Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

മൂസ്വില്‍ യുദ്ധം എന്താവും ബാക്കിവെക്കുക?

സാലിഹ് കോട്ടപ്പള്ളി

ഐ.എസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഇറാഖിന്റെ വടക്കന്‍ നഗരമായ മൂസ്വില്‍ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണ് ഇതെഴുതുമ്പോള്‍. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണ് മൂസ്വില്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ അമേരിക്കന്‍ പിന്തുണയോടെ ആക്രമണമാരംഭിച്ചിരിക്കുന്നത്. ഒരുങ്ങിപ്പുറപ്പെട്ട ഈ നീക്കം ലക്ഷ്യത്തിലെത്താതെ പിന്മാറില്ലെന്ന് ഇറാഖും അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് കുര്‍ദിസ്താന്‍ സ്വയംഭരണ മേഖലയിലെ പെഷ്‌മെര്‍ഗ സേനയുടെയും വ്യത്യസ്ത ശീഈ അര്‍ധസൈനിക വിഭാഗങ്ങളുടെയും സഹായം ലഭിക്കുന്നുണ്ട്.  വ്യോമാക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള സംയുക്ത സേനക്ക് 60 രാജ്യങ്ങളുടെ പിന്തുണയുണ്ട്. നീക്കത്തെ സഹായിക്കാന്‍ തുര്‍ക്കി സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇറാഖ് സര്‍ക്കാര്‍ അത് നിരസിച്ചു. എന്നാല്‍ പെഷ്‌മെര്‍ഗകളുടെ അഭ്യര്‍ഥനപ്രകാരം തുര്‍ക്കി ആക്രമണമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതാണ് മൂസ്വില്‍ ആക്രമണം ഒരാഴ്ച പിന്നിടുമ്പോഴുള്ള അവസ്ഥ. ലോകത്തിന് വന്‍ ഭീഷണിയായി വളര്‍ന്ന ഐ.എസ് ഭീകര സംഘത്തിന്റെയും ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെയും ഭാവി തീരുമാനിക്കുന്ന യുദ്ധമെന്ന് ഈ നീക്കം വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൂസ്വില്‍ 2014-ലാണ് ഐ.എസ് പിടിച്ചടക്കിയത്. അമേരിക്കന്‍ പിന്തുണയുള്ള ഇറാഖീ സൈന്യത്തെ നഗരത്തില്‍നിന്ന് തുരത്തി അവിടത്തെ പ്രധാന പള്ളിയില്‍വെച്ച് അബൂബക്കര്‍ ബഗ്ദാദി 'ആഗോള ഖിലാഫത്ത്' സ്ഥാപിച്ചതായി സ്വയം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിനു ശേഷമാണ് ലോകം ഐ.എസ് എന്ന പുതിയ ഭീകര സംഘത്തെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്. അതിനാല്‍തന്നെ മൂസ്വില്‍ നഷ്ടപ്പെടുന്നത് ഐ.എസിന് വലിയ തിരിച്ചടിയാകുമെന്നതില്‍ തര്‍ക്കമില്ല. പ്രദേശം തിരിച്ചു പിടിക്കാനായാല്‍ ഐ.എസിന്റെ സിറിയന്‍ തലസ്ഥാനമെന്നറിയപ്പെടുന്ന റഖായിലേക്ക് പ്രവേശിക്കാനും എളുപ്പമാകും. റഖായിലെ ഐ.എസിന് സഹായങ്ങള്‍ പ്രധാനമായും ലഭിക്കുന്നത് മൂസ്വില്‍ വഴിയാണ്. ഇത് നിലക്കുന്നതോടെ സിറിയയിലെ സംഘത്തിന്റെ ശക്തിയും ദുര്‍ബലമാകും. ഇക്കാരണങ്ങളാല്‍ ഐ.എസ് മൂസ്വിലില്‍നിന്ന് പെട്ടെന്ന് പിന്മാറാന്‍ സന്നദ്ധമാവില്ല. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഐ.എസ് ഭീകരരുടെ എണ്ണം 5,000 മുതല്‍ 8,000 വരെ വരും. ആറു ലക്ഷത്തോളം വരുന്ന സിവിലിയന്മാര്‍ക്കിടയില്‍ ഒളിച്ചുകഴിയുന്നവരുമുണ്ട്. ഇവരെ നേരിടാന്‍ 30,000 പേരടങ്ങുന്ന സൈന്യത്തെയാണ് ഇറാഖ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ആക്രമണസാധ്യത മുന്നില്‍ കണ്ട് ഐ.എസും വലിയ മുന്നൊരുക്കം നടത്തിയിട്ടുണ്ടെങ്കില്‍ പിടിച്ചടക്കല്‍ എളുപ്പമാകില്ല. എന്നാല്‍ മൂസ്വിലിന് വളരെ അടുത്തെത്തിയതായാണ് ഇറാഖീസേനയുടെ അവകാശവാദം.

യുദ്ധ പ്രഖ്യാപനം വന്നയുടന്‍ ഐക്യരാഷ്ട്ര സഭ മൂസ്വിലിലെ സിവിലിയന്മാരുടെ അവസ്ഥ സംബന്ധിച്ച് ആശങ്കയറിയിക്കുകയുണ്ടായി. പ്രദേശം വിട്ടുപോകുന്നതില്‍നിന്ന് ജനങ്ങളെ ഐ.എസ് തടയുന്നുണ്ട്. ഇതിനായി അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചതായും നാടുവിടാനൊരുങ്ങുന്നവരുടെ വീടുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കവചങ്ങളായി ഉപയോഗിച്ച് ആക്രമണത്തെ പ്രതിരോധിക്കാന്‍ ഐ.എസ് തീരുമാനിച്ചാല്‍ വന്‍ മനുഷ്യക്കുരുതിയാവും സംഭവിക്കുക. നാടുവിടാന്‍ ഐ.എസ് അനുവദിച്ചാല്‍, അഭയാര്‍ഥി പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. പതിനഞ്ചു ലക്ഷത്തോളം ജനങ്ങളാണ് ചെകുത്താനും കടലിനുമിടയില്‍ പ്രദേശത്ത് കഴിയുന്നതെന്നാണ് കണക്ക്. ഇവരില്‍ അഞ്ചു ലക്ഷത്തോളം കുട്ടികളാണെന്നും പറയപ്പെടുന്നു. സിറിയയിലെ യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കടലില്‍ മുങ്ങിത്താണ ഐലന്‍ കുര്‍ദിയുടെയും അലപ്പോയിലെ കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് കണ്ടെടുത്ത ഇംറാന്‍ ദഖ്‌നീശിന്റെയും ഗതിയായിരിക്കും മൂസ്വിലിലെ കുട്ടികള്‍ക്കും വരാനിരിക്കുന്നതെന്ന് ചുരുക്കം. മേഖലയിലെ സുന്നീ, ശീഈ വിഭാഗീയതയുടെ പശ്ചാത്തലം കൂടി പരിഗണിക്കുമ്പോള്‍ മനുഷ്യക്കുരുതിക്ക് വേറെയും തലങ്ങളുണ്ടാകാന്‍ സാധ്യതയേറെ. സുന്നീ ഭൂരിപക്ഷ പ്രദേശത്ത് ശീഈ ഭൂരിപക്ഷ ഇറാഖീ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ വിഭാഗീയത കൂടി പ്രതിഫലിച്ചാല്‍ നഷ്ടപ്പെടുന്ന ജീവനുകളുടെ എണ്ണമേറും. ഐ.എസ്‌വിരുദ്ധ യുദ്ധത്തില്‍ തുര്‍ക്കി സഹായവാഗ്ദാനം നല്‍കിയത് മൂസ്വിലിലെ സുന്നീസമൂഹത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യവും മുന്നില്‍ കണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇറാഖീസര്‍ക്കാര്‍ മൂസ്വില്‍ പിടിച്ചെടുത്താല്‍ ഐ.എസിന്റെ ശല്യം നീങ്ങുമോ എന്ന ചോദ്യവും പ്രസക്തമാണ്. ഇല്ലെന്നാണ് പശ്ചിമേഷ്യാകാര്യ വിദഗ്ധനും അല്‍ജസീറ മുന്‍ ലേഖകനുമായ ഉമര്‍ അല്‍ സാലിഹിനെപ്പോലെയുള്ളവര്‍ വിലയിരുത്തുന്നത്. ഐ.എസ് ഉള്‍വലിഞ്ഞാല്‍ തന്നെയും ഇതിനേക്കാള്‍ വലിയ മറ്റു ഭീകര സംഘങ്ങള്‍ പ്രദേശത്ത് ആധിപത്യം നേടുമെന്നും നിരീക്ഷിക്കപ്പെടുന്നു. ഐ.എസിന്റെ ഉദയം തന്നെയാണ് ഇതിന് സാധൂകരണമായി ചൂണ്ടിക്കാണിക്കുന്നത്. 2003-ലെ അമേരിക്കന്‍ അധിനിവേശ കാലത്ത് ശക്തിപ്പെട്ട   അബൂ മൂസ്അബ് അല്‍ സര്‍ഖാവിയുടെ ഇറാഖ് അല്‍ഖാഇദയാണ് പിന്നീട് ഐ.എസായി മാറിയത്. സര്‍ഖാവിയുടെ നേതൃത്വത്തില്‍ അല്‍ഖാഇദ കൂടുതല്‍ ശക്തിപ്പെടുകയും പുതിയ ആക്രമണ രീതികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. 2006-ല്‍ അമേരിക്കന്‍ സൈനിക നീക്കത്തില്‍ സര്‍ഖാവി കൊല്ലപ്പെട്ടതോടെ സംഘം ഐ.എസ് എന്ന പേര് സ്വീകരിച്ച് അബൂ ഉമര്‍ അല്‍ ബഗ്ദാദിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയായിരുന്നു. ഇറാഖീ-അമേരിക്കന്‍ സേനയുടെ സംയുക്ത നീക്കത്തില്‍ അബൂ ഉമറും കൊല്ലപ്പെട്ടതോടെയാണ് അഞ്ചു വര്‍ഷത്തിലേറെ അമേരിക്കന്‍ തടവില്‍ കഴിഞ്ഞ് മോചിതനായ അബൂബക്കര്‍ അല്‍ ബഗ്ദാദി സംഘത്തിന്റെ നേതൃത്വമേറ്റെടുത്തത്. അല്‍ഖാഇദയേക്കാള്‍ ക്രൂരമായ ചെയ്തികളുമായി ലോകത്തെ ഞെട്ടിച്ച ഇന്നത്തെ ഐ.എസിന്റെ രീതിയും രൂപവും പിന്നീട് നിര്‍ണയിച്ചത് ഇയാളായിരുന്നു. പുതിയ യുദ്ധത്തിലൂടെ മൂസ്വിലില്‍നിന്ന് ഐ.എസിനെ തുടച്ചുനീക്കിയാലും, അധിനിവേശാനന്തര ഇറാഖിലെ ചാരക്കൂമ്പാരങ്ങളില്‍നിന്ന് ഐ.എസ് ഉടലെടുത്തതുപോലെ കൂടുതല്‍ ക്രൂരകൃത്യങ്ങളുമായി മറ്റൊരു ഭീകരസംഘം ഉദയം ചെയ്യാനുള്ള സാധ്യതയേറെയാണ്. ഇത് തടയുക എളുപ്പമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സദ്ദാമിന്റെ പതനത്തിനു ശേഷം തികഞ്ഞ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ഇറാഖിലെ സുന്നീ സമൂഹത്തെ മുഖ്യധാരയിലെത്തിക്കലാണ് പുതിയ ഭീകര സംഘങ്ങളുടെ ആവിര്‍ഭാവം തടയാനുള്ള പോംവഴി. അതിന്  സുന്നികളോടുള്ള  അനീതികള്‍ അവസാനിപ്പിക്കാനും അവരെ അധികാരത്തില്‍ പങ്കാളികളാക്കാനും സര്‍ക്കാറിന് സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശീഈ ആധിപത്യമുള്ള സര്‍ക്കാര്‍ സുന്നി അനുകൂല നിലപാടിലെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന യുദ്ധത്തില്‍ വ്യത്യസ്ത ശീഈ സായുധ ഗ്രൂപ്പുകള്‍ക്ക് പ്രധാന പങ്കാളിത്തമുണ്ട്.  ഇത്തരം നാല്‍പതോളം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ ഗ്രൂപ്പുകള്‍ക്ക് ഇറാന്റെ സഹായവും ലഭിക്കുന്നുണ്ട്. ശീഈ ഗ്രൂപ്പുകള്‍ സേനയുടെ നിയന്ത്രണത്തിലാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറയുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്നതാണ് യാഥാര്‍ഥ്യം. ഇവര്‍ മേഖലയില്‍ സുന്നീ വിഭാഗങ്ങള്‍ക്കെതിരെ യുദ്ധക്കുറ്റങ്ങളും വംശഹത്യകളും മര്‍ദന-പീഡനങ്ങളും നടത്തുന്നതായി വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സത്യമാണെങ്കില്‍ ബഗ്ദാദിലെ ശീഈ ഭരണകൂടത്തിനും അമേരിക്കക്കും എതിരായ വികാരം സുന്നികള്‍ക്കിടയില്‍ പൂര്‍വാധികം ശക്തിപ്പെടും. ഇത് ഐ.എസിനേക്കാള്‍ കടുത്ത സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്‌തേക്കാം. സ്വാഭാവികമായും പുതിയ സായുധ സംഘങ്ങള്‍ ഇറാഖിനെ കൂടുതല്‍ അരക്ഷിതമായ  ഭാവിയിലേക്കാണ് നയിക്കുക.

മൂസ്വില്‍ ഐ.എസില്‍നിന്ന് മോചിതമാകുന്നതോടെ വിവേകപൂര്‍ണമായ നിലപാടുകള്‍ ഇറാഖീ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ വിഭാഗീയതയുടെ കൂടുതല്‍ കനത്ത ദുരന്തങ്ങള്‍ ആ രാജ്യം ഏറ്റുവാങ്ങേണ്ടിവരും. രാജ്യത്തെ വിഭജിച്ച് വീതംവെക്കാനുള്ള പടിഞ്ഞാറന്‍ നിര്‍ദേശം സ്വീകരിച്ചാലും ശാശ്വത പരിഹാരമാകില്ല. കൂട്ട നശീകരണായുധങ്ങളുടെ പേരില്‍ അധിനിവേശം നടന്ന് പതിമൂന്ന് വര്‍ഷം പിന്നിട്ട ഇറാഖ് പുനര്‍നിര്‍മിക്കാനും പുനരേകീകരിക്കാനും പതിറ്റാണ്ടുകളെടുക്കും. അതേതായാലും മൂസ്വിലില്‍നിന്ന് ഐ.എസിനെ തുരത്തിയ ശേഷം മാത്രമേ സാധ്യമാകൂ. ഇപ്പോഴത്തെ യുദ്ധം അതിനെങ്കിലും സഹായിക്കുമെന്നതാണ് ആശ്വാസം.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍