Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

സ്വാതന്ത്ര്യാനന്തര ഖത്തറിന് ദിശാബോധം നല്‍കിയ ശൈഖ് ഖലീഫ

റഹീം ഓമശ്ശേരി

1971-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഖത്തറിനെ ലോക രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞയാഴ്ച അന്തരിച്ച അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി (1932-2016). ഖത്തര്‍ ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന കാലം മുതല്‍ തന്നെ ഭരണതലത്തില്‍ നേതൃപരമായ നിരവധി ചുമതലകള്‍ വഹിച്ച അദ്ദേഹം സ്വാതന്ത്ര്യം ലഭിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം അമീറായി അധികാരമേറ്റു. സ്വാതന്ത്ര്യാനന്തര ഖത്തറിനെ ആഭ്യന്തരരംഗത്തും രാജ്യാന്തര തലത്തിലും ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ഭാരിച്ച ബാധ്യതയാണ് ശൈഖ് ഖലീഫ ഏറ്റെടുത്തത്. തുടര്‍ന്ന് അദ്ദേഹം അധികാരത്തിലിരുന്ന 23 വര്‍ഷം ഖത്തറിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ലോകം കത്. 1972 ഫെബ്രുവരിയില്‍ അധികാരത്തിലെത്തിയ ശൈഖ് ഖലീഫ ആ വര്‍ഷം ഏപ്രിലില്‍ തന്നെ ഭരണഘടന പരിഷ്‌കരിക്കുകയുണ്ടായി.  രാജ്യത്തിന്റെ മതം ഇസ്‌ലാമായിരിക്കുമെന്നും ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള നിയമങ്ങളാണ് നടപ്പിലാവുകയെന്നും അനുശാസിച്ചുകൊണ്ടുള്ളതായിരുന്നു പരിഷ്‌കരണം. വിദ്യാഭ്യാസമാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനമെന്ന് വിശ്വസിച്ച അദ്ദേഹം ഖത്തര്‍ യൂനിവേഴ്‌സിറ്റിക്ക് തുടക്കമിട്ടു. ആരോഗ്യ മേഖലയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ എയര്‍വേയ്‌സ്, മുനിസിപ്പാലിറ്റികള്‍, പ്രതിരോധ മന്ത്രാലയം തുടങ്ങി നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് ശൈഖ് ഖലീഫയുടെ മേല്‍നോട്ടത്തിലായിരുന്നു. 

1981 മെയ് 25-ന് നിലവില്‍ വന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്. 1984-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ശൈഖ് ഖലീഫ ചെയ്ത പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു: 'എന്റെ സുഹൃദ് രാജ്യത്തിന്റെ നേതാക്കളോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് നമ്മള്‍ രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം നമ്മുടെ കൂട്ടായ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തണമെന്നാണ്. അന്താരാഷ്ട്ര തലത്തില്‍ യോജിച്ച നീക്കം നടത്താന്‍ നമുക്ക് ഇതുമൂലം കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സുരക്ഷക്കും സമാധാനത്തിനുമാണ് നാം പ്രാധാന്യം നല്‍കേണ്ടത്.' 

ലോക രാഷ്ട്രങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിലും ശൈഖ് ഖലീഫ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഫലസ്ത്വീന്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഇസ്രയേലിനെ സയണിസ്റ്റ് ഭരണകൂടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. മുസ്‌ലിം ലോകം പൊതു വിഷയങ്ങളില്‍ ഒന്നിച്ചുനില്‍ക്കണമെന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹത്തിന് എന്നും. വര്‍ഷങ്ങള്‍ നീണ്ട ഇറാന്‍-ഇറാഖ് യുദ്ധം അവസാനിപ്പിക്കാന്‍ അന്നത്തെ ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ പെരസ് ഡിക്വയറിനെ 1984-ല്‍ ഇരു രാജ്യങ്ങളും സന്ദര്‍ശിച്ച് ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിച്ചത് ശൈഖ് ഖലീഫയായിരുന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പ്രത്യേക സംവിധാനത്തിന് തുടക്കം കുറിക്കുന്നത് ശൈഖ് ഖലീഫയുടെ കാലത്താണ്. ഈദ് ചാരിറ്റി, ഖത്തര്‍ ചാരിറ്റി തുടങ്ങിയ സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് അദ്ദേഹം പ്രത്യേക പരിഗണന നല്‍കി. അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി, അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, അലി ജമ്മാസ്, അബ്ദുല്‍ അദീം അദ്ദീബ്, അബ്ദുല്ലത്വീഫ് സായിദ് തുടങ്ങിയ പണ്ഡിതന്മാരെ ഖത്തറില്‍ സ്വീകരിക്കുകയും അവിടെ തന്നെ സ്ഥിരമായി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാന നായകന്‍ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി ദോഹയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കാന്‍ അന്ന് ശൈഖ് അലീഫ ചുമതലപ്പെടുത്തിയത് ഖത്തറിലെ പ്രമുഖ പണ്ഡിതനും ഖാദിയുമായിരുന്ന അബ്ദുല്ല ബിന്‍ സൈദ് ആല്‍ മഹ്മൂദിനെയായിരുന്നു. 'സീറ വസ്സുന്ന' സമ്മേളനത്തിലേക്ക് മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയെ പ്രത്യേക അതിഥിയായി ക്ഷണിച്ചതും ഇക്കാലത്തു തന്നെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്‌ലിം വിദ്യാര്‍ഥികളെ പ്രത്യേകം സ്‌കോളര്‍ഷിപ്പ് നല്‍കി ഇവിടെ കൊണ്ടുവന്ന് പഠിക്കാന്‍ അവസരം നല്‍കിയത് എടുത്തുപറയേണ്ട കാര്യമാണ്. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള നിരവധി പേര്‍ക്ക് ഇങ്ങനെ ഇവിടെ പഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ശൈഖ് ഖലീഫക്കു ശേഷം അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫയുടെ കാലത്തും ഇപ്പോഴത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ കാലത്തും ഈ സൗകര്യം തുടര്‍ന്നുവരുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍