Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

എം.പി അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍: സംഭവബഹുലമായ ധന്യ ജീവിതം

ശൈഖ് മുഹമ്മദ് കാരകുന്ന്

മഞ്ചേരി അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ അന്തരിച്ചു. മഞ്ചേരിയില്‍ ജമാഅത്തെ ഇസ്‌ലാമി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൂന്ന് മഹദ് വ്യക്തികളില്‍ അവസാനത്തെ കണ്ണിയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ അറ്റുപോയത്. കെ.കെ അലിയെന്ന കുഞ്ഞാലന്‍ മാസ്റ്ററും വി.എ മുഹമ്മദ് എന്ന ബാപ്പു വൈദ്യരും നേരത്തേ തന്നെ വിടപറഞ്ഞിരുന്നു. മൂന്നു പേരും അസാധാരണമായ വിശുദ്ധ ജീവിതത്തിന്റെയും അത്യുദാരതയുടെയും സമര്‍പ്പണ സന്നദ്ധതയുടെയും മികച്ച മാതൃകകളായിരുന്നു.

അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ കച്ചവടക്കാരനായ മതപണ്ഡിതനായിരുന്നു. അല്ലെങ്കില്‍ മതപണ്ഡിതനായ കച്ചവടക്കാരന്‍. അതുകൊണ്ടുതന്നെ വ്യാപാര രംഗത്ത് തികഞ്ഞ സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തി. ഈ രംഗത്ത് കുഞ്ഞാലന്‍ മാസ്റ്ററും ബാപ്പു വൈദ്യരും എടുത്തു പറയാവുന്ന മാതൃകകളായിരുന്നു.

ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ ഗ്രന്ഥകാരനും പരിഭാഷകനും പ്രഭാഷകനും പ്രസാധകനുമെല്ലാമായിരുന്നു. ഇന്ത്യയിലെ പ്രമുഖ പണ്ഡിതന്മാരിലൊരാളായ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ വിഖ്യാത കൃതി ഹസ്രത്ത് ആഇശ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത് അദ്ദേഹമാണ്. അറബി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ അവസാന സന്ദര്‍ഭം വരെ ജ്ഞാനാന്വേഷകനായ നല്ലൊരു വിദ്യാര്‍ഥിയായിരുന്നു. വായന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ അദ്ദേഹത്തിന്റെ വീട്ടില്‍ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങളുള്ള മികച്ച ലൈബ്രറിയുണ്ട്. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിനെപ്പോലെ പഴയകാല പ്രസിദ്ധീകരണങ്ങളും രേഖകളും ശേഖരിക്കുന്നതിലും സൂക്ഷിച്ചുവെക്കുന്നതിലും നിതാന്ത ജാഗ്രത പുലര്‍ത്തി. അത്തരം രേഖകള്‍ ആവശ്യമായിവന്നപ്പോഴൊക്കെയും എന്റെ മുഖ്യ അവലംബങ്ങളിലൊന്ന് അബ്ദുര്‍റഹ്മാന്‍ കുരിക്കളായിരുന്നു. ഹാജി സാഹിബിനെ സംബന്ധിച്ച് പുസ്തകമെഴുതാന്‍ തീരുമാനിച്ചപ്പോള്‍ അവലംബിക്കാവുന്ന രേഖകളൊന്നുമുണ്ടായിരുന്നില്ല. ഒരു ചരമക്കുറിപ്പു പോലും. അതിനാല്‍ അദ്ദേഹത്തിന്റെ സമകാലികരായ സഹപ്രവര്‍ത്തകരുടെ ഓര്‍മകളെ അവലംബിക്കേണ്ടിവന്നു. ഇക്കാര്യത്തില്‍ കുരിക്കള്‍ നല്ലൊരു റഫറന്‍സായി. മഞ്ചേരിയിലെ വ്യത്യസ്ത സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും ശില്‍പികളിലൊരാളായ അദ്ദേഹം വിവിധ വിഭാഗങ്ങളെ ഏകീകരിക്കുന്ന കണ്ണി കൂടിയായിരുന്നു.

 

പഠനം

മഞ്ചേരിയിലെ പ്രശസ്തമായ കുരിക്കള്‍ കുടുംബത്തില്‍ 1927-ലാണ് അബ്ദുര്‍റഹ്മാന്‍ ജനിച്ചത്. പിതാവ് എം.പി മൊയ്തീന്‍ കുരിക്കളും മാതാവ് ഖദീജയുമാണ്. പ്രാഥമിക വിദ്യാഭ്യാസം നാട്ടിലെ മാപ്പിള യു.പി സ്‌കൂളിലായിരുന്നു. അവിടത്തെ അക്കാലത്തെ മതാധ്യാപകന്‍ ഓവുങ്ങല്‍ അബ്ദുല്ല മുസ്‌ലിയാരായിരുന്നു. മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭയുടെ കീഴിലുള്ള മദ്‌റസയില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ചു. എട്ടാം ക്ലാസ് പൂര്‍ത്തിയായതോടെ പിതാവ് അദ്ദേഹത്തെ ഹൈസ്‌കൂളില്‍ ചേര്‍ത്തെങ്കിലും മതപഠനത്തിലായിരുന്നു മകന് താല്‍പര്യം. അതാരംഭിച്ചത് മേല്‍മുറി ആലത്തൂര്‍ പടിപ്പള്ളി ദര്‍സില്‍നിന്നാണ്. അവിടത്തെ അധ്യാപകന്‍ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ അറബിയും ഉര്‍ദുവും, വൈദ്യവുമൊക്കെ അറിയുന്ന പ്രഗത്ഭ പണ്ഡിതനായിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റായിരുന്ന കൊല്ലം ശിഹാബുദ്ദീന്‍ മൗലവിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവും 'സുന്നി വോയ്‌സ്' പത്രാധിപരുമായിരുന്ന അമാനത്ത് കോയണ്ണി മുസ്‌ലിയാരും തിരുവനന്തപുരം അബ്ദുല്‍ കരീം മൗലവിയുമൊക്കെ അന്നവിടെ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ഒരു കൊല്ലത്തിനു ശേഷം മൊറയൂര്‍ പള്ളിദര്‍സിലേക്ക് മാറി. മുഹമ്മദ് അമാനി മൗലവിയായിരുന്നു അവിടത്തെ അധ്യാപകന്‍. ക്ലാസ്സെടുത്തിരുന്നത് അറബി ഭാഷയിലായിരുന്നു. മദ്രാസ് യൂനിവേഴ്‌സിറ്റി നടത്തുന്ന അഫ്ദലുല്‍ ഉലമാ പരീക്ഷ എഴുതാന്‍ സാധ്യമാക്കുന്ന സിലബസ്സാണ് പഠിപ്പിച്ചിരുന്നത്.

ഇപ്പോള്‍ ഫാറൂഖാബാദിലുള്ള റൗദത്തുല്‍ ഉലൂം അറബി കോളേജ് മഞ്ചേരിയില്‍ സ്ഥാപിതമായപ്പോള്‍ അമാനി മൗലവി അവിടേക്ക് മാറിയെങ്കിലും കുരിക്കള്‍ക്ക് പഠനം അവിടേക്ക് മാറ്റാനായില്ല.  അത് പുത്തന്‍വാദികളുടെ സ്ഥാപനമായതിനാല്‍ പിതാവ് തടഞ്ഞതായിരുന്നു കാരണം. അമാനി മൗലവി മൊറയൂരില്‍നിന്ന് മാറിയതോടെ കുരിക്കളും പഠനം മഞ്ചേരി പള്ളിദര്‍സിലേക്ക് മാറ്റി. അപ്പോഴും അവിടത്തെ അധ്യാപകന്‍ ഒ. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ തന്നെയായിരുന്നു.

വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനാല്‍ മദ്രാസ് ജമാലിയാ കോളേജില്‍ ചേര്‍ന്നു. ഇബ്‌റാഹീം ഹസ്രത്ത്, യൂസുഫ് ഹസ്രത്ത് എന്നിവരായിരുന്നു അവിടത്തെ അധ്യാപകര്‍. ഒരു വര്‍ഷത്തിനു ശേഷം വെല്ലൂര്‍ ലത്വീഫിയയില്‍ ചേര്‍ന്നു പഠിച്ചു. മദ്രാസിലെയും വെല്ലൂരിലെയും വിദ്യാഭ്യാസമാണ് ഉര്‍ദു ഭാഷ പഠിക്കാന്‍ സഹായകമായത്. വെല്ലൂരിലെയും മദ്രാസിലെയും പഠനം വിവാഹത്തിനു ശേഷമായിരുന്നു. ആലത്തൂര്‍ പള്ളിയില്‍ പഠിച്ചുകൊണ്ടിരിക്കെയായിരുന്നു വിവാഹം. കൊരമ്പയില്‍ ഫാത്വിമയാണ് ഭാര്യ.

വിവാഹം കഴിയുകയും മകനുണ്ടാവുകയും ചെയ്തതിനാല്‍ അവരെ നാട്ടില്‍ വിട്ടേച്ച് വെല്ലൂരില്‍ ഉപരി പഠനത്തിന് പോകുന്നതിന് പിതാവ് എതിരായിരുന്നു. അതിനാല്‍ പിതാവിനോട് അനുവാദം ചോദിക്കാതെ ഭാര്യയോട് വിവരം പറഞ്ഞാണ് വെല്ലൂരില്‍ പോയത്. അവിടെ നിന്ന് ഭാര്യക്ക് അയച്ച ആദ്യ കത്തില്‍ മൂസാ നബി സഹധര്‍മിണിയെ വഴിയില്‍ നിര്‍ത്തി സീനായ് മലയിലേക്ക് പോയ കഥയെഴുതി; താനിവിടെ വെളിച്ചം തേടി വന്നതാണെന്നും അത് നമ്മുടെ കുടുംബത്തിന് ജീവിതത്തിലുടനീളം ഉപകരിക്കുമെന്നും വ്യക്തമാക്കി. അത് യാഥാര്‍ഥ്യമാവുകയും ചെയ്തു. ജ്ഞാനതല്‍പരയായിരുന്ന സഹധര്‍മിണിയെ അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ അറബിയും ഉര്‍ദുവും ഖുര്‍ആനും സുന്നത്തുമൊക്കെ പഠിപ്പിച്ചു. ഉര്‍ദുവില്‍ അത്യാവശ്യം കത്തെഴുതാനുള്ള പാടവം അവര്‍ നേടിയിരുന്നു.

രണ്ടാമത്തെ കുട്ടിയുണ്ടായപ്പോഴും ജ്ഞാനാന്വേഷിയായ കുരിക്കള്‍ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ഒരു കൊല്ലം കഴിഞ്ഞ് 1952-ലാണ് പഠനം നിര്‍ത്തി കച്ചവടമാരംഭിച്ചത്.

 

ജമാഅത്തെ ഇസ്‌ലാമിയില്‍

കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഘടകം രൂപവത്കരിക്കുന്നതിനു മുമ്പേ തന്നെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആരംഭിച്ചിരുന്നു. ഐ.പി.എച്ച് ആദ്യമായി പ്രസിദ്ധീകരിച്ച സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'ഇസ്‌ലാം മതം' വായിച്ചാണ് കുരിക്കള്‍ പ്രസ്ഥാനവുമായി അടുക്കുന്നത്. തുടര്‍ന്ന് ഹാജി സാഹിബും കെ.കെ അലിയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടനാവുകയും ചെയ്തു.

തുടര്‍ന്ന് മദ്രാസില്‍ ഉപരിപഠനത്തിനു പോയപ്പോള്‍ വെല്ലൂരിലെയും ഉമറാബാദിലെയും ജമാഅത്ത് പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിച്ചു. ജമാഅത്തെ ഇസ്‌ലാമി തമിഴ്‌നാട് ഹല്‍ഖാ അമീര്‍ ശൈഖ് അബ്ദുല്ല സാഹിബുമായും കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട്ടിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരുന്ന ക്ലാസ്സുകളില്‍ സംബന്ധിക്കുകയും ചെയ്തു.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം കുഞ്ഞാലന്‍ മാസ്റ്ററും മറ്റു സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ജമാഅത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 'ഇശാഅത്തുല്‍ ഇസ്‌ലാം സംഘം' എന്ന പേരിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1951-ലായിരുന്നു ഇത്. മൂന്നു വര്‍ഷത്തിനു ശേഷം 1954-ല്‍ ഇത് ജമാഅത്തെ ഇസ്‌ലാമി ഘടകമായി പരിവര്‍ത്തിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം മഞ്ചേരിയില്‍ കക്ഷിവഴക്കുകള്‍ക്കൊന്നും വഴിവെച്ചില്ല. ഹാജി സാഹിബ് മഞ്ചേരിയില്‍ വന്ന് പ്രസംഗിക്കുമ്പോള്‍ മഹല്ല് ഖാദിയും ഭാരവാഹികളും പരിപാടിയില്‍ സംബന്ധിക്കുമായിരുന്നു. മറ്റു ജമാഅത്ത് നേതാക്കളുടെ പരിപാടികളോടും മഹല്ല് ഭാരവാഹികള്‍ നന്നായി സഹകരിച്ചു. കുരിക്കളും സഹപ്രവര്‍ത്തകരും മറ്റുള്ളവരോട് സ്വീകരിച്ച സമീപനമാണിതിനു കാരണം. മഞ്ചേരിയില്‍ കക്ഷി വഴക്കുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളിലെല്ലാം അതില്ലാതാക്കാനുള്ള ശ്രമങ്ങളുടെ മുന്നണിയില്‍ അബ്ദുര്‍റഹ്മാന്‍ കുരിക്കളുണ്ടായിരുന്നു. മുസ്‌ലിം സമുദായത്തിലെ എല്ലാ സംഘടനകളുടെയും യോഗങ്ങളില്‍ പതിവായി പങ്കെടുത്തിരുന്ന കുരിക്കള്‍ മതമൈത്രിയും സാമുദായിക സൗഹാര്‍ദവും കാത്തുസൂക്ഷിക്കുന്നതിലും സജീവമായ പങ്കുവഹിക്കുകയും നിതാന്ത ജാഗ്രത പുലര്‍ത്തുകയും ചെയ്തു. കുഞ്ഞാലന്‍ മാസ്റ്റര്‍, പി. അബ്ദുര്‍റഹ്മാന്‍, എന്‍. ആലിക്കുട്ടി, ടി. മുഹമ്മദ്, ബാപ്പു വൈദ്യര്‍, വി.എം ഹസ്സന്‍ കുട്ടി, എം.പി മുഹമ്മദ് കുരിക്കള്‍, വി. മുഹമ്മദലി, എം. കുഞ്ഞഹമ്മദ്, കെ. അബൂബക്കര്‍, കെ.സി അലവി എന്നിവരായിരുന്നു ആദ്യകാല സഹപ്രവര്‍ത്തകര്‍.

മഞ്ചേരി പ്രാദേശിക ഘടകം നിലവില്‍ വന്നതോടെ അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ അതിന്റെ അമീറും കെ.കെ അലിയെന്ന കുഞ്ഞാലന്‍ മാസ്റ്റര്‍ സെക്രട്ടറിയുമായി. തുടര്‍ന്ന് രോഗിയാകുന്നതുവരെ നേതൃസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. അവസാന സന്ദര്‍ഭം വരെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിക്കുകയും ചെയ്തു.

1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുകയും ചെയ്തപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഏതാനും ദിവസം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു. തടവില്‍ കഴിഞ്ഞ നാളുകള്‍ പൂര്‍ണമായും വായനക്കും പഠനത്തിനും വിനിയോഗിച്ചു. സഹ തടവുകാരുമായി ഉറ്റ സൗഹൃദം സ്ഥാപിക്കാനും ആ കാലയളവ് പ്രയോജനപ്പെടുത്തി.

ജമാഅത്ത് നിരോധിക്കപ്പെട്ടതോടെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടയപ്പെട്ടപ്പോള്‍ കെ.സി അബ്ദുല്ല മൗലവിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് കുരിക്കള്‍ സ്വന്തം നിലയില്‍ മഞ്ചേരിയില്‍ ഹാദി പബ്ലിക്കേഷന്‍സ് ആരംഭിച്ചു. വിവര്‍ത്തന കൃതിയായ ഹസ്രത്ത് ആഇശ, സ്വതന്ത്ര രചനകളായ ഇസ്‌ലാമിലെ വനിത, അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത്, മഹാനായ യേശു, നിഴല്‍ നബി, ശരീഅത്ത് ഭേദഗതി, ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുസ്‌ലിം ലേബലില്‍, മഞ്ചേരി മഹല്ല് അന്നും ഇന്നും, സൂര്യഗ്രഹണം, മുസ്‌ലിം സഹോദരങ്ങളോട് ഒരഭ്യര്‍ഥന, അല്ലാഹുവെ ഭയപ്പെടുക, ഒറ്റനോട്ടം, റബീഉല്‍ അവ്വല്‍ വന്നു പക്ഷേ, ക്രിസ്തു ഒരു പ്രവാചകന്‍, മഞ്ചേരിയില്‍ മതരംഗത്ത് കക്ഷി പതിവില്ല എന്നിവ പ്രസിദ്ധീകരിച്ചത് 'ഹാദി പബ്ലിക്കേഷന്‍സ്' ആണ്.

 

മര്‍കസുല്‍ ബിശാറയുടെ

കുതന്ത്രങ്ങള്‍ക്കെതിരെ

'മര്‍കസുല്‍ ബിശാറ' എന്ന അറബി പേര് സ്വീകരിച്ച് ഫാദര്‍ അലവിയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ ക്രൈസ്തവ മിഷനറി പ്രവര്‍ത്തനം ആരംഭിച്ചു. മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാനായി ഖുര്‍ആനും ഹദീസും ഉദ്ധരിച്ചാണ് അലവിയും കൂട്ടുകാരും പ്രസംഗിച്ചിരുന്നത്. സുവിശേഷ സംഘടനയായ ജര്‍മനിയിലെ ഇവാഞ്ചലിക്കല്‍ കാര്‍മല്‍ മിഷനുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പട്ടികയില്‍ 'മര്‍കസുല്‍ ബിശാറ' വിദേശ സഹായം ലഭിക്കുന്ന മുസ്‌ലിം സ്ഥാപനമായാണ് ഇടം നേടിയിരുന്നത്. 28-4-1982-ല്‍ 9901-ാം നമ്പറായും 25-8-1982-ല്‍ 5060-ാം നമ്പറായും പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് അവ്വിധമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

അബ്ദുര്‍റഹ്മാന്‍, ശംസുദ്ദീന്‍, അബ്ദുല്‍ കരീം, ജമീല, ഫാത്വിമ തുടങ്ങിയ പേരുകളാണ് ക്രൈസ്തവ മിഷനറിമാര്‍ സ്വീകരിച്ചിരുന്നത്. മര്‍കസുല്‍ ബിശാറയുടെ ഓഫീസ് ബോര്‍ഡില്‍ 'ലാഇലാഹ ഇല്ലല്ലാഹു' എന്ന് എഴുതി വെക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകളെ കാണുമ്പോള്‍ സലാം പറയാനും മടിച്ചിരുന്നില്ല. ബിശാറയില്‍ ഒരിക്കല്‍ വന്ന ഉത്തരേന്ത്യന്‍ ക്രൈസ്തവ പ്രചാരകന്‍ താടിയും തലപ്പാവും വെള്ളത്തൊപ്പിയും പൈജാമയുമായാണ് മഞ്ചേരിയില്‍ പ്രത്യക്ഷപ്പെട്ടത്. പുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നതും മുസ്‌ലിംകളുടേതെന്ന് തോന്നിപ്പിക്കും വിധമായിരുന്നു.

ഇതിനെ പ്രതിരോധിക്കാനായി 1980-ല്‍ മഞ്ചേരി മഹല്ല് കമ്മിറ്റി 'ലജ്‌നത്തുല്‍ ഇശാഅ' എന്ന വേദിക്ക് രൂപം നല്‍കി. ഇതിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ മത സംഘടനകളിലെയും പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടി സംഘടിപ്പിച്ചു. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, അമാനി മൗലവി, പ്രഫസര്‍ വി. മുഹമ്മദ് സാഹിബ്, പ്രഫ. പി.പി ശാഹുല്‍ ഹമീദ്, കെ. ഉമര്‍ മൗലവി, അബുല്‍ ഖൈര്‍ മൗലവി, മങ്കട അബ്ദുല്‍ അസീസ് മൗലവി തുടങ്ങിയവര്‍ പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ചു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമായും എം.പി അബ്ദുര്‍റഹ്മാന്‍ കുരിക്കളും കൂട്ടുകാരുമായിരുന്നു. ലജ്‌നയുടെ നിരന്തര ശ്രമങ്ങളിലൂടെ 'മര്‍കസുല്‍ ബിശാറ'യുടെ തെറ്റിദ്ധരിപ്പിക്കലുകള്‍ക്ക് മഞ്ചേരിയില്‍ അറുതിവരുത്താന്‍ സാധിച്ചു. മുസ്‌ലിം സംഘടനകളുടെ ആരോഗ്യകരമായ കൂട്ടായ്മയിലൂടെയാണിത് സാധിതമായത്.

 

മുസ്‌ലിം കൂട്ടായ്മ

സംഘടനാതീതമായ മുസ്‌ലിം കൂട്ടായ്മ നിലനില്‍ക്കുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് മഞ്ചേരി. ഏകദേശം 120 വര്‍ഷം മുമ്പ് 1897 ജൂണ്‍ ഒന്നിന് നിലവില്‍ വന്ന ഹിദായത്തുല്‍ മുസ്‌ലിമൂന്‍ സഭയുടെ സജീവ സാന്നിധ്യമാണ് ഇത്തരമൊരു ഐക്യത്തിന് പശ്ചാത്തലമൊരുക്കിയത്. മഞ്ചേരിയിലെ മത, സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച സഭ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍തന്നെ മലയാളത്തില്‍ മദ്‌റസാ പാഠ പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം നടത്തുകയുണ്ടായി. മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ആരംഭം മുതല്‍ക്കുതന്നെ വെള്ളിയാഴ്ച ഖുത്വ്ബ മലയാള പരിഭാഷയോടെയാണ് നടത്തിപ്പോന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടില്‍ ഈ കൂട്ടായ്മ തകര്‍ക്കാനും ഛിദ്രതകള്‍ സൃഷ്ടിക്കാനും തല്‍പര കക്ഷികള്‍ ശ്രമിച്ചപ്പോള്‍ അതിനെ വിജയകരമായി തരണം ചെയ്യുന്നതില്‍ അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ പ്രധാന പങ്കുവഹിച്ചു. സംഘടനാ ഘടനക്കതീതമായി മഞ്ചേരിയിലെ മുസ്‌ലിം കൂട്ടായ്മക്ക് കോട്ടം തട്ടാതിരിക്കാന്‍ അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തി.

മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നാല്‍പത് പള്ളി മഹല്ലുകളെ സംഘടിപ്പിച്ച് 'മഞ്ചേരി മുനിസിപ്പല്‍ മസ്ജിദ് കൗണ്‍സില്‍' രൂപവത്കരിക്കുന്നതിലും കുരിക്കള്‍ പങ്കുവഹിച്ചു. 'മഞ്ചേരി മഹല്ല് മുസ്‌ലിം വെല്‍ഫെയര്‍ സൊസൈറ്റി'യുടെ സംഘാടനത്തിലും അദ്ദേഹത്തിന്റെ പങ്ക് സുവിദിതമാണ്. 1980-ല്‍ സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ കീഴില്‍ സംഘടിത സകാത്ത് സംരംഭം ആരംഭിക്കാനും നേതൃത്വം നല്‍കിയവരില്‍ പ്രധാനി അബ്ദുര്‍റഹ്മാന്‍ കുരിക്കളാണ്. കൊരമ്പയില്‍ മുഹമ്മദ് ഹാജി, അബ്ദുല്‍ അലി, പി.പി അലവി, അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയ സഹപ്രവര്‍ത്തകരും ഇതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. അന്നത്തെ മഹല്ല് പ്രസിഡന്റായിരുന്ന എം.പി.എം ഹസന്‍ കുരിക്കള്‍ നന്നായി സഹകരിക്കുകയും ചെയ്തു. അന്നു തൊട്ടിന്നോളം അത് ഭംഗിയായി തുടര്‍ന്നുവരുന്നു. പ്രാഥമികാവശ്യങ്ങള്‍ക്ക് പ്രയാസമനുഭവിക്കുന്ന മഹല്ലിലെ എല്ലാവരും ഇന്നതിന്റെ ഗുണഭോക്താക്കളാണ്. വീടുനിര്‍മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, അഗതി സംരക്ഷണം പോലുള്ളവയില്‍ സംഘടിത ശ്രമങ്ങളില്‍ പങ്കാളിയാകുന്നതോടൊപ്പം സ്വന്തമായും പലതും നിര്‍വഹിച്ചുകൊണ്ടിരുന്ന ജനസേവകന്‍ കൂടിയായിരുന്നു കുരിക്കള്‍. ഉദാരതയില്‍ ബാപ്പു വൈദ്യരും വളരെ മികച്ച മാതൃകയായിരുന്നു.

 

ഖാദിയാനിസത്തിനെതിരെ

ഖാദിയാനിസത്തില്‍ അവഗാഹമുണ്ടായിരുന്ന പണ്ഡിതനാണ് അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍. അവരുടെ തന്നെ പുസ്തകങ്ങള്‍ വായിച്ചാണ് ഖാദിയാനിസം പഠിച്ചത്. അന്നുബുവ്വത്ത് ഫില്‍ ഇസ്‌ലാം, ഇസ്‌ലാമിലെ മുജദ്ദിദ്, കെ.എം മൗലവിക്ക് മറുപടി, മോക്ഷത്തിന് അര്‍ഹര്‍ ആര് തുടങ്ങിയ ഖാദിയാനി പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത് ആലത്തൂര്‍ മേല്‍മുറി പള്ളിദര്‍സിലെ വിദ്യാര്‍ഥിയായിരുന്ന അബ്ദുല്‍ കരീം മുസ്‌ലിയാരാണ്. അവയുടെ വായനയും തുടര്‍ന്ന് അവയിലെ ഉള്ളടക്കം സംബന്ധിച്ച കുഞ്ഞാലന്‍ മാസ്റ്ററുമായുള്ള ചര്‍ച്ചയും ചില സംശയങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഖാദിയാനിസത്തില്‍ സ്വാധീനിക്കപ്പെടുന്നുണ്ടോയെന്ന് തെറ്റിദ്ധരിച്ച മാസ്റ്റര്‍ വിവരം ഹാജി സാഹിബിനെ അറിയിച്ചു. ഹാജി സാഹിബ് അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പിന്നീട് ഖാദിയാനികളുടെ കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചു പഠിക്കുകയും അവരുടെ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന ധാരാളം പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.

ഇതിനിടെ പട്ടാമ്പിയിലെ ഒരു പള്ളിയുടെ പ്രധാന സഹകാരി കുഞ്ഞഹമ്മദ് ഹാജി ഖാദിയാനിസത്തില്‍ ആകൃഷ്ടനായി. അതേ തുടര്‍ന്ന് അല്‍പകാലം അവിടെ ഖുത്വ്ബ നടത്താന്‍ കെ.എന്‍ അബ്ദുല്ല മൗലവി അബ്ദുര്‍റഹ്മാന്‍ കുരിക്കളോടാവശ്യപ്പെട്ടു. ഒരു ദിവസം കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടില്‍ വെച്ച് സംസാരത്തിന് അവസരമുണ്ടായി. കുരിക്കള്‍ തനിച്ചായിരുന്നു. മറുഭാഗത്ത് പ്രഗത്ഭരായ പലരുമുണ്ടായിരുന്നു. മൗലാനാ മൗദൂദിയുടെ 'ഖാദിയാനീ മസ്അല' എന്ന പുസ്തകത്തിന് മറുപടിയായി ഖാദിയാനികള്‍ പ്രസിദ്ധീകരിച്ച 'ഖാദിയാനി മസ്അല കാ ജവാബ്' എന്ന കൃതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുരിക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ അവര്‍ക്കായില്ല.

പിന്നീടും അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ ഖാദിയാനികളുമായി സംവാദം നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ 'നിഴല്‍ നബി'യെന്ന ലഘുകൃതി ഖാദിയാനികളുടെ വാദങ്ങള്‍ ഖണ്ഡിക്കുന്നു.

 

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

ഇസ്‌ലാമിക വിദ്യാ സ്ഥാപനങ്ങളും മറ്റു മഹദ് സംരംഭങ്ങളും ആരംഭിക്കാനായി കാല്‍നൂറ്റാണ്ട് മുമ്പ് 'ഇശാഅത്തുല്‍ ഇസ്‌ലാം ട്രസ്റ്റി'ന് രൂപം നല്‍കി. മലപ്പുറം എ.എം അബൂബക്കര്‍ സാഹിബും വള്ളുവമ്പ്രത്തെ പ്രഫസര്‍ മൊയ്തീന്‍ കുട്ടി സാഹിബുമുള്‍പ്പെടെ മഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖര്‍ ഉള്‍പ്പെടുന്നതായിരുന്നു പ്രസ്തുത ട്രസ്റ്റ്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കുഞ്ഞാലന്‍ മാസ്റ്ററും കുരിക്കളും ബാപ്പു വൈദ്യരുമൊക്കെയായിരുന്നു. പിന്നീട് പ്രധാന ചുമതല വഹിച്ചിരുന്നത് അബ്ദുല്ലാ ഹസന്‍ സാഹിബും മര്‍ഹൂം വി.എം ബശീറുമാണ്.

മഞ്ചേരിയിലെ സമ്പന്നരായ മുസ്‌ലിംകള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിച്ചിരുന്നത് ഊട്ടിയിലെ സ്‌കൂളുകളിലും മിഷനറിമാര്‍ നടത്തുന്ന സ്ഥാപനങ്ങളിലുമാണ്. ഇത് വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക വിശ്വാസത്തെയും ജീവിത വീക്ഷണത്തെയും സംസ്‌കാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ പരിഹാരമായാണ് മഞ്ചേരിയില്‍ മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചത്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരിലൊരാളും കുരിക്കള്‍ തന്നെ.

ഇശാഅത്തുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസ, ഹോളിഡേ മദ്‌റസ, ഇമാം ശാഫിഈ മസ്ജിദ്, മുബാറക് മസ്ജിദ്, പയ്യനാട് സ്‌കൂള്‍ കാമ്പസ് മസ്ജിദ് തുടങ്ങിയവയും ഇശാഅത്തുല്‍ ഇസ്‌ലാം ട്രസ്റ്റാണ് നടത്തുന്നത്. ഇമാം ശാഫിഈ മസ്ജിദ് നില്‍ക്കുന്ന സ്ഥലം അബ്ദുര്‍റഹ്മാന്‍ കുരിക്കളും സഹോദരിയും വഖ്ഫ് ചെയ്തതാണ്.

ഭാര്യ ഫാത്വിമ രണ്ടര വര്‍ഷം മുമ്പ് പരലോകം പ്രാപിച്ചു. മുഹമ്മദലി, മുഹ്‌സിന്‍, മുനീര്‍, അസ്‌ലം, ആഇശ, ഹസീന എന്നിവര്‍ മക്കളും മര്‍ഹൂം വി.എം ബശീര്‍, ജമീല, അബ്ദുസ്സലാം, മുംതാസ്, നസ്വീഹത്ത്, സുനീറ എന്നിവര്‍ മരുമക്കളുമാണ്.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം പ്രദാനം ചെയ്ത് അനുഗ്രഹിക്കുമാറാകട്ടെ... 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍