം. രചനാപരവും നിരാസപരവുമായ ഭാവങ്ങളെ ഉള്‍വഹിക്കുന്നു അത്. ആദര്‍ശത്തിന്റെ രചനാപരമായ വശം ഇവയാണ്: പ്രപഞ്ചത്തിന്റെയും സകലചരാചരങ്ങളുടെയും അധീശാധികാരി ദൈവം മാത്രമാണ്. അനാദിയും നിത്യനുമാണവന്‍. അവനു മുമ്പ് ഒന്നും ഉണ്ടായിരുന്നില്ല. അവനാണ് അന്തിമമായും ഉള്ളത്. നിത്യചൈതന്യത്വം അവനു മാത്രം. മുഴുവന്‍ സൃഷ്ടികള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു ദൈവം. ജീവിതമരണങ്ങളെ സൃഷ്ടിച്ചവനാണ് ദൈവം. മുമ്പില്ലാത്ത വിശേഷണങ്ങള്‍ അവന് അധികമായി ഉണ്ടായിട്ടില്ല. എന്നാല്‍ അവന്റെ വിശേഷണങ്ങള്‍ അനന്തമായി നിലനില്‍ക്കും. എല്ലാം ശ്രവിക്കുന്നവനും കാണുന്നവനും അറിയുന്നവനുമായ അവന്റെ അറിവില്‍നിന്ന് ഒന്നും പുറത്തല്ല. 

ഉദ്ദേശിക്കുന്നത് നടപ്പാക്കുന്നു ദൈവം. പരാശ്രയരഹിതനായ അവനെ ആശ്രയിച്ചാണ് എല്ലാം നിലകൊള്ളുന്നത്. അവനില്‍നിന്നാണ്, അവനിലേക്കാണ് എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവും. സങ്കല്‍പ്പിക്കാവുന്ന ഏത് ആദിത്വത്തിനു മുമ്പും ഏത് അനന്തതക്കു ശേഷവും അവനുണ്ട്. എല്ലാ നന്മകളുടെയും ഉറവിടവും സല്‍ദര്‍ശനത്തിന്റെ ആധാരവും കേവലനന്മയും പൂര്‍ണസ്വതന്ത്രനും ചലനഹേതുവും അദൃശ്യനും പദാര്‍ഥരഹിതനും പ്രഥമസ്വരൂപിയും രൂപരഹിതനും ഔന്നത്യമുടയവനും സമ്പൂര്‍ണനും പരിവര്‍ത്തന, നിയന്ത്രണ, സ്ഥലകാലങ്ങള്‍ക്കതീതനുമാണവന്‍. യഥാര്‍ഥശക്തി അവന്റേതു മാത്രം. പ്രപഞ്ചത്തിന്റെ ഉത്ഭവകാരണം അവനാണ്. ശൂന്യതയില്‍നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു. അവന്‍ ദൂരത്താണ്, അടുത്തുമാണ്. അവന്‍ എല്ലാറ്റിന്റെയും ഉള്ളിലാണ്, പുറത്തുമാണ്. അവന്‍ പ്രത്യക്ഷവാനാണ്, പരോക്ഷവാനുമാണ്. മനുഷ്യധിഷണകള്‍ക്ക് അവനെ ഉള്‍ക്കൊള്ളാനാവില്ല. എന്നാല്‍ അവന്‍ എല്ലാറ്റിനെയും  ഉള്‍ക്കൊള്ളുന്നു. സ്വന്തത്തെയും അപരത്വത്തെയും കുറിച്ച് കൃത്യമായ ജ്ഞാനം അവനുണ്ട്.


സത്ത, അസ്തിത്വം, വിശേഷണങ്ങള്‍

മൂന്നു തരത്തിലുള്ള അസ്തിത്വങ്ങളാണ് ഉള്ളത്. ഒന്ന്, സത്തയില്‍ ഉണ്മ അസംഭവ്യമായ അസ്തിത്വം (മുസ്ത്തഹീലുല്‍വുജൂദ് ഫിദ്ദാത്ത്). തീര്‍ത്തും അസംഭവ്യമായ അസ്തിത്വമാണിത്. സത്തയിലെ ഇല്ലായ്മയാണ് അതിന്റെ അടിസ്ഥാനം. അസ്തിത്വമുണ്ടായാല്‍ അതിനര്‍ഥം അതിന്റെ അടിസ്ഥാനം ഇല്ലാതായി എന്നാണ്. രണ്ട്, സത്തയില്‍ ഉണ്മക്കും ഇല്ലായ്മക്കും സാധ്യതയുള്ള അസ്തിത്വം (മുംകിനുല്‍വുജൂദ് ഫിദ്ദാത്ത്). ഉണ്മക്കും ഇല്ലായ്മക്കും തുല്യസാധ്യതയുള്ള അസ്തിത്വമാണിത്. രണ്ടിലൊന്ന് സാധ്യമായാല്‍ പുതുതായി ഉണ്ടായത് ഏതാണോ അതിനായിരിക്കും മുന്‍ഗണന. രണ്ടും ഒരേസമയം നിലനില്‍ക്കുക അസാധ്യമാണ്. മനുഷ്യനെപോലുള്ള ഇല്ലായ്മയില്‍നിന്നുണ്ടായി ഇല്ലാതായിപോവുന്ന മുഴുവന്‍ അസ്തിത്വങ്ങളും ഈ ഇനത്തിന് ഉദാഹരണങ്ങളാണ്. മൂന്ന്, സത്തയില്‍ ഉണ്മ അനിവാര്യമായ അസ്തിത്വം (വാജിബുല്‍വുജൂദ് ഫിദ്ദാത്ത്). മുകളില്‍ പറഞ്ഞ അസ്തിത്വങ്ങളില്‍നിന്ന് തീര്‍ത്തും ഭിന്നമായ അസ്തിത്വമാണിത്. നിത്യം ഉണ്മ മാത്രം ഉള്ളതായിരിക്കുമത്. ദൈവം മാത്രമേ അതിനുദാഹരണമുള്ളൂ. നാസ്തിത്വത്തിന് ഒരുനിലക്കും വിധേയമാവുന്നില്ല ദൈവം. അങ്ങനെ സംഭവിച്ചാല്‍ സത്തക്ക് വിരുദ്ധമായത് സംഭവിച്ചു എന്നാണര്‍ഥം. അതിനാല്‍തന്നെ ദൈവത്തിന്റെ സത്താപരമായ വിശേഷണങ്ങളാണ് അനാദിത്വവും അനന്തതയും ശാശ്വതികത്വവും.  

ദൈവസത്ത എങ്ങനെയാണോ ഉണ്ടായിരുന്നത് അങ്ങനെയാണ് ഉണ്ടായിരുന്നത്. എങ്ങനെയാണോ ഉള്ളത് അങ്ങനെത്തന്നെയാണ് ഉള്ളത്. എങ്ങനെയാണോ ഉണ്ടായിരിക്കുക അങ്ങനെയാണ് ഉണ്ടായിരിക്കുക. ന്യൂനതകള്‍ ബാധിക്കാത്ത പരിശുദ്ധവും ശ്രേഷ്ഠവുമാണ് അപരസത്തകളില്‍ നിന്ന് വ്യതിരിക്തമായ ദൈവസത്ത. അവനൊഴികെയുള്ളവ സാധ്യമായ സത്താഘട്ടത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ദൈവസത്തയില്‍നിന്ന് അവയും അവയില്‍നിന്ന് ദൈവസത്തയും മുക്തമാണ്. അനിവാര്യസത്ത സത്തയില്‍ വിഭജിതമോ സുഘടിതമോ അല്ല, ഏകമാണ്. വിഭജനത്തിന് വിധേയമായാല്‍ മൂലസത്തതന്നെ ഇല്ലാതായി അനേകം സത്തകളുടെ ഘടകങ്ങളായിരിക്കും ഉണ്ടാവുക. സുഘടിതമാവുമ്പോള്‍ ദൈവസത്തയിലേക്ക് പുതിയ ഘടകങ്ങളാണ് കയറിവരിക. അപ്പോള്‍ ഓരോ ഘടകത്തിനും വേറിട്ടുനില്‍ക്കുന്ന സത്തയും അസ്തിത്വവുമായിരിക്കും ഉണ്ടായിരിക്കുക. 

ദൈവത്തിന് വിശേഷണങ്ങളുണ്ട്; സുന്ദരമായ നാമങ്ങള്‍. ഓരോ നാമവും അവന്റെ ഓരോ വിശേഷണമാണ്.  ജീവന്‍, ജ്ഞാനം, ശക്തി, കേള്‍വി, ഉള്‍ക്കാഴ്ച, ഇഛ, സംസാരം, അധികാരം, സൃഷ്ടിപ്പ്, കാരുണ്യം, യുക്തി, അധീശത്വം എന്നിവയാണ് ദൈവത്തിന്റെ സുപ്രധാന വിശേഷണങ്ങള്‍. എന്നാല്‍ ദൈവം ഏകനാണെന്നതാണ് വിശേഷണങ്ങളില്‍ അഗ്രിമസ്ഥാനത്ത് നില്‍ക്കുന്നത്. സത്തയിലും അസ്തിത്വത്തിലും വിശേഷണങ്ങളിലും ദൈവം ഒരേയൊരുവനാണ്. വിശേഷണങ്ങള്‍ നിത്യം അവനിലുണ്ടാവും. സത്തയില്‍നിന്നാണവ, സത്തയില്‍നിന്ന് ഭിന്നമല്ലത്. അസ്തിത്വത്തിന്റെ പൂര്‍ണതയുടെ ഭാഗമാണവ. ദൈവസത്ത മാത്രമാണ് അനാദിയായ സത്ത. എന്നാല്‍ വിശേഷണമില്ലാത്ത അവസ്ഥ അവനില്ല. മുഴുവന്‍ വിശേഷണങ്ങളെയും ഉള്‍ക്കൊള്ളുന്നു ദൈവസത്ത. വിശേഷണങ്ങളെ പ്രവര്‍ത്തനസജ്ജമാക്കുന്ന മറ്റൊരു പ്രചോദനകേന്ദ്രം അവനില്ല.

ദൈവികവിശേഷണങ്ങള്‍ തികവുറ്റതും സമ്പൂര്‍ണവുമാണ്. സത്ത, അസ്തിത്വം, കഴിവ്, സ്വഭാവം എന്നിവയുടെ വിശേഷണങ്ങള്‍ അവനുണ്ട്. ദൈവം ഒരു വിശേഷണത്തിന്റെ പ്രയോഗത്തിലേര്‍പ്പെടുമ്പോള്‍ മറ്റു വിശേഷണങ്ങള്‍ അപ്രത്യക്ഷമാവുന്നില്ല. ഓരോ വിശേഷണവും സത്തയില്‍ അനാദിയായി ഗുപ്തമാണ്. ഒരു വിശേഷണത്തിന്റെ പ്രായോഗികതക്ക് ശേഷമല്ല പ്രസ്തുത വിശേഷണം ലഭിച്ചത്. ഉദാഹരണത്തിന്, സൃഷ്ടിപ്പിന് ശേഷമല്ല പ്രസ്തുത വിശേഷണം ലഭിച്ചത്. സൃഷ്ടിപ്പെന്നത് അനാദിയായി ദൈവത്തില്‍ അന്തഃസ്ഥിതമാണ്. 

 

ദൈവികത്വത്തിന്റെ കാതല്‍

ഉലൂഹിയ്യത്തിന്റെ അഥവാ ദൈവികത്വത്തിന്റെ പരമപ്രധാനമായ ആശയമാണ് റുബൂബിയ്യത്ത്. ദൈവികമായ മൂന്ന് തത്ത്വങ്ങളുടെ സമാഹാരമാണ് അത്. ഒന്ന്, സൃഷ്ടിപ്പ്. പ്രപഞ്ചവും മനുഷ്യനുമുള്‍പ്പെടെയുള്ള സര്‍വവും സ്വയം ഉണ്ടായതല്ല.  നദിയില്‍ കപ്പല്‍ സ്വയം രൂപമെടുക്കുകയും ചരക്കുകള്‍ കയറ്റിയോടിക്കുകയും മറ്റൊരു തുറമുഖത്ത് നങ്കൂരമിട്ട് അവ  ഇറക്കുകയും പഴയ തുറമുഖത്തേക്ക് തിരികെവരികയും ഈ പ്രക്രിയ നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുകയെന്നത് എത്രത്തോളം അസംഭവ്യമാണോ അതിലേറെ അസംഭവ്യമാണ് പ്രപഞ്ചം സ്വയമുണ്ടാവുകയെന്നത്. എല്ലാറ്റിനെയും ദൈവം സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്: ''അവന്‍ സകലവസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നു. അവന്‍ സകലസംഗതികളും അറിയുന്നു. അവനാകുന്നു നിങ്ങളുടെ നാഥനായ ദൈവം. അവനല്ലാതെ ദൈവമില്ല. സകലവസ്തുക്കളുടെയും സ്രഷ്ടാവായിട്ടുള്ളവന്‍. അതിനാല്‍ നിങ്ങള്‍ അവനെ അനുസരിക്കുവിന്‍. അവന്‍ സകല കാര്യങ്ങളുടെയും ഉത്തരവാദിത്തമേറ്റവനാകുന്നു'' (അല്‍അന്‍ആം: 101, 102).

രണ്ട്, ഉടമസ്ഥത. ദൈവം എല്ലാറ്റിന്റെയും സ്രഷ്ടാവ് മാത്രമല്ല, ഉടമസ്ഥനുമാണ്. സൃഷ്ടിപ്പിന് അവകാശമുള്ളവനേ ഉടമസ്ഥതക്കും അവകാശമുള്ളൂ. ദൈവത്തിന്റെ ഉടമസ്ഥത സമ്പൂര്‍ണവും പരമവുമാണ്. അറബിഭാഷയില്‍ ഉടമസ്ഥതക്ക് മില്‍കിയ്യത്തെന്നാണ് പ്രയോഗിക്കുന്നത്. കൈവശപ്പെടുത്തി, ഉടമപ്പെടുത്തി, അധികാരത്തിലൂടെ ആധിപത്യം ചെലുത്തി എന്നൊക്കെയാണ് 'മലിക'യുടെ അര്‍ഥം.  ''ഏകസത്തയില്‍നിന്ന് അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നെ അതില്‍നിന്ന് അതിന്റെ ഇണയെ ഉണ്ടാക്കി. നിങ്ങള്‍ക്കുവേണ്ടി കാലികളില്‍നിന്ന് എട്ട് ഇണകളെയും സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി; ഘട്ടംഘട്ടമായി നിങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന ദൈവമാകുന്നു നിങ്ങളുടെ നാഥന്‍. ആധിപത്യം അവനു മാത്രമാണ്. അവനല്ലാതെ ദൈവമേതുമില്ല. എന്നിട്ടും എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്'' (അസ്സുമര്‍: 6).

മൂന്ന്, വിധികര്‍തൃത്വം. എല്ലാറ്റിന്റെയും സ്രഷ്ടാവും ഉടമസ്ഥനും മാത്രമല്ല, വിധികര്‍ത്താവുകൂടിയാണ് ദൈവം. മനുഷ്യനുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നും തീരുമാനിക്കാനുള്ള ദൈവത്തിന്റെ അധീശാധികാരമാണ് വിധികര്‍തൃത്വത്തിന്റെ അടിസ്ഥാനം. ഭൂമിയില്‍ സമാധാന ജീവിതത്തിന് ഉപയുക്തമാകുന്ന സന്മാര്‍ഗദര്‍ശനം ദൈവം പ്രവാചകന്മാര്‍ വഴി മനുഷ്യന് നല്‍കിയിട്ടുണ്ട്. അതില്‍ മനുഷ്യജീവിതത്തിനാവശ്യമായ നിയമസംഹിതയും വിധിവിലക്കുകളും ഉണ്ട്: ''ദൈവത്തിനല്ലാതെ മറ്റാര്‍ക്കും വിധികര്‍തൃത്വമില്ല. അവനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അനുസരിക്കരുതെന്നും അവന്‍ കല്‍പ്പിച്ചിരിക്കുന്നു. അതാണ് നേരായ മാര്‍ഗം. പക്ഷേ, അധികജനവും അറിയുന്നില്ല'' (യൂനുസ്: 40). 

ദൈവമുണ്ടെന്നും അവന്‍ ഏകനും ദിവ്യത്വത്തിന്റെ ഉടമസ്ഥനും അധീശാധികാരിയുമാണെന്നും  നാളിതുവരെ മുഴുവന്‍ സമൂഹങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഗുരുതരമായ രണ്ട് തെറ്റുകളാണ് വിശ്വാസപരമായി വ്യതിചലിച്ച സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തിയത്. യഥാര്‍ഥദൈവത്തില്‍ വിശ്വസിച്ചതോടൊപ്പം വ്യാജദൈവങ്ങളിലും വിശ്വസിച്ചുവെന്നതായിരുന്നു ഒന്നാമത്തെ തെറ്റ്. വ്യാജദൈവങ്ങളിലുള്ള വിശ്വാസം ജീവിതത്തെ മുഴുവനും ചൂഴ്ന്നുനില്‍ക്കുന്നതായിരുന്നു. ദൈവത്തോടൊപ്പം മറ്റുചില അസ്തിത്വങ്ങള്‍ക്കും  ദിവ്യത്വമുണ്ടെന്ന വിശ്വാസം വ്യക്തിതലത്തില്‍ അവരംഗീകരിച്ചു. ദൈവത്തിന് പങ്കാളികളും കുടുംബവും അവതാരവും ഉണ്ടെന്ന് വിശ്വസിച്ചു. കുടുംബജീവിതത്തിലെ വ്യാജദൈവങ്ങള്‍ക്കുള്ള ബലിനേര്‍ച്ചകളും സാമൂഹികരംഗത്തെ വിഗ്രഹാരാധനയും പുണ്യാത്മാക്കളിലുള്ള വിശ്വാസവും  രാഷ്ട്രീയരംഗത്തെ പുരോഹിതവര്‍ഗത്തിനുള്ള അമിതപ്രാധാന്യവും സാമ്പത്തികരംഗത്തെ വിഗ്രഹങ്ങള്‍ക്ക് മുമ്പാകെയുള്ള സാമ്പത്തിക നേര്‍ച്ചകളും സാംസ്‌കാരികരംഗത്തെ നഗ്‌നപൂജയും അതിലുള്ള വിശ്വാസവും നാഗരികരംഗത്തെ വിശ്വാസവൈകൃതങ്ങളും പിഴച്ച വിശ്വാസത്തിന്റെ ഫലമായിരുന്നു. കര്‍മരംഗത്ത് സ്വയം നിയമങ്ങളുണ്ടാക്കി ജീവിതം നയിച്ചുവെന്നതാണ് സമൂഹങ്ങള്‍ ചെയ്ത രണ്ടാമത്തെ തെറ്റ്. പിഴച്ച വിശ്വാസത്തിന് സമാനമായിരുന്നു കര്‍മവും. സാക്ഷാല്‍ ദൈവത്തെ കര്‍മത്തിന് മാനദണ്ഡമാക്കുന്നതിനുപകരം സ്വയംകൃതനിയമങ്ങളുടെ  അടിസ്ഥാനത്തിലാണ് വ്യക്തി മുന്നോട്ടുപോയത്. തറവാട് പാരമ്പര്യത്തിന്റെ  നിയമങ്ങള്‍ക്ക് കീഴെയായിരുന്നു കുടുംബം. സാമൂഹികരംഗത്ത് നേതാക്കന്മാരുടെ  നിയമങ്ങള്‍ക്കായിരുന്നു സ്വാധീനം. തോന്നുംവിധം ഭരണം നടത്തിയും നിയമം നിര്‍മിച്ചും രാഷ്ട്രീയരംഗം മുന്നോട്ടുപോയി. സാമ്പത്തികരംഗം മുതലാളിത്തചിന്തയുടെ കൈകളിലമരാനും, സദാചാരത്തെ അതിലംഘിക്കുന്ന നിലപാടുകള്‍ക്ക് സാംസ്‌കാരികരംഗം വിധേയപ്പെടാനും അതാണ് കാരണം. 

 

അവലംബം: 

1. അല്‍കവാശിഫുല്‍ ജലിയ്യ അന്‍ മആനില്‍വാസിത്വിയ്യ, അബ്ദുല്‍ അസീസ് മുഹമ്മദ് അസ്സല്‍മാന്‍, മഅ്ഹദു ഇമാമിദ്ദഅ്‌വ: രിയാദ്.

2. അല്‍മജ്മൂഅത്തുല്‍ ഇല്‍മിയ്യ മിന്‍ ദുറരി ഉലമാഅി സ്സലഫി, ശൈഖ് അബ്ദുല്ലാഹിബ്‌നു മുഹമ്മദിബ്‌നുഹമീദ്. 

3. രിസാലത്തുതൗഹീദ്, ഇമാം മുഹമ്മദ് അബ്ദു, ദാറുശ്ശുറൂഖ്: ദിമശ്ഖ്

4. ഗോഡ് ആന്റ് ഹിസ് എട്രിബ്യൂട്‌സ്: ലെസ്സന്‍സ് ഓണ്‍ ഇസ്‌ലാമിക് ഡോക്‌ട്രൈന്‍, സയ്യിദ് മുജ്തബ മൂസവി ലാരി, ഇസ്‌ലാമിക് എജുക്കേഷന്‍ സെന്റര്‍: ഇറാന്‍.

5. സൂഫിസവും ശരീഅത്തും സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം, ഡോ. അബ്ദുല്‍ഹഖ് അന്‍സാരി, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്: കോഴിക്കോട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍